സ്വപ്ന ഗിരീഷ് കുമ്പാട്ട് മാതൃവേദി രൂപതാ പ്രസിഡന്റ്

സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപത എക്‌സിക്യൂട്ടീവ് യോഗവും 2024-25 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും താമരശ്ശേരിയില്‍ നടന്നു. സ്വപ്ന ഗിരീഷ് കുമ്പാട്ട് (താമരശ്ശേരി) രൂപതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജെസ്സി സോജന്‍ പൊന്‍മലകുന്നേല്‍ (വിലങ്ങാട്) രൂപതാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് – രജനി മാത്യു പഴയപറമ്പില്‍ (മഞ്ചേരി), ജോയിന്റ് സെക്രട്ടറി – മെറ്റില്‍ഡാ സെബാസ്റ്റ്യന്‍ മുക്കാട്ട് (പരിയാപുരം).

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: മഞ്ജു സണ്ണി എമ്പ്രയില്‍ (നരിനട), സൗമ്യ സേവ്യര്‍ ഓലികുന്നേല്‍ (വാലില്ലാപുഴ), ജിനി ടോം ഓഴത്തില്‍ (കാളികാവ്), വിനീത ബിനോയ് പുലിക്കോട്ടില്‍ (കോഴിക്കോട്), ഡോളി ദേവസ്യ വെട്ടിക്കാമലയില്‍ (തെയ്യപ്പാറ), സിനി ബിനു കന്നാലില്‍ (കരിങ്ങാട്).

ഫെബ്രുവരി 10: വിശുദ്ധ സ്‌കൊളാസ്റ്റിക്കാ കന്യക

വിശുദ്ധ ബെനഡിക്റ്റിന്റെ സഹോദരിയാണ് സ്‌കൊളസ്റ്റിക്ക. കുലീനമായ ഒരു ഇറ്റാലിയന്‍ കുടുംബത്തിലാണ് അവളുടെ ജനനം. പിന്നീട് ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമജീവിതത്തിനിടയില്‍ അനേകം സ്ത്രീജനങ്ങളെ സുകൃതജീവിതത്തിലേക്ക് അവള്‍ ആനയിച്ചുവെന്ന് സുപ്പീരിയറായ വിശുദ്ധ ബെര്‍ത്താദിയൂസ് പറയുന്നു. വിശുദ്ധ ബെനഡിക്റ്റിന്റെ നിയമാവലിയും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ച് സ്‌കൊളസ്റ്റിക്ക മഠാധിപയുടെ ജോലി നിര്‍വഹിച്ചു വന്നു.

വര്‍ഷത്തിലൊരിക്കല്‍ സഹോദരനെ സന്ദര്‍ശിച്ച് ഉപദേശവും സ്വീകരിച്ചിരുന്നു. അന്തിമ സന്ദര്‍ശന ദിവസം സായ്ഹ്നമായപ്പോള്‍ സ്‌കൊളാസ്റ്റിക്ക തന്റെ സഹോദരനോട് ആ രാത്രി അവളുടെ ആശ്രമത്തില്‍ താമസിക്കാനാവശ്യപ്പെട്ടു. കുറേക്കൂടി ആത്മീയകാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഉദ്ദേശ്യം. ആശ്രമത്തിനു പുറത്ത് രാത്രി കഴിയരുതെന്ന നിയമം ഉള്ളതിനാല്‍ ബെനഡിക്റ്റ് അത് നിഷേധിച്ചു. സ്‌കൊളസ്റ്റിക്ക കൈക്കൂപ്പി സ്വല്‍പ്പനേരം പ്രാര്‍ത്ഥിച്ചു. ഉടനടി ഭയങ്കര ഇടിയും കാറ്റും മഴയും ഉണ്ടായി. ബെനഡിക്റ്റിനു കൂടെയുണ്ടായിരുന്ന സന്യാസികള്‍ക്കും പുറത്തിറങ്ങാന്‍ വയ്യാതായി. എന്താണ് പെങ്ങള്‍ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ”ഞാന്‍ ആങ്ങളയോട് ഒരനുഗ്രഹം ചോദിച്ചു; അവിടുന്ന് തന്നു” എന്നാണ് അവള്‍ പ്രതികരിച്ചത്. മൂന്നാം ദിവസം സ്‌കൊളസ്റ്റിക്ക മരിച്ചു. ദൈവം തന്നെ സ്‌നേഹിക്കുന്നവരുടെ ബാലിശമായ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാറുണ്ടെന്ന് ഈ വിശുദ്ധയുടെ ജീവചരിത്രം ഓര്‍മിപ്പിക്കുന്നു.

