യുദ്ധങ്ങള്‍, സാമൂഹ്യ അനീതികള്‍, അസമത്വം, പട്ടിണി, ചൂഷണം തുടങ്ങിയ ദുരന്തങ്ങള്‍ നിരാശ വിതയ്ക്കുന്ന കാലഘട്ടത്തില്‍ തളരാതെ പ്രത്യാശയില്‍ മുന്നേറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 2024 നവംബര്‍ 24-ന് ആചരിക്കുന്ന മുപ്പത്തിയൊന്‍പതാമത് ലോക യുവജനദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ പ്രചോദനദായകമായ ഈ വാക്കുകള്‍.
‘കര്‍ത്താവില്‍ പ്രത്യാശവയ്ക്കുന്നവന്‍ തളരാതെ ഓടും’ (ഏശയ്യ 40: 31) എന്ന വചനമാണ് യുവജന ദിനാചരണത്തിന്റെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ന് യുവതീയുവാക്കള്‍ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്തിലാകുകയും, സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള വഴികള്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലാകുകയും അങ്ങനെ, അവര്‍ ആശയറ്റവരായി, വിരസതയുടെയും വിഷാദത്തിന്റെയും തടവുകാരായി ജീവിക്കേണ്ടി വരുന്ന അപകടത്തിലാകുകയും ചെയ്യുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ പറയുന്നു.
കര്‍ത്താവ് ഇന്നും അവര്‍ക്കു മുന്നില്‍ ഒരു വഴി തുറന്നിടുകയും സന്തോഷത്തോടും പ്രത്യാശയോടുംകൂടി ആ പാതയില്‍ സഞ്ചരിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. തളരാതെ മുന്നേറണമെന്നു പറഞ്ഞ പാപ്പാ, എന്നാല്‍ തളര്‍ച്ചയുണ്ടാകുമ്പോള്‍ വിശ്രമിക്കുകയല്ല പ്രതിവിധിയെന്നും യാത്ര തുടരുകയാണ് ചെയ്യേണ്ടതെന്നും പാപ്പ സന്ദേശത്തില്‍ പറയുന്നു.
ജീവിത തീര്‍ത്ഥാടനവും അതിന്റെ വെല്ലുവിളികളും, മരുഭൂവിലെ തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍ എന്നതില്‍ നിന്ന് തീര്‍ത്ഥാടകരിലേക്ക്, പ്രേഷിതദൗത്യത്തിനായുള്ള പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്നിങ്ങനെ നാല് ഉപശീര്‍ഷകങ്ങളിലായാണ് പാപ്പയുടെ സന്ദേശം.
12 ദിവസങ്ങള്‍ നീണ്ടു നിന്ന ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ പര്യടനം പൂര്‍ത്തിയായി. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച പാപ്പ വെള്ളിയാഴ്ച വത്തിക്കാനിലേക്ക് തിരിച്ചു.
അനാരോഗ്യം അലട്ടുന്ന 87-കാരനായ മാര്‍പാപ്പ, യാത്രയിലുടനീളം ഉന്മേഷവാനായിരുന്നു. നാലു രാജ്യങ്ങളിലായി നാല്‍പ്പതിലധികം ഔദ്യോഗിക പരിപാടികളിലാണ് പാപ്പ പങ്കെടുത്തത്. ഈസ്റ്റ് ടിമോറില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് ആറു ലക്ഷത്തോളം പേരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ 13 ലക്ഷത്തോളമേയുള്ളു. 96% കത്തോലിക്കരുള്ള ഈസ്റ്റ് തിമോര്‍, പാപ്പയുടെ പര്യടനത്തിലെ ഏക കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായിരുന്നു.
കാല്‍മുട്ടു വേദനയും നടുവേദനയും അനുഭവിക്കുന്ന മാര്‍പാപ്പ യാത്രയില്‍ വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നു. ഷെഡ്യൂള്‍ ചെയ്ത എല്ലാ പരിപാടികളിലും കൃത്യസമയത്ത് പാപ്പ പങ്കെടുത്തു.
മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് ദേശീയ ഗ്രാന്‍ഡ് ഇമാമുമായി ആഗോള കാലാവസ്ഥാ നടപടിക്ക് ആഹ്വാനം ചെയ്തുകൊണ്ട് സംയുക്ത പ്രഖ്യാപനം നടത്തി. കുറഞ്ഞ വേതനം ലഭിക്കുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കണമെന്ന് സിംഗപ്പൂര്‍ സര്‍ക്കാറിനോട് പാപ്പ അഭ്യര്‍ത്ഥിച്ചു.
പാപ്പുവ ന്യൂ ഗിനിയയില്‍, മാര്‍പ്പാപ്പ ഒരു വിദൂര വനഗ്രാമം സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം അക്രമത്തെ അപലപിക്കുകയും അന്ധവിശ്വാസത്തിലും മാന്ത്രികതയിലും വേരൂന്നിയ ആചാരങ്ങളെ നിരാകരിക്കുകയും ചെയ്തു. നാട്ടുകാര്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു.
ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ നാളെ സിംഗപ്പൂരിലെത്തും. തെക്കുകിഴക്കന്‍ ഏഷ്യയിലും ഓഷ്യാനിയയിലുടനീളമുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ അവസാന ഘട്ടമാണ് സിംഗപ്പൂര്‍ സന്ദര്‍ശനം. ഏഷ്യയിലെ സാമ്പത്തിക ശക്തി കേന്ദ്രമായ സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ഇതിനു മുമ്പ് 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ഇവിടം സന്ദര്‍ശിച്ചത്.
2020-ലെ സെന്‍സസ് പ്രകാരം സിംഗപ്പൂരില്‍ ബുദ്ധമതക്കാര്‍ ഏകദേശം 31% ആണ്. ജനസംഖ്യയുടെ അഞ്ചിലൊന്ന് പേര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ക്രിസ്ത്യാനികള്‍ ഏകദേശം 19 ശതമാനവും മുസ്ലീങ്ങള്‍ 15 ശതമാനവുമാണ്.
ബുധനാഴ്ച സിംഗപ്പൂരിലെത്തുന്ന പാപ്പ ജസ്യൂട്ട് വൈദികരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച പാര്‍ലമെന്റ് ഹൗസില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങ്, പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം 55,000 പേര്‍ക്ക് ഇരിക്കാവുന്ന ദേശീയ സ്റ്റേഡിയത്തില്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അയല്‍രാജ്യങ്ങളായ മലേഷ്യ, ബ്രൂണെ എന്നിവിടങ്ങളില്‍ നിന്നുമുള്ള കത്തോലിക്കരും ബലിയര്‍പ്പണത്തില്‍ പങ്കുചേരും.
അവസാന ദിവസം സെന്റ് തെരേസാസ് ഹോമിലെ വയോധികരെ പാപ്പ സന്ദര്‍ശിക്കും. കാത്തലിക് ജൂനിയര്‍ കോളേജില്‍ യുവാക്കള്‍ക്കായി മതസൗഹാര്‍ദ സംഗമവും നടത്തും.
തെക്കുകിഴക്കന്‍ ഏഷ്യയിലും ഓഷ്യാനിയയിലുടനീളമുള്ള അപ്പസ്‌തോലിക യാത്രയുടെ മൂന്നാം ഘട്ടത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ കിഴക്കന്‍ തിമോറിലെത്തി. പാപ്പുവ ന്യൂ ഗിനിയയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം തിമോറിലേക്ക് യാത്രതിരിച്ചത്.
കിഴക്കന്‍ തിമോറിലെ ആദ്യ പരിപാടി വൈകുന്നേരം ആറിന് പ്രസിഡന്‍ഷ്യല്‍ പാലസിലെ സ്വാഗത ചടങ്ങാണ്. തുടര്‍ന്ന്, 6:30-ന്, റിപ്പബ്ലിക് പ്രസിഡന്റുമൊത്ത് മാര്‍പാപ്പ രാഷ്ട്രപതി കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഏഴിന്, പ്രസിഡന്‍ഷ്യല്‍ പാലസ് ഹാളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ ഇര്‍മാസ് അല്‍മാ സ്‌കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികളെ സന്ദര്‍ശിക്കും. രാവിലെ 9.30-ന്, മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, സമര്‍പ്പിതര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, മതബോധന അധ്യാപകര്‍ എന്നിവരുമായി കത്തീഡ്രല്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍ കൂടിക്കാഴ്ച നടത്തും.
