സകലവിശുദ്ധരുടെയും തിരുനാള്‍

നവംബര്‍ 1: സകല വിശുദ്ധരുടെയും തിരുനാള്‍

കത്തോലിക്കാ സഭയില്‍ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിന് വിശുദ്ധരുണ്ട്. വളരെ ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയ്ക്കും പരിശോധനകള്‍ക്കും ശേഷമാണ് സഭ അവരെ അനുകരിക്കാനുള്ള മാതൃകകളും ശക്തമായ മധ്യസ്ഥരുമായി വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.
വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി പേര് ചേര്‍ത്തിട്ടുള്ള ഇവരെ പ്രത്യേക ദിവസങ്ങളില്‍ ( മരണദിവസം അല്ലെങ്കില്‍ ജനന ദിവസം) നാം അനുസ്മരിക്കുകയും ആ ദിവസം അവരുടെ തിരുനാളായി ആചരിക്കുകയും ചെയ്യുന്നുണ്ടല്ലോ. സുവിശേഷത്തെ ജീവിതമാക്കിയവരാണ് വിശുദ്ധര്‍. അതുകൊണ്ടുതന്നെ അവരുടെ ജീവിതം അനേകം പേര്‍ വായിക്കുന്ന സുവിശേഷമാണ്.

സര്‍വ്വ സ്വര്‍ഗവാസികളുടെയും തിരുനാള്‍

തിരുസഭയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിക്കുന്ന ദിവസമാണ് നവംബര്‍ 1. തിരുസഭയില്‍ നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരായ കോടാനുകോടി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള സര്‍വ്വ സ്വര്‍ഗവാസികളുടെയും തിരുനാളാണ് നവംബര്‍ ഒന്നിന് ആചരിക്കുക.

തെരഞ്ഞെടുക്കെട്ടവര്‍ക്ക് ദൈവം നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്കും സമ്മാനത്തിനും നന്ദി പറയാനും വിവിധ സാഹചര്യങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങള്‍ അനുകരിക്കുന്നതിന് നമ്മളെ പ്രോത്സാഹിപ്പിക്കാനും അവര്‍ ആസ്വദിക്കുന്ന അവര്‍ണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവില്‍പ്പെടാത്ത വിശുദ്ധരില്‍ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകല വിശുദ്ധരുടെയും തിരുനാള്‍ സ്ഥാപിച്ചിരിക്കുന്നത്.
വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളവരുടെ ഓര്‍മ ഏതെങ്കിലും സ്ഥലങ്ങളില്‍ എന്നെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെടാത്ത കോടാനുകോടി ആത്മാക്കള്‍ സ്വര്‍ഗത്തിലുണ്ടല്ലോ. അവരെ ഓര്‍ക്കുന്നതിനും തിരുസഭ ഇന്നു നമ്മളെ ആഹ്വാനം ചെയ്യുന്നു.

എന്നു മുതലാണ് ഈ തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്

രണ്ടാം നൂറ്റാണ്ടു മുതല് ക്രൈസ്തവര് വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില് എഴുതിയ പോളികാര്പ്പിന്റെ രക്തസാക്ഷിത്വത്തില് ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവര് വലിയ മൂല്യമുള്ള സ്വര്ണ്ണത്തെക്കാള് പരിശുദ്ധമായ അവന്റെ അസ്ഥികള് ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു. അതുവഴി അവര് ഒന്നിച്ചു കൂടുമ്പോള് അവന്റെ രക്തസാക്ഷിത്വം ഓര്മ്മിക്കാനും അവനെ ഓര്ത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു .

പൊതുവായി സകല വിശുദ്ധരുടെയും തിരുനാള് ആഘോഷിക്കുന്നതിനെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് വി. എപ്രേമാണ്. വി. ജോണ് ക്രിസോസ്‌തോം പൗര്യസ്ത സഭയില് പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാള് ആഘോഷിക്കാന് തുടങ്ങി. ആ പാരമ്പര്യം ഇന്നും പൗരസ്ത്യ സഭകളില് തുടരുന്നു. ആരംഭത്തില് പാശ്ചാത്യ സഭയിലും സകല വിശുദ്ധരുടെ തിരുനാള് പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആയിരുന്നു പിന്നീടു അതു മെയ് പതിമൂന്നിലേക്കു മാറ്റി. എട്ടാം നൂറ്റാണ്ടില് ഗ്രിഗറി മൂന്നാമന് പാപ്പയാണ് അതു നവംബര് ഒന്നായി നിശ്ചയിച്ചത്. ജര്മ്മനിയിലാണ് നവംബര് ഒന്ന് സകല വിശുദ്ധരുടെയും തിരുനാളായി ആദ്യം ആഘോഷിച്ച പശ്ചാത്യ രാജ്യം.

വിശുദ്ധരോടുള്ള വണക്കം ദൈവം ആഗ്രഹിക്കുന്നു

നിരവധി പ്രൊട്ടസ്റ്റ്ന്റു സഭകളും പെന്തക്കോസ്താ സഭകളും വിശുദ്ധരെ വണങ്ങുന്നതു വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നു. അവര് പലപ്പോഴും സകല വിശുദ്ധരുടെയും തിരുനാള് വിഗ്രഹാരാധന ദിനമായി വില കുറച്ചു കാണാറുണ്ട്. പാശ്ചാത്യ പൗരസ്ത്യ സഭകള് ദൈവത്തിനു മാത്രം നല്കുന്ന ആരാധന ലാത്രിയും (latria), വിശുദ്ധര്ക്കു നല്കുന്ന വണക്കമായ ദൂളിയും (dulia) എപ്പോഴും വേര്തിരിച്ചു പഠിപ്പിക്കുന്നുണ്ട്. സഭയില് ഏറ്റവും ശ്രേഷ്ഠമായ വണക്കം പരിശുദ്ധ കന്യകാമറിയത്തിനു നല്കുന്ന വണക്കമാണ് ഹൈപ്പര് ദൂളിയാ (hyperdulia) എന്നാണ് അത് അറിയപ്പെടുന്നത്. ദൈവത്തിനു കൊടുക്കേണ്ട ആരാധനയും സ്ഥാനവും വിശുദ്ധര്ക്കു നല്കിയാല് അതു വിഗ്രഹാരാധനയാകും . വിശുദ്ധര്ക്കു നമ്മുടെ ജീവിതങ്ങളില് സ്ഥാനമുണ്ടെന്നും അവര് നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തില് ഒന്നായിരിക്കുന്നു. ക്രിസ്തുവിനോടു അടുത്തിരിക്കുന്ന വിശുദ്ധര്ക്കു ഭൂമിയില് ജീവിക്കുന്ന നമുക്കു വേണ്ടി മധ്യസ്ഥത നടത്താന് എളുപ്പം സാധിക്കും. വിശുദ്ധരെ ഓര്മ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും വളരെ നല്ല കാര്യമാണ്.

ഈ തിരുനാള്‍ നല്‍കുന്ന പ്രചോദനങ്ങള്‍

1. സുവിശേഷം വായിക്കാനും ജീവിക്കാനുമുള്ളതാണ്

ഈ സ്വര്ഗ്ഗീയ വിശുദ്ധരില് പലരും ഒരുപക്ഷെ നമ്മെപോലെ ഈ ഭൂമിയില് ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്‌നാനം സ്വീകരിച്ചവര്. വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്. എന്നാല്‍ യേശുവിന്റെ പ്രബോധനങ്ങള്, ദൈവവചനം മുറുകെ പിടിച്ച് നമുക്ക് മുന്നേ സഞ്ചരിച്ച് വിജയിച്ചവരാണിവര്‍.

2. സ്വര്‍ഗ്ഗം സ്വപ്നം കണ്ടുകൊണ്ട് ജീവിക്കുക

നിത്യരക്ഷ എന്ന ലക്ഷ്യം കണ്‍മുന്നില്‍ ഉറപ്പിക്കാന്‍ നമ്മെ വിജയസഭയിലുള്ള വിശുദ്ധര്‍ ഉത്തേജിപ്പിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും വിജയലക്ഷ്യം വിശുദ്ധരായിതീരുക, സ്വര്‍ഗ്ഗത്തിലെത്തിച്ചേരുക എന്നുള്ളതാണ്. ഓരോ മനുഷ്യനും താന്‍ ആഗ്രഹിക്കുന്നിടത്തേക്കാണ് പോകുന്നതെന്ന് സിയന്നായിലെ വിശുദ്ധ കത്രീനയോട് ദൈവം പറഞ്ഞു. ‘ഞാന്‍ ശക്തിപ്പെടുത്തി കൊണ്ടിരുന്നിട്ടും സ്വയം ദുര്‍ബലരാവുകയും പിശാചിന് സ്വയം ഏല്‍പ്പിക്കുകയും ചെയ്യുന്നവരുടെ വിഡ്ഢിത്തം എത്ര വലുതാണ്. ഒരു കാര്യം നീ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ജീവിതകാലത്ത് തങ്ങളെ തന്നെ പിശാചിന് അടിമകളാക്കി. കാരണം ഞാന്‍ പറഞ്ഞതുപോലെ അവരെ നിര്‍ബന്ധിക്കുവാനാവുകയില്ല. അവര്‍ സ്വമനസ്സാ അവന്റെ കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു. അവരുടെ മരണസമയത്ത് അവര്‍ വെറുപ്പോടെ നരകം സ്വീകരിക്കുന്നു’.

3. വിശുദ്ധരോട് നിശ്ചയമായും മാധ്യസ്ഥം യാചിക്കണം

സകല വിശുദ്ധരുടെയും തിരുനാള് ദിനം പുണ്യവാന്മാരുടെ ഐക്യം ( The Communion of Saints) എന്ന സഭാ പ്രബോധനത്തില് അധിഷ്ഠിതമാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വര്ഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങള് ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. വിശുദ്ധര് ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സര്വ്വവ്യാപികളോ സര്വ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും അവരോട് നാം മാധ്യസ്ഥ്യം യാചിച്ചാല്‍ അവര്‍ക്ക് നമ്മെ നിശ്ചയമായും സഹായിക്കാനാവും.
ജറുസലേമിലെ വി. സിറില് ഇപ്രകാരമാണ് ഇതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത്: ‘മരണമടഞ്ഞവരെ നമ്മള് ഇവിടെ ഓര്ക്കുന്നു: ആദ്യം പാത്രിയര്ക്കീസുമാരെയും പ്രവാചകന്മാരെയും അപ്പസ്‌തോലന്മാരെയും രക്തസാക്ഷികളെയും അവരുടെ പ്രാര്ത്ഥനകളാലും യാചനകളാലും ദൈവം നമ്മുടെ അപേക്ഷകള് സ്വീകരിക്കും …’ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശുദ്ധരെകുറിച്ച് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘സ്വര്ഗത്തില് ക്രിസ്തുവിനോടു കൂടുതല് ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതല് ദൃഢമായി വിശുദ്ധിയില് ഉറപ്പിക്കുന്നു. … ദൈവത്തിനും മനുഷ്യര്ക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവര് നേടിയ യോഗ്യതകള് പ്രദര്ശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കല് നമുക്കായി മാധ്യസ്ഥും വഹിക്കുന്നതില് നിന്ന് അവര് വിരമിക്കുന്നില്ല.( CCC 956)

4. സഭയിലുള്ള എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു.

2018 ഏപ്രില്‍ ഒമ്പതാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച തന്റെ മൂന്നാമത്തെ അപ്പസ്‌തോലിക പ്രബോധനമായ Gaudete et exsultate (ആനന്ദിച്ചാഹ്ലാദിക്കുവിന്‍ – Rejoice and be Glad) യില്‍ വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണെന്ന് പഠിപ്പിക്കുന്നു. സഭ സുന്ദരിയാകുന്നത് സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധി മൂലമാണ്. സഭാംഗങ്ങള്‍ എല്ലാവരും ഈ ആന്തരിക വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. വിജയ സഭയില്‍ ഒരുകാലത്ത് വിശുദ്ധരായി പ്രശോഭിക്കേണ്ടവരാണ് നാമെല്ലാവരും എന്നുള്ള വലിയ ബോധ്യം സകല വിശുദ്ധരുടെയും തിരുനാള്‍ നമുക്ക് നല്‍കുന്നു.

തയ്യാറാക്കിയത്: ഫാ. രാജേഷ് പള്ളിക്കാവയലില്‍

ഷില്‍ജി ഷാജി: ഇന്ത്യന്‍ ടീമിന്റെ ഗോള്‍ മെഷീന്‍

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌ക്കാരം നേടിയ കക്കയംകാരി ഷില്‍ജി ഷാജിയുടെ വിശേഷങ്ങള്‍

കുഞ്ഞാറ്റ… വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഷില്‍ജിയെ വിളിക്കുന്നത് അങ്ങനെയാണ്. പേരില്‍ കുഞ്ഞാണെങ്കിലും ഫുട്‌ബോള്‍ കളിക്കളത്തില്‍ ഇമ്മിണി വല്ല്യ ആളാണ് ഷില്‍ജി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌ക്കാരം നേടിയ മിടുക്കിയാണ് പതിനാറുകാരിയായ ഷില്‍ജി. കക്കയം സെന്റ് സെബാസ്റ്റിയന്‍ ഇടവക നീര്‍വിഴാകം ഷാജി ജോസഫ്-എല്‍സി ദമ്പതികളുടെ രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ്.

എതിരാളികളെ തറപ്പറ്റിക്കുന്ന ശരവേഗ നീക്കങ്ങള്‍ക്കൊണ്ട് ഫുട്‌ബോള്‍ ഗ്യാലറിയിലെ കളിയാസ്വാദകരുടെ കയ്യടി നേടിയ പ്രതിഭയാണ് ഷില്‍ജിയുടെ പിതാവ് ഷാജി. വീട്ടില്‍ നിന്ന് വിളിപ്പാടകലെയുള്ള കക്കയം പഞ്ചവടി ഗ്രൗണ്ടില്‍ ദിവസേന വൈകുന്നേരം കളിക്കാന്‍ പോകുമ്പോള്‍ ഷില്‍ജിയേയും തോളത്തിരുത്തി കൊണ്ടുപോകും. പിതാവിനും കൂട്ടുകാര്‍ക്കും ഔട്ട് ബോളുകള്‍ പെറുക്കികൊടുത്തിരുന്ന ഷില്‍ജി ചെറുപ്രായത്തിലേ ഗോള്‍വലയിലേക്ക് ഗോളുകള്‍ അടിച്ചു കൂട്ടുന്ന മിന്നും താരമായി. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ അയല്‍പക്കങ്ങളിലെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കൊപ്പം കളത്തിലിറങ്ങി.

കല്ലാനോട് സെന്റ് മേരീസ് സ്‌കൂളിലാണ് ഷില്‍ജി ഏഴാം ക്ലാസ് വരെ പഠിച്ചത്. അക്കാലത്ത് അത്‌ലറ്റിക്‌സില്‍ സബ് ജില്ലാ ചാമ്പ്യനായിരുന്നു. 5-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ടീമിന്റെ ഭാഗമായി. കളിക്കളത്തിലെ ചലന വേഗതയും ഒതുക്കവും കണ്ടറിഞ്ഞ കോച്ച് ബാബു സാറിനും സ്‌കൂള്‍ കായിക അധ്യാപിക സിനി ടീച്ചര്‍ക്കും ഷില്‍ജിയില്‍ അസാമാന്യ കഴിവുണ്ടെന്ന് മനസിലാക്കാന്‍ ഏറെ സമയമെടുക്കേണ്ടി വന്നില്ല. ഷില്‍ജി ഉള്‍പ്പെടെ സ്‌കൂള്‍ ടീം അക്കൊല്ലം ജില്ലാ ചാമ്പ്യന്മാരും സംസ്ഥാന ചാമ്പ്യന്മാരുമായി. കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പില്‍ പങ്കെടുത്തു.

കാല്‍പന്ത് കളിയുടെ മന്ത്രവും മര്‍മ്മവും പയറ്റിതെളിഞ്ഞാണ് ഷില്‍ജി 13-ാം വയസില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക് എത്തുന്നത്. ഇപ്പോഴത്തെ ഇന്ത്യന്‍ കോച്ച് പി. വി. പ്രിയയുടെ കീഴില്‍ പരിശീലനം ആരംഭിച്ച ഷില്‍ജി പൈനാല്‍റ്റി കിക്കിന്റെ വേഗതയോടെ സ്വപ്‌ന തുല്യമായ നേട്ടങ്ങളിലേക്ക് ഓടിക്കയറുകയാണ്. അണ്ടര്‍ 17 കേരള ടീമില്‍ സെലക്ഷന്‍ കിട്ടുമ്പോള്‍ പ്രായം വെറും 15. 520 പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 23 പേര്‍. ആസാമില്‍ നടന്ന നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍ പെരുമഴ പെയിച്ചാണ് ഷില്‍ജി മടങ്ങിയത്. പഞ്ചാബിനെതിരെ കേരളം നേടിയ ആറില്‍ അഞ്ചു ഗോളും ഷില്‍ജിയുടേതായിരുന്നു. മധ്യപ്രദേശിനെതിരെ നാലും ലഡാക്കിനെതിരെ മൂന്നും ഗോളുകള്‍ നേടി.

ഷില്‍ജി ഷാജി പരിശീലനത്തിനിടെ || (ചിത്രങ്ങള്‍ക്ക് കടപ്പാട്- ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍)

2023 ജനുവരിയില്‍ ഷില്‍ജി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് മൂന്നു പേര്‍ മാത്രം. ജോര്‍ദാന് എതിരെയുള്ള യോഗ്യതാ മത്സരത്തില്‍ ഇന്ത്യ നേടിയ 11 ഗോളില്‍ എട്ടും മലയോര കുടിയേറ്റ ഗ്രാമത്തിന്റെ ചുണക്കുട്ടിയുടേതായിരുന്നു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം റണ്ണര്‍ അപ്പായി. ഷില്‍ജി ടോപ്പ് സ്‌കോററായി. ഗോള്‍ഡന്‍ ബൂട്ട് ഷില്‍ജിക്ക് സ്വന്തം. ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടിയെങ്കിലും കടുത്ത ന്യുമോണിയ കാരണം ആദ്യ റൗണ്ടില്‍ കളിക്കാനായില്ല. രണ്ടാം റൗണ്ടില്‍ ഇറാനെ 3 ഗോളിന് പൂട്ടിക്കെട്ടി ഇന്ത്യ വിജിയച്ചു. കേരളത്തിലെ മികച്ച വനിതാതാരമായി ഷില്‍ജി തിരഞ്ഞെടുക്കപ്പെട്ടു.

ശരവേഗത്തില്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞടുക്കാനുള്ള വൈഭവമാണ് ഫോര്‍വേഡ് പൊസിഷനില്‍ കളിക്കുന്ന ഷില്‍ജിയുടെ പ്രത്യേകത. കിട്ടിയ അവസരങ്ങളും നേടിയ അംഗീകാരങ്ങളും പോലെ കപ്പിനും ചുണ്ടും ഇടയില്‍ നഷ്ടമായതിനെക്കുറിച്ചും ഷില്‍ജിക്ക് പറയാനുണ്ട് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഗോഗുലം എഫ്‌സിയുടെ ഭാഗമായി വുമന്‍സി ലീഗില്‍ കളിക്കാന്‍ സെലക്ഷന്‍ ലഭിച്ചെങ്കിലും പ്രായമായില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ ഉസ്ബക്കിസ്ഥാനില്‍ പോയെങ്കിലും ഇന്ത്യന്‍ ടീമിന് കളിക്കാതെ തിരിച്ചു വരേണ്ടി വന്നു.

