ഹാലോവീന്‍: പൈശാചിക ആഘോഷമാക്കരുതെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍

സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഹലോവീന്‍ ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍.

നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് തലേദിവസം നടത്തുന്ന ആചരണം ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കില്‍, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവല്‍ക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറ്റിയെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീന്‍ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്.

സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ പ്രത്യേകിച്ച് കോളജുകളില്‍ ഹാലോവീന്‍ ദിനാഘോഷം കണ്ടുതുടങ്ങിയത്. അര്‍ത്ഥമറിയാതെ വിദ്യാര്‍ഥികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ അവഹേളനപരമായ രീതിയില്‍ സമര്‍പ്പിത വസ്ത്രങ്ങളും പൈശാചിക മുഖമൂടികളും മറ്റും ധരിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ കാണാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31 ന് കേരളത്തിലെ ചില കോളജുകളില്‍ അരങ്ങേറിയ ആഘോഷപരിപാടികള്‍ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നതും പൈശാചികതയെ ദ്യോതിപ്പിക്കുന്നതുമായ വേഷവിധാനങ്ങളും നൃത്ത നൃത്യങ്ങളും ഹാലോവീന്‍ ആഘോഷങ്ങളുടെ മറവില്‍ അരങ്ങേറുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.

പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങള്‍ ജനിപ്പിക്കാനിടയുള്ള ഹാലോവീന്‍ ആഘോഷങ്ങളില്‍നിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനില്‍ക്കണമെന്ന മുന്നറിയിപ്പുകള്‍ പലപ്പോഴായി നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.

ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും വിദ്യാലയങ്ങളില്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ പറഞ്ഞു.

നവംബര്‍ 2: സകല മരിച്ചവരുടേയും ഓര്‍മ്മ

മരിക്കുന്നവരെല്ലാം ദൈവത്തെ അഭിമുഖം ദര്‍ശിക്കാന്‍തക്ക യോഗ്യതയുള്ളവരായിരിക്കയില്ല; അതേസമയം ശപിക്കപ്പെട്ട ആത്മാക്കളുടെ ഗണത്തില്‍ തള്ളപ്പെടാന്‍ മാത്രം പാപം എല്ലാവരിലും ഉണ്ടായിരിക്കയില്ല. അതിനാല്‍ മരിക്കുന്നവരില്‍ ചിലര്‍ ദൈവത്തെ സ്‌നേഹിക്കുന്ന വരായിരിക്കും; എന്നാല്‍ അവര്‍ തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തിട്ടില്ലെന്നുവരാം. ദൈവത്തിന്റ കാരുണ്യം അവരെ നിത്യശിക്ഷയില്‍നിന്ന് ഒഴിവാക്കുന്നു; അവിടുത്തെ നീതി അവരുടെ വിശുദ്ധീകരണം ആവശ്യപ്പെടുന്നു. അതിനാല്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയ്ക്ക് ശുദ്ധീകരണസ്ഥലം എന്നൊരു ശിക്ഷാകേന്ദ്രമുണ്ടെന്നു സഭ പഠിപ്പിക്കുന്നു.

11-ാംശതാബ്ദത്തില്‍ മരിച്ചവരുടെ ഓര്‍മ്മ പെരുന്നാള്‍ സഭയില്‍ സാര്‍വ്വത്രികമായി. അഞ്ചാം ശതാബ്ദം മുതല്‍ മരിച്ചവര്‍ക്കായി കുര്‍ബാന ചൊല്ലി കാഴ്ചവച്ചിരുന്നതായി കാണാം .

എല്ലാ മതക്കാരും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. പ്രാര്‍ത്ഥന ഏതെങ്കിലും വിധത്തില്‍ ഉപകരിക്കുന്നുണ്ടെന്നായിരിക്കണമല്ലോ അവരുടെ ബോദ്ധ്യം. സ്വര്‍ഗ്ഗവാസികള്‍ക്ക് പ്രാര്‍ത്ഥന ആവശ്യമില്ല; നരകവാസികള്‍ക്ക് പ്രാര്‍തഥന പ്രയോജനപ്പെടുകയുമില്ല. നിശ്ചിതകാലത്തെ ശുദ്ധീകരണത്തിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് പോകാവുന്ന ആത്മാക്കളുണ്ടെന്നാണല്ലോ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സ്പഷ്ടമാക്കുന്നത്.

