നവംബര്‍ 16: സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് രാജ്ഞി

1057-ല്‍ സ്‌കോട്ട്‌ലന്റിലെ രാജാവായ മാല്‍ക്കോം വിവാഹം കഴിച്ചത് ഇംഗ്‌ളീഷ് രാജാവായ വിശുദ്ധ എഡ്വേര്‍ഡിന്റെ സഹോദരപുത്രി മാര്‍ഗരറ്റിനെയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു. കൊട്ടാരത്തിലാണ് വളര്‍ന്നതെങ്കിലും മാര്‍ഗരറ്റ് ലൗകികസന്തോഷങ്ങളെ വിഷമായിട്ടാണ് കണക്കാക്കിയിരുന്നത്.

മാല്‍ക്കോം പരുപരുത്ത ഒരു മനുഷ്യനായിരുന്നെങ്കിലും രാജ്ഞിയുടെ സംപ്രീതമായ പെരുമാറ്റംകൊണ്ട് അദ്ദേഹം ശ്രദ്ധപതിക്കാനും ഭരണകാര്യങ്ങളില്‍ രാജ്ഞിയുടെ ഉപദേശം തേടാനും കൂടി തയ്യാറായി. എല്ലാ പ്രവൃത്തികളിലും രാജ്ഞി ഭര്‍ത്താവിനെ സഹായിച്ചിരുന്നെങ്കിലും പ്രാര്‍ത്ഥനയ്‌ക്കോ ദൈവസാന്നിധ്യ സ്മരണയ്‌ക്കോ കുറവു വരുത്തിയില്ല. എട്ടു മക്കളുണ്ടായി. അവരെ ദൈവഭക്തിയില്‍ വളര്‍ത്താന്‍ മാര്‍ഗരറ്റ് ഒട്ടും അശ്രദ്ധ പ്രദര്‍ശിപ്പിച്ചിട്ടില്ല.

രാജ്യം മുഴുവനും തന്റെ കുടുംബമായിട്ടാണ് രാജ്ഞി കരുതിയിരുന്നത്. ഞായറാഴ്ചകളും നോമ്പു ദിവസങ്ങളും ആചരിക്കാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. നോമ്പുകാലത്തും ആഗമനകാലത്തും ദിവസന്തോറും 300 ദരിദ്രരെ വിളിച്ചു രാജാവും രാജ്ഞിയും ഭക്ഷണം വിളമ്പി കൊടുത്തിരുന്നു. വിദേശീയര്‍ക്കുവേണ്ടിക്കൂടി രാജ്ഞി ആശുപത്രികള്‍ സ്ഥാപിച്ചു. നോമ്പിലും ആഗമനകാലത്തും പാതിരാത്രിയില്‍ എഴുന്നേറ്റു പ്രാര്‍ത്ഥിച്ചിരുന്നു. രാവിലെ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ ആറു ദരിദ്രരുടെ പാദങ്ങള്‍ കഴുകി അവര്‍ക്കു ധര്‍മ്മം കൊടുത്താണ് അയച്ചിരുന്നത്. സ്വന്തം ആഹാരം എത്രയും തുച്ഛമായിരുന്നു.

മാല്‍ക്കോം സമാധാനപ്രിയനായിരുന്നെങ്കിലും സമര്‍ത്ഥനായ ഒരു പോരാളിയായിരുന്നു. ഒരു ഇംഗ്ലീഷ് സൈന്യം അദ്ദേഹത്തിനു കീഴടങ്ങി ആന്‍വിക്കു മാളികയുടെ താക്കോല്‍ രാജാവിനു സമര്‍പ്പിക്കുന്ന സമയത്തു അപ്രതീക്ഷിതമായി ഇംഗ്ലീഷ് പടയാളികള്‍ അദ്ദേഹത്തെ കുത്തിക്കൊന്നു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ മകന്‍ എഡ്ഗാറും മരിച്ചു. ദൈവ തിരുമനസ്സിനു കീഴ്‌പ്പെട്ടുകൊണ്ടു രോഗിയായിരുന്ന രാജ്ഞി എല്ലാം സഹിച്ചു. തിരുപാഥേയം സ്വീകരിച്ചശേഷം രാജ്ഞി പ്രാര്‍തഥിച്ചു: ‘കര്‍ത്താവായ ഈശോ അങ്ങു മരിച്ചുകൊണ്ടു ലോകത്തെ രക്ഷിച്ചുവല്ലോ എന്നെ രക്ഷിക്കണമേ.’ ഇതുതന്നെ ആയിരുന്നു രാജ്ഞിയുടെ അന്തിമ വചസ്സുകള്‍.

