സെപ്റ്റംബര്‍ 5: വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍
ക്ഷീണിച്ച ശബ്ദത്തില്‍, മന്ത്രിക്കുന്നതു പോലെ മദര്‍ പറഞ്ഞു തുടങ്ങി: ‘പ്രാര്‍ഥിക്കുന്ന കുടുംബം നിലനില്‍ക്കും. പ്രാര്‍ഥനയാണ് ശക്തി. പ്രാര്‍ഥനയില്ലെങ്കില്‍ എല്ലാം ശിഥിലമാകും. പ്രാര്‍ഥനയില്ലാതെ സന്തോഷം കണ്ടെത്താനാവില്ല.’ 1994ല്‍ കോഴിക്കോട്ടെത്തിയ മദറിന്റെ സന്ദര്‍ശനം അനുസ്മരിക്കുന്നു
കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 1994-ല്‍ മദര്‍ തെരേസ കോഴിക്കോട്ടുമെത്തിയിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച മദര്‍ പൊതുപരിപാടികളിലും പങ്കെടുത്തു.
മദറിന്റെ കോഴിക്കോട്ടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ കഴിയുമെങ്കില്‍ മദറിനെ കണ്ട് ഒരു അഭിമുഖം സംഘടിപ്പിക്കണമെന്ന് ആഗ്രഹിച്ചു.
ഈ മോഹവും മനസിലിട്ടു കൊണ്ടാണ് 1994 ജനുവരി 14ന് 12 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിനടുത്ത് അത്താണിക്കലിലുള്ള ‘സ്‌നേഹഭവനി’ലെത്തിയത്. ആരോരുമില്ലാത്ത സാധുസ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രമാണ് സ്‌നേഹഭവന്‍. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം മദര്‍ സ്‌നേഹഭവനിലെത്തി ഊണു കഴിക്കുമെന്ന് സ്‌നേഹഭവനിലെ സിസ്റ്റര്‍മാര്‍ പറഞ്ഞു.
ഞാന്‍ ചെല്ലുമ്പോള്‍ സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന സമയമായിരുന്നു. തീരെ അവശരായവര്‍ക്ക് സിസ്റ്റര്‍മാര്‍ ചോറു വാരിക്കൊടുക്കുന്നു. അന്തേവാസികളെല്ലാം കുളിച്ച് നല്ല വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നു. പ്രായമേറിയവരാണെങ്കിലും എല്ലാ മുഖങ്ങളിലും സംതൃപ്തിയുടെയും മനഃസമാധാനത്തിന്റെയും തെളിച്ചം പ്രകടമായിരുന്നു.
മദറിനെ പ്രത്യേകം കാണാന്‍ സാധിക്കുമോ എന്നു ചോദിച്ചപ്പോള്‍ ‘ഒരു രക്ഷയുമില്ല’ എന്നായിരുന്നു സിസ്റ്റര്‍മാര്‍ പറഞ്ഞത്. ‘ദൂരയാത്ര കഴിഞ്ഞ് മദര്‍ മടുത്താണു വരുന്നത്. നേരിയ പനിയുമുണ്ട്. ഇവിടത്തെ പരിപാടി കഴിഞ്ഞ് മേരിക്കുന്നിലെ മിഷണറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സിന്റെ ‘മേഴ്‌സി ഹോം’ സന്ദര്‍ശനം, കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ സ്വീകരണം, വൈകിട്ട് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം, ഇതാണ് മദറിന്റെ പരിപാടി. ഈ തിരക്കിനിടയില്‍ മദറിനെ വ്യക്തിപരമായി കാണാന്‍ പറ്റില്ല’ – സിസ്റ്റര്‍മാര്‍ തീര്‍ത്തു പറഞ്ഞു.
അന്തേവാസികള്‍ കിടക്കുന്ന ഹാളില്‍ ആളുകള്‍ തള്ളിക്കയറാന്‍ തുടങ്ങിയപ്പോള്‍ സിസ്റ്റര്‍മാര്‍ എല്ലാവരെയും പുറത്താക്കി. ‘സാറും ദയവായി ഇവിടെ നിന്ന് ഒഴിവായിത്തരണമെന്ന്’ സിസ്റ്റര്‍മാര്‍ പറഞ്ഞു. അന്തേവാസികളുമായി സംസാരിച്ചു കൊണ്ട് മദര്‍ വരുന്ന സമയം വരെ ഇവിടെ ചെലവഴിച്ചോട്ടേയെന്നു ചോദിച്ചപ്പോള്‍ പിന്നീട് പുറത്തു പോകാന്‍ അവര്‍ നിര്‍ബന്ധിച്ചില്ല.
മദര്‍ വരുമ്പോള്‍ ഇരിക്കാനുള്ള കസേര ഹാളിന്റെ തുടക്കത്തില്‍ ഒരുക്കിയിട്ടതു കണ്ടു. ഇവിടെ നിന്നാല്‍ മദറിനോടു സംസാരിക്കാന്‍ അവസരം കിട്ടുമെന്ന് എന്നിലെ പത്രപ്രവര്‍ത്തകന്‍ ഉള്ളില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.