2022 ല്‍ ലോകകപ്പ് നടക്കുന്ന സമയം. സകലമാന നാട്ടിലും താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. അന്ന് കക്കയംകാര്‍ ഒരു തീരുമാനമെടുത്തു. കക്കയത്ത് ആരുടെയും കട്ടൗട്ട് വേണ്ട പകരം ഷില്‍ജിയുടെ കട്ടൗട്ട് സ്ഥാപിച്ചു. അതാണ് നാട്ടുകാര്‍ക്ക് ഷില്‍ജി. അവരുടെ സ്വന്തം കുഞ്ഞാറ്റ. പിതാവും മാതാവും ചേച്ചിയും വല്ല്യമച്ചിയും അടങ്ങുന്നതാണ് ഷില്‍ജിയുടെ കുടുംബം. ചേച്ചി ഷില്‍ന ആന്ധ്രാപ്രദേശില്‍ നഴ്‌സിങ് പഠിക്കുന്നു. കുടുംബവും നാട്ടുകാരും നല്‍കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് ഷില്‍ജി പറയുന്നു. ഒപ്പം ദൈവാനുഗ്രഹവും. എവിടെ പോയാലും ബൈബിള്‍ ബാഗഗില്‍ കാണും. എന്നും വായിക്കും. കൊന്തചൊല്ലി പ്രാര്‍ത്ഥിച്ചിട്ടേ മത്സരത്തിനിറങ്ങൂ. അതേ, With God I am Hero, Without God I am Zero പുഞ്ചിരിയോടെ കുഞ്ഞാറ്റ പറയുന്നു ജീവിത വിജയത്തിന്റെ ലളിതപാഠം.

അടുക്കുംതോറും അകലുന്നുവോ!

വിവാഹം കുടുംബത്തിന്റെ തുടക്കമാണ്. ശാരീരികമായ ഒരു കൂട്ടായ്മയെക്കാള്‍ അത് ആത്മീയവും ചിന്താപരവും വൈകാരികവുമായ ഒരു കൂടിച്ചേരല്‍ കൂടിയാണ്. പങ്കാളിയെയും കുട്ടികളെയും സേവിക്കുമ്പോള്‍ നിസ്വാര്‍ത്ഥതയില്‍ വളരാനുള്ള അവസരവും ഇതു നല്‍കുന്നു. ദമ്പതികളുടെ രൂപീകരണത്തിനും അനന്തരഫലമായ സന്താനത്തിനും കാരണമാകുന്ന ഒരു ജീവിത സംഭവമായി വിവാഹത്തെ സൂചിപ്പിക്കാം. പക്ഷേ സമൂഹത്തിന്റെ ചിന്തയും ജീവിതരീതിയും മാറുന്നതിനനുസരിച്ച് കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാനോ പരസ്പരം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. ഇതിനു പരിഹാരമായി ഇന്നത്തെ ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒരു പോംവഴിയാണ് വിവാഹമോചനം. അടിസ്ഥാനപരമായി ഇണയുടെ മരണത്തിനു മുന്‍പ് വിവാഹബന്ധം അവസാനിപ്പിക്കുന്ന നിയമപരമായ നടപടിയാണ് വിവാഹമോചനം. കുട്ടികളുടെയും ദമ്പതികളുടെയും മറ്റു കുടുംബാംഗങ്ങളുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു അനുഭവം കൂടിയാണത്. വിവാഹമോചനം നടന്നിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ കണ്ടുവരുന്നു. വൈജ്ഞാനിക, വൈകാരിക, പെരുമാറ്റ മേഖലകളില്‍ ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2020-ല്‍ സംസ്ഥാനത്ത് 6379 വിവാഹങ്ങളും 315 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 2021 മെയ് വരെ 4313 വിവാഹങ്ങളും 108 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

വിവാഹമോചനവും സാമൂഹിക പശ്ചാത്തലങ്ങളും

പലകാരണങ്ങള്‍ വിവാഹമോചനത്തിലേക്ക് നയിക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹിക പശ്ചാത്തലവും വിവാഹമോചനത്തിലേക്ക് നയിക്കാറുണ്ട് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രായം, ലിംഗഭേദം, സാമ്പത്തിക സ്ഥിതി, സാമൂഹിക മേഖല, വിദ്യാഭ്യാസം, ജോലി തുടങ്ങിയവയും വിവാഹ മോചനത്തെ സ്വാധീനിക്കുന്നു. പ്രായം ഒരു മുഖ്യഘടകമാണ്. ചെറുപ്രായത്തില്‍ വിവാഹിതരായവരില്‍ വിവാഹമോചനം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടുതലായും ചെറുപ്രായത്തില്‍ വിവാഹിതരായ സ്ത്രീകളാണ് വിവാഹമോചിതരാകുന്നത്. ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തുന്ന സ്ത്രീകള്‍ പലപ്പോഴും തന്റെ ശീലങ്ങളും രീതികളും മാറുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് മനസ്സിലാക്കാനോ അവരെ അംഗീകരിക്കാനോ കുടുംബാംഗങ്ങള്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുവഴി ബന്ധത്തില്‍ വിള്ളലുകള്‍ വന്നുചേരുന്നു.

മുന്‍കൈയെടുക്കുന്നത് ആര്?

ആരാണ് കൂടുതലായി വിവാഹമോചനത്തിലേക്ക് മുന്‍കൈയെടുക്കുന്നത് എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. സ്ത്രീയോ? പുരുഷനോ? കേരളത്തില്‍ നടത്തിയ പല പഠനങ്ങളിലും സ്ത്രീകളാണ് മുന്‍കൈ എടുക്കുന്നതും പരാതികള്‍ സമര്‍പ്പിക്കുന്നതും എന്ന് വ്യക്തമാകുന്നു. 20 മുതല്‍ 30 വയസ്സു വരെയുള്ള സ്ത്രീകളും 31 മുതല്‍ 40 വയസ്സ് വരെയുള്ള പുരുഷന്മാരിലുമാണ് വിവാഹമോചനം നടക്കുന്നത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന തോന്നലും, പരസ്പരം അഭിപ്രായം പങ്കു വെക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നില്ല, കൈത്താങ്ങാവുകയും ചെയ്യുന്നില്ല എന്ന തോന്നലുമാണ് ഇതിന്റെ ഒരു കാരണം.

വിവാഹമോചനവും കാരണങ്ങളും

വിവാഹമോചനത്തിലേക്ക് നയിക്കാന്‍ ചെറുതും വലുതുമായ നിരവധി കാരണങ്ങളാണ് കണ്ടുവരുന്നത്. വ്യക്തിപരവും, സാമൂഹ്യപരവും, പരസ്പര ബന്ധങ്ങളില്‍ ഉള്ള ബുദ്ധിമുട്ടുകളുമാണവ. വിശ്വാസം നഷ്ടപ്പെടുക, പരസ്പരം മനസ്സിലാക്കാന്‍ പറ്റാതാവുക, ദമ്പതികളിലൊരാള്‍ ചൂഷണത്തിന് ഇരയാവുക തുടങ്ങിയ കാരണങ്ങളും വിവാഹമോചനത്തിലേക്ക് നയിക്കാറുണ്ട്. വിവാഹമോചനത്തിലേക്ക് എത്താന്‍ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. അവയെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍, സാമൂഹികമായ കാരണങ്ങള്‍, പരസ്പര ബന്ധത്തിലെ വിള്ളലുകള്‍ എന്നിവയായി തിരിക്കാം. വിവാഹമോചനം പല രീതിയിലാണ് കുടുംബാംഗങ്ങളെ ബാധിക്കുന്നത്. വിവാഹമോചനം നടന്ന കുടുംബത്തിലെ സ്ത്രീകളിലും പുരുഷന്‍മാരിലും ഉത്കണ്ഠ, സമ്മര്‍ദം എന്നീ മാനസികപ്രശ്‌നങ്ങള്‍ കുറഞ്ഞതായും പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. എങ്കിലും ഒരുപാട് പ്രത്യാഘാതങ്ങള്‍ക്കും വിവാഹമോചനം കാരണമാകുന്നുണ്ട്. കുടുംബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഒരു മുഖ്യ ഘടകമാണ് മനഃശാസ്ത്ര വിദഗ്ധന്മാരുടെ ഇടപെടല്‍ വേണ്ട സാഹചര്യങ്ങളില്‍ ലഭ്യമാകാത്തതും വിവാഹമോചനത്തില്‍ എത്തിക്കാറുണ്ട്. പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്, മാരിറ്റല്‍ കൗണ്‍സിലിംഗ്, ഡിവോഴ്‌സ് കൗണ്‍സിലിംഗ് തുടങ്ങിയവയുടെ പ്രാധാന്യം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വ്യക്തിപരമായ കാരണങ്ങള്‍

ഓരോ വിവാഹമോചനത്തിനും ഓരോ കാരണങ്ങള്‍ കാണുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. വിവാഹജീവിതത്തിലെ ആദ്യകാലങ്ങളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എപ്പോഴും പ്രാധാന്യമര്‍ഹിക്കുന്നതാണ്, കുടുംബാംഗങ്ങളോടും ജീവിത സാഹചര്യങ്ങളോടും ചേര്‍ന്ന് പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഒട്ടുമിക്ക വിവാഹമോചനത്തിനും കാരണം. കുടുംബാംഗങ്ങള്‍ പെരുമാറുന്ന രീതി അവരുടെ അമിതമായ ഇടപെടല്‍ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുത്താം.

യഥാര്‍ഥ്യമല്ലാത്ത വൈവാഹിക സങ്കല്‍പ്പങ്ങള്‍: യഥാര്‍ഥ്യമല്ലാത്ത വൈവാഹിക സങ്കല്‍പ്പങ്ങള്‍ എപ്പോഴും കുടുംബജീവിതത്തില്‍ ഒരു കരടാണ്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ സങ്കല്പത്തിനു ചേരാത്ത പങ്കാളി തനിക്കും തന്റെ വീട്ടുകാര്‍ക്കും ചേരാത്ത വ്യക്തിയാണ് എന്ന് പറഞ്ഞ് ഒട്ടേറെ വിവാഹമോചനങ്ങള്‍ നടക്കുന്നു.

പങ്കാളികള്‍ക്കിടയിലുള്ള മദ്യപാനം: കേരളത്തിലെ ദമ്പതികളെ സംബന്ധിച്ചിടത്തോളം വിവാഹമോചനം എന്ന ചിന്തയിലെത്തിക്കുന്ന ഒരു പ്രധാനകാരണമാണ് പങ്കാളികള്‍ക്കിടയിലുള്ള മദ്യപാനം. മദ്യപാനത്തിനും ലഹരിക്കും അടിമ പെടുന്നവര്‍ക്ക് യുക്തിപൂര്‍വ്വം ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാതെവരുന്നു അത് പലപ്പോഴും കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തര്‍ക്കങ്ങളും വഴക്കുകളും ശാരീരിക ഉപദ്രവത്തിലേക്ക് എത്തിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വിവാഹമോചനത്തിനു പങ്കാളിയെ നിര്‍ബന്ധിതരാക്കുന്നു.

ലൈംഗികത: ലൈംഗികബന്ധത്തിലെ അഭിപ്രായവ്യത്യാസവും പൊരുത്തക്കേടുകളും കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, പക്ഷെ, മിക്ക ദമ്പതികളും ഇത് മറച്ചുവെക്കുകയും പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുന്നില്ല. ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണ, അഭിപ്രായവ്യത്യാസങ്ങള്‍, പങ്കാളിയുടെ ആവശ്യം നിഷേധിക്കുന്നത്, പരിഹാസങ്ങള്‍, ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കുന്നത്, ശാരീരിക അടുപ്പ് കുറവ്, ലൈംഗിക രോഗങ്ങള്‍ എന്നിവ വിവാഹമോചനത്തിലേക്ക് നയിക്കുന്നു.

കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി: മറ്റുകാരണങ്ങള്‍ പോലെതന്നെ പ്രധാനപ്പെട്ടതാണ്. സാമ്പത്തികപരമായി ഇടത്തരക്കാരിലും, ഉയര്‍ന്ന തരത്തിലുള്ളവരിലുമാണ് കൂടുതലായി വിവാഹമോചനം നടന്നു വരുന്നത്. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലുള്ള അഭിപ്രായവ്യത്യാസം, പങ്കാളിയില്‍ ഉത്കണ്ഠ ഉണ്ടാക്കുന്ന തരത്തിലുള്ള ധൂര്‍ത്ത്, സാമ്പത്തികപ്രതിസന്ധി, സാമ്പത്തിക തീരുമാനങ്ങള്‍ പങ്കുവെക്കാതിരിക്കുക, സ്ത്രീകളിലുള്ള സാമ്പത്തിക ഉയര്‍ച്ച, വരവു ചിലവിനെ കുറിച്ചുള്ള ധാരണയില്ലായ്മ എന്നിവ വിവാഹമോചനത്തിന് കാരണമാവുന്നു.

മാനസികപ്രശ്‌നങ്ങള്‍: മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് ദമ്പതികള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതില്‍ മാനസിക ബുദ്ധിമുട്ടാണ് പ്രധാനമായും വിവാഹമോചനത്തിലേക്ക് വഴിമാറുന്നത്. പങ്കാളിയില്‍ ഉള്ള സംശയം, ഉന്മാദ വിഷാദ രോഗം, ചിത്തഭ്രമം, അമിതമായ ഉത്കണ്ഠ, വ്യക്തിപരമായ രോഗങ്ങള്‍ ഇവയൊക്കെയാണ് വേര്‍പിരിയലിലേക്ക് എത്തിക്കുന്നത്. മാനസിക രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുന്നത്, രോഗാവസ്ഥ നിര്‍ണയിക്കാതിരിക്കുന്നത്, ചികിത്സ ഉപകാരപ്പെടുത്താതിരിക്കുന്നത്, മാനസികരോഗം നിര്‍ണയിച്ചിട്ടും ആവശ്യമായ പിന്തുണ നല്‍കാതിരിക്കുന്നതും ദമ്പതികള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ വഷളാവാന്‍ കാരണമാകുന്നു.

സാമൂഹികമായ കാരണങ്ങള്‍

തുല്യതാബോധം: സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സമ്പാദിക്കുന്ന കാലമാണ് ഇപ്പോള്‍ എങ്കിലും ആ തരത്തിലുള്ള ബഹുമാനമോ തുല്യതയോ ലഭിക്കുന്നില്ല എന്നതും പ്രധാനപ്പെട്ടതാണ്. പങ്കാളിക്ക് ലഭിക്കുന്ന സ്ഥാന കയറ്റങ്ങളില്‍ അഭിമാനിക്കതെ അതൊരു അപമാനമായി കാണുകയാണ് പലരും. അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും പലപ്പോഴും അവര്‍ കീഴ്‌പെട്ടുപോകുന്നു, അതുവഴി ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവുന്നു

മത്സരബുദ്ധി: ഞാനോ നീയോ എന്ന മത്സരബുദ്ധിയിലാണ് ദമ്പതികള്‍. എന്നെക്കാള്‍ ഉയരാനോ എന്നെ നിയന്ത്രിക്കാനോ പാടില്ല എന്ന ശാഠ്യം പല കുടുംബങ്ങളിലും കണ്ടുവരുന്നു. ഇവിടെ നീ സംസാരിക്കേണ്ട ഞാന്‍ തീരുമാനിച്ചോളാം എന്ന നയം വിവാഹബന്ധം വേര്‍പിരിയുന്നതലേക്ക് നയിക്കും.

പുരുഷാധിപത്യം: പണ്ടുമുതലേ കേരള സമൂഹത്തില്‍ നിലനിന്നിരുന്ന ഭരണാധിപത്യമാണ് പുരുഷാധിപത്യം. വീട്ടുകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും സ്ത്രീകളെ ഇറയത്ത് കാണരുത് എന്നു തുടങ്ങിയ വ്യവസ്ഥകളും നിലനിന്നിരുന്നു. മാറുമറയ്ക്കല്‍ സമരം മുതല്‍ തുല്യാവകാശ പോരാട്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും മാഞ്ഞു പോവാതെ നിലനില്‍ക്കുന്ന ഒന്നാണ് പുരുഷാധിപത്യം. മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും തുല്യതാവകാശം എപ്പോഴും ദമ്പതികളുടെ ഇടയില്‍ കലഹം സൃഷ്ടിക്കാറുണ്ട്. ഒരു വശത്ത് പുരുഷാധിപത്യം ആണ് വിഷയം എങ്കില്‍ മറുവശത്ത് ഫെമിനിസവും പ്രശ്‌നമാകാറുണ്ട്. സ്ത്രീകളില്‍ ഉണ്ടാവുന്ന തുല്യതാവകാശബോധം പങ്കാളിയുമായുള്ള തര്‍ക്കത്തിലേക്ക് എത്താറുണ്ട്. ദമ്പതികള്‍ ഒന്നാണ് എന്നുള്ള ചിന്തയും രണ്ടുപേരും പരസ്പരം ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ബന്ധം വളരും. നല്ലൊരു കുടുംബം പടുത്തുയര്‍ത്താനും അവര്‍ക്ക് സാധിക്കും

സോഷ്യല്‍ മീഡിയ: വിവാഹമോചനത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം ഉണ്ടായിരുന്നിട്ടും, പുതിയ ഘടകങ്ങള്‍ വേര്‍പിരിയലിന് കാരണമാകുന്നു. വിവാഹങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. സമൂഹ്യമാധ്യമങ്ങള്‍ കുടുംബബന്ധങ്ങളില്‍ നല്ലതും മോശവുമായ പങ്കുവഹിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയുട അമിത ഉപയോഗവും, അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നിരവധി പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ തലമുറയുടെ വിവാഹജീവിതത്തിലെ താളപ്പിഴകളില്‍ സോഷ്യല്‍ മീഡിയ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയോടുള്ള അമിതമായ ആസക്തി ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് കുടുംബപരമായ ഉത്തരവാദിത്വത്തില്‍ ശ്രദ്ധ കുറയുന്നതിന് കാരണമാകുന്നു. മിക്കപ്പോഴും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്ന ദമ്പതികളില്‍ സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ ശക്തമായ ഇടപെടലുകള്‍ കാണാന്‍ കഴിയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് മിക്കപ്പോഴും തുടങ്ങുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോസില്‍ നിന്നാണ്. കൂടുതല്‍ ലൈക്ക് കിട്ടുന്ന, അല്ലെങ്കില്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്നത് പങ്കാളികള്‍ക്ക്ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും അസൂയയ്ക്കും കാരണമാകുന്നു. ഇതു മാത്രമല്ല സോഷ്യല്‍മീഡിയ ഉപയോഗം കുടുംബപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ആശയവിനിമയം കുറയുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ട്. സോഷ്യല്‍ മീഡിയ വഴി ചെയ്യുന്ന ബിസിനസുകളും കുടുംബബന്ധം തകരുന്നതിന് കാരണമാവാറുണ്ട്. സോഷ്യല്‍ മീഡിയ ബിസിനസില്‍ താല്‍പര്യം കാണിക്കുന്ന അല്ലെങ്കില്‍ വലിയ വിജയം കൈവരിച്ച ദമ്പതികള്‍ക്ക് കുടുംബബന്ധത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിയാതെ പോകുന്നു. ഇത് കുടുംബബന്ധത്തില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും തന്റെ ബിസിനസിന് കുടുംബം ഒരു തടസ്സമാണെന്നുമുള്ള തോന്നല്‍ പങ്കാളിയില്‍ ഉടലെടുക്കുന്നു. സാമൂഹ്യ മാധ്യമം ദമ്പതികളില്‍ ആത്മവിശ്വാസക്കുറവിന് കാരണമാവുന്നു. ദമ്പതികളില്‍ ഒരാളുടെ സൗന്ദര്യത്തെ മറ്റൊരു പങ്കാളി എത്രത്തോളം പ്രശംസിച്ചാലും ആത്മവിശ്വാസക്കുറവും ആത്മാഭിമാനവും സംശയവും പങ്കാളിയില്‍ തളം കെട്ടി നില്‍ക്കുന്നു. അതുപോലെതന്നെ മറ്റുള്ളവരുടെ തികഞ്ഞ ജീവിതവുമായി തന്റെ ജീവിതത്തെ താരതമ്യം ചെയ്യുകയും തല്‍ഫലമായി കുടുംബ ബന്ധത്തില്‍ പിരിമുറുക്കവും അസന്തുഷ്ടതയും ഉണ്ടാകുന്നു.

