ഈസ്റ്റര്‍ ആഘോഷം ഇങ്ങനെയും

ഈസ്റ്റര്‍ ആഘോഷവുമായി ബന്ധപ്പെട്ട് രസകരമായ പല ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ട്. അവയെ പരിചയപ്പെടാം

സ്വീഡന്‍
വിശുദ്ധ വാരത്തില്‍ ദുര്‍മന്ത്രവാദികളെ അനുസ്മരിപ്പിക്കുന്ന വിധം വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ അയല്‍ വീടുകള്‍ കയറിയിറങ്ങും. ചിത്രങ്ങളും പെയിന്റിങുകളും മറ്റും വില്‍ക്കുകയാണ് ഊരുചുറ്റലിന്റെ ലക്ഷ്യം. പണത്തിനു പകരം മിഠായികളാണ് കുട്ടികള്‍ക്ക് വിലയായി ലഭിക്കുക.

അമേരിക്ക
വൈറ്റ് ഹൗസിലെ തെക്കേ മൈതാനത്ത് കുട്ടികള്‍ക്കായുള്ള ഈസ്റ്റര്‍ എഗ്ഗ് മത്സരങ്ങള്‍ നടത്തിവരുന്നു. പുഴുങ്ങിയ മുട്ടയില്‍ ചായം തേച്ച് വലിയ സ്പൂണിന്റെ സഹായത്തോടെ പച്ചപ്പുല്‍മൈതാനത്തിലൂടെ ഉരുട്ടി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയെന്നതാണ് ഒരു മത്സരം. ഓരോ വര്‍ഷവും ഒരു പ്രത്യേക തീം നിശ്ചയിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.

നോര്‍വെ
ഈസ്റ്റര്‍ അവധിക്കാലം നോര്‍വെക്കാര്‍ക്ക് ക്രൈം നോവലുകള്‍ വായിക്കാനുള്ള സമയമാണ്. ഈസ്റ്ററിനോടനുബന്ധിച്ച് പ്രത്യേക ക്രൈം ത്രില്ലര്‍ നോവലുകള്‍ പ്രസാധകര്‍ വിപണിയിലെത്തിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഇത്തരം ഒരു പതിവ് നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു.

ഫ്രാന്‍സ്
ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച ഫ്രാന്‍സിലെ പടിഞ്ഞാറന്‍ നഗരമായ ഹോക്‌സില്‍ 4,500 മുട്ടകള്‍ കൊണ്ടുള്ള ഭീമന്‍ ഓംലറ്റ് പാകം ചെയ്യും. നഗരത്തിലുള്ളവരെല്ലാം ഓംലറ്റ് രുചിക്കും. ഒരിക്കല്‍ നെപ്പോളിയനും സൈന്യവും ഇവിടെ എത്തിയെന്നും ഓംലറ്റ് കഴിച്ച നെപ്പോളിയന്‍ രുചിയില്‍ മതിമറന്ന് സൈന്യത്തിനായി കൂറ്റന്‍ ഓംലറ്റ് ഉണ്ടാക്കുവാന്‍ ഉത്തരവിട്ടെന്നുമുള്ള കഥയുടെ ചുവടു പിടിച്ചാണ് ഇത്തരമൊരു ആഘോഷം.

പോളണ്ട്
ബക്കറ്റില്‍ വെള്ളം നിറച്ച് പരസ്പരം വെള്ളം ചീറ്റിത്തെറിപ്പിച്ച് നനയ്ക്കുകയാണ് ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ചത്തെ പ്രധാന പരിപാടി. എഡി 966-ല്‍ ജീവിച്ചിരുന്ന പോളിഷ് രാജകുമാരന്റെ മാമോദീസയുമായി ബന്ധപ്പെട്ടാണ് ഈ വെള്ളം കളി ആചാരം തുടങ്ങിയതെന്ന് പറയപ്പെടുന്നു.

