സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികര്‍: മാര്‍ റാഫേല്‍ തട്ടില്‍
സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികരെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയില്‍ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി 289 വൈദിക വിദ്യാര്‍ത്ഥികളാണ് പരിശീലനം പൂര്‍ത്തിയാക്കി ഈ വര്‍ഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതില്‍ 221 ഡീക്കന്മാര്‍ സംഗമത്തില്‍ പങ്കെടുത്തു.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. സീറോ മലബാര്‍ കമ്മീഷന്‍ ഫോര്‍ ക്ലെര്‍ജി ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍, കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പൗരോഹിത്യ ശുശ്രൂഷയിലെ വെല്ലുവിളികളുടെ വിവിധ തലങ്ങളെക്കുറിച്ച് ഡീക്കന്മാരുമായി സംവദിച്ചു.
ക്ലര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങല്‍, ഓഫീസ് ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ലിന്‍സി അഗസ്റ്റിന്‍ എംഎസ്എംഐ എന്നിവര്‍ നേതൃത്വം നല്‍കി.