ഇടവകകള്‍ ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം: ബിഷപ്

താമരശ്ശേരി രൂപതയിലെ കൈക്കാരന്മാരുടെ സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ഇടവകകള്‍ ചേര്‍ന്ന് പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കണമെന്നും ഇടവകയില്‍ സാമൂഹ്യബോധം വളര്‍ത്തുന്നതിന് കൈക്കാരന്മാര്‍ മുന്‍കൈ എടുക്കണമെന്നും ബിഷപ് പറഞ്ഞു. കൈക്കാരന്മാര്‍ ഇടവകയുടെ ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.

മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വിവരിച്ചു. മണിപ്പൂരിലെ കലാപഭൂമികള്‍ സന്ദര്‍ശിച്ച അനുഭവങ്ങളാണ് അഡ്വ. ജസ്റ്റിന്‍ പങ്കുവച്ചത്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു.

വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍, ഫാ. ജോര്‍ജ് പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

സിസ്റ്റര്‍ ആനി ജോസഫ് സിഎംസി നിര്യാതയായി

മലബാര്‍ വിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്‍ അംഗവും സിഎംസി സന്യാസ സഭാംഗവുമായ സിസ്റ്റര്‍ ആനി ജോസഫ് സിഎംസി (73) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ (09/08/2023) രാവിലെ 10.15 ന്‌ തിരുവമ്പാടി മഠം ചാപ്പലില്‍ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

എടൂര്‍ കൊടകുത്തിയേല്‍ ജോസഫ് – മറിയം ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ ആനി. സഹോദരങ്ങള്‍: ചാക്കോച്ചന്‍ (late), മത്തായി (റിട്ട. പോസ്റ്റ്മാസ്റ്റര്‍), ജോയ് (റിട്ട. ടീച്ചര്‍ ), ദേവസ്യ (late), സിസ്റ്റര്‍ ജോസ് മരിയ സിഎംസി (തലശ്ശേരി), തോമസ്, സിസ്റ്റര്‍ ജോയ്‌സ് സിഎംസി (താമരശ്ശേരി), ജോണ്‍ (late), ജോര്‍ജ്, ത്രേസ്യമ്മ (റിട്ട. ടീച്ചര്‍), അച്ചാമ (റിട്ട. ടീച്ചര്‍).

തിരുവമ്പാടി, കൂടരഞ്ഞി, ചവറ ഭവന്‍ താമരശ്ശേരി, മേരിക്കുന്ന് എന്നിവിടങ്ങളില്‍ മഠം സുപ്പീരിയറായും, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും, ലിസ്യൂ റാണി നഴ്‌സറി സ്‌കൂള്‍ തിരുവമ്പാടി, നസ്രത്ത് ഭവന്‍ ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍, ചാവറ എല്‍പി സ്‌കൂള്‍ താമരശ്ശേരി, സാന്തോം നഴ്‌സറി തോട്ടുമുക്കം എന്നീ സ്‌കൂളുകളില്‍ ഹെഡ്മിസ്ട്രസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മണിപ്പൂരിലെ നിശബ്ദത ആശങ്കജനകം: കെസിവൈഎം താമരശ്ശേരി രൂപത

കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന മൗനം ആശങ്കാജനകമാണെന്ന് കെസിവൈഎം താമരശ്ശേരി രൂപത. 2023 വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക സെനറ്റ് സമ്മേളന വേദിയില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നനാള്‍ വരെ കെസിവൈഎം സമരപരമ്പരകള്‍ തുടരുമെന്ന് പ്രമേയത്തില്‍ പറയുന്നു.

സെനറ്റ് സമ്മേളനം താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ അമല്‍ പുരയിടത്തില്‍, കെസിവൈഎം കോഴിക്കോട് രൂപത പ്രസിഡന്റ് ഡൊമിനിക് സോളമന്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍, എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ്, സൈമണ്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റോസീന്‍ എസ്.എ.ബി.എസ്, വൈസ് പ്രസിഡന്റ് ആഷ്ലി തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു. രൂപത കലോത്സവം യുവ 2023 ന്റെ ഔദ്യോഗിക ലോഗോ മോണ്‍. അബ്രഹാം വയലില്‍ രൂപത പ്രസിഡന്റിന് കൈമാറി പ്രകാശനം ചെയ്തു. കലോത്സവത്തിന്റെ ഭാഗമായുള്ള രചന മത്സരങ്ങള്‍ ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കും. കക്കയം സ്വദേശി സാന്‍ജോ സണ്ണിയാണ് ലോഗോ രൂപകല്പന ചെയ്തത്.

