ഒക്‌ടോബര്‍ 19: വിശുദ്ധ ഐസക്ക് ജോഗ്സ് രക്തസാക്ഷി

വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക്ക് ജോഗ്സും കൂട്ടുകാരും ഒരു യുവജെസ്യൂട്ടായിരിക്കെ അദ്ദേഹം ഫ്രാന്‍സിന്‍ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636-ല്‍ ഹുറോണ്‍ ഇന്ത്യാക്കാരുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി ഫാദര്‍ ഐസക്കു അമേരിക്കയിലേക്കു പുറപ്പെട്ടു. ഹുറോണ്‍ ജാതിക്കാരെ ഇറോക്കോയിസ് നിരന്തരം ആക്രമിക്കാറുണ്ട്. താമസിയാതെ ഫാദര്‍ ഐസക്കിനേയും ഇറോക്കോയിസു പിടിച്ചെടുത്ത് 13 മാസം കാരാഗൃഹത്തിലടച്ചു. അദ്ദേഹത്തോടും കൂട്ടുകാരോടും ചെയ്ത അക്രമങ്ങള്‍ അദ്ദേഹം തന്റെ എഴുത്തുകളില്‍ വിവരിച്ചിട്ടുണ്ട്. മാനസാന്തരപ്പെട്ട ഹുറോണ്‍ ജാതിക്കാരെ കൊല്ലുന്ന കാഴ്ച അദ്ദേഹത്തിന് എത്രയും സങ്കടകരമായിരുന്നു. ലന്തക്കാരുടെ സഹായത്തോടുകൂടി അദ്ദേഹം രക്ഷപ്പെട്ടു ഫ്രാന്‍സിലെത്തി. വിരലുകള്‍ പലതും മുറിച്ചുകളഞ്ഞിരുന്നു; അല്ലെങ്കില്‍ കത്തിച്ചുകളഞ്ഞിരുന്നു. ക്ഷതമായ കരങ്ങ ളോടെ വിശുദ്ധ കുര്‍ബാന സമര്‍പ്പിക്കാന്‍ അനുവാദം കൊടുത്ത എട്ടാം ഉര്‍ബന്‍ മാര്‍പ്പാപ്പാ ഇങ്ങനെ എഴുതി: ‘ക്രിസ്തുവിന്റെ രക്തസാക്ഷിക്കു അവിടുത്തേ തിരുരക്തം പാനം ചെയ്യുവാന്‍ അനുവദിക്കാതിരിക്കുന്നതു ലജ്ജാവഹമായിരിക്കും. ഇത്രയും സഹിച്ച ഫാദര്‍ ജോഗ്സു 1646-ല്‍ ജീന്‍ദെലെ ലാന്റോടുകൂടെ വീണ്ടും ഇറാക്കോയിസിന്റെ രാജ്യത്തിലേക്കു പുറപ്പെട്ടു. അവരോട് ‘ഒരു സന്ധിചെയ്ത് കാനഡയിലേക്കു മടങ്ങി ഇന്ത്യരുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. തല്‍സമയം അവിടെ ഒരു പകര്‍ച്ചവ്യാധിയുണ്ടാകുകയും അനേകര്‍ മരിക്കുകയും ചെയ്തു. ഇത് ഈശോസഭക്കാരുടെ മന്ത്രവാദമാണെന്നു കരുതി ഫാദര്‍ ഐസക്ക് ഉള്‍പ്പെടെ ആറു വൈദികരേയും രണ്ടു സഹോദരരേയും ക്രൂരമായി വധിച്ചു.

ലോഗോസ്: രൂപതാ വിജയികള്‍

കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിന്റെ ആദ്യഘട്ട മത്സരം പൂര്‍ത്തിയായി. രൂപതാതലത്തില്‍ വിജയിച്ച് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ ഓരോ കാറ്റഗറിയിലേയും ആദ്യ മൂന്നു റാങ്കുകാര്‍ യഥാക്രമം (ബ്രായ്ക്കറ്റില്‍ നല്‍കിയിരിക്കുന്നത് ഇടവക):

എ കാറ്റഗറി: സഞ്ജീവ് ജോഷി അറക്കപ്പറമ്പില്‍ (പടത്തുകടവ്), ലെവിന്‍ സുനില്‍ കേഴപ്ലാക്കല്‍ (കൂരോട്ടുപാറ), ജെറോണ്‍ ടോം ജോഷി പൊന്നാമറ്റം (കൂടത്തായി).

ബി കാറ്റഗറി: ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍ (കൂരോട്ടുപാറ) അന്ന സനീഷ് തോണക്കര (കൂടരഞ്ഞി), ഏയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (വിലങ്ങാട്).

