ആഗോള ശിശുദിന ആഘോഷത്തിന് ‘സന്തോഷത്തിന്റെ കുരിശ്’

മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിന ആഘോഷത്തിന് ക്രിസ്ത്യന്‍ സംസ്‌ക്കാരത്തിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘സന്തോഷത്തിന്റെ’ കുരിശും. ഇറ്റാലിയന്‍ ശില്‍പ്പിയായ മിമ്മോ പാലദീനോയാണ് കുരിശ് നിര്‍മിച്ചത്.

‘ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ആഗോള ശിശുദിന ആഘോഷത്തിനായി കുരിശ് നിര്‍മിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കുട്ടികള്‍ക്കുവേണ്ടിയാണ് ഇത് നിര്‍മിച്ചത്. കുരിശിലെ ചിത്രങ്ങളില്‍ നിന്ന് ചരിത്ര, സാംസ്‌ക്കാരിക ഘടകങ്ങള്‍ കണ്ടെത്തുവാന്‍ കുട്ടികള്‍ക്ക് സാധിക്കും.” – മിമ്മോ പാലദീനോ പറഞ്ഞു.

നാലു മീറ്ററാണ് കുരിശിന്റെ ഉയരം. മെയ് 25-ന് റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും. മെയ് 26-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ ബലിയുടെ അവസരത്തില്‍ അള്‍ത്താരയ്ക്കു സമീപം കുരിശ് പ്രതിഷ്ഠിക്കും.

അത്ഭുത സംഭവങ്ങളെ വിശകലനം ചെയ്യാന്‍ പുതിയ പ്രമാണ രേഖ

അത്ഭുത സംഭവങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി. ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്ന രേഖ വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു. അത്ഭുതങ്ങളെ കുറിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്താന്‍ രൂപതാ മെത്രാന് അധികാരമില്ല. അതേസമയം സംഭവത്തെ കുറിച്ച് വിശകലനം ചെയ്ത ശേഷം അവിടെ ഭക്തകൃത്യങ്ങളോ മറ്റോ പ്രോത്സാഹിപ്പിക്കുവാന് മെത്രാന് അധികാരമുണ്ട്.

‘അത്ഭുതകര’മായ ഒരു സംഭവമുണ്ടായാല്‍ രൂപതാ മെത്രാന്‍ അക്കാര്യം വിശദമായി പഠിച്ചതിനുശേഷം വിശ്വാസ കാര്യാലയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിഷയത്തില്‍ പഠനം നടത്താന്‍ ഒരു ദൈവശാസ്ത്രജ്ഞനും കാനന്‍ നിയമവിദഗ്ധനും ഒരു വിദഗ്ധനും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കണം. വസ്തുതകള്‍ അന്വേഷിച്ചുകഴിഞ്ഞാല്‍, ബിഷപ് പഠനഫലങ്ങള്‍ ഡിക്കാസ്റ്ററിയിലേക്ക് അയയ്ക്കണം. ലഭിച്ച വിവരങ്ങളും പിന്തുടരുന്ന നടപടിക്രമങ്ങളും ഡിക്കാസ്റ്ററി വിശകലനം ചെയ്യും.

വിശ്വാസ കാര്യാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുത പ്രതിഭാസത്തിന്റെ ആധികാരികതയെയോ അമാനുഷികതയെയോ സംബന്ധിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്ക് അനുവാദമുണ്ടാകില്ല. അത്ഭുതം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഇന്റര്‍ഡയോസിസന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നും രേഖയില്‍ പറയുന്നു. യഥാര്‍ത്ഥ ദൈവവിശ്വാസം വളര്‍ത്താനും അത് അന്ധവിശ്വാസമായി അധഃപതിക്കാതിരിക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉതകുമെന്ന് കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രത്യാശ പ്രകടിപ്പിച്ചു. പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ രേഖ പ്രാബല്യത്തില്‍ വരും.

വാര്‍ദ്ധക്യം അനുഗ്രഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് പാപ്പാ

ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. വാര്‍ദ്ധക്യത്തിന്റെ മഹത്വം എടുത്തു പറയുന്ന വചന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ എല്ലാവരെയും അഭിസംബോധന ചെയ്യുന്നത്. ജൂലൈ 28-നാണ് ആഗോള വയോജന ദിനം. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകള്‍ അടിവരയിട്ടുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.

നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും, നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ പരിപാലിക്കുന്നത്, തന്റെ വിശ്വസ്തസ്‌നേഹത്തിന്റെ വ്യതിരിക്തതയാണെന്നു പാപ്പാ എടുത്തു പറഞ്ഞു. ഈ സ്‌നേഹം നമ്മുടെ വാര്‍ധക്യത്തില്‍ പോലും തുടരുന്നുവെന്നും, അതിനാല്‍ വാര്‍ദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനില്‍ക്കുമ്പോള്‍ തന്നെയും, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. വാര്‍ദ്ധക്യത്തില്‍ അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയും പാപ്പാ പങ്കുവച്ചു. അര്‍ജന്റീനയില്‍ ഇത്തരത്തില്‍ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുന്ന അവസരത്തില്‍, മെത്രാനെന്ന നിലയില്‍ തന്നോട് പങ്കുവച്ച ഒഴിവാക്കലുകളുടെയും, ഒറ്റപ്പെടലുകളുടെയും അനുഭവസാക്ഷ്യങ്ങളും പാപ്പായുടെ സന്ദേശത്തില്‍ അടിവരയിട്ടു പറഞ്ഞു.

ചെറുപ്പക്കാരെ പ്രീതിപ്പെടുത്താന്‍ പ്രായമായവരെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യേണ്ടത് ആവശ്യമാണെന്ന മട്ടില്‍ പെരുമാറുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണെന്നും പാപ്പാ പറയുന്നു. എന്നാല്‍ ബന്ധങ്ങള്‍ ഊഷ്മളമാകുവാന്‍ തലമുറകള്‍ തമ്മിലുള്ള ഐക്യം ഏറെ അത്യന്താപേക്ഷിതമെന്നും, അതിനു പരസ്പരമുള്ള സഹകരണം ഊട്ടിയുറപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

തിരസ്‌കരണത്തിലേക്കും ഏകാന്തതയിലേക്കും നയിക്കുന്ന സ്വാര്‍ത്ഥ മനോഭാവവുമായി പൊരുത്തപ്പെടാതെ, ‘ഞാന്‍ നിങ്ങളെ ഉപേക്ഷിക്കുകയില്ല’ എന്നു പറഞ്ഞുകൊണ്ട് വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ പാപ്പാ തന്റെ സന്ദേശത്തിലൂടെ ലോകത്തോട് ആഹ്വാനം ചെയ്യുന്നു.

പാപ്പയുടെ അപ്പസ്‌തോലിക് യാത്ര: അടയാളചിഹ്നങ്ങളും, ആദര്‍ശവചനങ്ങളും പ്രസിദ്ധീകരിച്ചു

ഈ വര്‍ഷം സെപ്തംബര്‍ മാസം 3 മുതല്‍ 13 വരെ ഫ്രാന്‍സിസ് പാപ്പാ നടത്തുന്ന അന്താരാഷ്ട്ര യാത്രകളുടെ അടയാളചിഹ്നങ്ങളും, ആദര്‍ശവചനങ്ങളും പ്രസിദ്ധീകരിച്ചു. ഇന്തോനേഷ്യ, പപ്പുവാ ന്യൂ ഗിനിയ, തിമോര്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലേക്കാണ് പാപ്പാ അപ്പസ്‌തോലികയാത്ര നടത്തുന്നത്. വിശ്വാസത്തിന്റെ ഒരു അനുഭവമെന്നാണ് പാപ്പായുടെ ഈ യാത്രകളെ പൊതുവായി വിശേഷിപ്പിക്കുന്നത്.

ഇന്തോനേഷ്യ

സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറു വരെയാണ് ഇന്തോനേഷ്യയില്‍ പാപ്പാ സന്ദര്‍ശനം നടത്തുന്നത്. ‘വിശ്വാസം, സാഹോദര്യം, അനുകമ്പ’ എന്നീ മൂന്നു വാക്കുകളാണ് ഇന്തോനേഷ്യയിലെ പാപ്പായുടെ സന്ദര്‍ശനത്തിനായുള്ള ആപ്തവാക്യം. പരമ്പരാഗത ‘ബാറ്റിക്’ തുണിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ച, ഇന്തോനേഷ്യയുടെ ദിവ്യചിത്രമായ സ്വര്‍ണ്ണഗരുഡനു മുന്‍പില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന പാപ്പായുടെ ചിത്രമാണ്, യാത്രയുടെ അടയാള ചിഹ്നം.

