ലിവിങ് ടുഗെതര്‍ അനുവദനീയമോ?
ചോദ്യം: മിന്റു സഭാനിയമമനുസരിച്ച് ദേവാലയത്തില്‍വച്ച് വിവാഹിതനായ വ്യക്തിയാണ്. പ്രത്യേക കാരണങ്ങളാല്‍ സഭാകോടതിയില്‍ നിന്ന് മിന്റുവിന്റെ വിവാഹം അസാധുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിക്രിയും, സിവില്‍ കോടതിയില്‍ നിന്ന് വിവാഹമോചനവും ലഭിച്ചു. ഇപ്പോള്‍ മിന്റു ഇതിനിടയില്‍ പരിചയപ്പെട്ട മിനിയുമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നു. ഇവര്‍ക്കു കൂദാശകള്‍ സ്വീകരിക്കാമോ?
ചോദ്യത്തിന്റെ ആദ്യഭാഗത്ത് പറയുന്ന കാര്യങ്ങള്‍ നമുക്ക് പരിചയമുള്ളവയാണ്. എന്നാല്‍ അവസാനഭാഗത്തു പ്രതിപാദിക്കുന്ന ലിവിങ് ടുഗെതര്‍ (ഒരുമിച്ച് താമസിക്കുന്നത്) എന്ന പുതിയ ജീവിതസംസ്‌കാരം നമ്മുടെ നാട്ടില്‍ ആരംഭിക്കുന്നതേയുള്ളൂ. ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ ഇത്തരക്കാരുടെ കൂദാശസ്വീകരണത്തെക്കുറിച്ചുള്ള സഭയുടെ നിലപാട് വ്യക്തമാക്കാം.
മിന്റുവിന്റെ വിവാഹം പ്രത്യേക കാരണങ്ങളാല്‍ മുന്നോട്ടുപോയില്ല എന്നുവേണം മനസിലാക്കാന്‍. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ മിന്റു നിയമമനുസരിച്ചുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടി എന്നതു വ്യക്തമാണ്. അതിനാല്‍, തന്റെ വിവാഹത്തക്കുറിച്ചുള്ള പരാതി സഭാകോടതിയില്‍ നല്‍കുകയും, വിവാഹം അസാധുവായിരുന്നു എന്ന് പ്രഖ്യാപിക്കുന്ന ഡിക്രി ലഭിക്കുകയും ചെയ്തു. നാടിന്റെ നിയമമനുസരിച്ച് സിവില്‍ കോടതിയില്‍നിന്ന് വിവാഹമോചനവും നേടി.
ഇതുവരെ മിന്റുവിന്റെ നടപടി നിയമാനുസൃതമാണ്. തന്റെ ഭാര്യയുമായുള്ള വിവാഹം സഭാകോടതിയില്‍നിന്നും സിവില്‍ കോടതിയില്‍നിന്നും വേര്‍പെടുത്തിയ മിന്റുവിന് കൂദാശകള്‍ സ്വീകരിക്കുകയും പൂര്‍ണ്ണമായ സഭാത്മക ജീവിതം നയിക്കുകയും ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു. മിന്റു ചെയ്യേണ്ടിയിരുന്നത്, സഭാനിയമമനുസരിച്ചുതന്നെ രണ്ടാമതൊരു വിവാഹത്തിന് തയ്യാറെടുക്കുക എന്നതായിരുന്നു. എന്നാല്‍ മിന്റു ആധുനിക സംസ്‌കാരത്തിന്റെ പുതിയ പരീക്ഷണങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നതാണ് പിന്നീട് കാണുന്നത്.
മിന്റുവിന്റെ ചരിത്രം നമുക്ക് ഇങ്ങനെ മനസിലാക്കാം. മിന്റു മിനിയെ പരിചയപ്പെടുന്നു. മിനി വിവാഹം കഴിച്ചിട്ടില്ലാത്ത വ്യക്തിയാണ്. മിന്റുവിന് ആദ്യവിവാഹത്തില്‍നിന്നുണ്ടായ അനുഭവം മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടാന്‍ ആത്മധൈര്യം നല്‍കുന്നില്ല. തന്നെയുമല്ല, സഭാകോടതിയിലെയും സിവില്‍കോടതിയിലെയും നടപടിക്രമങ്ങളിലൂടെ കടന്നുപോയതുവഴി ഒത്തിരിയേറെ മാനസികപ്രയാസം മിന്റു അനുഭവിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് മിനിയുടെ സുഹൃത്തുക്കളില്‍ ചിലര്‍ ‘ലിവിങ് ടുഗെതര്‍’ എന്ന പുതിയ പരീക്ഷണം നടത്തുന്ന വിവരം മിനി മിന്റുവിനോട് പറയുന്നത്. സ്വാഭാവികമായും മിന്റു ഈ പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അപ്രകാരം അവര്‍ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. ഇതാണ് മിന്റുവിന്റെ ഇപ്പോഴത്തെ അവസ്ഥ.
എന്താണ് ‘ലിവിങ് ടുഗെതര്‍’ എന്നത് മനസിലാക്കേണ്ടത് ആവശ്യമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ വേരുപിടിച്ചതും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ആരംഭിച്ചിരിക്കുന്നതുമായ ഒരു പ്രതിഭാസമാണിത്. പ്രായപൂര്‍ത്തിയായ ഒരു യുവാവും യുവതിയും മതപരമായതോ സിവില്‍നിയമമനുസരിച്ചുള്ളതോ ആയ വിവാഹത്തില്‍ ഏര്‍പ്പെടാതെ ഒരു കുടുംബംപോലെ ഒരുമിച്ച് താമസിക്കുന്ന സാഹചര്യമാണിത്.
