ഭീകരവാദത്തിനെതിരെ പോരാടുന്ന അസീറിയന്‍ ഓര്‍ത്തോഡോക്‌സ് ബിഷപ് അക്രമിക്കപ്പെട്ടു
വചനപ്രഘോഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമായ മാര്‍ മാരി ഇമ്മാനുവേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ്. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യവും ധാര്‍മ്മിക വിഷയങ്ങളില്‍ ക്രിസ്തീയത മുറുകെ പിടിച്ച് വചനം പ്രഘോഷണം നടത്തി ലോകശ്രദ്ധ നേടിയ വ്യക്തിയാണ് മാര്‍ മാരി ഇമ്മാനുവേല്‍. ഇസ്ലാമിക ഭീകരവാദത്തിനും ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കും ദയാവധത്തിനും എതിരെയും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.
സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. പള്ളിയില്‍ ശുശ്രൂഷ നടക്കുന്നതിനിടെ മാര്‍ മാരി ഇമ്മാനുവേലിനു നേരെ പാഞ്ഞടുത്ത അക്രമി തുരുതുരെ കുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി. ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. 16 വയസുകാരനാണ് അക്രമിയെന്ന് പൊലീസ് സ്ഥിതീകരിച്ചു.
ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന് തലയ്ക്കും ശരീരത്തിനും മര്‍ദ്ദനമേറ്റുവെന്നും പള്ളി വികാരി ഫാ. ഐസക് റോയലെയ്ക്കും പരിക്കുണ്ടെന്നും ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ചര്‍ച്ച് വൃത്തങ്ങള്‍ അറിയിച്ചു. കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിക്കുമേല്‍ കൈവച്ച് കര്‍ത്താവായ യേശുക്രിസ്തു താങ്കളെ രക്ഷിക്കട്ടെയെന്ന് ബിഷപ് മാര്‍ മാരി ഇമ്മാനുവേല്‍ പറഞ്ഞതായി ദൃസാക്ഷിയെ ഉദ്ധരിച്ച് ഫെയര്‍ ഫീല്‍ഡ് സിറ്റി ഡെപ്യൂട്ടി മേയര്‍ ചാള്‍ബെല്‍ സാലിബ പറഞ്ഞു.
പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് സിഡ്നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം നടന്നത്. ഇതിന്റെ നടുക്കം മാറുംമുന്‍പേയാണ് സിഡ്നിയിലെ ക്രിസ്ത്യന്‍ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.