പപ്പുവാ ന്യൂ ഗിനിയ

സെപ്തംബര്‍ ആറു മുതല്‍ ഒന്‍പതുവരെ പപ്പുവാ ന്യൂ ഗിനിയയില്‍ പാപ്പാ സന്ദര്‍ശനം നടത്തും. ‘കര്‍ത്താവേ, പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ’ (ലൂക്കാ 11:1) എന്ന ശിഷ്യന്മാരുടെ അഭ്യര്‍ത്ഥനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ‘പ്രാര്‍ത്ഥിക്കുക’, എന്ന ആപ്തവാക്യമാണ് പാപ്പായുടെ യാത്രയില്‍ ഉള്‍ക്കൊള്ളിച്ചരിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയുടെ സൂര്യോദയത്തെയും സൂര്യാസ്തമയത്തെയും അനുസ്മരിപ്പിക്കുന്ന നിറങ്ങളില്‍ മധ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്ന കുരിശാണ് അടയാളചിഹ്നം. സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കുന്ന അതുല്യമായ ബലിയെ ഇത് പ്രതിനിധീകരിക്കുന്നു. ഒപ്പം പറുദീസയിലേക്കു കടക്കുന്ന ഒരു പക്ഷിയെയും ചിത്രീകരിച്ചിരിക്കുന്നു.

തിമോര്‍ ഈസ്റ്റ്

സെപ്റ്റംബര്‍ ഒന്‍പതിന് തിമോര്‍ ഈസ്റ്റില്‍ എത്തുന്ന പാപ്പാ തുടര്‍ന്ന് പതിനൊന്നാം തീയതി വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തും. തിമോര്‍ ജനതയ്ക്ക് ദൈവത്തില്‍ നിന്ന് ലഭിക്കുന്ന സംരക്ഷണത്തെ സൂചിപ്പിക്കുന്ന രീതിയില്‍ ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വദിക്കുന്ന ചിത്രമാണ് അടയാള ചിഹ്നത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭൂപടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിമോര്‍ ജനതയുടെ പാരമ്പര്യങ്ങള്‍ക്കനുസൃതമായി, സംസ്‌കാരധിഷ്ഠിതമായി വിശ്വാസം ജീവിക്കാനുള്ള ഉദ്‌ബോധനവും പ്രോത്സാഹനവുമാണ് ആപ്തവാക്യം.

സിംഗപ്പൂര്‍

സന്ദര്‍ശനത്തിന്റെ അവസാനഘട്ടം സിംഗപ്പൂരിലാണ് പൂര്‍ത്തിയാവുന്നത്. പതിനൊന്നു മുതല്‍ പതിമൂന്നുവരെയാണ് പാപ്പാ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത്. ഐക്യവും, പ്രത്യാശയുമെന്ന രണ്ടു വചനങ്ങളാണ് ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. സഭയിലും സമൂഹത്തിലുമുള്ള ഐക്യവും, ഈ മേഖലയിലെ ക്രിസ്ത്യാനികള്‍ക്ക്, പ്രത്യേകിച്ച് വിവേചനവും പീഡനവും അനുഭവിക്കുന്നവര്‍ക്ക് ഈ യാത്ര പ്രത്യാശയും പ്രദാനം ചെയ്യുന്നതാണ് ആപ്തവാക്യം. വത്തിക്കാന്റെയും, സിംഗപ്പൂരിന്റെയും പതാകയുടെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് അടയാളചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്.

ഐക്യത്തിനായി പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി റോമിലെത്തിയ മാര്‍ റാഫേല്‍ തട്ടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

അപ്പോസ്തലനായ തോമാശ്ലീഹായുടെ രക്തസാക്ഷ്യത്തില്‍ വേരൂന്നിയ സ്വയം ഭരണാവകാശമുള്ള സ്വതന്ത്ര സഭയായ സീറോ-മലബാര്‍ സഭയുടെ വിശ്വാസ തീക്ഷണതയും ഭക്തിയും മാര്‍പാപ്പ ശ്ലാഘിച്ചു. സീറോ മലബാര്‍ സഭയുടെ വിശ്വാസത്തിന്റെ പുരാതന വേരുകളെക്കുറിച്ച് സംസാരിച്ച പാപ്പാ, സഭയിലെ ഐക്യത്തിനു വേണ്ടി പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സഭ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെയും വെല്ലുവിളികളെയും സ്വയം പരിശോധിക്കാനും ഉത്തരവാദിത്വത്തോടും സുവിശേഷാത്മക ധൈര്യത്തോടും കൂടെ ആവശ്യമായ നടപടികള്‍ എടുക്കാനും അധികാരമുള്ളതിനാല്‍, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും സിനഡിന്റെയും നിര്‍ദ്ദേശങ്ങളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവരെ സഹായിക്കാനാണ്, അല്ലാതെ മറികടക്കാനല്ല, താന്‍ ആഗ്രഹിക്കുന്നതെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

