പ്രസിദ്ധരായ ഈ രക്ത സാക്ഷികള്‍ ഗോളില്‍ മിഷന്‍പ്രവര്‍ത്തനത്തിനായി പോയ രണ്ട് റോമന്‍ സഹോദരരാണ്. അവര്‍ സ്വാസ്റ്റോണില്‍ താമസിച്ചു സുവിശേഷം പ്രസംഗിച്ച് അനേകരെ ക്രിസ്തുമതത്തിലേക്കാനയിച്ചു. രാത്രി ചെരുപ്പു കുത്തിയുണ്ടാക്കിയും മറ്റും ഉപജീവനം കഴിച്ചുവന്നു. അവരുടെ മാതൃകാജീവിതം, ഉപവി, നിസ്സ്വാര്‍ത്ഥത, ദൈവസ്‌നേഹം, സ്ഥാനമാനങ്ങളോടുള്ള അവജ്ഞ എന്നിവ അനേകരുടെ മാനസാന്തരത്തിന് കാരണമായി.
കുറേകൊല്ലം കഴിഞ്ഞപ്പോള്‍ മാക്‌സിമിയന്‍ ഹെര്‍കുലിസ് ചക്രവര്‍ത്തി ആ പ്രദേശത്തു വരാനിടയായി. ക്രിസ്പിന്‍ സഹോദരന്മാര്‍ ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് ചിലര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ ആവലാതി ബോധിപ്പിച്ചു. അന്ധവിശ്വാസിയായ ചക്രവര്‍ത്തി അവരെ റിക്ടിയൂസുവാരൂസ് എന്ന ഗവര്‍ണറുടെ അടുക്കലേക്കാനയിക്കാന്‍ ഉത്തരവായി.
ആ ഗവര്‍ണര്‍ ക്രിസ്ത്യാനികളുടെ ബദ്ധ ശത്രുവായിരുന്നു. അവരെ വെള്ളത്തില്‍ മുക്കിയും തിളപ്പിച്ചും കൊല്ലാന്‍ ആജ്ഞാപിച്ചു. ഇവയൊന്നും അവരെ കൊല്ലാന്‍ പര്യാപ്തമായില്ല. നിരാശയോടെ റിക്ടിയൂസു ക്രിസ്പിന്‍ സഹോദരര്‍ക്കായി തയ്യാറാക്കിയ ചിതയില്‍ ചാടിച്ചത്തു. ഉടനെ ചക്രവര്‍ത്തി അവരുടെ ശിരസ്സു ഛേദിക്കുവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ രക്തസാക്ഷിത്വമകുടം ചൂടി.
ആധുനിക യുഗത്തില്‍ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ചും ഈ സ്‌നേഹസംസ്‌കാരം നേരിടുന്ന നിരവധി വെല്ലുവിളികളെക്കുറിച്ചുമുള്ള ഒരു പുതിയ അവബോധത്തിനായി ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പുതിയ ചാക്രിക ലേഖനം ഡിലെക്സിത് നോസ് (‘അവിടുന്ന നമ്മെ സ്നേഹിച്ചു’) പുറത്തിറക്കിയത്.
ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു: ”ഉപരിപ്ലവതയുടെ ഒരു യുഗത്തില്‍, എന്തുകൊണ്ടെന്നറിയാതെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഭ്രാന്തമായി പായുകയും, നമ്മുടെ ജീവിതത്തിന്റെ ആഴമേറിയ അര്‍ത്ഥത്തെക്കുറിച്ച് ഉത്കണ്ഠയില്ലാത്ത കമ്പോളത്തിന്റെ സംവിധാനങ്ങളുടെ തൃപ്തികരമല്ലാത്ത ഉപഭോക്താക്കളും അടിമകളുമായി നമ്മുടെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു’ (no 2). ‘യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെക്കുറിച്ചുള്ള കത്ത്’ എന്ന ഉപശീര്‍ഷകത്തിലുള്ള ഈ രേഖ 1956-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഹൗരിയേറ്റിസ് അക്വാസിന് ശേഷം പൂര്‍ണ്ണമായും തിരുഹൃദയത്തിനായി സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ ചാക്രിക ലേഖനമാണ്. 2024 ഒക്ടോബര്‍ 24-ന് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനം, യേശുവിന്റെ തിരുഹൃദയത്തിലൂടെ പ്രകടമാകുന്ന ദൈവികവും മാനുഷികവുമായ സ്നേഹത്തിന്റെ അഗാധമായ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോ പ്രത്യക്ഷപ്പെട്ടത് മുതലും, അതിനു മുമ്പുമുള്ള തിരുഹൃദയഭക്തിയുടെ സമ്പന്നമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ് ലേഖനം. യുദ്ധം, സാമൂഹിക അസന്തുലിതാവസ്ഥ, വ്യാപകമായ ഉപഭോക്തൃ സംസ്‌കാരം, സാങ്കേതിക ആധിപത്യം എന്നിവയുടെ ആധുനിക വെല്ലുവിളികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പരിവര്‍ത്തന ശക്തിയെ വീണ്ടും കണ്ടെത്തുന്നതിന് ഈ സന്ദേശത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയെയും ലോകത്തെയും ക്ഷണിക്കുന്നു.