യൂദാസ് മക്കബേയൂസ് തന്റെ കൂടെ അടരാടി പോര്‍ക്കള ത്തില്‍ മരിച്ചവര്‍ക്കുവേണ്ടി ബലികള്‍ സമര്‍പ്പിക്കാന്‍ പന്തീരായിരം നാണയം പിരിച്ചെടുത്തു ജെറുസലേമിലേക്ക് അയച്ചു. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു പരിശുദ്ധവും രക്ഷാകരവുമായ ഒരു ചിന്തയാണെന്ന ബോധ്യത്തോടുകൂടെയാണ് യൂദാസ് അങ്ങനെ ചെയ്തത് (2 മക്കാ 12, 46).

നാം എല്ലാ വരും ഒരു ശരീരത്തിലെ അവയവങ്ങളാകയാല്‍ ഒരാളുടെ പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ആ ശരീരത്തിലേ മറ്റ് അംഗങ്ങള്‍ക്ക് പ്രയോജനകരമായി തീരുന്നു. ദിവ്യബലി മരിച്ചവരുടെ കടങ്ങള്‍ ക്ഷമിക്കാന്‍ ഉതകുമെന്നു ട്രെന്റ് സൂനഹദോസിന്റെ നിര്‍വ്വചനവുമുണ്ട്.

മോനിക്കാ പുണ്യവതി മരണനേരത്ത് തന്റെ കണ്ണീരിന്റെ പുത്രനായ വിശുദ്ധ അഗസ്തീനോസിനോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു. ‘മകനേ, നീ ബലിപീഠത്തില്‍ നില്ക്കുമ്പോള്‍ എന്നെ ഓര്‍മ്മിക്കുക.’

നവംബര്‍ 1: സകല വിശുദ്ധര്‍

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നല്കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്കും സമ്മാനത്തിനും നന്ദിപറയാനും വിവിധ സാഹചര്യങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങള്‍ അനുകരിക്കുന്നതിന് നമ്മളെ പ്രോത്സാഹിപ്പിക്കാനും അവര്‍ ആസ്വദിക്കുന്ന അവര്‍ണ്ണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവില്‍പെടാത്ത വിശുദ്ധരില്‍ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിക്കുന്നത്.

വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളവരുടെ ഓര്‍മ്മ ഏതെങ്കിലും സ്ഥലങ്ങളില്‍ എന്നെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍ വിശുദ്ധരെന്നു നാമകരണം ചെയ്യപ്പെടാത്ത കോടാനു കോടി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലുണ്ടല്ലോ. അതിനാല്‍ സര്‍വ്വ സ്വര്‍ഗ്ഗവാസികളുടേയും തിരുനാള്‍ ആഘോഷിക്കുന്നതിന് തിരുസ്സഭ ഇന്നു നമ്മളെ ആഹ്വാനം ചെയ്യുന്നു. അവരുടെ ഗണത്തില്‍ നമ്മുടെ വീട്ടുകാരും നാട്ടുകാരും മിത്രങ്ങളുമൊക്കെ അനുസ്മരിക്കപ്പെടുന്നുണ്ടെന്നുള്ളത് ഒരു സന്തോഷമല്ലേ? അവരുടെ ഗണത്തില്‍ ചെന്നുചേരാന്‍ അവരുടെ മധ്യസ്ഥപ്രാര്‍ത്ഥന നമുക്ക് സഹായകമായിരിക്കും. ആത്മനാ ദരിദ്രരും ഹൃദയ ശാന്തതയുള്ളവരും തങ്ങളുടെ പാപങ്ങളെപ്രതി കരഞ്ഞിരുന്ന വരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെപ്രതി പീഡകള്‍ സഹിച്ചിട്ടുള്ളവരുമാണ് വിശുദ്ധര്‍. അവരെ അനുകരിക്കാന്‍ ഇന്നത്തെ തിരുനാള്‍ നമുക്ക് ഉത്തേജനം നല്‍കട്ടെ.