മാര്‍ച്ച് 28: പെസഹാ വ്യാഴാഴ്ച

സംഹാരദൂതന്‍ ഈജിപ്തുകാരുടെ കടിഞ്ഞൂല്‍പുത്രന്മാരെ വധിക്കുകയും യഹൂദരുടെ വീടുകളില്‍ യാതൊരു നാശവും ചെയ്യാതെ കടന്നുപോകുകയും ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് പെസഹാ തിരുനാള്‍ പഴയനിയമത്തില്‍ ആചരിച്ചിരുന്നത്. ആ തിരുനാള്‍ദിവസം എല്ലാ യഹൂദ കുടുംബങ്ങളും ഒരാടിനെ കൊന്നു പെസഹാ ഭക്ഷിച്ചിരുന്നു. ഈശോ തന്റെ മരണത്തിന്റെ തലേദിവസം വൈകുന്നേരം വിശാലമായ ഒരു മുറിയില്‍ വച്ച് തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും ശ്ലീഹന്മാരോടുകൂടെ പെസഹാ ഭക്ഷിക്കുകയും ചെയ്തു. വിശുദ്ധ ജോണ്‍ മാര്‍ക്കിന്റെ വീട്ടിലെ ഒരു മുറിയായിരുന്നു അതെന്ന് പറയുന്നുണ്ട്.

പാദപ്രക്ഷാളന കര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ആദ്യത്തെ പ്രഭണിതം (Antiphona) ഒരു പുതിയ കല്പന ഞാന്‍ തരുന്നു. (Manda-tum novum do vobis) എന്നാണ്. ‘മന്താത്തും’ എന്ന ആദ്യത്തെ വാക്കാണ് പെസഹാ വ്യാഴാഴ്ചയ്ക്ക് ഇംഗ്‌ളീഷില്‍ മോണ്ടി തേഴ്സ്ഡെ (Maundy Thursday) എന്ന വാക്കിന് നിദാനമായത്. നമ്മുടെ കര്‍ത്താവും ഗുരുവുമായ ഈശോ തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നമ്മളും പരസ്പരം കാലുകഴുകാന്‍ അതായത് വിനയപൂര്‍വ്വം പരസ്പരം സ്‌നേഹിക്കാന്‍ എത്രമാത്രം കടപ്പെട്ടിട്ടുണ്ട്.

അന്നത്തെ അത്താഴത്തിനു മുഖവുരയായി ഈശോ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും ‘എന്റെ പീഡാനുഭവത്തിന് മുമ്പ് നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചിരുന്നു. ദൈവരാജ്യത്തില്‍ ഇതിന്റെ പൂര്‍ത്തീകരണം ഉണ്ടാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കുകയില്ലെന്നു നിങ്ങളോടു പറയുന്നു’ (ലൂക്കാ 22: 15-18). അനന്തരം അവിടുന്ന് വിശുദ്ധ കുര്‍ബാന സ്ഥാപിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി.

പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങളാണ് വിശുദ്ധവാരത്തില്‍ ആദ്യം റോമയില്‍ അനുഷ്ഠിക്കാന്‍ തുടങ്ങിയത്. പെസഹാ വ്യാഴാഴ്ച രണ്ടു വലിയ ഓസ്തി കൂദാശ ചെയ്യുന്നതും കുര്‍ബാനയുടെ പ്രദക്ഷിണവും വളരെ പഴക്കമുള്ള തിരുക്കര്‍മ്മങ്ങളാണ്.

മാര്‍ച്ച് 27: ഈജിപ്തിലെ വിശുദ്ധ ജോണ്‍

ഈജിപ്തില്‍ ഒരു തച്ചന്റെ മകനായി ജോണ്‍ ജനിച്ചു. 25-ാം വയസ്സില്‍ അയാള്‍ ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് ഒരു സന്യാസിയുടെ കീഴില്‍ അസാധാരണമായ വിനയത്തോടും അനുസരണയോടും കൂടെ ജീവിച്ചു. പല മൂഢമായ പ്രവൃത്തികളും തന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം അവന്‍ ചെയ്തുകൊണ്ടിരുന്നു. ഒരു ഉണങ്ങിയ കമ്പ് പച്ചച്ചെടിയെന്നപോലെ ഒരു വര്‍ഷം സ്ഥിരമായി നനച്ചു. ഈ അനുസരണപ്രവൃത്തികള്‍ക്കൊണ്ട് അനന്തരകാലത്ത് ജോണിന് വിശിഷ്ടാനുഗ്രഹങ്ങള്‍ ലഭിച്ചു.

