ലെബനനില്‍ അഭയ കേന്ദ്രമായി പള്ളികള്‍

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രണം കടുപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി അഭയ കേന്ദ്രമൊരുക്കുകയാണ് ലെബനനിലെ പള്ളികള്‍. ഇസ്രായേല്‍ ആക്രമണം സാധാരണക്കാരെയും ബാധിക്കുന്നുണ്ടെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാരിയെല്ലെ ബൂട്രോസ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതു മുതല്‍ പലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രാദേശിക സഭാ സംഘടനകളുമായി ചേര്‍ന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സഹായമൊരുക്കുന്നുണ്ട്.

‘ആളുകള്‍ ഇപ്പോള്‍ പള്ളി ഹാളുകളിലാണ് താമസിക്കുന്നത്. അവര്‍ക്ക് ഭക്ഷണവും മറ്റും ആവശ്യമുണ്ട്. യുദ്ധം അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.’ – ബുട്രോസ് പറഞ്ഞു.

നിലവിലെ സംഘര്‍ഷം ലെബനനില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുമെന്നും അതോടെ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ വീണ്ടും കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒക്ടോബര്‍ 7 ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം

ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രദേശത്ത് സമാധാനം പുലരുന്നതിനുമായാണ് ഉപവാസ പ്രാര്‍ത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.

ഒക്ടോബര്‍ ഏഴിന്, ലോകസമാധാനത്തിനായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി ആചരിക്കാന്‍ ഞാന്‍ എല്ലവരോടും അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കര്‍ത്താവിനെ ശ്രവിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. ഒക്ടോബര്‍ ആറിന്, സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ സാന്താ മരിയ റോമന്‍ ബസിലിക്കയിലേക്ക് പോകുമെന്നും പാപ്പ സൂചിപ്പിച്ചു.

ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ്, കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്ടോബര്‍ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് ഇപ്പോഴത്തെ അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും നിരവധി ബന്ദികള്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തിരിന്നു.

കഴിഞ്ഞ രാത്രി ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതോടെ വലിയ സംഘര്‍ഷ ഭീതിയിലാണ് വിശുദ്ധ നാട്. യുദ്ധത്തിന്റെ ആരംഭം മുതല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരിന്നു.

കോട്ടയ്ക്കല്‍ ഇടവക വെബ് സൈറ്റ് ലോഞ്ച് ചെയ്തു

കോട്ടക്കല്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ വെബ് സൈറ്റിന്റെ ലോഞ്ചിങ് വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് കളത്തില്‍, കോര്‍ഹബ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സിജോ കുഴിവേലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി രൂപതയിലെ മുഴുവന്‍ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ ആദ്യ ഘട്ടമാണ് കോട്ടക്കല്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയില്‍ വികാരി ഫാ. ജോസഫ് കളത്തില്‍, പാരിഷ്സെക്രട്ടറി ഷിജു കുഴികണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചത്.

നിയുക്തി മെഗാ തൊഴില്‍ മേള ഒക്ടോബര്‍ അഞ്ചിന്

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2024 മെഗാ ജോബ് ഫെയര്‍ ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ നടക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

എഴുപതോളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. രണ്ടായിരത്തില്‍ അധികം ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയെങ്കിലുമുള്ള 45 വയസില്‍ താഴെയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതിന് മേള ആരംഭിക്കും. ബയോഡേറ്റയുടെ മൂന്ന് കോപ്പികള്‍ കരുതണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370176, 2370178

സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം: കര്‍ദിനാള്‍ മാരിയോ ഗ്രെഷ്

വത്തിക്കാനില്‍ നടക്കുന്ന 16-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ധ്യാനം വത്തിക്കാനില്‍ ഇന്ന് സമാപിക്കും. സിനഡ് ദിനങ്ങളായ ഒക്ടോബര്‍ 2 മുതല്‍ 27 വരെ സിനഡ് അംഗങ്ങളും കത്തോലിക്ക വിശ്വാസികള്‍ മുഴുവനും സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷ് പറഞ്ഞു.