സി കാറ്റഗറി: സിസ്റ്റര്‍ ജോസ്‌ന മരിയ എഫ്‌സിസി (പാറോപ്പടി), കെ. എസ്. സിമി മരിയ കൊള്ളന്നൂര്‍ (പാറോപ്പടി), എലിസബത്ത് തുരുത്തിമറ്റം (തേക്കുംകുറ്റി).

ഡി കാറ്റഗറി: ഡോണ വിന്‍സെന്റ് പുളിയിലക്കാട്ട് (കൂരോട്ടുപാറ), ജിസി അഗ മരോട്ടിക്കുഴി (കൂരാച്ചുണ്ട്), ടിന്റു ജേക്കബ് മേടയില്‍പുത്തന്‍വീട്ടില്‍ (അമലാപുരി).

ഇ കാറ്റഗറി: ഡോ. സെലീന പെരുംപള്ളി (ഈസ്റ്റ്ഹില്‍), ബീന ജോസഫ് വയലില്‍ (മാങ്കാവ്), സെലിന്‍ പുരയിടത്തില്‍ (തോട്ടുമുക്കം).

എഫ് കാറ്റഗറി: മാത്യു തൈക്കുന്നുംപുറത്ത് (കൂരാച്ചുണ്ട്), റോസമ്മ ജോസ് മാടപ്പാട്ട് (പാറോപ്പടി), സാലി ജോര്‍ജ് കപ്പിലുമാക്കല്‍ (പന്തല്ലൂര്‍).

സംസ്ഥാനതല മത്സരം നവംബര്‍ 10-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നവംബര്‍ 23,24 തീയതികളിലാണ് മെഗാഫൈനല്‍. ലോഗോസ് പ്രതിഭയ്ക്ക് അമ്പതിനായിരം രൂപയില്‍ അധികമാണ് ക്യാഷ് അവാര്‍ഡ്.

ഒക്ടോബര്‍ 18: വിശുദ്ധ ലൂക്കാ സുവിശേഷകന്‍

ലൂക്ക് അന്തിയോക്യയില്‍ വിജാതീയ മാതാപിതാക്കന്മാരില്‍ നിന്ന് ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങള്‍ അന്ന് അന്തിയോക്യായിലായിരുന്നതുകൊണ്ടു ലൂക്കിനു നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂര്‍ത്തിയാക്കി. പൗലോസു ശ്ലീഹാ ട്രോവാസില്‍നിന്നു ഫിലിപ്പിയായിലേക്കു പോകുംവഴി ലൂക്കാ മാനസാന്തരപ്പെട്ട് അദ്ദേഹത്തിന്റെ കൂടെ പ്രേഷിതയാത്രകള്‍ നടത്തിക്കൊണ്ടിരുന്നു. 53ലോ 55-ലോ ആരംഭിച്ച ഈ ബന്ധം ശ്ലീഹായുടെ മരണംവരെ നിലനിന്നു. സേസരെയായില്‍വച്ചു കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോഴും റോമായാത്രയിലും ലൂക്കാ അദ്ദേഹത്തെ അനുയാത്രചെയ്തു. കൊളോസ്യക്കുള്ള ലേഖനത്തില്‍ ശ്ലീഹാ വിശുദ്ധ ലൂക്കായെ ”എന്റെ പ്രിയപ്പെട്ട വൈദ്യാ” എന്നു സംബോധന ചെയ്തിരിക്കുന്നു. (4: 14) ശ്ലീഹാ അദ്ദേഹത്തെ സഹപ്രവര്‍ത്തകന്‍ എന്നും വിളിച്ചു കാണുന്നുണ്ട്. (2 തിമോ 4: 11; ഫിലി. 1: 24)

ലൂക്കാ തന്റെ സുവിശേഷം 60-ാം ആണ്ടില്‍ അക്കയായില്‍ വച്ച് എഴുതിയെന്നു പറയപ്പെടുന്നു. ശ്ലീഹായുടെ പ്രസംഗങ്ങളെ ആശ്രയിച്ചാണ് ലൂക്കാ സുവിശേഷം എഴുതിയത്. എന്നാല്‍ പൗലോസും ലൂക്കായും ഈശോയുടെ ജീവിതസംഭവങ്ങള്‍ക്കു ദൃക്തസാക്ഷികളല്ലാതിരിക്കേ ഈശോയുടേയും സ്‌നാപകയോഹന്നാന്റെയും ബാല്യത്തെ സംബന്ധിച്ചു നല്‍കുന്ന വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഗവേഷണ ചാതുര്യം വിശദമാക്കുന്നു. വിശുദ്ധ മത്തായിയും മര്‍ക്കോസും നല്‍കാത്ത ചില സൂക്ഷ്മവിവരങ്ങള്‍ ലൂക്കാ നല്‍കിയിട്ടുണ്ട്.

