ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോ മലബാര്‍ സഭ

പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെയുണ്ടായ അതിക്രമം തികച്ചും അപലപനീയമാണെന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അക്രമം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റമായി മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളു. മീനച്ചില്‍ താലൂക്കിലുള്ള പല പള്ളികളിലും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിരന്തരമായി ഉണ്ടാകുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. പൂഞ്ഞാര്‍ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിര്‍ത്ത വൈദികനു നേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്. പോലീസും നിയമ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. പ്രതികള്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന കാരണത്താല്‍ ഈ കുറ്റകൃത്യങ്ങളെ ലഘുവായി കാണാന്‍ പാടില്ല. ഇവ വെറും സാമൂഹിക വിരുദ്ധ, ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല മതസ്പര്‍ദ്ധ വളര്‍ത്തുകയെന്ന ലക്ഷ്യം കൂടിയുള്ളവയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനു പിന്നില്‍ ഗൂഢാലോചനകള്‍ നടത്തുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട് – പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അടിയന്തരമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ് മാര്‍ ആഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, സെക്രട്ടറിമാരായ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജെയിംസ് കൊക്കാവയലില്‍ എന്നിവര്‍ സംബന്ധിച്ചു.

പുത്തന്‍പാന ആലാപന മത്സരം

താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ കുടുംബ കൂട്ടായ്മകളെ കേന്ദ്രീകരിച്ച് പുത്തന്‍പാന ആലാപന മത്സരം സംഘടിപ്പിക്കുന്നു. പൂര്‍വികരുടെ നല്ല പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുവാനും അതുവഴി വിശ്വാസത്തില്‍ കൂടുതല്‍ ബോധ്യവും ആഴവും ഉള്ളവരായിതീരുവാനും യുവജനങ്ങള്‍ക്കും വരും തലമുറകള്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍പാനയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും വേണ്ടിയാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നതെന്ന് താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ പറഞ്ഞു.

മത്സരത്തിന് രണ്ടു ഘട്ടം

ഒന്നാമത്തെ ഘട്ടത്തില്‍, ഇടവകയിലെ കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള ടീമിന് പുത്തന്‍പാന ആലപിക്കുന്ന അഞ്ചു മിനിറ്റ് വീഡിയോ 8921835701 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചു തരാവുന്നതാണ്. ഒരു ഇടവകയില്‍ നിന്ന് കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള എത്ര ടീമുകള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. കുടുംബ കൂട്ടായ്മയുടെ പേരിലാണ് ടീം അറിയപ്പെടുക. ഒരു ഇടവകയില്‍ നിന്ന് ഒന്നിലധികം കുടുംബ കൂട്ടായ്മ ടീമുകള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് ഒരു ടീമിനെ ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും.

നിബന്ധനകള്‍

അഞ്ചു മിനിറ്റാണ് ആലാപന സമയം. ഒരു ടീമില്‍ പരമാവധി 7 പേര്‍ വരെ ആകാം. പ്രായഭേദമെന്യേ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം.
കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റ് വാദ്യോപകരണങ്ങളോ പാടില്ല. മൈക്ക് നല്‍കുന്നതാണ്. പുത്തന്‍ പാനയിലെ പന്ത്രണ്ടാം പാദത്തിന്റെ (അമ്മ കന്യാമണിതന്റെ… എന്നു തുടങ്ങുന്ന പാദം) യൂട്യൂബ് ലിങ്ക് താഴെ നല്‍കിയിരിക്കുന്നു. മത്സരത്തിന് ‘അമ്മ കന്യാമണിതന്റെ….. ബുദ്ധിയും പോരാ’ എന്ന ആദ്യത്തെ നാല് വരികള്‍ ആലപിക്കാന്‍ പാടില്ല. അത് ഒഴികെയുള്ള മറ്റു വരികള്‍ ആലപിക്കാവുന്നതാണ്. പന്ത്രണ്ടാം പാദത്തിലെയും മറ്റ് പാദങ്ങളിലെയും വരികള്‍ ആലപിക്കാവുന്നതാണ്. ഫൈനല്‍ മത്സരം 2024 മാര്‍ച്ച് 23 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കോഴിക്കോട് പി.എം.ഒ.സിയില്‍ വെച്ച് നടക്കും.
ഫൈനല്‍ മത്സരത്തിന് യോഗ്യത നേടുന്നവര്‍ ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ അടിസ്ഥാനത്തിലുള്ള ടീമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വികാരിയച്ചന്റെ കത്ത് മത്സരത്തിനു വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം. ഫൈനല്‍ മത്സരത്തിലേക്ക് പരിഗണിക്കേണ്ട 5 മിനിറ്റുള്ള വീഡിയോ നല്‍കാനുള്ള അവസാന തീയതി 2024 മാര്‍ച്ച് 15 വെള്ളിയാഴ്ച. വീഡിയോ വ്യക്തമായിരിക്കണം. പങ്കെടുക്കുന്ന അംഗങ്ങളുടെ മുഖം കാണണം. വീഡിയോയില്‍ ഇടവക, കുടുംബ കൂട്ടായ്മയുടെ പേര് എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍


ഫൈനല്‍ മത്സരത്തിന് ഒന്നാം സമ്മാനം റോസമ്മ പുല്ലാട്ട്, ചാപ്പന്‍തോട്ടം ഇടവക മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും (7000 രൂപ) ട്രോഫിയും രണ്ടാം സമ്മാനം ത്രേസ്യാമ്മ കോലാട്ടുവെളിയില്‍, കോട്ടക്കല്‍ ഇടവക മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും (5000 രൂപ) ട്രോഫിയും മൂന്നാം സമ്മാനം റവ. ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വോസ് ട്രസ്റ്റ്, മരിയാപുരം ഇടവക മെമ്മോറിയല്‍ ക്യാഷ്അവാര്‍ഡും (3000 രൂപ) ട്രോഫിയും.

പൂഞ്ഞാറില്‍ വൈദികന് നേരെ ആക്രമണം: വ്യാപക പ്രതിഷേധം

പൂഞ്ഞാറില്‍ വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിനെയാണ് അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പള്ളിയില്‍ ആരാധന നടക്കുന്ന സമയത്ത് പള്ളിമുറ്റത്തേക്ക് ബൈക്കിലും കാറിലുമായി അതിക്രമിച്ച് കയറി ആരാധന തടസ്സപ്പെടുത്തന്ന വിധത്തില്‍ വാഹനങ്ങള്‍ റേസ് ചെയ്തു. ഇതു ചോദ്യം ചെയ്യാനെത്തിയ ഫാ. ജോസഫ് ആറ്റുചാലിനെ അക്രമി സംഘം കാറുപയോഗിച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫാ. ജോസഫ് ഇപ്പോള്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു.

കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കേരളത്തിലെ മതമൈത്രി തകര്‍ക്കുന്ന തീവ്രവാദം അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ തുറുങ്കിലടയ്ക്കണമെന്നും താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മതമൈത്രിയും മതസ്വാതന്ത്ര്യവും തകര്‍ക്കുന്ന പ്രവൃത്തിയാണ് നടന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം, മനപ്പൂര്‍വ്വമായ നരഹത്യാശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവഹികള്‍ മുന്നറിയിപ്പു നല്‍കി.

ഇത് വേദനാജനകം: പി. സി. ജോര്‍ജ്

”വളരെ പ്രസിദ്ധമായ പള്ളിയാണ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി. പള്ളിയുടെ ഗ്രൗണ്ടില്‍ ഈരാറ്റുപേട്ടക്കാരായ ചെറുപ്പക്കാര്‍ കാറിലും ബൈക്കിലുമായി എത്തിയാണ് അക്രമണം നടത്തിയത്. ഇവിടുത്തെ ജനങ്ങളുടെ വികാരം വളരെ വലുതാണ്. കാരണം ഇത്രയും നല്ലൊരു വൈദികനോടാണ് ഇവര്‍ നെറികേട് കാണിച്ചത്. എന്തു വൃത്തികേടും ചെയ്യാം എന്ന നിലയായി. ഇപ്പോള്‍ പോലീസ് ഉണര്‍ന്നിട്ടുണ്ട്. പോലീസ് ഉണര്‍ന്ന് തന്നെ ഇരിക്കണം. ഇല്ലെങ്കില്‍ കുഴപ്പമുണ്ടാകും. അല്ലെങ്കില്‍ ഈരാറ്റുപേട്ട റൗഡിസത്തിനെതിരെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കും. അതുണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഈ സമൂഹത്തിന്റെ ശത്രുക്കളാണ്.” – പി. സി. ജോര്‍ജ് പറഞ്ഞു.

