ഒക്ടോബര്‍ 14: വിശുദ്ധ കലിസ്റ്റസ് പാപ്പാ രക്തസാക്ഷി

വിശുദ്ധ സെഫിറീനൂസു പാപ്പായുടെ പിന്‍ഗാമിയാണു കലിസ്റ്റസ്. ഈ വിശുദ്ധനെ സംബന്ധിച്ചു നമുക്കുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന ആന്റി പോപ്പു ഹിപ്പോളിറ്റസ്സില്‍ നിന്നാണ്. കലിസ്റ്റസ്സു പാപ്പായ്ക്കു വല്ല കുറ്റങ്ങളുമുണ്ടായിരുന്നെങ്കില്‍ അവ ഹിപ്പോളിറ്റസ്സു വിവരിക്കാതിരിക്കയില്ലായിരുന്നു. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരടിമയായിരുന്നു കലിസ്റ്റസ്. പണം കാവലായിരുന്നു ജോലി. നിക്ഷേപിച്ചിരുന്ന പണം എങ്ങനെയോ നഷ്ടപ്പെട്ടുപോയി. കലിസ്റ്റസു പലായനം ചെയ്തു. എങ്കിലും അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തിലടച്ചു. കുറേനാള്‍ ജയിലില്‍ കിടന്ന ശേഷം, വിശുദ്ധ കലിസ്റ്റസ്സിന്റെ ഭൂഗര്‍ഭാലയം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ക്രിസ്തീയ ശ്മശാനത്തിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. സെഫിറീനൂസു മാര്‍പ്പാപ്പാ അദ്ദേഹത്തിനു ഡീക്കണ്‍ പട്ടം കൊടുത്തു ഉപദേഷ്ടാവായി നിയമിച്ചു. മാര്‍പ്പാപ്പായുടെ മരണശേഷം റോമയിലെ ജനങ്ങളും വൈദികരും ചേര്‍ന്നു കലിസ്റ്റസ്സിനെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തു. പുറംതള്ളപ്പെട്ട പാപ്പാ സ്ഥാനാര്‍ത്ഥി വേറൊരു മാര്‍പ്പാപ്പായെ തിരഞ്ഞെടുത്തു. അതാണ് ആദ്യത്തെ എതിര്‍പോപ്പ് ഹിപ്പോളിററസ്.

ഹിപ്പോളിററസ്സിന്റെ വിമര്‍ശനത്തിനു വിധേയമായ കലിസ്റ്റസ്സു മാര്‍പ്പാപ്പായുടെ തീരുമാനങ്ങള്‍ താഴെ ചേര്‍ക്കുന്നു: (1) മതത്യാഗം, വ്യഭിചാരം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കും പരസ്യ പ്രായശ്ചിത്തം ചെയ്തു കഴിയുമ്പോള്‍ പാപമോചനം നല്കാവുന്നതാണ് (2) അടിമകളും സ്വതന്ത്രരും തമ്മിലുള്ള വിവാഹം സാധുവാണ്. (3) രണ്ടോ മൂന്നോ പ്രാവശ്യം വിവാഹം കഴിച്ച പുരുഷന്മാര്‍ക്കും പട്ടം നല്കാം. (4) ചാവുദോഷം ചെയ്തതുകൊണ്ട് ഒരു മെത്രാനെ സ്ഥാനഭ്രഷ്ടനാക്കേണ്ടതില്ല. (5) പിതാവും പുത്രനും ഒരു ദൈവമേ ആകുന്നുള്ളൂ; രണ്ടാകുന്നില്ല. കര്‍ശനവാദിയായ ഹിപ്പോളിററസ് ഇവയൊക്കെ നിഷേധിച്ചെങ്കിലും കലിസ്റ്റസു പാപ്പാ ഇവ മുറുകെപിടിച്ചതുകൊണ്ടു മഹാന്മാരായ പാപ്പാമാരില്‍ ഒരാളായി എണ്ണപ്പെടുന്നു.

അക്കാലത്തു റോമയില്‍ ഔദ്യോഗികമായി മതപീഡനമുണ്ടായിരുന്നില്ലെങ്കിലും ട്രാസ്‌റ്റെവേരെ എന്ന ഭാഗത്തുണ്ടായ ഒരു വിപ്ലവത്തില്‍ 223 ഒക്ടോബര്‍ 14-ാം തീയതി കലി സ്റ്റസു രക്തസാക്ഷിത്വമകുടം ചൂടി.

236-ലേ മതമര്‍ദ്ദനത്തില്‍ ഹിപ്പോളിറ്റസ്സു സാര്‍ദീനിയായിലേക്കു നാടുകടത്തപ്പെട്ടു; അവിടെവച്ച് അദ്ദേഹം തിരുസ്സഭയോടു രമ്യപ്പെട്ടു. വിപ്രവാസത്തില്‍ അനുഭവിച്ച കഷ്ടതകള്‍ അദ്ദേഹത്തിന്റെ ആയുസ്സു എടുത്തുകളഞ്ഞു. ഹിപ്പോളിറ്റസ്സിനെ വിശുദ്ധനായിട്ടാണു തിരുസ്സഭ വണങ്ങുന്നത്.