കെസിവൈഎം വിദേശ യുവജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

പഠനവും ജോലിയുമായി വിദേശത്തുള്ള യുവജനങ്ങളെ കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോര്‍ത്തിണക്കുന്ന വിദേശ യുവജന കൂട്ടായ്മ ‘താമരക്കൂട്ടം’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിലുള്ള താമരശ്ശേരി രൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദിയാണ് താമരക്കൂട്ടം. ആദ്യഘട്ടത്തില്‍ യുകെ, യുഎസ്എ, ജര്‍മ്മനി, ഓസ്‌ട്രേലിയ, അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളിലാണ് കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് ഒറ്റപ്പെടുന്ന യുവജനങ്ങള്‍ക്ക് ഈ പദ്ധതി വലിയ ഉത്തേജനം പകരുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. താമരക്കൂട്ടത്തിന്റെ ആദ്യ മീറ്റിങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ രാജ്യങ്ങളിലുള്ള യുവജനങ്ങള്‍ പങ്കെടുത്തു. രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ സൈമണ്‍, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം റിച്ചാര്‍ഡ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്റ്റാര്‍ട്ട് ഉന്നത വിദ്യാഭ്യാസത്തിനു വേറിട്ട മാതൃക: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ മാസ്റ്റര്‍ ട്രെയ്‌നിങ് കോഴ്‌സ് ഏകവത്സര പരിശീലനത്തിന്റെ 18-ാം ബാച്ച് ആരംഭിച്ചു.

സ്റ്റാര്‍ട്ട് രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രവിദ്യാഭ്യാസം അതിന്റെ പൂര്‍ണ്ണതയില്‍ ലഭ്യമാകണമെങ്കില്‍ ഭൗതികവിദ്യാഭ്യാസത്തിനൊപ്പം ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ വിദ്യാഭ്യാസം ആവശ്യമാണെന്നും അതിനൊരു ഉത്തമ മാതൃകയാണ് സ്റ്റാര്‍ട്ടെന്നും ബിഷപ് പറഞ്ഞു.

സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തിലെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സ്റ്റാര്‍ട്ടിന്റെ പൂര്‍വ വിദ്യാര്‍ത്ഥിനി കാതറിന്‍ ഗ്രേസ് സെബാസ്റ്റ്യനെ അനുമോദിച്ചു. തുടര്‍ന്ന് ദീപികയുടെ റെസിഡന്റ് മാനേജര്‍ ഫാ. സുദീപ് കിഴക്കരക്കാട്ട് ആശംസ അറിയിച്ചു സംസാരിച്ചു.

പേപ്പല്‍ ഡെലഗേറ്റിന് സ്വീകരണം നല്‍കി

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ എസ്‌ജെ കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സീറോമലബാര്‍സഭയുടെ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറല്‍മാരായ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. ആന്റണി പെരുമായന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനന്‍നിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിലും പൊന്തിഫിക്കല്‍ ഡെലഗേറ്റിനോടൊപ്പമുണ്ട്. ഇരുവരും സിഎംഐ സമര്‍പ്പിതസമൂഹത്തിന്റെ ജനറലേറ്റായ ചാവറ ഹില്‍സില്‍ താമസിച്ച് ശുശ്രൂഷ നിര്‍വഹിക്കും.

അല്‍ഫോന്‍സ കോളജില്‍ മില്ലറ്റ് മേള സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ സഹകരണത്തോടെ അല്‍ഫോന്‍സ കോളജിന്റെ നേതൃത്വത്തില്‍ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. മില്ലറ്റ് ധാന്യങ്ങളുടെ പ്രാധാന്യം, പോഷക സമൃദ്ധി, ഉല്‍പാദനം, ഉപയോഗം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ബോധവല്‍ക്കരണ ക്ലാസുകളും പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടത്തി.

പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. സ്‌കറിയ മങ്ങരയില്‍ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, അപ്പു കോട്ടയില്‍, ഷീബ മോള്‍ ജോസഫ്, അനുമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ധനപാലന്‍ ദീപാലയം വിഷയാവതരണം നടത്തി. വടകര സെവന്‍സ് ഡേ മില്ലറ്റില്‍ അംഗമായ സനേഷ് അനുഭവങ്ങള്‍ പങ്കുവെച്ചു. പൊതുജനങ്ങളുടെയും, സ്വാശ്രയ സംഘങ്ങളുടെയും, വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം വഴി അല്‍ഫോന്‍സ കോളജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു അധ്യായമായി മേള മാറിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ പറഞ്ഞു.

ദൈവജനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍

കാനാന്‍ ദേശത്തേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ, മലബാറിലെ കുടിയേറ്റ ജനതയെ ദൈവപരിപാലനയില്‍ ഒരു സമൂഹമായി വളര്‍ത്തിയെടുക്കുവാന്‍ കാലാകാലങ്ങളില്‍ സേവനം അനുഷ്ഠിച്ച വൈദികര്‍ പരിശ്രമിച്ചു. സമഗ്രവികസനത്തിന്റെ മികവോടെ കുടിയേറ്റ ഗ്രാമങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ നിരവധി വൈദികരുടെ പരിശ്രമങ്ങള്‍ അതിന് പിന്നിലുണ്ട് രൂപതാ വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ വൈദികരെ നന്ദിയോടെ ഓര്‍ക്കാം, അവര്‍ക്കായി പ്രാര്‍ത്ഥിക്കാം

സീറോ മലബാര്‍ സഭയുടെ പട്ടം കൊടുക്കല്‍ ശുശ്രൂഷയില്‍ തിരുക്കര്‍മ്മങ്ങളുടെ പ്രാരംഭമായി നടത്തുന്ന പ്രദക്ഷിണസമയത്ത് പാടുന്ന ഗാനത്തിന്റെ ആദ്യഭാഗം ആശയം കൊണ്ടും അവതരണ ഭംഗികൊണ്ടും ശ്രദ്ധേയമാണ്. പുരോഹിതനാകുന്ന വ്യക്തി മാതാപിതാക്കളാല്‍ അനുഗതനായി പൗരോഹിത്യ കൂദാശ സ്വീകരിക്കുന്നതിന് മദ്ബഹായിലേയ്ക്ക് നടന്നടുക്കുമ്പോഴാണ് ഈ ഗാനം ആലപിക്കുന്നത്.

”ദൈവജനത്തില്‍ നിന്നും,
ദൈവജനത്തിനുവേണ്ടി
ദൈവിക കാര്യങ്ങള്‍ക്കായ് ദൈവം,
നിയമിച്ചാക്കിയ ദാസന്‍”

കത്തോലിക്കാ പുരോഹിതന്‍ ആരാണ് എന്നതിന് ബൈബിള്‍ നല്‍കുന്ന ഉത്തരമാണ് ഈ ഗാനത്തിനാധാരം. ”ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍ ദൈവിക കാര്യങ്ങള്‍ക്കു നിയോഗിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്” (ഹെബ്രാ. 5:1). ഈ ദൈവവചനം പൗരോഹിത്യത്തെയും പുരോഹിതധര്‍മ്മത്തെയും നിര്‍വചിക്കുമ്പോള്‍ വ്യക്തമാകുന്ന രണ്ടു കാര്യങ്ങളുണ്ട ്. ഒന്ന്, പുരോഹിതന്‍ ദൈവജനത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവനാണ്; രണ്ട ്, പുരോഹിതന്‍ ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി നിയമിക്കപ്പെടുന്നവനാണ്.

ദൈവജനത്തിലൊരുവന്‍

പുരോഹിതന്‍ ദൈവജനത്തിലൊരുവനാണ്. അവന്‍ മാലാഖയല്ല, മനുഷ്യനാണ്. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ നിറവും മണവും മാലിന്യവും പങ്കിടുന്നവന്‍. കുടുംബ പാരമ്പര്യമോ തറവാട്ടു മഹിമയോ സാമ്പത്തിക പരിഗണനകളോ അല്ല ദൈവവിളിയുടെ മാനദണ്ഡം. മനുഷ്യ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വഴികളിലൂടെ നടന്ന് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോഴാണ് അവനെത്തേടി ദൈവത്തിന്റെ വിളിയെത്തുന്നത്.

പൗരോഹിത്യശുശ്രൂഷയ്ക്കുള്ള വിളി സ്വീകരിക്കുന്നതിനുള്ള പ്രത്യേക യോഗ്യത ഒന്നും ലേവി ഗോത്രത്തിന് ഉണ്ടായിരുന്നില്ല. ഇസ്രായേലിലെ 12 ഗോത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു ലേവ്യരുടെത്. ”നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍ നിന്ന് വേര്‍തിരിച്ചിരിക്കുന്നു” (ലേവ്യ 20:26).”…. നിന്റെ സഹോദരന്മാരായ ലേവ്യരെ ഇസ്രായേലില്‍ നിന്ന് ഞാന്‍ വേര്‍തിരിച്ചെടുത്തിരിക്കുന്നു. സമാഗമകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിന് കര്‍ത്താവിനുള്ള ദാനമായി അവരെ ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു… പൗരോഹിത്യ ശുശ്രൂഷ നിങ്ങള്‍ക്കുള്ള ദാനമാണ്” (സംഖ്യ 18: 1-7). സഹോദരന്മാരില്‍ നിന്നെടുത്ത് അവര്‍ക്കുതന്നെ ദാനമായി കൊടുക്കുകയാണ് ലേവിഗോത്രത്തെ. വിളിയുടെ ലക്ഷ്യം വ്യക്തമാണ്. വിളിക്കപ്പെടുന്നവന്‍ വിളിക്കുന്നവന്റെ സ്വന്തമാകണം. വിളിയുടെ മഹത്വമറിഞ്ഞവര്‍ തങ്ങളുടെ ഇല്ലായ്മ ഏറ്റുപറഞ്ഞു: ”ഞാനൊരു പ്രവാചകനല്ല, പ്രവാചക പുത്രനുമല്ല, ഞാന്‍ ആട്ടിടയനാണ്” (ആമോസ് 7:14). ഏല്‍പ്പിക്കപ്പെടാന്‍ പോകുന്ന ദൗത്യത്തിന്റെ സ്വഭാവമറിഞ്ഞവര്‍ സ്വന്തം ബലഹീനത ഏറ്റുപറഞ്ഞു: ”ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്, സംസാരിക്കുവാന്‍ എനിക്കു പാടവമില്ല” (ജറമിയ 1:6). പുതിയ നിയമത്തില്‍ തന്റെ 12 അപ്പസ്‌തോലന്മാരായി ഈശോ തെരഞ്ഞെടുത്തത് സാധാരണക്കാരില്‍ സാധാരണക്കാരെ. പ്രത്യേകതകള്‍ ഒന്നുമില്ല. ബലഹീനതകള്‍ ഏറെയുണ്ടുതാനും. സാധാരണക്കാരനെ അസാധാരണ ദൗത്യനിര്‍വഹണത്തിനായി ദൈവം തെരഞ്ഞെടുക്കുന്നതാണ് പൗരോഹിത്യ പദവി.