നവംബര്‍ 15: മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്

പ്രസിദ്ധനായ വിശുദ്ധ തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാലീനര്‍തന്നെ മഹാന്‍ എന്നു സംബോധനം ചെയ്തിട്ടുള്ള ആല്‍ബെര്‍ട്ട്. അദ്ദേഹം സ്വാദിയാ എന്ന സ്ഥലത്ത് ജനിച്ചു. പാദുവാ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം പുതുതായി ആരംഭിച്ച ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നത്. ആരംഭകാലത്തു ആല്‍ബെര്‍ട്ട് പഠനത്തില്‍ പിന്നോക്കമായിരുന്നു. എന്നാല്‍ ഭക്തനായ യുവാവ് ദൈവമാതാവിന് തന്നെത്തന്നെ സമര്‍പ്പിച്ചു പഠനം തുടര്‍ന്നു. ആ ദിവ്യാംബികയുടെ സഹായത്താല്‍ പഠനത്തില്‍ ആല്‍ബെര്‍ട്ട് വമ്പിച്ച വിജയം വരിച്ചു. സാര്‍വ്വത്രിക വിജ്ഞാന ഡോക്ടരായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഫ്രീബുര്‍ഗു, റാറ്റിസ്ബണ്‍, പാരിസു, കൊളോണ്‍ എന്നീ സ്ഥലങ്ങളില്‍ ആല്‍ബെര്‍ട്ട് അധ്യാപനം നടത്തി. പ്രകൃതിശാസ്ത്രത്തിലെ തന്റെ കണ്ടുപിടിത്തങ്ങള്‍ തത്വശാസ്ത്രത്തോട് പൊരുത്തപ്പെടുത്തിക്കൊണ്ടു പോകാന്‍ അദ്ദേഹം ഒരു പരിശ്രമംചെയ്തു. അദ്ദേഹത്തിന്റെ വിജ്ഞാനസംക്ഷേപം എന്ന ഗ്രന്ഥത്തില്‍ പ്രകൃതിശാസ്ത്രം, തര്‍ക്കം, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ, വൈശേഷികം എന്നീ വിഷയങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. 20 വര്‍ഷം കൊണ്ടാണ് അതെഴുതി തീര്‍ത്തത്. ഗ്രീക്കു തത്വശാസ്ത്രവും ദൈവശാസ്ത്രവും യോജിപ്പിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ആരംഭമിട്ടു. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ യുക്തി എങ്ങനെ പ്രയോഗിക്കാ മെന്ന് അദ്ദേഹം വിശദമാക്കി . അദ്ദേഹത്തിന്റെ ശിഷ്യന്‍ വിശുദ്ധ തോമസ് അക്വിനസ്സ് ആ പഠനം ഏറെക്കുറെ പൂര്‍ത്തിയാക്കി. വിശുദ്ധ കുര്‍ബാനയോടും ദൈവമാതാവിനോടും ആല്‍ബെര്‍ട്ടിനുണ്ടായിരുന്ന ഭക്തി അന്യാദൃശമായിരുന്നു. വിനീതനായ ആല്‍ബര്‍ട്ടിനെ ദൈവം ഡൊമിനിക്കന്‍ പ്രൊവിന്‍ഷലും 1260-ല്‍ റാറ്റിസുബണിലെ മെത്രാനുമായി ഉയര്‍ത്തി. 1274-ലെ ലിയോണ്‍സിലെ സൂനഹദോസില്‍ ദൈവശാസ് ത്രജ്ഞനെന്ന നിലയില്‍ പങ്കെടുത്തു. സൂനഹദോസിന് പോരുന്ന വഴിക്ക്
തന്റെ പ്രിയ ശിഷ്യന്‍ തോമസ് അക്വിനസ്സ് മരിച്ചുവെന്ന് കേട്ടിട്ട്, അല്‍ബെര്‍ട്ട് 71-ാമത്തെ വയസ്സില്‍ പാരീസിലേക്കു മടങ്ങി അക്വിനസ്സിന്റെ വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്കി.

