ഡിസംബര്‍ 16: വിശുദ്ധ അഡിലെയ്ഡ്

അപ്പര്‍ ബര്‍ഗന്റിയിലെ രാജാവായിരുന്ന റുഡോള്‍ഫ് ദ്വിതീയന്റെ മകളാണ് അഡിലെയ്ഡ്. ബാല്യത്തിലെ പറഞ്ഞുറപ്പിച്ച പ്രകാരം ഹ്യൂഗ് രാജാവിന്റെ മകന്‍ ലോത്തെയറുമായുള്ള വിവാഹം യഥാസമയം നടന്നു. എന്നാല്‍ അസൂയാലുവായ ബെറെങ്കാരീയൂസ് ലോത്തെയറിനു വിഷം കൊടുത്തു കൊന്നശേഷം അവളെ വിവാഹം കഴിക്കാന്‍ ഉദ്യമിച്ചു. അവള്‍ അതിന് സന്നദ്ധയാകാഞ്ഞതിനാല്‍ ബെറെങ്കാരിയൂസ് അവളെ ജയിലിലടച്ചു. പിന്നീട് ജര്‍മ്മന്‍ രാജാവ് ‘ഓട്ടോ’ അവളെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അവള്‍ക്ക് അഞ്ച് കുട്ടികളുണ്ടായി. ഭര്‍ത്താവിന്റെ മരണശേഷം മകനും മരുമകളും ചേര്‍ന്ന് അഡിലെയ്ഡ് രാജ്ഞിയെ വീട്ടില്‍നിന്ന് പുറത്താക്കി. രാജ്ഞി മഠങ്ങളും ആശ്രമങ്ങളും സ്ഥാപിച്ച് ക്രിസ്തീയ ദൈവവിളിയെ പ്രോത്സാഹിപ്പിച്ചു. സ്ട്രീസുബര്‍ഗ് മഠത്തില്‍ വച്ച് അഡിലെയ്ഡ് രാജ്ഞി ഈ ലോകത്തോട് വിടപറഞ്ഞു.

ഡിസംബര്‍ 15: വിശുദ്ധ മെസ്മിന്‍

‘അസാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിട്ടില്ല. സാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നും ആഗ്രഹിക്കാതിരിക്കുക. ഒന്നും നിഷേധിക്കാതിരിക്കുക.’ ഇതായിരുന്നു വിശുദ്ധ മെസ്മിന്റെ ജീവിതം. ക്‌ളോവിസ് രാജാവ് ഓര്‍ലീന്‍സില്‍ സ്ഥാപിച്ച മിച്ചി ആശ്രമത്തിന്റെ പ്രഥമ ആബട്ടാണ് മെസ്മിന്‍ അഥവാ മാക്‌സിമിനൂസ്. വെര്‍ഡൂണ്‍ എന്ന സ്ഥലത്ത് ജനിച്ച അദേഹം പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്നു. ഓര്‍ലീന്‍സ് നഗരത്തില്‍ ഒരു വലിയ പഞ്ഞമുണ്ടായപ്പോള്‍ നഗരവാസികള്‍ക്കെല്ലാം ആശ്രമത്തില്‍നിന്ന് ആബട്ട് മെസ്മിന്‍ ഗോതമ്പ് കൊടുത്തുകൊണ്ടിരുന്നു. ഗോതമ്പ് എടുത്തുകൊടുക്കുന്നുണ്ടെങ്കിലും ശേഖരത്തിന്ന് കുറവ് സംഭവിച്ചിരുന്നില്ല. പത്ത് കൊല്ലത്തോളം ആബട്ട് ജോലി നോക്കി. 520 നവംബര്‍ 15-ാം തീയത് അദേഹം അന്തരിച്ചു.

ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (വേദപാരംഗതന്‍)

ആവിലായ്ക്ക് സമീപം ഫോണ്ടിബേര്‍ എന്ന സ്ഥലത്ത് 1542ല്‍ ജോണ്‍ ജനിച്ചു. ഇപ്പെസ്സിലെ ഗൊണ്‍സാലെസ്സാണ് പിതാവ്. പിതാവിന്റെ മരണശേഷം നിരാംലംബയായ അമ്മയെ സഹായിക്കുവാന്‍ ജോണ്‍ ഒരാശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ജോലി ചെയ്തു. 21-ാം വയസില്‍ ദൈവമാതാവിനോടുള്ള ഭക്തിയാല്‍ പ്രചോദിതനായി മെഡീനായിലെ കര്‍മ്മലീത്താ ആശ്രമത്തില്‍ ഒരത്മായ സഹോദരനായി ചേര്‍ന്നു. ഒരു സഹോദരനായി ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും ജോണിന്റെ പഠന സാമര്‍ത്ഥ്യവും പുണ്യവും കണ്ട് 1567ല്‍ അദ്ദേഹത്തിന് തിരുപട്ടം നല്‍കി.

വലിയ ത്രേസ്യാ പുണ്യവതിയുടെ ആവശ്യപ്രകാരം കര്‍മ്മലീത്ത നിഷ്പാദുക സഭ നവീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന സന്യാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ഒമ്പതു മാസം കാരാഗൃഹത്തില്‍ കിടക്കേണ്ടി വന്നു. റൊട്ടിയും ചാളയും വെള്ളവും മാത്രം ഭക്ഷിച്ചുള്ള ജയില്‍ വാസത്തില്‍ ദൈവവും താനും മാത്രമായി 270 ദിവസങ്ങള്‍ തള്ളിനീക്കി എന്ന് അദ്ദേഹം പറയുന്നു.

ജയിലില്‍ നിന്ന് ആധ്യാത്മിക കീര്‍ത്തനവുമായി അദ്ദേഹം പുറത്തു വന്നു. അദ്ദേഹം പറഞ്ഞു, ‘സഹനങ്ങളോട് ഞാന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നെങ്കില്‍ വിസ്മയിക്കേണ്ട. ടൊളെഡോ ജയിലിലായിരുന്നപ്പോള്‍ അവയുടെ മേന്മ എനിക്കു മനസിലായി. ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹനങ്ങള്‍ക്ക് എന്ത് സമ്മാനം വേണമെന്ന് ഈശോ ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘സഹിക്കുകയും അങ്ങയെപ്രതി നിന്ദിക്കപ്പെടുകയുമല്ലാതെ വേറൊന്നും എനിക്കു വേണ്ട.’

അദ്ദേഹത്തിന്റെ കര്‍മ്മെല മലകയറ്റം, ആധ്യാത്മിക കീര്‍ത്തനം, ആത്മാവിന്റെ ഇരുണ്ട രാത്രി എന്നീ ഗ്രന്ഥങ്ങള്‍ ദൈവവും ആത്മാവും തമ്മിലുള്ള ഐക്യത്തെപ്പറ്റി പ്രതിപാദിക്കുന്നു.

ഡിസംബര്‍13: വിശുദ്ധ ലൂസി കന്യക (രക്തസാക്ഷി)

സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസില്‍ ഒരു കുലീന കുടുംബത്തില്‍ ലൂസി ജനിച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ പിതാവ് മരിച്ചു. അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന അവള്‍ ഈശോയെ മണവാളനായി സ്വീകരിക്കാന്‍ നിശ്ചയിച്ചു. എന്നാല്‍ അമ്മ മകളെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചു.

അങ്ങനെയിരിക്കെ അമ്മ രോഗബാധിതയായി. മകളുടെ നിര്‍ബന്ധം നിമിത്തം അഗത്താ പുണ്യവതിയുടെ ശവകുടീരത്തില്‍ പോയി പ്രാര്‍ത്ഥിക്കവെ ലൂസിക്കുണ്ടായ ദര്‍ശനത്തില്‍ അഗത്താ ലൂസിയോടു പറഞ്ഞു: ‘അമ്മയെ ദൈവം സുഖപ്പെടുത്തും. കറ്റാനിയായില്‍ എനിക്കുള്ളതുപോലെ ഒരു സ്ഥാനം സിറാക്കൂസില്‍ നിനക്കു ലഭിക്കും.’ ഈ സ്വപ്നം അവളുടെ ആഗ്രഹത്തെ ദൃഢമാക്കി.