വോട്ടവകാശമുളളവരും അല്ലാത്തവരുമായി സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരുമുള്‍പ്പടെയുള്ള എല്ലാവരെയും ധ്യാനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ദിവസങ്ങള്‍ സിനഡിന്റെ മുന്നോടിയായുള്ള ദിവസങ്ങളല്ലെന്നും സിനഡിന്റെ അവിഭാജ്യഘടമകാണെന്നും കര്‍ദിനാള്‍ ഗ്രെഷ് പറഞ്ഞു. വാസ്തവത്തില്‍ സിനഡ് മുഴുവന്‍ പ്രാര്‍ത്ഥനയോ ആരാധനയോ ആയി മനസിലാക്കണമെന്നും മനുഷ്യരല്ല ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

പുതിയ സിനഡല്‍ ശാലയിലായിരുന്നു ധ്യാനം. ഡൊമിനിക്കന്‍ വൈദികനായ ഫാ. തിമോത്തി റാഡ്ക്ലിഫാണ് ധ്യാനം നയിച്ചത്.

‘പങ്കുവയ്ക്കപ്പെടുന്ന മിഷന്‍ ദൗത്യത്തിനായി പ്രാര്‍ത്ഥിക്കുക:’ പാപ്പയുടെ ഒക്ടോബര്‍ നിയോഗം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു. പങ്കുവയ്ക്കപ്പെടുന്ന മിഷന്‍ ദൗത്യത്തിനായി പ്രാര്‍ത്ഥിക്കുകയെന്നതാണ് നിയോഗം.

‘നാമെല്ലാവരും സഭയുടെ മിഷനില്‍ പങ്കുകാരാണ്. പുരോഹിതര്‍ വിശ്വാസികളുടെ മേലധികാരികളല്ല. അവരുടെ ഇടയന്മാരാണ്. യേശു നമ്മെ വിളിച്ചിരിക്കുന്നത് പരസ്പര പൂരകമാകാനാണ്. നാം ഒരു സമൂഹമാണ്. നമ്മുടെ ജീവിതംകൊണ്ട് നാം ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം. സഭയുടെ ദൗത്യത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണം.’ – പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

2024 ഒക്ടോബറില്‍ 16-ാമത് മെത്രാന്‍ സിനഡിന്റെ സിനഡാലിറ്റിയെക്കുറിച്ചുള്ള പ്രമേയം ‘ഒരു സിനഡല്‍ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍’ എന്നതാണ്.

അന്താരാഷ്ട്ര യുവജന ഉപദേശക സമിതി അംഗമായി ഡോ. ഫ്രേയാ ഫ്രാന്‍സിസ്

ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ഇടവകാംഗവുമായ ഡോ. ഫ്രേയ ഫ്രാന്‍സിസ്, അന്തര്‍ദേശീയ യുവജന ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലെ അല്മായര്‍ക്കും, കുടുംബങ്ങള്‍ക്കും, ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമിതിയില്‍ ഇന്ത്യയില്‍ നിന്നുളള ഏക പ്രതിനിധിയാണ് ഡോ. ഫ്രേയാ ഫ്രാന്‍സിസ്.

2024 സെപ്റ്റംബര്‍ 25 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വത്തിക്കാന്റെ യുവജന മന്ത്രാലയത്തിലെ പ്രധാന വിഷയങ്ങളില്‍ കൂടിയാലോചനാ നടത്തി ഉപദേശങ്ങള്‍ നല്കുക എന്നതാണ് പ്രധാന ദൗത്യം.

ജീസസ് യൂത്തിന്റെ കോയമ്പത്തൂര്‍ സോണ്‍ മുന്‍ കോ-ഓഡിനേറ്ററും, ഇപ്പോള്‍ തമിഴ്‌നാട് റീജണല്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുമാണ് ഡോ. ഫ്രേയ. ചാലയ്ക്കല്‍ സി. സി. ഫ്രാന്‍സിസിന്റെയും ജസ്റ്റി ഫ്രാന്‍സിസിന്റയും മകളാണ്.

ക്രൈസ്തവ അവഹേളനം: അമല്‍ നീരദ് ചിത്രത്തിലെ ഗാനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് പരാതി

അമല്‍ നീരദ് ചിത്രമായ ബോഗയ്ന്‍വില്ലയുടെ പ്രൊമോഷന്‍ ഗാനത്തിലെ ക്രൈസ്തവ അവഹേളനത്തിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വനി വൈഷ്ണവിന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം പരാതി നല്‍കി. ഗാനം സെന്‍സര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

ബോഗയ്ന്‍വില്ലയിലെ പ്രൊമോഷന്‍ ഗാനത്തിന്റെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ്. പൈശാചിക ചിഹ്നങ്ങളുടെ അകമ്പടിയോടെയുള്ള ഗാനരംഗം ക്രൈസ്തവരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഗാനത്തിലെ വരികളും ചിത്രീകരണവും നിഷ്‌കളങ്കമോ യാദൃശ്ചികമോ ആയി കാണാന്‍ സാധിക്കില്ല – അല്‍മായ ഫോറം പരാതിയില്‍ പറയുന്നു.