നാല്‍പതു വയസ്സുള്ളപ്പോള്‍ ലിക്കൊപ്പോളിസില്‍ ഒരു ഉയര്‍ന്ന പാറയുടെ മുകളില്‍ കയറി ഒരു കൊച്ച് അറ അദ്ദേഹത്തിന്റെ താമസത്തിനായി തിരിച്ചെടുത്തു. ആഴ്ചയില്‍ അഞ്ചു ദിവസം അദ്ദേഹം ദൈവത്തോടുള്ള സംഭാഷണത്തില്‍ കഴിച്ചുകൂട്ടിയിരുന്നു. ശനിയും ഞായറും പുരുഷന്മാര്‍ക്ക് ആദ്ധ്യാത്മിക ഉപദേശങ്ങള്‍ നല്‍കിവന്നു. സൂര്യാസ്തമനംവരെ ഒന്നും ഭക്ഷിച്ചിരുന്നില്ല. അതിനു ശേഷമാണെങ്കിലും വളരെ കുറച്ചുമാത്രം. ഇങ്ങനെ 42-ാമത്തെ വയസ്സുമുതല്‍ 90-ാമത്തെ വയസ്സുവരെ ജീവിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നിരുന്നവര്‍ക്ക് താമസിക്കാന്‍ ഒരാശുപത്രി അദ്ദേഹം പണിയിച്ചു. അനേകരെ അത്ഭുതകരമാം വിധം അദ്ദേഹം സുഖപ്പെടുത്തി. പലരുടേയും ഹൃദയരഹസ്യങ്ങള്‍ അദ്ദേഹത്തിനു വെളിപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. സ്വേച്ഛാധിപതിയായ മാക്സിമസ്സിനെ രക്തം ചിന്താതെ തെയോഡോഷ്യസു ചക്രവര്‍ത്തി പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പ്രവചിച്ചു.

ജീവചരിത്രകാരന്മാര്‍ വിശുദ്ധ ജോണ്‍ ചെയ്തിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ വിവരിക്കുന്നുണ്ട്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അത്ഭുതപ്രവര്‍ത്തനവരം സിദ്ധിക്കുമെന്ന് വിശുദ്ധ ജോണിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

രുചികരമായ പെസഹാ വിഭവങ്ങള്‍ തയ്യാറാക്കാം

സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മാത്രമുള്ളതും, അവര്‍ നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതുമായ ഒരു അനുഷ്ഠാനമാണ് പെസഹാ അപ്പം മുറിക്കല്‍. ഇതിനായി വിഭവങ്ങള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

ഇന്‍ഡറിയപ്പം

ചേരുവകള്‍
1. അരിപ്പൊടി വറുത്തത്- നാലു ഗ്ലാസ്
2. ഉഴുന്ന്- ഒരു ഗ്ലാസ്
3. തേങ്ങ – നാല്
4. വെളുത്തുള്ളി, ചുവന്നുള്ളി – അരച്ചെടുത്തത് പാകത്തിന്
5. ജീരകം- പാകത്തിന് അരച്ചെടുത്തത്

പാചകം ചെയ്യുന്ന വിധം
തേങ്ങ മിക്‌സിയില്‍ ഒതുക്കിയെടുക്കുക. വറുത്ത അരിപ്പൊടി ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. അരച്ചെടുത്ത വെളുത്തുള്ളിയും ജീരകവും തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് അരിപ്പൊടി കുഴച്ചതില്‍ ചേര്‍ത്തിളക്കി മയം വരുത്തിയ ശേഷം വെളുത്തുള്ളിയുടെ രുചി വരത്തക്കവിധം ചേര്‍ത്ത് വാഴയിലയില്‍ പരത്തി മടക്കിയെടുത്ത് അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കാവുന്നതാണ്.