ദൈവമാതാവിന്റെ ചിത്രം ആദ്യം വരച്ചതു ലൂക്കയാണെന്നു പറയപ്പെടുന്നു. അതിനാല്‍ ലൂക്കാ ഒരു ഭിഷഗ്വരനും ചിത്രമെഴുത്തുകാരനുമായിരുന്നു. ദൈവമാതാവിന്റെ സങ്കീര്‍ത്തനം വിശുദ്ധ ലൂക്കാ തന്റെ സുവിശേഷത്തിലുദ്ധരിച്ചിരിക്കുന്നു. അതിനാല്‍ ഇദ്ദേഹം കന്യകാമറിയത്തെ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചുവെന്നു ചിന്തിക്കുന്നതില്‍ അപാകതയില്ല.

ലൂക്കായാണു മൂന്നാമത്തെ സുവിശേഷത്തിന്റെയും നടപടി പുസ്തകത്തിന്റെയും ഗ്രന്ഥകാരന്‍. രണ്ടും തെയോഫിലസ്സിനെ സംബോധനം ചെയ്താണ് എഴുതിയിരിക്കുന്നത്. തെയോഫിലസ്സു ഒരു ചരിത്രപുരുഷനാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. ഒരു തൂലികാ നാമമാണെന്നും വരാം. എന്തെന്നാല്‍ ഈശ്വരവത്സലന്‍ എന്നാണ് സംജ്ഞയുടെ വാച്യാര്‍ത്ഥം. സുന്ദരവും സരളവും സാഹിത്യഗുണം തുളുമ്പുന്നതുമായ ഒരു ഗ്രീക്കു ശൈലിയാണ് കലാകാരനായ വിശുദ്ധ ലൂക്കാ ഉപയോഗിച്ചിട്ടുള്ളത്. ശ്ലീഹായുടെ മരണത്തിനുശേഷം ലൂക്കാ അക്കയായില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും അവിടെ വച്ചു മരിച്ചുവെന്നുമാണു പാരമ്പര്യം.

ഒക്ടോബര്‍ 17: അന്തിയോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ്സ് മെത്രാന്‍

ഈശോ ഒരിക്കല്‍ ഒരു ശിശുവിനെ വിളിച്ച് ആരാണ് തങ്ങളില്‍ വലിയവനെന്നു തര്‍ക്കിച്ചു കൊണ്ടിരുന്ന അപ്പസ്‌തോലന്മാരുടെ മധ്യേ നിറുത്തിക്കൊണ്ടു അവരോടരുള്‍ ചെയ്തു: ”നിങ്ങള്‍ മനസ്സു, തിരിഞ്ഞു ശത്രുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കയില്ല. ഈ ശിശുവിനെപ്പോലെ വിനീതരാകുന്നവരത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്താ 18: 2-4). ഈ ശിശുവാണത്രേ 69-ല്‍ എവോരിയൂസിന്റെ മരണത്തിനുശേഷം അന്തിയോക്യയില്‍ മെത്രാനായത് എന്നൊരു പാരമ്പര്യമുണ്ട് . ഇഗ്‌നേഷ്യസു തന്റെ അജഗണത്തെ വളരെ താല്പര്യത്തോടെ ഭരിച്ചുപോന്നു. അദ്ദേഹം വി. യോഹന്നാന്‍ ശ്ലീഹായുടെ ഒരു ശിഷ്യനുംകൂടി ആയിരുന്നതിനാല്‍ സിറിയായിലെ മെത്രാന്മാരെല്ലാം അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞശേഷം മാത്രമാണ് സമസ്തവും ചെയ്തിരുന്നത്.

സ്മിര്‍ണായിലെ വിശ്വാസികള്‍ക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ”വിശുദ്ധ കുര്‍ബാനയില്‍നിന്നു മാറി നില്‍ക്കുന്നവര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുകമാത്രം ചെയ്താല്‍ മതി. എന്തെന്നാല്‍ അത് നമുക്കുവേണ്ടി മരിച്ച യേശുക്രിസ്തുവിന്റെ ശരീരമാണെന്ന് അവര്‍ വിശ്വസിക്കുന്നില്ല.”

