ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 04

അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 11) പഠനവിഷയം ലൂക്ക 13, 14, 15 അധ്യായങ്ങള്‍.

അഞ്ചാമതു മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി പാലായില്‍

സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി ആഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ രൂപതയുടെ ആതിഥേയത്തത്തില്‍ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് അധ്യക്ഷനായുള്ള സഭ മുഴുവന്റെയും ആലോചനാ യോഗമാണിത്.

80 വയസില്‍ താഴെയുള്ള മെത്രാന്മാരും പുരോഹിത, സമര്‍പ്പിത, അല്‍മായ പ്രതിനിധികളുമടങ്ങിയ 360 അംഗങ്ങളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. ‘കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോ മലബാര്‍ സഭയില്‍’ എന്നതാണ് ഇത്തവണത്തെ പ്രമേയം.

വിശ്വാസ രൂപീകരണത്തിന്റെ നവീകരണം, സുവിശേഷ പ്രഘോഷണത്തിലെ അല്‍മായ പങ്കാളിത്തം, സീറോ മലബാര്‍ സമുദായ ശാക്തീകരണം എന്നീ വിഷയങ്ങളാണ് അസംബ്ലി ചര്‍ച്ച ചെയ്യുക.

അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, പാലാ രൂപതാ
ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.

അസംബ്ലിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു.

കേരളത്തില്‍ 9,993.7 ചതുരശ്ര കിലോമീറ്റര്‍പരിസ്ഥിതി ദുര്‍ബലം; കരട് വിജ്ഞാപനമിറങ്ങി

പശ്ചിമഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടലില്‍ വലിയ നാശമുണ്ടായ വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലാണ്.

ജൂലൈ 31-ന് പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസം സമയമുണ്ട്.

കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയാണ്. ഇത് ഇടുക്കി ജില്ലയുടെ രണ്ടുമടങ്ങ് വരും.

ഏറ്റവും കൂടുതല്‍ പരിസ്ഥിതി ദുര്‍ബല മേഖലയുള്ളത് കര്‍ണ്ണാടകയിലാണ് – 20,668 ചതുരശ്ര കി.മി. ഏറ്റവും കുറവ് ഗുജറാത്ത് – 449 ചതുരശ്ര കി.മി. മഹാരാഷ്ട്രയില്‍ 17,340 ചതുരശ്ര കിലോമീറ്ററും ഗോവയില്‍ 1,461 ചതുരശ്ര കിലോമീറ്ററും തമിഴ്‌നാട്ടില്‍ 6,914 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതി ദുര്‍ബല മേഖലയാണ്.

കരട് വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ക്വാറി, ഖനനം, മണല്‍ ഖനനം എന്നിവയ്ക്ക് പൂര്‍ണമായും നിരോധനമുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ അന്തിമ വിജ്ഞാപനം വന്നതിനു ശേഷം അഞ്ചുവര്‍ഷത്തിനുള്ളിലോ, നിലവിലെ കാലാവധി തീരുന്നതു വരെയോ പ്രവര്‍ത്തിക്കാം. താപവൈദ്യുതി നിലയങ്ങള്‍ ഈ പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ കഴിയില്ല. നിലവിലെ നിലയങ്ങള്‍ തല്‍സ്ഥിതി തുടരുമെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല.

വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ടൗണ്‍ഷിപ്പ് നിര്‍മാണവും ഇവിടെ അനുവദനീയമല്ല. നിലവിലെ കെട്ടിടങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിന് തടസ്സമില്ല.

ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണില്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

1.60 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് പശ്ചിമഘട്ടത്തിന്റെ വിസ്തീര്‍ണം. ചെങ്കുത്തായ മലനിരകളും നിത്യഹരിത വനങ്ങളുമാണ് പശ്ചിമ ഘട്ടത്തിന്റെ പ്രത്യേകത.