യാക്കോബിന്റെ സന്തതികളുടെ പന്ത്രണ്ടു ഗോത്രങ്ങളില്‍ നിന്ന് പന്തീരായിരം വീതവും സമസ്തജാതി ജനങ്ങളില്‍നിന്ന് കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകി വെളുപ്പിച്ച വസ്ത്രം അണിഞ്ഞ് അനേകായിരവും ഇന്ന് നമ്മുടെ സ്മരണയില്‍ വരുന്നു. അവര്‍ക്ക് വിശപ്പില്ല, ദാഹമില്ല; വെയിലോ ചൂടോ അവരെ തട്ടുന്നില്ല. ദൈവം അവരുടെ കണ്ണില്‍നിന്ന് കണ്ണീരെല്ലാം തുടച്ചുകളഞ്ഞിരിക്കുന്നു. (വെളി. 7)

ദൈവം അയയ്ക്കുന്ന പീഡകള്‍ സഹിച്ച് കുഞ്ഞാടിന്റെ രക്തത്തില്‍ നമ്മുടെ വസ്ത്രങ്ങള്‍ കഴുകി സകല വിശുദ്ധരുടേയും ഗണത്തില്‍ ചേരാന്‍ നമുക്ക് യത്‌നിക്കാം.

ഒക്ടോബര്‍ 31: വിശുദ്ധ അല്‍ഫോന്‍സ് റൊഡ്രിഗെസ്

ഈശോസഭയിലെ ഒരത്മായ സഹോദരനാണ് അല്‍ഫോന്‍സ് റോഡ്രിഗെസ്. സ്‌പെയിനില്‍ സെഗോവിയായില്‍ ഭക്തരായ മാതാപിതാക്കന്മാരുടെ മകനായി 1531 ജൂലൈ 25-ന് അദ്ദേഹം ജനിച്ചു. ചെറുപ്പം മുതല്‍ അല്‍ഫോന്‍സ് ദൈവമാതൃ ഭക്തതനായിരുന്നു. ദൈവമാതൃ ചിത്രം ചുംബിക്കാനുണ്ടായിരുന്ന താല്പര്യം ഉറച്ച ഒരു ഭക്തിയായി വികസിച്ചു. 12-ാമത്തെ വയസ്സിലേ ജപമാല ചൊല്ലാന്‍ ബാലന്‍ പഠിച്ചുള്ളൂ; അന്നുമുതല്‍ ജപമാല മുടക്കിയിട്ടില്ല.

അല്‍കാലായിലേയും വലെന്‍സിയായിലേയും സര്‍വ്വകലാശാലകളില്‍ അവന്‍ അധ്യയനം ചെയ്തു. പിതാവു മരിക്കയാല്‍ വിദ്യാഭ്യാസം നിര്‍ത്തി കുടുംബകാര്യം അന്വേഷിക്കേണ്ടിവന്നു. ദിവസന്തോറും അവന്‍ വിശുദ്ധ കുര്‍ബാന കാണുകയും ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുകയും ചെയ്തിരുന്നു. അല്‍ഫോന്‍സ് വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടായി. താമസിയാതെ അമ്മയും കുട്ടിയും മരിച്ചു.

വേറൊരു വിവാഹത്തെപ്പറ്റി അല്‍ഫോന്‍സ് ചിന്തിക്കുകയുണ്ടായില്ല. അദ്ദേഹത്തിന് ഈശോസഭാ നൊവിഷ്യറ്റില്‍ ഒരു അത്മായ സഹോദരനെന്നനിലയില്‍ പ്രവേശനം ലഭിച്ചു. ആറുമാസത്തിനുശേഷം മജോര്‍ക്കായിലുള്ള മോണ്ടെഷന്‍ കോളേജിലേക്ക് മാറ്റം കിട്ടി. അവിടെവച്ചാണ് വ്രതമെടുത്തത്. അമ്പതു കൊല്ലത്തോളം അദ്ദേഹം ആ കോളജില്‍ പോര്‍ട്ടര്‍ജോലി ചെയ്തു. ഒഴിവുസമയം അദ്ദേഹം ധ്യാനനിമഗ്നനായി കഴിഞ്ഞു. അല്ലെങ്കില്‍ ജപമാലയോ സുകൃതജപങ്ങളോ ചൊല്ലിക്കൊണ്ടിരുന്നു.

