അതിവേഗം കണ്ണുകെട്ടുമ്പോള്‍


ആറുവരി ദേശീയ പാതയിലൂടെ അതിവേഗം പാഞ്ഞുപോകാം. വലിയ വളവും തിരിവും കയറ്റവും ഇറക്കവുമൊന്നുമില്ല. ഒരേ താളത്തിലുള്ള പാച്ചിലില്‍ യൂണിവേഴ്‌സിറ്റിയും കോട്ടക്കലും വളാഞ്ചേരിയുമെല്ലാം കടന്നു പോകുന്നത് അറിയുന്നില്ല.

ഈ യാത്രയില്‍ കൂടുതലും കാണുന്നത് റോഡ് ഡിവൈഡറും ട്രാഫിക് വരകളും കോണ്‍ക്രീറ്റ് കട്ടകള്‍കൊണ്ടുള്ള റോഡുകെട്ടുകളുമാണ്. അകലേക്ക് നോക്കുമ്പോള്‍ തെങ്ങിന്‍തലപ്പുകളും ഉയരത്തിലുള്ള മരച്ചില്ലകളും കണ്ടേക്കാം. അതിവേഗവും ഉയര്‍ച്ചക്കെട്ടുകളും ചുറ്റുമുള്ള കാഴ്ചകളെ മറയ്ക്കുന്നു.

ജനജീവിതമെല്ലാം ഹൈവേക്കു പുറത്തുള്ള സര്‍വീസ് റോഡരികിലാണ്. ട്രാഫിക് കുരുക്കുകളും വീതി കുറഞ്ഞ നിരത്തുകളും കാരണം അവിടെ ജീവിതം ദുരിത പൂര്‍ണം.

ഹൈവേ വികസിക്കുന്നതിനു മുമ്പ് റോഡരികിലെ ജീവിതം കണ്ടുകൊണ്ടായിരുന്നു യാത്ര. ഓരോന്നു ചിന്തിച്ച്, ബസില്‍ അലസമായി ഇരിക്കുമ്പോള്‍ ഇരുവശത്തുമുള്ള കടകളും മരങ്ങളും മനുഷ്യജീവിതവുമെല്ലാം കണ്ണില്‍പ്പെടും. അടുത്തതവണ ഈ വഴിയേ പോകുമ്പോള്‍ പണ്ടു കണ്ട കാഴ്ചകള്‍ക്കായി മനസ് നമ്മള്‍ അറിയാതെ തന്നെ തിരക്കിക്കൊണ്ടിരിക്കും. പലപ്പോഴും പുതിയ കടകളും വീടുകളും വന്ന് കാഴ്ചകള്‍ മാറിയിട്ടുണ്ടാകും. ഇതിനു പകരം ഇപ്പോള്‍ കാണുന്നത് മാറ്റമില്ലാത്ത ട്രാഫിക് വരകള്‍ മാത്രം.

വേഗം കൂടുംതോറും ജീവിത കാഴ്ചകള്‍ കാണാന്‍ നേരം കുറയും. ഗതാഗത കാര്യത്തില്‍ മാത്രമല്ല, എല്ലാ മേഖലയിലും കൂടുതല്‍ വേഗം – അതാണ് സമകാലീന ജീവിതക്രമം. കാര്യക്ഷമത കൂടാന്‍, വിജയിക്കാന്‍, പെട്ടെന്ന് സംതൃപ്തി നേടാന്‍ പരമാവധി വേഗം വേണമെന്നു വന്നിരിക്കുന്നു.
വേഗം പരിധിവിട്ടു കുതിക്കുമ്പോള്‍ വൈകാരിക ജീവിതത്തിന് ക്ഷതങ്ങളുണ്ടാകാം. ഇത് സംഘര്‍ഷങ്ങളിലേക്ക് നയിക്കാം. അതിവേഗം കോടീശ്വരന്മാരായി വളര്‍ന്ന വന്‍കിട സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുണ്ടാകുന്നു.

അമിത വേഗത്തിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. കമ്മ്യൂണിസവും സോഷ്യലിസവും വിട്ട് മുതലാളിത്ത ക്രമത്തിലേക്ക് ലോകരാഷ്ട്രങ്ങള്‍ അതിവേഗം നീങ്ങുകയാണ്. ജനാധിപത്യം പേരിലുണ്ടെങ്കിലും ചെയ്യുന്നത് മുതലാളിത്തത്തിന് ചൂട്ടുപിടിക്കലാണ്. പണ്ട് ലോകസമാധാനത്തിനും സാമൂഹിക നീതിക്കും വേണ്ടി കര്‍ക്കശ നിലപാടെടുത്തിരുന്ന മുന്‍നിര ലോകരാഷ്ട്രത്തലവന്മാര്‍ ഇപ്പോള്‍ കച്ചവടക്കരാറുകളെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. കൂടുതല്‍ ഉല്‍പാദനം, കൂടുതല്‍ ഉപഭോഗം. കണ്‍സ്യൂമറിസത്തിന് ഈ രീതിയാണ് വേണ്ടത്. ഇത് നടക്കണമെങ്കില്‍ ജനങ്ങളെ അമിതവേഗക്കാരാക്കണം. ആധുനിക സാങ്കേതിക വിദ്യകളെല്ലാം ഇതിന്റെ ഒത്താശക്കാരാണ്.