ദിലെക്‌സിത് നോസ് (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) എന്ന തലക്കെട്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്രിസ്തുവിന്റെ സ്‌നേഹത്തെ ഊന്നിപ്പറയുകയും ഈ സ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നത് വ്യക്തിപരവും സഭാപരവുമായ നവീകരണത്തിലേക്ക് എങ്ങനെ നയിക്കുമെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളുടെ ആത്മീയപാരമ്പര്യത്തില്‍ ആഴ്ന്നിറങ്ങിയ ഈ ഭക്തി, ധാര്‍മ്മികവും ആത്മീയവുമായ കേന്ദ്രം നഷ്ടപ്പെട്ടതായി തോന്നുന്ന ഒരു ലോകത്തിന് പ്രത്യാശയുടെയും ദിശാസൂചനയുടെയും വെളിച്ചം നല്‍കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലേഖനത്തിലൂടെ.
വിശുദ്ധ മാര്‍ഗ്ഗരറ്റ് മേരി അലകൊക്കിന് തിരുഹൃദയത്തിന്റെ പ്രത്യക്ഷീകരണം ഉണ്ടായതിന്റെ 350-ാംവാര്‍ഷിക പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ചാക്രിക ലേഖനം, തിരുവചനത്തിന്റെയും സഭാ പാരമ്പര്യങ്ങളുടെയും വെളിച്ചത്തില്‍, മുന്‍പാപ്പമാരുടെ ഈ വിഷയത്തിലുള്ള പഠനങ്ങളെയും ആഴത്തില്‍ ചിന്താവിഷയമാക്കുന്നുണ്ട്. മനുഷ്യപാപത്താല്‍ മുറിവേറ്റിട്ടും മനുഷ്യരാശിക്ക് അതിരുകളില്ലാത്ത കരുണയും സ്‌നേഹവും ചൊരിയുന്ന ക്രിസ്തുവിന്റെ ഹൃദയത്തെക്കുറിച്ച് ചിന്തിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ഈ രേഖ സമകാലിക പശ്ചാത്തലത്തില്‍ തിരുഹൃദയ ഭക്തി ആഴപ്പെടുത്താന്‍ വീണ്ടും നിര്‍ദ്ദേശിക്കുന്നു. അങ്ങനെ, ഇന്നത്തെ പ്രതിസന്ധികളോട് അനുകമ്പയോടും ധാര്‍മ്മികമായ സത്യസന്ധതയോടും കൂടെ പ്രതികരിക്കാന്‍ വിശ്വാസികളെ വഴികാട്ടി, സ്നേഹത്തിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി തിരുഹൃദയത്തെ സ്വീകരിക്കണമെന്ന് ഡിലെക്സിത് നോസിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുകയാണ്.
അഞ്ച് അദ്ധ്യായങ്ങളിലായി രചിക്കപ്പെട്ട ഈ ചാക്രിക ലേഖനത്തിന്റെ പ്രധാന പ്രതിപാദന വിഷയങ്ങള്‍ താഴെപ്പറയുന്നയാണ്:
യേശുവിന്റെ ദിവ്യവും മാനുഷികവുമായ സ്‌നേഹം: യേശുക്രിസ്തുവിന്റെ തിരു ഹൃദയത്തിലൂടെ പ്രകടമാകുന്ന സ്‌നേഹം ദൈവികവും, ദൈവത്തിന്റെ നിരുപാധികമായ കാരുണ്യത്തെ പ്രതിഫലിപ്പിക്കുന്നതും, മാനുഷികവുമാണ്; ഈ ലോകത്തില്‍ യേശുവിന്റെ അനുകമ്പയുള്ള സാന്നിധ്യം അത് ഉയര്‍ത്തിക്കാട്ടുന്നു.
സഭാ നവീകരണം: ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അധിഷ്ഠിതമായി, സഭയ്ക്കുള്ളില്‍ ഒരു നവീകരണത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. തിരുഹൃദയത്തെക്കുറിച്ച് ധ്യാനിക്കുന്നത് സഭാപരവും ആത്മീയവുമായ നവീകരണത്തിലേക്കുള്ള പാത പ്രകാശിപ്പിക്കുമെന്നും സഭയെ കൂടുതല്‍ സ്നേഹമുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹമായി മാറാന്‍ സഹായിക്കുമെന്ന് ഈ ചാക്രിക ലേഖനം ഊന്നിപ്പറയുന്നു.