വിവാഹത്തിനായി കരുതിയിരുന്ന ധനമെല്ലാം ദരിദ്രര്‍ക്കു നല്‍കുവാന്‍ ലൂസി ആവശ്യപ്പെട്ടു. സമസ്തവും വിറ്റ് അവള്‍ ദരിദ്രര്‍ക്ക് കൊടുത്തു. ലൂസിയുടെ കാമുകന്‍ ഈ പ്രവൃത്തി എതിര്‍ത്തെങ്കിലും ലൂസി പിന്‍മാറിയില്ല. ലൂസി ഒരു ക്രിസ്ത്യാനിയാണെന്ന് അയാള്‍ പ്രീഫെക്ട് പസക്കാസിയൂസിനെ അറിയിച്ചു. പസ്‌ക്കാസിയൂസ് പല ഭീഷണികള്‍ പ്രയോഗിച്ചു. എന്നാല്‍ ലൂസിയുടെ മനസു മാറ്റാന്‍ കഴിഞ്ഞില്ല. പലവിധ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ഒരു വാള്‍ അവളുടെ തൊണ്ടയില്‍ കുത്തിയിറക്കി അവളെ വധിച്ചു.

ഡിസംബര്‍ 12: വിശുദ്ധ ജെയിന്‍ ഫ്രാന്‍സിസ് ദെ ഷന്താള്‍

ബര്‍ഗന്റി പാര്‍ലമെന്റിന്റെ പ്രസിഡന്റായിരുന്ന ബെനീഞ്ഞിയൂ പ്രൊമിയോട്ടിന്റെ രണ്ടാമത്തെ മകളാണ് 1573 ജനുവരി 25 ന് ജനിച്ച ജെയിന്‍. ബാല്യത്തില്‍ തന്നെ അമ്മ മരിച്ചു. ജെയിന് 20 വയസുള്ളപ്പോള്‍ ഫ്രഞ്ചു സൈന്യത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന ബാരണ്‍ ദെ ഷന്താള്‍ അവളെ വിവാഹം കഴിച്ചു. ഭര്‍ത്താവ് മതഭക്തനും യോഗ്യപുരുഷനുമായിരുന്നതിനാല്‍ ജെയിന്റെ കുടുംബജീവിതം സന്തുഷ്ടമായിരുന്നു.

ദിനംപ്രതി ദീര്‍ഘസമയം അവര്‍ പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും ചെലവഴിച്ചു. എന്നാല്‍ 28 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. ഒരാണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ജെയിനിനുണ്ടായരുന്നത്. 1604 ല്‍ വിശുദ്ധ ഫ്രാന്‍സിസ് സെയില്‍സുമായുള്ള കൂടിക്കാഴ്ച്ച ജെയിനിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ധ്യാനത്തിലും വിശുദ്ധ കുര്‍ബാനയിലും കുട്ടികളെ വേദോപദേശം പഠിപ്പിക്കലുമായി അവള്‍ സമയം വിനിയോഗിച്ചു. ഇതിനിടെ സന്യാസ സഭിയില്‍ ചേരുവാനുള്ള ആഗ്രഹം അവള്‍ വിശുദ്ധ ഫ്രാന്‍സിസിനെ അറിയിച്ചു. അദേഹം കന്യകാമറിയത്തിന്റെ വിസിറ്റേഷന്‍ സഭ സ്ഥാപിക്കുകയും അതുനടത്താന്‍ ജെയിനിനെ ഏല്‍പ്പിക്കുകയും ചെയ്തു.

അമ്മയുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം സന്യാസ ജീവിത്തതിന്റെ ഉത്തരവാദിത്വങ്ങളില്‍ അവള്‍ മുഴുകി. ദൈവം നമ്മില്‍ ജീവിക്കാന്‍ നമ്മള്‍ മരിക്കണമെന്ന് അവള്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. വിസിറ്റേഷന്‍ മഠം അതിവേഗം വളര്‍ന്നു. 1641 ഡിസംബര്‍ 13 ാം തിയതി 69-ാമത്തെ വയസില്‍ ജെയിന്‍ ദിവംഗതയായി.

”മഹാ സഹനത്തിന്റെ ഇടയ്ക്കും അവളുടെ മുഖത്തിന്റെ പ്രസന്നത മങ്ങിയിട്ടില്ല. ദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. ആകയാല്‍ ഞാന്‍ ഭൂമിയില്‍ കണ്ടിട്ടുള്ള എല്ലവരിലും വച്ച് അവള്‍ പരിശുദ്ധയാണ്” എന്ന് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ജെയിനിനെ പറ്റി പറയുന്നു.