പരസ്പര ബന്ധങ്ങളിലെ വിള്ളല്‍

പൊരുത്തപ്പെടല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ അടുപ്പകുറവ് ദമ്പതികളില്‍ അകല്‍ച്ച ഉണ്ടാകാന്‍ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. പങ്കാളിക്ക് കുടുംബാംഗങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വരുന്നത് ഇപ്പോള്‍ ഒട്ടുമിക്ക കുടുംബങ്ങളിലും കാണാന്‍ സാധിക്കുന്നു. പങ്കാളിയുടെ മാതാപിതാക്കളും സഹോദരങ്ങളുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍, സ്ത്രീധനത്തിന്റെ പേരിലുള്ള വഴക്കുകള്‍, ദമ്പതികളുടെ ഇടയിലേക്ക് മാതാപിതാക്കളുടെ കടന്നുകയറ്റം തുടങ്ങിയവ പ്രധാന വിഷയങ്ങളാണ്.
സ്ത്രീധനം: സ്ത്രീധനം ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് മുദ്രാവാക്യമായി കൊണ്ട് നടക്കുന്നുണ്ടെങ്കിലും സ്വര്‍ണത്തിലോ, പണത്തിലോ കുറവ് വന്നാല്‍ അവിടെ കലഹം തുടങ്ങും.അതിന്റെ പേരില്‍ വാക്ക് തര്‍ക്കങ്ങളും ഇറക്കിവിടലുകളും ഒട്ടും കുറവല്ല.
ലൈംഗികപീഡനങ്ങള്‍: ശാരീരിക മാനസിക ലൈംഗികപീഡനങ്ങള്‍ ദമ്പതികളുടെ ഇടയില്‍ കൂടിവരുന്നതായി കാണാം. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ വരുമ്പോള്‍ അത് ശാരീരിക പീഡനത്തലേക്ക് എത്തിക്കുന്നു സ്ത്രീധനത്തിന്റെ പേരിലോ സംശയത്തിന്റെ പേരിലോ വ്യക്തിസ്വാതന്ത്ര്യം കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പങ്കാളികള്‍ മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. പങ്കാളിക്ക് താല്‍പര്യമില്ലാത്ത രീതിയിലുള്ള ശാരീരിക ബന്ധങ്ങളും വിവാഹമോചനത്തിലേക്ക് എത്തിക്കുന്നു.
വൈവാഹിക ജീവിതത്തിനപ്പുറമുള്ള മറ്റു ബന്ധങ്ങള്‍: പങ്കാളിയില്‍ ആര്‍ക്കെങ്കിലും വൈവാഹിക ജീവിതത്തിന് പുറത്തുണ്ടാകുന്ന വൈകാരികബന്ധം വിവാഹമോചനത്തിന് ഒരു പ്രധാന കാരണമായി കാണാറുണ്ട്. താന്‍ വഞ്ചിക്കപ്പെട്ടുകയാണ് എന്ന് പങ്കാളി തിരിച്ചറിയുമ്പോള്‍ ആ ബന്ധം തുടര്‍ന്നു പോകാന്‍ ആഗ്രഹിക്കുന്നില്ല. പങ്കാളിയെക്കാള്‍ അടുപ്പം മറ്റു വ്യക്തികളോട് തോന്നുകയും ദമ്പതികളുടെ ഇടയിലുള്ള ശാരീരിക അകല്‍ച്ചയ്ക്ക് അത് കാരണമാവുകയും ചെയ്യും. പങ്കാളിയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല, പങ്കാളിയുമായി ശാരീരിക അടുപ്പം തോന്നുന്നില്ല, ശാരീരികബന്ധത്തില്‍ സന്തോഷം കിട്ടുന്നില്ല, പങ്കാളിയില്‍ നിന്ന് സ്‌നേഹം ലഭിക്കുന്നില്ല എന്നുള്ള പ്രശ്‌നങ്ങള്‍ പ്രധാനമായും കണ്ടുവരുന്നു.
കടന്നുകയറ്റം: മാതാപിതാക്കളുടെയോ, ബന്ധുക്കളുടെയോ, സഹോദരങ്ങളുടെയോ, സുഹൃത്തുക്കളുടെയോ കടന്നുകയറ്റവും ഒരു പ്രധാന വിഷയമാണ്. കുടുംബജീവിതത്തില്‍ ദമ്പതികളുടെ അതിര്‍ത്തിയില്‍ കടന്നുകയറി അവരുടെ ജീവിത കാര്യങ്ങളില്‍ തീരുമാനം എടുക്കുകയും അതിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതും സാധാരണമാണ്. ദമ്പതികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ (ജോലി കുട്ടികള്‍ തുടങ്ങിയവ) അഭിപ്രായങ്ങള്‍ പറയുകയും അവരുടെ കാര്യങ്ങളില്‍ നിയന്ത്രണം വയ്ക്കുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.

വിവാഹമോചനവും കോടതി നടപടികളും

പരസ്പരം ഒന്നിച്ചു പോവാന്‍ കഴിയില്ല എന്ന കാരണത്താല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കുവാന്‍ അവകാശമുണ്ട്. വിവാഹമോചന കേസുകള്‍ കേള്‍ക്കാനും തീര്‍പ്പുകല്‍പ്പിക്കാനുമുള്ള അധികാരം ഭാര്യാഭര്‍ത്താക്കന്മാരായി അവസാനമായി താമസിച്ച സ്ഥലത്തെ കുടുംബക്കോടതിക്കാണ്.

പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയല്‍ (മ്യൂചല്‍ ഡിവോസ്): ദമ്പതികള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു വിവാഹമോചനമാണ് പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയല്‍ അഥവാ (മ്യൂചല്‍ ഡിവോസ്). ഭാര്യയും ഭര്‍ത്താവും പരസ്പരസമ്മതത്തോടെ ഈ വിവാഹം തുടര്‍ന്നു പോവാന്‍ കഴിയില്ല എന്ന് തീരുമാനിച്ചാല്‍ അവര്‍ക്ക് വിവാഹമോചനത്തിന് അവകാശമുണ്ട്. പരസ്പരസമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്ന ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പെട്ടു ജീവിക്കുന്നു, രണ്ടുപേരും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ല എന്ന് സമ്മതിച്ചിട്ടുണ്ട്, ഒരാള്‍ മറ്റൊരാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയല്ല പരാതി നല്‍കുന്നത് എന്നീ കാര്യങ്ങളാണ് കുടുംബകോടതിയില്‍ പരിഗണിക്കപ്പെടുന്നത്. ഇങ്ങനെ കോടതിയിലെത്തുന്ന ഒരു അപേക്ഷ കോടതി ആറുമാസ കാലത്തേക്ക് പരിഗണിക്കാതെ വെക്കുന്നു ഈ കാലയളവില്‍ ദമ്പതികള്‍ക്ക് തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ സമയത്ത് ദമ്പതികള്‍ കൗണ്‍സിലിംഗ് നടപടിയില്‍ കൂടി കടന്നു പോവുന്നു. വിവാഹമോചന വ്യവഹാര പ്രക്രിയ അല്ലെങ്കില്‍ നടപടിയില്‍ കൂടി കടന്നുപോകുന്ന ദമ്പതികള്‍ ഈ ഘട്ടത്തില്‍ അനുഭവിക്കുന്ന ഉത്കണ്ഠ, തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതി, നിസ്സഹായവസ്ഥ, വിവാഹമോചനത്തിനുശേഷം എങ്ങനെ അതിനെ അതിജീവിക്കാം ഈ തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൗണ്‍സിലിംഗ് സമയത്ത് മനശാസ്ത്ര വിദഗ്ധന്‍ മനസ്സിലാക്കി അതിനെ അതിജീവിക്കാനുള്ള വഴികള്‍ ശാസ്ത്രീയമായ രീതിയില്‍ നല്‍കുന്നു.

CONTESTING DIVORCE

വിവാഹമോചനത്തില്‍ ദമ്പതികള്‍ക്കിടയില്‍ കണ്ടുവരുന്ന മറ്റൊരു രീതിയാണ് പങ്കാളിയില്‍ ഒരാള്‍ വേര്‍പിരിയല്‍ ആഗ്രഹിക്കുകയും മറ്റൊരാള്‍ അതിനെ നിരസിക്കുകയും ചെയ്യുന്നത് (Contesting divorce). ഇങ്ങനെയുള്ള വിവാഹമോചന രീതിക്ക് ഒരു സമയ പരിധിയും കോടതി നിശ്ചയിക്കുന്നില്ല. എന്നാല്‍ ഈ തരത്തിലുള്ള വിവാഹമോചന രീതി സ്വീകരിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ളത്: വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്ന ദമ്പതികള്‍ ഈ പരാതി കൂടാതെ ഇതുമായി ബന്ധപ്പെട്ട് മറ്റു പരാതികളും നല്‍കുന്നു, അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ളത് (Child custody). വിവാഹമോചനം ആഗ്രഹിക്കുന്ന ദമ്പതികളുടെ കുട്ടികളുടെ ചുമതല ആര്‍ക്ക് എന്നതാണ് ഇവിടെ നിശ്ചയിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലിയുള്ള പരാതി കുടുംബകോടതിയില്‍ നല്‍കിയാല്‍ ജഡ്ജി വ്യക്തമായി പരിശോധിച്ച് മാത്രമേ വിധി പറയാറുള്ളൂ. ഇവിടെ പ്രധാനമായും കോടതി ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുട്ടിക്ക് ജീവിക്കാനുള്ള നല്ല ചുറ്റുപാട്, സാമ്പത്തികം, വിദ്യാഭ്യാസം, കുട്ടിയെ നല്ല ഒരു വ്യക്തിയായി വളര്‍ത്താന്‍ ആര്‍ക്കാണ് സാധിക്കുക എന്നത് മനസ്സിലാക്കുകയും കുട്ടിയുടെ താല്‍പര്യം അറിഞ്ഞതിനു ശേഷവും മാത്രമേ വിധി പറയാറുള്ളു. ഇങ്ങനെയൊരു പരാതി കോടതിയിലെത്തുന്നത് വഴി ദമ്പതികള്‍ക്കും അവരുടെ കുട്ടികള്‍ക്കും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയില്‍ മനശാസ്ത്ര കൗണ്‍സിലറുടെ പിന്തുണ അത്യാവശ്യമാണ്.
വിവാഹ മോചിതയാവുന്ന തൊഴില്‍രഹിതയായ സ്ത്രീക്കും അവരുടെ കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ആവശ്യമായ പണം ഭര്‍ത്താവ് നല്‍കണമെന്ന് നിയമവ്യവസ്ഥയുണ്ട്. ഇതിനു വേണ്ടിയും കോടതിയില്‍ പരാതികള്‍ നല്‍കുന്നതായി കാണാറുണ്ട്. ഇങ്ങനെ നല്‍കുന്ന പരാതി ജീവനാംശത്തിന് ഉള്ളതായി കണക്കാക്കുന്നു.

വിവാഹമോചന പരാതികളുമായി കോടതിയെ സമീപിക്കുന്ന ദമ്പതികള്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കോടതിയുടെ അഭിപ്രായപ്രകാരം വേര്‍പിരിഞ്ഞു താമസിക്കാം. ഒരുവര്‍ഷ കാലാവധിയാണ് കോടതി നല്‍കുന്നത്. ഈ കാലയളവില്‍ ദമ്പതികളില്‍ മാനസാന്തരം ഉണ്ടായി യോജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിവാഹമോചനത്തിന് കോടതിയെ വീണ്ടും സമീപിക്കാവുന്നതാണ്. കുടുംബ കോടതിയില്‍ എത്തുന്ന പരാതികള്‍ കോടതിയുടെ അകത്തുനിന്ന് രമ്യമായി പരിഹരിക്കാന്‍ വേണ്ടി കോടതി തന്നെ ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ വാഹിക്കാറുണ്ട്, അതിനൊപ്പം തന്നെ കൗണ്‍സിലിംഗ് പ്രക്രിയയില്‍ പങ്കെടുക്കുവാനും ദമ്പതികള്‍ നിര്‍ബന്ധിതരാവുന്നു.

മധ്യസ്ഥത പ്രക്രിയ

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുടുംബ കോടതി നല്‍കുന്ന ഒരു വഴിയാണ് മധ്യസ്ഥത പ്രക്രിയ അല്ലെങ്കില്‍ മീഡിയേഷന്‍ പ്രോസസ്. ദമ്പതികള്‍ക്കിടയില്‍ മൂന്നാമതായി ഒരാള്‍ നില്‍ക്കുന്നു ഈ വ്യക്തിയാണ് മധ്യസ്ഥത വഹിക്കുന്നത്. ഒരു വ്യത്യസ്തമായ ആശയവിനിമയവും ചില അഭിപ്രായ സമന്യയങ്ങളും ഉപയോഗിച്ച് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. മധ്യസ്ഥത വഹിക്കുന്ന വ്യക്തി ദമ്പതികളുടെ ആവശ്യങ്ങളും, അവകാശങ്ങളും, ഇഷ്ടങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ പ്രക്രിയ തുറന്ന ഒരു ആശയവിനിമയമാണ്, ഇതില്‍ നിന്നും ഭാര്യയ്ക്കും ഭര്‍ത്താവിനും യോജിച്ചു പോവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു തീരുമാനമെടുക്കാന്‍ കഴിയുന്നവര്‍ ഒരു വ്യവസ്ഥ ഉണ്ടാക്കി വേര്‍പിരിയല്‍ എന്ന തീരുമാനത്തില്‍ നിന്ന് പിന്മാറുകയും അത് കോടതിയെ ബോധിപ്പിക്കുകയും ചെയ്യുന്നു.

കൗണ്‍സിലിംഗ് പ്രക്രിയ

കുടുംബ കോടതിയുടെ ഒരു ഭാഗമാണ് കൗണ്‍സിലിംഗ് പ്രക്രിയ. പരാതിയുമായി കോടതിയെ സമീപിക്കുന്നത് ദമ്പതികള്‍ക്ക് നിര്‍ബന്ധമായും കൗണ്‍സിലിങ്ങിന് പങ്കെടുക്കുവാന്‍ ജഡ്ജി ഉത്തരവിടുന്നു. മനശാസ്ത്ര വിദഗ്ധര്‍ ദമ്പതികള്‍ക്കിടയില്‍ ഉള്ള പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കുകയും പരിഹരിക്കാന്‍ പറ്റുന്നതരത്തിലുള്ളവയാണോ എന്ന് നോക്കി കൃത്യമായി ഇടപെട്ട് ദമ്പതികളെ പരിഹരിക്കാന്‍ സഹായിക്കുകയും അവരില്‍ ഒരു ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു.
കൗണ്‍സിലിംഗിനായി കോടതിയില്‍ നിന്നു വരുന്ന ദമ്പതികള്‍ക്ക് വ്യക്തിഗത കൗണ്‍സിലിംഗ് നല്‍കുന്നു. ഇങ്ങനെ നല്‍കുന്നതുവഴി ദമ്പതികളുടെ ഉല്‍ക്കണ്ഠയും പേടിയും സമ്മര്‍ദ്ദവും മനസ്സിലാക്കുകയും വ്യക്തിഗത പിന്തുണ നല്‍കുകയും ചെയ്യുന്നു. അതുപോലെതന്നെ ഈ വിവാഹ ബന്ധം തുടര്‍ന്നാല്‍ ജീവിത പങ്കാളിയും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുമെന്ന തരത്തില്‍ ഉള്ളതാണെങ്കില്‍ അല്ലെങ്കില്‍ പങ്കാളിയില്‍ ഒരാള്‍ മാനസിക രോഗത്തിന് അടിമയാണെങ്കില്‍ ഒന്നിച്ചു പോകാന്‍ പങ്കാളിക്ക് കഴിയാത്ത സാഹചര്യമാണെങ്കില്‍ മനശാസ്ത്ര വിദഗ്ധര്‍ അത് കോടതിയെ അറിയിക്കുകയും ഉചിതമായ ഒരു തീരുമാനം എടുക്കുകയും ചെയ്യുന്നു.

കോടതി നടപടിയും ദമ്പതികള്‍ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളും

വേര്‍പിരിയല്‍ നടപടിയെ അഭിമുഖീകരിക്കുന്ന ദമ്പതികള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെലവ് (Expense). കോടതിയെ അഭിമുഖീകരിക്കുന്ന ദമ്പതികള്‍ അവര്‍ക്കുവേണ്ടി കോടതിയെ പ്രതിനിധാനം ചെയ്യുന്നത് അഭിഭാഷകന്‍ മുഖേനയാണ്. അഭിഭാഷകന്റെ കഴിവും, പ്രവര്‍ത്തി പരിചയവും അനുസരിച്ച് വലിയൊരു തുക അവര്‍ നല്‍കേണ്ടതായി വരുന്നു. അതുമാത്രമല്ല നിരന്തരമായി കോടതിയെ സമീപിക്കുന്നത് വഴി യാത്ര ചിലവ്, ജോലിക്കു പോവാന്‍ കഴിയാത്ത അവസ്ഥ എന്നിവ സാമ്പത്തിക ഉത്ക്കണ്ഠയ്ക്ക് വഴിവയ്ക്കുന്നു. വിവാഹമോചന നടപടിയിലേക്ക് കടക്കുന്ന ദമ്പതികള്‍ക്ക് പൊതുവേ വീട്ടുകാരില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കാറില്ല. അതുമാത്രമല്ല അവരെ സമൂഹത്തില്‍ നിന്ന് അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് വിവാഹമോചന പ്രക്രിയയിലൂടെ കടന്നു പോകുന്ന ദമ്പതികളെ സംബന്ധിച്ച് മാനസികമായും കൂടുതല്‍ തളരാന്‍ കാരണമാവുന്നു.

വിവാഹമോചനവും അനന്തരഫലങ്ങളും

വിവാഹമോചനം ദമ്പതികള്‍ക്കിടയില്‍ ശാരീരികവും, വൈകാരികവും, മാനസികവും, സാമ്പത്തികവും, സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ചില ദാമ്പത്യബന്ധങ്ങളില്‍ വിവാഹമോചനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്. ചില ദമ്പതികളില്‍ വിവാഹമോചനം അവരുടെ ജീവിതത്തില്‍ സന്തോഷവും വെളിച്ചവും സൃഷ്ടിക്കും. അതേസമയം അത് വേദനാജനകമായ ഒരു അനുഭവം കൂടിയാകുന്നു. വിവാഹമോചനം ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സ്വാഗതാര്‍ഹമായി സംഭവിക്കുന്ന ഒന്നല്ല. പലതവണ ശ്രമിച്ചാലും ചില ബന്ധങ്ങളില്‍ വിവാഹമോചനം അനിവാര്യമായ ഘടകമായി മാറുന്നു. ആ വഴികളിലൂടെ കടന്നു പോകുമ്പോഴും അത് കഴിഞ്ഞു ഉണ്ടാകുന്ന വേദനകള്‍ ചില വ്യക്തികളുടെ ജീവിതത്തെ എന്നും വേട്ടയാടുന്നതാണ്.