അപ്പോസ്‌തോലിക് ന്യൂണ്‍ഷിയേച്ചറില്‍ സൊസൈറ്റി ഓഫ് ജീസസ് അംഗങ്ങളുമായി മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം എസ്പ്ലനേഡില്‍ നടക്കുന്ന കുര്‍ബാനയോടെ കിഴക്കന്‍ തിമോറിലെ അപ്പസ്‌തോലിക് സന്ദര്‍ശനത്തിന് സമാപനമാകും. പിറ്റേന്ന് രാവിലെ മാര്‍പാപ്പ സിംഗപ്പൂരിലേക്ക് യാത്ര തിരിക്കും.
കിഴക്കന്‍ തിമോറിലെ ജനസംഖ്യയുടെ 97 ശതമാനവും കത്തോലിക്കരാണ്. 1989ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ശേഷം കിഴക്കന്‍ തിമോര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പ്പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര പ്രതിനിധികളും ഉന്നത അധികാരികളും പ്രമുഖ നേതാക്കളും പ്രസിഡന്‍ഷ്യല്‍ കൊട്ടരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇന്തോനേഷ്യന്‍ ജനത വിശ്വാസത്തിലും സാഹോദര്യത്തിലും അനുകമ്പയിലും വളരട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു. നന്മ തേടുന്നതില്‍ സാഹോദര്യത്തിന്റെ മനോഭാവം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ഐക്യം, സമത്വം, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, സുസ്ഥിര വികസനം, സമാധാനം എന്നിവയ്ക്കായി പരിശ്രമിക്കണമെന്നും പാപ്പ പറഞ്ഞു.
മതാന്തര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ‘സമാധാനപരവും ഫലവത്തായതുമായ ഐക്യം’ വളര്‍ത്തിയെടുക്കുന്നതിലും കത്തോലിക്കാ സഭയുടെ സഹായം ഫ്രാന്‍സിസ് മാര്‍പാപ്പ വാഗ്ദാനം ചെയ്തു. മതാന്തര സംവാദം മുന്‍വിധികള്‍ ഇല്ലാതാക്കാനും പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
45-ാമത് അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ജക്കാര്‍ത്തയിലെത്തി. ഇത്തവണത്തേത് ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്തോലിക് യാത്ര.
ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 45-ാമത് അപ്പസ്തോലിക് യാത്ര ഫ്രാന്‍സിസ് പാപ്പ ആരംഭിച്ചു. പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്തോലികയാത്രയാണിത്. വായു-കര മാര്‍ഗങ്ങളിലായി ഏകദേശം 32,814 കിലോമീറ്ററുകളാണ് പാപ്പാ ഇത്തവണ സഞ്ചരിക്കുന്നത്. പ്രായാധിക്യത്തിലും, ഇത്രദൂരം സഞ്ചരിക്കുന്നതിനു കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും യേശുവിന്റെ സ്നേഹവും, സാന്ത്വനവും എത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും, ജനങ്ങളോടുള്ള ആര്‍ദ്രതയുമാണ്.
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില സൂകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 11:19 ന് ഐടിഎ-എയര്‍വേസ് പേപ്പല്‍ വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തില്‍, പരിശുദ്ധ പിതാവ് തനിക്കൊപ്പമുള്ള മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തു.
ജക്കാര്‍ത്തയില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അപ്പസ്തോലിക് സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രത്യേക പരിപാടികളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ബുധനാഴ്ച മാര്‍പ്പാപ്പയ്ക്ക് തലസ്ഥാനത്ത് നിരവധി കൂടിക്കാഴ്ചകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ജക്കാര്‍ത്തയില്‍ മൂന്ന് രാത്രികള്‍ ചെലവഴിക്കും. ഇസ്തിഖ്‌ലാല്‍ മസ്ജിദില്‍ സര്‍വമത സമ്മേളനം നടത്തും.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മുമ്പ് രണ്ട് മാര്‍പാപ്പമാര്‍ ഇന്തോനേഷ്യ സന്ദര്‍ശിച്ചിരുന്നു: 1970-ല്‍ സെന്റ് പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും.
ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന മറ്റൊരു രാജ്യമായ പാപ്പുവ ന്യൂ ഗിനിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമാണ്, അവിടെ മൂന്നില്‍ ഒരാള്‍ കത്തോലിക്കരാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984-ല്‍ പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശിച്ചിരുന്നു. തലസ്ഥാനമായ പോര്‍ട്ട് മോര്‍സ്ബിയില്‍, വിശുദ്ധ കുര്‍ബാനയും തെരുവ് ശുശ്രൂഷകരായ കുട്ടികളുമായുള്ള കൂടിക്കാഴ്ചയും പാപ്പയുടെ ഷെഡ്യൂളിലുണ്ട്. കാരിത്താസ് ടെക്നിക്കല്‍ സെക്കന്‍ഡറി സ്‌കൂളും പാപ്പ സന്ദര്‍ശിക്കും. തീരദേശ പട്ടണമായ വാനിമോയിലെ മിഷനറിമാരുമായും പ്രാദേശിക വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തും.
മുമ്പ് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈസ്റ്റ് ടിമോറില്‍ 96 ശതമാനത്തിലധികം കത്തോലിക്കരാണ്. ഈസ്റ്റ് തിമോര്‍ ‘ഇന്തോനേഷ്യന്‍ അധിനിവേശത്തിന്‍’ കീഴിലായിരുന്ന 1989-ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ഇവിടം സന്ദര്‍ശിച്ച മാര്‍പാപ്പ.
‘വിശ്വാസം നിങ്ങളുടെ സംസ്‌കാരമായിരിക്കട്ടെ’ എന്ന മുദ്രാവാക്യത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക. ഭിന്നശേഷിക്കാരായ കുട്ടികളുമായും ജസ്യൂട്ട് വൈദികരുമായും കൂടിക്കാഴ്ച നടത്തും.
അപ്പസ്തോലിക് സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദ്വീപ് രാഷ്ട്രമായ സിംഗപ്പൂര്‍ സന്ദര്‍ശിക്കും. 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇവിടം സന്ദര്‍ശിച്ച അവസാന മാര്‍പാപ്പ. സിംഗപ്പൂരിലെ ജനസംഖ്യയുടെ ആറ് ശതമാനത്തോളം കത്തോലിക്കരാണ്. കത്തോലിക്കാ ജൂനിയര്‍ കോളജിലെ വിദ്യാര്‍ത്ഥികളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തും.
മുത്തശ്ശി- മുത്തശ്ശന്‍മാരുടെയും വയോജനങ്ങളുടെയും ദിനമായ ജൂലൈ 28നു പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. രോഗിയോ, ഏകാന്തതയോ, അംഗവൈകല്യമുള്ളവരോ ആയ വയോധികരെ അന്നേ ദിവസം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഈ ദിവസം ആത്മീയ ചടങ്ങുകളില്‍ പങ്കുചേരുന്നതിലൂടെ രോഗികളായവര്‍ക്കും, തുണയില്ലാത്തവര്‍ക്കും, ഗുരുതരമായ കാരണത്താല്‍ വീടുവിട്ടിറങ്ങാന്‍ കഴിയാത്തവര്‍ക്കും ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരമുണ്ട്.
വിശുദ്ധ കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവയാണ് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകള്‍. 2021-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി- മുത്തശ്ശനായ വിശുദ്ധ അന്നയുടെയും ജോവാക്കിമിന്റെയും തിരുന്നാളോടനുബന്ധിച്ച് (ജൂലൈ 26) ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്.
എന്താണ് ദണ്ഡവിമോചനം?
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം.’ പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (സിസിസി 147) ചൂണ്ടിക്കാട്ടുന്നു.
വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 28നു വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. (പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും.)
ജൂലൈ 28നു ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം?
തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി- മുത്തശ്ശന്‍മാര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദര്‍ശിക്കുക.
വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്‌നേഹ സംഭാഷണം നടത്തുക.
കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുര്‍ബാന അന്നേ ദിവസം സ്വീകരിക്കുക.
പാപത്തില്‍ നിന്നു അകന്ന് ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക.