ഇടിച്ചിട്ടത് രണ്ടു കാറുകള്‍: ദൃക്‌സാക്ഷി

”കുരിശിന്‍തൊട്ടിയിലേക്ക് ഇറങ്ങിയപ്പോള്‍ എട്ടോളം കാറുകള്‍ പാഞ്ഞ് വന്ന് വരിവരിയായി നിര്‍ത്തി. പുറകെ അഞ്ച് ബൈക്കുകള്‍ വന്നു. അതില്‍ നീല നിറമുള്ള കാറ് കുരിശിന്‍തൊട്ടിയില്‍ വലിയ രീതിയില്‍ റേസ് ചെയ്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ഇത് ചോദ്യം ചെയ്ത ജോസഫ് അച്ചനെ ചുമന്ന കാര്‍ ആദ്യം ഇടിച്ചിട്ടു. രണ്ടാമത് വന്ന കാറാണ് അച്ചനെ ഇടിച്ച് വീഴ്ത്തിയത്. അച്ചന്‍ റോഡിനു പുറത്തേക്കാണ് വീണത്. അല്ലായിരുന്നെങ്കില്‍ അച്ചന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങുമായിരുന്നു. 55 പേരോളം അടങ്ങിയ സംഘമാണ് എത്തിയത്. ഉടന്‍ തന്നെ അവര്‍ രക്ഷപ്പെട്ടുകളഞ്ഞു. അച്ചനെ ആശുപത്രിയിലാക്കിയ ശേഷം പള്ളിയില്‍ കൂട്ടമണിയടിച്ച് പ്രതിഷേധ പ്രകടനത്തിന് ഇറങ്ങുകയായിരുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ളവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വേദപാഠത്തിനെത്തുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.” – സംഭവം കണ്ടു നിന്ന ദൃക്‌സാക്ഷി പറയുന്നു.

ഇതിനു മുമ്പും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, അപായപ്പെടുത്താനുള്ള ശ്രമം ആദ്യം: വികാരി ഫാ. മാത്യു കടൂക്കുന്നേല്‍

”പള്ളിയിലെ ആരാധനയ്ക്ക് തടസ്സം സൃഷ്ടിച്ച് വാഹനം ഇരപ്പിച്ചവരോട് പള്ളി കോംമ്പൗണ്ടില്‍ നിന്ന് പുറത്തു പോകുവാന്‍ ഫാ. ജോസഫ് ആവശ്യപ്പെട്ടു. അവര്‍ക്ക് അത് പ്രകോപനമായി തോന്നി. അപ്പോഴാണ് അവര്‍ വണ്ടി ഇടിച്ച് അച്ചനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനു മുമ്പും വാഹനങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തു പോകുവാന്‍ പറയുമ്പോള്‍ പോയിരുന്നു. അപായ ശ്രമം ഇതാദ്യമായാണ്. പള്ളിയുടെ പ്രധാന വ്യക്തിയെ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ശക്തമായ വിഷമം ഞങ്ങള്‍ക്കുണ്ടായി. അതിലുള്ള പ്രതിഷേധം അറിയിക്കുന്നു.” വികാരി ഫാ. മാത്യു കടൂക്കുന്നേല്‍ പറഞ്ഞു.