വൈകാരിക പ്രശ്‌നങ്ങള്‍

സ്വയം വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍, കുറ്റബോധം, വിവാഹമോചനത്തിന് ഭാഗമായി കണ്ടേക്കാവുന്ന ആഘാതം എന്നീ വൈകാരിക പ്രതിഫലനങ്ങള്‍ പല ദമ്പതികളിലും കണ്ടുവരുന്നു. സ്വന്തം പങ്കാളിയില്‍ നിന്ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി എന്ന യാഥാര്‍ത്ഥ്യം കുറച്ചുനാളത്തേക്ക് അംഗീകരിക്കാന്‍ കഴിയാതെ വരുന്നു. ഇത് വ്യക്തിയില്‍ വളരെയധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നു. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ മനസ്സ് തയ്യാറാവുന്നില്ല. അതിലുപരി നിങ്ങള്‍ ആ വ്യക്തിയാല്‍ വഞ്ചിക്കപ്പെട്ടതായും ഉപേക്ഷിക്കപ്പെട്ടതായും അനുഭവപ്പെടുന്നു.

ചില ദമ്പതികളില്‍ വിവാഹമോചനത്തിനുശേഷം ഏറ്റവും കാണപ്പെടുന്ന ഒരു മാനസികഭാവമാണ് കുറ്റബോധം. തന്റെ തെറ്റുകൊണ്ടാണ് വിവാഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് എന്ന തോന്നല്‍ അവരില്‍ കുറ്റബോധത്തിന് തുടക്കം കുറിക്കുന്നു. വിവാഹമോചനം പലരിലും ഹൃദയം തകര്‍ക്കുന്ന ഒരു അനുഭവമായിരിക്കും ഒരുമിച്ചുണ്ടായിരുന്ന നാളുകളെ കുറിച്ചുള്ള ചിന്തകള്‍ സന്തോഷകരവും വേദനാജനകവുമായ ഓര്‍മ്മകള്‍ അവരുടെ മനസ്സിനെ അലട്ടുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായിരിക്കും. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനും അതില്‍ നിന്ന് കരകയറാനും ഒരുപാട് കാലം എടുത്തെന്നിരിക്കും.

ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. വിവാഹമോചിതരായ ഒരു വ്യക്തിക്ക് കുറച്ചുകാലം ജീവിതത്തില്‍ കോപം, നീരസം, സങ്കടം, ആശ്വാസം, ഭയം, ആശയകുഴപ്പം എന്നീ നിരവധി വൈരുദ്ധ്യാത്മക വികാരങ്ങള്‍ അനുഭവപ്പെടുന്നു. ഈ വികാരങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിന് പകരം പലപ്പോഴും ഈ വേദനാജനകമായ വികാരത്തെ അടിച്ചമര്‍ത്തുകയും അവഗണിക്കുവാനും ശ്രമിക്കുന്നു. ഇത് ദീര്‍ഘകാല വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മാനസിക പ്രശ്‌നങ്ങള്‍

വിവാഹമോചനത്തിന് ശേഷമുള്ള ആദ്യനാളുകളില്‍ വ്യക്തികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വിഷാദരോഗത്തിന് ചില വ്യക്തമായ ലക്ഷണങ്ങളാണ്. ഒരുപാട് പ്രതീക്ഷകളോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീക്കും പുരുഷനും അവരുടെ ദാമ്പത്യം ഒരു പരാജയമായിരുന്നു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. ജീവിതത്തിലുടനീളം സന്തോഷത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്ന വ്യക്തി മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഇല്ല എന്ന യാഥാര്‍ത്ഥ്യം അവരെ വിഷാദരോഗത്തിന് അടിമയാക്കിയേക്കാം. എന്നാല്‍ ചിലരില്‍ പ്രതീക്ഷയില്ലാത്ത മുന്നോട്ടുള്ള ജീവിതം അവരെ ആത്മഹത്യാപ്രവണതയുണ്ടാക്കുന്നു. ഒറ്റപ്പെടല്‍, താല്പര്യമില്ലായ്മ, സന്തോഷ കുറവ്, വ്യക്തിത്വ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ എന്നീ മാനസിക പ്രശ്‌നങ്ങളും അവരില്‍ കണ്ടുവരുന്നുണ്ട്. വിവാഹമോചനത്തിനു ശേഷം താന്‍ പങ്കാളിയാല്‍ ചതിക്കപ്പെട്ടു എന്ന തോന്നല്‍ അവരില്‍ ദേഷ്യം അല്ലെങ്കില്‍ വെറുപ്പ് എന്ന വികാരം രൂപപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ അവരെക്കാള്‍ കൂടുതല്‍ കുട്ടികളുടെ ഭാവിയെകുറിച്ച് ഓര്‍ത്ത് വ്യാകുലതപെടും അത് പിന്നീട് ഉത്കണ്ഠ എന്ന മാനസിക രോഗത്തിലേക്ക് വഴിമാറും.

സാമ്പത്തിക പ്രശ്‌നങ്ങള്‍

സമ്പത്ത് കെട്ടിപ്പടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള ഏറ്റവും നല്ല വഴികളിലൊന്നാണ് സ്ഥിരതയുള്ള ദാമ്പത്യം. എന്നാല്‍ വിവാഹമോചനം വളരെ ചിലവേറിയതാകുന്നു. വിവാഹമോചനത്തിനുശേഷം സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാരണം ഇന്നും കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം ഇല്ലാതെ അവള്‍ വിവാഹം ചെയ്ത അവളുടെ ഭര്‍ത്താവിനെ സാമ്പത്തികമായി ആശ്രയിക്കുന്നത് സാധാരണമാണ്. വിവാഹമോചനത്തിന് ശേഷം തങ്ങളുടെ ആവശ്യത്തിനായി അവര്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കുന്നു. എന്നാല്‍ വിവാഹമോചനം ലഭിച്ചതിനുശേഷം ചില പുരുഷന്മാര്‍ കൂടുതല്‍ സമ്പാദിക്കേണ്ടതായി വരുന്നു. നിയമപരമായി ബന്ധം വേര്‍പെടുത്തുമ്പോള്‍ പുരുഷന്‍ അവന്റെ പങ്കാളിക്കും മക്കള്‍ക്കും ജീവനാംശം കൊടുക്കേണ്ടതായി വരുന്നു. പിന്നീട് പുരുഷന്‍ മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് സാമ്പത്തിക ചെലവുകള്‍ വര്‍ധിച്ചുവരുന്നതിന് കാരണമാവുന്നു. പല പിതാക്കന്മാരും കുട്ടികളുടെ പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെടുന്നു അതിനാല്‍ അതിജീവനത്തിനായി സ്ത്രീകള്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നത് അസാധാരണമല്ല. പല കുട്ടികളും അത്യാവശ്യ കാര്യങ്ങള്‍ പോലും നിറവേറ്റാതെ ജീവിക്കുന്നു എന്നതും വേദനാജനകമാണ്.

സാമൂഹിക പ്രശ്‌നങ്ങള്‍

മുന്‍കാലങ്ങളില്‍ വിവാഹമോചനം നിയമപരമാണെങ്കിലും അത് തെറ്റായി കാണപ്പെട്ടിരുന്നു. ഈ തെറ്റിദ്ധാരണയാണ് മിക്ക വ്യക്തികളുടെയും വിവാഹമോചനത്തിനുശേഷമുള്ള അവരുടെ സാമൂഹ്യജീവിതം കുറഞ്ഞു വരാന്‍ കാരണമാകുന്നത്. വേര്‍പിരിയലിന് ശേഷമുള്ള ആദ്യനാളുകളില്‍ അവര്‍ മറ്റുള്ളവരോട് ഇടപെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നു, ഇതിന്റെ പ്രധാന കാരണം മറ്റുള്ളവരുടെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളുമാണ്. വിവാഹമോചനത്തിന്റെ കാരണം താനാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുമോ എന്ന് ഉത്ക്കണ്ഠ അവരില്‍ ഉടലെടുക്കുന്നു. വിവാഹമോചിതരായവരെ സമൂഹം മാറ്റിനിര്‍ത്തുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

വിവാഹമോചനത്തിന്റെ പ്രതിഫലനങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു

മാതാപിതാക്കള്‍ വിവാഹമോചനം നേടുമ്പോള്‍ അതിന്റെ അനന്തരഫലം അനുഭവിക്കുന്നത് അവരുടെ കുട്ടികളും കൂടിയാണ്. വിവാഹമോചനം നേടിയ ദമ്പതികളുടെ കുട്ടികളില്‍ നിഷേധാത്മക വികാരങ്ങള്‍, ആത്മാഭിമാനമില്ലായ്മ, പെരുമാറ്റ പ്രശ്‌നങ്ങള്‍, വിഷാദം, മാനസിക വൈകല്യങ്ങള്‍ എന്നിവ കാണപ്പെടുന്നു. വിവാഹമോചനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലതരത്തിലുള്ള സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ കുട്ടികളാണ് ഇതില്‍ കൂടുതലും കഷ്ടതകള്‍ അനുഭവിക്കുന്നത്. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് പോകാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്ന കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അവസ്ഥ ഒറ്റപ്പെടലാണ്. തന്നെ ആര്‍ക്കും വേണ്ടെന്ന തോന്നല്‍ അവരെ നിരന്തരം വേട്ടയാടുന്നു. ഈ കാരണത്താല്‍ പല കുട്ടികളും കുടുംബത്തിനു പുറത്ത് അവര്‍ക്ക് പ്രാധാന്യപെട്ട വൈകാരിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു.

കുട്ടികള്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാതൃകയാണ് മാതാപിതാക്കള്‍, അതിനാല്‍ തന്നെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ പെരുമാറ്റം അനുകരിക്കുന്നത് സ്വാഭാവികമാണ്. മാതാപിതാക്കള്‍ പരസ്പരം നടത്തുന്ന ഇടപെടലുകള്‍ കുട്ടികള്‍ക്ക് ആത്മബന്ധങ്ങളെകുറിച്ചുള്ള ധാരണ സംബന്ധിച്ച് മോശം അനുഭവമാകും ഉണ്ടാവുക. ഇത് അവരുടെ സ്വഭാവ രൂപവത്കരണത്തിന് സ്വാധീനിക്കുകയും അതുവഴി ഭാവിയില്‍ അവര്‍ ഉണ്ടാക്കുന്ന ബന്ധങ്ങളില്‍ അവര്‍ മാതാപിതാക്കളുടെ പെരുമാറ്റം അനുകരിക്കാനും സാധ്യത കൂടുതലാണ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് വലുതാകുമ്പോള്‍ വേര്‍പിരിയനോട് അടുപ്പം കാണിക്കുകയും എല്ലാവരില്‍ നിന്നും അകന്നു നില്‍ക്കാനും ശ്രമിക്കും.

മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങള്‍ കുട്ടികളുടെ മനസ്സില്‍ എന്നും ഒരു വേദനയായി അവശേഷിക്കും. കുട്ടികളുടെ മുന്നില്‍ വെച്ച് പരസ്പരം വഴക്കിടുന്ന മാതാപിതാക്കള്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം കുട്ടികളുടെ ജീവിതം ആഴത്തിലുള്ള കുഴിയിലേക്ക് വലിച്ചെറിയുകയാണ്. അവരുടെ മനസ്സില്‍ പ്രകാശത്തിന്റെ തിരി തെളിയിക്കേണ്ടവര്‍ തന്നെ അങ്ങനെ ചെയ്യുമ്പോള്‍ അത് കുഞ്ഞുങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പിന്നീട് കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ ആവശ്യമായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. മറ്റുള്ളവരുമായി സംസാരിക്കാനോ, ഇടപെടാനോ അവര്‍ തയ്യാറാവില്ല. സമൂഹത്തില്‍നിന്ന് ഈ രീതിയില്‍ അവര്‍ പിന്‍വലിക്കുമ്പോള്‍ നല്ല ഒരു സാമൂഹിക അന്തരീക്ഷം അവര്‍ക്ക് നഷ്ടമാകുന്നു. ചില കുട്ടികള്‍ അവരുടെ പഠന കാര്യത്തിലും വളരെ പിന്നോട്ട് പോവുന്നതായി നമുക്ക് കാണാന്‍ കഴിയും.

മാതാപിതാക്കള്‍ വേര്‍പിരിയുമ്പോള്‍ അതിന്റെ ഉത്തരവാദി താനാണെന്ന് കുട്ടികള്‍ കരുതുന്നു. ജീവിതത്തിലെ വൈകാരികവും വികാസപരവുമായ ഘട്ടങ്ങള്‍ കാരണം ഈ പ്രായത്തിലുള്ള കുട്ടികള്‍ വിവാഹമോചനത്തിനു തങ്ങള്‍ കാരണക്കാരാണെന്ന് കരുതുന്നത് സാധാരണമാണ്. മിക്കപ്പോഴും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള കടമകളുണ്ട്. മാതാപിതാക്കള്‍ കുട്ടിയെ പരിപാലിക്കുന്നു, കുട്ടി വളര്‍ച്ചയിലും വികാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ റോളുകള്‍ വിപരീതമായി സംഭവിക്കാം ഒരു കുട്ടി സ്വയം ഒരു പരിചാരകനായി പ്രവര്‍ത്തിക്കുന്നു അവര്‍ ചെറുപ്പത്തില്‍ വീട് വൃത്തിയാക്കുകയോ കുടുംബകലഹങ്ങളില്‍ ഇടപെടുക പോലുള്ള മുതിര്‍ന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കാം. ഈ റോള്‍ റിവേഴ്‌സല്‍ Parentification എന്നറിയപ്പെടുന്നു. ഇത് ദീര്‍ഘകാല വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും. രണ്ടുതരത്തിലാണ് Parentification ഉള്ളത്. Instrumental parentification അല്ലെങ്കില്‍ emotional parentification. പ്രായത്തിന് അനുയോജ്യമല്ലാത്ത ഉത്തരവാദിത്വങ്ങള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോഴാണ് Instrumental parentification സംഭവിക്കുന്നത്. ഇത് കൂടുതലായും കണ്ടുവരുന്നത് ആണ്‍കുട്ടികളിലാണ്. പ്രതിവാര പലചരക്ക് സാധനങ്ങള്‍ വാങ്ങുക, ബില്ലുകള്‍ അടയ്ക്കുക, കുടുംബത്തിന് ഭക്ഷണം പാകം ചെയ്യുക,അല്ലെങ്കില്‍ രോഗിയായ ഒരു സഹോദരനെ പരിപാലിക്കുക തുടങ്ങിയ ജോലികള്‍ ഇതിനര്‍ത്ഥം. മാതാപിതാക്കളുടെ പ്രത്യേക വൈകാരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു കുട്ടി നീങ്ങുമ്പോള്‍ Emotional parentification സംഭവിക്കുന്നു. ഇത് കൂടുതലായും കാണുന്നത് പെണ്‍കുട്ടികളിലാണ്. മാതാപിതാക്കളുടെ വൈകാരിക ആവശ്യങ്ങള്‍ മനസ്സിലാക്കാനും ആവശ്യത്തോട് പ്രതികരിക്കാനും പിന്തുണ നല്‍കാനും ഈ തരത്തിലുള്ള കുട്ടികള്‍ ആഗ്രഹിക്കുന്നു.

വിവാഹമോചനം കുടുംബാംഗങ്ങളെ എങ്ങനെ ബാധിക്കുന്നു

വിവാഹമോചനം കുട്ടികളിലെന്നപോലെ കുടുംബാംഗങ്ങളെയും പലരീതിയില്‍ ബാധിക്കുന്നു. കുടുംബങ്ങളില്‍ വിവാഹമോചനം നടക്കുമ്പോള്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അവര്‍ പലപ്പോഴും ഒരു ബാധ്യതയായി മാറുന്നു. ഇതില്‍ കൂടുതലായും ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളുടെ കുടുംബങ്ങള്‍ക്കാണ്. സ്വന്തം പങ്കാളിയില്‍ നിന്ന് വേര്‍പിരിഞ്ഞതിനുശേഷം അവര്‍ കുട്ടിയുമായോ അല്ലെങ്കില്‍ തനിച്ചോ സ്വന്തം വീട്ടില്‍ വന്നു നില്‍ക്കുന്നു ഇത് മാതാപിതാക്കളില്‍ മാനസികസമ്മര്‍ദ്ദവും ഉത്ക്കണ്ഠയും ഉണ്ടാക്കുന്നു. എന്നാല്‍ ചില വിവാഹമോചനത്തില്‍ സ്ത്രീകള്‍ സ്വന്തമായി എന്തും നേരിടാനുള്ള കഴിവുകള്‍ ഉള്ളവരായിരിക്കും. അവരുടെ സാമ്പത്തിക ചെലവുകള്‍ അവര്‍ സ്വയം വഹിക്കുകയും കുടുംബത്തില്‍ നിന്നു മാറി താമസിക്കുകയും ചെയ്യുന്നു.

ഡിവോഴ്‌സ് കൗണ്‍സിലിംഗിന്റെ ആവശ്യകത

വിവാഹമോചനത്തിനോടനുബന്ധിച്ചുള്ള കൗണ്‍സിലിംഗ് അഥവാ ഡിവോഴ്‌സ് കൗണ്‍സിലിംഗ് എന്നത് വിവാഹ മോചന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ കുട്ടികള്‍ക്കുമുള്ളതാണ്. ഇത് സ്വകാര്യമോ കോടതിയുടെ ഉത്തരവോ മൂലം ആയിരിക്കും. വേര്‍പിരിയലിന് ശേഷമുള്ള എല്ലാവിധ പ്രയാസങ്ങളും മറികടക്കാന്‍ വേണ്ടി ഒരു സൈക്കോളജിസ്റ്റിന്റെ പ്രൊഫഷണല്‍ സഹായം തേടുന്നു. ചില സാഹചര്യങ്ങളില്‍ വിവാഹ മോചന പ്രക്രിയയില്‍ രണ്ടു വ്യക്തികളും അവരുടെ സ്വന്തം ജീവിതത്തിലേക്ക് സന്തോഷമായി മുന്നോട്ടു പോകുന്നത് നമുക്ക് കാണാം. എന്നാല്‍ ചിലരില്‍ ദമ്പതികളില്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ രണ്ടുപേര്‍ക്കും നഷ്ടബോധം, ഭയം, ആശയക്കുഴപ്പം, ഉത്ക്കണ്ഠ, സ്വയം സംശയം, വിഷാദം ദേഷ്യം എന്നിവ അനുഭവപ്പെടാം. ഈ തരത്തിലുള്ള വികാരങ്ങള്‍ സ്വയം വിനാശകരമായ പെരുമാറ്റങ്ങള്‍ക്ക് വഴിതെളിയിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഭാവിയെ കുറിച്ചോര്‍ത്ത് അവര്‍ വ്യാകുലപ്പെടുന്നതായും കാണാം. വിവാഹമോചനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ആത്മീയവും മാനസികവും ശാരീരികവുമായിട്ടുള്ള കഴിവിനെ മരവിപ്പിക്കും. മാനസിക സുഖം പ്രാപിക്കാനും, മുന്നോട്ടുപോകാനും ഈ അനുഭവത്തില്‍നിന്ന് വളരാനും ഡിവോഴ്‌സ് കൗണ്‍സിലിംഗ് ആവശ്യമായി വരുന്നു.
ഡിവോഴ്‌സ് കൗണ്‍സിലിംഗില്‍ വ്യക്തിയില്‍ ശക്തിയുടേയും, പ്രത്യാശയുടെയും ഒരു നവോന്മേഷം നല്‍കിക്കൊണ്ട് അവരുടെ ദുഃഖം,നഷ്ടം, നാണക്കേട് അല്ലെങ്കില്‍ കായ്പ്പ് എന്നിവയില്‍ അവര്‍ക്ക് സ്വന്തമായി നേരിടാനുള്ള പ്രാപ്തി ഉണ്ടാക്കാന്‍ ഓരോ മനശാസ്ത്ര കൗണ്‍സിലറും നിങ്ങളെ സഹായിക്കുന്നു. സ്വന്തമായി സന്തോഷം കണ്ടെത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കാര്യങ്ങളില്‍ തീരുമാനമെടുക്കാനും മുന്നോട്ടുള്ള ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനും വിവാഹമോചന കൗണ്‍സിലിംഗ് വളരെ പ്രധാനപെട്ടതാകുന്നു.

ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ Behavioural marital therapy, Insight oriented marital therapy, Emotionally focused couple therapy, Self control therapy തുടങ്ങിയവ ഫലപ്രദമായ ഇടപെടലുകളായി തെളിയിക്കപ്പെട്ടിട്ടുണ്ട്. Behavioural marital therapy ഒരുവശത്ത് ആശയവിനിമയത്തിനും പ്രശ്‌നപരിഹാരനൈപുണ്യത്തിനും ഉപകരിക്കുന്നു മറുവശത്ത് ഈ സമീപനത്തിലേക്ക് ഒരു വൈജ്ഞാനിക ഘടകം ചേര്‍ക്കുമ്പോള്‍ വിനാശകരമായ വിശ്വാസങ്ങള്‍, അനുമാനങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെ വെല്ലുവിളിക്കാന്‍ ദമ്പതികളെ സഹായിക്കുന്നു.

Insight oriented marital therapy, Emotionally focused couple therapy എന്നീ തെറാപ്പികള്‍ ദാമ്പത്യബന്ധത്തില്‍ ദുര്‍ബലതയുടെയും നിറവേറ്റാത്ത ആവശ്യങ്ങളുടെയും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ദമ്പതികളെ സഹായിക്കുകയും ഈ വികാരങ്ങളും ആവശ്യങ്ങളും ബന്ധത്തിനുള്ളിലെ മോശമായ അവസ്ഥയ്ക്ക് അടിവരയിടുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ദമ്പതികളെ സഹായിക്കുകയും ചെയ്യും.

Self Control therapyഎന്നാല്‍ ദാമ്പത്യ ബന്ധത്തിനുള്ളിലെ വിള്ളലുകള്‍ക്ക് കാരണമാകുന്ന അവരുടെ വ്യക്തിപരമായ സംഭാവന എന്താണെന്ന് തിരിച്ചറിയാനും, അത് മാറ്റാന്‍ ഓരോ വ്യക്തിയേയും പ്രാപ്തരാക്കുന്നതിലൂടെ ദാമ്പത്യ ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.

ഫലപ്രദമായ couple therapy ഏകദേശം 20 സെക്ഷനുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ രണ്ടു പങ്കാളികളും ഉള്‍പ്പെട്ടിരിക്കണം. Couple Therapy ഒരു പങ്കാളിയുടെ മേല്‍ ആനുപാതികമല്ലാത്ത കുറ്റം ചുമത്താതെ അതില്‍ രണ്ടു പേര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡനത്തിന്റെ കാര്യത്തില്‍ ശാരീരികമായി ആക്രമണകാരിയായ പങ്കാളി അവരുടെ അക്രമത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണം. ഈ പങ്കിട്ട ധാരണ പങ്കാളികളെ പരസ്പരം സഹാനുഭൂതി കാണിക്കാന്‍ അനുവദിക്കുകയും അവര്‍ ഇരുവരും ഒരു വിനാശകരമായ പ്രശ്‌നവ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നത് കാണുകയും വേണം. ഫലപ്രദമായ Couple Therapy ആശയവിനിമയത്തിന്റെയും പ്രശ്‌നപരിഹാര നൈപുണ്യത്തിന്റെയും വികസനം പ്രോത്സാഹിപ്പിക്കും. അതുവഴി ദമ്പതികള്‍ക്ക് പരസ്പരം ആവശ്യമുള്ള അടുപ്പത്തിനും സ്വയംഭരണത്തിന്നും വേണ്ടിയുള്ള ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്ന് ചര്‍ച്ച ചെയ്യാനും അതിനുള്ള പ്രായോഗിക പദ്ധതികള്‍ വികസിപ്പിക്കാനും കഴിയും. ആശയവിനിമയവും പ്രശ്‌നപരിഹാര കഴിവുകളും കുടുംബജീവിതത്തിന്റെ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്തില്‍ ദമ്പതികളെ പരസ്പരം പിന്തുണയ്ക്കാന്‍ അനുവദിക്കുന്നു.

ഡോ. അനീഷ് തടത്തില്‍
(ചീഫ് കണ്‍സള്‍ട്ടന്റ് & ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് CAMP വേനപ്പാറ)


തയ്യാറാക്കിയത്: വി. അഞ്ജന, എല്‍. ആര്‍. അഞ്ജന, അഞ്ജലി ബാബു, ഫാത്തിമ ഫെര്‍നാസ്
(കോണ്‍സല്‍ടെന്റ് സൈക്കോളജിസ്‌റ്‌സ് CAMP വേനപ്പാറ)

‘ആരും എന്നെ മനസിലാക്കുന്നില്ല’

മുതിര്‍ന്നവര്‍ ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കൊച്ചുകുട്ടികള്‍ ശബ്ദമുണ്ടാക്കുകയും ബഹളം വയ്ക്കുകയും ചെയ്യാറുണ്ട്. കുട്ടിക്ക് മനസിലാകാത്ത കാര്യങ്ങളാണ് അവിടെ സംസാരിക്കുന്നത്. ആരും അവനെ കണ്ട മട്ടില്ല. അപ്പോള്‍ മുതിര്‍ന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള സൂത്രമാണ് ഈ ശബ്ദ പ്രകടനം. പലപ്പോഴും ശാസനയിലൂടെയാണ് കുട്ടിയെ അടക്കി ഇരുത്തുക. അല്ലെങ്കില്‍ എന്തെങ്കിലും പ്രലോഭനം നല്‍കി അവനെ സ്ഥലത്തു നിന്നു മാറ്റും.

കുട്ടികളെപ്പോലെ എല്ലാവരും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണ്. പരസ്യങ്ങളിലൂടെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വിജയിക്കും. വേഷവിധാനത്തിലൂടെ, ആശയ പ്രചരണത്തിലൂടെ, വിവിധ കര്‍മ്മങ്ങളിലൂടെ, എല്ലാവരും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ പലപ്പോഴും ഇതു വിജയിക്കണമെന്നില്ല. ശ്രദ്ധ കിട്ടാതെ വരുമ്പോള്‍ ‘ആരും എന്നെ മനസിലാക്കുന്നില്ല’ എന്ന പരാതി ഉയരുന്നു.

‘എന്നെ മനസിലാക്കുന്ന, എന്നെ കേള്‍ക്കുന്ന, എന്നെ വിധിക്കാത്ത, പിന്തുണയ്ക്കുന്ന, ബഹുമാനിക്കുന്ന ആള്‍’ വേണമെന്നാണ് ആഗ്രഹം.

പ്രതീക്ഷിക്കുന്ന കരുതലോ സ്‌നേഹമോ കിട്ടാതെ വരുമ്പോള്‍ ഏകാന്തതയും വിഷാദവും നിറയുന്നു. ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ 18-24 വയസ് വിഭാഗത്തില്‍പ്പെടുന്ന ചെറുപ്പക്കാര്‍ വൃദ്ധരേക്കാള്‍ ഏകാന്തത അനുഭവിക്കുന്നതായി കണ്ടെത്തി.

പണ്ട് കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഉത്തരവാദിത്വങ്ങളില്ലാത്ത പഠനകാലം ഉല്ലാസകാലമായിരുന്നു. എന്നാല്‍ ഇന്ന് ആകാംക്ഷയും വിഷാദവും നിറഞ്ഞ് കൂട്ടുകാരില്ലാതെ അവര്‍ ഒറ്റപ്പെട്ടുപോകുന്നു. മാതാപിതാക്കളോ സഹോദരരോ സുഹൃത്തുക്കളോ അവര്‍ക്ക് സ്‌നേഹ-സൗഹൃദ സ്രോതസുകളാകുന്നില്ല.

മറ്റുള്ളവര്‍ നമ്മളെ മനസിലാക്കുന്നില്ല എന്നു പരാതിപ്പെടുമ്പോള്‍ നമ്മുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തകരാറുകള്‍ ഉണ്ടാകുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ?
ആശയ വിനിമയം ശരിയായ രീതിയിലാണോ? മറുഭാഗത്തുള്ളവര്‍ക്ക് ചോദ്യം ചോദിക്കാനും മറുപടി പറയാനും അവസരം കൊടുക്കുന്നുണ്ടോ?
ശരീരഭാഷ പ്രകോപനപരമാണോ? പ്രതികരണത്തില്‍ എടുത്തുചാട്ടമുണ്ടോ?
മറുഭാഗത്തുള്ളവര്‍ തരുന്ന കരുതലിനും സ്‌നേഹത്തിനും നന്ദിയുള്ളവരാണോ?
നിങ്ങളെ ശരിയ്ക്ക് അറിയാവുന്നത് നിങ്ങള്‍ക്കു മാത്രമാണ്. അതില്‍ പരാജയപ്പെടുന്നുണ്ടോ എന്നു ശാന്തമായി വിശകലനം ചെയ്യുക.

മറ്റുള്ളവര്‍ നമ്മളെ മനസിലാക്കുന്നില്ലെന്നു പരാതി ഉയര്‍ത്തുമ്പോള്‍ മറ്റുള്ളവരെ നമ്മള്‍ മനസിലാക്കുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
മറ്റുള്ളവരെ ശരിക്ക് മനസിലാകണമെങ്കില്‍ അവരുടെ സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിച്ച് ചിന്തിക്കണം. അപ്പോള്‍ മാത്രമേ അവരുടെ പരിമിതികളും മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയുമെല്ലാം ബോധ്യമാവുകയുള്ളു. ഇത് പരസ്പര ധാരണയിലേക്കും സ്‌നേഹത്തിലേക്കും നയിക്കണം. ‘മനസിലാക്കുന്നില്ല’ എന്ന പരാതിക്ക് ഇതാണ് പരിഹാര വഴി.

ഓരോ വ്യക്തിയും അനന്യനാണ്. സ്വത്വം വ്യത്യസ്തമായതിനാല്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരാളെപ്പോലെ മറ്റൊരാളില്ല. സൃഷ്ടിയുടെ ഈ സവിശേഷത അംഗീകരിച്ചാല്‍ കുറവുകളോടുകൂടിതന്നെ മറ്റുള്ളവരെ സ്വീകരിക്കാന്‍ കഴിയും.

കുട്ടിക്കാലത്ത് ശിശുവിനു ലഭിക്കുന്ന ലോകം പിന്നീട് അവനു കിട്ടാന്‍ പോകുന്ന ലോകത്തിന്റെ മിനിയേച്ചര്‍ രൂപമാണ്. ഇതു ബോധപൂര്‍വമോ ബുദ്ധിപരമോ അയി നടക്കുന്ന പ്രക്രിയ അല്ല. സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ വൈകാരിക പക്വത കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കുട്ടിക്കാലത്ത് വേണ്ട അളവില്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടിയിരിക്കുന്നു.

സെപ്റ്റംബര്‍ 10: ലോക ആത്മഹത്യ വിരുദ്ധ ദിനം

2003 മുതലാണ് ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്‌. ഡബ്ല്യുഎച്ച്ഒയുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സംഘടനകളും സര്‍ക്കാരും പൊതുജനങ്ങളും സഹകരിച്ച് സമൂഹത്തില്‍ അത്മഹത്യക്കെതിരെ ബോധവല്‍ക്കരണം നടത്തിവരുന്നു. പ്രവൃത്തിയിലൂടെ പ്രത്യാശ സൃഷ്ടിക്കുകയെന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓരോ 40 സെക്കന്റിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരാളെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ കാലഘട്ടത്തേക്ക് കേരളത്തില്‍ ആത്മഹത്യ നിരക്ക് വളരെ കുറഞ്ഞിരുന്നു. എന്നാല്‍ ആശങ്കകള്‍ ജനിപ്പിച്ചു കൊണ്ട് വീണ്ടും നിരക്ക് വര്‍ദ്ധിക്കുന്നതായി കാണുന്നു.

കുടുംബകലഹം, ദാമ്പത്യ പ്രശ്‌നങ്ങള്‍, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, ജീവിതഭാരങ്ങള്‍, ഒറ്റപ്പെടല്‍, പ്രണയനൈരാശ്യങ്ങള്‍, മാറാരോഗങ്ങള്‍, വിഷാദരോഗം തുടങ്ങിയവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പൊതുവായകാരണങ്ങള്‍.

ആത്മഹത്യചിന്തയില്‍ നിന്നും ഒരു വ്യക്തിയെ എപ്രകാരം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് നോക്കാം:
ആത്മഹത്യ പ്രവണത ഒരു രോഗമാണ്. അത്മഹത്യസൂചനകളില്‍ നിന്നും ആത്മഹത്യ പ്രവണത മനസ്സിലാക്കി വ്യക്തിയെ കൗണ്‍സിലിംഗിന് വിധേയമാക്കുക.
ജീവിത പ്രശ്‌നങ്ങള ക്രിയാത്മകമായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരാക്കുക.
കുടുംബ കൗണ്‍സിലിങിലൂടെയും ദാമ്പത്യ കൗണ്‍സിലിങിലൂടെയും കുടുംബ ബന്ധങ്ങള്‍ ഊഷ്‌ളമാക്കുകയും ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
ജീവിത ഗുണനിലവാരം ഉയര്‍ത്തുക.
മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് പെയിന്‍ ആന്റ് പാലിയേറ്റിവിന്റെ സേവനങ്ങള്‍ എത്തിച്ചു കൊടുക്കുകയും, സ്വാന്തനം ഏകുകയു ചെയ്യുക.
വൃദ്ധര്‍, ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവര്‍ തൊഴില്‍ രഹിതര്‍, സാമ്പത്തിക തകര്‍ച്ച നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് ജീവിക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചു കൊടുക്കുക.
ധാര്‍മ്മിക മൂല്യങ്ങളും, മതവിശ്വാസവും വര്‍ദ്ധിപ്പിക്കുക.
ചെറിയ പരിഗണന, അല്പംശ്രദ്ധ, ഒരു കൈത്താങ്ങ്, സമയോജിതമായ ഒരിടപെടല്‍ എന്നിവയിലൂടെ ഒരു ജീവനെ ആത്മഹത്യയില്‍ നിന്നും സംരക്ഷിക്കാം.

തയ്യാറാക്കിയത്: ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍
(മനോമയ കൗണ്‍സലിങ് സെന്റര്‍ ഡയറക്ടര്‍. ഫോണ്‍: 9495548035)

പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാള്‍

ജന്മദിനം ജീവിതത്തില്‍ ഏവര്‍ക്കും ആഹ്ലാദം തരുന്ന സുദിനമാണ്. അതിനേക്കാള്‍ ഏറെ നാം സന്തോഷിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ പിറന്നാളുകള്‍ ആഘോഷിക്കുന്ന വേളയിലാണ്. അതുകൊണ്ടുതന്നെ ലോകരക്ഷകന്റെ അമ്മയുടെ പിറവിദിനം നമുക്ക് ആനന്ദത്തിന്റെയും അനുഗ്രഹത്തിയും പുണ്യനാളാണ്.

പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ അന്ന – ജൊവാക്കിം, ഇവരെപറ്റി ബൈബിളില്‍ ഒന്നുംതന്നെ കാണുന്നില്ല. വിശുദ്ധ ജോണ്‍ ഡമഷീന്റെ പ്രസംഗവും, സഭാപിതാക്കന്മാരുടെ പഠനങ്ങളും, അപ്രമാണിക ഗ്രന്ഥങ്ങളും, സഭാപാരമ്പര്യവുമാണ് ഇവരെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നത്. ജോവാക്കിം എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിനായി ഒരുക്കപ്പെട്ടവനെന്നും,’ അന്ന എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ ദാനം’ എന്നുമാണ്. അന്ന ഗര്‍ഭംധരിച്ച് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അവര്‍ തങ്ങളുടെ കുഞ്ഞിന് ‘മറിയം’ എന്നുപേരിട്ടു. മറിയത്തിനു പന്ത്രണ്ടു വയസാകുന്നതിനുമുമ്പ് അവളുടെ മാതാപിതാക്കള്‍ മരണമടഞ്ഞുവെന്ന് കണക്കാക്കപ്പെടുന്നു. യേശുവിന്റെ ജനനം ബി.സി 6 എന്ന കണക്കനുസരിച്ച് ബി.സി 22 ല്‍ നസ്രത്തില്‍ മറിയം ജനിച്ചു. വിശുദ്ധ ജോണ്‍ ഡമഷീന്‍ ഇപ്രകാരം എഴുതി: ”ജൊവാക്കിമിന്റെയും അന്നയുടെയും എത്രയും പവിത്രയായ പുത്രീ, നീ ദൈവത്തിന്റെ മണവാട്ടിയും അമ്മയുമാകുവാന്‍ വേണ്ടി അധികാരങ്ങളിലും ശക്തികളിലും നിന്നും മറയ്ക്കപ്പെട്ട് പരിശുദ്ധാത്മാവിന്റെ മണവറയില്‍ വസിക്കുകയും, മാലിന്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.”

ഹീബ്രുവിലെ ‘മിറിയാം’ എന്ന വാക്കില്‍ നിന്നാണ് ‘മേരി’ എന്ന പേരുണ്ടായത്. മേരി എന്നതിന് സമുദ്രതാരം, രാജകുമാരി, സൗന്ദര്യവതി, പരിപൂര്‍ണ്ണത എന്നൊക്കെ അര്‍ത്ഥമുണ്ട്. ഹീബ്രുവില്‍ മിറിയാം എന്നും, അരമായ ഭാഷയില്‍ മറിയം എന്നും, ഗ്രീക്ക്, ലാറ്റിന്‍ ഭാഷയില്‍ മരിയ എന്നും, ഇംഗ്ലീഷിലും മലയാളത്തിലും മേരിയെന്നും അവള്‍ അറിയപ്പെടുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള ആദിമ സഭയുടെ പാരമ്പര്യം യാക്കോബിന്റ സുവിശേഷത്തില്‍ (ഗോസ്പല്‍ ഓഫ് ജെയിംസ് – ഒരു അപ്പോക്രിഫല്‍ സുവിശേഷം) രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നു. അതിപ്രകാരമാണ്. മറിയത്തിന്റെ മാതാപിതാക്കളായ അന്നയും ജൊവാക്കീമും വൃദ്ധരും മക്കളില്ലാത്തവരുമായിരുന്നു. ജൊവാക്കീം ജെറുസലേം ദേവാലയത്തിലെ പുരോഹിതനായിരുന്നു. കര്‍ത്താവിന്റെ മഹാദിനത്തില്‍ ക്രമമനുസരിച്ച് മറ്റു പുരോഹിതന്മാര്‍ക്ക് മുന്‍പേ ദേവാലയത്തിലേക്ക് കാഴ്ചസമര്‍പ്പണം കൊണ്ടുവന്ന ജൊവാക്കീമിനെ റൂബന്‍ എന്നയാള്‍ തടഞ്ഞു. കാരണം മക്കളില്ലാതിരുന്ന ജൊവാക്കിമിനെ ശപിക്കപ്പെട്ടവനായാണ് അയാള്‍ കരുതിയത്.

