സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച വനിതാദിന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ടി. പി. ഷൈല പരവര (മലപ്പുറം) ഒന്നാം സ്ഥാനം നേടി. ഷിബി വാഴയില്‍ (തിരുവമ്പാടി) രണ്ടാം സ്ഥാനവും സ്വപ്‌ന ചക്കിട്ടമുറിയില്‍ (ആനക്കാംപൊയില്‍) മൂന്നാം സ്ഥാനവും നേടി.
Month: March 2024
മാര്‍ച്ച് 11: വിശുദ്ധ എവുളോജിയൂസ്
സ്‌പെയിനില്‍ കോര്‍ഡോബോ എന്ന പ്രദേശത്ത് ഒരു സെനറ്റര്‍ കുടുംബത്തിലാണ് എവുളോജിയൂസ് ജനിച്ചത്. സുകൃതംകൊണ്ടും പഠനസാമര്‍ത്ഥ്യംകൊണ്ടും പ്രസിദ്ധിയാര്‍ന്ന അദ്ദേഹം പുരോഹിതനായി. ജാഗരണവും ഉപവാസവും പ്രാര്‍ത്ഥനയും ചേര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം എത്രയും ഭാസുരമായിരുന്നു.
ലെയോക്രീഷ്യാ എന്ന ഒരു മുസ്ലിം കന്യക രഹസ്യമായി ക്രിസ്തുമത തത്ത്വങ്ങള്‍ പഠിപ്പിച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ചിരുന്നു. അവള്‍ക്ക് മാതാപിതാക്കന്മാര്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നല്‍കാഞ്ഞതില്‍ അവളുടെ ആഗ്രഹപ്രകാരം വിശുദ്ധ എവുളോജിയൂസും അദ്ദേഹത്തിന്റെ സഹോദരി അനുലോനയും ചേര്‍ന്ന് അവളെ ഒളിപ്പിച്ചു. ഇതറിഞ്ഞ് മാതാപിതാക്കന്മാര്‍ എവുളോജിയൂസിനെ സാരസന്മാരുടെ രാജാവിന്റെ മുമ്പില്‍ ഹാജരാക്കുകയും രാജാവിന്റെ കൗണ്‍സില്‍ അദ്ദേഹത്തിന്റെ ശിരസ് ഛേദിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. മൃതികരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് 859 മാര്‍ച്ച് 11-ന് അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു.
Y-DAT സംഗമം നടത്തി
താമരശ്ശേരി രൂപതയിലെ കെസിവൈഎം യൂണിറ്റ്, മേഖല ആനിമേറ്റര്‍മാര്‍ക്കു വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേര്‍സ് ആന്റ് ആനിമേറ്റേര്‍സ് ട്രെയിനിങ്) താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തില്‍ പുതുപ്പാടി വിന്‍സന്‍ഷ്യന്‍ ജൂബിലി റിട്രീറ്റ് സെന്ററില്‍ നടന്നു. കെസിവൈഎം രൂപതാ പ്രസിഡന്റ് റിച്ചാഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറില്‍ എസ്ഡി ഉദ്ഘാടനം ചെയ്യ്തു.
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടും 2024 കെസിബിസി യുവജന വര്‍ഷത്തോടും അനുബന്ധിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചത്. കെസിബിസി യൂത്ത് കമ്മീഷന്‍ ഡയറക്ടറും കെസിവൈഎം സംസ്ഥാന ഡയറക്ടറുമായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാന്‍സീസ്, താമരശ്ശേരി രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ റെസീന്‍ എസ്എബിഎസ്, ഡയറക്ട്ടര്‍ ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍, അസി. ഡയറക്ട്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, താമരശ്ശേരി മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ ജീന SFN, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ച് 8: ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍
പോര്‍ച്ചുഗലില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍ നിന്നാണ് യോഹന്നാന്‍ ജനിച്ചത്. കാസ്റ്റീലില്‍ ഒരു പ്രഭുവിന്റെ കീഴില്‍ ആടുകളെ മേയ്ക്കുന്ന ജോലിയാണ് യോഹന്നാനു ലഭിച്ചത്. 1522-ല്‍ പ്രഭുവിന്റെ കാലാള്‍ പടയില്‍ ചേര്‍ന്നു. ഫ്രഞ്ചുകാരും സ്‌പെയിന്‍കാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ യോഹന്നാന്‍ പങ്കെടുത്തു. യുദ്ധം കഴിഞ്ഞ് സൈന്യത്തെ പിരിച്ചുവിട്ടപ്പോള്‍ സെവീലില്‍ ഒരു പ്രഭുവിന്റെ കീഴില്‍ അദ്ദേഹം ആട്ടിടയനായി.