ഫെബ്രുവരി 26: വിശുദ്ധ നെസ്റ്റോര്‍

ഡേസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു മെത്രാനാണ് വിശുദ്ധ നെസ്‌റ്റോര്‍. പംഫിലിയായിലെ മെത്രാനായിരുന്ന നെസ്‌റ്റോര്‍ വിശ്വാസ പ്രചാരണത്തിനും ജീവിത വിശുദ്ധിക്കും പുകള്‍പെറ്റ ഒരാളായിരുന്നു. വിശുദ്ധന്റെ പ്രശസ്തിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗവര്‍ണര്‍ എപ്പോളിയൂസിന്റെ ചെവിയിലുമെത്തി. ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ വേണ്ടി വര്‍ദ്ധിച്ച ക്രൂരതയോടെ ക്രിസ്തുവിന്റെ ശാന്തരായ ശിഷ്യരെ ഗവര്‍ണര്‍ മര്‍ദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു മര്‍ദ്ദകനെ അയച്ചു ബിഷപ് നെസ്റ്റോറിനെ പിടിച്ചുകൊണ്ടുവരികയും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്ന ക്രൂശിതന്റെ മാതൃകയില്‍ കുരിശില്‍ തറയ്ക്കുകയും ചെയ്തു. 250-ാം ആണ്ടിലായിരുന്നു ഈ കുരിശുമരണം.

ഫെബ്രുവരി 25: വിശുദ്ധ ടരാസിയൂസ്

എട്ടാം ശദാബ്ദത്തിന്റെ മധ്യത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു കുലീന കുടുംബത്തില്‍ ടരാസിയൂസ് ഭൂജാതനായി. അവന്റെ അമ്മ യുക്രെഷിയാ മകനെ സുകൃതവാനായി വളര്‍ത്തിക്കൊണ്ടുവന്നു. സാമര്‍ത്ഥ്യവും സ്വഭാവഗുണവുംകൊണ്ട് അവന്‍ എല്ലാവരുടെയും ബഹുമാനം സമാര്‍ജ്ജിച്ചു.

കൊട്ടാരത്തിലെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും നടുവില്‍ ടരാസിയൂസ് ഒരു സന്യാസിയെപ്പോലെയാണ് ജീവിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്ക് രാജിവച്ചപ്പോള്‍ തല്‍സ്ഥാനത്തേക്ക് ടരാസിയൂസ് തിരഞ്ഞെടുക്കപ്പെട്ടു. പേട്രിയാര്‍ക്കിന്റെ ജീവിതം വൈദികര്‍ക്കും ജനങ്ങള്‍ക്കും ഒരു മാതൃകയായിരുന്നു. ലളിതമായ ഭക്ഷണം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. പ്രാര്‍ത്ഥനയും ജ്ഞാനവായനയുമായിരുന്നു അദ്ദേഹത്തിന്റെ ഒഴിവുസമയത്തെ വിനോദങ്ങള്‍. 806 ഫെബ്രുവരി 25-ാം തിയതി പരിശുദ്ധനായ പേട്രിയാര്‍ക്ക് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

ഫെബ്രുവരി 24: വിശുദ്ധ എഥെല്‍ബെര്‍ട്ട്

560-ല്‍ കെന്റിലെ രാജാവായി സ്ഥാനാരോഹണം ചെയ്ത എഥെല്‍ബെര്‍ട്ട് ഏദാമെന്റിക്കിന്റെ ഏക പുത്രിയായ ബെര്‍ത്തായെ വിവാഹം കഴിച്ചു. തന്നിമിത്തം അദ്ദേഹത്തിന്റെ ശക്തി അത്യധികം വര്‍ദ്ധിച്ചു. ഏഥെല്‍ബെര്‍ട്ട് ഓഡിന്റെ ആരാധകനായിരുന്നു. ബെര്‍ത്താ ക്രിസ്ത്യാനിയും. 597 ജൂണ്‍ 21-ന് പെന്തക്കുസ്താ തിരുനാള്‍ ദിവസം ഏഥെല്‍ബെര്‍ട്ട് ജ്ഞാനസ്‌നാനം സ്വീകരിച്ചു. രാജാവിനെ അനുകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പതിനായിരം പേര്‍ ജ്ഞാനസ്‌നാനപ്പെട്ടു.

