മാര്‍ച്ച് 1: വിശുദ്ധ ആല്‍ബീനൂസ് മെത്രാന്‍

ബ്രിട്ടണില്‍ ആങ്കേഴ്‌സ് രൂപതയുടെ മെത്രാനായിരുന്നു വിശുദ്ധ ആല്‍ബീനൂസ് കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. ബാല്യം മുതല്‍ക്കേ ഭക്താഭ്യാസങ്ങളില്‍ തല്‍പ്പരനായിരുന്നു. ഭൗമീക വസ്തുക്കളോട് ഒട്ടിപ്പിടിച്ചു നില്‍ക്കാതെ ആത്മാക്കള്‍ക്കുണ്ടാകുന്ന സൗഭാഗ്യത്തെ അദ്ദേഹം ആശിച്ചു.

ആങ്കേഴ്‌സിനടുത്ത് സ്ഥിതിചെയ്യുന്ന ടിന്തിലാന്താശ്രമത്തില്‍ പ്രവേശനം നേടി. പ്രാര്‍ത്ഥന, ജാഗരണം, ഇന്ദ്രീയനിഗ്രഹം, അനുസരണം എന്നീ പുണ്യങ്ങള്‍ അഭ്യസിച്ചും സ്വന്തമായ ഒരിഷ്ടവുമില്ലാത്തപോലെ ജീവിച്ചും വിശുദ്ധിയില്‍ മുന്നേറിക്കൊണ്ടിരുന്നു. 504-ല്‍ 35-ാമത്തെ വയസില്‍ ആല്‍ബീനൂസ് ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു.

അറുപതാമത്തെ വയസ്സില്‍ ആങ്കേഴ്‌സിലെ മെത്രാനായി നിയമിതനായി. മെത്രാന്‍ സ്ഥാനം അലങ്കരിച്ചതുകൊണ്ട് ഏകാഗ്രതയ്‌ക്കോ ആശാനിഗ്രഹത്തിനോ അദ്ദേഹം മാറ്റം വരുത്തിയില്ല. രാജാക്കന്മാരുള്‍പ്പെടെ സര്‍വ്വജനങ്ങളും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെങ്കിലും യാതൊരു മായാസ്തുതിക്കും ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം കൊടുത്തില്ല. എളിമയാണ് യഥാര്‍ത്ഥ മഹത്വത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. 549 മാര്‍ച്ച് ഒന്നിന് ബിഷപ് ആല്‍ബീനൂസ് നിര്യാതനായി.

ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ സി.എസ്.ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ചെറുപുഷ്പ സന്യാസ സമൂഹം സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജിനോ പെരിംഞ്ചേരിലാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. ഫാ. ജോഷി വാളിപ്ലാക്കല്‍, ഫാ. സിജോയ് കരിങ്ങാലിച്ചിറ, ഫാ. ബിജു കൊല്ലകൊമ്പില്‍ എന്നിവരാണ് പുതിയ കൗണ്‍സിലര്‍മാര്‍. ഫാ. ജോസഫ് കൈതകുളത്തില്‍ ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നാമത് ഓഡിനറി പ്രൊവിന്‍ഷ്യല്‍ സിനാക്‌സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഫെബ്രുവരി 29: വിശുദ്ധ ഓസ്‌വാള്‍ഡ് മെത്രാന്‍

കാന്റര്‍ബറി ആര്‍ച്ച് ബിഷപ് വിശുദ്ധ ഓഡോയുടെ സഹോദര പുത്രനാണ് വിശുദ്ധ ഓസ്‌വാള്‍ഡ്. ഓഡോ അദ്ദേഹത്തെ പഠിപ്പിച്ച് വിഞ്ചെസ്റ്ററിയിലെ വികാരിയാക്കി. എന്നാല്‍ അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ച് ഫ്രാന്‍സിലെ ഫ്‌ളോരിയില്‍ സന്യാസം ആരംഭിച്ചു. അധിക കാലം അങ്ങനെ തുടരാന്‍ സാധിച്ചില്ല. 974-ല്‍ ഓസ്‌വാള്‍ഡ് യോര്‍ക്കിലെ ആര്‍ച്ചു ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. അതിരൂപതയില്‍ ചുറ്റിനടന്ന് പ്രസംഗിക്കുന്നതിലും തെറ്റുകള്‍ തിരുത്തുന്നതിലുമാണ് ആര്‍ച്ച് ബിഷപ്പിന്റെ ശ്രദ്ധ പതിഞ്ഞത്.