ഭൂതകാല ജീവിതത്തിലെ തെറ്റുകളെ ഓര്‍ത്ത് യോഹന്നാന് സങ്കടം തോന്നി. രാവും പകലും പ്രാര്‍ത്ഥനയിലും ആശാനിഗ്രഹത്തിലും ചെലവഴിച്ചു. ആവിലായിലെ വിശുദ്ധ യോഹന്നാന്റെ ഒരു പ്രസംഗം കേട്ടപ്പോള്‍ അനുതാപഭരിതനായി ദേവാലയത്തില്‍ വച്ചുതന്നെ ഉറക്കെ നിലവിളിച്ചു. അദ്ദേഹം ഭ്രാന്തനെപ്പോലെ തെരുവീഥികളിലൂടെ നടന്ന് പാപപരിഹാരം ചെയ്തുകൊണ്ടിരുന്നു. ഭ്രാന്താണെന്നു കരുതി ജനങ്ങള്‍ അദ്ദേഹത്തെ ഭ്രാന്താലയത്തില്‍ താമസിപ്പിച്ചു. അവിടെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും കുറവ് വരുത്തിയുമില്ല.
സാധു മന്ദിരങ്ങളില്‍ താമസിച്ചിരുന്നവരെ മാത്രമല്ല സ്വഭവനങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവരെയും അദ്ദേഹം സഹായിച്ചിരുന്നു. തന്റെ ആശുപത്രിക്ക് തീ പിടിച്ചപ്പോള്‍ അദ്ദേഹം തീ വകവയ്ക്കാതെ അകത്തേക്കു ചെന്ന് രോഗികളെ തോളില്‍ വഹിച്ച് രക്ഷപ്പെടുത്തി. കഠിനമായ അധ്വാനത്താല്‍ ക്ഷീണിതനായ യോഹന്നാന്‍ 55-ാം വയസ്സില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
മാര്‍ച്ച് 7: വിശുദ്ധ പെര്‍പെത്തുവായും ഫെലിച്ചിത്താസും
സെവേരൂസ് ചക്രവര്‍ത്തി 202-ല്‍ ഭീകരമായ മതമര്‍ദ്ദനം ആരംഭിച്ചു. ഫെലിച്ചിത്താസ് ഏഴു മാസം ഗര്‍ഭിണിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. പെര്‍പെത്തുവായ്ക്ക് ഒരു കൈക്കുഞ്ഞുണ്ടായിരുന്നു. പെര്‍പെത്തുവായുടെ വധത്തിന്റെ തലേദിവസം അവളുടെ നിശ്ചയത്തിനു മാറ്റം വരുത്താന്‍ പുത്രീവല്‍സലനായ പിതാവ് വളരെ പണിപ്പെട്ടു. പെര്‍ത്തുവാ ഒരു കുടം കാണിച്ചിട്ട് അപ്പനോടു ചോദിച്ചു: ‘ഇതൊരു കുടമല്ലേ? ഇതിനു വേറൊരു പേരുണ്ടോ? അതുപോലെ ഞാനൊരു ക്രിസ്ത്യാനിയാണ്. വേറൊരു പേര് എനിക്കില്ല.’ പിതാവ് കോപക്രാന്തനായി അവളുടെ നേര്‍ക്ക് പാഞ്ഞുചെന്നു. കണ്ണ് കുത്തിപൊട്ടിക്കുമോയെന്ന് അവള്‍ ഭയപ്പെട്ടു. എന്നാന്‍ ഒന്നും ചെയ്യാതെ പരിഭ്രാന്തനായി അയാള്‍ തിരിച്ചുപോയി.
ഗര്‍ഭിണികളെ വധിക്കാന്‍ പാടില്ലെന്ന് റോമന്‍ റോമന്‍ നിയമം ഉണ്ടായിരുന്നതുകൊണ്ട് ഫെലിച്ചിത്താസ് പ്രസവിക്കുന്നതുവരെ എല്ലാവരെയും ഒരു ജയിലിലടച്ചു. വിചാരണ ദിവസം പിതാവ് പെര്‍ത്തുവായോട് കേണപേക്ഷിച്ചെങ്കിലും അവള്‍ മനസുമാറ്റിയില്ല. വിചാരണയ്ക്കുശേഷം അവരെ വന്യമൃഗങ്ങള്‍ക്കിട്ടുകൊടുക്കാന്‍ കല്‍പ്പനയുണ്ടായി. വെകിളി പിടിച്ച് ഒരു പശു പെര്‍പെത്തുവായെ കുത്തിമറിച്ചിട്ട് അവളുടെ ദേഹത്തുകയറി നിന്നു. അങ്ങനെ വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ അവള്‍ രക്തസാക്ഷി മകുടം നേടി.