ഡിസംബര്‍ 11: വിശുദ്ധ ഡമാസസ് പാപ്പ

18 വര്‍ഷവും 2 മാസവും പേപ്പല്‍ സിംഹാസനത്തെ അലങ്കരിച്ച ഡമാസസ് വിശുദ്ധ ലോറന്‍സിന്റെ ദേവാലയത്തില്‍ ഒരു ഡീക്കനായി തന്റെ ശുശ്രൂഷാ ജീവിതം ആരംഭിച്ചു. പിന്നീട് പുരോഹിതനാകുകയും ലിബേരിയൂസ് മാര്‍പാപ്പയെ സേവിക്കുകയും ചെയ്തു. ലിബേരിയൂസ് പാപ്പ മരിച്ചപ്പോള്‍ ഡമാസസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലളിതമായ ജീവിതമായിരുന്നു ഡമാസസിന്റേത്. ആര്യനിസത്തേയും അപ്പോളിനാരിസത്തെയും മറ്റു പാഷണ്ഡതകളെയും അദ്ദേഹം ശക്തിമായി എതിര്‍ത്തു.

അദ്ദേഹത്തിന്റെ ഭരണകാലത്ത് ക്രിസ്തുമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. പ്രധാന ആരാധനാ ഭാഷയായി ലത്തീന്‍ ഭാഷയെ നിശ്ചയിച്ചു. അദ്ദേഹം വിശുദ്ധ ജെറോമിനു നല്‍കിയ ബൈബിള്‍ പഠനത്തിനുള്ള പ്രോത്സാഹനത്തിലൂടെ വുള്‍ഗാത്ത പ്രസിദ്ധീകരിക്കപ്പെട്ടു. ഡമസസ് പാപ്പയുടെ കാലത്ത് റോമാ സഭയുടെ ഖ്യാതി അത്യന്തം വര്‍ധിച്ചു. ‘റോമാ സഭയുടെ പരമാധികാരം ഏതെങ്കിലും സൂനഹദോസിന്റെ നിശ്ചയത്തേയല്ല, ക്രിസ്തുവിന്റെ വചനങ്ങളെത്തന്നെയാണ് ആശ്രയിക്കുന്നത്’ എന്ന് പാപ്പ വ്യക്തമാക്കി.

348 ഡിസംബര്‍ 10ന് പാപ്പ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഫിയെസ്റ്റ 2023: പാറോപ്പടി സെന്റ് ആന്റണീസ് വിജയികള്‍

താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും സംയുക്തമായി സംഘടിപ്പിച്ച ഫിയെസ്റ്റ 2023 കരോള്‍ ഗാനമത്സരത്തില്‍ പാറോപ്പടി സെന്റ് ആന്റണീസ് ടീം വിജയികളായി. മഞ്ഞക്കടവ് സെന്റ് മേരീസ് ടീം രണ്ടും അശോകപുരം ഇന്‍ഫെന്റ് ജീസസ് ടീം മൂന്നും സ്ഥാനങ്ങള്‍ നേടി. വിവിധ ഇടവകകളില്‍ നിന്നായി 12 ടീമുകളാണ് ഫിയെസ്റ്റ 2023-ല്‍ മാറ്റുരച്ചത്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മത്സരം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, ചെറുപുഷ്പ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ അസി. ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റം എന്നിവര്‍ പ്രസംഗിച്ചു.

വിജയികള്‍ക്ക് കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. ബിനു കുളത്തിങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 2001 രൂപയുമായിരുന്നു ക്യാഷ് അവാര്‍ഡ്.

ജില്‍സണ്‍ ജോസ്, രജിന്‍ ജോസ്, സിസ്റ്റര്‍ പ്രിന്‍സി സിഎംസി എന്നിവര്‍ നേതൃത്വം നല്‍കി.