ഫെബ്രുവരി 9: വിശുദ്ധ അപ്പൊളോണിയ

ക്രിസ്ത്യാനികള്‍ രാജ്യത്തിനു ഭയങ്കര നാശമായിരിക്കുമെന്ന് അലെക്‌സാന്‍ഡ്രിയായിലെ ഒരു കവി പ്രവചിച്ചു. തല്‍ഫലമായി ഈജിപ്ഷ്യന്‍ ജനത ക്രിസ്ത്യനികള്‍ക്കെതിരെ ഒരു ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. മെത്രാസ് എന്നൊരു വൃദ്ധന്റെ കണ്ണുകുത്തിക്കളഞ്ഞ ശേഷം കല്ലെറിഞ്ഞ് അയാളെ കൊന്നു. ക്രൈസ്തവ ഭവനങ്ങള്‍ വിജാതീയര്‍ കവര്‍ച്ച ചെയ്തു. അന്നത്തെ മതപീഡനത്തില്‍ ഏറ്റവും ശ്രദ്ധേയമായൊരു രക്തസാക്ഷിയാണ് വൃദ്ധകന്യകയായ അപ്പോളോണിയ. അവളുടെ പല്ല് അവര്‍ തല്ലിക്കളഞ്ഞു. നഗരത്തിനു പുറത്ത് ഒരു ചിതയുണ്ടാക്കി അവളോടു പറഞ്ഞു ക്രിസ്തുവിനെ നിഷേധിക്കുക. അല്ലെങ്കില്‍ നിന്നെ ജീവനോടെ ദഹിപ്പിച്ചുക്കളയും. ഏതാനും നിമിഷം മൗനം അവലംബിച്ച ശേഷം അവള്‍ ചിതയിലേക്ക് ചാടി. ആരാച്ചാരന്മാര്‍ തന്നെ ചുമന്ന് തീയിലിടണ്ടാ എന്ന നിശ്ചയത്താല്‍ ഈശോയോടുള്ള സ്‌നേഹത്തെ പ്രതിയാണ് അവള്‍ അങ്ങനെ ചെയ്തത്. വിശുദ്ധ അപ്പോളോണിയായെപ്പോലെ ധീരതയോടെ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച് നമുക്കും ദൈവത്തെ സ്‌നേഹിക്കാന്‍ പരിശ്രമിക്കാം.

ഫെബ്രുവരി 8: വിശുദ്ധ ജെറോം എമിലിയാനി

വെനീസിലെ ഒരു കുലീന കുടുംബത്തിലാണ് ജെറോം ജനിച്ചത്. ഒരു പടയാളിയായി അദ്ദേഹം ജീവിതമാരംഭിച്ചു. ട്രെവിസോ ഗിരികളില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കോട്ടയുടെ ഗവര്‍ണ്ണറായിരുന്നപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തിലടച്ചു. അങ്ങ് എന്നെ സ്വതന്ത്ര്യനാക്കുകയാണെങ്കില്‍ ഞാന്‍ ഉത്തമജീവിതം നയിച്ചുകൊള്ളാം എന്ന് ജയിലിലെ കഷ്ടതകളുടെ ഇടയില്‍ ദൈവമാതാവിനോട് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ ശൃംഖലകള്‍ ഭേദിച്ച് അദ്ദേഹത്തെ സ്വതന്ത്ര്യനാക്കി. സന്തുഷ്ടനായ ജെറോം ട്രെവിസോയിലേക്കു മടങ്ങി. ദൈവമാതാവിന്റെ ബലിപീഠത്തില്‍ തന്റെ ശൃംഖലകള്‍ തൂക്കിയിട്ടു.

സ്വഭവനത്തില്‍ ഉപവി പ്രവര്‍ത്തികളില്‍ അദ്ദേഹം പൂര്‍ണമായി മുഴുകി. തെരുവീഥികളില്‍ അലഞ്ഞുനടന്നിരുന്ന അനാഥരെ ആവുംവിധം സംരക്ഷിച്ചു. പാദുവായിലും വെനോറയിലും അനാഥശാലകള്‍ സ്ഥാപിച്ചു. രോഗീസന്ദര്‍ശനത്തിനിടയ്ക്ക് പകര്‍ന്ന വ്യാധി അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചു. വിശുദ്ധ എമിലിയാനിയെപ്പോലെ നമുക്കും നിരാലബരുടെ മിത്രങ്ങളാവാം.

