മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ നിര്യാതനായി

താമരശ്ശേരി രൂപത വൈദികനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ (79) നിര്യാതനായി. കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെ സ്ഥാപക നേതാവും നിലവില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അഗസ്ത്യന്‍മൂഴി സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലില്‍വെച്ച് ബുധനാഴ്ച (06 ഡിസംബര്‍ 2023) രാത്രിയോടെയായിരുന്നു അന്ത്യം.

ഭൗതിക ശരീരം വ്യാഴാഴ്ച (07 ഡിസംബര്‍ 2023) ഉച്ചകഴിഞ്ഞ് ഒരു മണി വരെ ഈരൂടുള്ള വിയാനി വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്രനായ സജി കൊഴുവനാലിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച (08 ഡിസംബര്‍ 2023) രാവിലെ ഒമ്പതു മണിക്ക് ഭവനത്തില്‍ ആരംഭിച്ച്, പത്തു മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും.

കത്തോലിക്കാ സഭയ്ക്ക് നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ മാനിച്ച് 2017 ഏപ്രില്‍ 29ന് ഫ്രാന്‍സീസ് മാര്‍പാപ്പ ‘ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്’ എന്ന സ്ഥാനം നല്‍കി ഫാ. ആന്റണി കൊഴുവനാലിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി. മിഷന്‍ ലീഗ് പുരസ്‌ക്കാരം, കോഴിക്കോട് കോര്‍പറേഷന്റെ മംഗളപത്രം അടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പി.എം.ഒ.സി.യുടെയും, അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്രയമായ കരുണഭവന്റെയും ഉന്നത വിദ്യാഭ്യാസ പരീശീലനകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെയും സ്ഥാപകനും ആദ്യ ഡയറക്ടറുമായിരുന്നു.

കൊക്കോക്കോള, പാമോയില്‍ എന്നിവയുടെ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് മോണ്‍. ആന്റണി കൊഴുവനാല്‍ നേതൃത്വം നല്‍കി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതല്‍ അതിന്റെ ചെയര്‍മാനുമായിരുന്നു. സീറോ മലബാര്‍ ലിറ്റര്‍ജി കമ്മറ്റി അംഗവും സീറോ മലബാര്‍ ലിറ്റര്‍ജി റിസര്‍ച്ച് അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെ ജേര്‍ണലായ മതവും ചിന്തയും എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപക എഡിറ്ററായിരുന്നു.

1944 സെപ്റ്റംബര്‍ എട്ടിന് കോട്ടയം കൊഴുവനാല്‍ പരേതരായ ദേവസ്യ – അന്നമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ നാലാമനായി ജനിച്ചു. കൊഴുവനാല്‍ കുടുംബം കോട്ടയത്തുനിന്നും കൂരാച്ചുണ്ടിലേക്ക് കുടിയേറി. ആന്റണിയച്ചന്‍ പ്രാഥമിക വിദ്യാഭ്യാസം കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്‌കൂളിലും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജിലും പൂര്‍ത്തിയാക്കിയ ശേഷം 1963ല്‍ തലശ്ശേരി രൂപതയിലെ സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു. ആലുവ, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1972 ഡിസംബര്‍ 27 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് കൂരാച്ചുണ്ട് ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

അവിഭക്ത തലശ്ശേരി രൂപതയിലെ മാനന്തവാടി, കണിയാരം ഇടവകയില്‍ 1972ല്‍ അസിസ്റ്റന്റ് വികാരിയായും 1973ല്‍ തേര്‍മല ഇടവകയില്‍ വികാരിയായും മാനന്തവാടി ഗിരിദീപം പ്രസ്സിന്റെ മാനേജരായും സേവനമനുഷ്ഠിച്ചു. തലശ്ശേരി അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി 1975 മുതല്‍ 1980 വരെ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകുകയും 1981 – 85 കാലഘട്ടത്തില്‍ ടൊറന്റോ സെന്റ് ജെയിംസ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായും തുടര്‍ന്ന് 1987 വരെ ടൊറന്റോ അതിരൂപതയിലെ സെന്റ് തോമസ് സിറിയന്‍ കമ്മ്യൂണിറ്റിയുടെ വികാരിയായും സേവനം ചെയ്തു. കാനഡ ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘ഗാന്ധിയന്‍ രാഷ്ട്രീയ ചിന്തയും ക്രൈസ്തവ വിമോചന ദൈവശാസ്ത്രവും-ഒരു വിമര്‍ശനാത്മക പഠനം’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. വാലില്ലാപ്പുഴ, മുക്കം, മേരിക്കുന്ന്, തിരുവമ്പാടി, ചേവായൂര്‍ എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍ : ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പൂള), മറിയക്കുട്ടി (കൂരാച്ചുണ്ട്), അന്നക്കുട്ടി മലേപ്പറമ്പില്‍ (കൂരാച്ചുണ്ട്), പാപ്പച്ചന്‍ (തെയ്യപ്പാറ), വക്കച്ചന്‍ (ചമല്‍), സാലി മാളിയേക്കല്‍ (കണ്ണോത്ത്).