ഗാനരംഗത്തില്‍ കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും സംഗീതം നല്‍കിയ സുഷിന്‍ ശ്യാമും ചുവടുവയ്ക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികള്‍. സുഷിന്‍ ശ്യാമും മേരി ആന്‍ അലക്‌സാണ്ടറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. സെമിത്തേരി പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സ്തുതി എന്നാണ് ഗാനത്തിന് നല്‍കിയിരിക്കുന്ന പേര്.

എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായി ക്രിസ്ത്യന്‍ നാമധാരികളെ അവതരിപ്പിച്ച ചിത്രമെന്ന് അക്ഷേപമുള്ള ഭീഷ്മപര്‍വത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല.

പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

ബെല്‍ജിയത്തിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ ബ്രസല്‍സിലെ കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

ലെബനനിലെ സംഘര്‍ഷത്തില്‍ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തിയ പാപ്പ ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ക്കാരെ മോചിപ്പിക്കണമെന്നും മാനുഷിക സഹായം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

‘ഈ യുദ്ധം ജനസംഖ്യയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. പശ്ചിമേഷ്യയില്‍ ദിനംപ്രതി നിരവധി ആളുകള്‍ മരിക്കുന്നത് തുടരുകയാണ്. ലെബനനിലും ഗാസയിലും പലസ്തീനിലെ മറ്റ് ഭാഗങ്ങളിലും ഇസ്രായേലിലും ഉടന്‍ വെടിവയ്പ്പ് അവസാനിപ്പിക്കാന്‍ ഞാന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം” ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മൂവായിരത്തിലധികം പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.

ഒക്ടോബര്‍ 3: ബാഞ്ഞിലെ ജെറാര്‍ദ്

ബെല്‍ജിയത്തില്‍ നാമൂര്‍ എന്ന പ്രദേശത്ത് ജെറാര്‍ദ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവ്വനത്തില്‍ ലഭിച്ചത്. 918-ല്‍ ജെറാര്‍ദിനെ ഫ്രഞ്ചു രാജാവിന്റെ അടുക്കലേക്ക് നാമൂര്‍ പ്രഭു ഒരു സന്ദേശവുമായി അയയ്ക്കുകയുണ്ടായി. മധുരപ്രകൃതിയായ ജെറാര്‍ദ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. സന്ദേശം രാജാവിനു കൊടുത്തശേഷം ഫ്രാന്‍സില്‍ കുറേനാള്‍ താമസിക്കാനിടയാകുകയും പ്രാര്‍ത്ഥനാ പ്രിയനായ ജെറാര്‍ദ് വിശുദ്ധ ഡെനിസ്സിന്റെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും ചെയ്തു. പതിനൊന്നുകൊല്ലം പ്രസ്തുത ആശ്രമത്തില്‍ ജെറാര്‍ദ് താമസിച്ചു. അവര്‍ അദ്ദേഹത്തെ പുരോഹിതനാക്കി ഉയര്‍ത്തി.

പുരോഹിതനായശേഷം ജെറാര്‍ദ് സ്വരാജ്യത്തേക്കു മടങ്ങി. ബ്രോത്ത് എന്ന സ്ഥലത്ത് സ്വന്തം ഭൂമിയില്‍ ഒരാശ്രമം സ്ഥാപിച്ച് 22 കൊല്ലം അതിലെ ആബട്ടായി താമസിച്ചു. പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും സന്യാസികളില്‍ പ്രോല്‍സാഹിപ്പിക്കാനായി ഫ്‌ളാന്റെഴ്‌സ്, ലൊറെയിന്‍, ഷാമ്പയിന്‍ എന്നീ സ്ഥലങ്ങളിലെ ആശ്രമങ്ങളിലെല്ലാം വിശുദ്ധ ബെനഡിക്ടിന്റെ നിയമം അദ്ദേഹം പ്രചരിപ്പിച്ചു. തല്‍ഫലമായി ബെനഡികടന്‍ സഭയ്ക്ക് അദ്ദേഹത്തിന്റെ കാലം ഒരു വസന്തം തന്നെയായിരുന്നു. കര്‍ത്താവിന്റെ ഈ വിശ്വസ്തദാസന്‍ പ്രായശ്ചിത്തം കൊണ്ടും അധ്വാനം കൊണ്ടും ക്ഷീണിച്ചു 959-ല്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

Exit mobile version