ക്യൂബയുടെ ജ്ഞാനപിതാവ്, മിഷനറി, ക്ലാരേഷ്യന്‍ സഭാ സ്ഥാപകന്‍, സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്, രാജ്ഞിയുടെ ചാപ്‌ളിന്‍, ലേഖകന്‍, പ്രസാധകന്‍, ആര്‍ച്ചുബിഷപ്പ് എന്നീ നിലകളില്‍ പ്രശോഭിച്ചിട്ടുള്ള ഒരു സ്‌പെയിന്‍കാരനാണ് ആന്റണി ക്ലാരറ്റ്. 1807-ലേ ക്രിസ്മസ്സിന്റെ തലേദിവസം അദ്ദേഹം ജനിച്ചു. ഇടവക പള്ളിക്കൂടത്തിലെ എത്രയും സമര്‍ ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു ആന്റണി. പത്താമത്തെ വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. അന്ന് പ്രകടമായ ദൈവഭക്തി പൗരോഹിത്യത്തിനുള്ള ദൈവവിളിയുടെ ലക്ഷണമായി ഇടവകവൈദികന്‍ അഭിപ്രായപ്പെട്ടു. പിതാവിന്റെ തൊഴില്‍ നെയ്ത്തായിരുന്നു. ആന്റണി അതില്‍ത്തന്നെ വ്യാപൃതനായി; അതേസമയം ലത്തീനും പഠിച്ചു. പിന്നീട് സെമ്മിനാരിയില്‍ ചേര്‍ന്നു ദൈവശാസ്ത്രപഠനം നടത്തി. 1835-ല്‍ വൈദികനായി.
പത്തുവര്‍ഷം ഫാദര്‍ ആന്റണി ധ്യാനപ്രസംഗങ്ങള്‍ നടത്തി. വിശുദ്ധ കുര്‍ബാനയോടും മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടും ജപമാലയോടുമുള്ള ഭക്തിക്ക് പ്രസംഗത്തില്‍ വലിയ സ്ഥാനം നല്കിയിരുന്നു. 42-ാമത്തെ വയസ്സില്‍ അഞ്ചു യുവവൈദികരെ ചേര്‍ത്തു ”മറിയത്തിന്റെ വിമല ഹൃദയത്തിന്റെ സഭ” ആരംഭിച്ചു. ഇന്ന് അവര്‍ ക്ലരേഷ്യന്‍സ് എന്നറിയപ്പെടുന്നു.
ഈ സഭ സ്ഥാപിച്ച ഉടനെതന്നെ ക്യൂബായിലെ സാന്തിയാഗോ രൂപതയുടെ ആര്‍ച്ചുബിഷപ്പായി ഫാദര്‍ ആന്റണി നിയമിതനായി. 1850 ഒക്ടോബര്‍ 6-ാം തീയതി ആയിരുന്നു മെത്രാഭിഷേകം; അടുത്തകൊല്ലംതന്നെ സാന്തിയാഗോയിലെത്തി രൂപതാ ഭരണമാരംഭിച്ചു. 14 കൊല്ലമായിട്ട് ആ രൂപതയ്ക്ക് മെത്രാനില്ലായിരുന്നു. വളരെ പണിപ്പെട്ട് അദ്ദേഹം ഇടര്‍ച്ചകള്‍ നീക്കി; വിടവുകള്‍ നികത്തി. വെള്ളക്കാരും നീഗ്രോകളും തമ്മിലുള്ള വിവാഹം ആര്‍ച്ചുബിഷപ്പ് തടയാഞ്ഞതിന് അദ്ദേഹത്തെ ചിലര്‍ ദേഹോപദ്രവം ചെയ്തു. അങ്ങനെയിരിക്കേ അദ്ദേഹത്തെ സ്പാനിഷു രാജ്ഞിയുടെ കുമ്പസാരക്കാരനായി വിളിച്ചു. കൊട്ടാരത്തില്‍ താമസിക്കാതെയും രാജകീയാഘോഷങ്ങളില്‍ പങ്കെടുക്കാതെയും ആ ജോലി ചെയ്യാമെന്ന് ആര്‍ച്ചുബിഷപ്പു സമ്മതിച്ചു. അക്കാലത്തും അദ്ദേഹം ഇടയനടുത്ത ജോലികള്‍ ചെയ്തു കൊണ്ടിരുന്നു. രഹസ്യ സംഘങ്ങള്‍ ഇസബല്ല രാജ്ഞിയെ നാടുകടത്തിയപ്പോള്‍ രാജ്ഞിയോടുകൂടെ ആര്‍ച്ചു ബിഷപ്പും പാരീസിലേക്കു പോന്നു. അവിടെ ഉണ്ടായിരുന്ന സ്പാനിഷുകാരുടെ ഇടയില്‍ ആര്‍ച്ചുബിഷപ്പ് പ്രേഷിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരുന്നു. ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്ത് മാര്‍പ്പാപ്പാമാരുടെ അപ്രമാദിത്വത്തെ പിന്താങ്ങി പ്രസംഗിച്ചു. സൂനഹദോസിനു ശേഷം ഫ്രാന്‍സില്‍ ഫോന്തുഫ്രോയിഡ് സിസ്റ്റേഴ്‌സിന്റെ ആശ്രമത്തില്‍ അദ്ദേഹം താമസമാക്കി. 1870 ഒക്ടോബര്‍ 24-ാം തീയതി ആര്‍ച്ചുബിഷപ്പ് തനിക്കുള്ള നിത്യസമ്മാനം വാങ്ങാന്‍ ഈ ലോകം വിട്ടു.