കുരിശപ്പം

കുരിശപ്പം തയ്യാറാക്കാന്‍ ഇന്‍ട്രി അപ്പത്തിനു പാകപ്പെടുത്തി വച്ചിരിക്കുന്നതില്‍ നിന്നും ഒരു ഭാഗം പൊടി
കുഴച്ചത് നല്ല സ്റ്റീല്‍ പ്ലെയിറ്റിലോ, വാഴയിലയിലോ പാകത്തിന് വലിപ്പത്തില്‍ എടുത്ത് അപ്പചെമ്പില്‍ വേവിച്ചെടുക്കുക. കുരിശാകൃതിയില്‍ കുരുത്തോല മുറിച്ചെടുത്ത് ഈ അപ്പത്തിന്റെ നടുവില്‍വെക്കണം.

വട്ടയപ്പം

ചേരുവകള്‍
1. അരി-ഒരു കിലോ
2. പഞ്ചസാര-500 ഗ്രാം
3. ചോറ് -ഒരു ഗ്ലാസ്
4. യീസ്റ്റ് -അര സ്പൂണ്‍
5. ഏലക്ക -ആവശ്യത്തിന്
6. തേങ്ങാപ്പാല്‍- ഒന്നര തേങ്ങ

പാചകം ചെയ്യുന്ന വിധം
അരി വെള്ളത്തിലിട്ട് 2 മണിക്കൂര്‍ കുതിര്‍ന്ന ശേഷം കഴുകി അരിപ്പയില്‍ വാരി വെക്കുക. അരി, ചോറ്, ഏലക്ക ഇവ മൂന്നും കൂടി തേങ്ങാപ്പാലില്‍ നന്നായി അരച്ചെടുക്കുക. (വെള്ളം അധികമാകാന്‍ പാടില്ല). അരച്ച മാവിലേക്ക് പഞ്ചസാര, ഉപ്പ്, യീസ്റ്റ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി വെക്കുക. മാവ് പൊന്തി വന്നതിനു ശേഷം നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞ് അപ്പചെമ്പില്‍ പുഴുങ്ങി എടുക്കാവുന്നതാണ്.

പെസഹാ പാല്‍

പത്ത് ഗ്ലാസ് പാല്‍ തയ്യാറാക്കുന്നതിനായി 2തേങ്ങ ചിരകിയെടുത്ത് പാല്‍ പിഴിഞ്ഞ്, അരിച്ചെടുത്ത് ശര്‍ക്കര ഉരുക്കിയത്, ജീരകം, ചുക്ക് അരച്ചത് ഇവ ഒരുമിച്ച് യോജിപ്പിച്ച് തിളപ്പിക്കുക. കൊഴുപ്പു കൂടുവാന്‍ അല്‍പം അരിപ്പൊടിയും ചേര്‍ക്കാവുന്നതാണ്.

മാര്‍ച്ച് 24: ഓശാന ഞായര്‍

ലാസറിന്റെ ഉയിര്‍പ്പിനുശേഷം ഈശോ ജറുസലേം ദൈവാലയം സന്ദര്‍ശിച്ചു. ഒരു കഴുതയുടെ പുറത്ത് വെളളത്തുണി വിരിച്ച് ഈശോ അതിന്മേലിരുന്നു. പുരുഷാരം ഓലിവുശാഖകള്‍ കൈയില്‍പിടിച്ചു ‘ദാവീദിന്‍ സുതന് ഓശാനാ, ദൈവത്തിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാകുന്നു.’ ഈ ഓശാനവിളി രസിക്കാഞ്ഞ ഫരിസേയര്‍ അതു നിറുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഇവര്‍ മൗനം അവലംബിച്ചാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ പറയുന്നു’ (ലൂക്കാ 19: 40) എന്ന് ഈശോ അരുള്‍ചെയ്തു. അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ മേലങ്കി വഴിയില്‍ വിരിച്ചു. നാം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മുടെ കഴുതയാകുന്ന ഹൃദയത്തില്‍ വരപ്രസാദമാകുന്ന വെള്ളവസ്ത്രം സ്വീകരിച്ച്, എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, ദാവീദിന്‍ സുതന് ഓശാന എന്നു മനസ്സുകൊണ്ട് പറയുന്നുണ്ടോ?

