പോപ്പ് ആവാന്‍ എന്താണ് യോഗ്യത?


പത്രോസിന്റെ 267-ാം പിന്‍ഗാമിയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു ലോക ജനതയും ആഗോള സഭയും. കഴിഞ്ഞ കുറെ നാളുകളായി മാധ്യമങ്ങള്‍ പുതിയ പോപ്പിന്റെ സാധ്യത ലിസ്റ്റുകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. അതെല്ലാം വായിച്ച് നമ്മുടെ മനസ്സില്‍ ഒരു സാധ്യത ലിസ്റ്റ് തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു നാം.

എന്നാല്‍ എല്ലാ സാധ്യത ലിസ്റ്റുകളും തള്ളിക്കൊണ്ട് സാധാരണക്കാരന്‍ എന്ന് നാം കരുതിയ ഒരു കര്‍ദ്ദിനാള്‍ പത്രോസിന്റെ പിന്‍ഗാമിയായപ്പോള്‍ നമ്മുടെയെല്ലാം മനസ്സില്‍ ഉയര്‍ന്ന ചോദ്യമാണ് പോപ്പ് ആവാന്‍ എന്താണ് യോഗ്യത?

ഉന്നതരെ തിരഞ്ഞെടുക്കുന്നതില്‍ ദൈവത്തിന്റെ യോഗ്യത മാനദണ്ഡങ്ങള്‍ പലതലങ്ങളിലും നാം കണ്ടിട്ടുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ യോഗ്യത, ദൈവപുത്രന്‍ ആകാനുള്ള യോഗ്യത, കുരിശില്‍ തറക്കപ്പെട്ട കള്ളന് പറുദീസയില്‍ പ്രവേശിക്കാനുള്ള യോഗ്യത എന്നിങ്ങനെ ബൈബിളില്‍ ഉടനീളം പരിഗണിക്കപ്പെട്ടവരുടെ യോഗ്യത നോക്കിയാല്‍ അവരിലെല്ലാം ഒരു സാധരണത്വം കാണാന്‍ കഴിയും.

സാധാരണക്കാരന്റെ മുഖമുദ്രയായ ലാളിത്യം, വിനയം, കരുണ, വാത്സല്യം, മറ്റുള്ളവരുടെ മനസ്സ് നേടാനുള്ള കഴിവ്, മറ്റുള്ളവരെ കേള്‍ക്കാനുള്ള മനസ്സ്, എല്ലാവരെയും കൂടെകൊണ്ടുപോകാനുള്ള കഴിവ് അങ്ങനെ ഒരു യഥാര്‍ത്ഥ നേതാവിന് വേണ്ട നേതൃത്വ ഗുണങ്ങളില്‍ ഇവിടെ പ്രതിപാദിക്കപ്പെട്ടവയാണ് ഏറ്റവും ആവശ്യം എന്നും ഈ മാര്‍പ്പാപ്പ തിരഞ്ഞെടുപ്പ് നമുക്ക് മനസ്സിലാക്കി തരുന്നു.

സാഹോദര്യവും സഹാനുഭൂതിയും അടിസ്ഥാന വര്‍ഗത്തിനോടും അടിച്ചമര്‍ത്തപ്പെട്ടവരോടുമെല്ലാമുള്ള പുതിയ പാപ്പയുടെ മനോഭാവം പെറുവിലെ അദ്ദേഹത്തിന്റെ മിഷനറി പ്രവര്‍ത്തനങ്ങളില്‍ നമുക്ക് കാണാം. അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗ അവകാശങ്ങള്‍ക്ക് വേണ്ടി ചാക്രിക ലേഖനം എഴുതിയ ലിയോ പതിമൂന്നാമന്റെ പേര് സ്വീകരിച്ചതിന്റെ അര്‍ത്ഥം തന്നെ പുതിയ പാപ്പ, വരുംകാലങ്ങളില്‍ പുതിയ ലോകത്ത് ലിയോ പതിമൂന്നാമന്റെ പിന്തുടര്‍ച്ചക്കാരന്‍ ആകും എന്നത് തന്നെയാണ്.

ഇന്ന് ലോകത്ത് ഏറ്റവും ആവശ്യമായ നീതി, സമാധാനം എന്ന വാക്കുകളില്‍ ഊന്നി കന്നി പ്രസംഗം നടത്തിയ പാപ്പ സമാധാനത്തിലൂന്നിയുള്ള ഒറ്റ ലോകത്തെയാണ് വിഭാവനം ചെയ്യുന്നത്. എളിമയും വിനയവും വിട്ടുകൊടുക്കലും കുടുംബസമാധാനത്തിനും ലോകസമാധാനത്തിനും എത്രമാത്രം അനിവാര്യമാണെന്ന് പുതിയ പാപ്പ പറഞ്ഞുവെക്കുന്നു.

എല്ലാവര്‍ക്കും സമ്മതനായിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് വേദനിക്കാത്ത രീതിയില്‍ തന്റെ അഭിപ്രായങ്ങളും നിലപാടുകളും പറയണ്ട സമയത്ത് പറയേണ്ട രീതിയില്‍ പാപ്പാ പറഞ്ഞതായും നാം കാണുന്നു. യേശുക്രിസ്തു ചാട്ടവാര്‍ എടുത്തത് പോലെ വേണ്ടിവന്നാല്‍ മുണ്ടുടുക്കാനും അത് മടക്കി കുത്താനും പുതിയ പോപ്പിന് അറിയാമെന്നു സാരം.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇത്രയും സമകാലികനും ന്യൂജനറേഷന്‍ രീതികള്‍ പിന്തുടരുന്നതുമായ പാപ്പ ഉണ്ടായിട്ടില്ല എന്നാണ് സംസാരം. കഴിഞ്ഞ 14 വര്‍ഷങ്ങളായി ‘എക്‌സ്’ അക്കൗണ്ട് ഉള്ളതും 400 ല്‍ ഏറെ പോസ്റ്റുകള്‍ സഭയുമായും, ലോക രാഷ്ട്രീയമായും, സമയാസമയങ്ങളില്‍ നടന്ന കാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടും പാപ്പ പ്രതികരിച്ചതായി ‘എക്‌സില്‍’ കാണാം.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ പുതിയ കാലത്തിന്റെ ഇടയനായി നിലകൊള്ളാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ് പുതിയ പാപ്പയെന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വ വിശകലനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ചരിത്രത്തില്‍ ഉടനീളം നാം കണ്ട ദൈവനിയോഗങ്ങള്‍ക്കായി പരിഗണിക്കപ്പെട്ടവരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ അന്നും ഇന്നും മാറാതെ തുടരുന്നു എന്നതാണ് പുതിയ പാപ്പാ തിരഞ്ഞെടുപ്പ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

തയ്യാറാക്കിയത്: ഡോ. സജി കുര്യാക്കോസ്
(കോഴിക്കോട് പ്രവര്‍ത്തിക്കുന്ന എംബിഎ സ്ഥാപനമായ SNES IMSAR-ന്റെ
ഡയറക്ടറാണ് ലേഖകന്‍)


One thought on “പോപ്പ് ആവാന്‍ എന്താണ് യോഗ്യത?

Comments are closed.