ഒക്ടോബര്‍ 12: വിശുദ്ധ വില്‍ഫ്രഡ് മെത്രാന്‍

ബ്രിട്ടീഷ് ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെടുത്തിയ വില്‍ഫ്രിഡ് നോര്‍ത്തമ്പര്‍ലന്റില്‍ ജനിച്ചു. പതിന്നാലു വയസ്സുള്ളപ്പോള്‍ ലിന്റിസുഫാണ്‍ ആശ്രമത്തില്‍ ദൈവശാസ്ത്രം പഠിക്കാന്‍ തുടങ്ങി. തുടര്‍ന്നു കാന്റര്‍ബറിയില്‍ പഠിക്കുകയും റോമയിലേക്ക് ഒരു യാത്ര ചെയ്യുകയുമുണ്ടായി. ഒരുകൊല്ലം ലിയോണ്‍സില്‍ അദ്ദേഹം താമസിച്ചു. അവിടെ ഒരു നല്ല വിവാഹാലോചന വന്നപ്പോള്‍ സമര്‍പ്പിത ജീവിതത്തിനുള്ള തന്റെ ആഗ്രഹം പ്രകടമാക്കി. മടങ്ങി റോമിലെത്തി ‘രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു. ലിയോണ്‍സിലേക്കു മടങ്ങി അദ്ദേഹം ആര്‍ച്ചുബിഷപ്പു ഡെല്‍ഫീനൂസിന്റെകൂടെ മൂന്നു കൊല്ലം താമസിച്ചു. 658-ല്‍ ആര്‍ച്ചുബിഷപ്പിനെ ക്രിസ്തുവിരോധികള്‍ വധിച്ചു. തന്റെ വത്സല പിതാവിനെ സംസ്‌ക്കരിച്ചശേഷം വില്‍ഫ്രിഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഡെയിറികളുടെ രാജാവ് അലെഫിഡ് സന്തോഷപൂര്‍വ്വം വില്‍ഫ്രഡിനെ സ്വാഗതം ചെയ്തു, മാത്രമല്ല ഒരാശ്രമത്തിനു വേണ്ട സ്ഥലവും അദ്ദേഹത്തിനു കൊടുത്തു. റിപ്പണ്‍ എന്ന സ്ഥലത്ത് അദ്ദേഹം ഒരാശ്രമം ആരംഭിച്ചു.
664-ല്‍ വില്‍ഫ്രിഡിനെ ലിന്റിസുഫാണിലെ മെത്രാനാക്കി; അഞ്ചുകൊല്ലത്തിനുശേഷം അദ്ദേഹത്തെ യോര്‍ക്കിലേക്കുമാറ്റി. അവിടെ അദ്ദേഹത്തിന് ദുഷ്ടരാജാക്കന്മാരുടെ ദുര്‍മ്മോഹങ്ങള്‍ക്കും ലൗകായതികരായ മെത്രാന്മാരുടെ ഭീരുത്വത്തിനും ഭക്തജനങ്ങളുടെ അബദ്ധങ്ങള്‍ക്കുമെതിരെ അടരാടേണ്ടിവന്നു. രണ്ടു പ്രാവശ്യം അദ്ദേഹം നാടുകടത്തപ്പെട്ടു. ഒരിക്കല്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു; അവസാനം അദ്ദേഹം വിജയം വരിച്ചു. അനേകം വര്‍ഷങ്ങളായി വന്നുകൂടിയ അഴിമതികള്‍ നീക്കി കത്തോലിക്കാജീവിതം പ്രാവര്‍ത്തികമാക്കി. 709 ഒക്ടോബര്‍ 12-ാം തീയതി ബിഷപ്പു വില്‍ഫ്രിഡ് തന്റെ സമ്മാനം വാങ്ങാനായി കര്‍ത്താവിങ്കലേക്കു പോയി. മരണനേരത്തു മാലാഖമാരുടെ മധുരമായ ഗാനങ്ങള്‍ ശ്രവ്യമായിരുന്നുവെന്നു ജീവചരിത്രകാരന്മാര്‍ പറയുന്നു.

ഒക്ടോബര്‍ 11: വിശുദ്ധ ടരാക്കുസും പ്രാബൂസും അന്‍ഡ്രോണിക്കൂസും

ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയ്ക്കു സിലീസിയായില്‍ ദൈവത്തെ മഹത്വപ്പെടുത്തിയ മൂന്നു രക്തസാക്ഷികളാണിവര്‍.

ടരാക്കൂസ് ഒരു റോമന്‍ സൈനികനാണ്. ക്രിസ്തീയ വിശ്വാസത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിനു നിര്‍ബന്ധിക്കപ്പെടാതിരിക്കാന്‍ 65-ാമത്തെ വയസ്സില്‍ സൈന്യത്തില്‍നിന്നു പിരിഞ്ഞുപോന്നു.

പ്രാബൂസു പംഫീലിയാക്കാരനാണ്. ഒരു വലിയ സംഖ്യ കൊടുത്തു ക്രിസ്തുവിനെ സേവിക്കാനുള്ള സ്വാതന്ത്യം അദ്ദേഹം വാങ്ങി. അന്‍ഡ്രോണിക്ക്യൂസ് എഫേസൂസിലെ ഒരു പ്രധാന കുടുംബാംഗമാണ്.

304-ല്‍ മതമര്‍ദ്ദനം സര്‍വ്വവ്യാപകമാക്കിയപ്പോള്‍ ഈ മൂന്നുപേരേയും അറസ്റ്റു ചെയ്തു ടാര്‍സൂസിലേക്കു കൊണ്ടുപോയി. അവിടെവച്ചു ഗവര്‍ണര്‍ മാക്‌സിമൂസ് ഈ മൂന്നു രക്തസാക്ഷികളോടു നടത്തിയ സംഭാഷണം പ്രോകണ്‍സുലര്‍ രേഖയില്‍ ചേര്‍ത്തിരുന്നു.