എളിമയും പരസ്‌നേഹവും അഭ്യസിക്കാന്‍വേണ്ടി ഭക്ഷണമേശയില്‍ 12 ദരിദ്രരെ ഒപ്പമിരുത്തിയാണ് അദ്ദേഹം ആഹാരം കഴിച്ചിരുന്നത്. പലപ്പോഴും അവര്‍ക്ക് ആഹാരം വിളമ്പിക്കൊടുക്കുകയും അവരുടെ പാദങ്ങള്‍ കഴുകി മുത്തുകയും ചെയ്തിരുന്നു. വിശുദ്ധ ഓസ് വാള്‍ഡ്അത്യധികം പ്രാധാന്യം കല്‍പ്പിച്ചിരുന്ന വിശുദ്ധ ബെനഡിക്റ്റിന്റെ ഒരു ഉപദേശ ശകലമുണ്ട്. ‘ദൈവത്തിനു സ്വയം സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ ഭൗമീക വസ്തുക്കളെയും ചവിട്ടിതേക്കണം. ദൈവത്തിന് ഇഷ്ടമല്ലാത്തവ ഉപേക്ഷിക്കണം. ഭൗമീക സ്‌നേഹങ്ങള്‍ വര്‍ജ്ജിക്കണം. സ്വന്തം ഇഷ്ടം വര്‍ജ്ജിക്കുന്നവര്‍ മാത്രമേ ദൈവസ്‌നേഹത്തില്‍ പുരോഗമിക്കുകയുള്ളൂ.’

സ്വയം പരിത്യജിച്ചും സ്വന്തം ഇഷ്ടം നിഷേധിക്കാന്‍ നിരന്തരം പരിശ്രമിച്ചുമാണ് ഓസ്‌വാള്‍ഡ് പുണ്യപരിപൂര്‍ണ്ണത നേടിയത്.

ഫെബ്രുവരി 28: വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും

വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും രണ്ടു ഫ്രഞ്ചു സഹോദരന്മാരാണ്. റൊമാനൂസ് 35-ാമത്തെ വയസില്‍ ലിയോണ്‍സില്‍ ഒരാശ്രമത്തില്‍ താമസിക്കാന്‍ തുടങ്ങി. പിന്നീട് ജൂറാ പര്‍വ്വതമധ്യേ കോണ്ടേറ്റ് എന്ന സ്ഥലത്തേക്ക് പാര്‍പ്പിടം മാറ്റി അവിടെ പ്രാര്‍ത്ഥനയിലും വായനയിലും ഉപജീവനത്തിനുവേണ്ടി അധ്വാനത്തിലും സമയം ചെലവഴിച്ചു.

താമസിയാതെ അനുജന്‍ ലൂപ്പിസിനൂസും ജ്യേഷ്ടന്റെ കൂടെ താമസിക്കാന്‍ തുടങ്ങി. ഇവര്‍ ചെയ്ത അത്ഭുതപ്രവര്‍ത്തികള്‍ കണ്ട് അനേകരും അവിടെ വന്നുകൂടി. ലൂപ്പിസിനൂസ് ഒരു കസേരയോ പലകയോ ആണ് ശയ്യയായി ഉപയോഗിച്ചിരുന്നത്. കുറേക്കാലം വേനല്‍ മുഴുവനും കുതിര്‍ത്ത റൊട്ടി മാത്രമായിരുന്നു അവരുടെ ആഹാരം. തോല്‍വസ്ത്രവും മരച്ചെരുപ്പുമാണ് ഉപയോഗിച്ചിരുന്നത്.

ഭക്ഷണത്തിലും ശയ്യയിലുമുള്ള പ്രായശ്ചിത്തം വിശുദ്ധിയില്‍ മുന്നേറുവാന്‍ അനേകരെ സഹായിച്ചിട്ടുണ്ട്. 460-ലാണ് റൊമാനൂസിന്റെ മരണം എന്ന് കരുതപ്പെടുന്നു. ഇരുപതുവര്‍ഷം കൂടി കഴിഞ്ഞാണ് ലൂപ്പിസിനൂസ് ദിവംഗതനായത്. പ്രായശ്ചിത്ത പ്രവര്‍ത്തികളിലൂടെ പുണ്യത്തില്‍ വളരുവാന്‍ നമുക്കും പരിശ്രമിക്കാം.