ഓശാന ഞായറാഴ്ച കുരുത്തോല ഞായറാഴ്ച എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കുരുത്തോല (Palm Leaf) സന്തോഷവും മരണത്തിന്മേലുള്ള വിജയവും സൂചിപ്പിക്കുന്നു. കുരുത്തോല ഇല്ലാത്തിടങ്ങളില്‍ പച്ചയിലകളും പുഷ്പങ്ങളും റിബ്ബണ്‍ വടിയില്‍ കെട്ടിയും അന്നത്തെ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്നു.

കുരുത്തോല വെഞ്ചരിപ്പ് ജെറുസലേമില്‍ നാലാം ശതാബ്ദത്തില്‍ ആരംഭിച്ചു. ദാവീദിന്റെ പുത്രന് ഓശാന എന്ന് വിളിച്ച ജനമാണ് ആറു ദിവസങ്ങള്‍ക്ക് ശേഷം അവിടുത്തെ തള്ളി ബറാബ്ബാസിനെ തിരഞ്ഞെടുത്തതും അവനെ കുരിശില്‍ തറയ്ക്കുവിന്‍ എന്ന് ആര്‍ത്തു വിളിച്ചതും.

മാര്‍ച്ച് 26: വിശുദ്ധ ലുഡ്ഗെര്‍

ഇന്നു ജര്‍മ്മനിയുടെ ഒരു ഭാഗമായ ഫ്രീസ്ലന്ററില്‍ 743-ല്‍ ലൂഡ്ഗെര്‍ ജനിച്ചു. വിശുദ്ധ ബോനിഫസ്സിന്റെ ശിഷ്യനായ വിശുദ്ധ ഗ്രിഗറിയുടെ ശിക്ഷണത്തിലാണ് ലുഡ്ഗെര്‍ വളര്‍ന്നുവന്നത്. കുട്ടിയുടെ ആധ്യാത്മിക പുരോഗതി കണ്ട് വിശുദ്ധ ഗ്രിഗറി അവന് ആസ്തപ്പാടു പട്ടം നല്കി. നാലരവര്‍ഷം ഇംഗ്‌ളണ്ടില്‍ അല്‍ കൂയിന്റെ കീഴിലും അദ്ധ്യയനം ചെയ്തു. ഭക്താഭ്യാസങ്ങളിലും വിശുദ്ധ ഗ്രന്ഥപഠനത്തിലും സഭാപിതാക്കന്മാരുടെ കൃതികള്‍ പാരായണം ചെയ്യുന്നതിലുമായിരുന്നു യുവാവായ ലുഡ്ഗെറിന്റെ ശ്രദ്ധ.

ലൂഡ്ഗെര്‍ പിന്നീട് ഇംഗ്ലണ്ടിലേക്കു തിരിച്ചുവന്നു പൗരോഹിത്യം സ്വീകരിച്ചു. വൈദികനെന്ന നിലയില്‍ അനേകരെ മാനസാന്തരപ്പെടുത്താനും പല ആശ്രമങ്ങള്‍ സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 802-ല്‍ അദ്ദേഹം മുണ്‍സ്റ്റെറിലെ മെത്രാനായി.

മെത്രാനായശേഷവും ഉപവാസവും ജാഗരണവും കുറയാതെ അഭ്യസിച്ചു. രഹസ്യമായി അദ്ദേഹം ധരിച്ചിരുന്ന രോമവസ്ത്രത്തെപ്പറ്റി മരണത്തിനു സ്വല്പം മുമ്പേ പരിചിതര്‍ക്കുപോലും അറിവുണ്ടായിരുന്നുള്ളു. വേദ പുസ്തകം വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ദരിദ്രരോട് സ്‌നേഹവും ധനികരോട് ദൃഢതയും അദ്ദേഹംപ്രകാശിപ്പിച്ചിരുന്നു.