ഗവര്‍ണരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന മറുപടി അല്പ വിശ്വാസികളെ ഇളക്കാതിരിക്കയില്ല. ടരാക്കൂസിനെ പ്രഹരിപ്പിച്ചപ്പോള്‍ അദ്ദേഹം ഗവര്‍ണറോടു പറഞ്ഞു: ‘അങ്ങ് എന്നെ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജ്ഞനാക്കിയിരിക്കുന്നു. സര്‍വ്വേശ്വരനിലും യേശു ക്രിസ്തുവിലുമുള്ള എന്റെ ശരണം വര്‍ദ്ധിച്ചിരിക്കുന്നു.’

പ്രോബൂസ് ഇങ്ങനെ ഗവര്‍ണരോടു പറഞ്ഞു: ‘അങ്ങ യുടെ മര്‍ദ്ദനങ്ങള്‍ എനിക്കു സൗരഭ്യമാണ്. യേശുക്രിസ്തു വിനെപ്രതി എത്രകണ്ടു കൂടുതല്‍ സഹിക്കുന്നുവോ അത്രകണ്ട് എന്റെ ആത്മാവ് ശക്തിപ്പെടുന്നു.’

മര്‍ദ്ദനങ്ങളെ സ്മരിച്ചുകൊണ്ടു മൂഢമായി വ്യാപരിക്കാതിരിക്കുക എന്നു ഗവര്‍ണര്‍ അന്‍ഡ്രോണിക്കുസിനോടു പറഞ്ഞ പ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു ഈ മൗഢ്യം ആവശ്യമാണ്. ഭൗമികവിജ്ഞാനം നിത്യനാശത്തിലേക്കാണു നയിക്കുക.’

വിചാരണ കഴിഞ്ഞു മര്‍ദ്ദിതരായ ഈ ക്രിസ്ത്യാനികളെ മല്ലരംഗത്തു നിറുത്തി വന്യമൃഗങ്ങളെ അഴിച്ചുവിട്ടു. അനേകരെ കൊന്നു തിന്നിട്ടുള്ള സിംഹവും സിംഹിയും കരടിയും ഈ ക്രിസ്തുദാസന്മാരുടെ പാദങ്ങള്‍ സ്‌നേഹപൂര്‍വ്വം നക്കിത്തോര്‍ത്തിയതേയുള്ളു. ഇതുകണ്ടു ക്രുദ്ധനായ ഗവര്‍ണര്‍ കരടിയെ അടിച്ചുകൊല്ലാന്‍ ആജ്ഞാപിച്ചു. സിംഹത്തെ കുത്തി വേദനിപ്പിച്ചു നോക്കി. സിംഹി ഗര്‍ജ്ജിച്ചു മല്ലരംഗത്തുനിന്നു പോന്നപ്പോള്‍ ഗവര്‍ണര്‍ ഭയന്ന് അതിനെ കൂട്ടിലേക്ക് പ്രവേശിപ്പിച്ചു. അനന്തരം മല്ലന്മാരോട് ഈ മൂന്നു ക്രിസ്ത്യാനികളുടെ കഥ വാളുകൊണ്ട് അവസാനിപ്പിക്കാന്‍ ആജ്ഞാപിച്ചു. അങ്ങനെ മൂന്നു വിശുദ്ധരുണ്ടായി.

ഒക്ടോബര്‍ 9: വിശുദ്ധ ജോണ്‍ ലെയൊനാര്‍ഡി

മതപരിവര്‍ത്തനവും ട്രെന്റ് സൂനഹദോസും സമാപിച്ച ഉടനെ തിരുസ്സഭയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വളരെ അധികം അധ്വാനിച്ച ഒരു വൈദികനാണ് ജോണ്‍ ലെയോനാര്‍ഡി. അദ്ദേഹം ഇറ്റലിയില്‍ ലൂക്കാ എന്ന പ്രദേശത്തു ജനിച്ചു. ഏതാനും നാള്‍ ഔഷധവ്യാപാരത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും ആ തൊഴിലുപേക്ഷിച്ച്, ദൈവശാസ്ത്രം പഠിച്ച് 33-ാമത്തെ വയസ്സില്‍ വൈദികനായി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി പല യുവജനങ്ങളും അദ്ദേഹത്തിന്റെ സംരക്ഷണയില്‍ പുരോഹിത ശിക്ഷണം സ്വീകരിച്ചുപോന്നു.

ലൂക്കാ റിപ്പബ്ലിക്ക് സന്യാസസഭകള്‍ക്കെതിരായിരുന്നതിനാല്‍ 13-ാം ഗ്രിഗോറിയോസ് പാപ്പായുടെ അംഗീകാരത്തോടുകൂടി അദ്ദേഹം ദൈവമാതാവിന്റെ വൈദികരുടെ ഒരു സന്യാസ സഭ സമാരംഭിച്ചു. രാഷ്ട്രീയമായ കാരണങ്ങളാല്‍ സഭയ്ക്ക് എതിര്‍പ്പുണ്ടാകുകയും അദ്ദേഹത്തന് ജീവിതശിഷ്ടം ലൂക്കാനഗരത്തിനു പുറമേ വസിക്കേണ്ടതായും വന്നു. വിശുദ്ധ ഫിലിപ്പുനേരി അദ്ദേഹത്തിനു വളരെയേറെ പ്രോല്‍സാഹനം നല്കി.