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യുജിസി, നെറ്റ് പരിശീലനത്തിന് അവസരം

ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും സൗജന്യ യുജിസി, നെറ്റ് പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത 25 സ്ഥാപനങ്ങള്‍ മുഖാന്തരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 55% മാര്‍ക്ക് നേടിയിരിക്കണം. പഠനം പൂര്‍ത്തിയാക്കിയവര്‍ 55% മാര്‍ക്കോടെ വിജയിച്ചവരാകണം. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യക പരിഗണനയുണ്ട്. കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും.

കോഴിക്കോട് ജില്ലയില്‍ ദേവഗിരി സെന്റ്. ജോസഫ്‌സ് കോളജ്, കോടഞ്ചേരി ഗവ. കോളജ്, ഫാറൂഖ് കോളജ്, മലപ്പുറം ജില്ലയില്‍ ചുങ്കത്തറ മാര്‍ തോമാ കോളജ്, കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, അരീക്കോട് സുല്ലാമുസ്ലാം സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അപേക്ഷാ ഫോം ഈ സെന്ററുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം നേരിട്ടോ തപാല്‍ വഴിയോ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓഡിനേറ്റര്‍ക്ക് ഡിസംബര്‍ 10ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ബിരുദാനന്തര ബിരുദ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567179342

ഡിസംബര്‍ 7: വിശുദ്ധ അംബ്രോസ് മെത്രാന്‍ – വേദപാരംഗതന്‍

അഭിഭാഷക ജോലിയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്കും തുടര്‍ന്ന് മെത്രാന്‍ പദവിയിലേക്കും ഉയര്‍ത്തപ്പെട്ട ഒരു ശ്രേഷ്ഠ വ്യക്തിയാണ് അംബ്രോസ്. 374 ഡിസംബര്‍ ഏഴാം തീയതി ജ്ഞാനസ്‌നാനവും പൗരോഹിത്യവും മെത്രാഭിഷേകവും സ്വീകരിച്ച അംബ്രോസ് തന്റെ സ്വത്തുമുഴുവനും ദരിദ്രര്‍ക്കും തിരുസഭയ്ക്കുമായി നല്‍കി.

നല്ല ഒരു വാഗ്മിയായിരുന്ന അംബ്രോസിന് തന്റെ വാക്‌വിലാസം കൊണ്ട് പല തിന്മകളെയും ചെറുത്തു തോല്‍പിക്കാന്‍ സാധിച്ചു. ആര്യന്‍ പാഷാണ്ഡികളെ ചെറുത്തു നില്‍ക്കാനും ചക്രവര്‍ത്തിമാരുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുവാനും അദേഹം മടിച്ചില്ല. തെസ്‌ലോനിക്കയില്‍ അനേകരുടെ വധത്തിന് കാരണമായ തെയോഡോഷ്യസ് ചക്രവര്‍ത്തിയെ പരസ്യപ്രാശ്ചിത്തം ചെയ്തതിനു ശേഷമേ ദേവാലയത്തില്‍ കയറാന്‍ അനുവദിച്ചുള്ളൂ. വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിനും വിശുദ്ധ അംബ്രോസിന്റെ പ്രസംഗം ഉപകരിച്ചിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം മുതലായ വിഷയങ്ങളെ പറ്റി, ഈടുറ്റ ഗ്രന്ഥങ്ങള്‍ അദേഹം രചിച്ചിട്ടുണ്ട്.

”ദൈവാനുഗ്രഹങ്ങള്‍ ലഭിക്കുന്നത് ഉറങ്ങുന്നവര്‍ക്കല്ല, ജാഗരിച്ച് അധ്വാനിക്കുന്നവര്‍ക്കത്രേ” എന്ന വിശുദ്ധ അംബ്രോസിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ദൈവാനുഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ നമുക്കും പരിശ്രമിക്കാം.