ആഗസ്‌ററ് 4: വിശുദ്ധ ജോണ്‍ വിയാനി

ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപമുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടേയും മരിയായുടേയും മകനായി ജോണ്‍ ജനിച്ചു. മാതാപിതാക്കന്മാര്‍ ഭക്തരായ കര്‍ഷകരായിരുന്നു. മതാഭ്യസനം മര്‍ദ്ദന വിധേയമായിരുന്ന കാലത്താണ് ജോണ്‍ വിയാനിയുടെ ബാല്യവും യൗവ്വനവും. രാത്രിയാണ് വൈദികര്‍ ഉപദേശവും മറ്റും നല്കിയിരുന്നത്. ആഗസ്‌ററ് 1 ജോണിന് 20 വയസ്സുള്ളപ്പോള്‍ ആബെ ബെയിലിയുടെ സ്‌ക്കൂളില്‍ അവന്‍ പഠനമാരംഭിച്ചു. ലത്തീന്‍ ജോണിന്റെ തലയില്‍ തീരെ കയറിയിരുന്നില്ല. നെപ്പോളിയന്റെ നിര്‍ബന്ധ സൈനിക സേവനത്തെ മറികടന്ന് നോവെയില്‍ ഒരു വര്‍ഷം കുട്ടികളെ പഠിപ്പിച്ചു. 1810-ല്‍ ജോണ്‍ തന്റെ കുടുംബാവകാശം സ്വസഹോദരന്‍ ഫ്രാന്‍സിസ്സിന് വിട്ടുകൊടുത്തു; ജോണിനുപകരം ഫ്രാന്‍സിസു സൈനികസേവനം നിര്‍വ്വഹിക്കാന്‍ സമ്മതിക്കുകയും ചെയ്തു. ആബെ ബെയിലിയുടെ സ്‌ക്കൂളില്‍ കുറേ നാള്‍കൂടെ പഠിച്ചതിനുശേഷം 1813-ല്‍ ജോണ്‍ സെമ്മിനാരിയില്‍ ചേര്‍ന്നു. പഠനം തൃപ്തികരമല്ലെന്നും സ്വഭാവം വിശിഷ്ടമാണെന്നും റെക്ടര്‍ ലിയോണ്‍സിലെ വികാരി ജനറാള്‍ മോണ്‍കൂര്‍ബനെ അറിയിച്ചു.