1579-ല്‍ അദ്ദേഹം വേദപഠനത്തിനുള്ള സഖ്യം ആരംഭിച്ചു. റോമയിലെ പ്രൊപ്പഗാന്ററാ കോളേജിന്റെ സ്ഥാപകരില്‍ ഒരാളാണു അദ്ദേഹം. ഒരു ക്രിസ്തീയ തത്വസംഹിത അദ്ദേഹം പ്രസിദ്ധം ചെയ്തു. ലെയൊനാര്‍ഡിയുടെ സഭ ഇറ്റലിയില്‍ വളരെ നന്മ ചെയ്തു. 1595-ല്‍ ക്ലെമെന്റ് മാര്‍പ്പാപ്പാ അദ്ദേഹത്തിന്റെ സഭയ്ക്ക് അംഗീകാരം നല്കി. പ്ലേഗുബാധിതരെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുമ്പോള്‍, 68-ാമത്തെ വയസ്സില്‍ അദ്ദേഹം നിര്യാതനായി. 1938-ല്‍ 11-ാം പീയൂസു മാര്‍പ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു.

ഒക്ടോബര്‍ 8: വിശുദ്ധ ശിമയോന്‍

ജെറുസലേമില്‍ താമസിച്ചിരുന്ന ഒരു ഭക്തപുരോഹിതനായിരുന്നു ശിമയോന്‍. രക്ഷകനായ ക്രിസ്തു ജനിക്കുന്നതിനുമുമ്പു താന്‍ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളുപ്പെടുത്തിയിരുന്നു. അതിനാല്‍ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി പ്രാര്‍ത്ഥിച്ചും കഴിയുകയായിരുന്നു ഹില്ലെലിന്റെ പുത്രനായ ശിമയോന്‍. ദൈവചൈതന്യം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

ദൈവമാതാവിന്റെ ശുദ്ധീകരണത്തിന് മറിയവും യൗസേപ്പും ഉണ്ണിയെക്കൊണ്ടു ദൈവാലയത്തിലെത്തിയപ്പോള്‍ ശിമയോനും ദൈവാലയത്തിലെത്തി. ആ സമയത്ത് അവിടെ എത്തിയതും ആ കുഞ്ഞാണു വരാനിരിക്കുന്ന രക്ഷകനെന്നും ശിമയോന്‍ മനസ്സിലാക്കിയതും പരിശുദ്ധാത്മാവിന്റെ നിവേശനത്താലാണ്. അദ്ദേഹം ആ കുഞ്ഞിനെ കൈയിലെടുത്തു കൊണ്ടു ദൈവത്തെ ഇങ്ങനെ സ്തുതിച്ചു:

‘കര്‍ത്താവേ, അങ്ങയുടെ തിരുവചനമനുസരിച്ച് അങ്ങേ ദാസനെ സമാധാനത്തോടെ ഇനി വിട്ടയയ്ക്കണമേ. എല്ലാ ജനങ്ങള്‍ക്കുമായി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൊണ്ടുതന്നെ ഞാന്‍ കണ്ടുകഴിഞ്ഞു. അതു വിജാതീയര്‍ക്കു വെളിപ്പെടാനുള്ള പ്രകാശവും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്വവുമാണ്.’

ശെമയോന്‍ മറിയത്തോടു പറഞ്ഞു: ‘ഈ കുഞ്ഞ് അനേകരുടെ എതിര്‍പ്പിനു കാരണമാകും. നിന്റെ ഹൃദയത്തെ ഒരു വാള്‍ ഭേദിക്കും’ (ലൂക്കാ 2:25-35).

ഒക്ടോബര്‍ 6: വിശുദ്ധ ബ്രൂണോ

ബ്രൂണോ ജര്‍മ്മനിയില്‍ കോളോണ്‍ നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. റീംസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടേയും മഹത്വം എന്നു വിളിക്കപ്പെടത്തക്കവിധം ബ്രൂണോ പണ്ഡിതനും ദൈവഭക്തനുമായിരുന്നു.

റീംസ് മെത്രാന്റെ വക ഒരു വിദ്യാലയത്തില്‍ അദ്ദേഹം കുറേനാള്‍ പഠിച്ചിരുന്നു. അക്കാലത്തു ബ്രൂണോ റീംസ് രൂപതയുടെ താങ്ങായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 45 വയസ്സുള്ളപ്പോള്‍ ബ്രൂണോ റീംസ് രൂപത യുടെ ചാന്‍സലറായി. ഏഴാം ഗ്രിഗോറിയോസ് മാര്‍പാപ്പായുടെ താല്‍പര്യമനുസരിച്ച് വൈദികരുടെ വിശുദ്ധീകരണത്തിനായി അദ്ദേഹം അദ്ധ്വാനിച്ചുകൊണ്ടിരുന്നു.

അക്കാലത്തു താന്‍ ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ജീവിക്കുന്നതായി ഒരു സ്വപ്‌നം കണ്ടു. ലാന്റ്‌വിന്‍, സ്റ്റീഫന്‍ തുടങ്ങിയ കൂട്ടുകാരോടുകൂടി 1048-ല്‍ ഗ്രനോബിളില്‍ പോയി അവിടത്തെ ബിഷപ് വിശുദ്ധ ഹ്യൂഗിനോടു അദ്ദേഹത്തിന്റെ രൂപതയില്‍ ഒരു വിജനപ്രദേശത്ത് അധ്വാനിച്ചും പ്രാര്‍ത്ഥിച്ചും ജീവിക്കുവാന്‍ കുറെ സ്ഥലം വിട്ടുകൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. പുണ്യവാനായ മെത്രാന്‍ ചാര്‍തൂസ് എന്ന വിജനപ്രദേശം അവര്‍ക്കു ദാനം ചെയ്തു. അവിടെയാണ് കാര്‍ത്തുസിയന്‍ സഭയുടെ ആരംഭം. സഭയുടെ നാമം ഈ സ്ഥലത്തിന്റെ പേരില്‍നിന്നുണ്ടായിട്ടുള്ളതാണ്.