ആല്‍ബെര്‍ട്ട് വിനീതനായ ഒരു ഡൊമിനിക്കനായി എന്നും ജീവിച്ചു. കാല്‍നടയായിട്ടാണ് യാത്രകളെല്ലാം ചെയ്തത്. ശിശുസഹജ വിശ്വാസവും ദൈവസ്‌നേഹവും അദ്ദേഹത്തില്‍ സുതരാം വിരാജിച്ചു. 74-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു.

ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണം നടത്തി

തലശ്ശേരി അതിരൂപതയിലെ കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടന്ന ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

വചന സന്ദേശ മധ്യേ ഫാ. ജോസഫ് കാപ്പിലിന്റെ സേവനങ്ങളെ ബിഷപ് അനുസ്മരിച്ചു. വിശുദ്ധനാട് മലബാറിന് പരിചയപ്പെടുത്തിയ പ്രേഷിതനായിരുന്നു കാപ്പിലച്ചനെന്ന് ബിഷപ് പറഞ്ഞു.

വികാരി ഫാ. ജോസ് പൂവന്നിക്കുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, ഫാ. തോമസ് പാമ്പയ്ക്കല്‍, ഫാ. സഞ്ജയ് കുരീക്കാട്ടില്‍ വിസി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

വിലങ്ങാട്-വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം: പ്രമേയം

വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഈ വര്‍ഷം ഉണ്ടായ അതിദാരുണമായ ഉരുള്‍പൊട്ടലിലും പ്രകൃതി ദുരന്തത്തിലും സമാനതകളില്ലാത്ത നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് സംഭവിച്ചത്. നാനൂറിലേറെ വിലപ്പെട്ട ജീവനുകളാണ് മലവെള്ളപ്പാച്ചിലില്‍ നഷ്ടമായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിക്കുന്നതാണ്. നൂറുകണക്കിന് ആളുകള്‍ വീടു നഷ്ടപ്പെട്ട് ഭവനരഹിതരാകുകയും അതിലേറെപ്പേര്‍ കൃഷിഭൂമി നഷ്ടപ്പെട്ട് വലിയ കെടുതിയിലാകുകയും ചെയ്തു. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ ഒട്ടനവധിയാണ്. ദുരിതമനുഭവിക്കുന്ന എല്ലാ സഹോദരങ്ങളോടും താമരശ്ശേരി രൂപതയും പാസ്റ്ററല്‍ കൗണ്‍സിലും ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നു. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുമെന്ന് ഭരണാധികാരികള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ദുരന്തമുണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല എന്ന വസ്തുത അത്യന്തം ഖേദകരമാണ്. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ മൂലം ദുരിതത്തിലകപ്പെട്ടവര്‍ക്ക് ഭവനനിര്‍മാണം അടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ധനസഹായ വിതരണവും അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണവും ഉടനടി ആരംഭിക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി ആവശ്യപ്പെടുന്നു.

താമരശ്ശേരി രൂപതയില്‍ നിന്ന് 3 പേര്‍ ലോഗോസ് മെഗാ ഫൈനലിലേക്ക്

ലോഗോസ് ക്വിസ് സെമിഫൈനല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. എ, ബി, എഫ് വിഭാഗങ്ങളിലായി താമരശ്ശേരി രൂപതയില്‍ നിന്നു മൂന്നു പേര്‍ മെഗാ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി.