ഫ്രാന്‍സിസ് മാര്‍പാപ്പയെ പുകഴ്ത്തിയും ഇന്ത്യയിലേക്കു ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. വീല്‍ ചെയറിലെത്തിയ പാപ്പയെ മോദി ആലിംഗനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ: ‘ആളുകളെ സേവിക്കാനും നമ്മുടെ ഭൂമിയെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു.’ ഇറ്റലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഫ്രാന്‍സിസ് പാപ്പയെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു.
ഇതിനു മുമ്പ് 2021 ഒക്ടോബറില്‍ മോദി വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിച്ചിരുന്നു. കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമായിരുന്നു അന്ന് ഇരുവരും ചര്‍ച്ച നടത്തിയത്.
ജി-7 ഉച്ചകോടിയില്‍ നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെക്കുറിച്ചുള്ള സെഷനില്‍ പങ്കെടുക്കാനായാണ് ഫ്രാന്‍സിസ് പാപ്പ എത്തിയത്. കൃത്രിമബുദ്ധി വികസിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും മനുഷ്യത്വവും മനുഷ്യന്റെ മഹത്വവും പ്രഥമസ്ഥാനത്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് ലോക നേതാക്കളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യബന്ധങ്ങളെ അല്‍ഗോരിതങ്ങളാക്കി മാറ്റുമെന്ന് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. ‘തങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വയം തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യരുടെ കഴിവ് യന്ത്രങ്ങള്‍ ഏറ്റെടുക്കുന്നത് അപലപനീയമാണ്.” ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ മാര്‍പാപ്പയാകാന്‍ ഫ്രാന്‍സീസ് പാപ്പ. ഇന്ന് പ്രാദേശിക സമയം ഉച്ചകഴഞ്ഞ് 2.15ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെക്കുറിച്ചുള്ള സെഷനിലാണ് മാര്‍പാപ്പ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഒമ്പതു ലോക നേതാക്കളുമായി മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഫ്രാന്‍സിസ് പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയെ ഭാരതത്തിലെ ക്രൈസ്തവര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങളുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ഭാരത ക്രൈസ്തവര്‍. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
2021-ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ മോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഒന്നേകാല്‍ മണിക്കൂറിലേറെ പാപ്പയുമായി ചര്‍ച്ച നടത്തി. അന്ന് ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് കൃത്യമായ നടപടികളുണ്ടായില്ല.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദ്ദോഗന്‍, കെനിയന്‍ പ്രസിഡന്റ് വില്ല്യം റൂട്ടോ, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബൗണ്‍ എന്നിവരുമായും മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
കല, നര്‍മ്മം, സാംസ്‌കാരിക സംവാദം എന്നിവയുടെ ആഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പാ ജൂണ്‍ 14 വെള്ളിയാഴ്ച വത്തിക്കാനില്‍ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരുമായി കൂടിക്കാഴ്ച നടത്തും.
ജിമ്മി ഫാലന്‍, സ്റ്റീഫന്‍ കോള്‍ബര്‍ട്ട്, കോനന്‍ ഓബ്രിയന്‍, ക്രിസ് റോക്ക്, ഹൂപ്പി ഗോള്‍ഡ്‌ബെര്‍ഗ് തുടങ്ങിയ പ്രശസ്തര്‍ പാപ്പായുമായുള്ള കൂടികാഴ്ച്ചയില്‍ ഉള്‍പ്പെടുന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താ കാര്യാലയം അറിയിച്ചു.
ഹാസ്യത്തിന്റെ സാര്‍വ്വത്രിക ഭാഷയിലൂടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷം വളര്‍ത്തിക്കൊണ്ട് കത്തോലിക്കാ സഭയും ഹാസ്യകലാകാരന്മാരും തമ്മില്‍ ‘ഒരു ബന്ധം സ്ഥാപിക്കുക’ എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
‘മനുഷ്യ വൈവിധ്യത്തിന്റെ സൗന്ദര്യം ആഘോഷിക്കുക’, ‘സമാധാനം, സ്‌നേഹം, ഐക്യദാര്‍ഢ്യം എന്നിവയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുക’ എന്നിവയാണ് ഈ യോഗത്തിന്റെ ലക്ഷ്യം. അമേരിക്കന്‍ ഹാസ്യനടന്മാരെക്കൂടാതെ യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും കലാകാരന്മാര്‍ എത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇറ്റലിയില്‍ നിന്നുള്ളവരാണ്.