ബ്രൂണോ അവിടെ ഒരു പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ചു. ഓരോ സന്യാസിക്കും വെവ്വേറെ കൊച്ചുമുറികളുണ്ടാക്കി. കാലത്തും വൈകുന്നേരവും കാനോന നമസ്‌ക്കാരത്തിനു മാത്രം അവര്‍ ഒരുമിച്ചുകൂടിയിരുന്നു. ശേഷം സമയമെല്ലാം ഏകാന്തമായ പ്രാര്‍ത്ഥനയും അദ്ധ്വാനവും മാത്രം. പ്രധാന തിരുനാളുകളില്‍ ഒരുമിച്ചു ഭക്ഷിച്ചിരുന്നു. കയ്യെഴുത്തുപ്രതികള്‍ പകര്‍ത്തുകയായിരുന്നു അവരുടെ പ്രധാന ജോലി.

ആറു കൊല്ലത്തിനു ശേഷം ബ്രൂണോയുടെ വിശുദ്ധിയെപ്പറ്റി കേട്ടറിഞ്ഞ് ഉര്‍ബന്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ റോമയിലേക്ക് വിളിച്ചു. ചാര്‍ടൂസിലെന്നപോലെ റോമയിലും ബ്രൂണോ ജീവിച്ചുകൊണ്ടിരുന്നു. എങ്കിലും നഗരത്തിലെ ബഹളങ്ങള്‍ അദ്ദേഹത്തിന്റെ ഏകാന്തതയെ ഭഞ്ജിച്ചിരുന്നു. പല സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് അവസാനം അദ്ദേഹം നഗരം വിട്ടു പോകാന്‍ അനുവാദം വാങ്ങി കലാബ്രിയായിലേക്കു മടങ്ങി.

കഠിനമായ ജീവിതനിഷ്ഠയാണ് കാര്‍ത്തൂസിയന്‍ സഭയുടേതെങ്കിലും 71-ാമത്തെ വയസ്സിലേ ബ്രൂണോ അന്തരിച്ചുള്ളൂ. പ്രവര്‍ത്തനങ്ങളുടെ ആവശ്യം എത്രയും വലുതാണെന്നിരുന്നാലും ധ്യാനാത്മകമായ സന്യാസ സഭകള്‍ക്കു ക്രിസ്തുവിന്റെ ഭൗതികശരീരത്തില്‍ അമൂല്യമായ സ്ഥാനമുണ്ടെന്നുള്ള വത്തിക്കാന്‍ സൂനഹദോസിന്റെ പ്രഖ്യാപനം കാര്‍ത്തൂസിയന്‍ സഭ ന്യായീകരിക്കുന്നുണ്ട്.

ഒക്ടോബര്‍ 5: വിശുദ്ധ പ്ലാസിഡും കൂട്ടരും

വിശുദ്ധ ബെനഡിക്ട് സുബുലാക്കോയില്‍ താമസിക്കുമ്പോള്‍ നാട്ടുകാര്‍ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏല്‍പിക്കാറുണ്ടായിരുന്നു. 522-ല്‍ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടു വയസുകാരനും പ്ലാസിഡ് എന്നു പേരുള്ള ഒരു ഏഴു വയസുകാരനും വിശുദ്ധ ബെനഡിക്ടിന്റെ കൂടെ താമസിക്കാനിടയായി.

ഒരു ദിവസം പ്ലാസിഡ് ആശ്രമത്തിനരികെയുള്ള കുളത്തില്‍ വീണു. മുറിയില്‍നിന്ന് കാര്യം ഗ്രഹിച്ച വിശുദ്ധ ബെനഡിക്ട് മൗറൂസിനോട് ഓടിപ്പോയി പ്ലാസിഡിനെ രക്ഷിക്കാന്‍ പറഞ്ഞു. മൗറൂസ് ഓടിയെത്തിയപ്പോള്‍ പ്ലാസിഡ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മൗറൂസ് കുട്ടിയെ രക്ഷിച്ചു.

വിശുദ്ധ ബെനഡിക്ടിന്റെ സംരക്ഷണത്തില്‍ രണ്ടു കുട്ടികളും പുണ്യത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്നു. സന്തുഷ്ടനായ ബെനഡിക്ട് 528-ല്‍ പ്ലാസിഡിനെ മോന്തെകസീനോയിലേക്കുകൊണ്ടുപോയി. മെസ്സീനായ്ക്ക് സമീപം വിശുദ്ധ ബെനഡിക്ട് ഒരു പുതിയ ആശ്രമം സ്ഥാപിച്ചു പ്ലാസിഡിനെ അതിന്റെ ആബട്ടായി നിയമിച്ചു.

പുതിയ ആശ്രമത്തിനുവേണ്ട സ്ഥലം പ്ലാസിഡിന്റെ പിതാവ് ടെര്‍ടുള്ളു ദാനം ചെയ്തതാണ്. 541-ല്‍ ആബട്ട് പ്ലാസിഡുതന്നെ മെദീനായില്‍ ഒരാശ്രമം സ്ഥാപിച്ചു. അന്ന് അദ്ദേഹത്തിന് 26 വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ. പ്രായശ്ചിത്തങ്ങളും ഏകാന്തതയുമാണ് സന്യാസത്തിന്റെ പ്രധാന ഘടകങ്ങളെന്ന് മനസ്സിലാക്കി ആബട്ട് പ്ലാസിഡ് ഈ ചൈതന്യം തന്റെ ആശ്രമങ്ങളില്‍ സംരക്ഷിച്ചുപോന്നു.