തെരഞ്ഞെടുക്കപ്പെട്ടവന്‍

പുരോഹിതന്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ്. ”അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല” (ഹെബ്രാ. 5:4). പൗരോഹിത്യത്തിന്റെ മഹത്വം ഈ തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുക്കുന്ന വ്യക്തിയുടെ മാഹാത്മ്യവും വലുപ്പവും വ്യത്യസ്തതയുമാണ് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്കു ബലമാകുന്നത്.
മനുഷ്യന്റെ ഹൃദയ വിചാരങ്ങളെപ്പോലും അറിയുന്നവന്‍, ഒരുവന്റെ ഭാവി പൂര്‍ണ്ണമായും മനസ്സിലാക്കുന്നവനാണ് വിളിക്കുന്നത്. പൗരോഹിത്യം ഒരു വിളിയും ദാനവുമാണ്. ”താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു; വിളിച്ചവരെ നീതികരിച്ചു; നീതികരിച്ചവരെ മഹത്വപ്പെടുത്തി” (റോമ. 8:30).

എന്തുകൊണ്ടായിരിക്കാം വിളിക്കപ്പെടുന്ന വ്യക്തിയുടെ യോഗ്യത കണക്കിലെടുക്കാത്തത്? മാനുഷിക സംവിധാനങ്ങളെ ബോധ്യപ്പെടുത്താന്‍ അതിസമര്‍ത്ഥരെയും മികച്ച സംഘാടകരെയും, വാഗ്മികളെയുമൊക്കെ വിളിക്കാമായിരുന്നില്ലേ? ദൈവരാജ്യ പ്രഘോഷണം കൂടുതല്‍ ഫലപ്രദമാകില്ലായിരുന്നോ? പൗലോസ് ശ്ലീഹാ ഉത്തരം പറയുന്നു: ”ദൈവ സന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്” (1 കോറി. 1:29). കാരണം, ലൗകിക മാനദണ്ഡമനുസരിച്ച് വിളിക്കപ്പെട്ടവരില്‍ ബുദ്ധിമാന്മാരും, ശക്തരും കുലീനരും അധികമില്ല. വിജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെയും ശക്തമായവയെ ലജ്ജിപ്പിക്കാന്‍ അശക്തമായവയുമാണ് ദൈവം തെരഞ്ഞടുക്കുന്നത് (1 കോറി. 1:26-27).

ബലഹീനരെ തെരഞ്ഞെടുക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ? ഹെബ്രായലേഖനം പറയുന്നു: ”അവന്‍ (തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍) തന്നെ ബലഹീനനായതുകൊ ണ്ട ് അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും” (ഹെബ്രാ. 5:2). ദൈവികമായ കരുണ പുരോഹിതന്റെ മുഖഭാവമാകണം. കാരണം ”ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കാനാണ്” (ലൂക്ക 5:32).

ദൈവത്തിന്റെ ദാനം

വിളിച്ച് വിശ്വസ്തനാക്കുന്ന ദൈവത്തിന്റെ സ്‌നേഹത്തിന്റെ അളവറ്റ ദാനമാണ് പൗരോഹിത്യം. പൗരോഹിത്യം സ്വീകരിച്ചവരും, പൗരോഹിത്യ ശുശ്രൂഷയുടെ ഫലമനുഭവിക്കുന്നവരും ഒരുപോലെ ഓര്‍ത്തിരിക്കേണ്ട യാഥാര്‍ത്ഥ്യമാണിത്.
യാഥാര്‍ത്ഥ്യബോധത്തോടെ പുരോഹിതരെയും പൗരോഹിത്യ ശുശ്രൂഷകളെയും സമീപിക്കുവാന്‍ വിശ്വാസികള്‍ക്കും, എളിമയോടെ ശുശ്രൂഷ ചെയ്യാന്‍ പുരോഹിതര്‍ക്കും ഈ തിരിച്ചറിവ് എന്നുമുണ്ടാകണം.