വിശ്വാസികള്‍ക്ക് സ്‌നേഹത്തിന്റെയും ശാന്തയുടെയും മാതൃകയാകേണ്ട, അനുസരണ വ്രതമാക്കിയ പുരോഹിതരെ സംബന്ധിച്ചിടത്തോളം ഐക്യത്തെ കാത്തു സൂക്ഷിക്കേണ്ടത് ഒരു ഭക്തിപ്രബോധനമല്ല കടമയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ധൂര്‍ത്ത പുത്രന്റെ ഉപമയിലെ പിതാവിനെ പോലെ വാതിലുകള്‍ തുറന്നിടാമെന്നും പശ്ചാത്തപിച്ചു തിരിച്ചു വരുമ്പോള്‍ അവര്‍ക്ക് തിരിച്ചുകയറാന്‍ ബുദ്ധിമുട്ടണ്ടാകാതിരിക്കട്ടെ എന്നും എവാഞ്ചെലി ഗൗദിയൂം 46 ആം ഖണ്ഡിക ഉദ്ധരിച്ചു കൊണ്ട് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഭയമില്ലാതെ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്താനും അഭിപ്രായവ്യത്യാസങ്ങളെ അനുരഞ്ജിപ്പിക്കുകയും സംഘര്‍ഷങ്ങളെ ഐക്യത്തിലേക്ക് നയിക്കുകയും തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രകാശത്തിനായി എല്ലാറ്റിലുമുപരി പ്രാര്‍ത്ഥിക്കാനും പാപ്പാ ആവശ്യപ്പെട്ടു. അഹങ്കാരം, പ്രതികാരം, അസൂയ എന്നിവ കര്‍ത്താവില്‍ നിന്നല്ല എന്നത് തീര്‍ച്ച. അവ ഒരിക്കലും ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുകയുമില്ല. നമ്മുടെയിടയിലെ അവിടത്തെ സാന്നിധ്യത്തിന്റെ അത്യുന്നത രൂപമായ കൂദാശ എങ്ങനെ പരികര്‍മ്മം ചെയ്യണം എന്നതിന്റെ വിശദാംശങ്ങളെക്കുറിച്ചു തര്‍ക്കിച്ച് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കൂദാശയായ പരിശുദ്ധ കുര്‍ബാനയോടു ഗുരുതരമായ ബഹുമാനക്കേട് കാണിക്കുന്നത് ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല. നമ്മെ നയിക്കേണ്ട പരിശുദ്ധാത്മാവില്‍ നിന്നു വരുന്ന സത്യമായ ആത്മീയ മാനദണ്ഡം കൂട്ടായ്മയാണ് എന്ന് പരിശുദ്ധ പിതാവ് ഊന്നി പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പാ സാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ചു

പ്രത്യാശ മുഖ്യപ്രമേയമായി 2025 ലെ സാധാരണ ജൂബിലി വർഷം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെ ആഘോഷപൂര്‍വമായ സന്ധ്യാ പ്രാര്‍ത്ഥനാ മദ്ധ്യേ 2025-ല്‍ നടക്കാനിരിക്കുന്ന ജൂബിലി വര്‍ഷ പ്രഖ്യാപന ചടങ്ങിന് ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ‘Spes non Confundit, പ്രത്യാശ നിരാശപ്പെടുത്തുന്നില്ല’ എന്ന ജൂബിലി സ്ഥാപന ബൂള പേപ്പല്‍ ബസിലിക്കകളിലെ മഹാപുരോഹിതന്മാര്‍ക്കും സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവന്മാര്‍ക്കും ആഗോള മെത്രാന്മാരുടെ പ്രതിനിധികള്‍ക്കും നല്‍കുകയും ചെയ്തു.സന്ധ്യാ പ്രാര്‍ത്ഥനയില്‍ ബൂള പരസ്യമായി വായിച്ചു.

ജൂബിലി വര്‍ഷം 2024-ലെ തിരുപ്പിറവി തിരുനാള്‍ രാത്രി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്ന കര്‍മ്മത്തിലൂടെ ആരംഭിക്കുമെന്ന് ബൂളയില്‍ പാപ്പാ പ്രഖ്യാപിച്ചു.

തുടര്‍ന്ന് ഡിസംബര്‍ 29-ന് റോമിന്റെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ വിശുദ്ധ കവാടവും തുറക്കും. ലോകം മുഴുവനുമുള്ള കത്തീഡ്രലുകളില്‍ പ്രാദേശിക മെത്രാന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂബിലി ആരംഭിച്ചുകൊണ്ടുള്ള ദിവ്യബലി അര്‍പ്പിക്കപ്പെടും.