പഠനം കാര്യമായിട്ടില്ലായിരുന്നെങ്കിലും ദൈവനിവേശിതമായ വിജ്ഞാനത്തിന്റെ പ്രകാശത്താല്‍ ദൈവശാസ്ത്രജ്ഞന്മാരും കാനന്‍ നിയമ പടുക്കളും കേവലം താത്വികമായ പ്രശന ങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. വിശുദ്ധ പീറ്റര്‍ ക്ലേവര്‍ പോലും ഈ സഹോദരന്റെ ഉപദേശം തേടിയിട്ടുണ്ട്.

ഇതിനിടയ്ക്ക് രോഗങ്ങളും ക്ലേശങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഏതാനും മാസങ്ങള്‍ അദ്ദേഹം രോഗിയായിക്കിടന്നു. 1617 ഒക്ടോബര്‍ 31-ന് അദ്ദേഹം അന്തരിച്ചു. വിശുദ്ധന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആധ്യാത്മിക കുറിപ്പുകള്‍ ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. ക്രിസ്തീയ പരിപൂര്‍ണ്ണത എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. 1887-ല്‍ ലെയോന്‍ മാര്‍പാപ്പാ അദ്ദേഹത്തെ പുണ്യവാന്‍ എന്ന് പേര്‍ വിളിച്ചു.

ഒക്ടോബര്‍ 30: വിശുദ്ധ തെയൊണെസ്തൂസ്

രക്തസാക്ഷികളുടെ ചരിത്രം വായിക്കുമ്പോള്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഒരു പരമാര്‍ത്ഥമുണ്ട്. റോമന്‍ ചക്രവര്‍ത്തികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കത്തോലിക്കാ സഭാംഗങ്ങളെ ആദ്യ ശതകങ്ങളില്‍ വധിച്ചിട്ടുള്ളത് ഈശോ ദൈവമല്ലെന്ന് വാദിച്ചിരുന്ന ആര്യന്‍ പാഷണ്ഡികളാണ്. അവരുടെ ക്രോധത്തിനിരയായ ഒരു ബിഷപ്പാണ് തെയൊണെസ്തൂസ്. അദ്ദേഹം മാസെഡോണിയായിലെ ഫിലിപ്പി രൂപതയുടെ മെത്രാനായിരുന്നു.

ആര്യന്‍ പാഷണ്ഡികള്‍ അദ്ദേഹത്തേയും വിശുദ്ധ ആല്‍ബന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ വിശ്വാസികളേയും നാടുകടത്തി. മാര്‍പാപ്പാ അവരെ ജര്‍മ്മനിയില്‍ സുവിശേഷ പ്രഘോഷണത്തിനായി അയച്ചു. അവര്‍ മെയിന്‍സിലെത്തിയപ്പോള്‍ വാന്റല്‍സിന്റെ ആക്രമണം ഉണ്ടാകുകയും തെയോണെസ്തൂസ് പലായനം ചെയ്യുകയും ചെയ്തു. എന്നാല്‍ വെനേറ്റോയില്‍ ആള്‍ട്ടിനോ എന്ന സ്ഥലത്തുവച്ചു വധിക്കപ്പെട്ടു.