ബലഹീനനും സാധാരണക്കാരനുമായ പുരോഹിതനെ ദൈവം വിളിച്ചു സ്വന്തമാക്കി നിര്‍ത്തുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണ്. ദൈവിക കാര്യങ്ങള്‍ക്കുവേണ്ടിയാണ് പുരോഹിതന്‍ വിളിക്കപ്പെടുന്നതെന്ന് ഹെബ്രായ ലേഖനം പറയുന്നു. എന്താണ് ‘ദൈവിക കാര്യങ്ങള്‍’ എന്ന ചോദ്യത്തിന് വിവിധ കാലങ്ങളില്‍ നല്‍കപ്പെട്ട ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ പൗരോഹിത്യ ശുശ്രൂഷയുടെ വിവിധ തലങ്ങള്‍ രൂപപ്പെടുകയുണ്ടായി. കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയും ദൈവവചനം പ്രഘോഷിക്കുകയും ചെയ്യുന്ന പൗരോഹിത്യം ഒരു കാലഘട്ടത്തില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം പൗരോഹിത്യത്തിന്റെ സാമൂഹ്യമുഖം എടുത്തു കാട്ടാനാണ് ശ്രമമുണ്ടായത്.

പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും

പുരോഹിതന്‍ ചെയ്യേണ്ട ‘ദൈവിക കാര്യങ്ങള്‍’ എന്ത് എന്ന ചോദ്യത്തിന് യേശു ചെയ്ത ദൈവിക കാര്യങ്ങളെ സമഗ്രമായ രീതിയില്‍ മനസ്സിലാക്കുന്നതുവഴി ഉത്തരം ലഭിക്കും. പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനത്തിന്റെയും മനോഹരമായ കണ്ടുമുട്ടലായിരുന്നു യേശുവിന്റെ ജീവിതം. പിതാവുമായുള്ള ബന്ധം പ്രാര്‍ത്ഥനയിലൂടെ വളര്‍ത്തിയ യേശു പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനായി. അവന്‍ രോഗികളെ സുഖപ്പെടുത്തി. പാപികളെ ആശ്ലേഷിച്ച് മാനസാന്തരത്തിലേയ്ക്കു നയിച്ചു, സമൂഹം ഒറ്റപ്പെടുത്തിയവരുടെ കൂടെ നടന്നു. അവന്‍ വിശന്നവര്‍ക്ക് അപ്പമായി, ചൂഷകര്‍ക്കു പേടി സ്വപ്‌നമായി, കാപട്യത്തെയും താന്‍പോരിമയെയും ചോദ്യം ചെയ്തു.അവന്‍ ദൈവിക കരുണയുടെ ആള്‍രൂപമായി, ശത്രുക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി സ്വയം ജീവനര്‍പ്പിച്ചു. ഒരു പുരോഹിതന്‍ ഏറ്റെടുക്കേണ്ട ‘ദൈവിക കാര്യങ്ങള്‍’ യേശുവിന്റെ ജീവിതത്തില്‍ നിന്നാണ് പഠിക്കേണ്ടത്.

ആദ്ധ്യാത്മിക ജീവിതയാത്രയുടെ ലക്ഷ്യം സ്വര്‍ഗ്ഗപ്രാപ്തിയാണല്ലോ. സ്വര്‍ഗ്ഗരാജ്യം നേടണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നതും വ്യക്തം. വിശക്കുന്നവന് അപ്പമായും ദാഹിക്കുന്നവന് പാനീയമായും, നഗ്നന് ഉടുപ്പായും, രോഗിക്ക് ആശ്വാസമായും, കാരാഗൃഹത്തിലായിരിക്കുന്നവന് സാമീപ്യത്തിന്റെ സാന്ത്വനമായും മാറുക എന്നതാണ് ദൈവിക കാര്യങ്ങള്‍.


സ്‌നേഹവും കരുണയും

കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോഴും ദൈവവചനം പ്രസംഗിക്കുമ്പോഴും മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോഴും, സമസൃഷ്ടികളുടെ സമുദ്ധാരണത്തിനായി പ്രവര്‍ത്തിക്കുമ്പോഴും, അനീതിയ്ക്കും ചൂഷണത്തിനുമെതിരെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമ്പോഴും, പുരോഹിതന്‍ ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവനാകുന്നു. അവന്റെ വാക്കുകളിലും നോട്ടത്തിലും പ്രവര്‍ത്തനങ്ങൡലും സ്‌നേഹവും കരുണയും ഉണ്ടാകണം. നീതിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി അവന്‍ മുറിയപ്പെടണം. ദൈവരാജ്യ പ്രഘോഷണത്തിനിടയില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍ അവന്‍ ബലിവേദിയില്‍ അര്‍പ്പിക്കണം. അങ്ങനെ അവന്റെ മുറിവുകളും വേദനകളും ഒറ്റപ്പെടലുകളും ബലിപീഠത്തില്‍ വച്ച് രൂപാന്തരപ്പെടുത്തി തനിക്ക് ഏല്‍പ്പിച്ചുതന്നിരിക്കുന്ന ദൈവജനത്തിന്റെ മുറിവുകളിലെ ദിവ്യലേപനമായി മാറ്റണം. സെമിനാരികളില്‍ പഠിപ്പിക്കുന്നവരും, ധ്യാനം പ്രസംഗിക്കുന്നവരും, വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും, സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവരും മാധ്യമ പ്രേഷിതത്വം നടത്തുന്നവരും ഒരുപോലെ ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. അര്‍പ്പിക്കപ്പെടുന്ന ബലികളും, പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശകളും, പറയപ്പെടുന്ന പ്രസംഗങ്ങളും, എടുക്കുന്ന ക്ലാസ്സുകളും എഴുതുന്ന പുസ്തകങ്ങളും യേശു വിഭാവനം ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യ സാഹോദര്യത്തിലേയ്ക്ക് എത്തിനില്‍ക്കുന്നവയാകണം.