ഡിസംബര്‍ 6: വിശുദ്ധ നിക്കൊളാസ് മെത്രാന്‍

ഏഷ്യാമൈനറില്‍ ലിസിയ എന്ന പ്രദേശത്തുള്ള പത്താറ എന്ന ഗ്രാമത്തിലാണ് നിക്കൊളാസ് ജനിച്ചത്. ബാല്യം മുതല്‍ ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയും അദേഹം ഉപവസിച്ചിരുന്നു. കാലാന്തരത്തില്‍ ഭക്തഭ്യാസങ്ങളും പ്രായശ്ചിത്തങ്ങളും വര്‍ദ്ധിച്ചു. വിശുദ്ധ സിയോനിലെ ആശ്രമത്തില്‍ ചേര്‍ന്ന നാള്‍ മുതല്‍ എല്ലാ പുണ്യങ്ങളിലും അദ്ദേഹം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. ദരിദ്രരോടുള്ള സ്‌നേഹം അദേഹത്തിന്റെ പ്രത്യേക ഗുണ വിശേഷമായിരുന്നു. ഒരു വീട്ടിലെ മൂന്ന് അവിവാഹിത കന്യകകള്‍ നാശത്തിലേക്ക് നീങ്ങാന്‍ ഇടയുണ്ടെന്ന് കണ്ടപ്പോള്‍ അദേഹം അവരുടെ വിവാഹത്തിനാവശ്യമായ പണം മൂന്നു പ്രാവശ്യമായി രാത്രിയില്‍ ആ വീട്ടില്‍ കൊണ്ടിട്ടുകൊടുത്തു. മൂന്നാമത്തെ പ്രാവശ്യം ഗൃഹനാഥന്‍ ഇതുകണ്ട് അദേഹത്തിന്റെ കാല്‍ മുത്തിയിട്ട് ചോദിച്ചു: ”നിക്കൊളാസ് അങ്ങ് എന്തിന് എന്നില്‍ നിന്ന് മറഞ്ഞു നില്‍ക്കുന്നു. അങ്ങല്ലെ എന്റെയും എന്റെ മക്കളുടെയും ആത്മാക്കളെ നരകത്തില്‍ നിന്നും രക്ഷിച്ചത്.”

ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിസ്മസ് പാപ്പാ അഥവാ സാന്റാ ക്ലോസ് വിശുദ്ധ നിക്കോളാസ് ആണെന്ന് പറയുന്നത്. പിന്നീട് അദ്ദേഹം മീറായിലെ മെത്രാനാവുകയും 350ല്‍ കര്‍ത്താവില്‍ നിദ്രപ്രാപിക്കുകയും ചെയ്തു. പാശ്ചാത്യവും പൗരസ്ത്യവുമായ ദേവാലയങ്ങളിലെല്ലാം ഒരു പോലെ വന്ദിച്ചു പോന്നിരുന്ന വിശുദ്ധ നിക്കൊളാസിന്റെ നാമത്തില്‍ പ്രാചീന കാലത്ത് അനേകം ദേവാലയങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

കൈനിറയെ കണ്ടുപിടിത്തങ്ങളുമായി യുവശാസ്ത്രജ്ഞന്‍

കൃഷിയിലേക്കിറങ്ങാന്‍ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ വിദേശ രാജ്യങ്ങളിലേതു പോലെ കായികാദ്ധ്വാനം കുറച്ച് ഹൈടെക് രീതിയില്‍ കൃഷി നടത്തിയാലോ? കൃഷിയെ ഹൈടെക് ആക്കാന്‍ നിരവധി കണ്ടുപിടിത്തങ്ങളാണ് കൂരാച്ചുണ്ട് സ്വദേശി പാലത്തുംതലയ്ക്കല്‍ ജോബിന്‍ അഗസ്റ്റിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം വിപണിയിലിറക്കിയവയെല്ലാം കര്‍ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

കോഴിഫാമിലെ ‘ഐആര്‍ ബ്രൂഡര്‍’