ദുഃഖിതനായ ജൊവാക്കീം അനുഗ്രഹീതരായ പൂര്‍വ്വപിതാക്കളുടെ പട്ടികയെടുത്തു പരിശോധിച്ചപ്പോള്‍ എല്ലാവര്‍ക്കും മക്കളുണ്ടായിരുന്നതായി കണ്ടെത്തി. തീവ്രദുഃഖത്താല്‍ വലഞ്ഞ ജൊവാക്കീം മരുഭൂമിയില്‍ കൂടാരമടിച്ചു നാല്‍പതു ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥിച്ചു. ദീര്‍ഘകാലമായി അന്നയും ഒരു കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ദൈവം ഒടുവില്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു. ഒരു മാലാഖ അന്നയ്ക്ക് പ്രത്യക്ഷപ്പെട്ടു മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പു നല്‍കി. ജൊവാക്കീം മരുഭൂമിയില്‍ നിന്ന് ഭവനത്തിലേക്ക് തിരുച്ചു വന്നു. പന്നീട് അന്ന ഗര്‍ഭം ധരിക്കുകയും മറിയത്തെ പ്രസവിക്കുകയും ചെയ്തു. നാലു വയസ്സായപ്പോള്‍ അവര്‍ മറിയത്തെ ജെറുസലേം ദേവാലയത്തില്‍ സമര്‍പ്പിച്ചു.

മാതാവിന്റെ ജനനതിരുനാള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് 1007 ല്‍ മിലാന്‍ നഗരത്തിലാണ്. ആ വര്‍ഷത്തില്‍ സാന്താ മരിയ ഫ്‌ളൂക്കോറിന എന്ന ദേവാലയം പരിശുദ്ധ അമ്മയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടു. 1513 മുതല്‍ സ്‌പെയിനിലും 1671 മുതല്‍ നേപ്പിള്‍സിലും മറിയത്തിന്റെ ‘മധുരനാമ തിരുനാള്‍’ ആഘോഷിക്കുവാന്‍ തുടങ്ങി. 2002 ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സെപ്റ്റംബര്‍ 12- പരിശുദ്ധ അമ്മയുടെ നാമതിരുനാള്‍ -സഭാ കലണ്ടറില്‍ ഉള്‍പ്പെടുത്തി. വിശുദ്ധ ലോറന്‍സ് റിച്ചാര്‍ഡ് ഇപ്രകാരം പറയുന്നു: ”യേശുവിന്റെ നാമം കഴിഞ്ഞാല്‍ ഇതുപോലെ ശക്തമായതും മഹത്വമേറിയതുമായ നാമം വേറെയില്ല. പാപമില്ലാതെ ജനിക്കുകയും ജീവിക്കുകയും ചെയ്ത ദൈവത്തിന്റെ ആദ്യസൃഷ്ടി, ഒരേയൊരു സൃഷ്ടി പരിശുദ്ധ കന്യകാമറിയം മാത്രമാണ്.”

വിശുദ്ധ ബര്‍ണ്ണാര്‍ദ് പറയുന്നു: ”ലോകസാഗരത്തില്‍ കൊടുങ്കാറ്റുകളുടെ ഇടയില്‍ ഞാന്‍ ഇളകി മറിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കല്ലോല മാലകള്‍ എന്നെ വിഴുങ്ങാതിരിക്കാന്‍ മറിയമെ ഞാന്‍ എന്റെ ദൃഷടി അങ്ങയുടെ നേര്‍ക്ക് തിരിക്കുന്നു.” വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി കുറിക്കുന്നു: ‘മറിയത്തിന്റെ ഉത്ഭവസമയത്ത് അവള്‍ സ്വര്‍ഗ്ഗത്തിലെത്തിയിട്ടുള്ള ഏതു വിശുദ്ധരെക്കാളും പ്രസാദവര പൂര്‍ണയായിരുന്നു.’ വിശുദ്ധിയുടെ നിറകുടമായ മറിയത്തില്‍ നമുക്ക് അഭയം തേടാം. അമലോത്ഭവയായ ദൈവമാതാവിന്റെ ജനനത്തില്‍ സ്വര്‍ഗ്ഗവാസികളോടൊപ്പം നമുക്കും ആഹ്ലാദിക്കാം

സെപ്റ്റംബര്‍ 5: വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍

ക്ഷീണിച്ച ശബ്ദത്തില്‍, മന്ത്രിക്കുന്നതു പോലെ മദര്‍ പറഞ്ഞു തുടങ്ങി: ‘പ്രാര്‍ഥിക്കുന്ന കുടുംബം നിലനില്‍ക്കും. പ്രാര്‍ഥനയാണ് ശക്തി. പ്രാര്‍ഥനയില്ലെങ്കില്‍ എല്ലാം ശിഥിലമാകും. പ്രാര്‍ഥനയില്ലാതെ സന്തോഷം കണ്ടെത്താനാവില്ല.’ 1994ല്‍ കോഴിക്കോട്ടെത്തിയ മദറിന്റെ സന്ദര്‍ശനം അനുസ്മരിക്കുന്നു

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 1994-ല്‍ മദര്‍ തെരേസ കോഴിക്കോട്ടുമെത്തിയിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച മദര്‍ പൊതുപരിപാടികളിലും പങ്കെടുത്തു.

മദറിന്റെ കോഴിക്കോട്ടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ കഴിയുമെങ്കില്‍ മദറിനെ കണ്ട് ഒരു അഭിമുഖം സംഘടിപ്പിക്കണമെന്ന് ആഗ്രഹിച്ചു.

ഈ മോഹവും മനസിലിട്ടു കൊണ്ടാണ് 1994 ജനുവരി 14ന് 12 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിനടുത്ത് അത്താണിക്കലിലുള്ള ‘സ്‌നേഹഭവനി’ലെത്തിയത്. ആരോരുമില്ലാത്ത സാധുസ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രമാണ് സ്‌നേഹഭവന്‍. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം മദര്‍ സ്‌നേഹഭവനിലെത്തി ഊണു കഴിക്കുമെന്ന് സ്‌നേഹഭവനിലെ സിസ്റ്റര്‍മാര്‍ പറഞ്ഞു.

ഞാന്‍ ചെല്ലുമ്പോള്‍ സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന സമയമായിരുന്നു. തീരെ അവശരായവര്‍ക്ക് സിസ്റ്റര്‍മാര്‍ ചോറു വാരിക്കൊടുക്കുന്നു. അന്തേവാസികളെല്ലാം കുളിച്ച് നല്ല വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നു. പ്രായമേറിയവരാണെങ്കിലും എല്ലാ മുഖങ്ങളിലും സംതൃപ്തിയുടെയും മനഃസമാധാനത്തിന്റെയും തെളിച്ചം പ്രകടമായിരുന്നു.

മദറിനെ പ്രത്യേകം കാണാന്‍ സാധിക്കുമോ എന്നു ചോദിച്ചപ്പോള്‍ ‘ഒരു രക്ഷയുമില്ല’ എന്നായിരുന്നു സിസ്റ്റര്‍മാര്‍ പറഞ്ഞത്. ‘ദൂരയാത്ര കഴിഞ്ഞ് മദര്‍ മടുത്താണു വരുന്നത്. നേരിയ പനിയുമുണ്ട്. ഇവിടത്തെ പരിപാടി കഴിഞ്ഞ് മേരിക്കുന്നിലെ മിഷണറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സിന്റെ ‘മേഴ്‌സി ഹോം’ സന്ദര്‍ശനം, കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ സ്വീകരണം, വൈകിട്ട് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം, ഇതാണ് മദറിന്റെ പരിപാടി. ഈ തിരക്കിനിടയില്‍ മദറിനെ വ്യക്തിപരമായി കാണാന്‍ പറ്റില്ല’ – സിസ്റ്റര്‍മാര്‍ തീര്‍ത്തു പറഞ്ഞു.

അന്തേവാസികള്‍ കിടക്കുന്ന ഹാളില്‍ ആളുകള്‍ തള്ളിക്കയറാന്‍ തുടങ്ങിയപ്പോള്‍ സിസ്റ്റര്‍മാര്‍ എല്ലാവരെയും പുറത്താക്കി. ‘സാറും ദയവായി ഇവിടെ നിന്ന് ഒഴിവായിത്തരണമെന്ന്’ സിസ്റ്റര്‍മാര്‍ പറഞ്ഞു. അന്തേവാസികളുമായി സംസാരിച്ചു കൊണ്ട് മദര്‍ വരുന്ന സമയം വരെ ഇവിടെ ചെലവഴിച്ചോട്ടേയെന്നു ചോദിച്ചപ്പോള്‍ പിന്നീട് പുറത്തു പോകാന്‍ അവര്‍ നിര്‍ബന്ധിച്ചില്ല.

മദര്‍ വരുമ്പോള്‍ ഇരിക്കാനുള്ള കസേര ഹാളിന്റെ തുടക്കത്തില്‍ ഒരുക്കിയിട്ടതു കണ്ടു. ഇവിടെ നിന്നാല്‍ മദറിനോടു സംസാരിക്കാന്‍ അവസരം കിട്ടുമെന്ന് എന്നിലെ പത്രപ്രവര്‍ത്തകന്‍ ഉള്ളില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.

അന്തേവാസികളോടു കുശലം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. രണ്ടരയായപ്പോള്‍ മദര്‍ എത്തി. പുറത്തുള്ള ജനക്കൂട്ടത്തെ തള്ളിമാറ്റി പൊലീസ് മദറിനു വഴി ഒരുക്കി. നേരത്തെ തയ്യാറാക്കി വച്ച കസേരയിലെക്ക് മദറിനെ ആനയിച്ചു. ഇതാ, ദൈവം ഒരുക്കിയ അവസരം. മദറിന്റെ കൂടെ ഞാനും നീങ്ങി. മദര്‍ കസേരയില്‍ ഇരുന്നപ്പോള്‍ കസേരക്കു മുമ്പില്‍ ഞാന്‍ നിലത്തിരുന്നു. ഇരുന്ന ഉടനെ മദര്‍ സഞ്ചിയില്‍ നിന്നു കാശുരൂപമെടുത്ത് ചുറ്റിലുമുള്ളവര്‍ക്ക് വിതരണം ആരംഭിച്ചു.

നിലത്തിരുന്ന ഞാന്‍ മദറിനോട് എന്റെ പേരും പത്രപ്രവര്‍ത്തകനാണെന്ന വിവരവും പറഞ്ഞു.

അഗതികളുടെ അമ്മയെന്നു ലോകം വാഴ്ത്തുന്ന കരുണയുടെ ആള്‍രൂപം എന്നെ നോക്കി. കാശുരൂപം വിതരണം ചെയ്യുന്ന കൈവിരലുകളില്‍ ഞാന്‍ പിടിച്ചു.

ഉണങ്ങിയ ചുക്കുപോലെ പ്രായം കൊണ്ട് ശുഷ്‌ക്കിച്ച വിരലുകള്‍. വരണ്ടുണങ്ങിയ നെല്‍പ്പാടം പോലെ മുഖത്ത് ചാലുകള്‍ തീര്‍ത്ത പാടുകള്‍. അവിടെ തിളങ്ങുന്ന രണ്ടു കുഞ്ഞു നീലക്കണ്ണുകള്‍.

ക്ഷീണിച്ച ശബ്ദത്തില്‍, മന്ത്രിക്കുന്നതു പോലെ മദര്‍ പറഞ്ഞു തുടങ്ങി. ‘പ്രാര്‍ഥിക്കുന്ന കുടുംബം നിലനില്‍ക്കും. പ്രാര്‍ഥിക്കുന്ന രാഷ്ട്രം നിലനില്‍ക്കും. പ്രാര്‍ഥനയാണ് ശക്തി. പ്രാര്‍ഥനയില്ലെങ്കില്‍ എല്ലാം ശിഥിലമാകും. പ്രാര്‍ഥനയില്ലാതെ സന്തോഷം കണ്ടെത്താനാവില്ല.’

പ്രാര്‍ഥനയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും മാത്രമാണ് മദര്‍ പറഞ്ഞത്. അതിനിടയിലും കാശുരൂപ വിതരണം നടന്നു കൊണ്ടിരുന്നു.

10 മിനിട്ടു കഴിഞ്ഞപ്പോള്‍ മദര്‍ എഴുന്നേറ്റു. പ്രായത്തിന്റെ അവശതകള്‍ നന്നായുണ്ട്. കൂനിയാണു നടക്കുന്നത്. ‘സ്‌നേഹഭവ’ന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.

ഭക്ഷണം കഴിക്കാതെ അമ്മ അടുത്ത പരിപാടിക്ക് മേരിക്കുന്നിലേക്ക് പുറപ്പെട്ടു. മേരിക്കുന്നിലെ ജെഡിടി ഇസ്ലാമിനു മുന്നിലെത്തിയപ്പോള്‍ മദറിനെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടം. ജെഡിടി ഇസ്ലാം സ്ഥാപനങ്ങളുടെ മേധാവി ഹസന്‍ ഹാജി മദറിനെയും സംഘത്തേയും സ്ഥാപനത്തിലേക്കു ക്ഷണിച്ചു. മദറിനൊപ്പമുള്ള ഫോട്ടോ എടുത്തു. മദറിനൊപ്പം സ്ഥാപന മേധാവികള്‍ നില്‍ക്കുന്ന ഫോട്ടോ ആ സ്ഥാപനത്തിന്റെ പ്രമുഖ സ്ഥാനത്ത് ഇപ്പോഴും തൂങ്ങിക്കിടക്കുന്നു.

ജാതി, മത, രാഷ്ട്ര ഭേദമില്ലാതെ അമ്മയുടെ കരുണ എല്ലാവരിലേക്കും പ്രവഹിച്ചു. ലോകം അതിനെ ആദരിച്ചതിന്റെ തെളിവാണ് ജെഡിടി ഇസ്ലാം ഭാരവാഹികള്‍ കാണിച്ച സ്‌നേഹവായ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്. മദറിന്റെ ഔദ്യോഗിക യാത്രാ ചാര്‍ട്ടില്‍ ഉള്‍പ്പെടാത്ത പരിപാടിയായിരുന്നു ജെഡിടി സന്ദര്‍ശനം.

കരുണയും ശുശ്രൂഷയും വേണ്ട ഇടങ്ങളിലെല്ലാം മദറിന്റെ സേവനം വ്യാപിച്ചു. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്’ (മത്തായി 25:40) എന്ന യേശുവചനമാണ് മദറിനെ നയിച്ചത്.

ലൊറേറ്റോ സന്യാസിനീ സമൂഹത്തിലെ അംഗമായാണ് മദര്‍ ഇന്ത്യയിലെത്തുന്നത്. പിന്നീട് അവിടെ നിന്നുമാറി അഗതികളെ സേവിക്കാനായി മിഷണറീസ് ഓഫ് ചാരിറ്റി എന്ന പുതിയ സന്യാസിനീ സമൂഹത്തിനു രൂപംനല്‍കി. കുറച്ച് കഴിഞ്ഞ് പുരുഷന്മാര്‍ക്കായി ‘മിഷണറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ്’ സ്ഥാപിച്ചു. ഇപ്പോള്‍ 133 രാജ്യങ്ങളില്‍ ഈ സഭകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

പാവപ്പെട്ടവരിലും അഗതികളിലും മദര്‍ യേശുവിനെ ദര്‍ശിച്ചു. മദറിനോടു യേശു പറഞ്ഞതായി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ കുറിച്ചു വച്ചിട്ടുള്ള വാക്കുകള്‍:
‘എന്നെ പാവങ്ങളുടെ മടകളിലേക്ക് കൊണ്ടു പോകുക. വരൂ, എന്റെ വെളിച്ചമാകുക. എനിക്ക് തനിച്ച് പോകാനാവില്ല. അവരിലേക്ക് ഇറങ്ങിച്ചെല്ലുക. അവരിലേക്കു പോകുമ്പോള്‍ എന്നെയും വഹിച്ചു കൊണ്ടു പോവുക.’

മറ്റുള്ളവരോട് മദര്‍ ആവശ്യപ്പെട്ടത് പ്രാര്‍ഥനയാണ്. ‘ദൈവത്തിന്റെ ജോലികള്‍ മോശമായി ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കുക. കാരണം ഇനിയും ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ അവിടുത്തെ ജോലികളാണ്.’

കല്‍ക്കട്ടയിലെ ചേരികളില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ യാഥാസ്ഥിതികരില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായി. മത പരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് പലരും കുറ്റപ്പെടുത്തി. ‘വന്ന് ഞങ്ങള്‍ ചെയ്യുന്നതു കാണുക’ എന്നായിരുന്നു മദറിന്റെ മറുപടി.

മദറിന്റെ സഹോദരിമാര്‍ ചെയ്യുന്ന സേവനം കണ്ട് അവരില്‍ മനഃപരിവര്‍ത്തനമുണ്ടായി. ലോകം മുഴുവന്‍ മദറിന്റെ സഭാംഗങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

സംഘര്‍ഷത്തില്‍ കത്തിയെരിയുന്ന രാജ്യങ്ങളിലും അഗതി ശൂശ്രൂഷയ്ക്കായി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയെത്തി. സിയേറ ലിയോണിലെ ഫ്രീ ടൗണില്‍ നാലു കന്യാസ്ത്രീകള്‍ സേവനത്തിനിടയില്‍ രക്തസാക്ഷികളായി.

യെമനില്‍ 1998 ജൂലൈ 27ന് മൂന്നു കന്യാസ്ത്രീകള്‍ വധിക്കപ്പെട്ടു. 2015ല്‍ യെമനിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സ്ഥാപനം തീവ്രവാദികള്‍ ആക്രമിച്ചു. നാലു സഹോദരിമാര്‍ രക്തസാക്ഷികളായി.

കോഴിക്കോട്ട് ഒളവണ്ണയിലും കുറച്ചു കാലം മുമ്പ് ചാരിറ്റി ബ്രദേഴ്‌സിനെയും സിസ്റ്റര്‍മാരെയും ഒരു സംഘം ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തിരുന്നു.

മദറിന്റെ സേവനങ്ങളെ 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു. 1980ല്‍ ഇന്ത്യ പരമോന്നത ബഹുമതിയായ ‘ഭാരത രത്‌ന’ നല്‍കി. 1985ല്‍ അമേരിക്ക ‘മെഡല്‍ ഓഫ് ഫ്രീഡം’ നല്‍കി.

ലോകത്തിന്റെ കാഴ്ചപ്പാടുകളെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളില്‍ ഉന്നത സ്ഥാനമാണ് മദര്‍ തെരേസയ്ക്കുള്ളത്.

‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’: പേരിന്റെ ആവശ്യകതയും ആശങ്കകളും

ഇക്കഴിഞ്ഞ ജൂലൈ 8ന് സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാം നമ്പറായി അതുവരെ ഉണ്ടായിരുന്ന ‘സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്)’ എന്ന പേര് മാറ്റി പകരം ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിലവിലുള്ള സീറോ മലബാര്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് തങ്ങളുടെ സഭാ-സമുദായ വ്യക്തിത്ത്വത്തെ കുറച്ചുകൂടി വ്യക്തത വരുത്തുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നുണ്ട്.

നിലവിലെ സ്ഥിതി

പരമ്പരാഗതമായി സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലും മറ്റും തങ്ങളുടെ ജാതി വ്യത്യസ്ത പേരുകളിലാണ് രേഖപ്പെടുത്തി പോകുന്നത്. റോമന്‍ കാത്തലിക് (RC), റോമന്‍ കാത്തലിക് സിറിയന്‍ (RCS), റോമന്‍ കാത്തലിക് സിറിയന്‍ കാത്തലിക് (RCSC), സിറിയന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, ക്രിസ്ത്യന്‍ RC, ക്രിസ്ത്യന്‍ RCSC, സീറോ മലബാര്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് പലരും ഉപയോഗിക്കുന്നത്. ഈ വ്യത്യസ്തത മൂലം സീറോ മലബാര്‍ കത്തോലിക്കാസഭാ വിശ്വാസികളുടെ ഇടയില്‍ തന്നെ ചില വിഭാഗീയതയും കടന്നുകൂടിയിട്ടുണ്ട്. ഒപ്പം സ്‌കൂളുകളിലേയും പൊതുപരീക്ഷകളുടെയും അപേക്ഷകളിലും മറ്റും ഈ ഐക്യമില്ലായ്മ പല പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ പേരുകള്‍ എല്ലാം ചേര്‍ന്ന് ഒരു പൊതുസമുദായ നാമം ആവശ്യമായി വന്നത്. അത്തരമൊരു ആവശ്യത്തെ മുന്‍ നിര്‍ത്തിയാണ് 2021 ജൂണ്‍ മൂന്നിലെ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സംവരണേതര വിഭാഗങ്ങളുടെ അഥവാ മുന്നോക്ക വിഭാഗങ്ങളുടെ (ആ പ്രയോഗത്തിന് ഇപ്പോള്‍ പ്രസക്തിയില്ല) 164 അംഗ പട്ടികയില്‍ 163-ാമത്തെ പേരായി സീറോ മലബാര്‍ സഭാഗങ്ങളുടെ പേര് സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്ന് പ്രസിദ്ധീകരിച്ചിരുന്നത്. ആ പേരാണ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പറം വീണ്ടും മാറി ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്ന് പുതുക്കിയ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളണ്ട്.