വേദന മാറ്റുന്ന തൈലം

പൗരോഹിത്യവും പുരോഹിതനും ഇന്ന് വിമര്‍ശനങ്ങളുടെ നാല്‍ക്കവലയിലാണ്. പുരോഹിതന്‍ എങ്ങനെ ആകണം, എങ്ങനെ ആകരുത് എന്ന് അധികാരച്ചുവയോടെ ചില സാമൂഹ്യ സംവിധാനങ്ങള്‍ കല്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇതനുസരിച്ച് ചിലരെങ്കിലും ചിലപ്പോഴെങ്കിലും ‘സാമൂഹിക പൗരോഹിത്യത്തില്‍’ ജീവിക്കുന്നവരായി മാറുകയും ചെയ്യുന്നു. പുരോഹിതന്റെ ബലഹീനതകള്‍ പൗരോഹിത്യപ്രഭയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന വിമര്‍ശനം ആത്മപരിശോധനയ്ക്കുളള അവസരമായി മാറണം. വ്യക്തിതാല്‍പ്പര്യങ്ങളും മറ്റ് ജീവിത ആകര്‍ഷണങ്ങളും വലുതായിക്കാണുന്നവരുടെ കപടചുംബനത്തിനുമുമ്പില്‍ വിളിച്ചവന്‍ വേദനിക്കുന്നു. ദൈവിക കാര്യങ്ങളോടുള്ള അലംഘ്യമായ വിശ്വസ്തത വീണ്ടെടുക്കലാണ് ഇന്നിന്റെ ആവശ്യം. ”നിനക്ക് എന്റെ കൃപ മതി”എന്ന ദിവ്യഗുരുവിന്റെ വാക്കുകള്‍ ജീവിത പരിമിതികള്‍ വീര്‍പ്പുമുട്ടിക്കുന്ന പുരോഹിതനെ ധൈര്യപ്പെടുത്തണം. സ്വന്തം വേദനകള്‍ ജീവിതത്തെ ഗ്രസിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരുടെ വേദനയകറ്റാന്‍ സ്‌നേഹത്തിന്റെ തൈലവുമായി അവന്‍ സാഹോദര്യം നഷ്ടപ്പെട്ട തെരുവീഥികളിലേയ്ക്കിറങ്ങണം.

ആരാണ് വൈദികന്‍ എന്ന മഹാനായ ലക്കോര്‍ഡെറിന്റെ വാക്കുകള്‍ വൈദികര്‍ക്ക് പ്രചോദനവും ദൈവജനത്തിന് പ്രാര്‍ത്ഥനയുമാകട്ടെ. ”ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ, ലോകത്തില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിന്റെയും സ്വന്തമാകാതെ ഓരോ കുടുംബത്തിലും അംഗമാകുന്നവന്‍, എല്ലാ ദുഃഖങ്ങളിലും പങ്കുചേരുന്നവന്‍, എല്ലാ ഹൃദയ രഹസ്യങ്ങളിലേക്കും കടന്നു ചെല്ലുന്നവന്‍. എല്ലാ വ്രണങ്ങളും സുഖപ്പെടുത്തുന്നവന്‍, മനുഷ്യരില്‍ നിന്ന് പുറപ്പെട്ട്, അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കുന്നവന്‍, ദൈവത്തില്‍നിന്ന് മടങ്ങി, മനുഷ്യര്‍ക്ക് പാപമോചനവും സമാധാനവും പ്രത്യാശയും കൊണ്ടുവരുന്നവന്‍. പരസ്‌നേഹത്താല്‍ ജ്വലിക്കുന്നവനും ബ്രഹ്മചര്യത്തില്‍ സുദൃഢമായ ഹൃദയമുള്ളവനും എല്ലായ്‌പ്പോഴും ക്ഷമിക്കുകയും പഠിപ്പിക്കുകയും ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവന്‍. ഓ! ദൈവമേ! എത്ര ഉല്‍കൃഷ്ടമായ ജീവിതം. യേശുക്രിസ്തുവിന്റെ പുരോഹിതാ ഈ ജീവിതം നിന്റേതാണ്.”