ആഗോള പ്രതിസന്ധികളോടുള്ള പ്രതികരണം: യുദ്ധം, സാമൂഹിക അസമത്വം, ഉപഭോക്തൃ സംസ്‌കാരം, സാങ്കേതികവിദ്യയുടെ അന്യവല്‍ക്കരിക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്നിവ പോലുള്ള സമകാലിക ആഗോള വെല്ലുവിളികളെ ഈ ചാക്രിക ലേഖനം അഭിസംബോധന ചെയ്യുന്നു. ഈ പ്രശ്നങ്ങളെ ചെറുക്കുന്നതിന്, സ്നേഹത്തോടും അനുകമ്പയോടും കൂടി സഹവസിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മനുഷ്യരാശിയോട് അഭ്യര്‍ത്ഥിക്കുന്നു.
അനുകമ്പയുടെയും സഹനത്തിന്റെയും പ്രതീകമായി ഹൃദയം: മനുഷ്യപാപത്താല്‍ മുറിവേറ്റ തിരുഹൃദയം, കഷ്ടപ്പാടുകളുടെയും അതിരുകളില്ലാത്ത കരുണയുടെയും പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു. ഈ ആശയം, വ്യക്തിപരവും സാമൂഹ്യവുമായ പാപത്തെക്കുറിച്ചുള്ള പര്യാലോചനയും ധ്യാനവും ആവശ്യപ്പെടുന്നുണ്ട്. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന് നാം കൂടുത ഊന്നല്‍ നല്‍കേണ്ടത് ഏറ്റവും പ്രസക്തമാണ്.
തിരുഹൃദയത്തോടുള്ള ഭക്തി: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ പ്രസക്തി, പ്രത്യേകിച്ച്, ഈ വെളിപാടിന്റെ 350-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ഈ ചാക്രിക ലേഖനം വീണ്ടും ഉറപ്പിക്കുന്നു. പാപികളെ സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള ക്രിസ്തുവിന്റെ ദൗത്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ഭക്തിയെ ബന്ധിപ്പിക്കുന്നു.
ചുരുക്കത്തില്‍, അഭൂതപൂര്‍വമായ ധാര്‍മ്മികവും സാമൂഹികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു ലോകത്ത് ക്രിസ്തുവിന്റെ സ്‌നേഹം ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനുമുള്ള സഭയുടെ ദൗത്യം ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചാക്രിക ലേഖനത്തിലൂടെ വീണ്ടും ഉറപ്പിക്കുകയാണ്. യേശുവിന്റെ തിരുഹൃദയത്തെ നമ്മുടെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുക വഴി, സഭയും സമൂഹവും, കാരുണ്യത്തിലും അനുകമ്പയിലും അധിഷ്ഠിതമായ ജീവിത നവീകരണത്തിലേക്ക് നടന്നടുക്കുമെന്ന് മാര്‍പാപ്പ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആത്യന്തികമായി, എല്ലാ വിശ്വാസികളെയും, അവരുടെ വ്യക്തിജീവിതത്തിലും അവരുടെ സമൂഹത്തിലും ഒരു പരിവര്‍ത്തന ശക്തിയായി ‘ഈ സ്‌നേഹം’ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ എഴുത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നു.
താമരശ്ശേരി രൂപതയില്‍ ആരംഭിച്ച പ്രവാസി അപ്പോസ്തലേറ്റിന്റെ ഓഫീസ് മേരിക്കുന്ന് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള താമരശ്ശേരി രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി അപ്പോസ്തലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും പ്രവാസികളായ താമരശ്ശേരി രൂപതാംഗങ്ങളുടെ ആദ്യ സംഗമം ഡിസംബര്‍ 22-ന് താമരശ്ശേരിയില്‍ നടക്കുമെന്നും ബിഷപ് പറഞ്ഞു.
പ്രവാസികളായവര്‍ക്ക് താമരശ്ശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങള്‍ ക്രമീകരിക്കുവാനും കൂട്ടായ്മകള്‍ രൂപീകരിക്കുവാനും പ്രവാസി അപ്പസ്‌തോലേറ്റിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍ റാഫേല്‍ തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒന്‍പത് മെത്രാന്‍മാരേ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളില്‍പെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മാര്‍പാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്.
കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മേജര്‍ ആര്‍ച്ചുബിഷപ്പിനു നല്കിയിരിക്കുന്ന ഈ നിയമനം സീറോമലബാര്‍സഭയോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരുതലിന്റെയും ആഗോളസഭയില്‍ സീറോമലബാര്‍സഭയ്ക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണെന്ന് സീറോ മലബാര്‍ സഭയുടെ പി.ആര്‍.ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പത്രക്കുറുപ്പില്‍ പറഞ്ഞു.