പ്രാര്‍ത്ഥനകളുടേയും തിരുക്കര്‍മ്മങ്ങളുടേയും സമയത്ത് പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രാര്‍ത്ഥനാസമയത്ത് മറ്റുകാര്യങ്ങളില്‍ തലയിടുന്ന വൈദികരെ അദ്ദേഹം ശാസിക്കുമായിരുന്നു. പീഡാനുഭവ ഞായറാഴ്ച പാതിരാത്രിക്കാണ് ബിഷപ്പു മരിച്ചത്. അന്നു രാവിലെ അദ്ദേഹം പ്രസംഗിക്കുകയും 9 മണിക്ക് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. മരണസമയം അദ്ദേഹം മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്.

പുത്തന്‍പാന ആലാപന മത്സരം: ചേവായൂര്‍ സെന്റ് ജോണ്‍സ് കുടുംബ കൂട്ടായ്മ ഒന്നാമത്

താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബ കൂട്ടായ്മകള്‍ക്കു വേണ്ടി സംഘടിപ്പിച്ച പുത്തന്‍പാന ആലാപന മത്സരത്തില്‍ ചേവായൂര്‍ സെന്റ് ജോണ്‍സ് കുടുംബ കൂട്ടായ്മ ഒന്നാം സ്ഥാനം നേടി. മഞ്ചേരി സെന്റ് ജോസഫ്‌സ്, പുല്ലൂരാംപാറ സെന്റ് പോള്‍സ് കൂട്ടായ്മകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും പുത്തന്‍ പാനയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ച ഗ്രന്ഥകാരനുമായ എഫ്. ആന്റണി പുത്തൂര്‍ മാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റോസമ്മ പുല്ലാട്ട് മെമ്മോറിയല്‍ ട്രോഫിയും 7000 രൂപയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ത്രേസ്യാമ്മ കോലാട്ടുവെളിയില്‍ മെമ്മോറിയല്‍ ട്രോഫിയും 5000 രൂപയും. മൂന്നാം സമ്മാനം റവ. ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വോസ് ട്രസ്റ്റ് മെമ്മോറിയല്‍ ട്രോഫിയും 3000 രൂപയും.

മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 12 ടീമുകളിലായി നൂറോളം പേര്‍ പങ്കെടുത്തു. താമരശ്ശേരി രൂപതാ ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍, പിഎംഒസി അസി. ഡയറക്ടര്‍ ഫാ. മാറ്റസ് കോരംകോട്ട്, റിജോ കൂത്രപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ച്ച് 25: മംഗളവാര്‍ത്ത തിരുനാള്‍

ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൊവാക്കിമിന്റേയും അന്നയുടേയും മകള്‍ മറിയത്തില്‍ നിന്ന് പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനായ പുത്രന്‍ തമ്പുരാന്‍ മനുഷ്യാവതാരം ചെയ്യുമെന്ന സന്ദേശമാണ് ഇന്നത്തെ തിരുനാളിന്റെ അടിസ്ഥാനം. ഗബ്രിയേല്‍ ദൈവദൂതന്‍ കന്യകാമറിയത്തെ സമീപിച്ച് അഭിവാദനം ചെയ്തു. ‘നന്മനിറഞ്ഞവളേ, സ്വസ്തി സ്ത്രീകളില്‍ അനുഗൃഹീതേ കര്‍ത്താവ് നിന്നോടുകൂടെ.’ ദൈവദൂതന്റെ വാക്കുകള്‍ കേട്ട് അവള്‍ അസ്വസ്ഥയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു കൊണ്ടിരുന്നു. അപ്പോള്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു: ‘മറിയമേ ഭയപ്പടേണ്ട, ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ശിശുവിന് ഈശോ എന്ന് പേരിടണം. അവിടുന്ന് മഹാനാ യിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. ദൈവമായ കര്‍ത്താവ് പിതാവായ ദാവീദിന്റെ സിംഹാസനം അവിടുത്തേക്കു നല്‍കും, യാക്കോബിന്റെ ഗോത്രത്തില്‍ അവിടുന്ന് എന്നെന്നേക്കും രാജാവായി വാഴും. അവിടുത്തെ രാജ്യത്തിന് അന്ത്യമില്ലായിരിക്കും.’