പഴയ ‘RC’ ആയാല്‍ എന്താണ് കുഴപ്പം?

സീറോ മലബാര്‍ ക്രിസ്ത്യാനികളില്‍ ഒരു നല്ല വിഭാഗവും പരമ്പരാഗതമായി ഉപയോഗിച്ച് പോയിരുന്നത് റോമന്‍ കാത്തലിക് എന്നോ അതിന്റെ തന്നെ ‘ഷോര്‍ട്ട് ഫോം’ ആയ ‘RC’ എന്നോ ആണ്. റോമിന്റെ, മാര്‍പാപ്പയുടെ കീഴില്‍ വരുന്ന കത്തോലിക്കരെ മുഴുവനായും സൂചിപ്പിക്കാവുന്ന ഒരു പേരാണ് ഇത്. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍, സീറോ മലബാര്‍ കത്തോലിക്കര്‍, മലങ്കര കത്തോലിക്കര്‍ എന്നിവര്‍ക്കെല്ലാം ഈ റോമന്‍ കാത്തലിക് (RC) എന്നുള്ള പ്രയോഗത്തിന് അര്‍ഹതയുണ്ട്. അതു കൊണ്ടു ഈ മൂന്നു വിഭാഗങ്ങളേയും തിരിച്ചറിയാന്‍ വ്യത്യസ്തമായ സമുദായ നാമങ്ങള്‍ ആവശ്യമായി വരുന്നു. അതു മാത്രമല്ല അതില്‍ തന്നെയുള്ള ലത്തീന്‍ കത്തോലിക്കര്‍ സംവരണ വിഭാഗവും സീറോ മലബാര്‍, മലങ്കര സുറിയാനി ക്രിസ്ത്യാനികള്‍ സംവരണേതര വിഭാഗവുമാണ്. അതുകൊണ്ടുതന്നെ സഭാപരമായും സമുദായപരമായും ഒരു കൃത്യത സീറോമലബര്‍ വിശ്വാസികള്‍ക്ക് ആവശ്യമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചിരിക്കുന്ന ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നുള്ള പേര് ഈ സമൂഹത്തിനു ഉചിതമാണ്. ‘RC’ എന്നുള്ള പ്രയോഗം അതില്‍തന്നെ തെറ്റില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ ‘LC’ എന്നും സീറോ മലബാര്‍ കത്തോലിക്കര്‍ ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നും മലങ്കര സുറിയാനി കത്തോലിക്കര്‍ ‘മലങ്കര കാത്തലിക്’ എന്നും തന്നെ രേഖപ്പെടുത്തുന്നത് ആയിരിക്കും ഉചിതം.

എന്താണ് ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്ന പേരിന്റെ പ്രസക്തി?

ഈ പുതിയ പേരിന്റെ പ്രത്യേകത എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട് . ഈ പേരിലെ ആദ്യഭാഗത്തെ ‘സീറോ മലബാര്‍’ എന്നതിലെ ‘സീറോ'(Syro) തന്നെയാണ് രണ്ടാമത്തെ ഭാഗത്തെ ‘സിറിയന്‍ കാത്തലിക്’ എന്നതിലെ ‘സിറിയന്‍’ എന്നും അതിനാല്‍ ഈ പേരിലൊരു ആവര്‍ത്തനമുണ്ട് എന്നു കരുതുന്നവരുമുണ്ട്. ആയതിനാല്‍ ‘സീറോ മലബാര്‍ കാത്തലിക്’ എന്ന് മാത്രം പോരെ എന്നാണ് ഇത്തരക്കാരുടെ വാദം. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സീറോ മലബാര്‍ കത്തോലിക്കരുടെ ഇടയില്‍ തന്നെ ‘ക്‌നാനായ കത്തോലിക്കര്‍’, ‘ദളിത് കത്തോലിക്കര്‍’, ‘നാടാര്‍ കാത്തലിക്’ എന്നിങ്ങനെ പല വിഭാഗങ്ങളുമുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ സമുദായ നാമവും ഉണ്ട്. അതില്‍ തന്നെ സംവരണ വിഭാഗവും സംവരണേതര വിഭാഗവും കാണാം. അത്തരം സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ ഒന്നിലും പെടാത്ത സീറോമലബാര്‍ സമുദായ വിശ്വാസിസമൂത്തിന് കുറച്ചുകൂടി കൃത്യതയും വ്യക്തയും വരുത്തുവാന്‍ ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നു തന്നെ ഉപയോഗിക്കേണ്ടി വരുന്നു.

മാത്രമല്ല ഈ പേര് സുറിയാനി പാരമ്പര്യം പേറുന്ന സീറോമലബാര്‍ സഭയുടെ ഉത്ഭവത്തിന്റെയും (Origin) പാരമ്പര്യത്തിന്റെയും (Legacy) ആധികാരികത ഉറപ്പിച്ചുകൊണ്ടു സഭയുടെ തനതായ വ്യക്തിത്വം (Idendity) കാത്തു സൂക്ഷിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ‘സീറോ മലബാര്‍’ എന്നത് സഭയുടെ നാമമായും. എന്നാല്‍ ‘സിറിയന്‍ കാത്തലിക്ക്’ എന്നത് സമുദായ നാമമായും കാണാവുന്നതാണ്. ഇത് രണ്ടും കൂടി പറഞ്ഞാല്‍ മാത്രമേ ആ പേരിനു ഒരു പൂര്‍ണ്ണതയും വ്യക്തത വരുകയുള്ളൂ. കേരളത്തിന്റെ നിലവിലെ ചുറ്റുപാടില്‍ സഭയും സമുദായവും ഒരു നാണയത്തിന്റെ ഇരു വശങ്ങളായിങ്ങളായി കണക്കാക്കാവുന്നതാണ്.

ചില പ്രായോഗിക പ്രശ്‌നങ്ങള്‍

സിറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്കപ്പെട്ടിരിക്കുന്ന പുതിയ പേര് തിരിച്ചും അനുയോജ്യമാണ്. എങ്കിലും അതുമൂലം ഉണ്ടാകുന്ന ചില പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇത് ഇടവരുന്നു. അതായത് നിലവില്‍ വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചിരുന്ന സീറോമലബാര്‍ വിശ്വാസികള്‍ 2021 ജൂണ് 3 ലെ ഉത്തരവ് പ്രകാരം പുതിയ പേരായ സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്നു ഉപയോഗിക്കാന്‍ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും നല്‍കപ്പെട്ട ഈ പുതിയ പേര് കുട്ടികളുടെ SSLC പോലുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ വീണ്ടും മാറ്റേണ്ടി വരുമോ എന്നുള്ള ആശങ്കയ്ക്ക് ഇട നല്‍കുന്നു. മാത്രമല്ല, സീറോമലബര്‍ ക്രിസ്ത്യാനികള്‍ നിലവില്‍ വ്യത്യസ്ത പേരുകളാണ് ഉപയോഗിക്കുന്നത്. ആ പേരുകള്‍ രേഖപ്പെടുത്തിയ സര്‍ടിഫിക്കറ്റുകള്‍ പുതിയ പേരിലേക്ക് മാറ്റിയെടുക്കണോ എന്നുള്ള സംശയവും നിലനില്‍ക്കുന്നു.

ഇതിനു പുറമേ, പുതിയതായി ഇറക്കിയ സംവരണേതര വിഭാഗത്തിന്റെ പട്ടികയില്‍ സീറോമലബാര്‍ ക്രിസ്ത്യാനികള്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന പേരുകള്‍ ഇല്ലാത്തതു മൂലം EWS പോലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുവാന്‍ പലര്‍ക്കും കഴിയാതെ വരുന്നു എന്നുള്ള ഒരു പ്രശനവും ഉണ്ട്. മാത്രമല്ല സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന പഴയ പേരുകള്‍ അതിന്റെ പുതിയ നാമമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ തന്നെയാണ് എന്നുള്ള വിവരം പല ഓഫീസര്‍മാര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. അതായത് തന്റെ എസ്.എസ്.എല്‍.സി ബുക്കില്‍ റോമന്‍ കാത്തലിക് (RC) എന്ന് രേഖപ്പെടുത്തിയ ഒരു സീറോ മലബാര്‍ വിദ്യാര്‍ത്ഥി EWS സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസ് സമീപിക്കുമ്പോള്‍ EWS ന് അര്‍ഹമായ സംവരണ രഹിത വിഭാഗങ്ങളുടെ പട്ടികയില്‍ ആ പേര് കാണുന്നില്ല എന്നുള്ള കാരണത്താല്‍ EWS സര്‍ട്ടിഫിക്കറ്റ് ആ വ്യക്തിക്ക് നിഷേധിക്കപ്പെടുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിനു സര്‍ക്കാര്‍ നല്‍കിയ മറുപടി, മുന്നോക്ക വിഭാഗങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ EWS സര്‍ഫിക്കേറ്റ് നല്‍കുകയുളൂ എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും നിലവില്‍ എസ്.സി, എസ്.ടി, ഓ.ബി.സി എന്നീ സംവരണ വിഭാഗത്തില്‍ പെടാത്ത ഏതൊരാള്‍ക്കും EWS സംവരണത്തിന് അര്‍ഹതയുണ്ട് എന്നുമാണ്. എന്നാല്‍ ഓഫീസര്‍മാരുടെ അറിവില്ലായ്മയും സംശയവും കടുംപിടുത്തവും മൂലം പലപ്പോഴും EWS പോലുള്ള അനുകൂല്യങ്ങള്‍ സമുദായത്തിന്റെ പേരിലുള്ള ചില വ്യത്യാസം മൂലം അര്‍ഹതപെട്ടവര്‍ക്ക് നഷ്ടപ്പെടുന്നു എന്നുള്ളതാണ് സത്യം. അങ്ങനെ വന്നാല്‍ അത്തരം പരാതികള്‍ മുന്നോക്ക വിഭാഗ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കാം എന്നുണ്ടെങ്കിലും പലരും അതിനു തുനിയാറില്ല എന്നുള്ളതാണ് വാസ്തവം.

ഇത്തരമൊരു സാഹചര്യത്തില്‍ സീറോമലബാര്‍ ക്രിസ്ത്യാനികള്‍ മുന്‍പ് ഉപയോഗിച്ചുകൊണ്ടിരുന്ന വ്യത്യസ്ത പേരുകളും നിലവില്‍ പുതിയതായി നല്‍കപ്പെട്ട ‘സിറോമലബര്‍ സിറിയന്‍ കാത്തലിക്ക്’ എന്ന നാമവും ഒന്നാണ് എന്ന ഒരു വിജ്ഞാപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കില്‍ ഈ പ്രശങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവും എന്നു വേണം അനുമാനിക്കാന്‍.

കടപ്പാട്: ഫാ. നൗജിന്‍ വിതയത്തില്‍ (ഇരിങ്ങാലക്കുട രൂപത)

ദൈവജനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍

കാനാന്‍ ദേശത്തേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ, മലബാറിലെ കുടിയേറ്റ ജനതയെ ദൈവപരിപാലനയില്‍ ഒരു സമൂഹമായി വളര്‍ത്തിയെടുക്കുവാന്‍ കാലാകാലങ്ങളില്‍ സേവനം അനുഷ്ഠിച്ച വൈദികര്‍ പരിശ്രമിച്ചു. സമഗ്രവികസനത്തിന്റെ മികവോടെ കുടിയേറ്റ ഗ്രാമങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ നിരവധി വൈദികരുടെ പരിശ്രമങ്ങള്‍ അതിന് പിന്നിലുണ്ട് രൂപതാ വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ വൈദികരെ നന്ദിയോടെ ഓര്‍ക്കാം, അവര്‍ക്കായി പ്രാര്‍ത്ഥിക്കാം

സീറോ മലബാര്‍ സഭയുടെ പട്ടം കൊടുക്കല്‍ ശുശ്രൂഷയില്‍ തിരുക്കര്‍മ്മങ്ങളുടെ പ്രാരംഭമായി നടത്തുന്ന പ്രദക്ഷിണസമയത്ത് പാടുന്ന ഗാനത്തിന്റെ ആദ്യഭാഗം ആശയം കൊണ്ടും അവതരണ ഭംഗികൊണ്ടും ശ്രദ്ധേയമാണ്. പുരോഹിതനാകുന്ന വ്യക്തി മാതാപിതാക്കളാല്‍ അനുഗതനായി പൗരോഹിത്യ കൂദാശ സ്വീകരിക്കുന്നതിന് മദ്ബഹായിലേയ്ക്ക് നടന്നടുക്കുമ്പോഴാണ് ഈ ഗാനം ആലപിക്കുന്നത്.

”ദൈവജനത്തില്‍ നിന്നും,
ദൈവജനത്തിനുവേണ്ടി
ദൈവിക കാര്യങ്ങള്‍ക്കായ് ദൈവം,
നിയമിച്ചാക്കിയ ദാസന്‍”

കത്തോലിക്കാ പുരോഹിതന്‍ ആരാണ് എന്നതിന് ബൈബിള്‍ നല്‍കുന്ന ഉത്തരമാണ് ഈ ഗാനത്തിനാധാരം. ”ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍ ദൈവിക കാര്യങ്ങള്‍ക്കു നിയോഗിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്” (ഹെബ്രാ. 5:1). ഈ ദൈവവചനം പൗരോഹിത്യത്തെയും പുരോഹിതധര്‍മ്മത്തെയും നിര്‍വചിക്കുമ്പോള്‍ വ്യക്തമാകുന്ന രണ്ടു കാര്യങ്ങളുണ്ട ്. ഒന്ന്, പുരോഹിതന്‍ ദൈവജനത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവനാണ്; രണ്ട ്, പുരോഹിതന്‍ ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി നിയമിക്കപ്പെടുന്നവനാണ്.

ദൈവജനത്തിലൊരുവന്‍

പുരോഹിതന്‍ ദൈവജനത്തിലൊരുവനാണ്. അവന്‍ മാലാഖയല്ല, മനുഷ്യനാണ്. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ നിറവും മണവും മാലിന്യവും പങ്കിടുന്നവന്‍. കുടുംബ പാരമ്പര്യമോ തറവാട്ടു മഹിമയോ സാമ്പത്തിക പരിഗണനകളോ അല്ല ദൈവവിളിയുടെ മാനദണ്ഡം. മനുഷ്യ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വഴികളിലൂടെ നടന്ന് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോഴാണ് അവനെത്തേടി ദൈവത്തിന്റെ വിളിയെത്തുന്നത്.

പൗരോഹിത്യശുശ്രൂഷയ്ക്കുള്ള വിളി സ്വീകരിക്കുന്നതിനുള്ള പ്രത്യേക യോഗ്യത ഒന്നും ലേവി ഗോത്രത്തിന് ഉണ്ടായിരുന്നില്ല. ഇസ്രായേലിലെ 12 ഗോത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു ലേവ്യരുടെത്. ”നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍ നിന്ന് വേര്‍തിരിച്ചിരിക്കുന്നു” (ലേവ്യ 20:26).”…. നിന്റെ സഹോദരന്മാരായ ലേവ്യരെ ഇസ്രായേലില്‍ നിന്ന് ഞാന്‍ വേര്‍തിരിച്ചെടുത്തിരിക്കുന്നു. സമാഗമകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിന് കര്‍ത്താവിനുള്ള ദാനമായി അവരെ ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു… പൗരോഹിത്യ ശുശ്രൂഷ നിങ്ങള്‍ക്കുള്ള ദാനമാണ്” (സംഖ്യ 18: 1-7). സഹോദരന്മാരില്‍ നിന്നെടുത്ത് അവര്‍ക്കുതന്നെ ദാനമായി കൊടുക്കുകയാണ് ലേവിഗോത്രത്തെ. വിളിയുടെ ലക്ഷ്യം വ്യക്തമാണ്. വിളിക്കപ്പെടുന്നവന്‍ വിളിക്കുന്നവന്റെ സ്വന്തമാകണം. വിളിയുടെ മഹത്വമറിഞ്ഞവര്‍ തങ്ങളുടെ ഇല്ലായ്മ ഏറ്റുപറഞ്ഞു: ”ഞാനൊരു പ്രവാചകനല്ല, പ്രവാചക പുത്രനുമല്ല, ഞാന്‍ ആട്ടിടയനാണ്” (ആമോസ് 7:14). ഏല്‍പ്പിക്കപ്പെടാന്‍ പോകുന്ന ദൗത്യത്തിന്റെ സ്വഭാവമറിഞ്ഞവര്‍ സ്വന്തം ബലഹീനത ഏറ്റുപറഞ്ഞു: ”ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്, സംസാരിക്കുവാന്‍ എനിക്കു പാടവമില്ല” (ജറമിയ 1:6). പുതിയ നിയമത്തില്‍ തന്റെ 12 അപ്പസ്‌തോലന്മാരായി ഈശോ തെരഞ്ഞെടുത്തത് സാധാരണക്കാരില്‍ സാധാരണക്കാരെ. പ്രത്യേകതകള്‍ ഒന്നുമില്ല. ബലഹീനതകള്‍ ഏറെയുണ്ടുതാനും. സാധാരണക്കാരനെ അസാധാരണ ദൗത്യനിര്‍വഹണത്തിനായി ദൈവം തെരഞ്ഞെടുക്കുന്നതാണ് പൗരോഹിത്യ പദവി.

തെരഞ്ഞെടുക്കപ്പെട്ടവന്‍

പുരോഹിതന്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ്. ”അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല” (ഹെബ്രാ. 5:4). പൗരോഹിത്യത്തിന്റെ മഹത്വം ഈ തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുക്കുന്ന വ്യക്തിയുടെ മാഹാത്മ്യവും വലുപ്പവും വ്യത്യസ്തതയുമാണ് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്കു ബലമാകുന്നത്.
മനുഷ്യന്റെ ഹൃദയ വിചാരങ്ങളെപ്പോലും അറിയുന്നവന്‍, ഒരുവന്റെ ഭാവി പൂര്‍ണ്ണമായും മനസ്സിലാക്കുന്നവനാണ് വിളിക്കുന്നത്. പൗരോഹിത്യം ഒരു വിളിയും ദാനവുമാണ്. ”താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു; വിളിച്ചവരെ നീതികരിച്ചു; നീതികരിച്ചവരെ മഹത്വപ്പെടുത്തി” (റോമ. 8:30).