സിസിലിയില്‍ നാലഞ്ചു കൊല്ലമേ ഇങ്ങനെ താമസിക്കാന്‍ കഴിഞ്ഞുള്ളൂ. 546-ല്‍ ആഫ്രിക്കന്‍ കാട്ടുജാതിക്കാര്‍ സിസിലിയിലേക്ക് കടന്നു. ക്രിസ്തുമതത്തോടുള്ള വെറുപ്പുനിമിത്തം പ്ലാസിഡിനേയും കൂട്ടുകാരേയും വാളിനിരയാക്കി. ആശ്രമത്തിന് തീകൊളുത്തി. ആകെ മുപ്പത് സന്യാസികളെയാണ് വധിച്ചത്. അവരില്‍ പ്ലാസിഡിന്റെ രണ്ട് സഹോദരന്മാര്‍ എവുറ്റിക്കൂസും വിക്‌ടൊറിനൂസും ഉള്‍പ്പെടുന്നു. അന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നിരുന്ന സ്വന്തം സഹോദരി ഫ്‌ളാവിയായും കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 4: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി

അസീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്രവ്യാപാരിയായ പീറ്റര്‍ ബെര്‍ണാര്‍ഡിന്റെ മൂത്തമകനാണു വിശുദ്ധ ഫ്രാന്‍സിസ്. അമ്മ മകനെ പ്രസവിക്കാറായപ്പോള്‍ ഒരജ്ഞാത മനുഷ്യന്‍ ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്ക് പോകുവാന്‍ ഉപദേശിച്ചു. അവള്‍ അങ്ങനെ ചെയ്യുകയും ഫ്രാന്‍സിസ് ക്രിസ്തുവിനേപ്പോലെ കാലിത്തൊഴുത്തില്‍ ജനിക്കുകയും ചെയ്തുവെന്ന് ഒരു ഐതിഹ്യമുണ്ട്.

ഫ്രാന്‍സിസ് ഫ്രഞ്ചും ലാറ്റിനും കൈവശമാക്കി. യുവമേളകളില്‍ അദ്ദേഹം യഥേഷ്ടം പങ്കെടുത്തിരുന്നു. പിതാവ് ദാനധര്‍മ്മം നിരുല്‍സാഹപ്പെടുത്തിയിരുന്നതിനാല്‍ ഫ്രാന്‍സിസ് ഭിക്ഷുക്കളെ അവഗണിക്കുകയായിരുന്നു; എങ്കിലും ദരിദ്രരോടുള്ള അനുകമ്പ അദ്ദേഹത്തില്‍ അന്തര്‍ലീനമായിക്കിടന്നു. ഒരിക്കല്‍ പിതാവിന്റെ കടയിലിരുന്ന് പട്ടുവസ്ത്രം വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഷ്ഠരോഗി സഹായം അഭ്യര്‍ത്ഥിച്ചു. ആദ്യം അത് നിഷേധിച്ചു. പിന്നീട് പെട്ടിയില്‍നിന്ന് ഒരുപിടി പണം വാരിയെടുത്ത് ഭിക്ഷുവിന്റെ കൈയില്‍ ഇട്ടുകൊടുത്തു. ഭിക്ഷുവിനെ ആശ്‌ളേഷിച്ചു. വഴി യാത്രകളിലും ഈ സംഭവം ആവര്‍ത്തിച്ചിട്ടുണ്ട്. ഭിക്ഷുവായ കുഷ്ഠരോഗിയെ ആശ്ലേഷിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചാലെന്നപോലെ ഒരനുഭവമാണുണ്ടായിരുന്നത്.

ലൗകായതികത്വവും ദൈവസ്‌നേഹവും കലര്‍ന്ന ആ ജീവിതത്തില്‍ കൂട്ടുകാരോടുകൂടെ ഉല്ലസിച്ചിരുന്ന ഒരു രാത്രി ഫ്രാന്‍സിസും ദൈവത്തിന്റെ സ്വരം കേട്ടു: ‘ആരെ സേവിക്കയാണുത്തമം. യജമാനനെയോ ദാസനേയോ?’ ‘യജമാനനെത്തന്നെ’ എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. ‘എന്നാല്‍ വീട്ടിലേയ്ക്കു മടങ്ങൂ. പിന്നീട് എന്തു ചെയ്യണമെന്ന് അവിടെ ചെല്ലുമ്പോള്‍ അറിയിക്കാം.’ അങ്ങനെ പുതിയ ജീവിതം ആരംഭിച്ചു.