അന്തേവാസികളോടു കുശലം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. രണ്ടരയായപ്പോള്‍ മദര്‍ എത്തി. പുറത്തുള്ള ജനക്കൂട്ടത്തെ തള്ളിമാറ്റി പൊലീസ് മദറിനു വഴി ഒരുക്കി. നേരത്തെ തയ്യാറാക്കി വച്ച കസേരയിലെക്ക് മദറിനെ ആനയിച്ചു. ഇതാ, ദൈവം ഒരുക്കിയ അവസരം. മദറിന്റെ കൂടെ ഞാനും നീങ്ങി. മദര്‍ കസേരയില്‍ ഇരുന്നപ്പോള്‍ കസേരക്കു മുമ്പില്‍ ഞാന്‍ നിലത്തിരുന്നു. ഇരുന്ന ഉടനെ മദര്‍ സഞ്ചിയില്‍ നിന്നു കാശുരൂപമെടുത്ത് ചുറ്റിലുമുള്ളവര്‍ക്ക് വിതരണം ആരംഭിച്ചു.
നിലത്തിരുന്ന ഞാന്‍ മദറിനോട് എന്റെ പേരും പത്രപ്രവര്‍ത്തകനാണെന്ന വിവരവും പറഞ്ഞു.
അഗതികളുടെ അമ്മയെന്നു ലോകം വാഴ്ത്തുന്ന കരുണയുടെ ആള്‍രൂപം എന്നെ നോക്കി. കാശുരൂപം വിതരണം ചെയ്യുന്ന കൈവിരലുകളില്‍ ഞാന്‍ പിടിച്ചു.
ഉണങ്ങിയ ചുക്കുപോലെ പ്രായം കൊണ്ട് ശുഷ്‌ക്കിച്ച വിരലുകള്‍. വരണ്ടുണങ്ങിയ നെല്‍പ്പാടം പോലെ മുഖത്ത് ചാലുകള്‍ തീര്‍ത്ത പാടുകള്‍. അവിടെ തിളങ്ങുന്ന രണ്ടു കുഞ്ഞു നീലക്കണ്ണുകള്‍.
ക്ഷീണിച്ച ശബ്ദത്തില്‍, മന്ത്രിക്കുന്നതു പോലെ മദര്‍ പറഞ്ഞു തുടങ്ങി. ‘പ്രാര്‍ഥിക്കുന്ന കുടുംബം നിലനില്‍ക്കും. പ്രാര്‍ഥിക്കുന്ന രാഷ്ട്രം നിലനില്‍ക്കും. പ്രാര്‍ഥനയാണ് ശക്തി. പ്രാര്‍ഥനയില്ലെങ്കില്‍ എല്ലാം ശിഥിലമാകും. പ്രാര്‍ഥനയില്ലാതെ സന്തോഷം കണ്ടെത്താനാവില്ല.’
പ്രാര്‍ഥനയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും മാത്രമാണ് മദര്‍ പറഞ്ഞത്. അതിനിടയിലും കാശുരൂപ വിതരണം നടന്നു കൊണ്ടിരുന്നു.
10 മിനിട്ടു കഴിഞ്ഞപ്പോള്‍ മദര്‍ എഴുന്നേറ്റു. പ്രായത്തിന്റെ അവശതകള്‍ നന്നായുണ്ട്. കൂനിയാണു നടക്കുന്നത്. ‘സ്‌നേഹഭവ’ന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.
ഭക്ഷണം കഴിക്കാതെ അമ്മ അടുത്ത പരിപാടിക്ക് മേരിക്കുന്നിലേക്ക് പുറപ്പെട്ടു. മേരിക്കുന്നിലെ ജെഡിടി ഇസ്ലാമിനു മുന്നിലെത്തിയപ്പോള്‍ മദറിനെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടം. ജെഡിടി ഇസ്ലാം സ്ഥാപനങ്ങളുടെ മേധാവി ഹസന്‍ ഹാജി മദറിനെയും സംഘത്തേയും സ്ഥാപനത്തിലേക്കു ക്ഷണിച്ചു. മദറിനൊപ്പമുള്ള ഫോട്ടോ എടുത്തു. മദറിനൊപ്പം സ്ഥാപന മേധാവികള്‍ നില്‍ക്കുന്ന ഫോട്ടോ ആ സ്ഥാപനത്തിന്റെ പ്രമുഖ സ്ഥാനത്ത് ഇപ്പോഴും തൂങ്ങിക്കിടക്കുന്നു.