ഫെബ്രുവരി 27: വിശുദ്ധ ലെയാന്റര്‍ മെത്രാന്‍

സ്‌പെയിനില്‍ കാര്‍ത്തജേനയില്‍ ഒരു കുലീന കുടുംബത്തിലാണ് ലെയാന്റര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരരാണ് വിശുദ്ധ ഇസിദോറും വിശുദ്ധ ഫുള്‍ജെന്‍സിയൂസും വിശുദ്ധ ഫ്‌ളൊരെന്തീനായും. ഈ സഹോദരങ്ങളുടെ വിശുദ്ധിക്ക് ഉത്തേജകമായത് ലെയാന്ററിന്റെ മാതൃകയായിരുന്നു.

ചെറുപ്പത്തില്‍ത്തന്നെ ലെയാന്റര്‍ ഒരാശ്രമത്തില്‍ പ്രവേശിച്ചു പുണ്യത്തിലും ജ്ഞാനത്തിലും അഭിവൃദ്ധി പ്രാപിച്ചു. അതിനാല്‍ താമസിയാതെ സെവീലിലെ മെത്രാനായി നിയമിതനായി. സ്ഥാനവ്യത്യാസം അദ്ദേഹത്തിന്റെ ജീവിതരീതിക്ക് അന്തരം വരുത്തിയില്ല.

തീഷ്ണമായ പ്രാര്‍ത്ഥനയും തീവ്രമായ പ്രയത്‌നവും വഴി ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരെ അദ്ദേഹം പോരാടി. ലെയാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ രാജാവായ ലെയോ വിജില്‍ഡിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ലെയാന്ററിനെ നാടുകടത്തി. ദൈവാനുഗ്രഹത്താല്‍ രാജാവ് തന്റെ ക്രൂരതയെ ഓര്‍ത്ത് അനുതപിച്ചു. ബിഷപ് ലെയാന്ററിനെ തിരികെ വിളിച്ചു. അനന്തരം രാജാവും ലെയാന്ററും അപ്പസ്‌തോലിക തീഷ്ണതയോടെ സത്യവിശ്വാസം പഠിപ്പിച്ചു. ലെയാന്റര്‍ ഒരു വാതരോഗിയായിരുന്നു. 596 ഫെബ്രുവരി 27-ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മാതൃവേദി കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനം ചെയ്തു

താമരശ്ശേരി രൂപത സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ബോഡി യോഗവും, കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനവും, പുതിയ രൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

ടാഫ്കോസ് പ്രവര്‍ത്തനം ആരംഭിച്ചു

താമരശേരി അഗ്രികള്‍ച്ചര്‍ ഫാര്‍മേഴ്സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി (ടാഫ്കോസ്) ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സ ആര്‍കേഡില്‍ ആരംഭിച്ച ഓഫീസ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ കര്‍ഷകര്‍ക്കായി രൂപീകരിച്ച ടാഫ്കോസില്‍ ഒട്ടേറെകാര്യങ്ങളാണ് കര്‍ഷകര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതെന്നും കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ മാതൃകാപരമായാണ് ടാഫ്കോസ് ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ജീവിതത്തില്‍ വളരെ പോസറ്റീവായ മാറ്റങ്ങളുണ്ടാക്കാന്‍ ടാഫ്കോസിനു സാധിക്കുമെന്നതില്‍ സംശയമില്ലെന്നും സഹകരണ മേഖലയില്‍ താമരശ്ശേരി രൂപത ഇത്തരമൊരു സംരഭം തുടങ്ങിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍ ജോയി കണ്ണഞ്ചിറയില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. കോഴികോട് ജോയിന്റ് രജിസിട്രാര്‍ ജനറല്‍ ബി.സുധ ഷെയര്‍സ്വീകരിച്ചു. താമരശേരി രൂപത ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍, ദീപിക എം. ഡി. ഫാ. ബെന്നി മുണ്ടനാട്ട്, ടാഫ്കോസ് പ്രസിഡന്റ് ഫാ. സായി പാറന്‍കുളങ്ങര, കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, വാര്‍ഡ് മെമ്പര്‍ വി. എം. രാജു, താമരശേരി അസി. രജിസ്ട്രാര്‍ ജനറല്‍ വിനു, ടാഫ്കോസ് വൈസ് പ്രസിഡന്റ് പി. പി. അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കര്‍ഷക രക്ഷ എന്ന ആശയത്തിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണക്കാരിലേക്ക് എളുപ്പത്തില്‍ എത്തിക്കുകയാണ് ടാഫ്കോസിന്റെ ലക്ഷ്യം. സൊസൈറ്റി കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും വിദേശപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണ്ണവായ്പ്പയും മറ്റ് വിവിധ വായ്പാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായി നിക്ഷേപ പദ്ധതികളും ബാങ്ക് ലക്ഷ്യമിടുന്നു.