ചെറിയ ഉപേക്ഷകളും വലിയ വീഴ്ചയും

മലബാറില്‍ കുടിയേറിയ ഭൂരിപക്ഷത്തിനും ഇവിടെ മൂലധനമായി ഇറക്കാനുണ്ടായിരുന്നത് തിരുവിതാംകൂറിലെ ഭൂമി വിറ്റു കിട്ടിയ ഇത്തിരി പണം മാത്രമായിരുന്നു. എന്നാല്‍ ധനാഢ്യനായ ആ കാരണവര്‍ തിരുവിതാംകൂറിലുള്ള പറമ്പിലെ ഒരു വര്‍ഷത്തെ തേങ്ങ വിറ്റ പണം കൊണ്ടാണ് മലബാറില്‍ അമ്പതേക്കറോളം മണ്ണു വാങ്ങിയത്.

അപ്പനെ സഹായിക്കാന്‍ ആരോഗ്യമുള്ള അഞ്ച് ആണ്‍മക്കള്‍. വളക്കൂറുള്ള കന്നിമണ്ണ് നല്ല വിളവു നല്‍കി. കാരണവര്‍ നാട്ടിലെ പ്രമാണിയായി. അതോടെ പണ്ടേ ഉണ്ടായിരുന്ന ചില ദുഃശീലങ്ങള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങി. അധാര്‍മിക ബന്ധങ്ങളും മദ്യപാനവും ധൂര്‍ത്തും കൊണ്ട് പറമ്പ് തുണ്ടംതുണ്ടമായി വിറ്റുതുടങ്ങി. ക്രമേണ മക്കളും അപ്പന്റെ വഴിയേ നീങ്ങി. അവര്‍ക്ക് വീതം കിട്ടിയ ഭൂമി വിറ്റുതീര്‍ത്തു. മക്കള്‍ പലരും അകാലത്തില്‍ വിടപറയുന്നതും കാരണവര്‍ക്ക് കാണേണ്ടി വന്നു.

സ്വത്തെല്ലാം നഷ്ടപ്പെട്ട കാരണവര്‍ കൊച്ചു വാടക വീട്ടിലേക്ക് താമസം മാറ്റി. തീര്‍ത്തും അവശതയിലായ അവസാന കാലത്ത് അവിടെ വച്ചു കാണുമ്പോള്‍ പഴയ പ്രതാപകാലം അദ്ദേഹത്തെ കുത്തിനോവിക്കുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ കണ്ണുകള്‍ പല തവണ നിറഞ്ഞൊഴുകി. ജീവിതം നശിപ്പിച്ചതിനെക്കുറിച്ച് പശ്ചാത്താപമുണ്ടെങ്കിലും ഒരു തിരിച്ചു വരവ് അസാധ്യമായ ഘട്ടത്തിലെത്തിയിരുന്നു. ഏക്കറു കണക്കിനു ഭൂമിയും വരുമാനവും ഉണ്ടായിരുന്ന അദ്ദേഹം നിസ്വനായി സ്വന്തമല്ലാത്ത ആ വാടക വീട്ടില്‍ കിടന്നു കണ്ണടച്ചു.

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ തന്റെ ഉപ്പിന്റെ ഉറ ക്രമേണ കെട്ടുപോകുന്നത് പലപ്പോഴും മനസ്സിലാക്കണമെന്നില്ല. തുടക്കം ചെറിയ ഉപേക്ഷകളിലായിരിക്കും. കുറച്ച് ഉറ കെട്ടുപോയാലും ബാക്കി ഉണ്ടല്ലോ എന്നു സമാധാനിക്കും.

ഒരു മനുഷ്യന്റെ ആത്മസത്തയാണ് അയാളുടെ ഉപ്പിന്റെ ഉറ. കര്‍മശേഷിയും പ്രതിഭയും അധ്വാനവും ആത്മീയ ജീവിതവുമെല്ലാം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. തന്റെ അധ്വാനത്തിലൂടെ ഭൂമിയെ കുറച്ചു കൂടി മനോഹരമായി അണിയിച്ചൊരുക്കാനുള്ള ഉത്തരവാദിത്വവും അവനില്‍ നിക്ഷിപ്തമാണ്.

ധൂര്‍ത്തിനുള്ള പണം കണ്ടെത്താന്‍ ഭൂമി വില്‍പന തുടങ്ങിയ ആദ്യകാലത്ത് കുറച്ചു പോയാലും ബാക്കിയുണ്ടാകുമല്ലോ എന്ന് സ്വയം ന്യായീകരിക്കും. എന്നാല്‍ മൊത്തം സ്വത്തും അന്യാധീനപ്പെടാന്‍ അധിക കാലമെടുക്കില്ല. മലബാറില്‍ കുടിയേറിയവരില്‍ പലരും പാപ്പരായത് സ്വന്തം കൈയ്യിലിരിപ്പു കൊണ്ടു മാത്രമാണ്.