2025 ജനുവരി ഒന്നിന് ദൈവമാതാവായ മറിയത്തിന്റെ തിരുനാള്‍ ദിവസം പരിശുദ്ധ പിതാവ് റോമിലെ മരിയ മേജര്‍ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കും. പ്രത്യക്ഷീകരണ തിരുനാളിന്റെ തലേന്നാള്‍ ജനുവരി അഞ്ചിനായിരിക്കും വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്ന കര്‍മ്മം.

ജൂബിലി വര്‍ഷത്തില്‍ ദൈവകൃപയിലുള്ള പ്രത്യാശയില്‍ ദൈവം ജനത്തെ മുഴുവന്‍ പങ്കുചേര്‍ക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പാപ്പാ എഴുതി. ലോകം മുഴുവനുള്ള പ്രാദേശിക സഭകളില്‍ 2025 ഡിസംബര്‍ 28-ന് ജൂബിലി സമാപിക്കുമ്പോള്‍ റോമിലെ ലാറ്ററന്‍, മേരി മേജര്‍, വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നിവയുടെ വിശുദ്ധ കവാടം വീണ്ടും അടയ്ക്കും. റോമിലെ ജൂബിലി വര്‍ഷ സമാപനം 2026 ജനുവരി 6-ന് പ്രത്യക്ഷീകരണ തിരുനാളിനായിരിക്കും.

പ്രത്യാശിക്കുക എന്നാലെന്തെന്ന് എല്ലാവര്‍ക്കുമറിയാം. ഭാവിയെന്തെന്ന് അറിയില്ലെങ്കിലും എല്ലാ മനുഷ്യഹൃദയങ്ങളിലും വരാനിരിക്കുന്ന നല്ല കാര്യങ്ങള്‍ക്കായുള്ള ആഗ്രഹം ഉണ്ട്. പ്രത്യാശയില്‍ നവീകൃതരാകാനുള്ള ഒരവസരമാകട്ടെ ജൂബിലി എന്ന് ഫ്രാന്‍സിസ് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു.

പരമ്പരാഗതമായി ജീവിതത്തിന്റെ അര്‍ത്ഥം തേടി നടത്തുന്ന തീര്‍ത്ഥാടനം ജൂബിലിയുടെ അടിസ്ഥാനപരമായ സംഭവമാണ്. സൃഷ്ടിയുടെ മഹത്വം കണ്ട് നടത്തുന്ന ആ യാത്ര ദൈവത്തിന്റെ കരവേലയെ സ്തുതിക്കാനും നന്ദി പറയുവാനുമുള്ള അവസരമാണ്.

വര്‍ഷം മുഴുവനും ലഭ്യമാകത്തക്കവിധം വിവിധ പ്രാദേശിക സഭകളോടു കുമ്പസാരക്കാരെയും അനുരഞ്ജന കൂദാശയ്ക്കായി വിശ്വാസികളെയും ഒരുക്കാന്‍ പാപ്പാ ആവശ്യപ്പെട്ടു. പ്രത്യേക തരത്തില്‍ ജൂബിലിയില്‍ പങ്കുചേരാന്‍ പൗരസ്ത്യ സഭകളോടഭ്യര്‍ത്ഥിച്ച പാപ്പാ അക്രമങ്ങളും അസ്ഥിരതകളും മൂലം ”കുരിശിന്റെ വഴി ഏറ്റെടുക്കേണ്ടി വരുന്ന’ സ്വന്തം നാടുവിടേണ്ടി വരുന്നവരേയും പാപ്പാ അനുസ്മരിച്ചു

പ്രത്യാശയുടെ പ്രകാശം എല്ലാവര്‍ക്കുമായുള്ള സ്‌നേഹ സന്ദേശമായി സകലജനങ്ങളെയും പ്രകാശിപ്പിക്കുന്നതാകട്ടെ ഈ ജൂബിലി വര്‍ഷം എന്ന് പ്രാര്‍ത്ഥിച്ച പരിശുദ്ധ പിതാവ് സഭ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ സന്ദേശത്തിന്റെ വിശ്വസ്ത സാക്ഷികളായി തീരട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളും സംഘര്‍ഷങ്ങളും നല്‍കുന്ന ”കാലത്തിന്റെ അടയാളങ്ങള്‍” ആയി സമാധാനത്തിനായുള്ള ആഗ്രഹവും, പല രാജ്യങ്ങളുമഭിമുഖീകരിക്കുന്ന ജനസംഖ്യാപരമായ ശിശിരവും സൂചിപ്പിച്ച പാപ്പാ പ്രത്യാശയെ വളര്‍ത്താനും പിന്‍തുണയ്ക്കാനും ഒരു സാമൂഹിക ഉടമ്പടിക്കായും ആഹ്വാനം നടത്തി.