സിസ്റ്റര്‍ എല്‍സി വടക്കേമുറി എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറല്‍

എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി വടക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ടില്‍സി മാത്യു വികാര്‍ ജനറലായും സിസ്റ്റര്‍ തെരേസ് കുറ്റിക്കാട്ടുകുന്നേല്‍, സിസ്റ്റര്‍ റോസ് വരകില്‍, സിസ്റ്റര്‍ ദീപ ജോസ് എന്നിവര്‍ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ തെരേസ് ജോസാണ് പുതിയ ഫിനാന്‍സ് ഓഫീസര്‍. ഓഡിറ്റര്‍ സിസ്റ്റര്‍ സെലിന്‍ പോള്‍.

പൊതിച്ചോര്‍ വിതരണം ഫ്ലാഗ് ഓഫ് ചെയ്തു

കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നടത്തുന്ന ‘സ്‌നേഹപൂര്‍വം കെ.സി.വൈ.എം’ പൊതിച്ചോര്‍ വിതരണത്തിന്റെ ആദ്യ ഘട്ടം താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

താമരശ്ശേരി മേഖലയുടെ നേതൃത്വത്തില്‍ ആദ്യ ദിനത്തില്‍ നടത്തിയ പൊതിച്ചോര്‍ വിതരണത്തില്‍ 300 ഓളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. കെ.സി.വൈ.എം. എസ്. എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യൂ പുളിമൂട്ടില്‍, കെ.സി.വൈ.എം. എസ്.എം.വൈ.എം. കോടഞ്ചേരി മേഖല ഡയറക്ടര്‍ ഫാ. ജോസ്‌കുട്ടി അന്തീനാട്ട്, രൂപത വൈസ് പ്രസിഡന്റ് അലന്‍ ബിജു, രൂപത സെക്രട്ടറി ജോയല്‍ ആന്റണി, രൂപത ട്രഷറര്‍ ബോണി സണ്ണി, സംസ്ഥാന സെനറ്റ് മെമ്പര്‍ ആല്‍ബിന്‍ ജോസ്, എസ്.എം.വൈ.എം. കൗണ്‍സിലര്‍ ചെല്‍സിയ മാത്യൂ, രൂപത എക്‌സിക്യൂട്ടിവ് അംഗം അബ്രാഹം ജോസഫ്, താമരശ്ശേരി മേഖല പ്രസിഡന്റ് അഞ്ചല്‍ കെ. ജോസഫ്, താമരശ്ശേരി മേഖല നേതാക്കന്മാരായ ക്രിസ്റ്റല്‍ ടോം, അരുണ്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര- ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന പുതിയ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

കോഴ്‌സുകള്‍

ബൈബിള്‍ ഒരു സമഗ്രപഠനം (ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).
സഭാചരിത്ര പഠനം (രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ)
വിശുദ്ധ കുര്‍ബ്ബാന വിരചിത ഭാഷയില്‍ (സുറിയാനിയില്‍) ഒരു പഠനം (ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).
ധാര്‍മ്മിക ശാസ്ത്രം ഒരു പഠനം (രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ)
പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള പഠനം (മരിയന്‍ ശാസ്ത്രം) (ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 8.30 മുതല്‍ 9.30 വരെ).

ലോകപ്രശസ്തമായ ദൈവശാസ്ത്ര യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിവിധ ദൈവശാസ്ത്ര വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രശസ്തരായ പണ്ഡിതന്‍മാരാണ് ക്ലാസ്സുകള്‍ നയിക്കുന്നു. ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് നടത്തപ്പെടുന്നത്. മാസത്തില്‍ രണ്ട് ക്ലാസ്സുകള്‍ എന്ന രീതിയിലാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 8281346179.

Exit mobile version