ഫെബ്രുവരി 7: വിശുദ്ധ റിച്ചാഡ് രാജാവ്

ഇംഗ്ലണ്ടില്‍ വെസ്റ്റ് സാക്‌സണ്‍സ് എന്നറിയപ്പെടുന്നവരുടെ രാജാവായിരുന്ന റിച്ചാഡ് ക്രിസ്തീയ പരിപൂര്‍ണ്ണതയെ ലക്ഷ്യമാക്കി രാജപദവി ഉപേക്ഷിച്ചുവെന്ന് ഒരു അഭിപ്രായമുണ്ട്. തന്റെ രണ്ട് മക്കളെയും കൂട്ടി അദ്ദേഹം റോമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. ദീര്‍ഘമായി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ഗുരുതരമായ രോഗത്തില്‍ നിന്ന് സ്വന്തം പുത്രനെ വാക്കുകള്‍കൊണ്ട് സുഖപ്പെടുത്തിയത് ശ്രദ്ധേയമായ ഒരു സംഭവമാണ്. മകന്‍ വില്ലിബോള്‍ഡ് മരിക്കാറായിരിക്കുന്നുവെന്ന് സര്‍വ്വരും അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു കുരിശുനാട്ടി അതിന്റെ അരികെ കുട്ടിയെ കിടത്തി പ്രാര്‍ത്ഥിക്കുകയും കുട്ടി സുഖപ്പെടുകയും ചെയ്തു. റിച്ചാര്‍ഡിനുണ്ടായിരുന്ന രാജകീയ പ്രൗഡി വിശുദ്ധിയുടെ വികസനത്തിനൊരു പ്രതിബന്ധമായില്ല. ദൈവത്തില്‍ ശരണപ്പെട്ടു ആത്മാര്‍ത്ഥമായി യത്‌നിക്കുന്ന ഏവര്‍ക്കും വിശുദ്ധി പ്രാപിക്കാവുന്നതേയുള്ളുവെന്ന് വിശുദ്ധ റിച്ചാഡ് രാജാവിന്റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐ പ്രസിഡന്റ്

കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷനായി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ആന്റണിസാമിയും ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിലെ മൂന്ന് റീത്തുകളിലും ഉള്‍പ്പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ് ‘കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സഭയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടന്നു. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേട്ടങ്ങളോടും വെല്ലുവിളികളോടുമുള്ള സഭയുടെ പ്രതികരണം’ എന്നതായിരുന്നു 365-ാമത് ജനറല്‍ ബോഡി യോഗത്തിന്റെ പ്രമേയം.

ഫെബ്രുവരി 6: വിശുദ്ധ ഗൊണ്‍സാലോ ഗാര്‍സിയ

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയും രക്തസാക്ഷിയുമായ ഗൊണ്‍സാലോ ഗാര്‍സിയ പോര്‍ച്ചുഗീസുകാരനായ പിതാവിന്റെയും ഈസ്റ്റ് ഇന്ത്യയില്‍ ബാസ്സെയിനിലെ ഒരു കാനറീസു മാതാവിന്റെയും പുത്രനാണ്. ബാസ്സെയില്‍ ഫോര്‍ട്ടില്‍ ഈശോസഭക്കാരുടെ കീഴില്‍ അദ്ദേഹം വിദ്യാഭ്യാസം നേടി. സ്‌നേഹപ്രകൃതിയായ ഗൊണ്‍സാലോ അതിവേഗം ധാരാളം മിത്രങ്ങളെ നേടിയെടുത്തു. എട്ടു കൊല്ലം ഒരു ഉപദേശിയായി അദ്ദേഹം അധ്വാനിച്ചു. അനന്തരം അല്‍കാവോയില്‍ ഒരു കച്ചവടം ആരംഭിച്ചു. പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ വൈദികരെ പരിചയപ്പെടുകയും ഒരു അല്‍മായ സഹോദരനായി അവരുടെ ഗണത്തില്‍ ചേരുകയും ചെയ്തു.