കൂരാച്ചുണ്ടില്‍ കെസിവൈഎം പ്രതിഷേധം
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം താമരശേരി രൂപത സമിതിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ പ്രകടനവും റോഡ് ഉപരോധസമരവും നടത്തി. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍ അധ്യക്ഷത വഹിച്ചു.
പാലാട്ടില്‍ അബ്രഹാമിന്റെ മരണത്തില്‍ താമരശ്ശേരി രൂപതയുടെ ദുഃഖവും വേദനയും കൂരാച്ചുണ്ട് ഫൊറോന വികാരിയായ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ രേഖപ്പെടുത്തി. വന്യമൃഗശല്യത്തിന് പരിഹാരം കാണാതെ വോട്ടുചോദിച്ചുകൊണ്ട് ആരും ഇവിടേക്ക് വരേണ്ടതില്ലെന്നും ആളുകള്‍ കൊല്ലപ്പെട്ടാലും തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്ന് ചിന്തിക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളതെന്നും ഫാ. വിന്‍സെന്റ് പറഞ്ഞു.
”കാട്ടുപോത്തും പന്നിയും ആനയുമൊന്നും നിങ്ങള്‍ക്ക് വോട്ടുതരില്ല. മലയോര കര്‍ഷകനാണ് ഇവിടെ വോട്ടുള്ളതെന്ന് നേതാക്കള്‍ മറക്കരുത്. വനം കണ്ടിട്ടില്ലാത്ത വനം മന്ത്രി രാജിവയ്ക്കണം. മലയോര മണ്ണില്‍ ഇനിയൊരാളുപോലും വന്യമൃഗങ്ങളുടെ അക്രമണത്തില്‍ കൊല്ലപ്പെടാന്‍ പാടില്ല. അതിന് ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണ്. പൊതുസമര പരിപാടികളുമായി മുന്നോട്ടു പോകും. മരിച്ച കര്‍ഷന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാ. ജോയല്‍ കുമ്പുക്കല്‍, കെസിവൈഎം രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍, സംസ്ഥാന സിന്‍ഡിക്കേറ്റംഗം അഭിലാഷ് കുടിപ്പാറ, രൂപത സെക്രട്ടറി ജോയല്‍ ആന്റണി, അബിന്‍ ആന്‍ഡ്രൂസ്, കെ. വി. ഡെന്നി, സെബിന്‍ പാഴുക്കുന്നേല്‍, നോഹല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
‘ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ച് ഇറങ്ങിപ്പോകൂ’- ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയായിരിക്കെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത. വന്യമൃഗങ്ങളില്‍ നിന്നു കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നും ഇത് സാംസ്‌ക്കാരിക കേരളമാണെന്നു പറയാന്‍ ലജ്ജ തോന്നുന്നുവെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രതികരിച്ചു. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ബിഷപ്.
‘മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതി രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ കുട്ടികളെ എങ്ങനെ സ്‌കൂളിലേക്ക് പറഞ്ഞു വിടും? കൃഷിയിടത്തില്‍ എന്തു ധൈര്യത്തിലാണ് ജോലി ചെയ്യുക? മനുഷ്യ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കിയേ മതിയാകൂ.” – ബിഷപ് പറഞ്ഞു.
മാര്‍ച്ച് 6: വിശുദ്ധ കോളെറ്റ് കന്യക
1381 ജനുവരി 13-ന് പിക്കാര്‍ഡിയില്‍ ഒരു തച്ചന്റെ മകളായി കോളെറ്റ് ജനിച്ചു. ബാല്യം മുതല്‍ക്കേ അവള്‍ സന്യാസത്തോട് അത്യന്തം താല്‍പര്യം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്ന് ഏകാകിനിയായി പിക്കാര്‍ഡിയിലെ ദൈവാലയത്തിനരികെ ഒരു കുടിലില്‍ താമസിച്ചു.
താദൃശ സന്യാസ ജീവിതത്തിന്റെ കാലം കഴിഞ്ഞുവെന്ന് കണ്ട് കോളെറ്റ് പൂവര്‍ ക്ലെയേഴ്‌സിന്റെ സഭയില്‍ ചേര്‍ന്നു. മാത്രമല്ല വിശുദ്ധ ഫ്രാന്‍സിസ് അസീസി അവള്‍ക്കു പ്രത്യക്ഷപ്പെട്ട് പൂവര്‍ ക്ലെയേഴ്‌സിന്റെ സഭ നവീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കരുതപ്പെടുന്നു.