105-ല്‍ (ടാജന്‍ ചക്രവര്‍ത്തി മതപീഡനമാരംഭിച്ചു. അദ്ദേഹം പാര്‍ത്ഥ്യാ സമരത്തില്‍നിന്നു മടങ്ങുന്ന സമയത്തു ബിഷപ്പ് ഇഗ്‌നേഷ്യസ്സിനെ വിളിച്ചു ചോദിച്ചു: ”ഈ നാട്ടിലെ ജനങ്ങളെ ക്രിസ്തുവിന്റെ നിയമം പഠിപ്പിച്ചു വഞ്ചിക്കുന്ന പിശാചു താങ്കളാണോ?” ഞാന്‍ പിശാചല്ല; ദൈവദാസരെ കാണുമ്പോള്‍ പിശാച് ഓടുന്നു, ഞാന്‍ ഈശോയുടെ പുരോഹിതനാണ്; എനിക്കു ജൂപ്പിറ്ററിന്റെ പിശാച് ആകേണ്ടാ” (ടാജന്‍ ഉടനെ കല്പിച്ചു: ”ഇയാളെ റോമയില്‍ കൊണ്ടുപോയി പൊതു വിനോദ ദിവസം കാട്ടുമൃഗങ്ങള്‍ക്കു ഭക്ഷണത്തിനായി നല്കുക.” അദ്ദേഹം പ്രതിവചിച്ചു: കര്‍ത്താവേ, അങ്ങയിലുള്ള വിശ്വാസത്തെപ്രതി എന്റെ ജീവന്‍ ബലിചെയ്ത് അങ്ങയോടുള്ള എന്റെ സ്‌നേഹം പ്രകാശിപ്പിക്കാന്‍ സാധിക്കുന്നതിനു ഞാന്‍ നന്ദി പറയുന്നു.’ഉടനടി ചങ്ങലയിട്ടു പൂട്ടാന്‍ അദ്ദേഹം കൈനീട്ടിക്കൊടുത്തു. മാര്‍ഗ്ഗമദ്ധ്യേ മെത്രാന്മാരും വൈദികരും അല്‍മേനികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ ചെന്നു. സ്മിര്‍ണായില്‍വച്ച് അദ്ദേഹം പോലിക്കാര്‍പ്പിനെ ആശ്ലേഷിച്ചു. അവിടെനിന്ന് എഫേസ്യര്‍ക്കെഴുതി.” ഞാന്‍ എന്റെ ശൃംഖല ക്രിസ്തുവിനെ പ്രതി വഹിക്കുന്നു. അതിനെ ഏതൊരു നിധിയേക്കാളും ഞാന്‍ വിലമതിക്കുന്നു. അത് എനിക്ക് ആത്മീയ പവിഴമാലയാണ്.’

റോമാക്കാര്‍ക്ക് അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നു: ”ഞാന്‍ ദൈവത്തിന്റെ കോതമ്പാണ്. ഞാന്‍ ക്രിസ്തുവിന്റെ നിര്‍മ്മലാപൂപമാകാന്‍ വന്യമൃഗങ്ങളുടെ ദന്തങ്ങളാല്‍ കടിച്ചു പൊടിയാക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. ചിലരെ അവ തൊടാറില്ല. അങ്ങനെ എനിക്കു സംഭവിക്കാതിരിക്കട്ടെ.”

107 ഡിസമ്പര്‍ 20-ാം തീയതി അദ്ദേഹത്തെ സിംഹത്തിന് ഇട്ടുകൊടുത്തു. വലിയ അസ്ഥികളൊഴികെ ബാക്കിയെല്ലാം അവ തിന്നു. പിറേറ ദിവസം ഇഗ്‌നേഷ്യസ് തന്റെ കൂടെ ഉണ്ടായിരുന്ന ഫീലോ, അഗാത്തോപോഡ്യൂസ് എന്നീ ഡീക്കന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടുവത്രെ.

ഒക്ടോബര്‍ 16: വിശുദ്ധ ഹെഡ് വിഗ്

കരിന്തിയായിലെ നാടുവാഴിയായ ബെര്‍ട്രോള്‍ഡ് തൃതീയന്റെ മകളാണു ഹെഡ് വിഗ്. അമ്മ ആഗ്‌നെസ്സിന്റെ സന്മാതൃക കുട്ടിയെ വളരെ സ്വാധീനിച്ചു. ലുട്സിങ്കെന്‍ ആശ്രമ ത്തിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പന്ത്രണ്ടാമത്തെ വയസ്സില്‍ സൈലേഷ്യാ പ്രഭുവായിരുന്ന ഹെന്റിയെ ഹെഡ്വിഗ് വിവാഹം കഴിച്ചു. വിവാഹാനന്തരം ദൈവത്തോടും ഭര്‍ത്താവിനോടും മക്കളോടും കുടുംബത്തോടുമുള്ള ചുമതലകള്‍ യഥോചിതം നിര്‍വ്വഹിച്ചുപോന്നു. ആറു മക്കള്‍ ജനിച്ചശേഷം അവിവാഹിതരെപ്പോലെ ജീവിക്കാന്‍ ഭര്‍ത്താവിനെക്കൊണ്ടു സമ്മതിപ്പിച്ചു. പ്രഭു വിശ്വസ്തതാപൂര്‍വ്വം വാഗ്ദാനം നിറവേറ്റി സ്വര്‍ണ്ണാഭരണങ്ങളോ രാജകീയ വസ്ത്രങ്ങളോ പിന്നീട് അദ്ദേഹം ധരിച്ചിട്ടില്ല.