കോഴിഫാമുകളിലെ ഇന്‍കുബേറ്ററുകളില്‍ പിറക്കുന്ന കോഴി കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി ചൂട് നല്‍കാനുള്ള സംവിധാനം ഇല്ലാത്തത് കോഴി കര്‍ഷകര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. പലപ്പോഴും ഫിലമെന്റ് ബള്‍ബുകള്‍ ഉപയോഗിച്ചായിരുന്നു ചൂട് നല്‍കിയിരുന്നത്. അതിന് പരിഹാരമായാണ് ഇന്‍ഫ്രാറെഡ് ഹീറ്റ് വേവുകള്‍ ഉപയോഗപ്പെടുത്തി കോഴികുഞ്ഞുങ്ങള്‍ക്ക് ചൂടു നല്‍കുന്ന ഉപകരണം രൂപകല്‍പ്പന ചെയ്യുകയും പേന്റന്റ് നേടുകയും ചെയ്തു. ഉല്‍പാദനത്തില്‍ ഗണ്യമായ രീതിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ ഉപകരണം സഹായിക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. കേരളത്തിനു പുറമെ തമിഴ്നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഈ ഉപകരണത്തിന് ആവശ്യക്കാരേറെയാണ്.

കമ്പഷന്‍ ചേമ്പര്‍

വിറക് ഉപയോഗിച്ചുള്ള ഡ്രയറുകള്‍ക്ക് പല പോരായ്മയും ഉള്ളതായി ജോബിന് തോന്നിയിരുന്നു. എല്ലായിടത്തും ഒരേ പോലെ ചൂട് എത്തില്ല. ചൂട് ക്രമീകരിച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് എങ്ങനെ മറികടക്കാം എന്നതായിരുന്നു പിന്നീടുള്ള ചിന്ത. നിരീഷണ പരീഷണങ്ങള്‍ക്കൊടുവില്‍ ഒരു കംപ്രഷന്‍ ചേമ്പര്‍ നിര്‍മ്മിച്ചു. ചൂട് നിയന്ത്രിക്കാനും നിലനിര്‍ത്താനും കഴിയുന്ന തരത്തിലായിരുന്നു അതിന്റെ ഡിസൈന്‍. അതിന് ഡിസൈന്‍ പേറ്റന്റ് ലഭിച്ചു.
വീട്ടാവശ്യങ്ങള്‍ക്കുള്ള ഡ്രയറുകള്‍ മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വലിയ ഡ്രയറുകള്‍ വരെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രയറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

റാക്കിങ് മെഷീന്‍

കോഴി ഫാമുകളില്‍ ഉപയോഗപ്പെടുത്താവുന്ന റാക്കിങ് മെഷീനാണ് മറ്റൊരു കണ്ടുപിടിത്തം. കോഴികള്‍ക്ക് ഭക്ഷണം നല്‍കാനും കോഴിക്കാട്ടം കോരി ചാക്കുകളില്‍ ശേഖരിക്കാനും ഫാമുകാര്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമായാണ് റാക്കിങ് മെഷീന്‍ അവതരിപ്പിച്ചത്.

വരും വര്‍ഷങ്ങളില്‍ അന്തരീക്ഷ താപനില വര്‍ധിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ അത് കോഴി ഫാമുകളെ ദോഷകരമായി ബാധിക്കും. ഫാമുകളില്‍ താപനില നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഉപകരണത്തിന്റെ പണിപ്പുരയിലാണ് ജോബിന്‍ ഇപ്പോള്‍.

കൂരാച്ചുണ്ട് പാലത്തുംതലയ്ക്കല്‍ ജോയിയുടെയും ബീനയുടെയും മകനാണ് ജോബിന്‍. സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ആന്ധ്രാപ്രദേശിലെ ഛാന്ദ രൂപതയിലെ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് തിരിച്ചെത്തി കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിനു ചേര്‍ന്നു. ചെന്നൈ ലയോള കോളജില്‍ നിന്ന് ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. പിന്നീട് കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി കോളജില്‍ നിന്ന് എം ടെക് മെഷീന്‍ ഡിസൈനിങ് പഠിച്ചു.