ക്യൂബയുടെ ജ്ഞാനപിതാവ്, മിഷനറി, ക്ലാരേഷ്യന്‍ സഭാ സ്ഥാപകന്‍, സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്, രാജ്ഞിയുടെ ചാപ്‌ളിന്‍, ലേഖകന്‍, പ്രസാധകന്‍, ആര്‍ച്ചുബിഷപ്പ് എന്നീ നിലകളില്‍ പ്രശോഭിച്ചിട്ടുള്ള ഒരു സ്‌പെയിന്‍കാരനാണ് ആന്റണി ക്ലാരറ്റ്. 1807-ലേ ക്രിസ്മസ്സിന്റെ തലേദിവസം അദ്ദേഹം ജനിച്ചു. ഇടവക പള്ളിക്കൂടത്തിലെ എത്രയും സമര്‍ ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു ആന്റണി. പത്താമത്തെ വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. അന്ന് പ്രകടമായ ദൈവഭക്തി പൗരോഹിത്യത്തിനുള്ള ദൈവവിളിയുടെ ലക്ഷണമായി ഇടവകവൈദികന്‍ അഭിപ്രായപ്പെട്ടു. പിതാവിന്റെ തൊഴില്‍ നെയ്ത്തായിരുന്നു. ആന്റണി അതില്‍ത്തന്നെ വ്യാപൃതനായി; അതേസമയം ലത്തീനും പഠിച്ചു. പിന്നീട് സെമ്മിനാരിയില്‍ ചേര്‍ന്നു ദൈവശാസ്ത്രപഠനം നടത്തി. 1835-ല്‍ വൈദികനായി.
പത്തുവര്‍ഷം ഫാദര്‍ ആന്റണി ധ്യാനപ്രസംഗങ്ങള്‍ നടത്തി. വിശുദ്ധ കുര്‍ബാനയോടും മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടും ജപമാലയോടുമുള്ള ഭക്തിക്ക് പ്രസംഗത്തില്‍ വലിയ സ്ഥാനം നല്കിയിരുന്നു. 42-ാമത്തെ വയസ്സില്‍ അഞ്ചു യുവവൈദികരെ ചേര്‍ത്തു ”മറിയത്തിന്റെ വിമല ഹൃദയത്തിന്റെ സഭ” ആരംഭിച്ചു. ഇന്ന് അവര്‍ ക്ലരേഷ്യന്‍സ് എന്നറിയപ്പെടുന്നു.
ഈ സഭ സ്ഥാപിച്ച ഉടനെതന്നെ ക്യൂബായിലെ സാന്തിയാഗോ രൂപതയുടെ ആര്‍ച്ചുബിഷപ്പായി ഫാദര്‍ ആന്റണി നിയമിതനായി. 1850 ഒക്ടോബര്‍ 6-ാം തീയതി ആയിരുന്നു മെത്രാഭിഷേകം; അടുത്തകൊല്ലംതന്നെ സാന്തിയാഗോയിലെത്തി രൂപതാ ഭരണമാരംഭിച്ചു. 14 കൊല്ലമായിട്ട് ആ രൂപതയ്ക്ക് മെത്രാനില്ലായിരുന്നു. വളരെ പണിപ്പെട്ട് അദ്ദേഹം ഇടര്‍ച്ചകള്‍ നീക്കി; വിടവുകള്‍ നികത്തി. വെള്ളക്കാരും നീഗ്രോകളും തമ്മിലുള്ള വിവാഹം ആര്‍ച്ചുബിഷപ്പ് തടയാഞ്ഞതിന് അദ്ദേഹത്തെ ചിലര്‍ ദേഹോപദ്രവം ചെയ്തു. അങ്ങനെയിരിക്കേ അദ്ദേഹത്തെ സ്പാനിഷു രാജ്ഞിയുടെ കുമ്പസാരക്കാരനായി വിളിച്ചു. കൊട്ടാരത്തില്‍ താമസിക്കാതെയും രാജകീയാഘോഷങ്ങളില്‍ പങ്കെടുക്കാതെയും ആ ജോലി ചെയ്യാമെന്ന് ആര്‍ച്ചുബിഷപ്പു സമ്മതിച്ചു. അക്കാലത്തും അദ്ദേഹം ഇടയനടുത്ത ജോലികള്‍ ചെയ്തു കൊണ്ടിരുന്നു. രഹസ്യ സംഘങ്ങള്‍ ഇസബല്ല രാജ്ഞിയെ നാടുകടത്തിയപ്പോള്‍ രാജ്ഞിയോടുകൂടെ ആര്‍ച്ചു ബിഷപ്പും പാരീസിലേക്കു പോന്നു. അവിടെ ഉണ്ടായിരുന്ന സ്പാനിഷുകാരുടെ ഇടയില്‍ ആര്‍ച്ചുബിഷപ്പ് പ്രേഷിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരുന്നു. ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്ത് മാര്‍പ്പാപ്പാമാരുടെ അപ്രമാദിത്വത്തെ പിന്താങ്ങി പ്രസംഗിച്ചു. സൂനഹദോസിനു ശേഷം ഫ്രാന്‍സില്‍ ഫോന്തുഫ്രോയിഡ് സിസ്റ്റേഴ്‌സിന്റെ ആശ്രമത്തില്‍ അദ്ദേഹം താമസമാക്കി. 1870 ഒക്ടോബര്‍ 24-ാം തീയതി ആര്‍ച്ചുബിഷപ്പ് തനിക്കുള്ള നിത്യസമ്മാനം വാങ്ങാന്‍ ഈ ലോകം വിട്ടു.