ട്രെബനിറ്റ്‌സില്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ആയിരം പേര്‍ക്കു താമസിക്കാവുന്ന ഒരു സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമം പ്രഭ്വി പണിയിച്ചു. ദരിദ്ര യുവതികളേയും അവിടെ താമസിപ്പിച്ചു വിവാഹത്തിനോ സന്യാസത്തിനോ ഒരുക്കിയിരുന്നു. 16 കൊല്ലം വേണ്ടിവന്നു ആശ്രമപ്പണി തീര്‍ക്കാന്‍.

ഏതൊരു കന്യാസ്ത്രീയുടേയും ജീവിതത്തെ വെല്ലുന്നതായിരുന്നു പ്രഭ്വിയുടെ ജീവിതം. ക്രിസ്തുവിന്റെയും അപ്പസ്‌തോലന്മാരുടേയും ഓര്‍മ്മയ്ക്കായി പതിമൂന്നുപേര്‍ക്കു ദിനം പ്രതി സ്വകരങ്ങള്‍ കൊണ്ടു ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നു. ഭര്‍ത്താവില്‍നിന്നു പിരിഞ്ഞശേഷം ചാരനിറത്തിലുള്ള വിനീത വസ്ത്രമാണ് പ്രഭ്വി ധരിച്ചിരുന്നത് : 40 വര്‍ഷം മാംസം ഭക്ഷിച്ചിട്ടില്ല. ബുധനാഴ്ചയും വെള്ളിയാഴ്ചയും റൊട്ടിയും വെള്ളവും മാത്രമാണു കഴിച്ചിരുന്നത്. ഇടക്കിടയ്ക്ക് ട്രെബ്‌നിറ്റ്സ് ആശ്രമത്തില്‍ പോയി താമസിക്കുമായിരുന്നു. 1241-ല്‍ ടാര്‍ടാഴ്‌സായി നടത്തിയ യുദ്ധത്തില്‍ ഹെന്റി വധിക്കപ്പെട്ടു. പിന്നീടു ഹെഡ്വിഗ് ആശ്രമത്തില്‍ത്തന്നെ താമസമാക്കി. 1243 ഒക്ടോബര്‍ 15-ാം തീയതി പ്രഭ്വി അഥവാ സന്യാസിനി ദിവംഗതയായി. ഒരു കന്യാസ്ത്രീയാകാനുള്ള ആഗ്രഹം ബലി ചെയ്തതു സ്വന്തം വസ്തുവകകള്‍ കൈകാര്യം ചെയ്തു ദരിദ്രരെ സഹായിക്കാനാണ്.

ഒക്ടോബര്‍ 15: ആവിലായിലെ വിശുദ്ധ ത്രേസ്യാ കന്യക

നവീകൃത കര്‍മ്മലീത്താസഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യാ സ്‌പെയിനില്‍ ആവിലാ എന്ന നഗരത്തില്‍ 1515 മാര്‍ച്ച് 28-ാം തീയതി ജനിച്ചു. പിതാവ് അല്‍ഫോണ്‍സ് സാഞ്ചെസ്സ് ഒരു കുലീന കുടുംബാംഗമായിരുന്നു. ത്രേസ്യായ്ക്ക് ഏഴു വയസ്സുള്ളപ്പോള്‍ മുഹമ്മദീയരുടെ കരങ്ങളാല്‍ രക്തസാക്ഷിത്വം നേടാമെന്നു കരുതി വീട്ടില്‍നിന്ന്, ആഫ്രിക്കയിലേക്കു പുറപ്പെട്ടു. മാര്‍ഗ്ഗമധ്യേ ഇളയച്ഛന്‍ കണ്ടു കാര്യം ഗ്രഹിച്ച് അവളെ കൂട്ടിക്കൊണ്ടു പോന്നു.’എനിക്കു ദൈവത്തെ കാണണം; അതിനുമുമ്പു മരിക്കേണ്ടതായിട്ടുണ്ടല്ലോ” എന്നാണു അവള്‍ പറഞ്ഞത്. ത്രേസ്യായ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അമ്മ അഹൂദാ മരിച്ചു. സഹോദരന്‍ റോഡിഗോയോടുകൂടെ അവള്‍ പറയുമായിരുന്നു: ‘എന്നെന്നേക്കും, എന്നെന്നേക്കും,” ക്രമേണ ത്രേസ്യായുടെ ജീവിതത്തില്‍ ഒരു വ്യതിയാനം വന്നു. വളരെയേറെ കാല്പനിക കഥകള്‍ അവള്‍ വായിച്ചു കൂട്ടി. ഒരു അയല്‍ക്കാരിയുടെ പ്രചോദനത്തില്‍ ത്രേസ്യാ തലമുടി ചുരുട്ടാനും സുരഭില തൈലം പൂശാനും തുടങ്ങി. ഒരു സ്‌നേഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഇടയില്‍ക്കൂടെ ഒരു പറത്തവള ഇഴഞ്ഞുപോയി ഇതു കണ്ടപ്പോള്‍ ത്രേസ്യാക്കു തോന്നി സര്‍വ്വേശ്വരന് ഈ സ്‌നേഹം ഇഷ്ടമല്ലെന്ന്. വിശുദ്ധ ജെറോമിന്റെ കുറേ എഴുത്തുകള്‍ വായിച്ചു.