എ വിഭാഗത്തില്‍ ലെവിന്‍ സുനില്‍ കേഴപ്ലാക്കല്‍, ബി വിഭാഗത്തില്‍ ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍, എഫ് വിഭാഗത്തില്‍ മാത്യു തൈക്കുന്നുംപുറത്ത് എന്നിവരാണ് നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുക.

കൂരോട്ടുപാറ ഇടവകാംഗമായ കേഴപ്ലാക്കല്‍ സുനില്‍ ഷീന ദമ്പതികളുടെ മക്കളാണ് ലെവിനും ലിയയും. 2023-ലെ ലോഗോസ് മെഗാ ക്വിസ് പ്രതിഭാ മത്സരത്തില്‍ ലിയ ട്രീസ രണ്ടാം സ്ഥാനം നേടിയിരുന്നു. ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും ലിയ ട്രീസയ്ക്കായിരുന്നു. കൂരാച്ചുണ്ട് ഇടവകാംഗമാണ് മാത്യു തൈക്കുന്നുംപുറം.

ആദ്യ ഘട്ടത്തില്‍ നാലര ലക്ഷം പേര്‍ പരീക്ഷയെഴുതി. അവരില്‍ നിന്നും 600 പേര്‍ സെമിഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചു. മെഗാ ഫൈനല്‍ മത്സരത്തിന് 60 പേരാണ് യോഗ്യത നേടിയത്.

മലയോര നാടിന്റെ അഭിമാനമായി അല്‍ക്ക

മലയോര നാടിന്റെ കായിക പെരുമയില്‍ പുത്തന്‍ അധ്യായം എഴുതി ചേര്‍ത്ത് കൂരാച്ചുണ്ടുകാരി അല്‍ക്ക ഷിനോജ്. സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സില്‍ നാല് ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി, വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയാണ് ഈ മിടുക്കി മലയോര നാടിന്റെ അഭിമാന താരമായത്.

ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 200, 400, 600 എന്നീ ഇനങ്ങളിലും റിലേയിലുമായിരുന്നു അല്‍ക്കയുടെ സ്വര്‍ണ്ണ നേട്ടം. കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയായ അല്‍ക്ക കൂരാച്ചുണ്ട് ഇടവകാംഗവും സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ ചേറ്റാനിയില്‍ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്.

കുളത്തുവയല്‍ ജോര്‍ജിയന്‍ അക്കാദമി പരിശീലകന്‍ കെ. എം. പീറ്റര്‍, കുളത്തുവയല്‍ സ്‌കൂള്‍ കായിക അധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അല്‍ക്ക സ്‌കൂള്‍ ഒളിംപിക്‌സിനായി തയ്യാറെടുത്തത്.

ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് അനുസ്മരണം

താമരശ്ശേരി രൂപതാ വൈദികനായിരുന്ന ഫാ. ഫ്രാന്‍സിസ് കള്ളികാട്ടിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫാ. ഫ്രാന്‍സിസിന്റെ ഇടവകയായ കോട്ടയം തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും സിമിത്തേരിയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

താമരശ്ശേരി രൂപത ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, ഫാ. തോമസ് കളരിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടങ്ങനാട് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോണ്‍സണ്‍ പുളളീറ്റ്, ഫാ. ജീവന്‍ കദളിക്കാട്ടിൽ എന്നിവര്‍ നേതൃത്വം നല്‍കി.