അക്കാലത്ത് വിശുദ്ധ പീറ്റര്‍ ഡാമിയന്റെ ദേവാലയം കേടുവന്നുകിടക്കു ന്നതും താന്‍ അത് താങ്ങിയിരിക്കുന്നതും ഫ്രാന്‍സിസ് സ്വപ്‌നത്തില്‍ കണ്ടു. അദ്ദേഹം ഉടനെ വീട്ടില്‍നിന്ന് പണമെടുത്തു ദേവാലയം കേടുപോക്കി. പിതാവ് ഫ്രാന്‍സിസിനെ അടിച്ചു; മെത്രാനച്ചനോട് പരാതിപ്പെടുകയും ചെയ്തു. ഫ്രാന്‍സിസ് അരമനയില്‍ ചെന്ന് വിലപിടിച്ച തന്റെ വസ്ത്രങ്ങള്‍ അഴിച്ചുവച്ച് അവയും കുടുംബസ്വത്തിലുള്ള തന്റെ ഓഹരിയും പിതാവ് യഥേഷ്ടം ഉപയോഗിച്ചുകൊള്ളട്ടെ എന്ന രേഖപ്പെടുത്തി ഒരു രോമവസ്ത്രത്തോടെ തെരുവീഥിയിലേക്കിറങ്ങി.

ഫ്രാന്‍സിസു തന്നോടുതന്നെ പറഞ്ഞു: ‘ഇനിമേല്‍ ദൈവം മാത്രമേ എനിക്ക് പിതാവായിട്ടുള്ളൂ. എനിക്കിപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന് പരമാര്‍ത്ഥമായി വിളിക്കാം.’ ‘എന്റെ ദൈവമേ, എന്റെ സര്‍വസ്വമേ’ എന്ന തായി ജീവിതതത്വം.

തെരുവീഥിയിലേക്കിറങ്ങിയ ഫ്രാന്‍സിസിന് ശിഷ്യന്മാര്‍ ധാരാളമുണ്ടായി. അങ്ങനെ ഫ്രാന്‍സിസ്‌ക്കന്‍ സഭ ആരംഭിച്ചു. ആറു പട്ടംവരെ അദ്ദേഹം സ്വീകരിച്ചു; എന്നാല്‍ പൗരോഹിത്യം സ്വീകരിക്കാന്‍ വിനയം അനുവദിച്ചില്ല.

കുമാരി ദാരിദ്ര്യവും ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം പ്രസിദ്ധമാണ്. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണമേ’ എന്ന പ്രാര്‍ത്ഥന. സൂര്യകീര്‍ത്തനം മുതലായവ അനേകരെ സ്പര്‍ശിച്ചിട്ടുള്ള കൃതികളാണ്. സൂര്യചന്ദ്രനക്ഷത്രാദികളും സസ്യലതാദികളുമെല്ലാം ഫ്രാന്‍സിസിന് സഹോദരരാണ്; അവയും ദൈവത്തിന്റെ സൃഷ്ടികളല്ലേ?

മരണശയ്യയില്‍ ‘സൂര്യകീര്‍ത്തന’ത്തിന്റെ അന്തിമവാക്യം കൂട്ടിച്ചേര്‍ത്തു: ‘സഹോദരി മരണത്തെ പ്രതി കര്‍ത്താവ് സ്തുതിക്കപ്പെടട്ടെ. എളിമയുടേയും ദാരിദ്ര്യത്തിന്റെയും മൂര്‍ത്തീകരണമായ ഫ്രാന്‍സിസ് നഗ്‌നമായി തറയില്‍ കിടന്ന് മരിക്കുകയാണ് ചെയ്തത്. മരിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് ക്രിസ്തു തന്റെ പഞ്ചക്ഷ തങ്ങള്‍ അദ്ദേഹത്തില്‍ പതിക്കുകയുണ്ടായി.

https://malabarvisiononline.com/wp-content/uploads/2024/10/Francis-Assissi.mp4

ഒക്ടോബര്‍ 3: ബാഞ്ഞിലെ ജെറാര്‍ദ്

ബെല്‍ജിയത്തില്‍ നാമൂര്‍ എന്ന പ്രദേശത്ത് ജെറാര്‍ദ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവ്വനത്തില്‍ ലഭിച്ചത്. 918-ല്‍ ജെറാര്‍ദിനെ ഫ്രഞ്ചു രാജാവിന്റെ അടുക്കലേക്ക് നാമൂര്‍ പ്രഭു ഒരു സന്ദേശവുമായി അയയ്ക്കുകയുണ്ടായി. മധുരപ്രകൃതിയായ ജെറാര്‍ദ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. സന്ദേശം രാജാവിനു കൊടുത്തശേഷം ഫ്രാന്‍സില്‍ കുറേനാള്‍ താമസിക്കാനിടയാകുകയും പ്രാര്‍ത്ഥനാ പ്രിയനായ ജെറാര്‍ദ് വിശുദ്ധ ഡെനിസ്സിന്റെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും ചെയ്തു. പതിനൊന്നുകൊല്ലം പ്രസ്തുത ആശ്രമത്തില്‍ ജെറാര്‍ദ് താമസിച്ചു. അവര്‍ അദ്ദേഹത്തെ പുരോഹിതനാക്കി ഉയര്‍ത്തി.

പുരോഹിതനായശേഷം ജെറാര്‍ദ് സ്വരാജ്യത്തേക്കു മടങ്ങി. ബ്രോത്ത് എന്ന സ്ഥലത്ത് സ്വന്തം ഭൂമിയില്‍ ഒരാശ്രമം സ്ഥാപിച്ച് 22 കൊല്ലം അതിലെ ആബട്ടായി താമസിച്ചു. പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും സന്യാസികളില്‍ പ്രോല്‍സാഹിപ്പിക്കാനായി ഫ്‌ളാന്റെഴ്‌സ്, ലൊറെയിന്‍, ഷാമ്പയിന്‍ എന്നീ സ്ഥലങ്ങളിലെ ആശ്രമങ്ങളിലെല്ലാം വിശുദ്ധ ബെനഡിക്ടിന്റെ നിയമം അദ്ദേഹം പ്രചരിപ്പിച്ചു. തല്‍ഫലമായി ബെനഡികടന്‍ സഭയ്ക്ക് അദ്ദേഹത്തിന്റെ കാലം ഒരു വസന്തം തന്നെയായിരുന്നു. കര്‍ത്താവിന്റെ ഈ വിശ്വസ്തദാസന്‍ പ്രായശ്ചിത്തം കൊണ്ടും അധ്വാനം കൊണ്ടും ക്ഷീണിച്ചു 959-ല്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