പ്രാര്‍ത്ഥനയാണു കൃപാവരത്തിനുള്ള വാതിലെന്നു ഗ്രഹിച്ചു 18-ാമത്തെ വയസ്സില്‍ പിതാവ് എതിര്‍ത്തുവെങ്കിലും ത്രേസ്യാ കര്‍മ്മലീത്താസഭയില്‍ ചേര്‍ന്നു. വ്യര്‍ത്ഥമായ സംഭാഷണങ്ങള്‍ നിമിത്തം ആരംഭത്തില്‍ ആധ്യാത്മികജീവിതം ശുഷ്‌കമായിരുന്നു. 31-ാമത്തെ വയസ്സില്‍ അവള്‍ തന്നെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചു.

തന്റെ ജ്ഞാനപിതാവായ വിശുദ്ധ പീറ്റര്‍ അല്‍കാന്തയോടും വിശുദ്ധ ഫ്രാന്‍സിസു ബോര്‍ജിയായോടും ആലോചിച്ചു ദൈവ നിവേശനപ്രകാരം 1561-ല്‍ 46-ാമത്തെ വയസ്സില്‍ കര്‍മ്മലീത്താ സഭയുടെ നവീകരണത്തിനായി അവള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കുരിശിന്റെ വിശുദ്ധ യോഹന്നാനോടുകൂടെ പുരുഷവിഭാഗവും അവള്‍ നവീകരിച്ചു. അങ്ങനെ നിഷ്പാദുക കര്‍മ്മലീത്താസഭ ആരംഭിച്ചു. തന്റെ ജീവിതകാലത്തുതന്നെ കര്‍മ്മലീത്താ നിഷ്പാദുക കന്യാസ്ത്രീകള്‍ക്കായി പതിനേഴും പുരുഷന്മാര്‍ക്കായി പതിനഞ്ചും ആശ്രമങ്ങളും സ്ഥാപിച്ചു.

18 കൊല്ലത്തെ ആധ്യാത്മിക ശുഷ്‌കതയ്ക്കുശേഷം സമുന്നത പ്രാര്‍ത്ഥനാ രീതിയിലേക്ക് അവള്‍ ക്ഷണിക്കപ്പെട്ടു. ദൈവനി വേശനങ്ങളും മൗതികാനുഭവങ്ങളും സാധാരണമായി. ‘ഒന്നുകില്‍ സഹിക്കുക അല്ലെങ്കില്‍ മരിക്കുക” എന്നായിരുന്നു അവളുടെ മുദ്രാവാക്യം. സ്വയംകൃത ചരിതം, സുകൃതസരണി. ആഭ്യന്തര ഹര്‍മ്മ്യം എന്ന വിശുദ്ധയുടെ ഗ്രന്ഥങ്ങള്‍ ഉയര്‍ന്ന പ്രാര്‍ത്ഥനയെപ്പറ്റിയുള്ള പ്രതിപാദനങ്ങളാണ്. 1559-ല്‍ ഒരു സ്രാപ്പേ മാലാഖ അവളുടെ ഹൃദയം ഭേദിച്ചുവെന്നു പറയുന്നു. 1582 ഒക്ടോബര്‍ 4-ാം തീയതി ഈശോയുടെ ത്രേസ്യായെ ഈശോതന്നെ സ്വര്‍ഗ്ഗത്തിലേക്കു സ്വീകരിച്ചു. 1970 സെപ്തംബര്‍ 27-ാം തീയതി സീയെന്നായിലെ ക്രതീനയോടൊപ്പം വേദപാരംഗത എന്നു നാമകരണം ചെയ്യപ്പെട്ടു.