നവംബര്‍ 14: ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് മെത്രാപ്പോലീത്താ

ഡബ്ലിനടുത്തുള്ള ഒരു രാജകുടുംബത്തിലാണ് ലോറന്‍സ് ഒരടൂള്‍ ജനിച്ചത്. പത്തു വയസ്സുള്ളപ്പോള്‍ ലോറന്‍സ് ജാമ്യത്തടവുകാരനായി ലിന്‍സ്‌റ്റെറിലെ രാജാവിന് നല്‍കപ്പെട്ടു. കുട്ടിയോട് രാജാവ് നിര്‍ദ്ദയനായി പെരുമാറിയതിനാല്‍ അവനെ ഗ്ലൈന്‍ലോക്കിലെ മെത്രാന് ഏല്പിക്കുവാനിടയായി. അവിടെ അവന്‍ ദൈവകാര്യങ്ങള്‍ ശരിയായി പഠിച്ചു. പന്ത്രണ്ടാമത്തെ വയസ്സില്‍ കുട്ടി പിതാവിന്റെ പക്കലേക്കു മടങ്ങി.

തന്റെ നാലു മക്കളിലൊരാള്‍ തിരുസഭാസേവനത്തിന് പോകണമെന്ന് പിതാവിനു നിര്‍ബന്ധമുണ്ടായിരുന്നു. ആരു പോകണമെന്ന് നറുക്കിട്ട് തീരുമാനിക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്റെ ആഗ്രഹം സഭാസേവനത്തിന് പോകണമെന്നാണെന്ന് ലോറന്‍സ് പറഞ്ഞു. ലോറന്‍സിനെ വീണ്ടും മെത്രാനച്ചന്റെ ശിക്ഷണ ത്തില്‍ താമസിപ്പിച്ചു. ലോറന്‍സ് ഒരാശ്രമത്തിലാണ് താമസി ച്ചിരുന്നത്. ഗ്ലൈന്‍ലോക്കിലെ മെത്രാന്‍ മരിച്ചപ്പോള്‍ ലോറന്‍സ് ആശ്രമാധിപനായി നിയമിതനായി. അന്ന് 25 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ആശ്രമാധിപന്‍ എന്ന നിലയില്‍ വളരെ വിവേകപൂര്‍വ്വം കാര്യങ്ങള്‍ നടത്തി. പൂര്‍വ്വ യൗസേപ്പിനെപ്പോലെ അന്നുണ്ടായ പഞ്ഞത്തില്‍ ലോറന്‍സ് ജനങ്ങളെ സംരക്ഷിച്ചു. അദ്ദേഹത്തിന്റെ വിജയം കണ്ട് അസൂയാ കലുഷിതരായവര്‍ പല ഏഷണികള്‍ പറഞ്ഞുപരത്തിയെങ്കിലും ലോറന്‍സ് മൗനം ഭജിച്ചതേയുള്ളൂ.

1162-ല്‍ ലോറന്‍സ് ഡബ്ലിന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. ആര്‍ച്ചുബിഷപ്പായതിനുശേഷവും സന്യാസവസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്; സന്യാസികളോടുകൂടെയാണ് ഭക്ഷിച്ചിരുന്നത്. രാത്രി അവരുടെകൂടെ പ്രാര്‍ത്ഥിച്ച ശേഷം തനിച്ച് ദേവാലയത്തില്‍ ദീര്‍ഘസമയം പ്രാര്‍ത്ഥിക്കും. മാംസം ഭക്ഷിച്ചിരുന്നില്ല. എല്ലാ വെള്ളിയാഴ്ചകളിലും ഉപവസിച്ചിരുന്നു. പലപ്പോഴും ചമ്മട്ടി അടിക്കുമായിരുന്നു. മുപ്പതു ദരിദ്രരെ ദിനംപ്രതി സ്വന്തം മേശയിലിരുത്തി ഭക്ഷണം നല്കിയിരുന്നുവെന്ന് പറയുമ്പോള്‍ എത്ര അഗാധമായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ദീനാനുകമ്പ!