വികാരി ജനറാള്‍ റെക്ടരോട് ചോദിച്ചു: ”വിയാനി ഭക്തിപൂര്‍വ്വം കൊന്ത ചൊല്ലുമോ?” ദൈവഭക്തിയില്‍ ഒന്നാം സ്ഥാനം വിയാനിക്കാണെന്ന് റെക്ടര്‍ പറഞ്ഞു. എങ്കില്‍ വിയാനിക്ക് ഞാന്‍ പട്ടം കൊടുക്കാന്‍ പോകയാണ് . 1815 ആഗസ്‌ററ് 13-ാം തീയതി ജോണിന് പട്ടംകൊടുത്തു . രണ്ടു കൊല്ലം ബെയിലിയുടെ കീഴില്‍ അസിസ്‌ററന്റായി ജോലി ചെയ്തു. അനന്തരം ആഴ്സിലെ വികാരിയായി. കുമ്പസാരവും കുര്‍ബാനയുമില്ലാതെ ഡാന്‍സും മദ്യവും മേളവുമായി കഴിഞ്ഞിരുന്ന ആഴ്‌സ് ഒരു അനുതാപകേന്ദ്രമായി. തണുപ്പു കാലത്ത് 12 മണിക്കൂറും മറ്റു കാലങ്ങളില്‍ 18 മണിക്കൂറും ഫാദര്‍ വിയാനി കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചു പോന്നു. ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവുമായിരുന്നു. ആഴ്‌സിലെ മാനസാന്തരങ്ങള്‍ കണ്ട് പ്രകോപിതരായ പിശാചുക്കള്‍ ഫാദര്‍ ജോണിന്റെ കട്ടിലിന് തീവയ്ക്കുകയുണ്ടായി. കട്ടിലിന്റെ ഇഴകള്‍ തീകത്തിയിരിക്കുന്നത് നേരില്‍കണ്ടിട്ടുള്ള ആളാണ് ഈ വരികള്‍ എഴുതുന്നത്. ഫാദര്‍ ജോണ്‍ സന്മാര്‍ഗ്ഗ ശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഒരു കപടഭക്തനാണെന്ന് ലിയോണ്‍ സിലെ മെത്രാന്‍ മുമ്പാകെ അസൂയാലുക്കളായ വൈദികരുടെ ആരോപണമുണ്ടായി. വികാരി ജനറാള്‍ നടത്തിയ പരിശോധനയില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
വിയാനിക്ക് പഠനസാമര്‍ത്ഥ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും എത്രയും സുന്ദരമായിരുന്നുവെന്നു ആബെമോണില്‍ എഴുതിയിരിക്കുന്ന ജീവചരിത്രം വിശദമാക്കുന്നുണ്ട് . പ്രസംഗങ്ങള്‍ ഫലിത സമ്മിശ്രവും ഹൃദയസ്പര്‍ശകവുമാണ്. തടിച്ച ഒരു സ്ത്രീ സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ എന്തു ചെയ്യണമെന്ന് ഫാദര്‍ വിയാനിയോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ശ്രവിച്ചാലും.’ ‘രക്ഷയിലേക്കുള്ള മാര്‍ഗ്ഗം എത്രയും ഇടുങ്ങിയതും സങ്കുചിതവുമാണ്.’ 20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം പാപികള്‍ അദ്ദേഹത്തെ സമീപിച്ച് ഉപദേശം വാങ്ങിയിട്ടുണ്ട് . മെത്രാന്മാരും വൈദികരുംകൂടി അദ്ദേഹത്തിന്റെ കൂമ്പസാരക്കൂടിനെ സമീപിച്ചിരുന്നു. ഫ്രഞ്ചുഗവര്‍മെന്റ് അദ്ദേഹത്തിന് മാടമ്പി സ്ഥാനം നല്കിയിട്ടുണ്ട് . പ്രായശ്ചിത്തം കൊണ്ട് ശരീരം തീരെ മെലിഞ്ഞിരുന്നെങ്കിലും നേത്രങ്ങള്‍ അവസാനംവരെ ദൈവസ്‌നേഹത്തെ പ്രതി ബിംബിപ്പിച്ചിരുന്നു: കാര്യമായ രോഗമൊന്നും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഒരാഴ്ചത്തെ ആലസ്യത്തിനുശേഷം 73-ാമത്തെ വയസ്സില്‍ 1859 ആഗസ്‌ററ് 4-ാം തീയതി അദ്ദേഹം ദിവംഗതനാകയാണുണ്ടായത്

ആഗസ്‌ററ് 3: വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ്

വിശുദ്ധ കുര്‍ബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാന്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും ഓരോ സന്യാസ സഭ സ്ഥാപിച്ച പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ് 1811ല്‍ ഫ്രാന്‍സില്‍ ലാമുറേ എന്ന പ്രദേശത്തു ജനിച്ചു. ഭക്തമായ ഒരു ജീവിതത്തിന്റെ മകുടമെന്നവണ്ണം 23-ാമത്തെ വയസ്സില്‍ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. കുറേനാള്‍ ഇടവകകള്‍ ഭരിച്ചശേഷം അദ്ദേഹം മാരിസ്ററ് ഫാദേഴ്സിന്റെ സഭയില്‍ ചേര്‍ന്നു പ്രസിദ്ധനായ ഒരു പ്രഭാഷകനും ആധ്യാത്മിക നിയന്താവുമായി വിരാജിച്ചു.

1856-ല്‍ താന്‍ ചേര്‍ന്നിരുന്ന സഭയിലെ വ്രതങ്ങളില്‍നിന്ന് ഒഴിവുവാങ്ങി സ്വന്തമായി ഒരു സന്യാസസഭ പിറേറവര്‍ഷം ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയുടെ വൈദികരുടെ സഭ എന്ന് അതിനു പേരിട്ടു. വിശുദ്ധ കുര്‍ബാനയുടെ നേര്‍ക്കുള്ള ഭക്തി പ്രചരിപ്പിക്കുകയായിരുന്നു ആ സഭയുടെ ലക്ഷ്യം. താമസിയാതെ അതേ ലക്ഷ്യത്തോടുകൂടി സ്ത്രീകള്‍ക്കായി ഒരു സഭ കൂടി ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം വിശുദ്ധ ജോണ്‍ വിയാനിയുടെ പ്രോത്സാഹനം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധങ്ങളായ ഈ പ്രവര്‍ത്തനങ്ങളാല്‍ ക്ഷീണിതനായി 57-ാ മത്തെ വയസ്സില്‍ ദിവംഗതനായി. 1963-ല്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു

ആഗസ്റ്റ് 2: വേഴ്‌സെല്ലിയിലെ വിശുദ്ധ എവുസേബിയൂസ് മെത്രാന്‍

സര്‍ദീനിയാ ദ്വീപില്‍ ഒരു കുലീന കുടുംബത്തില്‍ എവുസേബിയൂസു ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെ പ്രതി കാരാഗ്രഹത്തില്‍ കിടന്നാണ് മരിച്ചത്. എവുസേബിയൂസു ഭക്തിയില്‍ വളര്‍ന്നു; വിശുദ്ധ സില്‍വെസ്‌റററിന്റെ കരങ്ങളില്‍നിന്ന് പട്ടം സ്വീകരിച്ചു. 340-ല്‍ പീഡുമോണ്ടില്‍ വെര്‍സെല്ലിയിലെ മെത്രാനായി. അദ്ദേഹം ഇടവക വൈദികര്‍ക്ക് ആശ്രമവാസികളുടെ നിയമമാണ് കൊടുത്തത്. തല്‍ഫലമായി അദ്ദേഹത്തിന്റെ കീഴുണ്ടായിരുന്ന ഇടവക വൈദികര്‍ പല സ്ഥലങ്ങളിലും മെത്രാന്മാരായി.

പ്രശാന്തമായ ഈ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. കോണ്‍സ്‌ററന്റയിന്‍ ചക്രവര്‍ത്തി ആര്യനായിരുന്നു. 354-ല്‍ മിലാനില്‍ ഒരു സൂനഹദോസു ചേര്‍ന്നു. അത്തനേഷ്യസ്സിനെ ശപിക്കാന്‍ ചക്രവര്‍ത്തി സൂനഹദോസിനോടാവശ്യപ്പെട്ടു. ‘ഇത് അങ്ങയുടെ അഭിപ്രായ പ്രകാരം നിശ്ചയിക്കേണ്ട ഒരു ലൗകിക സംഗതിയല്ല” എന്ന് മെത്രാന്മാര്‍ മറുപടി നല്കി. ‘നിങ്ങള്‍ അനുസരിക്കുക; അല്ലെങ്കില്‍ ബഹിഷ്‌കരിക്കപ്പെടും” എന്ന് ചക്രവര്‍ത്തി പ്രഖ്യാപിച്ചു. അവിടെ സമ്മേളിച്ചിരുന്ന മെത്രാന്മാരെല്ലാം നാടുകടത്തപ്പെട്ടു. എവുസേബിയൂസു ആദ്യം പലസ്തീനായിലേക്കും അവിടെനിന്ന് കപ്പദോച്യായിലേക്കും പിന്നീട് ഈജിപ്തിലേക്കും നാടുകടത്തപ്പെട്ടു. അവിടെയെല്ലാം ബിഷപ്പ് എവുസേബിയൂസ് വളരെയേറെ സഹിക്കേണ്ടിവന്നു.

361-ല്‍ കോണ്‍സ്‌ററന്റയിന്‍ മരിച്ചു. ജൂലിയന്‍ ചക്രവര്‍ത്തി മതത്യാഗി ആയിരുന്നെങ്കിലും എല്ലാ മെത്രാന്മാര്‍ക്കും സ്വന്തം രൂപതകളിലേക്കു മടങ്ങാന്‍ അനുവാദം നല്കി. മാര്‍ഗ്ഗമദ്ധ്യേ അനേകരുടെ വിശ്വാസം ദൃഢവല്‍കരിച്ചുകൊണ്ട് വെഴ്‌സെല്ലി രൂപതയിലേക്ക് അദ്ദേഹം മടങ്ങി. ജെറോം പറയുന്നു 371-ല്‍ എവുസേബിയൂസു മരിച്ചുവെന്ന്