ഒക്ടോബര്‍ 27: വിശുദ്ധ ഫ്രൂമെന്‍സിയൂസ്

ടയറിലെ മെറോപ്പിയൂസിന്റെ സഹോദര പുത്രന്മാരാണു ഫ്രൂമെന്‍സിയൂസും എദേസിയൂസും. അദ്ദേഹം ഈ രണ്ടു കുട്ടികളേയും കൂട്ടി വജ്രവും മറ്റു രത്‌നങ്ങളും ശേഖരിക്കാന്‍ ചെങ്കടലിലൂടെ എത്തിയോപ്യായിലേക്ക് യാത്ര ചെയ്തു. യാത്രാമധ്യേ ഭക്ഷണം ശേഖരിക്കാന്‍വേണ്ടി ഒരു തുറമുഖത്തു കപ്പല്‍ നിര്‍ത്തി. റോമാക്കാരോടു പടവെട്ടിക്കൊണ്ടിരുന്ന കാട്ടാളന്മാര്‍ ആ രണ്ടു കുട്ടികളെ ഒഴിച്ചു ബാക്കി നാവികരേയും യാത്രക്കാരേയും വധിച്ചു. കുട്ടികള്‍ ഒരു മരത്തിന്റെ കീഴിലിരുന്നു പാഠങ്ങള്‍ പഠിക്കുകയായിരുന്നു. അവരുടെ അഴകും പ്രായവും നിഷ്‌കളങ്കതയും പരിഗണിച്ചു കാട്ടാളന്മാര്‍ അവരെ വധിച്ചില്ല. അവരെ ആസുമായില്‍ വസിക്കുന്ന രാജാവിന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു പോയി. രാജാവിനു കുട്ടികളുടെ ചൊടിയും സാമര്‍ത്ഥ്യവും ഇഷ്ടപ്പെട്ടു. ഇളയവനെ മേശയില്‍ വിളമ്പാന്‍ നിയമിച്ചു. ഫ്രൂമെന്‍സിയൂസിനെ സ്റ്റേറ്റ് സെക്രട്ടറിയും ഖജാന്‍ജിയുമാക്കി.

ഈ രണ്ടു സഹോദരന്മാര്‍ രാജാവിന്റെകൂടെ സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചു. രാജാവു മരിക്കാറായപ്പോള്‍ അവര്‍ക്കു സ്വാതന്ത്യം നല്കി. രാജ്ഞി അവരുടെ സേവനം തുടര്‍ന്നു ആവശ്യപ്പെടുകയും അവര്‍ വിശ്വസ്തതയോടെ രാജ്ഞിയെ സേവിക്കുകയും ചെയ്തു. അതേസമയം ക്രിസ്തുമത പ്രചരണത്തിനും അവര്‍ക്കു ധാരാളം സമയം കണ്ടെത്താന്‍ കഴിഞ്ഞു.

രാജകുമാരന്‍ പ്രായമായപ്പോള്‍ അവരുടെ സേവനം തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും എദേസിയൂസു ടയറി ലേക്കു മടങ്ങി ഒരു വൈദികനായി. ഫ്രൂമെന്‍സിയൂസ് അലെക്‌സാന്‍ഡ്രിയായിലേക്കു പോയി, മാര്‍ അത്തനേഷ്യസ്സിനെ കണ്ട് എത്തിയോപ്യായുടെ മാനസാന്തരത്തിനായി ഒരു ബിഷപ്പിനേയും കുറെ പുരോഹിതരേയും അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അത്തനേഷ്യസ് ഫ്രൂമെന്‍സിയൂസിനെ മെത്രാനായി അഭിഷേചിച്ച് എത്തിയോപ്യായില്‍ ആരംഭിച്ച ജോലി പൂര്‍ത്തിയാക്കാന്‍ ആ വശ്യപ്പെട്ടു. അദ്ദേഹം അസുമയിലേക്ക് മടങ്ങി. അനേകരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചു.

അസുമയുടെ പ്രേഷിതനായി ഫ്രൂമെന്‍ സിയൂസിനെ അബിസ്സീനിയാക്കാര്‍ വന്ദിക്കുന്നു. അവര്‍ അദ്ദേഹത്തെ അബുനാസ് (പിതാവ്) അഥവാ അബ്ബാസലാമാ (സമാധാന പിതാവ്) എന്നാണു വിളിച്ചിരുന്നത്. അബിസീനിയന്‍ മെത്രാപ്പോലീത്താമാര്‍ ഇന്നും ഇങ്ങനെയാണ് സംബോധന ചെയ്യ പ്പെടുന്നത്.

72-ാമത്തേ വയസ്സില്‍ ഫ്രൂമെന്‍സിയൂസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

സീറോ മലബാര്‍ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങള്‍

സീറോമലബാര്‍സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. തോമസ് (സിറില്‍) തയ്യില്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യില്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനും സുറിയാനി ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിയുമാണ്.

സീറോമലബാര്‍സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പാലാ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ടി. സി. തങ്കച്ചന്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം പുതിയ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.