”എം.ടെക്ക് പഠനകാലത്തെ മെന്‍ഡറും ഗൈഡുമായ ജിപ്പു ജേക്കബ് ഏറെ സ്വാധീനിച്ചു. നമ്മള്‍ വീടുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന തേങ്ങ പൊതിയ്ക്കുന്ന പാര കണ്ടെത്തി പേറ്റന്റ് നേടിയ വ്യക്തിയാണ് ജിപ്പു. വിവിധ പ്രോജക്ടുകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ആ ഒരു കാലയളവാണ് എന്നിലെ ഗവേഷകനെ വളര്‍ത്തിയത്. ഒരു പ്രോഡക്ട് എങ്ങനെ ഡിസൈന്‍ ചെയ്യണമെന്നും അതിനായി എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്തണമെന്നും ആഴത്തില്‍ പഠിച്ചു. 2016 മുതല്‍ 2020 വരെ ഉള്ള്യേരിയിലെ എംഡിറ്റ് എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ അസി. പ്രൊഫസറായി ജോലി ചെയ്തു. അക്കാലയളവില്‍ ഗവേഷണത്തിന് തന്നെയായിരുന്നു പ്രാധാന്യം നല്‍കയിരുന്നത്. വിവിധ തരത്തിലുള്ള കാര്‍ഷിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു.” – ജോബിന്‍ പറഞ്ഞു.

ലാബിലേക്ക് സ്വാഗതം

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് സംബന്ധമായ സംശയദൂരീകരണത്തിനും ജോബിന്‍ സമയം കണ്ടെത്തുന്നു. ശാസ്ത്രകുതുകികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക രീതിയില്‍ സജീകരിച്ചിരിക്കുന്ന ലാബ് സന്ദര്‍ശിക്കാനും അവയെ സംബന്ധിച്ച് പറഞ്ഞുകൊടുക്കാനും തല്‍പരനാണ്.

”പണ്ട് ടെക്നോളജിയെക്കുറിച്ച് പറഞ്ഞുതരാനും ഇത്തരത്തിലുള്ള ലാബുകളില്‍ സന്ദര്‍ശനം നടത്താനുമൊന്നും അധികം അവസരം ലഭിച്ചിരുന്നില്ല. ആ ഒരു കുറവ് മനസ്സിലാക്കിയതുകൊണ്ടാണ് ഇപ്പോള്‍ ശാസ്ത്ര തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള അവസരങ്ങള്‍ ഒരുക്കുവാന്‍ ശ്രദ്ധിക്കുന്നത്. തികച്ചും സൗജന്യമായാണ് ലാബ് സന്ദര്‍ശനത്തിന് അവസരം നല്‍കുന്നത്. ഹൈസ്‌ക്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം ഒരുക്കുന്നു. സയന്‍സ് എന്തിന് പഠിക്കുന്നു എന്ന് തലപുകയ്ക്കുന്നവര്‍ക്ക് സയന്‍സിന്റെ പ്രായോഗിക വശങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിക്കുന്നു.” ജോബിന്‍ പറയുന്നു.

ത്രിഡി പ്രിന്റിങ്, റാപ്പിഡ് പ്രോട്ടോ ടൈപ്പിങ്, അഡ്വാന്‍സ്ഡ് സിഎന്‍സി മെഷീന്‍സ്, പലതരത്തിലുള്ള വെല്‍ഡിങ്, ബ്രേസിങ് എന്നിവയെല്ലാം പരിചയപ്പെടാന്‍ ജോബിന്റെ പരീക്ഷണശാലയില്‍ അവസരം ഒരുക്കുന്നുണ്ട്.

പരീക്ഷണശാലയില്‍

ഡ്രീംലിഫ്റ്റ് ടെക്ക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്ഥാപനത്തിലൂടെയാണ് ഉപകരണങ്ങളുടെ വിപണനം നടത്തുന്നത്. 2019 -ല്‍ കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങി. ഭാര്യ ആര്‍ലിന്‍, സഹോദരന്‍ ജിതിന്‍ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. മൂന്ന് സ്ഥിരം സ്റ്റാഫുകള്‍ ഉണ്ട്. അധ്യാപകനെന്ന നിലയില്‍ അറിവ് പകര്‍ന്നുകൊടുക്കാനും സംരംഭകനെന്ന നിലയില്‍ ജോലിനല്‍കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോബിന്‍ പറയുന്നു.

ഇവ എലിസബത്ത്, അന്ന എന്നിവരാണ് ജോബിന്‍ – ആര്‍ലിന്‍ ദമ്പതികളുടെ മക്കള്‍.