ക്രിസ്തീയ വിശുദ്ധന്മാര്‍ വലിയ ശുഭൈകദൃക്കുകളാണ്; വിപത്തുകള്‍ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിന് ഉത്തമോദാഹരണമായ ജോണ്‍ മധ്യ ഇററലിയില്‍ കപ്പിസ്ത്രാനോ എന്ന പ്രദേശത്ത് ജനിച്ചു. നല്ല കഴിവും ഉത്തമ വിദ്യാഭ്യാസവുമുണ്ടായിരുന്ന ജോണ്‍ 26-ാമത്തെ വയസ്സില്‍ പെരുജിയാ ഗവര്‍ണരായി നിയമിതനായി. മലാത്തെസ് റെറര്‍ക്കെതിരായി നടത്തിയ യുദ്ധത്തില്‍ അദ്ദേഹം തടവുകാരനായി പിടിക്കപ്പെട്ടു. മൂന്നുവര്‍ഷത്തോളം ജയിലില്‍ കിടന്നു. അവസാനം ഒരു വലിയ സംഖ്യ കൊടുത്തു സ്വതന്ത്രനായി. ജയില്‍ജീവിതം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഒരു വലിയ മാറ്റം വരുത്തി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ ഒരു സ്വപ്‌നത്തില്‍ അദ്ദേഹം കണ്ടു. ജയിലില്‍ പോകുന്നതിനു മുമ്പ് വിവാഹം കഴിച്ചിരുന്നെങ്കിലും ഭാര്യ ഒരുമിച്ച് ജീവിക്കാനിടയായില്ല. അതിനാല്‍ ജയില്‍വാസം കഴിഞ്ഞപ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തി മുപ്പതാമത്തെ വയസ്സില്‍ ഫ്രന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നു. അവിടെ അനുഗൃഹീതവാഗ്മിയായ സീയെന്നായിലെ വിശുദ്ധ ബെര്‍ണര്‍ഡിന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. നാലാംവര്‍ഷം അദ്ദേഹം വൈദികനായി.
മതപരമായി ഭയങ്കര അനാസ്ഥ കളിയാടിയിരുന്ന അക്കാലത്ത് ഫാദര്‍ ജോണിന്റെ പ്രസംഗം 20,000 മുതല്‍ 30,000 വരെ ആളുകളെ ആകര്‍ഷിച്ചിരുന്നു. ബഷ്യായില്‍ ഒരിക്കല്‍ 1,26,000 ആളുകള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് വന്നുചേരുകയുണ്ടായി. ലത്തീനിലാണ് അദ്ദേഹം പ്രസംഗിച്ചിരുന്നത്. മറ്റാളുകള്‍ പ്രസംഗം അനഭ്യസ്തവിദ്യര്‍ക്ക് പരിഭാഷപ്പെടുത്തി കൊടുത്തുകൊണ്ടിരുന്നു. പ്രസംഗത്തോടൊപ്പം അത് ഭുതകരമായ രോഗശമനങ്ങളും നടന്നിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ആശീര്‍വാദം സ്വീകരിക്കാനായി 2000 രോഗികളുണ്ടായിരുന്നു. ഈശോയുടെ തിരുനാമത്തോടുള്ള ഭക്തി വിശുദ്ധ ബെര്‍ണാര്‍ഡിനെപ്പോലെ അദ്ദേഹവും വളരെ ഊന്നിപ്പറഞ്ഞിരുന്നു.