അപ്പോള്‍ മറിയം ദൈവദൂതനോട് ചോദിച്ചു ‘ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.’ ദൈവദൂതന്‍ പ്രതിവചിച്ചു: ‘പരിശുദ്ധാത്മാവ് നിന്റെമേല്‍ എഴുന്നെള്ളും. അത്യുന്നതന്റെ ശക്തി നിന്റെമേല്‍ പ്രവര്‍ത്തിക്കും. തന്നിമിത്തം നിന്നില്‍നിന്നുത്ഭവിക്കുന്ന പരിശുദ്ധന്‍ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും. ഇതാ നിന്റെ ചാര്‍ച്ചക്കാരിയായ എലിസബത്ത് വാര്‍ദധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്ന് അറിയപ്പെട്ടിരുന്നവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ.’

ഉടനെ മറിയം പ്രതിവചിച്ചു: ‘ഇതാ കര്‍ത്താവിന്റെ ദാസി! അങ്ങ് പറഞ്ഞതുപോലെ എന്നില്‍ സംഭവിക്കട്ടെ.’ അത്യുന്നതമായ ദൈവമാതൃസ്ഥാനം മറിയം അഗാധമായ എളിമയോടെ സ്വീകരിച്ചതു ധ്യാനിക്കാം. സന്തോഷത്തിലും സങ്കടത്തിലും ദൈവ തിരുമനസ്സിന് കീഴ്്‌വഴങ്ങുവാന്‍ നമുക്ക് സന്നദ്ധരാകാം.

വിശ്വാസദീപ്തിയില്‍ കുളത്തുവയല്‍ തീര്‍ത്ഥാടനം

ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിച്ചും യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രത്യേക നിയോഗമായി സമര്‍പ്പിച്ചും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടത്തിയ കുളത്തുവയല്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് 35 കിലോമീറ്ററുകളോളം നീളുന്ന തീര്‍ത്ഥയാത്രയില്‍ വൈദികരും സന്യസ്തരും നിരവധി വിശ്വാസികളും പങ്കുചേര്‍ന്നു.

ഒരു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. നാല്‍പതാം വെള്ളി സന്ദേശം താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പങ്കുവച്ചു. ‘നമ്മുടെ വേദനകളുടെ വഴിയെ നമുക്ക് മുമ്പേ സഞ്ചരിച്ചവനാണ് യേശു. ജീവിത സഹനങ്ങളെ എങ്ങനെ നേരിടണമെന്ന് യേശു സ്വജീവിതത്തിലൂടെ കാട്ടിത്തന്നു. സഹനത്തിന്റെ വില ദൈവത്തിന്റെ മുമ്പിലുള്ള ഉയര്‍ത്തപ്പെടലാണ്. വ്യക്തികള്‍ ഇന്ന് ഇലക്ട്രോണിക്കിലി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ, സൈക്കോളജിക്കലി വളരെ അകലത്തിലാണ്. ഊഷ്മളമായ വ്യക്തിബന്ധങ്ങളിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണ്.” മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു.

മോണ്‍. അബ്രഹാം വയലില്‍, രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ എന്നിവര്‍ തീര്‍ത്ഥാടത്തിന് നേതൃത്വം നല്‍കി.

കട്ടിപ്പാറ വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, തലയാട് വികാരി ഫാ. സായി പാറന്‍കുളങ്ങര, കല്ലാനോട് വികാരി ഫാ. ജിനോ ചുണ്ടയില്‍, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ അതതു കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തു.

മാര്‍ച്ച് 21-ന് രാത്രി 10-ന് താമരശ്ശേരി കത്തീഡ്രലില്‍ നിന്നാണ് തീര്‍ത്ഥാടനം ആരംഭിച്ചത്. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടി കുളത്തുവയലില്‍ എത്തിയത്.