സ്‌പെയിനിലെ മഠങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസ് നല്‍കിയ നിയമങ്ങളാണ് അനുസരിച്ചിരുന്നത്. പിശാച് അവളെ അങ്ങേയറ്റം പരീക്ഷിച്ചിരുന്നുവെങ്കിലും പ്രാഥമിക നിയമങ്ങളുടെ കാര്‍ക്കശ്യത്തിന് യാതൊരു കുറവും വരുത്താതെ കോളെറ്റ് അനുസരിച്ചുപോന്നു. ഭയങ്കരമായി പരീക്ഷണങ്ങളെയെല്ലാം ജയിച്ച് 1447 മാര്‍ച്ച് 6-ാം തിയതി കോളെറ്റ് ഭാഗ്യമരണം പ്രാപിച്ചു.
മാര്‍ച്ച് 5: വിശുദ്ധ അഡ്രിയന്‍ രക്തസാക്ഷി
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദന നാളുകളില്‍ പലസ്തീനായിലെ ഗവര്‍ണര്‍ രക്തകൊതിയനായ ഫിര്‍മിലിയനായിരുന്നു. അക്കാലത്ത് മഗാന്‍സിയായില്‍ നിന്ന് അഡ്രിയന്‍, എവൂബുലൂസു തുടങ്ങിയ കുറേപേര്‍ സേസരെയായിലെ വിശുദ്ധരെ വണങ്ങാന്‍ പുറപ്പെടുകയുണ്ടായി. നഗരവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവരുടെ യാത്രാലക്ഷ്യം സംബന്ധിച്ച് ചോദ്യമുണ്ടായി. അവര്‍ ഒന്നും മറച്ചുവച്ചില്ല. തല്‍ക്ഷണം അവരെ പ്രസിഡന്റിന്റെ അടുക്കലേക്ക് ആനയിക്കുകയും അവരെ മര്‍ദ്ദിക്കുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു.
ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് അവരുടെ വയറു കീറിയ ശേഷം വന്യമൃഗങ്ങള്‍ക്ക് അവരെ സമര്‍പ്പിക്കുകയാണ് ചെയ്തത്. രണ്ടാം ദിവസം സേസരിയായില്‍ ഒരു ഉത്സവമുണ്ടായിരുന്നു അന്ന് അഡ്രിയാനെ ഒരു സിംഹത്തിന് ഇട്ടുകൊടുത്തു. സിംഹം സ്വല്‍പം കടിച്ചു കീറിയതല്ലാതെ കൊന്നില്ല. തന്നിമിത്തം ഒരു വാളുകൊണ്ട് പടയാളികള്‍ അഡ്രിയാനെ വധിച്ചു.
മാര്‍ച്ച് 4: വിശുദ്ധ കാസിമീര്‍
പോളണ്ടിലെ രാജാവായിരുന്ന കാസിമീര്‍ തൃതീയന്റെയും ഓസ്ട്രിയായിലെ എലിസബത്തുരാജകുമാരിയുടെയും 13 മക്കളില്‍ മൂന്നാമത്തെ ആളാണ് കാസിമീര്‍ രാജകുമാരന്‍. കുമാരനെ പഠിപ്പിച്ചിരുന്ന കാനണ്‍ ജോണ്‍ പുഗ്‌ളോസാ ബാലനില്‍ ദൈവഭക്തിയും പ്രാര്‍ത്ഥനാശീലവും പ്രായശ്ചിത്ത തീഷ്ണതയും വളര്‍ത്തി.
കൊട്ടാരത്തിലെ സുഖജീവിതം പരിത്യജിച്ച് പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും കാസിമീര്‍ ആനന്ദം കൊണ്ടു. ശയ്യ തറയില്‍ തന്നെ. രാത്രി കുറേയേറെ സമയം പ്രാര്‍ത്ഥനയിലും പീഡാനുഭവ ധ്യാനത്തിലുമാണ് ചെലവഴിച്ചിരുന്നത്. രാവിലെ ദൈവാലയത്തില്‍ സന്യാസികളുടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു.
പീഡാനുഭവധ്യാനം അദ്ദേഹത്തിന്റെ കണ്ണുകളെ നനയ്ക്കുക പതിവായിരുന്നു. ദൈവമാതാവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തി അന്യാദൃശ്യമായിരുന്നു. പല വിവാഹാലോചനകള്‍ ഉണ്ടായെങ്കിലും അദ്ദേഹം ബ്രഹ്മചാരിയായിത്തന്നെ തുടര്‍ന്നു. അചിരേണ ക്ഷയരോഗം പിടിപ്പെടുകയും 25-ാമത്തെ വയസില്‍ മരിക്കുകയും ചെയ്തു. നീര്‍പോള പോലെയുള്ള ലോക സന്തോഷങ്ങള്‍ വെട്ടിത്തിളങ്ങും. അവ മായയാണെന്ന് മനസിലാക്കുവാന്‍ കഴിയുന്നവര്‍ ആദ്ധ്യാത്മിക ജീവിതത്തില്‍ പുരോഗമിക്കുന്നു.