ഫ്രാന്‍സിസ്‌ക്കന്‍ സഭ അന്ന് അരാജകത്വത്തില്‍ കഴിയുകയായിരുന്നു. ഫാദര്‍ ജോണിന്റെ അശ്രാന്ത പരിശ്രമത്താല്‍ ഫ്രാത്രിസെല്ലി എന്ന പാഷണ്ഡഭാഗത്തെ അദ്ദേഹം തള്ളിക്കളഞ്ഞു: അങ്ങനെ ശേഷം പേര്‍ക്ക് സമാധാനത്തില്‍ നിയമം അനുസരിക്കാന്‍ കഴിഞ്ഞു. 1431-ല്‍ ഒബ്‌സെര്‍വന്റ്‌സ് എന്ന ഫ്രന്‍സിസ്‌ക്കന്‍ വിഭാഗത്തിന്റെ മിനിസ്റ്റര്‍ ജനറലായി ഫാദര്‍ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രീക്കു സഭയും ആര്‍മീനിയന്‍ സഭയും തമ്മിലുണ്ടായിരുന്ന ഭിന്നിപ്പ് അദ്ദേഹം അവസാനിപ്പിച്ചു; എന്നാല്‍ ആ യോജിപ്പു അധികം നീണ്ടുനിന്നില്ല. നാലു മാര്‍പ്പാപ്പാമാര്‍ ഫാദര്‍ ജോണിനെ തങ്ങളുടെ പ്രതിനിധിയായി പലസ്തീനാ, പോളണ്ട്, ഫ്രാന്‍സ്, ഓസ്ട്രിയാ, ബൊഹീമിയ മുതലായ സ്ഥലങ്ങളിലേക്ക് അയയ്ക്കുകയുണ്ടായി. മിക്കകാര്യങ്ങളിലും അദ്ദേഹം വിജയം നേടി. ബൊഹീമിയായില്‍ ഹുസ്സൈറ്റ്സിനെ മാനസാന്തരപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഫ്രാന്‍സില്‍ പുവര്‍ക്ലെയേഴ്സിന്റെ നവീകരണ ജോലിയില്‍ വിശുദ്ധ കോളെറ്റിനെ സഹായിക്കാനും സാധിച്ചു.
തുര്‍ക്കികള്‍ 1453-ല്‍ കോണ്‍സ്‌ററാന്റിനോപ്പിള്‍ പിടിച്ചടക്കി. അവര്‍ക്കെതിരായി ഒരു കുരിശുയുദ്ധം പ്രസംഗിക്കാന്‍ ഫാദര്‍ ജോണ്‍ നിയോഗിക്കപ്പെട്ടു. ഹങ്കറിക്കാര്‍ അദ്ദേഹത്തോട് സഹകരിച്ചു; ഓസ്ട്രിയായും ബവേരിയായും മാറിനിന്നു. അദ്ദേഹം തന്നെ ഒരു സൈന്യവിഭാഗത്തെ നയിച്ചു വിജയംവരിച്ചു. കീഴടങ്ങാന്‍ തുടങ്ങിയ യോദ്ധാക്കളുടെ ഇടയില്‍ക്കൂടെ കുരിശുമെടുത്താണ് അദ്ദേഹം അവരെ നയിച്ചത്. ക്ഷീണിതനായ ഫാദര്‍ ജോണ്‍ യുദ്ധം കഴിഞ്ഞു മൂന്നാം മാസം 1451 ഒക്ടോബര്‍ 23-ാം തീയതി അന്തരിച്ചു.
ഫാദര്‍ ജോണിന്റെ കാലത്താണ് മൂന്നു മാര്‍പ്പാപ്പാമാര്‍ ഒരേ സമയത്ത് വാഴാനിടയായ പാശ്ചാത്യ ശീശ്മ ഉണ്ടായത്. ഒരു വസന്തകൊണ്ട് 40 ശതമാനം വൈദികരും 33 ശതമാനം ആമേയരും അന്തരിക്കുകയുണ്ടായി. എന്നിട്ടും ക്രിസ്തുവില്‍ അദ്ദേഹത്തിനുണ്ടായ ശരണത്തിന് കുറവൊന്നുമുണ്ടായില്ല. അതാണു ശുഭൈകദൃക്ഭാവം.
പലസ്തീനായിലെ ഗാസ എന്ന പ്രദേശത്തുനിന്ന് എട്ടു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന തബാത്ത എന്ന കൊച്ചു പട്ടണത്തില്‍ വിജാതീയ മാതാപിതാക്കന്മാരില്‍ നിന്നു ഹിലാരിയോന്‍ ജനിച്ചു. അലെക്സാന്‍ഡ്രിയായില്‍ പഠിച്ചു. അവിടെ വച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു ജ്ഞാനസ്‌നാനപ്പെട്ടു. മരുഭൂമിയിലെ വിശുദ്ധ ആന്റണിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ കൂടെ രണ്ടുമാസം താമസിച്ചശേഷം ഏതാനും സന്യാസികളോടുകൂടി അദ്ദേഹം സ്വദേശത്തേക്കു മടങ്ങി. മാതാപിതാക്കന്മാര്‍ അപ്പോഴേക്കും മരിച്ചുപോയിരുന്നു. ഹിലാരിയോന്‍ തന്റെ സ്വത്തിന്റെ ഒരുഭാഗം സ്വന്തക്കാര്‍ക്കു വിട്ടുകൊടുത്തു; ബാക്കി ദരിദ്രര്‍ക്കു നല്കി. സ്വന്തമായി ഒന്നും സൂക്ഷിച്ചില്ല. അന്ന് ഹിലാരിയോന് 15 വയസ്സാണ്. അനന്തരം ഈജിപ്തില്‍ ഒരു വിജനപ്രദേശത്തേക്കു പോയി. അവിടെ കവര്‍ച്ചക്കാരും കൊല പാതകികളും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നഗ്നരായ ദരിദ്രര്‍ ചോരന്മാരെ ഭയപ്പെടുന്നില്ലെന്നാണ് മറുപടി നല്‍കിയത്.