ആഗസ്‌ററ് 1: വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി മെത്രാന്‍

‘ഈ ചീട്ടുകളാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകര്‍ത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്ക് സമയം പോകുന്നത് നീ അറിയുന്നില്ല. പ്രഭുവംശജനായ ലിഗോരി തന്റെ മകന്‍ അല്‍ഫോണ്‍സിനോടു പറഞ്ഞ വാക്കുകളാണിവ. ഈ ദൃശമായ ശാസനയ്ക്ക് വിധേയനായ അല്‍ഫോണ്‍സ് 16-ാമത്തെ വയസ്സില്‍ നിയമത്തില്‍ ബിരുദമെടുത്ത് കേസുകള്‍ വാദിക്കാന്‍ തുടങ്ങി .

പത്തുകൊല്ലത്തോളം കോടതിയില്‍ പോയി അല്‍ഫോണ്‍സ് പല കേസുകളും വാദിച്ചു. ഒരു കേസും തോറ്റില്ല. അങ്ങനെയിരിക്കേ ഒരു വലിയ സംഖ്യയുടെ കൈമാററത്തെപ്പറ്റിയുള്ള ഒരു കേസില്‍ പ്രധാനമായ ഒരു രേഖകാണാതെ അല്‍ഫോണ്‍സ് കേസു വാദിക്കാനിടയായി. എതിര്‍ഭാഗം ആ രേഖകാണിച്ച് കേസു വാദിച്ചു ജയിച്ചു. അല്‍ഫോണ്‍സ് ഗദ്ഗദത്തോടെ പറഞ്ഞു: ”ലോകത്തിന്റെ മായാ സ്വഭാവം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇനി ഞാന്‍ കോടതിയിലേക്കില്ല. അങ്ങനെ സ്വഭവനത്തില്‍ അല്‍ഫോണ്‍സ് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകം അതിന്റെതായ ആനന്ദം അദ്ദേഹത്തിന്റെ നേര്‍ക്ക് വച്ചു നീട്ടിയെങ്കിലും, ‘ലോകത്തെ ഉപേക്ഷിച്ചു നിന്നെത്തന്നെ പൂര്‍ണ്ണമായി എനിക്ക് തരിക, എന്ന ആന്തരിക സ്വരത്തെ ശ്രവിച്ച് പിതാവിന്റെ ഇംഗിതത്തിനെതിരായി 30-ാമത്തെ വയസ്സില്‍ വൈദികനായി.

മകന്റെ ആദ്ധ്യാത്മികത്വം അങ്ങേയറ്റം വെറുത്തിരുന്ന പിതാവ് ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രവിക്കാനിടയായി. പ്രസംഗത്തിനുശേഷം മകനെ തെരഞ്ഞുപിടിച്ച് അദ്ദേഹത്തോട് പറഞ്ഞു:’ ‘മകനേ, ഞാന്‍ നിന്നോടു നന്ദിപറയുന്നു. ദൈവത്തെ അറിയുവാന്‍ നിന്റെ പ്രസംഗം എന്നെ സഹായിച്ചു. ഇത്ര പരിശുദ്ധവും ദൈവത്തിന് സംപ്രീതവുമായ ഒരന്തസ്സു നീ സ്വീകരിച്ചതില്‍ ഞാന്‍ അനുഗൃഹീതനും നിന്നോട് കൃതജ്ഞനുമാണ്.”

1731-ല്‍ അല്‍ഫോണ്‍സ് രക്ഷകന്റെ സഭ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കര്‍ക്കശമായ ജീവിതരീതിയെ വെറുത്ത് സഭാംഗങ്ങള്‍ അദ്ദേഹത്തെ സഭയില്‍നിന്നു പുറത്താക്കി. എങ്കിലും 1762-ല്‍ അദ്ദേഹം സാന്ത് അഗാത്തു ദെല്‍ഗോത്തിയിലെ മെത്രാനായി 13 കൊല്ലം തീക്ഷ്ണതയോടെ ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ചു. പരഹൃദയ ജ്ഞാനം ഉണ്ടായിരുന്ന ഈ മെത്രാന്‍ ദുര്‍മ്മാര്‍ഗ്ഗികളെ മുറയ്ക്ക് ശാസിക്കുകയും തിരുത്തുകയും ചെയ്തിരുന്നു.