ജൂബിലി വര്‍ഷത്തിന്റെ പാരമ്പര്യത്തില്‍ ഉണ്ടായിരുന്ന പൊതുമാപ്പിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കാനുള്ള ആവശ്യവും മുന്നോട്ടുവച്ചു. തടവുകാരെ പ്രത്യാശയോടെയും വിശ്വാസത്തോടെയും കൂടി ഭാവിയെ നോക്കാന്‍ ക്ഷണിക്കുന്നതിനായി വ്യക്തിപരമായി ജയിലുകളില്‍ ഒരു വിശുദ്ധ കാവാടം തുറക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട്, തടവുകാരോടുള്ള പെരുമാറ്റത്തില്‍ അവരുടെ അവകാശങ്ങളും അന്തസ്സും മാനിക്കാനും, മരണശിക്ഷ നിര്‍ത്തലാക്കാനും പാപ്പാ അഭ്യര്‍ത്ഥിച്ചു.

രോഗികള്‍ക്കും, യുവാക്കള്‍ക്കും വൃദ്ധര്‍ക്കും പ്രത്യേകിച്ച് മുത്തശ്ശി മുത്തച്ഛന്മാര്‍ക്കും, കുടിയേറ്റക്കാര്‍ക്കും ദരിദ്രര്‍ക്കും പ്രത്യാശ പകരേണ്ട കാര്യങ്ങളും ബൂളയിലുണ്ട്. ഭൂമിയുടെ ഫലങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാകയാല്‍, ദരിദ്രരെ സഹായിക്കാന്‍ എല്ലാവരോടും മുന്നോട്ടു വരുന്ന സമ്പദ് രാജ്യങ്ങളോടു കടങ്ങള്‍ തിരിച്ചടക്കാന്‍ കഴിയാത്ത രാഷ്ട്രങ്ങളുടെ കടങ്ങള്‍ എഴുതിതള്ളാനും ആവശ്യപ്പെടുന്നു.

ആദ്യത്തെ എക്യുമേനിക്കല്‍ കൗണ്‍സിലിന്റെ 1700 മത് വാര്‍ഷികം ഓര്‍മ്മിച്ച പാപ്പാ 2025 ക്രൈസ്തവ ഐക്യത്തിന് നവീകരിച്ച ശ്രമങ്ങള്‍ നടത്താനും സിനഡാലിറ്റിയുടെ പ്രത്യക്ഷമായ പ്രകടനങ്ങള്‍ കാണിക്കുവാനും എല്ലാ ക്രൈസ്തവരും ഒരുമിച്ചുള്ള ഒരു ഉയിര്‍പ്പു തിരുനാള്‍ വരുന്ന 2025 ല്‍ ആഘോഷിക്കുന്നതിന് പുരോഗമനമുണ്ടാവട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ക്രൈസ്തവന്റെ പ്രത്യാശ, ഓരോ വ്യക്തിക്കും വേണ്ടിയുള്ള ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും അടിസ്ഥാനമാക്കിയുള്ളതാണ്. സ്വര്‍ഗ്ഗത്തില്‍ ദൈവവുമായുള്ള ഐക്യമാണ് അതിന്റെ ലക്ഷ്യം. ദൈവത്തിന്റെ കരുണയാലാണ് നാം രക്ഷിക്കപ്പെടുന്നതെന്നത് ദണ്ഡവിമോചനമെന്ന ദാനത്തില്‍ പ്രതിഫലിക്കുന്നു. കുമ്പസാരം പാപങ്ങള്‍ കഴുകി കളയുമ്പോള്‍, ദണ്ഡ വിമോചനം -ജൂബിലിയിലെ ദണ്ഡ വിമോചനം ഉള്‍പ്പെടെ – കുമ്പസാരത്തില്‍ ക്ഷമിക്കപ്പെട്ട പാപങ്ങളുടെ ഫലങ്ങള്‍ നീക്കം ചെയ്യുന്നു. ദണ്ഡ വിമോചനത്തിനുള്ള പ്രത്യേക നിബന്ധനകള്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ബൂളയില്‍ സൂചന നല്‍കുന്നുമുണ്ട്.

ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ മങ്ങാത്ത ഒന്നായിരിക്കട്ടെ വരുന്ന ജൂബിലി വര്‍ഷം എന്ന ഒരു വരിയോടെയാണ് ഫ്രാന്‍സിസ് പാപ്പാ ബൂള അവസാനിപ്പിക്കുന്നത്. അങ്ങനെ സഭയിലും സമൂഹത്തിലും, വ്യക്തി, അന്തര്‍ദേശീയ ബന്ധങ്ങളിലും എല്ലാ വ്യക്തികളുടെയും അന്തസ്സും ദൈവത്തിന്റെ സൃഷ്ടിയോടുള്ള ബഹുമാനവും അഭിവൃദ്ധിപ്പെടുന്നുവാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ വീണ്ടെടുക്കാന്‍ നമുക്കാവട്ടെ എന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

നോട്രഡാം കത്തീഡ്രലിലെ അഗ്നിബാധയ്ക്ക് അഞ്ചു വയസ്

യേശുവിനെ ധരിപ്പിച്ച മുള്‍മുടി കാലകാലങ്ങളായി സൂക്ഷിച്ചിരുന്ന ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ പുരാതന ദേവാലയം നോട്രഡാം കത്തീഡ്രലിന്റെ ഗോപുരത്തെ അഗ്നി വിഴുങ്ങിയിട്ട് അഞ്ചു വര്‍ഷം. കോവിഡ് പ്രതിസന്ധികള്‍ വേഗത കുറച്ചെങ്കിലും കത്തീഡ്രലിന്റെ പുനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഡിസംബറോടെ കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി തുറന്നു നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് സര്‍ക്കാര്‍.

850 വര്‍ഷത്തിലേറെ പഴക്കമുള്ള കത്തീഡ്രലില്‍ 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ അഗ്നിബാധയുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറില്‍ പരം അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണു അന്നു തീയണച്ചത്. തീപിടുത്ത കാരണം ഇന്നും വ്യക്തമല്ല. അഗ്നിബാധയെ തുടര്‍ന്ന് മുള്‍കിരീടതിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരിന്നു.

അഗ്നിബാധയ്ക്കു മുമ്പ് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 13 വരെ ഫ്രാന്‍സിസ് പാപ്പ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂര്‍, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുര്‍ എന്നീ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ 44-ാമത് അപ്പസ്‌തോലിക പര്യടനമാണിത്.

സെപ്റ്റംബര്‍ രണ്ടിന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് പാപ്പ യാത്ര തിരിക്കും. റോമില്‍നിന്നു വിമാനം കയറുന്ന മാര്‍പാപ്പ പിറ്റേന്ന്് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെത്തും. ആറാം തീയതി വരെ ഇന്തോനേഷ്യയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം തുടരും. 10.5 ശതമാനമാണ് ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ. ആറു മുതല്‍ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദര്‍ശനം നടത്തും. ഇവിടുത്തെ ജനസംഖ്യയില്‍ 32 ശതമാനവും കത്തോലിക്കരാണ്. പാപ്പുവ ന്യൂഗിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണ്.

സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ മാര്‍പാപ്പ കിഴക്കന്‍ ടിമുറില്‍ സന്ദര്‍ശനം നടത്തുക. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂറിലേക്കു പോകും. സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ മൂന്നു ശതമാനമേ കത്തോലിക്കരുള്ളു. 13-ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്കു മടങ്ങും.

ഫ്രാന്‍സിസ് പാപ്പ വിയറ്റ്‌നാമിലും സന്ദര്‍ശനം നടത്തുമെന്ന അഭ്യൂഹമുണ്ട്. വത്തിക്കാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ആഴ്ച വിയറ്റ്‌നാം സന്ദര്‍ശിച്ചിരുന്നു. പേപ്പല്‍ സന്ദര്‍ശനം നടത്തുന്നതു സംബന്ധിച്ച് വിയറ്റ്‌നാം സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്‍പത്തിയേഴുകാരനായ പാപ്പയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയാകും യാത്ര. രണ്ടു വര്‍ഷമായി പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷത്തെ അവസാന പേപ്പല്‍ സന്ദര്‍ശനം ബല്‍ജിയത്തിലേക്കായിരിക്കും. കാത്തലിക് യൂണിവേഴ്‌സിറ്റി ജൂബിലി ആഘോഷത്തില്‍ പാപ്പ പങ്കെടുക്കും. ജന്മനാടായ അര്‍ജന്റീന സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവച്ചിരുന്നു.