ഏകാന്തവാസം ആരംഭിച്ചശേഷം റൊട്ടി ഉപേക്ഷിച്ചു. ആറു കൊല്ലം അദ്ദേഹത്തിന്റെ അനുദിന ഭക്ഷണം 15 അത്തിപ്പഴമായിരുന്നു. ജഡിക പരീക്ഷകളുണ്ടായാല്‍ ഭക്ഷണം തീരെ വേണ്ടെന്നു വയ്ക്കുമായിരുന്നു. അനേകം അത്ഭുതങ്ങള്‍ അദ്ദേഹം ചെയ്തതായി ജീവചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശുദ്ധിയെപ്പറ്റി കേട്ടിട്ട് പല ശിഷ്യന്മാര്‍ മജൂമാ മരുഭൂമിയിലേക്ക് വരാന്‍ തുടങ്ങി. തന്നിമിത്തം അദ്ദേഹം തന്റെ താമസസ്ഥലം മാറി മാറിക്കൊണ്ടിരുന്നു. അവസാനം അദ്ദേഹം സൈപ്രസു ദ്വീപിലെത്തി. അവിടെവച്ച് ഒരു തളര്‍വാതരോഗിയെ അദ്ദേഹം അത്ഭുതകരമാംവിധം സുഖപ്പെടുത്തി. 80-ാ മത്തെ വയസ്സില്‍ സൈപ്രസ്സില്‍ ഒരു ഗുഹയില്‍ കിടന്ന് ഹിലാരിയോന്‍ നിര്യാതനായി.
വിശുദ്ധ ഉര്‍സുല 362-ല്‍ ഇംഗ്ലണ്ടില്‍ കോര്‍ണ്ണവേയില്‍ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ഡിനോക്ക് അവിടത്തെ രാജാവായിരുന്നു. അദ്ദേഹം മകള്‍ക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം നല്കി. വിദ്യാഭ്യാസത്തിന് അനുയോജ്യമായ സുകൃത ജീവിതം നയിക്കാന്‍ അവള്‍ പണിപ്പെട്ടു; നിത്യകന്യാത്വം നേരുകയും ചെയ്തു. എന്നാല്‍ പിതാവ് അവളെ ബ്രിത്താന്യാ രാജാവിന് വിവാഹം ചെയ്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ മകളേയും മററു പല യുവതികളേയും കൂടി ബ്രിട്ടനിയിലേക്ക് കപ്പല്‍കയറ്റി അയച്ചു.
അവളുടെ വ്രതം സംരക്ഷിക്കാനെന്ന് തോന്നുമാറ് ഒരു സംഭവമുണ്ടായി. ഉര്‍സുലയും മറ്റും സഞ്ചരിച്ചിരുന്ന കപ്പല്‍ കൊടുങ്കാറ്റിലകപ്പെട്ടു ചുറ്റിത്തിരിഞ്ഞ് റെയിന്‍ നദിക്കുസമീ പമുള്ള തുറമുഖത്തു ചെന്നുചേര്‍ന്നു. കപ്പലില്‍ ഉര്‍സുല ഒരുത്തമ പ്രേഷിതയായി പ്രവര്‍ത്തിച്ചു. തന്റെകൂടെ യാത്ര ചെയ്തിരുന്ന യുവതികളെ വിശ്വാസത്തിലും ദൈവസ്‌നേഹത്തിലും ചാരിത്ര്യത്തിലും ഉറച്ചുനില്ക്കാന്‍ അവള്‍ തീക്ഷ്ണതാപൂര്‍വ്വം ഉപദേശിച്ചു. പുണ്യവതിയുടെ പരിശ്രമം വിജയപ്രദമായിരുന്നുവെന്ന് അനന്തര സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ഉര്‍സുലയും മറ്റും തുറമുഖത്തിറങ്ങിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ക്രൂരരായ ഹണ്‍സിന്റെ കരങ്ങളില്‍ പതിച്ചു. അവരുടെ പ്രധാനിയായ ഗാവുനൂസു ഉര്‍സൂളയുടെ സൗന്ദര്യത്താല്‍ ആകൃഷ്ടനായി അവളെ വിവാഹത്തിനു ക്ഷണിച്ചു. ഞാന്‍ ക്രിസ്തുവിന് വിവാഹവാഗ്ദാനം ചെയ്തിരിക്കുന്നവളാണ്. ”ചാരിത്ര്യഭംഗത്തേക്കാള്‍ മരണമാണ് എനിക്ക് ഭേദം” അവള്‍ പറഞ്ഞു. ആ ക്രൂരനേതാവ് ഉര്‍സൂളയുടെ ശിരസ്സു ഛേദിക്കാന്‍ ആജ്ഞാപിച്ചു. അവളുടെ ശിഷ്യകളും മര്‍ദ്ദനങ്ങളനുഭവിച്ച് മൃതിയടഞ്ഞു. 451 ഒക്ടോബര്‍ 21-ാം തീയതിയായിരുന്നു ഉര്‍സുലയുടേയും കൂട്ടരുടേയും രക്തസാക്ഷിത്വം.