ഒക്ടോബര്‍ 14: വിശുദ്ധ കലിസ്റ്റസ് പാപ്പാ രക്തസാക്ഷി

വിശുദ്ധ സെഫിറീനൂസു പാപ്പായുടെ പിന്‍ഗാമിയാണു കലിസ്റ്റസ്. ഈ വിശുദ്ധനെ സംബന്ധിച്ചു നമുക്കുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന ആന്റി പോപ്പു ഹിപ്പോളിറ്റസ്സില്‍ നിന്നാണ്. കലിസ്റ്റസ്സു പാപ്പായ്ക്കു വല്ല കുറ്റങ്ങളുമുണ്ടായിരുന്നെങ്കില്‍ അവ ഹിപ്പോളിറ്റസ്സു വിവരിക്കാതിരിക്കയില്ലായിരുന്നു. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരടിമയായിരുന്നു കലിസ്റ്റസ്. പണം കാവലായിരുന്നു ജോലി. നിക്ഷേപിച്ചിരുന്ന പണം എങ്ങനെയോ നഷ്ടപ്പെട്ടുപോയി. കലിസ്റ്റസു പലായനം ചെയ്തു. എങ്കിലും അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തിലടച്ചു. കുറേനാള്‍ ജയിലില്‍ കിടന്ന ശേഷം, വിശുദ്ധ കലിസ്റ്റസ്സിന്റെ ഭൂഗര്‍ഭാലയം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ക്രിസ്തീയ ശ്മശാനത്തിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. സെഫിറീനൂസു മാര്‍പ്പാപ്പാ അദ്ദേഹത്തിനു ഡീക്കണ്‍ പട്ടം കൊടുത്തു ഉപദേഷ്ടാവായി നിയമിച്ചു. മാര്‍പ്പാപ്പായുടെ മരണശേഷം റോമയിലെ ജനങ്ങളും വൈദികരും ചേര്‍ന്നു കലിസ്റ്റസ്സിനെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തു. പുറംതള്ളപ്പെട്ട പാപ്പാ സ്ഥാനാര്‍ത്ഥി വേറൊരു മാര്‍പ്പാപ്പായെ തിരഞ്ഞെടുത്തു. അതാണ് ആദ്യത്തെ എതിര്‍പോപ്പ് ഹിപ്പോളിററസ്.

ഹിപ്പോളിററസ്സിന്റെ വിമര്‍ശനത്തിനു വിധേയമായ കലിസ്റ്റസ്സു മാര്‍പ്പാപ്പായുടെ തീരുമാനങ്ങള്‍ താഴെ ചേര്‍ക്കുന്നു: (1) മതത്യാഗം, വ്യഭിചാരം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കും പരസ്യ പ്രായശ്ചിത്തം ചെയ്തു കഴിയുമ്പോള്‍ പാപമോചനം നല്കാവുന്നതാണ് (2) അടിമകളും സ്വതന്ത്രരും തമ്മിലുള്ള വിവാഹം സാധുവാണ്. (3) രണ്ടോ മൂന്നോ പ്രാവശ്യം വിവാഹം കഴിച്ച പുരുഷന്മാര്‍ക്കും പട്ടം നല്കാം. (4) ചാവുദോഷം ചെയ്തതുകൊണ്ട് ഒരു മെത്രാനെ സ്ഥാനഭ്രഷ്ടനാക്കേണ്ടതില്ല. (5) പിതാവും പുത്രനും ഒരു ദൈവമേ ആകുന്നുള്ളൂ; രണ്ടാകുന്നില്ല. കര്‍ശനവാദിയായ ഹിപ്പോളിററസ് ഇവയൊക്കെ നിഷേധിച്ചെങ്കിലും കലിസ്റ്റസു പാപ്പാ ഇവ മുറുകെപിടിച്ചതുകൊണ്ടു മഹാന്മാരായ പാപ്പാമാരില്‍ ഒരാളായി എണ്ണപ്പെടുന്നു.

അക്കാലത്തു റോമയില്‍ ഔദ്യോഗികമായി മതപീഡനമുണ്ടായിരുന്നില്ലെങ്കിലും ട്രാസ്‌റ്റെവേരെ എന്ന ഭാഗത്തുണ്ടായ ഒരു വിപ്ലവത്തില്‍ 223 ഒക്ടോബര്‍ 14-ാം തീയതി കലി സ്റ്റസു രക്തസാക്ഷിത്വമകുടം ചൂടി.

236-ലേ മതമര്‍ദ്ദനത്തില്‍ ഹിപ്പോളിറ്റസ്സു സാര്‍ദീനിയായിലേക്കു നാടുകടത്തപ്പെട്ടു; അവിടെവച്ച് അദ്ദേഹം തിരുസ്സഭയോടു രമ്യപ്പെട്ടു. വിപ്രവാസത്തില്‍ അനുഭവിച്ച കഷ്ടതകള്‍ അദ്ദേഹത്തിന്റെ ആയുസ്സു എടുത്തുകളഞ്ഞു. ഹിപ്പോളിറ്റസ്സിനെ വിശുദ്ധനായിട്ടാണു തിരുസ്സഭ വണങ്ങുന്നത്.