ഓരോ മനുഷ്യനും പ്രത്യേക ദൗത്യവുമായാണ് പിറന്നു വീഴുന്നത്. ഭൂമിയുടെ വെളിച്ചമാകാന്‍ തന്റെ ഉപ്പിന്റെ ഉറയുടെ മഹത്വം മനസ്സിലാക്കിയിരിക്കണം. ചെയ്യുന്ന ജോലിയിലും നിറവേറ്റുന്ന കടമകളിലും ഉത്തരവാദിത്വങ്ങളിലുമെല്ലാം ആ ഉറ നിറഞ്ഞു കിടക്കുന്നു.

ജീവിതത്തില്‍ ഏറ്റെടുത്ത ദൗത്യം എപ്പോഴും ബോധ്യപ്പെടുത്താനാണ് യൂണിഫോം എന്ന പ്രത്യേക വസ്ത്രധാരണ രീതി സ്വീകരിക്കുന്നത്. കാക്കി യൂണിഫോമിനു പകരം ലുങ്കിയുടുത്ത് പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാന്‍ നിന്നാല്‍ ജനം അനുസരിക്കണമെന്നില്ല. ഏതു മതത്തിലായാലും സന്യാസവേഷം ധരിച്ചവരോട് ആദരവോടെ മറ്റുള്ളവര്‍ ഇടപഴകുന്നത് അവര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ മഹത്വം കൊണ്ടാണ്.

കോടതികളിലെ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന ജഡ്ജിമാര്‍ക്ക് മറ്റുള്ളവര്‍ക്കുള്ള പൊതുജീവിതം നിഷേധിച്ചിരിക്കുന്നു. അനഭിലഷണീയമായ കൂട്ടുകെട്ടുകളില്‍ കുടുങ്ങി അവരുടെ ഉപ്പിന്റെ ഉറ കെട്ടുപോകാതിരിക്കാനാണ് ആ നിയന്ത്രണം.

നിയന്ത്രണങ്ങള്‍ പാലിക്കാത്ത മഹാരഥന്മാര്‍ അടിതെറ്റി വീണ കഥകള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പുണ്യ ഗ്രന്ഥങ്ങളിലുമെല്ലാം നിറഞ്ഞു കിടക്കുന്നു. എന്നാല്‍ ഉപ്പിന്റെ ഉറ നശിപ്പിക്കാനുള്ള കെണികള്‍ പെരുകിയ കാലത്തിലൂടെയാണ് മനുഷ്യകുലം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ചിലത് പ്രകടമായ കെണികളാണെങ്കില്‍ മറ്റു ചിലത് കാട്ടുമൃഗത്തെ വീഴിക്കാനുള്ള വാരിക്കുഴി പോലെ മുകളില്‍ ഇലകള്‍ വിരിച്ചു ഭദ്രമാക്കിയതായിരിക്കും. അതിനാല്‍ ഉറ കെട്ടുപോകാനുള്ള ചെറിയ സാഹചര്യങ്ങളില്‍ നിന്നുപോലും മാറി നടക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ബേബി പെരുമാലില്‍ ഓര്‍മ്മദിനം ആചരിച്ചു

തിരുവമ്പാടി: കത്തോലിക്ക കോണ്‍ഗ്രസ് തിരുവാമ്പാടി മേഖല, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബേബി പെരുമാലില്‍ അനുസ്മരണ ദിനം ആചരിച്ചു. രാവിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ അദ്ദേഹത്തിനു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ബേബി പെരുമാലിയിലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി തിരുവമ്പാടി പള്ളി അങ്കണത്തില്‍, കത്തോലിക്കാ കോണ്‍ഗ്രസ് തിരുവമ്പാടി ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് നാഗപറമ്പില്‍ ഫലവൃക്ഷതൈ നട്ടു. തുടര്‍ന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹവിരുന്ന് നല്‍കി. ചടങ്ങുകള്‍ക്ക് മേഖല ഡയറക്ടര്‍ ഫാ. തോമസ് നാഗപറമ്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, രൂപതാ വൈ. പ്രസിഡന്റ് ഷാജി കണ്ടത്തില്‍, രൂപതാ സെക്രട്ടറി പ്രിന്‍സ് തിനംപറമ്പില്‍, മേഖല സെക്രട്ടറി ജോസഫ് പുലക്കുടിയില്‍, തോമസ് വലിയപറമ്പന്‍, ടോമി ചക്കിട്ടമുറിയില്‍, ബെന്നി കിഴക്കേപ്പറമ്പില്‍, അമല്‍ നെടുങ്കല്ലേല്‍, എന്‍. ജെ. ജോസഫ്, ലിസി മാളിയേക്കല്‍, പൗളിന്‍ ചേന്ദപ്പള്ളില്‍, മാര്‍ഗരറ്റ് ബോബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Exit mobile version