ഭാരിച്ച ജോലികളുടെ ഇടയ്ക്ക് വലുതും ചെറുതുമായ 111 പുസ്തകങ്ങളെഴുതി സഭയെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ സന്മാര്‍ഗ്ഗശാസ്ത്രം പ്രസിദ്ധമായ ഒരു കൃതിയാണ്. ‘മരിയന്‍ മഹത്വങ്ങള്‍” എന്ന ഗ്രന്ഥംപോലെ വേറൊരു ഗ്രന്ഥം ദൈവമാതാവിനെപ്പറ്റി ആരും എഴുതിയിട്ടില്ല. ‘വി കുര്‍ബാനയുടെ സന്ദര്‍ശനങ്ങള്‍’ എന്ന ഗ്രന്ഥത്തിന് അദ്ദേഹ ത്തിന്റെ ജീവിതത്തില്‍ത്തന്നെ 41 പതിപ്പുകളുണ്ടായി. ഒരു നിമിഷം പോലും വൃഥാ ചിലവഴിക്കയില്ലെന്ന് അദ്ദേഹം ഒരു വ്രതമെടുത്തിരുന്നു. തലവേദനയുള്ളപ്പോള്‍ തണുത്ത ഒരു മാര്‍ ബിള്‍ കഷണം നെറ്റിയില്‍താങ്ങിപ്പിടിച്ച് വായനയും എഴുത്തും തുടര്‍ന്നിരുന്നു. പ്രശസ്തിയോടൊപ്പം വളരെയേറെ കഷ്ടത കളും അനുഭവിച്ച് 91-ാമത്തെ വയസ്സില്‍ നിര്യാതനായി .

സര്‍വ്വത്ര ദുരിതം: പ്രത്യേക പാക്കേജിനായി ആവശ്യം ശക്തം

വിലങ്ങാട് മേഖലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രഥമിക കണക്ക്. വടകര എഡിഎം അന്‍വര്‍ സാദത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും കലിതുള്ളിവന്ന മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയി. വിലങ്ങാട് പുഴ ഗതിമാറിയൊഴുകിയത് ഏക്കറുകളോളം കൃഷിനാശത്തിന് കാരണമായി. കൃഷിയിടങ്ങളില്‍ ചെളിയടിഞ്ഞ് കിടക്കുകയാണ്. ഒഴുകിയെത്തിയ മരത്തടികളും കാടുപടലങ്ങളും ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പല കിണറുകള്‍ ഉപയോഗശൂന്യമായി. കുടിവെള്ളത്തിനും മറ്റുമായി പ്രദേശവാസികള്‍ ആശ്രയിച്ചിരുന്ന ചീളികള്‍ പലതും ഇല്ലാതെയായി. ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശക്തമായ വെള്ളപ്പാച്ചിലില്‍ പാലം ഒഴുകിപ്പോയതിനെത്തുടര്‍ന്ന് വായാട് പ്രദേശം ഒറ്റപ്പെട്ടു. നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. കുത്തിയൊലിക്കുന്ന പുഴയ്ക്കു കുറുകെ തെങ്ങിന്‍ തടികൊണ്ടു നാട്ടുകാര്‍ തീര്‍ത്ത പാലത്തിലൂടെ വേണം പ്രായമായവരും കുട്ടികളുമടക്കം മറുകരയെത്താന്‍. അടിയന്തര വൈദ്യസഹായം വേണ്ടവരെ മറുകരയെത്തിക്കാന്‍ ഏറെ പ്രയാസമാണ്. വായാട് കോളനി റോഡ് കല്ലുകള്‍ വന്നടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഈ പ്രദേശത്തെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ശേഖരിച്ചുവച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എങ്ങനെ വിപണനം നടത്തുമെന്ന ആകുലതയിലാണ് ഇവിടുത്തെ കര്‍ഷകര്‍. എത്രയും വേഗം ഉറപ്പുള്ള പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മഞ്ഞച്ചീളി ഉരുള്‍പൊട്ടലില്‍ ആളപായം കുറഞ്ഞത് ഉരുള്‍പൊട്ടല്‍ സാധ്യത മനസിലാക്കിയപ്പോള്‍ തന്നെ ആളുകള്‍ പരസ്പരം മൊബൈല്‍ വഴി വിവരം കൈമാറിയതുകൊണ്ടാണ്. വാട്‌സാപ്പ് സന്ദേശങ്ങളായും ഫോണ്‍വിളികളായും വിവരമറിഞ്ഞ് ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി.

ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമാണ് വിലങ്ങാടിനു സമീപമുള്ള വാളൂക്ക്. ഇവിടെ വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമെ മൊബൈലുകള്‍ പ്രവര്‍ത്തിക്കു. വൈദ്യുതി നിലച്ചാല്‍ റേഞ്ച് നഷ്ടപ്പെടും. 250-ഓളം കുടുംബങ്ങള്‍ വാളൂക്കില്‍ താമസമുണ്ട്.

‘വാളൂക്ക് പ്രദേശത്ത് മൊബൈല്‍ ടവര്‍ അത്യാവശ്യമാണ്. എന്തെങ്കിലും അപകടം ഉണ്ടായതിനു ശേഷം എന്തുചെയ്യാം എന്ന് ചിന്തിക്കുന്നതിലും നല്ലത് അപകടം ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യാം എന്നതാണ്. വിലങ്ങാടു നിന്ന് വാളൂക്കിലേക്കുള്ള പാലം വളരെ ഇടുങ്ങിയതാണ്. മലവെള്ളപ്പാച്ചിലുണ്ടാകുമ്പോള്‍ പാലം തകരുന്നത് അതുകൊണ്ടാണ്. ഉയരം കൂട്ടി നല്ലൊരു പാലം നിര്‍മിക്കണമെന്ന ആവശ്യം നിരവധി തവണ അധികാരികളില്‍ എത്തിച്ചിട്ടുണ്ട്. ഇതുവരെയും ഒരു തീരുമാനവും ആയിട്ടില്ല.’ വാളൂക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. നിഖില്‍ പുത്തന്‍വീട്ടില്‍ പറയുന്നു.

മഞ്ഞക്കുന്നില്‍ മഴ കനക്കുന്നു: ആളുകളെ വെള്ളിയോട്ടേക്ക് മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഉരുപൊട്ടല്‍ ബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പ് വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. വായാട് പ്രദേശത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലുള്ളവരെ എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ വെള്ളിയോട്ടെ ക്യാമ്പിലേക്കു മാറ്റുമെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്നും അംഗങ്ങളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇ. കെ. വിജയന്‍ എംഎല്‍എ, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് സെല്‍മ രാജു, പഞ്ചായത്ത് മെമ്പര്‍ അല്‍ഫോന്‍സ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പാലൂരിലെ ദുരിതാശ്വാസ ക്യാമ്പ് വെള്ളിയോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി.

വൈദിക ക്ഷേമനിധി വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക്: ബിഷപ്

വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കായി ഈ വര്‍ഷത്തെ വൈദിക ക്ഷേമനിധി ദുരിതാശ്വാസനിധിയായി മാറ്റുമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.

‘എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ പങ്കുചേരാം. ഓരോരുത്തര്‍ക്കും സാധിക്കുന്ന സാമ്പത്തിക സഹായം ഇതിനോടകം ഭവനങ്ങളില്‍ എത്തിച്ചിരിക്കുന്ന വൈദിക ക്ഷേമനിധി കവറുകളില്‍ നിക്ഷേപിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.” – ബിഷപ് ആവശ്യപ്പെട്ടു.

ആഗസ്റ്റ് നാല് ഞായറാഴ്ചയാണ് വൈദിക ക്ഷേമനിധി സംഭാവനകള്‍ സ്വീകരിക്കുന്നത്.

Exit mobile version