പന്തക്കൂസ്ത കഴിഞ്ഞ് ക്രിസ്ത്യാനികളുടെ എണ്ണം പെരുകിയപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കാന്‍ ശ്ലീഹന്മാര്‍ക്ക് സമയം തികയാതെ വന്നു. വിവേകമതികളും പരിശുദ്ധാത്മനിറവുള്ളവരുമായ ഏഴുപേരെ തെരെഞ്ഞെടുത്ത് അവരുടെ മേല്‍ കൈകള്‍ വച്ച് ഡീക്കന്മാരായി നിയമിച്ചു. അവരിലൊരാളാണ് സ്റ്റീഫന്‍.
കൃപാവരവും ഭക്തിയും നിറഞ്ഞിരുന്ന സ്റ്റീഫന്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വിജ്ഞാനപൂര്‍ണ്ണമായിരുന്നു. അവയെ ചെറുത്തുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം മോശയ്ക്കും ദൈവത്തിനുമെതിരായി ദൂഷണം പറയുന്നുവെന്നാരോപിച്ച് യഹൂദ പുരോഹിത്മാരുടെ അടുക്കലേക്ക് ആനയിക്കപ്പെട്ടു.
പ്രധാനപുരോഹിതന്റെ ചോദ്യത്തിന് സ്റ്റീഫന്‍ നല്‍കിയ പ്രഗത്ഭമായ മറുപടി നടപടി പുസ്തകം ഏഴാം അധ്യായത്തില്‍ കാണാം. ”ദുശ്ശാഠ്യക്കാരെ നിങ്ങളും നിങ്ങളുടെ പിതാക്കന്മാരെപ്പോലെ സദാ പരിശുദ്ധാത്മാവിനെ എതിര്‍ക്കുന്നു. പ്രവാചകന്മാരില്‍ ആരെയെങ്കിലും നിങ്ങള്‍ മര്‍ദ്ദിക്കാതിരുന്നിട്ടുണ്ടോ? ദൈവദൂതന്മാര്‍ വഴി നിങ്ങള്‍ക്ക് ന്യായപ്രമാണങ്ങള്‍ ലഭിച്ചു. എന്നാല്‍ നിങ്ങള്‍ അത് അനുസരിച്ചില്ല. ഇതാ സ്വര്‍ഗ്ഗകവാടം തുറന്നിരിക്കുന്നു. മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലതുഭാഗത്ത് നില്‍ക്കുന്നത് ഞാന്‍ കാണുന്നു.” ഉടനെ ജനങ്ങള്‍ അദ്ദേഹത്തെ പിടിച്ചു നഗരത്തിനു വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞു. തല്‍സമയം സ്റ്റീഫന്‍ പ്രാര്‍ത്ഥിച്ചു, ”കര്‍ത്താവായ ഈശോയെ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ… കര്‍ത്താവേ ഈ പാപം അവരുടെ മേല്‍ ചുമത്തരുതേ” ഇത്രയും പറഞ്ഞ് അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.