നാലു കൊല്ലത്തിലധികം ജപ്പാനില്‍ ദൈവസ്തുതിക്കായി കഠിനമായി പണിയെടുത്തു. ഇത് ജപ്പാന്‍ ചക്രവര്‍ത്തിയുടെ അപ്രീതിക്ക് ഇടയാക്കി. 1596 ഡിസംബര്‍ എട്ടിന് സന്യാസികളെ ചക്രവര്‍ത്തി വീട്ടുതടങ്കലിലാക്കി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സന്യാസികള്‍ സന്ധ്യാനമസ്‌ക്കാരം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ 26 പേരെയും അറസ്റ്റു ചെയ്യുകയും ഇടതു ചെവി വെട്ടിക്കളയുകയും ചെയ്തു. 1597 ഫെബ്രുവരി അഞ്ചിന് നാഗസാക്കിയില്‍ വച്ച് അവര്‍ 26 പേരെയും കുരിശില്‍ തറച്ചു. രണ്ടുപേര്‍ കുന്തംകൊണ്ട് ഗാര്‍സിയായുടെ ഇരുവശത്തു നിന്നും കുത്തി. ഒരു കുന്തം അദ്ദേഹത്തിന്റെ ഹൃദയം ഭേദിച്ചു. ആ സമയത്തും വിശുദ്ധന്‍ ദൈവസ്തുതികള്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു.

ഫെബ്രുവരി 5: വിശുദ്ധ അഗാത്താ കന്യക – രക്തസാക്ഷി

സൗന്ദര്യവും സമ്പത്തും സമ്മേളിച്ചിരുന്ന അഗാത്താ എത്രയും നിര്‍മ്മലയായിരുന്നു. സിസിലിയിലാണ് അഗാത്ത ജനിച്ചത്. ഡേസിയൂസ് ചക്രവര്‍ത്തിയുടെ കീഴില്‍ സിസിലി ഭരിച്ചിരുന്ന ക്വിന്റിലിയാനൂസ് അവളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചു. പ്രസ്തുത ലക്ഷ്യത്തോടെ അഗാത്ത ക്രിസ്ത്യാനിയാണെന്ന കുറ്റം ചുമത്തി ഒരു ദുഷ്ടസ്ത്രീയുടെ മേല്‍നോട്ടത്തില്‍ അവളെ പാര്‍പ്പിച്ചു. പാപകരമായ ബന്ധത്തിന് സമ്മതിക്കുകയാണെങ്കില്‍ ജീവനും സ്വാതന്ത്ര്യവും വിട്ടുതരാമെന്ന് ഗവര്‍ണര്‍ അവളെ അറിയിച്ചു. ക്രിസ്തുവാണെന്റെ ജീവിതവും രക്ഷയുമെന്നായിരുന്നു അവളുടെ പ്രത്യുത്തരം. ക്രുദ്ധനായ ഗവര്‍ണര്‍ അവളുടെ സ്തനങ്ങള്‍ മുറിച്ചുകളയിപ്പിച്ചു. കര്‍ത്താവ് അവളെ അത്ഭുതകരമാംവിധം സുഖപ്പെടുത്തിയെന്ന് ആറാം നൂറ്റാണ്ടിലെ ഒരു ചിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. അനന്തരം അവളെ നഗ്നയായി ചരലിലിട്ടുരുട്ടി. ജയിലില്‍ വച്ച് അവള്‍ മരിച്ചു. അവളുടെ കുഴിമാടം തുറന്നപ്പോള്‍ ത്വക്ക് മുഴുവനും അഴിയാതിരിക്കുന്നതായിട്ടാണ് കണ്ടത്. എറ്റ്‌നാ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമ്പോഴെല്ലാം അഗാത്തയുടെ ശിരോവസ്ത്രമെടുത്ത് ജനങ്ങള്‍ ഘോഷയാത്ര നടത്തിയിരുന്നു.

ഫെബ്രുവരി 4: വിശുദ്ധ ജോണ്‍ ബ്രിട്ടോ – രക്തസാക്ഷി

പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പേഡ്രോ ദ്വിതീയന്റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറേക്കാലം ജോണ്‍ ചെലവഴിച്ചത്. ജോണിന്റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറേ സഹിക്കേണ്ടിവന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ അസുഖം പിടിപെടുകയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്നുമുതല്‍ ജോണിന്റെ ആഗ്രഹം വിശുദ്ധ സേവ്യറിനെ അനുകരിക്കുക എന്നതായിരുന്നു.