അധ്യാപക പരിശീലന മേഖലയില്‍ 24 വര്‍ഷമായി സേവനം ചെയ്യുന്ന ഡോ. തങ്കച്ചന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
സീറോമലബാര്‍ സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ ചെയര്‍മാനും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ കണ്‍വീനറുമായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങള്‍ നടത്തിയത്.

ഒക്ടോബര്‍ 29: വിശുദ്ധ നാര്‍സിസ്സസ്

ജെറുസലേമിലെ മുപ്പതാമത്തെ മെത്രാനാണ് വിശുദ്ധ നാര്‍സിസ്സസ്. മെത്രാനായപ്പോള്‍ 80 വയസ്സുണ്ടായിരുന്നു. പരിശുദ്ധനായ ബിഷപ്പിനോടു ജനങ്ങള്‍ക്കു വളരെ മതിപ്പും സ്‌നേഹവുമുണ്ടായിരുന്നു. പല അത്ഭുതങ്ങളും അവര്‍ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചതായി കാണുന്നു. ഒരു ഉയിര്‍പ്പു തിരുനാളിന്റെ തലേദിവസം ഡീക്കന്മാരുടെ വിളക്കുകളില്‍ എണ്ണ ഉണ്ടായിരുന്നില്ല. ബിഷപ് നാര്‍സിസ്സസ് വിളക്കുകളില്‍ വെള്ളം കോരി ഒഴിക്കാന്‍ ആജ്ഞാപിച്ചു. ചരിത്രകാരനായ എവുസേബിയൂസു പറയുന്നത് ആ വെള്ളം ഉടനടി എണ്ണയായെന്നാണ്.

ഇദ്ദേഹത്തിന്റെ പ്രശസ്തി സര്‍വ്വ വ്യാപകമായിരുന്നെങ്കിലും ഏഷണിക്കാര്‍ എന്തോ ഒരു മഹാ കുറ്റം അദ്ദേഹത്തില്‍ ആരോപിച്ചു. താന്‍ പറയുന്നതു വാസ്തവമെങ്കില്‍ തീ വീണു ചാവട്ടെ എന്നൊരാളും കുഷ്ഠരോഗം പിടിക്കട്ടെ എന്നു വേറൊരാളും അന്ധനാകട്ടെ എന്നു മൂന്നാമതൊരാളും ആണയിട്ടു പറഞ്ഞു. ഒരാള്‍ തീയില്‍ ദഹിക്കുകയും വേറൊരാള്‍ കുഷ്ഠ രോഗിയാകയും മുന്നാമത്തെയാള്‍ കുരുടനുമായപ്പോള്‍ മെത്രാനച്ചന്റെ വിശുദ്ധി നാട്ടുകാര്‍ക്കു ഒന്നുകൂടി ബോധ്യമായി.

പക്ഷെ, ഏഷണിക്കാരുടെ ആരോപണങ്ങളെ ഭയന്ന് അദ്ദേഹം വേറൊരു മെത്രാനെ നിയമിച്ച് ഏകാന്തത്തില്‍ ധ്യാനനിരതനായിക്കഴിഞ്ഞു. ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞു നാര്‍സിസ്സസ് വീണ്ടും രൂപതാഭരണം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ സഹായ മെത്രാന്‍ വിശുദ്ധ അലക്‌സാണ്ടര്‍ പ്രസ്താവിച്ചതു പോലെ 116-ാമത്തെ വയസില്‍ നിര്യാതനാകുകയും ചെയ്തു.

