വാര്‍ധക്യത്തിലും യൗവനം നിലനിര്‍ത്താന്‍


വ്യായാമംപോലെ ആരോഗ്യത്തെ ഇത്രയധികം പോസിറ്റിവായി സ്വാധീനിക്കുന്ന മറ്റൊരു ഘടകവും ഇല്ല. ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വ്യായാമം തന്നെയാണ് മികച്ച പ്രതിരോധ മാര്‍ഗം

വൈകുന്നേരത്തെ നടത്തത്തിന് കൂട്ടുവിളിച്ചാല്‍ ഒഴിവാകുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നാല്‍ വ്യായാമംപോലെ ആരോഗ്യത്തെ ഇത്രയധികം പോസിറ്റീവായി സ്വാധീനിക്കുന്ന മറ്റൊരു ഘടകവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വ്യായാമം തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗം.

എത്രത്തോളം വ്യായാമം വേണം?

കുറഞ്ഞ അളവില്‍ വ്യായാമം ചെയ്യുന്നത് പോലും ഗുണകരമാണ്. ദിവസവും മിനിറ്റുകള്‍ മാത്രം നടക്കുന്നതുപോലും മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ വ്യായാമം ചെയ്യുന്നവര്‍ അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. എല്ലാവര്‍ക്കും ചെയ്യാവുന്ന ലളിതമായ ഒന്നാണ് ‘ബ്രിസ്‌ക് വാക്കിംഗ്’ അഥവാ വേഗത്തിലുള്ള നടത്തം. ദിവസവും 20 മുതല്‍ 30 മിനിറ്റ് വരെ (ആഴ്ചയില്‍ ഏകദേശം 150 മിനിറ്റ്) വേഗത്തില്‍ നടക്കുക. ഒരു ബസ് പിടിക്കാന്‍ ഓടുമ്പോഴുണ്ടാകുന്ന വേഗത ഇതിനുണ്ടാകണം; ഒപ്പം നടക്കുന്ന ഒരാളോട് സംസാരിക്കാന്‍ പ്രയാസം തോന്നുന്ന അത്രയും വേഗതയുണ്ടാകുന്നത് നല്ലതാണ്. ഒരു ജോഡി നല്ല ഷൂസ് മാത്രമാണ് ഇതിനാവശ്യം.

ഏത് തരം വ്യായാമം തിരഞ്ഞെടുക്കണം?

ഓരോരുത്തരുടെയും താല്‍പ്പര്യത്തിനും ശാരീരിക അവസ്ഥയ്ക്കും അനുസരിച്ച വേണം വ്യായാമങ്ങള്‍ തിരഞ്ഞെടുക്കാന്‍.
യോഗ: വഴക്കവും പേശീബലവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മനസ്സിന് ശാന്തിയും നല്‍കുന്നു.
ജിം/വെയ്റ്റ് ട്രെയിനിങ്: പ്രായമാകുമ്പോള്‍ പേശികള്‍ ക്ഷയിക്കുന്നത് തടയാനും ശാരീരിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും വീഴ്ചകള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
കായിക വിനോദങ്ങള്‍: ബാഡ്മിന്റണ്‍, ഫുട്‌ബോള്‍ തുടങ്ങിയവ 50 വയസ്സിന് താഴെയുള്ളവര്‍ക്ക് മികച്ചതാണ്. കൃത്യമായ വാം-അപ്പുകള്‍ക്ക് ശേഷം വ്യായാമം ചെയ്യുന്നത് പരിക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

വാര്‍ധക്യം ആഘോഷമാക്കാം

വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കാരണം ആയുര്‍ദൈര്‍ഘ്യം കൂടിയിട്ടുണ്ട്. ആ കാലം ആസ്വദിക്കാന്‍ ഇന്നേ തയ്യാറെടുക്കണം. വിദേശയാത്രകള്‍ നടത്താനും പേരക്കുട്ടികളെ പരിപാലിക്കാനും നമുക്ക് സാധിക്കണം. 100-ാം വയസ്സിലും മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് ഇന്നത്തെ വ്യായാമമാണ്. പ്രായമാകുമ്പോള്‍ പേശികള്‍ക്കുണ്ടാകുന്ന ബലക്കുറവാണ് പലരെയും തളര്‍ത്തുന്നത്. ഒരു ട്രെയിനറുടെ സഹായത്തോടെ ജിമ്മില്‍ പോയി പേശികള്‍ ബലപ്പെടുത്തുന്നത് ഇതിന് പരിഹാരമാണ്. ആദ്യമായി വ്യായാമം തുടങ്ങുന്നവര്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വ്യായാമം ചെയ്താല്‍ മാത്രം അമിതഭാരം കുറയണമെന്നില്ല. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഭാരക്കുറവ് സാധ്യമാകൂ; വ്യായാമം അതിന് ചെറിയൊരു പിന്തുണ നല്‍കുന്നു എന്ന് മാത്രം. അതുപോലെ, അമിതമായ വ്യായാമവും നല്ലതല്ല. ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന് തോന്നിയാല്‍ ചെറിയ ഇടവേളകള്‍ നല്‍കുക.

നമ്മുടെ ശരീരം ഒരു അത്ഭുതമാണ്. ഒരു കുട്ടി മുതിര്‍ന്ന ഒരാളായി വളരുന്നതും, മുറിവുകള്‍ താനേ ഉണങ്ങുന്നതും എല്ലാം ഒരു താളം പോലെയാണ്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയിലൂടെ ഈ അത്ഭുതത്തെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

Author

  • സീനിയര്‍ കണ്‍സള്‍ട്ടന്റ്, ജനറല്‍ മെഡിസിന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്
    & ലിസ ഹോസ്പിറ്റല്‍ തിരുവമ്പാടി. ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ്
    ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്‌