എന്തുകൊണ്ടായിരിക്കാം വിളിക്കപ്പെടുന്ന വ്യക്തിയുടെ യോഗ്യത കണക്കിലെടുക്കാത്തത്? മാനുഷിക സംവിധാനങ്ങളെ ബോധ്യപ്പെടുത്താന്‍ അതിസമര്‍ത്ഥരെയും മികച്ച സംഘാടകരെയും, വാഗ്മികളെയുമൊക്കെ വിളിക്കാമായിരുന്നില്ലേ? ദൈവരാജ്യ പ്രഘോഷണം കൂടുതല്‍ ഫലപ്രദമാകില്ലായിരുന്നോ? പൗലോസ് ശ്ലീഹാ ഉത്തരം പറയുന്നു: ”ദൈവ സന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്” (1 കോറി. 1:29). കാരണം, ലൗകിക മാനദണ്ഡമനുസരിച്ച് വിളിക്കപ്പെട്ടവരില്‍ ബുദ്ധിമാന്മാരും, ശക്തരും കുലീനരും അധികമില്ല. വിജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെയും ശക്തമായവയെ ലജ്ജിപ്പിക്കാന്‍ അശക്തമായവയുമാണ് ദൈവം തെരഞ്ഞടുക്കുന്നത് (1 കോറി. 1:26-27).

ബലഹീനരെ തെരഞ്ഞെടുക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ? ഹെബ്രായലേഖനം പറയുന്നു: ”അവന്‍ (തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍) തന്നെ ബലഹീനനായതുകൊ ണ്ട ് അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും” (ഹെബ്രാ. 5:2). ദൈവികമായ കരുണ പുരോഹിതന്റെ മുഖഭാവമാകണം. കാരണം ”ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കാനാണ്” (ലൂക്ക 5:32).

ദൈവത്തിന്റെ ദാനം

വിളിച്ച് വിശ്വസ്തനാക്കുന്ന ദൈവത്തിന്റെ സ്‌നേഹത്തിന്റെ അളവറ്റ ദാനമാണ് പൗരോഹിത്യം. പൗരോഹിത്യം സ്വീകരിച്ചവരും, പൗരോഹിത്യ ശുശ്രൂഷയുടെ ഫലമനുഭവിക്കുന്നവരും ഒരുപോലെ ഓര്‍ത്തിരിക്കേണ്ട യാഥാര്‍ത്ഥ്യമാണിത്.
യാഥാര്‍ത്ഥ്യബോധത്തോടെ പുരോഹിതരെയും പൗരോഹിത്യ ശുശ്രൂഷകളെയും സമീപിക്കുവാന്‍ വിശ്വാസികള്‍ക്കും, എളിമയോടെ ശുശ്രൂഷ ചെയ്യാന്‍ പുരോഹിതര്‍ക്കും ഈ തിരിച്ചറിവ് എന്നുമുണ്ടാകണം.

ബലഹീനനും സാധാരണക്കാരനുമായ പുരോഹിതനെ ദൈവം വിളിച്ചു സ്വന്തമാക്കി നിര്‍ത്തുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണ്. ദൈവിക കാര്യങ്ങള്‍ക്കുവേണ്ടിയാണ് പുരോഹിതന്‍ വിളിക്കപ്പെടുന്നതെന്ന് ഹെബ്രായ ലേഖനം പറയുന്നു. എന്താണ് ‘ദൈവിക കാര്യങ്ങള്‍’ എന്ന ചോദ്യത്തിന് വിവിധ കാലങ്ങളില്‍ നല്‍കപ്പെട്ട ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ പൗരോഹിത്യ ശുശ്രൂഷയുടെ വിവിധ തലങ്ങള്‍ രൂപപ്പെടുകയുണ്ടായി. കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയും ദൈവവചനം പ്രഘോഷിക്കുകയും ചെയ്യുന്ന പൗരോഹിത്യം ഒരു കാലഘട്ടത്തില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം പൗരോഹിത്യത്തിന്റെ സാമൂഹ്യമുഖം എടുത്തു കാട്ടാനാണ് ശ്രമമുണ്ടായത്.

പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും

പുരോഹിതന്‍ ചെയ്യേണ്ട ‘ദൈവിക കാര്യങ്ങള്‍’ എന്ത് എന്ന ചോദ്യത്തിന് യേശു ചെയ്ത ദൈവിക കാര്യങ്ങളെ സമഗ്രമായ രീതിയില്‍ മനസ്സിലാക്കുന്നതുവഴി ഉത്തരം ലഭിക്കും. പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനത്തിന്റെയും മനോഹരമായ കണ്ടുമുട്ടലായിരുന്നു യേശുവിന്റെ ജീവിതം. പിതാവുമായുള്ള ബന്ധം പ്രാര്‍ത്ഥനയിലൂടെ വളര്‍ത്തിയ യേശു പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനായി. അവന്‍ രോഗികളെ സുഖപ്പെടുത്തി. പാപികളെ ആശ്ലേഷിച്ച് മാനസാന്തരത്തിലേയ്ക്കു നയിച്ചു, സമൂഹം ഒറ്റപ്പെടുത്തിയവരുടെ കൂടെ നടന്നു. അവന്‍ വിശന്നവര്‍ക്ക് അപ്പമായി, ചൂഷകര്‍ക്കു പേടി സ്വപ്‌നമായി, കാപട്യത്തെയും താന്‍പോരിമയെയും ചോദ്യം ചെയ്തു.അവന്‍ ദൈവിക കരുണയുടെ ആള്‍രൂപമായി, ശത്രുക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി സ്വയം ജീവനര്‍പ്പിച്ചു. ഒരു പുരോഹിതന്‍ ഏറ്റെടുക്കേണ്ട ‘ദൈവിക കാര്യങ്ങള്‍’ യേശുവിന്റെ ജീവിതത്തില്‍ നിന്നാണ് പഠിക്കേണ്ടത്.

ആദ്ധ്യാത്മിക ജീവിതയാത്രയുടെ ലക്ഷ്യം സ്വര്‍ഗ്ഗപ്രാപ്തിയാണല്ലോ. സ്വര്‍ഗ്ഗരാജ്യം നേടണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നതും വ്യക്തം. വിശക്കുന്നവന് അപ്പമായും ദാഹിക്കുന്നവന് പാനീയമായും, നഗ്നന് ഉടുപ്പായും, രോഗിക്ക് ആശ്വാസമായും, കാരാഗൃഹത്തിലായിരിക്കുന്നവന് സാമീപ്യത്തിന്റെ സാന്ത്വനമായും മാറുക എന്നതാണ് ദൈവിക കാര്യങ്ങള്‍.


സ്‌നേഹവും കരുണയും

കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോഴും ദൈവവചനം പ്രസംഗിക്കുമ്പോഴും മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോഴും, സമസൃഷ്ടികളുടെ സമുദ്ധാരണത്തിനായി പ്രവര്‍ത്തിക്കുമ്പോഴും, അനീതിയ്ക്കും ചൂഷണത്തിനുമെതിരെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമ്പോഴും, പുരോഹിതന്‍ ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവനാകുന്നു. അവന്റെ വാക്കുകളിലും നോട്ടത്തിലും പ്രവര്‍ത്തനങ്ങൡലും സ്‌നേഹവും കരുണയും ഉണ്ടാകണം. നീതിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി അവന്‍ മുറിയപ്പെടണം. ദൈവരാജ്യ പ്രഘോഷണത്തിനിടയില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍ അവന്‍ ബലിവേദിയില്‍ അര്‍പ്പിക്കണം. അങ്ങനെ അവന്റെ മുറിവുകളും വേദനകളും ഒറ്റപ്പെടലുകളും ബലിപീഠത്തില്‍ വച്ച് രൂപാന്തരപ്പെടുത്തി തനിക്ക് ഏല്‍പ്പിച്ചുതന്നിരിക്കുന്ന ദൈവജനത്തിന്റെ മുറിവുകളിലെ ദിവ്യലേപനമായി മാറ്റണം. സെമിനാരികളില്‍ പഠിപ്പിക്കുന്നവരും, ധ്യാനം പ്രസംഗിക്കുന്നവരും, വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും, സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവരും മാധ്യമ പ്രേഷിതത്വം നടത്തുന്നവരും ഒരുപോലെ ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. അര്‍പ്പിക്കപ്പെടുന്ന ബലികളും, പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശകളും, പറയപ്പെടുന്ന പ്രസംഗങ്ങളും, എടുക്കുന്ന ക്ലാസ്സുകളും എഴുതുന്ന പുസ്തകങ്ങളും യേശു വിഭാവനം ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യ സാഹോദര്യത്തിലേയ്ക്ക് എത്തിനില്‍ക്കുന്നവയാകണം.

വേദന മാറ്റുന്ന തൈലം

പൗരോഹിത്യവും പുരോഹിതനും ഇന്ന് വിമര്‍ശനങ്ങളുടെ നാല്‍ക്കവലയിലാണ്. പുരോഹിതന്‍ എങ്ങനെ ആകണം, എങ്ങനെ ആകരുത് എന്ന് അധികാരച്ചുവയോടെ ചില സാമൂഹ്യ സംവിധാനങ്ങള്‍ കല്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇതനുസരിച്ച് ചിലരെങ്കിലും ചിലപ്പോഴെങ്കിലും ‘സാമൂഹിക പൗരോഹിത്യത്തില്‍’ ജീവിക്കുന്നവരായി മാറുകയും ചെയ്യുന്നു. പുരോഹിതന്റെ ബലഹീനതകള്‍ പൗരോഹിത്യപ്രഭയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന വിമര്‍ശനം ആത്മപരിശോധനയ്ക്കുളള അവസരമായി മാറണം. വ്യക്തിതാല്‍പ്പര്യങ്ങളും മറ്റ് ജീവിത ആകര്‍ഷണങ്ങളും വലുതായിക്കാണുന്നവരുടെ കപടചുംബനത്തിനുമുമ്പില്‍ വിളിച്ചവന്‍ വേദനിക്കുന്നു. ദൈവിക കാര്യങ്ങളോടുള്ള അലംഘ്യമായ വിശ്വസ്തത വീണ്ടെടുക്കലാണ് ഇന്നിന്റെ ആവശ്യം. ”നിനക്ക് എന്റെ കൃപ മതി”എന്ന ദിവ്യഗുരുവിന്റെ വാക്കുകള്‍ ജീവിത പരിമിതികള്‍ വീര്‍പ്പുമുട്ടിക്കുന്ന പുരോഹിതനെ ധൈര്യപ്പെടുത്തണം. സ്വന്തം വേദനകള്‍ ജീവിതത്തെ ഗ്രസിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരുടെ വേദനയകറ്റാന്‍ സ്‌നേഹത്തിന്റെ തൈലവുമായി അവന്‍ സാഹോദര്യം നഷ്ടപ്പെട്ട തെരുവീഥികളിലേയ്ക്കിറങ്ങണം.

ആരാണ് വൈദികന്‍ എന്ന മഹാനായ ലക്കോര്‍ഡെറിന്റെ വാക്കുകള്‍ വൈദികര്‍ക്ക് പ്രചോദനവും ദൈവജനത്തിന് പ്രാര്‍ത്ഥനയുമാകട്ടെ. ”ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ, ലോകത്തില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിന്റെയും സ്വന്തമാകാതെ ഓരോ കുടുംബത്തിലും അംഗമാകുന്നവന്‍, എല്ലാ ദുഃഖങ്ങളിലും പങ്കുചേരുന്നവന്‍, എല്ലാ ഹൃദയ രഹസ്യങ്ങളിലേക്കും കടന്നു ചെല്ലുന്നവന്‍. എല്ലാ വ്രണങ്ങളും സുഖപ്പെടുത്തുന്നവന്‍, മനുഷ്യരില്‍ നിന്ന് പുറപ്പെട്ട്, അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കുന്നവന്‍, ദൈവത്തില്‍നിന്ന് മടങ്ങി, മനുഷ്യര്‍ക്ക് പാപമോചനവും സമാധാനവും പ്രത്യാശയും കൊണ്ടുവരുന്നവന്‍. പരസ്‌നേഹത്താല്‍ ജ്വലിക്കുന്നവനും ബ്രഹ്മചര്യത്തില്‍ സുദൃഢമായ ഹൃദയമുള്ളവനും എല്ലായ്‌പ്പോഴും ക്ഷമിക്കുകയും പഠിപ്പിക്കുകയും ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവന്‍. ഓ! ദൈവമേ! എത്ര ഉല്‍കൃഷ്ടമായ ജീവിതം. യേശുക്രിസ്തുവിന്റെ പുരോഹിതാ ഈ ജീവിതം നിന്റേതാണ്.”

ചെറിയ ഉപേക്ഷകളും വലിയ വീഴ്ചയും

മലബാറില്‍ കുടിയേറിയ ഭൂരിപക്ഷത്തിനും ഇവിടെ മൂലധനമായി ഇറക്കാനുണ്ടായിരുന്നത് തിരുവിതാംകൂറിലെ ഭൂമി വിറ്റു കിട്ടിയ ഇത്തിരി പണം മാത്രമായിരുന്നു. എന്നാല്‍ ധനാഢ്യനായ ആ കാരണവര്‍ തിരുവിതാംകൂറിലുള്ള പറമ്പിലെ ഒരു വര്‍ഷത്തെ തേങ്ങ വിറ്റ പണം കൊണ്ടാണ് മലബാറില്‍ അമ്പതേക്കറോളം മണ്ണു വാങ്ങിയത്.

അപ്പനെ സഹായിക്കാന്‍ ആരോഗ്യമുള്ള അഞ്ച് ആണ്‍മക്കള്‍. വളക്കൂറുള്ള കന്നിമണ്ണ് നല്ല വിളവു നല്‍കി. കാരണവര്‍ നാട്ടിലെ പ്രമാണിയായി. അതോടെ പണ്ടേ ഉണ്ടായിരുന്ന ചില ദുഃശീലങ്ങള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങി. അധാര്‍മിക ബന്ധങ്ങളും മദ്യപാനവും ധൂര്‍ത്തും കൊണ്ട് പറമ്പ് തുണ്ടംതുണ്ടമായി വിറ്റുതുടങ്ങി. ക്രമേണ മക്കളും അപ്പന്റെ വഴിയേ നീങ്ങി. അവര്‍ക്ക് വീതം കിട്ടിയ ഭൂമി വിറ്റുതീര്‍ത്തു. മക്കള്‍ പലരും അകാലത്തില്‍ വിടപറയുന്നതും കാരണവര്‍ക്ക് കാണേണ്ടി വന്നു.

സ്വത്തെല്ലാം നഷ്ടപ്പെട്ട കാരണവര്‍ കൊച്ചു വാടക വീട്ടിലേക്ക് താമസം മാറ്റി. തീര്‍ത്തും അവശതയിലായ അവസാന കാലത്ത് അവിടെ വച്ചു കാണുമ്പോള്‍ പഴയ പ്രതാപകാലം അദ്ദേഹത്തെ കുത്തിനോവിക്കുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ കണ്ണുകള്‍ പല തവണ നിറഞ്ഞൊഴുകി. ജീവിതം നശിപ്പിച്ചതിനെക്കുറിച്ച് പശ്ചാത്താപമുണ്ടെങ്കിലും ഒരു തിരിച്ചു വരവ് അസാധ്യമായ ഘട്ടത്തിലെത്തിയിരുന്നു. ഏക്കറു കണക്കിനു ഭൂമിയും വരുമാനവും ഉണ്ടായിരുന്ന അദ്ദേഹം നിസ്വനായി സ്വന്തമല്ലാത്ത ആ വാടക വീട്ടില്‍ കിടന്നു കണ്ണടച്ചു.

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ തന്റെ ഉപ്പിന്റെ ഉറ ക്രമേണ കെട്ടുപോകുന്നത് പലപ്പോഴും മനസ്സിലാക്കണമെന്നില്ല. തുടക്കം ചെറിയ ഉപേക്ഷകളിലായിരിക്കും. കുറച്ച് ഉറ കെട്ടുപോയാലും ബാക്കി ഉണ്ടല്ലോ എന്നു സമാധാനിക്കും.

ഒരു മനുഷ്യന്റെ ആത്മസത്തയാണ് അയാളുടെ ഉപ്പിന്റെ ഉറ. കര്‍മശേഷിയും പ്രതിഭയും അധ്വാനവും ആത്മീയ ജീവിതവുമെല്ലാം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. തന്റെ അധ്വാനത്തിലൂടെ ഭൂമിയെ കുറച്ചു കൂടി മനോഹരമായി അണിയിച്ചൊരുക്കാനുള്ള ഉത്തരവാദിത്വവും അവനില്‍ നിക്ഷിപ്തമാണ്.

ധൂര്‍ത്തിനുള്ള പണം കണ്ടെത്താന്‍ ഭൂമി വില്‍പന തുടങ്ങിയ ആദ്യകാലത്ത് കുറച്ചു പോയാലും ബാക്കിയുണ്ടാകുമല്ലോ എന്ന് സ്വയം ന്യായീകരിക്കും. എന്നാല്‍ മൊത്തം സ്വത്തും അന്യാധീനപ്പെടാന്‍ അധിക കാലമെടുക്കില്ല. മലബാറില്‍ കുടിയേറിയവരില്‍ പലരും പാപ്പരായത് സ്വന്തം കൈയ്യിലിരിപ്പു കൊണ്ടു മാത്രമാണ്.

ഓരോ മനുഷ്യനും പ്രത്യേക ദൗത്യവുമായാണ് പിറന്നു വീഴുന്നത്. ഭൂമിയുടെ വെളിച്ചമാകാന്‍ തന്റെ ഉപ്പിന്റെ ഉറയുടെ മഹത്വം മനസ്സിലാക്കിയിരിക്കണം. ചെയ്യുന്ന ജോലിയിലും നിറവേറ്റുന്ന കടമകളിലും ഉത്തരവാദിത്വങ്ങളിലുമെല്ലാം ആ ഉറ നിറഞ്ഞു കിടക്കുന്നു.

ജീവിതത്തില്‍ ഏറ്റെടുത്ത ദൗത്യം എപ്പോഴും ബോധ്യപ്പെടുത്താനാണ് യൂണിഫോം എന്ന പ്രത്യേക വസ്ത്രധാരണ രീതി സ്വീകരിക്കുന്നത്. കാക്കി യൂണിഫോമിനു പകരം ലുങ്കിയുടുത്ത് പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാന്‍ നിന്നാല്‍ ജനം അനുസരിക്കണമെന്നില്ല. ഏതു മതത്തിലായാലും സന്യാസവേഷം ധരിച്ചവരോട് ആദരവോടെ മറ്റുള്ളവര്‍ ഇടപഴകുന്നത് അവര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ മഹത്വം കൊണ്ടാണ്.

കോടതികളിലെ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന ജഡ്ജിമാര്‍ക്ക് മറ്റുള്ളവര്‍ക്കുള്ള പൊതുജീവിതം നിഷേധിച്ചിരിക്കുന്നു. അനഭിലഷണീയമായ കൂട്ടുകെട്ടുകളില്‍ കുടുങ്ങി അവരുടെ ഉപ്പിന്റെ ഉറ കെട്ടുപോകാതിരിക്കാനാണ് ആ നിയന്ത്രണം.

നിയന്ത്രണങ്ങള്‍ പാലിക്കാത്ത മഹാരഥന്മാര്‍ അടിതെറ്റി വീണ കഥകള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പുണ്യ ഗ്രന്ഥങ്ങളിലുമെല്ലാം നിറഞ്ഞു കിടക്കുന്നു. എന്നാല്‍ ഉപ്പിന്റെ ഉറ നശിപ്പിക്കാനുള്ള കെണികള്‍ പെരുകിയ കാലത്തിലൂടെയാണ് മനുഷ്യകുലം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ചിലത് പ്രകടമായ കെണികളാണെങ്കില്‍ മറ്റു ചിലത് കാട്ടുമൃഗത്തെ വീഴിക്കാനുള്ള വാരിക്കുഴി പോലെ മുകളില്‍ ഇലകള്‍ വിരിച്ചു ഭദ്രമാക്കിയതായിരിക്കും. അതിനാല്‍ ഉറ കെട്ടുപോകാനുള്ള ചെറിയ സാഹചര്യങ്ങളില്‍ നിന്നുപോലും മാറി നടക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Exit mobile version