ആര്‍ച്ചുബിഷപ് ലോറന്‍സ് കാന്റര്‍ബറി കത്തീഡ്രലില്‍ ഒരു ദിവസം കുര്‍ബാന ചൊല്ലാന്‍ ചെന്നപ്പോള്‍ ഒരു ഭ്രാന്തന്‍ അദ്ദേഹത്തിന്റെ തലയില്‍ വടികൊണ്ട് ഒന്നടിച്ചു. വിശുദ്ധനായ ആര്‍ച്ചുബിഷപ്പിനെ രക്തതസാക്ഷിയാക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു അയാളുടെ സമാധാനം. ആര്‍ച്ചുബിഷപ് സ്വല്പം വെള്ളം വെഞ്ചരിച്ചു ശിരസ്സു കഴുകിയ പ്പോള്‍ രക്തം നിലച്ചു; അപ്പോള്‍ത്തന്നെ കുര്‍ബാന ചൊല്ലാറായി.

ആ ഭ്രാന്തനെ ഇംഗ്ലീഷ് രാജാവ് തൂക്കിക്കൊല്ലാന്‍ വിധിച്ചെങ്കിലും ആര്‍ച്ചുബിഷപ് ഇടപെട്ട് അവന് മാപ്പു നല്കി. 1179-ലെ ലാറ്ററന്‍ പൊതുസൂനഹദോസില്‍ ആര്‍ച്ചു ബിഷപ് പങ്കെടുത്തു. അലെക്‌സാന്‍ഡര്‍ മാര്‍പ്പാപ്പാ തൃതീയന്‍ അദ്ദേഹത്തെ അയര്‍ലന്‍ഡിലെ പേപ്പല്‍ ലെഗെയിറ്ററായി നിയമിച്ചു. അയര്‍ലന്‍ഡിലെ രാജാവും ഇംഗ്ലണ്ടിലെ ഹെന്‍ഡ്രി രണ്ടാമനും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ അദ്ദേഹം നോര്‍മന്റിയില്‍ പോയി സമാധാനത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചു. അവിടെവച്ച് അദ്ദേഹത്തിന് പനിപിടിപെടുകയും 1180 നവംബര്‍ 14-ന് ഈലോകവാസം വെടിയുകയും ചെയ്തു.

നവംബര്‍ 13: വിശുദ്ധ സ്റ്റാനിസ്ലാസ് കോസ്ത്കാ

പോളണ്ടിലെ കുലീനനും പ്രശസ്തനുമായ ഒരു സെനറ്ററുടെ മകനാണു സ്റ്റാനിസ്ലാസ്. അവനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ അമ്മയുടെ വയറില്‍ ഈശോ എന്ന തിരുനാമം പ്രകാശലിഖിതമായി കാണപ്പെട്ടു. അവന്‍ ഈശോസഭയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അമ്മയ്ക്കു തോന്നി.

14-ാമത്തെ വയസില്‍ സ്റ്റാനിസ്ലാസും സഹോദരന്‍ പോളും ഒരു ട്യൂട്ടറു മൊരുമിച്ച് വീയെന്നായില്‍ പഠിക്കാന്‍ പോയി. അവിടെ അവര്‍ താമസിച്ചിരുന്നത് ഒരു ലൂഥറന്‍ ഭവനത്തിലായിരുന്നു. വിനോദങ്ങളില്‍ പങ്കുചേരാതിരുന്നതിനാല്‍ സ്റ്റാനിസ്ലാസിനെ പലപ്പോഴും പോള്‍ ഞെരുക്കിയിരുന്നു.

മാനസിക ക്ലേശത്താല്‍ സ്റ്റാനിസ്ലാസ് മരിക്കത്തക്ക നിലയിലെത്തി. ആ ലൂഥറന്‍ ഭവനത്തില്‍ യുവാവിന് അന്ത്യകൂദാശകള്‍ നിഷേധിക്കപ്പെട്ടു. വിശുദ്ധ ബാര്‍ബരാ അവനു വിശുദ്ധ കുര്‍ബാന നല്കി. ദൈവമാതാവു പ്രത്യക്ഷപ്പെട്ട് അവനോട് ഈശോസഭയില്‍ ചേരാന്‍ പറഞ്ഞ് അവനെ പൂര്‍ണ്ണമായി സുഖപ്പെടുത്തി.