”വി. ഡൊറോത്തിയുടെ അദ്ധ്യാപകര്‍” അഥവാ ”തിരുഹൃദയത്തിന്റെ പുത്രിമാര്‍” എന്ന സന്യാസ സഭയിലെ ഒരംഗമായ ബെര്‍ട്ടില്ലാ വടക്കേ ഇറ്റലിയില്‍ ബ്രെന്റാളാ എന്ന സ്ഥലത്തു ജനിച്ചു. ജ്ഞാനസ്‌നാനനാമം അന്ന ഫ്രാന്‍സിസ് എന്നായിരുന്നു; വിളിച്ചിരുന്നത് അന്നെററാ എന്നാണ്. ഗ്രാമീണ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് സ്വഭവനത്തിലും സമീപസ്ഥ ഭവനത്തിലും ഒരു വീട്ടുവേലക്കാരിയായി അവള്‍ ജോലി ചെയ്തിരുന്നു. പ്രകൃത്യാ ശക്തയായിരുന്നു അന്നെറ്റാ. സ്ഥലത്തേ ഒരു വൈദികന്‍ ഡോണ്‍ കപ്പോവില്ലാ അവളെ ദൈവം വിളിക്കുന്നുണ്ടെന്നു തോന്നുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ വികാരി യച്ചന്‍ ഡോണ്‍ ഗ്രേസ് ചിരിച്ചു. എങ്കിലും അദ്ദേഹം അടുത്ത ഒരു മഠത്തില്‍ ചേരാന്‍ അവളെ ശുപാര്‍ശചെയ്തു. അവര്‍ അവളെ ചേര്‍ത്തില്ല. എങ്കിലും 16-ാമത്തെ വയസ്സില്‍ വി. ഡൊറോത്തിയുടെ സഹോദരീസംഘത്തില്‍ അവള്‍ക്ക് പ്രവേശനം ലഭിച്ചു. ബെര്‍ട്ടില്ലാ എന്ന പുതിയ പേരും കിട്ടി.
ഒരു വര്‍ഷം മഠത്തിലേ അലക്ക്, കുശിനിപ്പണി മുതലായവ ചെയ്തു. പിറേറവര്‍ഷം ട്രെവിസോയിലുണ്ടായിരുന്ന മഠം വക ആശുപത്രിയില്‍ നേഴ്സിങ്ങു പഠിച്ചു. എങ്കിലും കുറേക്കാലവും കൂടി കുശിനിപ്പണിതന്നെ ചെയ്തുവന്നു. കുറേ കഴിഞ്ഞ് അവള്‍ ആശുപത്രി ജോലിയില്‍ നിയുക്തയായി; താമസിയാതെ രോഗിണിയുമായി. 22-ാമത്തെ വയസ്സുമുതല്‍ മരണംവരെ കഠിനവേദനയനുഭവിക്കേണ്ടതായി വന്നു. ശസ്ത്ര ക്രിയകള്‍ക്കൊന്നും വേദന ശമിപ്പിക്കാന്‍ കഴിഞ്ഞില്ല.
ബെര്‍ട്ടില്ലാ ലിസ്യൂവിലെ ത്രേസ്യയുടെ കുറുക്കുവഴിയില്‍ കൂടെയാണ് നടന്നിരുന്നത്. ആരോഗ്യം മോശവും ബുദ്ധി ശക്തി സാധാരണവും കഴിവുകള്‍ കുറവുമായിരുന്നെങ്കിലും പ്രായോഗിക വിവേകത്തില്‍ ഉയര്‍ന്ന ഒരു നിലവാരം അവള്‍ പാലിച്ചിരുന്നു. അനുദിന കൃത്യങ്ങള്‍ ശരിയായി നിര്‍വ്വഹിച്ച് അവള്‍ പുണ്യമാര്‍ഗ്ഗത്തില്‍ ചരിച്ചു. ഒന്നാമത്തേ ചരമവാര്‍ഷിക ദിവസം ട്രെവിസോ ആശുപ്രതിയില്‍ ഒരു സ്മാരക ശിലവച്ചു: ”ഇവിടെ മനുഷ്യവേദന ഒരു മാലാഖയെപ്പോലെ കുറേക്കൊല്ലം ശമിപ്പിച്ചുകൊണ്ടിരുന്ന സിസ്റ്റര്‍ ബെര്‍ട്ടില്ലാ ബൊസ് കാര്‍ഡിന്റെ ഓര്‍മ്മയ്ക്ക്.” 1952-ല്‍ അവളെ അനുഗൃഹീതയെന്നും 1961-ല്‍ വിശുദ്ധയെന്നും നാമകരണം ചെയ്തു..