ഇംഗ്ലണ്ടിലെ മില്ലുകളിലെ തുണികള്‍ ഇന്ത്യയിലെ പരമ്പരാഗത വസ്ത്ര നിര്‍മാതാക്കളെ പട്ടിണിക്കിട്ടപ്പോഴാണ് ഗാന്ധിജി വിദേശ വസ്ത്ര ബഹിഷ്‌ക്കരണവും ചര്‍ക്കയിലെ നൂല്‍നൂല്‍പ്പും സമരായുധമാക്കിയത്. ഇന്ന് ഇത്തരം ഗുണപരമായ ചെറുത്തു നില്‍പ്പിന് ഒരു നേതാവും ധൈര്യപ്പെടില്ല.

സമയം ലാഭിക്കാന്‍വേണ്ടി തുടങ്ങിയതെല്ലാം കൂടുതല്‍ തിരക്കിലേക്ക് നയിക്കുന്നു എന്നതാണ് ഇതിലെ വൈരുധ്യം. ഇ-മെയില്‍ ആശയ വിനിമയത്തെ എളുപ്പമാക്കി. ഇപ്പോള്‍ അതിന്റെ പ്രവാഹത്തില്‍ മുങ്ങുന്നു. മെസേജിങ്ങിലൂടെ, റീലുകളിലൂടെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുഖാമുഖ സംഭാഷണങ്ങള്‍ സമയംകൊല്ലികളായി തോന്നിപ്പോകുന്നു.

നേരില്‍ക്കണ്ട് സംസാരിക്കുമ്പോള്‍ ആശയം മാത്രമല്ല, അതിന്റെ വൈകാരികവശം കൂടിയാണ് കൈമാറ്റം ചെയ്യപ്പെടുക. തിരക്കെന്ന ഒഴികഴിവിന്റെ പേരില്‍ ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ക്ക് സമയമില്ലാതാക്കിയതാണ് കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ക്ക് മുഖ്യകാരണം.

അതിവേഗം പലപ്പോഴും സ്വയംബോധ്യങ്ങളെ തകരാറിലാക്കും. ഓട്ടപ്പാച്ചിലില്‍ വിചിന്തന ശേഷിയും സ്വയാവബോധവും നഷ്ടമാകുമ്പോള്‍ എന്തിനാണ് തന്റെ ജന്മമെന്ന ആത്മസത്താ ബോധ്യമാണ് കൈമോശം വരിക.

അടുത്തപടി പൊട്ടിത്തെറിക്കലാണ്. സൗമ്യമായ ഇടപെടലില്ല. പൊതുനിരത്തുകളിലും വിദ്യാലയങ്ങളിലും അടിപിടികള്‍ നിത്യസംഭവങ്ങളാകുന്നു. അതിക്രൂര കൊലപാതകങ്ങളും കൂട്ട ആത്മഹത്യകളും ഏറ്റുമുട്ടലുകളും മാധ്യമങ്ങളില്‍ നിറയുന്നു. അമിത സമ്മര്‍ദ്ദം മനുഷ്യനെ ക്രൂരനാക്കും.

വര്‍ത്തമാനകാല ബോധത്തില്‍ ജീവിക്കുകയെന്ന ‘മൈന്‍ഡ് ഫുള്‍നെസ്’ അവസ്ഥയിലെത്തിയവര്‍ക്ക് സമ്മര്‍ദ്ദം കുറയും.

ആധുനിക കാലത്ത് എപ്പോഴും കാണുന്നതും ഇടപഴകുന്നതും മനുഷ്യരോടും അവന്‍ സൃഷ്ടിച്ച യന്ത്രങ്ങളോടും മാത്രമെന്ന അവസ്ഥയുണ്ടായിട്ടുണ്ട്. എന്തുമാത്രം പക്ഷിമൃഗാദികളും മത്സ്യങ്ങളും സസ്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഇവയൊന്നും മനുഷ്യനെപ്പോലെ തിരക്കുകൂട്ടി സംഘര്‍ഷത്തിലാകുന്നില്ല.
വേഗം നല്ലതാണ്. വളര്‍ച്ചയ്ക്ക് അത് കൂടിയേ തീരൂ. പക്ഷേ, അത് ഒരാളെ കീഴടക്കി അതിന്റെ പാട്ടിന് നയിച്ചുകൊണ്ടു പോകുന്നുണ്ടോ എന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

Author

  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. മലയാള മനോരമയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. മലബാര്‍ വിഷന്‍ പത്രാധിപ സമിതി അംഗവും ചാവറ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറിയുമാണ്.