ഒക്ടോബര്‍ 28: ശ്ലീഹന്മാരായ വിശുദ്ധ ശിമയോനും യൂദാതദേയൂസും

കനാന്യനായ അഥവാ തീക്ഷ്ണമതിയായ ശിമയോന്‍ ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരിലൊരാളാണ്. കനാന്യന്‍ എന്ന വിശേഷണത്തെ ആസ്പദമാക്കി ചിലര്‍ അദ്ദേഹത്തിന്റെ ജന്മദേശം കാനാന്‍ ആണെന്നു പറയുന്നത് പൊതുവേ ആരും സ്വീകരിക്കുന്നില്ല. അദ്ദേഹം ഗലീലിയന്‍ തന്നെയാണ്. യഹൂദരുടെ ഇടയില്‍ മതനൈര്‍മ്മല്യം സംരക്ഷിക്കാന്‍ അത്യുത്സുകരായ ഒരു വിഭാഗമുണ്ട്-തീക്ഷണമതികള്‍. ആ വിഭാഗത്തില്‍പ്പെട്ടവനാണ് ശിമയോനെന്നും കാണുന്നു. കാനായിലെ കല്ല്യാണത്തിലെ മണവാളന്‍ ഈ ശിമയോനാണെന്നു ഗ്രീക്കുകാര്‍ പ്രസ്താവിക്കുന്നു.

പന്ത്രണ്ടു ശ്ലീഹന്മാരുടെ പേരു കൊടുത്തിട്ടുള്ളിടത്തു ശിമയോന്റെ നാമം ചേര്‍ത്തിട്ടുള്ളതില്‍ കവിഞ്ഞു യാതൊന്നും ശിമയോനെപ്പറ്റി സുവിശേഷങ്ങളിലില്ല. മറ്റ് അപ്പസ്‌തോലന്മാരോടൊപ്പം ശിമയോനും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു വിശ്വസ്തതയോടും തീക്ഷണതയോടുംകൂടെ സുവിശേഷ പ്രചരണത്തിനായി അദ്ധ്വാനിച്ചു. ഈജിപ്തിലും സിറീനിലും മൗറിറ്റാനിയായിലും അദ്ദേഹം സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെന്നു പറയുന്നു. വിഗ്രഹാരാധകരായ പുരോഹിതര്‍ ശിമയോനെ പേര്‍ഷ്യയില്‍ വച്ചു കുരിശില്‍ തറച്ചുവെന്ന് ഒരു പാരമ്പര്യമുണ്ട്.

യൂദാതദേവൂസ്

യൂദാ സ്‌ക്കറിയോത്തയായി തെറ്റിദ്ധരിക്കാതിരിക്കാന്‍ ഈ അപ്പസ്‌തോലനെ യൂദാതദേവൂസ് എന്നാണു വിളിക്കാറുള്ളത്. കൊച്ചുയാക്കോബിന്റെ സഹോദരനാണു യൂദാ. മറ്റു സഹോദരന്മാരാണു ജെറുസലേമിലെ സീമോനും ജോസെസ്സും. നാലുപേരെയാണ് ഈശോയുടെ സഹോദരന്മാരെന്ന പദം കൊണ്ടു സുവിശേഷകര്‍ വിവക്ഷിക്കാറുള്ളത്. ദൈവമാതാവിന്റെ സഹോദരിയായ മേരിയുടേയും ക്‌ളെയോഫാസിന്റെയും മക്കളാണിവര്‍. അപ്പസ്‌തോല സ്ഥാനത്തേക്കുള്ള ദൈവവിളി സുവിശേഷങ്ങളില്‍ വിവരിച്ചിട്ടില്ല.

തന്നെ സ്‌നേഹിക്കുന്നവര്‍ക്കു തന്നെ വെളിപ്പെടുത്തിക്കൊ ടുക്കുമെന്ന് ഈശോ പറഞ്ഞപ്പോള്‍ യൂദാ ചോദിച്ചു: എന്താണ് അങ്ങ് ലോകത്തിനു സ്വയം വെളിപ്പെടുത്താത്തത്?” (യോഹ. 14: 22). രക്ഷകന്റെ രാജ്യം ലൗകികമായിരിക്കുമെന്നായിരുന്നു യൂദായുടെ വിചാരം . ലോകം അതിനു യോഗ്യമല്ലെന്നായിരുന്നു ദിവ്യഗുരുവിന്റെ മറുപടി.