ലിവിങ് ടുഗെതറിനോട് നമ്മുടെ നാടിന്റെയും നിയമവ്യവസ്ഥയുടെയും സമീപനം എന്താണ്? ഇങ്ങനെ ഒരുമിച്ചു താമസിക്കുന്നവര്‍ സിവില്‍ നിയമമനുസരിച്ച് വിവാഹിതരാകാനുള്ള യോഗ്യത ഉള്ളവരായിരിക്കണമെന്ന് ഭാരതത്തിന്റെ പരമോന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ട് (10 SCC 469). അതേസമയം, യുവതീയുവാക്കള്‍ വിവാഹം കൂടാതെ ഒരുമിച്ച് താമസിക്കുന്നത് സാമൂഹ്യവ്യവസ്ഥിതിയില്‍ അധാര്‍മികമെന്നു വിലയിരുത്തപ്പെടാമെങ്കിലും അത് നിയമവിരുദ്ധമായ ഒരു യാഥാര്‍ത്ഥ്യമല്ലെന്നു സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട് (5 SCC 600). എന്നാല്‍ ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ വിധി ശ്രദ്ധേയമാണ്. നീണ്ടവര്‍ഷങ്ങള്‍ വിവാഹം കൂടാതെ ഒരുമിച്ചു താമസിച്ചതിനുശേഷം തന്നെ ഉപേക്ഷിച്ചു പോയ പുരുഷനില്‍ നിന്ന് ഭാര്യക്കടുത്ത അവകാശങ്ങള്‍ ലഭിക്കുന്നതിന്, സ്ത്രീ നല്‍കിയ പരാതി തള്ളിയ കോയമ്പത്തൂര്‍ കുടുംബകോടതിയുടെ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നിരീക്ഷണം നടത്തിയത്. നിയമം അനുശാസിക്കുന്ന ഏതെങ്കിലും വിധത്തില്‍ നിയമാനുസൃതം വിവാഹിതരാകാത്തവര്‍ക്ക് ഭാര്യാഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കുകയില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍, വിവാഹം കൂടാതെ ഒരുമിച്ചു താമസിക്കുന്നവര്‍ക്കു തുല്യമായ അവകാശങ്ങള്‍ അവകാശപ്പെടാനാവില്ല എന്നത് ഇതിനാല്‍ വ്യക്തമാണ്.
ലിവിങ് ടുഗെതര്‍ നടത്തുന്നവരോടുള്ള സഭയുടെ നിലപാട് എന്ത് എന്നത് ഇനി പരിശോധിക്കാം. സ്വാഭാവികമായും ഇത്തരം ബന്ധങ്ങളെ സഭ അംഗീകരിക്കുന്നില്ല. വിവാഹമൊഴികെ മറ്റേതുതരത്തിലുള്ള ബന്ധത്തെയും ക്രമരഹിതമായ ജീവിതശൈലിയായാണ് സഭ കാണുന്നത്. ലിവിങ് ടുഗെതര്‍ വിവാഹേതരബന്ധമായി കാണുന്നതിനാല്‍ കുമ്പസാരമെന്ന കൂദാശ യഥാവിധി സ്വീകരിക്കാന്‍ ഇവര്‍ക്കു സാധിക്കില്ല. അതിനാല്‍ തന്നെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനും കഴിയില്ല. രജിസ്റ്റര്‍ വിവാഹം മാത്രം നടത്തി, ദൈവാലയത്തില്‍വച്ച് വിവാഹം നടത്താതെ ജീവിക്കുന്നവരുടെ സാഹചര്യത്തിനു തുല്യമാണ് ഇവരുടേതും. എന്നാല്‍, രജിസ്റ്റര്‍ വിവാഹം കഴിച്ചു ജീവിക്കുന്നവരെക്കാള്‍ കൂടുതല്‍ ഉതപ്പ് (scandal) ലിവിങ് ടുഗെതര്‍ നടത്തുന്നവര്‍ പൊതുസമൂഹത്തിന് നല്‍കുന്നുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.
വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന ഇത്തരം യുവതീയുവാക്കളെ അജപാലനപരമായ ശ്രദ്ധയോടെ സമീപിക്കുകയും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ലിവിങ് ടുഗെതറിലായിരിക്കുമ്പോള്‍ കൗദാശിക ജീവിതം സാധ്യമല്ലെന്നും അത് അവരുടെ തീരുമാനത്തിന്റെ മാത്രം ഫലമാണെന്നും അവരെ ബോധ്യപ്പെടുത്തുന്നത് അജപാലനത്തിന്റെ ഭാഗമാണ്. ദൈവം സ്ഥാപിച്ച വിവാഹമെന്ന കൂദാശ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ സഭയോടു ചേര്‍ന്നു നിര്‍ബന്ധിക്കുവാന്‍ ഇത്തരം ജീവിതം നയിക്കുന്നവരെ ബോധ്യപ്പെടുത്തേണ്ടതും അജപാലനപരമായ കടമയാണ്. ഇങ്ങനെ ഒരുമിച്ചു താമസിക്കുന്നവര്‍ക്കു ബന്ധപ്പെട്ട രൂപതാധ്യക്ഷന്റെ മുന്‍പില്‍ ക്ഷമായാചനം നടത്തി അദ്ദേഹം നിശ്ചയിക്കുന്ന പരിഹാരം ചെയ്തു അദ്ദേഹത്തിന്റെ അനുവാദത്തോടെ ദൈവാലയത്തില്‍ വിവാഹിതരായി തങ്ങളുടെ ജീവിതം ക്രമപ്പെടുത്താവുന്നതാണ്.