ക്രിസ്തു തന്റെ ഹൃദയത്തിലും പ്രജകളുടെ ഹൃദയങ്ങളിലും രാജാവായി വാഴണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. പ്രായശ്ചിത്തവും പ്രാര്‍ത്ഥനാചൈതന്യവും അദ്ദേഹത്തില്‍ വെട്ടിത്തിളങ്ങിയിരുന്നു. ആത്മപരിത്യാഗവും അദ്ധ്വാനവും ജാഗരണവുമായിരുന്നു അവയുടെ നിദാനം. വിഗ്രഹാരാധന അദ്ദേഹം വിലക്കി. സ്വന്തം അരമന ആര്‍ച്ച് ബിഷപ്പിനു വിട്ടുകൊടുത്തു. പല പള്ളികളും സ്ഥാപിച്ചു. അമ്പത്താറുകൊല്ലത്തെ വാഴ്ച്ചയ്ക്കു ശേഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. സന്മനസുണ്ടെങ്കില്‍ സമ്പത്തോ പ്രഭുത്വമോ രാജത്വമോ വിശുദ്ധിക്ക് പ്രിതിബന്ധമല്ല എന്ന് എഥെല്‍ബെര്‍ട്ടിന്റെ ജീവിതം തെളിയിക്കുന്നു.

ഫെബ്രുവരി 23: വിശുദ്ധ പോളിക്കാര്‍പ്പ് മെത്രാന്‍ രക്തസാക്ഷി

ആധുനിക ടര്‍ക്കിയില്‍ ഉള്‍പ്പെട്ട സ്മിര്‍ണായിലെ മെത്രാനായിരുന്ന പോളിക്കാര്‍പ്പ്. മര്‍ക്കസ് ഔറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് പോളിക്കാര്‍പ്പിനെ വധിക്കണമെന്ന് വിജാതിയര്‍ മുറവിളികൂട്ടി. വന്ദ്യനായ മെത്രാനെ വധിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മടി തോന്നി. പോളിക്കാര്‍പ്പിനോട് ഈശോയെ ദൂഷണം പറയാന്‍ പ്രൊക്കൊണ്‍സും ആജ്ഞാപിച്ചു. അദ്ദേഹം പ്രത്യുത്തരിച്ചു: ‘വര്‍ഷങ്ങളോളം ഞാന്‍ ക്രിസ്തുവിനെ സേവിച്ചു. അവിടുന്ന് എനിക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. പ്രത്യുത വളരെ നന്മചെയ്തിട്ടുണ്ട്. ഞാന്‍ അവിടുത്തെ എങ്ങനെ ദൂഷണം പറയും? എന്റെ സ്രഷ്ടാവിനെ എങ്ങനെ ദൂഷണം പറയാനാണ്. അവിടുന്നാണ് എന്റെ ന്യായാധിപന്‍.’

ഇതുകേട്ട് ക്രുദ്ധനായ പ്രൊക്കോണ്‍സള്‍ പോളിക്കാര്‍പ്പിനെ ജീവനോടെ ദഹിപ്പിക്കാന്‍ ആജ്ഞാപിച്ചു. കരങ്ങള്‍ ബന്ധിച്ച് അദ്ദേഹത്തെ അഗ്നിയില്‍ നിറുത്തി. എന്നാല്‍ അഗ്നി അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. ചിതയില്‍ നിന്ന് സുഗന്ധം വീശി. അപ്പോള്‍ കുന്തം കൊണ്ട് വിജാതീയര്‍ അദ്ദേഹത്തെ കുത്തിക്കൊന്നു.

ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം

പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം പത്രോസ് കുറേനാള്‍ പലസ്തീനായില്‍ത്തന്നെ ചെലവഴിച്ചു. അതിനു ശേഷം അന്തിയോക്യയിലേക്കു പോയി. അവിടെ നിന്ന് പൗലോസിനോടൊപ്പം റോമയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇരുവരും നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ഒരേ ദിവസം രക്തസാക്ഷിത്വം വരിച്ചുവെന്നും വിശ്വസിക്കുന്നു.

