കെഎസ്ആര്‍ടിസിയും പള്ളിമുറിയും
സെപ്റ്റംബര്‍ 5: ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഓര്‍മ്മദിനം
ആനക്കാംപൊയില്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് കാണുമ്പോള്‍ ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിന്റെ ഓര്‍മ പഴമക്കാരുടെ മനസില്‍ നിറയും. അദ്ദേഹത്തിന്റെ സൗമനസ്യവും സഹകരണവുമില്ലായിരുന്നെങ്കില്‍ ഈ റൂട്ടില്‍ സ്റ്റേറ്റ്ബസ് വരില്ലായിരുന്നു. അദ്ദേഹം കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി ആനക്കാംപൊയില്‍ സര്‍വീസ് കെഎസ്ആര്‍ടിസി കുത്തക റൂട്ടാക്കി. ഇപ്പോള്‍ തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മലയോര കേന്ദ്രങ്ങളിലേക്ക് മാത്രമല്ല വിദൂര ജില്ലകളിലേക്കും ഇവിടെ നിന്ന് സ്റ്റേറ്റ് ബസ് ഓടുന്നു.
മലയോര ജനത യാത്രാ സൗകര്യത്തിന് കൊതിച്ചിരുന്ന 1970കളുടെ മധ്യഘട്ടം. തോട്ടത്തിന്‍കടവില്‍ പാലം വന്നപ്പോഴാണ് തിരുവമ്പാടിയില്‍ ആദ്യമായി ബസ് എത്തുന്നത്. വൈകാതെ പൊടി നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ പുല്ലൂരാംപാറയ്ക്കും ബസ് ഓടിതുടങ്ങി. ഒരു യാത്ര കഴിയുമ്പോള്‍ യാത്രക്കാരും ബസും അത്യാവശ്യമായി കുളിക്കേണ്ട പരുവത്തില്‍ പൊടിമണ്ണില്‍ മൂടിയിരിക്കും.
പുല്ലൂരാംപാറ വരെ എത്തിയ ബസിനെ ആനക്കാംപൊയില്‍ എത്തിക്കാനായി നാട്ടുകാരുടെ പിന്നീടുള്ള ശ്രമം. ചില സ്വകാര്യ ബസുകള്‍ ആനക്കാംപൊയിലിലേക്ക് ഓടിയെങ്കിലും കുത്തനെയുള്ള കയറ്റവും റോഡിന്റെ ദുര്‍ഘടാവസ്ഥയും കാരണം സര്‍വീസ് തുടരാന്‍ താല്‍പ്പര്യം കാണിച്ചില്ല.
ആനക്കാംപൊയില്‍ പള്ളിവികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഈ റൂട്ടില്‍ സര്‍വീസ് നടത്തണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസിയെ സമീപിച്ചു. കയറ്റവും വളവുമുള്ള, ടാറിടാത്ത വഴിയില്‍ കൂടി ഓടാന്‍ പറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അച്ചന്‍ വിട്ടില്ല. അധികൃതരുടെ പിന്നാലെ കൂടി. അവസാനം പരീക്ഷണാര്‍ത്ഥം ബസ് ഓടിച്ചു. ബസിന് നല്ലവരുമാനം കിട്ടി. കൂടെ നാട്ടുകാരുടെ നിര്‍ലോഭമായ സഹകരണവും. പക്ഷെ ഡ്രൈവര്‍ക്ക് ഈ റൂട്ടില്‍ ബസ് ഓടിക്കുക അതീവ ക്ലേശകരമായിരുന്നു. മഴപെയ്താല്‍ കയറ്റം കയറാതെ ബസ് ചെളിയില്‍ തെന്നിക്കളിക്കും.
ഉടനെ ആനക്കാംപൊയില്‍ പള്ളിയിലേക്ക് വിവരം കൊടുക്കും. മിനിട്ടുകള്‍ക്കകം അച്ചനും ചേട്ടന്മാരുടെ സംഘവുമെത്തും. ബസിനെ തള്ളി കുന്നുകയറ്റിവിടും.
രാത്രിയില്‍ ആനക്കാംപൊയിലില്‍ കിടക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ബസ് ജീവനക്കാര്‍ക്ക് സ്റ്റേ ഡ്യൂട്ടി എടുക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. വൈകിട്ട് 7.15നും 8.30നും കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന ബസുകള്‍ ആനക്കാംപൊയിലില്‍ എത്തുമ്പോള്‍ ഹോട്ടലുകള്‍ അടച്ചിരിക്കും. ഭക്ഷണത്തിനു മാത്രമല്ല താമസത്തിനും സൗകര്യമില്ല.
അച്ചന്‍ ഇതിനും പരിഹാരം കണ്ടു. ജീവനക്കാര്‍ക്ക് പള്ളിമുറിയില്‍ കിടക്കാം. അത്താഴവും വിളമ്പിവെച്ചിരിക്കും. മറ്റൊരിടത്തും കിട്ടാത്ത ഈ സൗമനസ്യത്തിനും സ്‌നേഹത്തിനും മുന്നില്‍ കെഎസ്ആര്‍ടിസി കീഴടങ്ങി. ആനക്കാംപൊയിലും കെഎസ്ആര്‍ടിസിയും തമ്മില്‍ അന്നു തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ തിരുവമ്പാടി ബസ് സ്റ്റേഷന്‍ വരെ വളര്‍ന്നു നില്‍ക്കുന്നത്.
ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിക്കൊണ്ടിരുന്ന കാലമായിരുന്നത്. അപ്പോഴെല്ലാം ഈ കൊച്ചുമനുഷ്യന്‍ സ്‌നേഹം കൊണ്ടും വിനയാന്വിതമായ പെരുമാറ്റം കൊണ്ടും ജനങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തിണക്കി വികസന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മണക്കാട്ടുമറ്റം കുര്യാക്കോസ് – ഏലി ദമ്പതികളുടെ മകനായി 1938ല്‍ രാമപുരം കുറിഞ്ഞിയില്‍ ജനിച്ച ഫാ. അഗസ്റ്റിന്‍ 1964ല്‍ വൈദികപട്ടം സ്വീകരിച്ചു. കൊല്ലൂര്‍, പുറവയല്‍, മാട്ടറ, വാഴവറ്റ, പാലാവയല്‍, ആനക്കാംപൊയില്‍, പുഷ്പഗിരി, കല്ലുരുട്ടി, താമരശേരി, പാറോപ്പടി, കട്ടിപ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായിരുന്നു. 1987 മുതല്‍ 1993 വരെ താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജരായി സേവനം അനുഷ്ഠിച്ചു. 2007 സെപ്റ്റംബര്‍ അഞ്ചിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.