ഒക്ടോബര്‍ 2: കാവല്‍ മാലാഖമാര്‍

കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോ ഇപ്രകാരം അരുള്‍ചെയ്തു: ഈ കുട്ടികളില്‍ ആരേയും നിന്ദിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദര്‍ശിച്ചുകൊണ്ടാണിരിക്കുന്നതെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (മത്താ 18:10) . ഈ വാക്കുകളില്‍നിന്ന് ഓരോ മനുഷ്യനും ഓരോ കാവല്‍മാലാഖയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണല്ലോ. ഓരോ രാജ്യത്തിനും ഓരോ നഗരത്തിനും ഓരോ സ്ഥാപനത്തിനും ഓരോ കാവല്‍മാലാഖയുണ്ടെന്ന് അഭിപ്രായമുണ്ട്.
മാലാഖമാരെപ്പറ്റി പഴയനിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപാദിച്ചിരിക്കുന്നതായി കാണാം. മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നിവരുടെ പേരുപറഞ്ഞ് വിവരിച്ചിട്ടുണ്ട്. മാലാഖമാര്‍ സര്‍വഥാ അരൂപികളാണ്. ചിറകുകളോടുകൂടി മാലാഖമാരെ ചിത്രിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചിറകുകളുമില്ല, ശരീരവുമില്ല. ലോകസൃഷ്ടിയോടുകൂടെ മാലാഖമാരേയും ദൈവം സൃഷ്ടിച്ചു. അവരില്‍ ചിലര്‍ അഹങ്കാരം നിമിത്തം പാപം ചെയ്തു ദൈവകോപത്തിന് വിധേയരായി. അവരാണ് പിശാചുക്കള്‍ അഥവാ അധഃപതിച്ച മാലാഖമാര്‍.
മാലാഖമാരുടെ പരിപൂര്‍ണ്ണതയനുസരിച്ച് മൂന്നു ഹയരാര്‍ക്കികളുണ്ട്; ഓരോ ഹയരാര്‍ക്കിയിലും മൂന്നു വൃന്ദങ്ങളുണ്ട്. (1) സ്രാപ്പേന്മാര്‍, കെരൂബുകള്‍, സിംഹാസനങ്ങള്‍. (2) അധികാരികള്‍, ശക്തികള്‍, ബലവത്തുക്കള്‍ (3) പ്രധാനികള്‍, മുഖ്യദൈവദൂതന്മാര്‍, ദൈവദൂതന്മാര്‍. ദൈവദൂതന്മാര്‍ അഥവാ മാലാഖമാര്‍ എന്ന പദം 9വൃന്ദം മാലാഖമാരെപ്പറ്റിയും പ്രയോഗിക്കുമെങ്കിലും കാവല്‍ മാലാഖമാര്‍ ഈ ഒമ്പതാമത്തെ വൃന്ദത്തില്‍നിന്നു മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അവര്‍ നമ്മളെ കാത്തുകൊണ്ടിരിക്കുന്നു. അവരോട് നമുക്ക് സ്‌നേഹവും കൃതജ്ഞതയും ഉണ്ടായിരിക്കേണ്ടതാണ്. പാപത്തിന്റെ ഗൗരവം കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ കരയുന്ന കാവല്‍ മാലാഖയെ കുട്ടിയുടെ അടുക്കല്‍ നിറുത്തിയിരിക്കുന്ന ചിത്രമുണ്ട്. മാലാഖമാര്‍ക്ക് കരയുവാനോ ചിരിക്കുവാനോ കഴിയുകയില്ലെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ പ്രതീകമായിരിക്കും അവരുടെ കരയലും വാദ്യഘോഷങ്ങളും കാഹളവിളികളും.
‘എന്റെ കാവല്‍മാലാഖേ, അങ്ങയുടെ സൂക്ഷത്തിന് ഏലപിച്ചിരിക്കുന്ന എന്നെ കാത്തുസൂക്ഷിക്കണമേ, ഭരിച്ച് പരിപാലിക്കണമേ, ബുദ്ധിക്കു പ്രകാശം നല്കണമേ. എന്റെ സ്‌നേഹവും കൃതജ്ഞതയും അങ്ങ് സ്വീകരിക്കേണമേ’ എന്നു പ്രഭാതത്തിലും രാത്രി വിശ്രമത്തിനുമുമ്പും ചൊല്ലുന്നത് ഉത്തമമാണ്.
കാവല്‍ മാലാഖമാര്‍ റോമിലെ വിശുദ്ധ ഫ്രാന്‍സിസ്, ജെമ്മാ ഗല്‍ഗാനി മുതലായ പല വിശുദ്ധന്മാര്‍ക്കും ദൃശ്യരായിട്ടുണ്ട്; സേവനങ്ങള്‍ ചെയ്തുകൊടുത്തതായും പറയുന്നുണ്ട്.

സ്റ്റാറ്റസ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ:

https://malabarvisiononline.com/wp-content/uploads/2024/09/Kaval-Malakha.mp4
Exit mobile version