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഇറനേവൂസ് പറയുന്നു: രണ്ടു മഹാ അപ്പസ്‌തോലന്മാരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ മേല്‍ സ്ഥാപിതമായിരിക്കുന്ന എത്രയും ശ്രേഷ്ഠവും മഹത്തുമായ സഭയാണ് റോമാ സഭ. ഈ തിരുനാള്‍ ദിവസം പത്രോസിന്റെ ഇന്നത്തെ പിന്‍ഗാമിക്കുവേണ്ടി തീഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു. യോഗ്യന്മാരായ അജപാലകന്മാരെ അയച്ചുതരാന്‍ നാം അപേക്ഷിക്കുകയും വേണം.

ഫെബ്രുവരി 21: വിശുദ്ധ പീറ്റര്‍ ഡാമിയന്‍

ഇറ്റലിയിലെ റവെന്നാ നഗരത്തില്‍ കുലീനമെങ്കിലും ദരിദ്രമായ ഒരു വലിയ കുടുംബത്തിലെ ഇളയ പുത്രനായി പീറ്റര്‍ ജനിച്ചു. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള ഭാരമോര്‍ത്ത് അമര്‍ഷം പ്രദര്‍ശിപ്പിച്ച മൂത്ത മകന്റെ ക്രൂരസംതൃപ്തിക്കുവേണ്ടി അമ്മ ശിശുവിന് അമ്മിഞ്ഞപ്പാല്‍ നല്‍കിയില്ല. പട്ടിണികിടന്ന് മരിക്കാറായ കുഞ്ഞിന് ഒരയല്‍വാസി ഭക്ഷണം കൊടുത്തു.

ബാല്യകാലത്തുതന്നെ പീറ്ററിന്റെ മാതാപിതാക്കള്‍ മരിച്ചു. പീറ്ററിന്റെ ഭക്തിയും സാമര്‍ത്ഥ്യവും മനസിലാക്കിയ അവന്റെ വൈദിക സഹോദരന്‍ പീറ്ററിന്റെ ഒപ്പം കൂട്ടി. അവന് നല്ല വിദ്യാഭ്യാസം നല്‍കി. 25-ാം വയസില്‍ അവന്‍ അധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് 28-ാം വയസില്‍ സന്യാസിയായി.

അതിരുകടന്ന പ്രായശ്ചിത്തമാണ് അദ്ദേഹം ചെയ്തിരുന്നത്. 1043-ല്‍ പ്രിയോര്‍ സ്ഥാനം ഏറ്റെടുത്ത് മരണം വരെ തുടര്‍ന്നു. തിരുസഭയുടെ നവീകരണത്തിലും അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹത്തെ 1057-ല്‍ ഓസ്ട്രിയായിലെ മെത്രാനാക്കുകയും കര്‍ദ്ദിനാളായി ഉയര്‍ത്തുകയും ചെയ്തു. കരുണാമസൃണനായ അദ്ദേഹത്തിന്റെ നയം പല കേസുകളും തര്‍ക്കങ്ങളും മാധ്യസ്ഥം പറഞ്ഞു തീര്‍ക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. 1072 ഫെബ്രുവരി 21-ന് പീറ്റര്‍ ഡാമിയന്‍ നിര്യാതനായി. 1828-ല്‍ 12-ാം ലിയോ മാര്‍പാപ്പ അദ്ദേഹത്തെ വേദപാരംഗതനെന്ന് നാമകരണം ചെയ്തു.

യുവജനങ്ങള്‍ പ്രകാശമാകണം: ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

യുവജനങ്ങള്‍ ലോകത്തിന്റെ പ്രകാശമാകണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 46-ാമത് വാര്‍ഷിക സെനറ്റ് കോട്ടപ്പുറം വികാസ് ആല്‍ബര്‍ടൈന്‍ ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. റെജി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന വാര്‍ഷിക സെനറ്റില്‍ മൂന്ന് റീത്തുകളില്‍ നിന്നായി കേരളത്തിലെ 32 കത്തോലിക്ക രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

സമാപന ദിനത്തിലെ കുര്‍ബാനയില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ റോക്കി റോബി കളത്തില്‍ മുഖ്യ കാര്‍മികനായിരുന്നു. 2024 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ആലപ്പുഴ രൂപത അംഗം എം. ജെ. ഇമ്മാനുവലിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. പാലക്കാട് രൂപതയിലെ ഷാലിന്‍ ജോസഫിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Exit mobile version