ഡിസംബര്‍ 10: വിശുദ്ധ എവുലാലിയാ

ഡയോക്ലീഷന്റെയും മാക്‌സിമിയന്റെയും മതപീഡനകാലത്ത് സ്‌പെയിനില്‍ മെരിഡാ എന്ന നഗരത്തിലെ ഒരു പ്രഭുകുടുംബത്തിലാണ് എവൂലാലിയ ജനിച്ചത്. ഭക്തരായ മാതാപിതാക്കന്മാരുടെ പ്രചോദനത്തില്‍ ബാല്യകാലത്തു തന്നെ ഒരു കന്യകയായി ജീവിക്കാന്‍ അവള്‍ പ്രതിജ്ഞ ചെയ്തു. എവുലാലിയായ്ക്ക് 18 വയസുള്ളപ്പോള്‍ മതപീഡന വിളംബരം മെരിഡായില്‍ പ്രസിദ്ധീകരിക്കുകയും അത് നടപ്പിലാക്കാന്‍ റോമന്‍ ഗവര്‍ണര്‍ കല്‍പൂര്‍ണിയൂസ് അവിടേക്ക് എത്തുകയും ചെയ്തു.

എവുലാലിയ കല്‍പൂര്‍ണിയസിന്റെ അടുക്കലെത്തി ക്രിസ്ത്യാനികളെ മര്‍ദിക്കുന്നതിലുള്ള അയാളുടെ ദുഷ്ടത ചൂണ്ടിക്കാട്ടി. ‘ ‘നീ ആരാണ്?’ എന്ന പ്രീഫെക്ടിന്റെ ചോദ്യത്തിന് ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ഞാന്‍ ആരാധിക്കുന്ന ദൈവം അങ്ങയുടെ പ്രവൃത്തിയോടെ ഭയങ്കര വെറുപ്പ് എന്നില്‍ ഉളവാക്കിയിരിക്കുന്നു’ എന്ന് അവള്‍ മറുപടി പറഞ്ഞു. പലവാഗ്ദാനങ്ങള്‍ നല്‍കിയിട്ടും അവളുടെ മനസ് മാറ്റാന്‍ കഴിയുന്നില്ല എന്ന് കണ്ട ജഡ്ജ് അവളെ മര്‍ദ്ദിക്കാന്‍ ആജ്ഞാപിച്ചു. അവളെ ഇയ്യക്കട്ടയുള്ള ചമ്മട്ടികൊണ്ട് അടിച്ച് അവശയാക്കി. മുറിവുകളില്‍ തിളച്ച എണ്ണ ഒഴിച്ചു. അവളുടെ മാംസം ഇരുമ്പു കൊളുത്തുകൊണ്ട് കീറിയെടുത്ത് എല്ലുകള്‍ നഗ്നമാക്കി. പിന്നീട് അവളുടെ ചുറ്റും തീകൂട്ടി. അങ്ങനെ ആ പുണ്യ ജീവിതം ഈ ഭൂമിയില്‍ അവസാനിച്ചു. 13 വയസുള്ള ഈ കുട്ടിയുടെ ധീരമായ സഹനം നമുക്ക് ഒരു വെല്ലുവിളിയാണ്.

ഡിസംബര്‍ 9: വിശുദ്ധ പീറ്റര്‍ ഫുരിയര്‍

റോമാ സാമ്രാജ്യത്തിലെ മാറ്റെയിന്‍ കോര്‍ട്ട് എന്ന പ്രദേശത്ത് 1565 നവംബര്‍ 30ന് വിശുദ്ധ പീറ്റര്‍ ഫുരിയര്‍ ജനിച്ചു. പതിനഞ്ചാമത്തെ വയസില്‍ അദ്ദേഹം സര്‍വ്വകലാശാലാ പഠനം തുടങ്ങി. 24-ാമത്തെ വയസില്‍ വൈദികനായി. കാല്‍വിനിസ്റ്റു പാഷണ്ഡതയില്‍ അമര്‍ന്നുപോയിരുന്ന സ്വന്തം ഇടവകയില്‍ തന്നെ അദേഹം വികാരിയായി. അനേകം കാല്‍വിസ്റ്റുകളെ സത്യസഭയിലേക്കാനയിക്കാന്‍ അദേഹത്തിന് കഴിഞ്ഞു.