മാര്‍ച്ച് 23: മോഗ്രോവേയോയിലെ ടൂറീബിയൂസ് മെത്രാന്‍

സ്‌പെയിനില്‍ മോഗ്രോവേയോ എന്ന സ്ഥലത്ത് 1538 നവംബര്‍ ആറിന് ടൂറീബിയൂസ് ജനിച്ചു. ഭക്തകൃത്യങ്ങള്‍ പാരമ്പര്യമെന്നവണ്ണം അനുഷ്ഠിച്ചു വന്നിരുന്ന കുടുംബത്തില്‍ വളര്‍ന്നു വന്ന ബാലന്‍ സകലര്‍ക്കും ഒരു മാതൃകയായിരുന്നു. ഒഴിവുസമയമെല്ലാം അവന്‍ ഭക്തകൃത്യങ്ങള്‍ക്കോ ദരിദ്രസേവനത്തിനോ ആണ് വിനിയോഗിച്ചിരുന്നത്. അനുപമമായിരുന്നു ജീവിത തപസ്സ്, കാല്‍നടയായി വിദൂരതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. ഈ തപോജീവിതത്തിനിടയ്ക്ക് ടൂറീബിയൂസ് സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും പഠിച്ചു പ്രാവീണ്യം നേടിയിരുന്നു. ഇതു മനസ്സിലാക്കിയ ഭൂപതി ഫിലിപ്പ് വിതീയന്‍ അദ്ദേഹത്തെ ഗ്രാനഡായിലെ ന്യായാധിപനായി നിയമിച്ചു. പ്രസ്തുത ജോലിയിലിരിക്കുമ്പോഴാണ് അദ്ദേഹത്തെ തെക്കെഅമേരിക്കയില്‍ പെറു സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലീമായിലെ ആര്‍ച്ചു ബിഷപ്പായി നിയമിച്ചത്. ഈ ബഹുമതി ഉപേക്ഷിക്കാന്‍ അദ്ദേഹം വളരെ ഉത്സാഹിച്ചുവെങ്കിലും പരിശുദ്ധപിതാവ് അദ്ദേഹത്തോട് പട്ടവും മെത്രാഭിഷേകവും സ്വീകരിക്കാന്‍ ആജ്ഞാപിച്ചു. 1587-ല്‍ ടൂറീബിയൂസു ലിമായിലെത്തി ആര്‍ച്ചുബിഷപ്പിന്റെ ജോലികള്‍ ഏറ്റെടുത്തു.

ലീമാ നിവാസികള്‍ക്ക് പുതിയ ആര്‍ച്ചുബിഷപ് പുണ്യത്തിന്റെ ഒരു മാതൃകയായിരുന്നു. ദീര്‍ഘമായ ധ്യാനപ്രാര്‍ത്ഥനയ്ക്കുശേഷമാണ് അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചിരുന്നത്. ദിവസംതോറും പാപസങ്കീര്‍ത്തനം കഴിച്ചിരുന്നു. രൂപതയുടെ എല്ലാ ഭാഗങ്ങളും അദ്ദേഹം മൂന്നുപ്രാവശ്യം സന്ദര്‍ശിച്ചു ഒരു ലക്ഷത്തോളം കിലോമീറ്റര്‍ അദ്ദേഹം യാത്രചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. അനേകരെ ജ്ഞാനസ്നാനപ്പെടുത്താനും അനേകര്‍ക്ക് സ്ഥൈര്യലേപനം നല്‍കാനും ഈ യാത്രകള്‍ ഉപകരിച്ചു.

ദരിദ്രര്‍ക്ക് ധര്‍മ്മം നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭക്താഭ്യാസം രൂപതയില്‍ മൂന്നാമതു സന്ദര്‍ശനം നടത്തുമ്പോഴാണ് മരണകരമായ രോഗം പിടിപെട്ട് 1606 മാര്‍ച്ച് 23-ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്.

Exit mobile version