ജോബിന്റെ അഗസ്റ്റിന്റെ ഫോണ്‍: 9207043415

ഡിസംബര്‍ 5: വിശുദ്ധ സാബാസ്

കുലീനരും ഭക്തരുമായ മാതാപിതാക്കന്മാരില്‍ നിന്നും ജനിച്ച സാബാസ് പിന്നീട് പാലസ്തീനായില്‍ സന്യാസികളുടെ പേട്രിയാര്‍ക്കുമാരില്‍ ഏറെ പ്രസിദ്ധനായിത്തീര്‍ന്നു. സൈനിക ഉദ്യോഗസ്ഥനായിരുന്നു സാബാസിന്റെ പിതാവ്. ജോലിക്കുവേണ്ടി വീടുവിട്ടു പോകേണ്ടി വന്നപ്പോള്‍ മകന്റെ സംരക്ഷണം പിതൃസഹോദരനെ അദ്ദേഹം ഏല്‍പ്പിച്ചു. എന്നാല്‍ കുട്ടിയെ വളര്‍ത്തുന്നതിന് പ്രതിഫലമായി അയാള്‍ സഹോദരനോട് സ്വത്ത് ആവശ്യപ്പെടുകയും അത് തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. അതുകണ്ട സാബാസിന് സമ്പത്തിന്റെ മായാസ്വഭാവം ബോധ്യമായി. തന്നിമിത്തം അദേഹം പ്ലാവിയന്‍ ആശ്രമത്തിലേക്ക് പോയി.

ആശ്രമത്തില്‍ എളിമയിലും ആശാനിഗ്രഹത്തിലും പ്രാര്‍ത്ഥനയിലും മറ്റുള്ളവരെ സാബാസ് അതിശയിപ്പിച്ചു. 10 കൊല്ലം ആശ്രമത്തില്‍ ജീവിച്ച ശേഷം വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ ജറുസലേമിലേക്ക് പോയി. അവിടെ ഒരാശ്രമത്തില്‍ താമസിച്ചു. എന്നാല്‍ ആ ആശ്രമം സുഖലോലുപതയിലേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ സാബാസ് സെദ്രോണ്‍ നദീതീരത്തുള്ള മരുഭൂമിയിലെ ഒരു ഗുഹയില്‍ താമസിക്കാന്‍ തുടങ്ങി. അവിടെ അഞ്ച് കൊല്ലം അദേഹം ഏകാന്തതയില്‍ പാര്‍ക്കുകയും തന്നെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരാശ്രമം സ്ഥാപിക്കുകയും ചെയ്തു.

അദേഹത്തിന്റെ വിശുദ്ധിയെപ്പറ്റി കേട്ടറിഞ്ഞ ജറുസലേം പേട്രിയാര്‍ക്ക് അദേഹത്തെ പാലസ്തീനായിലെ സന്യാസികളുടെ സുപ്പീരിയര്‍ ജനറലായി നിയോഗിച്ചു. 532 ഡിസംബര്‍ അഞ്ചിന് അദേഹം നിത്യസമ്മാനത്തിനായി സ്വര്‍ഗ്ഗീയവസതിയിലേക്ക് യാത്രയായി.

ഡിസംബര്‍ 4: വിശുദ്ധ ജോണ്‍ ഡമസീന്‍ – വേദപാരംഗതന്‍

പൗരസ്ത്യ സഭാ പിതാക്കന്മാരില്‍ ഒടുവിലത്തെ ആളാണ് വിശുദ്ധ ജോണ്‍ ഡമസീന്‍. അദേഹം സിറിയയിലെ ഡമാസ്‌കസില്‍ ജനിച്ചു. അങ്ങനെയാണ് ഡമസീന്‍ എന്ന പേരുവീണത്. പിതാവിന്റെ മരണ ശേഷം 730-ല്‍ ജോണ്‍ ജെറുസലേമിനു സമീപമുള്ള വിശുദ്ധ സബാസിന്റെ സന്യാസാശ്രമത്തില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പ്രഭാഷണ മികവ് ക്രമേണ പ്രശസ്തമായി. പല ഗ്രന്ഥങ്ങളും അദേഹം രചിച്ചു. ദൈവമാതാവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും പരിശുദ്ധ അമ്മയുടെ തിരുനാളുകള്‍ക്കുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വിഖ്യാതമാണ്. വിശുദ്ധരുടെ പ്രതിമാവന്ദനത്തെ നീതീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ അത്യൂജ്ജ്വലങ്ങളാണ്.