പിതാവിന് ഈശോസഭക്കാരോടുള്ള എതിര്‍പ്പുനിമിത്തം സ്റ്റാനിസ്ലാസ് അവന്‍ ഒരു ദിവസം ഭിക്ഷു വേഷം ധരിച്ചു വീട്ടില്‍നിന്നു പുറപ്പെട്ടു. 720 കിലോമീറ്റര്‍ നടന്ന് ഓക്‌സ്ബര്‍ഗ്ഗില്‍ വിശുദ്ധ പീറ്റര്‍ കനീഷ്യസ്സിന്റെ അടുക്കലെത്തി. അവിടെനിന്നു 1280 കിലോമീറ്റര്‍ നടന്ന് റോമയിലെത്തി. അന്നത്തെ ജനറല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയാ അവനെ ഈശോസഭയില്‍ ചേര്‍ത്തു.

പ്രസന്നമായ വിശുദ്ധിയും വാനവസദൃശമായ നൈര്‍മ്മല്യവും അവനെ എല്ലാവരുടേയും പ്രിയപാത്രമാക്കി. ആരോഗ്യം അത്ര മെച്ചമായിരുന്നില്ലെങ്കിലും പ്രായശ്ചിത്ത പ്രവൃത്തികളില്‍ അവന്‍ മുന്‍പന്തിയില്‍ നിന്നു. അവന്റെ മധ്യസ്ഥന്‍ വിശുദ്ധ ലോറന്‍സായിരുന്നു. സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ദിവസം മരിക്കാനുള്ള ഭാഗ്യം വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹത്തോടു സ്റ്റാനിസ്ലാസ് പ്രാര്‍ത്ഥിച്ചു. ആഗസ്‌ററ് 12-ന് സ്റ്റാനിസ്ലാസിന് ഒരു പനി പിടിപെട്ടു. റെക്ടറച്ചന്‍ സ്വര്‍ഗ്ഗാരോപണത്തിരുനാളിന്റെ ആഘോഷപൂര്‍വ്വകമായ ദിവ്യബലി ആരംഭിച്ചപ്പോള്‍ സ്റ്റാനിസ്ലാസിന്റെ ആത്മാവു സ്വര്‍ഗ്ഗാരോപിതമായി.

ഫാ. സ്‌കറിയ മങ്ങരയ്ക്കും ജോഷി ബെനഡിക്ടിനും മാര്‍ട്ടിന്‍ തച്ചിലിനും രൂപതയുടെ ആദരം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചെയര്‍ ഫോര്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ആന്റ് റിസേര്‍ച്ച് ഗവേണിങ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫാ. സ്‌കറിയ മങ്ങര, മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവ് ജോഷി ബെനഡിക്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി. ജെ. മാര്‍ട്ടിന്‍ തച്ചില്‍ എന്നിവര്‍ക്ക് താമരശ്ശേരി രൂപതയുടെ ആദരം. 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനത്തിലാണ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇവരെ ആദരിച്ചത്.

താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് മാനേജറുമായ ഫാ. സ്‌കറിയ മങ്ങരയില്‍ കൂടരഞ്ഞി ഇടവകാംഗമാണ്. 2017 മുതല്‍ അല്‍ഫോന്‍സാ കോളജ് മാനേജരായി സേവനം ചെയ്യുന്നു. വേനപ്പാറ ഇടവക വികാരിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമാണ്.

പുല്ലൂരാംപാറ ഇടവകാംഗമായ ജോഷി ബെനഡിക്ട് സംവിധാനം ചെയ്ത ‘എ കോക്കനട്ട് ട്രീ’ എന്ന ചിത്രത്തിനാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി. ജെ. മാര്‍ട്ടിന്‍ തച്ചില്‍ മലപ്പുറം ഫൊറോന ഇടവകാംഗമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ അസി. രജിസ്ട്രാറായിരുന്ന ടി. ജെ. മാര്‍ട്ടിന്‍ താമരശ്ശേരി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗമാണ്.

Exit mobile version