ജാതി, മത, രാഷ്ട്ര ഭേദമില്ലാതെ അമ്മയുടെ കരുണ എല്ലാവരിലേക്കും പ്രവഹിച്ചു. ലോകം അതിനെ ആദരിച്ചതിന്റെ തെളിവാണ് ജെഡിടി ഇസ്ലാം ഭാരവാഹികള്‍ കാണിച്ച സ്‌നേഹവായ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്. മദറിന്റെ ഔദ്യോഗിക യാത്രാ ചാര്‍ട്ടില്‍ ഉള്‍പ്പെടാത്ത പരിപാടിയായിരുന്നു ജെഡിടി സന്ദര്‍ശനം.
കരുണയും ശുശ്രൂഷയും വേണ്ട ഇടങ്ങളിലെല്ലാം മദറിന്റെ സേവനം വ്യാപിച്ചു. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്’ (മത്തായി 25:40) എന്ന യേശുവചനമാണ് മദറിനെ നയിച്ചത്.
ലൊറേറ്റോ സന്യാസിനീ സമൂഹത്തിലെ അംഗമായാണ് മദര്‍ ഇന്ത്യയിലെത്തുന്നത്. പിന്നീട് അവിടെ നിന്നുമാറി അഗതികളെ സേവിക്കാനായി മിഷണറീസ് ഓഫ് ചാരിറ്റി എന്ന പുതിയ സന്യാസിനീ സമൂഹത്തിനു രൂപംനല്‍കി. കുറച്ച് കഴിഞ്ഞ് പുരുഷന്മാര്‍ക്കായി ‘മിഷണറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ്’ സ്ഥാപിച്ചു. ഇപ്പോള്‍ 133 രാജ്യങ്ങളില്‍ ഈ സഭകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
പാവപ്പെട്ടവരിലും അഗതികളിലും മദര്‍ യേശുവിനെ ദര്‍ശിച്ചു. മദറിനോടു യേശു പറഞ്ഞതായി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ കുറിച്ചു വച്ചിട്ടുള്ള വാക്കുകള്‍:
‘എന്നെ പാവങ്ങളുടെ മടകളിലേക്ക് കൊണ്ടു പോകുക. വരൂ, എന്റെ വെളിച്ചമാകുക. എനിക്ക് തനിച്ച് പോകാനാവില്ല. അവരിലേക്ക് ഇറങ്ങിച്ചെല്ലുക. അവരിലേക്കു പോകുമ്പോള്‍ എന്നെയും വഹിച്ചു കൊണ്ടു പോവുക.’
മറ്റുള്ളവരോട് മദര്‍ ആവശ്യപ്പെട്ടത് പ്രാര്‍ഥനയാണ്. ‘ദൈവത്തിന്റെ ജോലികള്‍ മോശമായി ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കുക. കാരണം ഇനിയും ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ അവിടുത്തെ ജോലികളാണ്.’
കല്‍ക്കട്ടയിലെ ചേരികളില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ യാഥാസ്ഥിതികരില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായി. മത പരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് പലരും കുറ്റപ്പെടുത്തി. ‘വന്ന് ഞങ്ങള്‍ ചെയ്യുന്നതു കാണുക’ എന്നായിരുന്നു മദറിന്റെ മറുപടി.
മദറിന്റെ സഹോദരിമാര്‍ ചെയ്യുന്ന സേവനം കണ്ട് അവരില്‍ മനഃപരിവര്‍ത്തനമുണ്ടായി. ലോകം മുഴുവന്‍ മദറിന്റെ സഭാംഗങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
സംഘര്‍ഷത്തില്‍ കത്തിയെരിയുന്ന രാജ്യങ്ങളിലും അഗതി ശൂശ്രൂഷയ്ക്കായി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയെത്തി. സിയേറ ലിയോണിലെ ഫ്രീ ടൗണില്‍ നാലു കന്യാസ്ത്രീകള്‍ സേവനത്തിനിടയില്‍ രക്തസാക്ഷികളായി.
യെമനില്‍ 1998 ജൂലൈ 27ന് മൂന്നു കന്യാസ്ത്രീകള്‍ വധിക്കപ്പെട്ടു. 2015ല്‍ യെമനിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സ്ഥാപനം തീവ്രവാദികള്‍ ആക്രമിച്ചു. നാലു സഹോദരിമാര്‍ രക്തസാക്ഷികളായി.
കോഴിക്കോട്ട് ഒളവണ്ണയിലും കുറച്ചു കാലം മുമ്പ് ചാരിറ്റി ബ്രദേഴ്‌സിനെയും സിസ്റ്റര്‍മാരെയും ഒരു സംഘം ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തിരുന്നു.
മദറിന്റെ സേവനങ്ങളെ 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു. 1980ല്‍ ഇന്ത്യ പരമോന്നത ബഹുമതിയായ ‘ഭാരത രത്‌ന’ നല്‍കി. 1985ല്‍ അമേരിക്ക ‘മെഡല്‍ ഓഫ് ഫ്രീഡം’ നല്‍കി.
ലോകത്തിന്റെ കാഴ്ചപ്പാടുകളെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളില്‍ ഉന്നത സ്ഥാനമാണ് മദര്‍ തെരേസയ്ക്കുള്ളത്.