പ്രസംഗവും ഉപദേശവും വഴി ജനങ്ങളുടെ അധ്യാത്മിക നിലവാരം ഉയര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു. പുരുഷന്മാര്‍ക്കായി വിശുദ്ധ സെബാസ്റ്റ്യന്റെ പേരില്‍ ഒരു ഭക്തസമാജവും സ്ത്രീകള്‍ക്ക് ജപമാലയുടെ ഒരു ഭക്തസംഘവും പെണ്‍കുട്ടികള്‍ക്ക് അമലോത്ഭവമാതാവിന്റെ പേരില്‍ ഒരു സഖ്യവും അദ്ദേഹം ആരംഭിച്ചു. ഞായറാഴ്ച്ച ദിവസങ്ങളില്‍ ജനങ്ങളുടെ തിന്മകള്‍ക്കെതിരായി സുകൃതങ്ങളെപ്പറ്റി കുട്ടികളെക്കൊണ്ട് നടത്തിയിരുന്ന സംഭാഷണങ്ങള്‍ വളരെയേറെ സത്ഫലങ്ങള്‍ പുറപ്പെടുവിച്ചു. ഫാ. പീറ്റര്‍ ഫുറിയര്‍ 75-ാമത്തെ വയസില്‍ അന്തരിച്ചു.

‘ഒരുത്തരെയും ദ്രോഹിക്കാതിരിക്കുക. സര്‍വ്വരേയും സഹായിക്കുക’ എന്നതായിരുന്നു വിശുദ്ധ പീറ്റര്‍ ഫുറിയറിന്റെ മുദ്രാവാക്യം.

ഡിസംബര്‍ 8: കന്യകാമറിയത്തിന്റെ അമലോത്ഭവം

സര്‍പ്പത്തിന്റെ തല തകര്‍ത്തവളും നന്മനിറഞ്ഞവളുമായ കന്യകാമറിയം ഉത്ഭവപാപരഹിതയാണെന്നുള്ള വിശ്വാസ സത്യം സാവധാനത്തിലാണ് തിരുസഭയ്ക്ക് തെളിവായത്. ഒരു പ്രൊട്ടസ്റ്റന്റു കവിയായ വേഡ്‌സ്‌വര്‍ത്ത് ”പാപപങ്കിലമായ മനുഷ്യപ്രകൃതിയുടെ ഏക സ്തുതി പാത്രമേ” എന്ന് മറിയത്തെ സംബോധന ചെയ്തിട്ടുണ്ട്.

1854 ഡിസംബര്‍ എട്ടിന് അവര്‍ണ്ണനീയ ദൈവം എന്ന തിരുവെഴുത്തുവഴി ഒമ്പതാം പീയൂസ് മാര്‍പാപ്പ അമലോത്ഭവ സത്യം ഇങ്ങനെ നിര്‍വചിച്ചു, ”അഖണ്ഡവും പരിശുദ്ധവുമായ ത്രിത്വത്തിന്റെ സ്തുതിക്കും കന്യകയായ ദൈവമാതാവിന്റെ മഹത്വത്തിനും അലങ്കാരത്തിനും കത്തോലിക്കാ വിശ്വാസത്തിന്റെ പുകഴ്ച്ചയ്ക്കും കത്തോലിക്കാ സഭയുടെ പ്രചാരത്തിനുമായി നമ്മുടെ കര്‍ത്താവീശോ മിശിഹായുടെയും പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും നമ്മുടെയും അധികാരത്തോടുക്കൂടെ നാം ആദ്യവസാനം ചെയ്യുകയും നിര്‍വചിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എത്രയും ഭാഗ്യപ്പെട്ട കന്യകാമറിയം ഉത്ഭവത്തിന്റെ പ്രഥമ നിമിഷം മുതല്‍ മനുഷ്യവംശത്തിന്റെ രക്ഷകനായ ഈശോ മിശിഹായുടെ യോഗ്യതകളെ പ്രതി സര്‍വ്വശക്തനായ ദൈവം നല്‍കിയ പ്രത്യേക വരത്താലും ആനുകൂല്യത്താലും ഉത്ഭവ പാപത്തിന്റെ സകല മാലിന്യത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടുവെന്നുള്ളത് ദൈവം വെളിപ്പെടുത്തിയതും അതിനാല്‍ ഉറച്ചുവിശ്വസിക്കേണ്ടതുമാണ്.”

മാര്‍പാപ്പയുടെ ഈ പ്രഖ്യാപനത്തെ ഉറപ്പിച്ചുകൊണ്ട് 1858 മാര്‍ച്ച് 25ന് ലൂര്‍ദില്‍ ദൈവമാതാവ് വിശുദ്ധ ബര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ”ഞാന്‍ അമലത്ഭവയാണ്.”

Exit mobile version