ജോണ്‍ പറയുന്നു: ‘വിശുദ്ധരെ ക്രിസ്തുവിന്റെ സ്‌നേഹിതരും ദൈവത്തിന്റെ മക്കളും അവകാശികളുമായി വന്ദിക്കേണ്ടതാണ്. കര്‍ത്താവിന്റെ ആഗമനത്തെ പ്രഖ്യാപിച്ച നീതിമാന്മാരുടെയും താപസരുടെയും രക്തസാക്ഷികളുടെയും അപ്പസ്‌തോലന്മാരുടെയും ജീവിതം ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് അവരുടെ വിശ്വാസവും ശരണവും സ്‌നേഹവും തീക്ഷണതയും സഹനങ്ങളിലുള്ള ക്ഷമയും മരണം വരെയുള്ള നിലനില്‍പ്പും നമുക്ക് അനുകരിക്കാം. അങ്ങനെ അവരുടെ മഹത്വത്തിന്റെ കിരീടത്തില്‍ ഭാഗഭാക്കാകാം”

വിശുദ്ധ ജോണിന്റെ തൂലികയെ ഭയന്ന ഖലീഫ അദേഹത്തിന്റെ വലതു കൈ വെട്ടി തെരുവിന്റെ മധ്യേ കഴുമരത്തില്‍ കെട്ടിത്തൂക്കിയിട്ടു. ‘തീക്ഷ്ണമായ പ്രാര്‍ത്ഥന കൂടാതെയുള്ള ബുദ്ധി ജീവിതം മനഃപകര്‍ച്ചയ്ക്കു മാത്രമേ സഹായിക്കൂ. കാറ്റ് വിളക്കു കെടുത്തുന്നതുപോലെ യുക്തിവാദം പലപ്പോഴും പ്രാര്‍ത്ഥനയുടെ ആന്തരീക ചൈതന്യം നശിപ്പിക്കുന്നു’ – എന്ന അദേഹത്തിന്റെ വാക്കുകള്‍ അദേഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ജോണിനെപ്പോലെ നമുക്കും പ്രാര്‍ത്ഥനയുടെ മനുഷ്യരാകാം.

ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍

‘ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവു നശിച്ചാല്‍ അവനെന്തുപ്രയോജനം?’ എന്ന വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ചോദ്യത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് ആധ്യാത്മികാഭ്യാസങ്ങളിലൂടെ ജീവിതം നവീകരിച്ച വ്യക്തിയാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. 1506-ല്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ഫ്രാന്‍സിസ് ഭൗതിക സമ്പത്തെല്ലാം ഉപേക്ഷിച്ച് 1537-ല്‍ വെനീസ്സില്‍ വച്ച് വൈദിക പട്ടം സ്വീകരിക്കുകയും 1542 മെയ് ആറിന് പ്രേക്ഷിത വേലക്കായി ഇന്ത്യയിലെത്തുകയും ചെയ്തു.

ഇന്ത്യ, മലാക്ക, ജപ്പാന്‍ എന്നീ മൂന്നു രാജ്യങ്ങളില്‍ പത്തുവര്‍ഷം സേവ്യര്‍ അധ്വാനിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച്, ദരിദ്രരോടു കൂടെ ജീവിച്ചു. പകല്‍ പ്രസംഗത്തിലും പഠനത്തിലും രാത്രി ദീര്‍ഘമായ പ്രാര്‍ത്ഥനയിലും അദേഹം കഴിച്ചു കൂട്ടി. അധ്യാത്മികാഹ്ലാദങ്ങള്‍ ലഭിക്കുമ്പോള്‍ ‘മതി കര്‍ത്താവേ മതി’ എന്നും സങ്കടങ്ങളും കുരിശുകളും വരുമ്പോള്‍ ‘കൂറേക്കൂടി, കര്‍ത്താവേ, കൂറേക്കൂടി’ എന്നും അദേഹം അപേക്ഷിച്ചികൊണ്ടിരുന്നു.

‘എനിക്ക് ആത്മാക്കളെ തരിക ശേഷമെല്ലാം അങ്ങ് എടുത്തുകൊള്ളുക. സ്വന്തം കാര്യം നോക്കാതെ ആത്മാര്‍ത്ഥമായി ഈശോയുടെ താല്‍പര്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന കൂടുതല്‍ മിഷണറിമാരുണ്ടായിരുന്നെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ മാനസാന്തരപ്പെടുമായിരുന്നു’ എന്നായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പറഞ്ഞിരുന്നത്. ആത്മാക്കള്‍ക്കുവേണ്ടി ദാഹിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1552 ഡിസംബര്‍ രണ്ടിന് സ്വര്‍ഗീയ വസതിയിലേക്ക് യാത്രയായി. വിശുദ്ധനെപ്പോലെ ആത്മാക്കളുടെ രക്ഷയ്ക്കായി നമുക്കും പ്രാര്‍ത്ഥിക്കാം.