വിശുദ്ധ യൂദാ സമരിയാ, യൂദെയാ, ഇദമേയാ, സിറിയാ, ലിബിയാ, മെസൊപ്പോട്ടേമിയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. കൊച്ചു യാക്കോബിന്റെ രക്തസാക്ഷിത്വത്തിനുശേഷം 62-ല്‍ തിരിച്ചുവന്നു സ്വസഹോദരന്‍ ശിമയോന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. സകല പൗരസ്ത്യസഭകളേയും അഭിവാദനം ചെയ്ത് അദ്ദേഹം ഒരു ലേഖനമെഴുതി. അവിടങ്ങളിലാണല്ലോ അദ്ദേഹം അദ്ധ്വാനിച്ചത്. പാഷണ്ഡികളെ മാര്‍ഗ്ഗഭ്രംശം വന്ന നക്ഷത്രങ്ങളെന്ന് യൂദാ വിളിക്കുന്നു. അഹങ്കാരവും അസൂയയും ജഡികമോഹങ്ങളുമാണ് അവരുടെ അധഃപതനത്തിന് കാരണമെന്നു അദ്ദേഹം കരുതുന്നു. അധഃപതിച്ചവരോട് അനുകമ്പാപൂര്‍വ്വം വ്യാപരിക്കാന്‍ ശ്‌ളീഹാ ഉപദേശിക്കുന്നു. പേര്‍ഷ്യയിലോ ബെയ്‌റൂട്ടിലോ ആണ് യൂദായുടെ രക്തസാക്ഷിത്വം. കുരിശില്‍ ചേര്‍ത്തു കെട്ടിയശേഷം അസ്ത്രമയച്ചു കൊല്ലുകയാണു ചെയ്തതത്രേ. യൂദായെ അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി ആധുനിക ലോകം സമാദരിക്കുന്നു.

ഒക്ടോബര്‍ 26: വിശുദ്ധ എവറിസ്തൂസ് പാപ്പാ

വിശുദ്ധ ക്ലമെന്റ് മാര്‍പാപ്പായുടെ പിന്‍ഗാമിയാണ് എവറിസ്തൂസ് പാപ്പാ. ബത്‌ലഹേമില്‍ നിന്ന് അന്ത്യോക്യയില്‍ കുടിയേറി പാര്‍ത്ത ഒരു യഹൂദന്റെ മകനാണ് അദ്ദേഹമെന്നു പറയുന്നു. അദ്ദേഹമാണു റോമാനഗരത്തെ ആദ്യമായി ഇടവകകളായി തിരിച്ചത്. അങ്ങനെ 25 ഇടവകകള്‍ സ്ഥാപി ക്കുകയും ഓരോ ഇടവകയ്ക്കും ഓരോ വൈദികനെ നിയമിക്കുകയും ചെയ്തു. ഏഴു ഡീക്കന്മാരെക്കൂടി അദ്ദേഹം നിയമിച്ചു. ഡിസംബറിലാണു വൈദികപട്ടം നല്കിയിരുന്നത്; നോമ്പില്‍ മെത്രാന്മാരെ അഭിഷേചിച്ചിരുന്നു. ഉപവാസ കാലത്തു പട്ടം കൊടുക്കുന്നതു കൂടുതല്‍ ഭക്തിനിര്‍ഭരമായിരിക്കുമെന്ന് അദ്ദേഹം വിചാരിച്ചു.

സോളമന്‍ ജെറൂസലേം ദേവാലയത്തിന്റെ പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച പ്രാര്‍ത്ഥനയ്ക്കു തുല്യമായി ഒരു പ്രാര്‍ത്ഥന അദ്ദേഹം പള്ളിക്കൂദാശയ്ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. വിശുദ്ധ കുര്‍ബാനകൂടി കൂദാശാക്രമത്തില്‍ മാര്‍പാപ്പാ ഉള്‍പ്പെടുത്തി. ഈ മാര്‍പാപ്പായുടെ കാലത്തായിരിക്കണം വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ മരണം.

പ്രാചീന ഗ്രന്ഥങ്ങളില്‍ എവറിസ്തൂസ് പാപ്പായെ രക്തസാക്ഷിയെന്നാണു വിളിച്ചിരിക്കുന്നത്. അപ്പസ്‌തോലന്മാരുടെ ശിഷ്യന്മാര്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ചിന്തയില്‍ അഗാധമായി മുഴുകിയിരുന്നതിനാല്‍ അവര്‍ ഈ ലോകത്തുള്ളവരാണന്നുപോലും തോന്നുകയില്ല.

Exit mobile version