1662 ഡിസംബര്‍ 17-ന് ലിസ്ബണിലെ ഈശോസഭ നവ സന്യാസമന്ദിരത്തില്‍ ജോണ്‍ പ്രവേശിച്ചു. 11 കൊല്ലങ്ങള്‍ക്കുശേഷം പല എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. എതിര്‍പ്പുകള്‍ വന്നപ്പോള്‍ ‘ലോകത്തില്‍ നിന്ന് സന്യാസത്തിലേക്ക് എന്നെ വിളിച്ച ദൈവം ഇന്ത്യയിലേക്ക് എന്നെ വിളിക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

14 കൊല്ലം അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണരെ പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. പാവയ്ക്കായും പച്ചക്കറികളുമൊക്കെയാണ് പലപ്പോഴും ഭക്ഷിച്ചിരുന്നത്. വിജയകരമായ മിഷന്‍ പ്രവര്‍ത്തനങ്ങളാല്‍ രോഷാകുലനായ രാജാവ് അദ്ദേഹത്തെ നാടുകടത്തി. സ്‌നാപകയോഹന്നാനെപ്പോലെ ഒരു സ്ത്രീയുടെ കോപത്തിന് പിന്നീട് അദ്ദേഹം പാത്രമായി ജയിലില്‍ അടയ്ക്കപ്പെട്ടു. വേദന സമ്പൂര്‍ണ്ണമായ ജയില്‍ വാസത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ തല വെട്ടപ്പെട്ടു. 1947 ജൂണ്‍ 22-ന് അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.

ഫെബ്രുവരി 3: വിശുദ്ധ ബ്‌ളെയിസ് മെത്രാന്‍ രക്തസാക്ഷി

ആര്‍മീനിയായില്‍ സെബാസ്റ്റെ എന്ന സ്ഥലത്ത് ഒരു ഭിഷഗ്വരനായിരുന്നു ബ്‌ളെയിസ്. പിന്നീട് അദ്ദേഹം അവിടുത്തെ മെത്രാനായി; ആത്മാവിന്റെ ഭിഷഗ്വരന്‍. ജീവിത ദുഃഖങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന വിശുദ്ധ ബ്‌ളെയിസിനു ജീവിത സന്തോഷങ്ങളുടെ മായാസ്വഭാവം അതിശീഘ്രം ഗ്രഹിക്കാന്‍ കഴിഞ്ഞു. തന്നിമിത്തം വാക്കാലും സ്വന്തം മാതൃകയാലും സ്വജനങ്ങളെ പഠിപ്പിക്കാന്‍ അദ്ദേഹം അത്യുത്സുഹനായി.

മെത്രാനായ ശേഷവും ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ പിടിപ്പെട്ട പലരും അദ്ദേഹത്തെ തേടിയെത്തി. അങ്ങനെയിരിക്കെ കപ്പദോച്യായുടെയും അര്‍മീനിയായുടെയും ഗവര്‍ണരായ അഗ്രിക്കൊളാസു ലിസീനിയൂസു റോമന്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം മതപീഡനം ആരംഭിക്കുകയും ബിഷപ് ബ്‌ളെയിസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയിലിലേക്ക് പോകും വഴി മത്സ്യത്തിന്റെ മുള്ള് തൊണ്ടയില്‍ കുടുങ്ങിയ ഒരു കുട്ടിയെ അദ്ദേഹം സുഖപ്പെടുത്തി. വിഗ്രഹങ്ങളെ ആരാധിക്കാന്‍ ഗവര്‍ണര്‍ ബ്‌ളെയിസിനോടാവശ്യപ്പെട്ടു. അതിന് അദ്ദേഹം വിസമ്മതിച്ചതിനാല്‍ ആദ്യം ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പിന്നീട് ഇരുമ്പുകൊളുത്തുകൊണ്ട് മാംസം വലിച്ചുകീറിയിട്ടു. ചുട്ടുപഴുത്ത ഇരുമ്പ് പലക ശരീരത്തു വച്ച് പീഡിപ്പിച്ചു. അവസാനം അവര്‍ അദ്ദേഹത്തിന്റെ തലവെട്ടി. തൊണ്ടയിലെ അസുഖങ്ങളുടെ മധ്യസ്ഥനാണ് വിശുദ്ധ ബ്‌ളെയിസ്.

Exit mobile version