സ്റ്റാര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ്

സ്റ്റാര്‍ട്ടില്‍ ഒരു വര്‍ഷം നീളുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് ആരംഭിക്കുന്നു. 2024 ജനുവരി അഞ്ചിന് കോഴ്‌സ് ആരംഭിക്കും. ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലാണ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുക. പ്രോഗ്രാമിങ്ങില്‍ മുന്‍ പരിചയം ആവശ്യമില്ല. കംപ്യൂട്ടര്‍ സംബന്ധിച്ച് പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. പൈത്തണ്‍ പ്രോഗ്രാമിങ് ലാങ്വേജാണ് ഉപയോഗിക്കുന്നത്. പാഠ്യവിഷയങ്ങളെ ആറ് മോഡ്യൂളായി തിരിച്ചിട്ടുണ്ട്. അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും റോബോട്ടിക്‌സിലും വിദഗ്ധനായ രഞ്ജി ജോണാണ് മുഖ്യ ഇന്‍സ്ട്രക്ടര്‍. കോഴ്‌സ് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2357843, 9037107843

എല്‍ഡിസി 2024: പാഴാക്കരുത് ഈ സുവര്‍ണ്ണാവസരം

പാവങ്ങളുടെ ഐഎഎസ് എന്ന് വിളിപ്പേരുള്ള എല്‍ഡിസി പരീക്ഷയുടെ വിജ്ഞാപനം കേരള പിഎസ്‌സി പുറത്തിറക്കി. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദമടക്കമുള്ള അധിക യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാനാകും. മുന്‍വര്‍ഷത്തെപ്പോലെ രണ്ടു പരീക്ഷകള്‍ ഉണ്ടായിരിക്കില്ല എന്ന പ്രത്യേകതയും ഇത്തവണത്തെ എല്‍ഡിസി പരീക്ഷയ്ക്കുണ്ട്. അതായത് ഒറ്റ പരീക്ഷകൊണ്ടുതന്നെ ജോലി നേടാം. 26,500 – 60,700 ആണ് ശമ്പള നിരക്ക്.

18 വയസുമുതല്‍ 36 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 2024 ജനുവരി മൂന്ന് വരെ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാനാകും. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 പകുതിയോടെ പരീക്ഷ നടക്കുമെന്നാണറിയുന്നത്. കഴിഞ്ഞ തവണ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് 17 ലക്ഷം പേര്‍ അപേക്ഷിച്ചിരുന്നു. ഇത്തവണ അതിലും കൂടുതലായിരിക്കും അപേക്ഷകരുടെ എണ്ണമെന്ന് കരുതുന്നു.

വരും വര്‍ഷങ്ങളില്‍ നിരവധി റിട്ടയര്‍മെന്റ് ഒഴിവുകള്‍ കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ പഠിച്ച് റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയാല്‍ വേഗത്തില്‍ സര്‍ക്കാര്‍ ജോലി നേടാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കൂടാതെ പ്രിലിമിനറി പരീക്ഷ ഒഴിവാക്കിയത് ഇത്തവണ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ അടിസ്ഥാനത്തിലാണ് നിയമനം. അതുകൊണ്ടുതന്നെ ഏതു ജില്ലയിലേക്ക് അപേക്ഷിക്കണമെന്ന് സൂക്ഷ്മമായി പഠിക്കണം. നിയമന വേഗത, ഒഴിവുകളുടെ എണ്ണം, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം, മുന്‍വര്‍ഷ ചോദ്യ പേപ്പറുകളുടെ കാഠിന്യം എന്നിവയെല്ലാം പഠന വിദേയമാക്കണം. അപ്ലൈ ചെയ്യുന്ന ജില്ലയില്‍ തന്നെയാകും പരീക്ഷാ കേന്ദ്രവും ലഭിക്കുക. അടുത്ത എല്‍ഡിസി പരീക്ഷയുടെ വിജ്ഞാപനത്തിന് 2027 വരെ കാത്തിരിക്കണം.

Exit mobile version