മാതൃവേദി അംഗത്വ നവീകരണവും, സ്വീകരണവും

കട്ടിപ്പാറ ഇടവകയിലെ മാതൃവേദി അംഗങ്ങളുടെ അംഗത്വ നവീകരണവും, സ്വീകരണവും നടത്തി. ഇടവകയില്‍ പത്ത് ദിവസത്തെ ജപമാല ആചരണത്തിന്റെ സമാപന ദിവസം സീറോമലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോസുകുട്ടി അന്തീനാട്ടിന്റെയും, വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

രൂപതാ പ്രസിഡന്റ് സ്വപ്ന ഗിരീഷ്, മേഖലാപ്രസിഡന്റ് സെലീന്‍ ജയിംസ് എന്നിവരും സന്നിഹിതരായിരുന്നു. പ്രസിഡന്റ് ലീന, സെക്രട്ടറി ജിന്‍സി തോമസ്, ആനിമേറ്റര്‍ സിസ്റ്റര്‍ എല്‍സി എസ്എച്ച്, ജിന്‍സി ജോബി, ലിന്റ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രേഷിതം 2K24: കൂരാച്ചുണ്ട് മേഖല ഒന്നാമത്

ചെറുപുഷ്പ മിഷന്‍ലീഗ് തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ സംഘടിപ്പിച്ച പ്രേഷിതം 2K24 രൂപതാ കലോത്സവത്തില്‍ കൂരാച്ചുണ്ട് മേഖല ഒന്നാം സ്ഥാനം നേടി. തിരുവമ്പാടി, പാറോപ്പടി മേഖലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് അല്‍ഫോന്‍സ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍ ട്രോഫികള്‍ വിതരണം ചെയ്തു.

രൂപതാ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടി കൂരാച്ചുണ്ട് ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. മരിയാപുരം, കൂടരഞ്ഞി ഇടവകകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2023-24 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച മേഖലയായി (എപ്ലസോടെ ഗോള്‍ഡന്‍ സ്റ്റാര്‍) പെരിന്തല്‍മണ്ണ തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ സ്റ്റാറായി തിരുവമ്പാടി മേഖലയും മിഷന്‍ സ്റ്റാറായി കോടഞ്ചേരി മേഖലയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ശാഖയ്ക്കുള്ള ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌ക്കാരം കട്ടിപ്പാറ സ്വന്തമാക്കി. സില്‍വര്‍ സ്റ്റാറായി മാലാപറമ്പ് ശാഖയും മിഷന്‍ സ്റ്റാറായി മരിയാപുരം ശാഖയും തെരഞ്ഞെടുക്കപ്പെട്ടു.

2023-24 പ്രവര്‍ത്തന വര്‍ഷത്തില്‍ എപ്ലസ് ഗ്രേഡ് നേടിയ ശാഖകള്‍: കൂരാച്ചുണ്ട്, ഈങ്ങാപ്പുഴ, കോടഞ്ചേരി, കല്ലാനോട്, വലിയകൊല്ലി, തിരുവമ്പാടി, കണ്ണോത്ത്, കരുവാരകുണ്ട്, ചക്കിട്ടപാറ.

വുമണ്‍സ: കെസിവൈഎം വനിതാ സംഗമം സമാപിച്ചു

കെസിവൈഎം താമരശ്ശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ രൂപതയിലെ യുവതികള്‍ക്കായി ‘വുമണ്‍സ 4.o’ വനിതാ സംഗമം നടത്തി. കൈതപ്പൊയില്‍ ലിസ്സ കോളജില്‍ നടന്ന പരിപാടി യുവസംരംഭകരും സഹോദരങ്ങളുമായ ചിത്തിര റോസ് മാത്യു, ആതിര റോസ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ പൂകമല അധ്യക്ഷത വഹിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് മെന്‍സ്ട്രല്‍ കപ്പ് ചലഞ്ച്, കേശദാന യജഞം എന്നിവ സംഘടിപ്പിച്ചു. രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍, സെക്രട്ടറി അലോന എലിസബത്ത്, സംസ്ഥാന സെനറ്റ് അംഗം അലീന ലെയ്‌സണ്‍, എസ്.എം. വൈ.എം. സംസ്ഥാന സെക്രട്ടറി ആഗി മരിയ ജോസഫ്, ലിസ കോളേജ് പ്രതിനിധി ഫാ. ജോസ് പന്തക്കല്‍, സീറോ മലബാര്‍ മാതൃവേദി രൂപത പ്രസിഡന്റ് സ്വപ്ന ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

രണ്ട് ദിവസമായി നടന്ന സംഗമത്തില്‍ കുടുംബം, സാങ്കേതികത്വം, സംരംഭകത്വം എന്നിങ്ങനെ മൂന്ന് വിഷയങ്ങളിലായി യുവതികള്‍ ആശയങ്ങള്‍ പങ്കുവെക്കുകയും വിദഗ്ദര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

Exit mobile version