സ്ത്രീകളെ ആദരിക്കാത്ത സമൂഹം പുരോഗമിക്കില്ല: ഫ്രാന്‍സിസ് പാപ്പ

സ്ത്രീപുരുഷ സമത്വം വാക്കുകളില്‍ ഒതുങ്ങുന്ന അവസ്ഥയാണുള്ളതെന്ന് മാര്‍പ്പാപ്പാ. ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കണമെന്നും സ്ത്രീകളുടെ പങ്കും ഔന്നത്യവും എല്ലാ സംസ്‌കാരങ്ങളിലും ആദരിക്കപ്പെടണമെന്നും ഫ്രാന്‍സീസ് പാപ്പ പറഞ്ഞു. ഫ്രാന്‍സീസ് പാപ്പായുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം സ്ത്രീകളുടെ പങ്ക് എന്നതാണ്.

ലോകത്തില്‍ പലയിടങ്ങളിലും പ്രഥമ പാഴ്‌വസ്തുവായി സ്ത്രീകള്‍ കണക്കാക്കപ്പെടുന്നത് ഖേദകരമാണ്. സഹായം ചോദിക്കുന്നതിനും വ്യവസായസംരംഭം ആരംഭിക്കുന്നതിനും വിദ്യാലയത്തില്‍ പോകുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുള്ള നാടുകളുണ്ട്. സ്ത്രീകള്‍ ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന നിയമങ്ങള്‍ ഈ നാടുകളിലണ്ട് – പാപ്പ പറഞ്ഞു.

സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കരുത്. പീഡനത്തിനിരകളായിട്ടുള്ളവരായ സ്ത്രീകളുടെ ശബ്ദം തടയരുത്. അവര്‍ ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തികളെന്ന നിലയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അന്തസ്സുണ്ടെന്ന് തത്ത്വത്തില്‍ അംഗീകരിക്കുന്നു. എന്നാല്‍ അത് പ്രായോഗികമാക്കപ്പെടുന്നില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സര്‍ക്കാരുകള്‍ വിവേചനപരമായ നിയമങ്ങള്‍ ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധമാകുകയും സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട് – പാപ്പ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെയും അവരുടെ അന്തസ്സിനെയും മൗലികാവകാശങ്ങളെയും ആദരിക്കണമെന്നും അപ്രകാരം ചെയ്യാത്ത പക്ഷം സമൂഹത്തിന് പുരോഗതിയുണ്ടാകില്ലെന്നും പാപ്പ വ്യക്തമാക്കി. എല്ലാ സംസ്‌കാരങ്ങളിലും സ്ത്രീകളുടെ ഔന്നത്യവും അവരുടെ സമ്പന്നതയും അംഗീകരിക്കപ്പെടുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ വിധേയരാക്കപ്പെടുന്ന വിവേചനത്തിന് വിരാമമുണ്ടാകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ

ഫ്രാന്‍സീസ് പാപ്പായുടെ ‘ഊര്‍ബി ഏത്ത് ഓര്‍ബി’ സന്ദേശം

ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ സാഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുന്‍വശത്ത് മുകളില്‍ മധ്യത്തിലുള്ള മട്ടുപ്പാവില്‍ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട്, ”റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന ”ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും നല്കി. ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജറുസലേമില്‍ നിന്നുയര്‍ന്ന പ്രഘോഷണം ഇന്ന് ലോകമെമ്പാടും മാറ്റൊലികൊള്ളുന്നു: ‘ക്രൂശിക്കപ്പെട്ട നസ്രായനായ യേശു ഉയിര്‍ത്തെഴുന്നേറ്റു!’ (മര്‍ക്കോസ് 16:6).

പ്രതീക്ഷകളെ അടയ്ക്കുന്ന വലിയ പാറകള്‍

ആഴ്ചയുടെ ആദ്യ ദിവസം പുലര്‍ച്ചെ കല്ലറയിങ്കലേക്കു പോയ സ്ത്രീകള്‍ക്കുണ്ടായ വിസ്മയം സഭയില്‍ വീണ്ടും പുനര്‍ജനിക്കുകയാണ്. യേശുവിന്റെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു; അതുപോലെ ഇന്ന് അത്യധികം ഭാരമേറിയതും കനത്തതുമായ പാറകള്‍ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: യുദ്ധത്തിന്റെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിന്റെ പാറ, തുടങ്ങിയവ. യേശുവിന്റെ ശിഷ്യകളായ സ്ത്രീകളെപ്പോലെ നമ്മളും പരസ്പരം ചോദിക്കുന്നു: ‘നമുക്കുവേണ്ടി ആരാണ് ഈ കല്ലുകള്‍ ഉരുട്ടിമാറ്റുക?’ (മര്‍ക്കോസ്16:3).

നമ്മിലും ഉളവാകുന്ന വിസ്മയം

ഉത്ഥാന ഉഷസ്സിലെ കണ്ടെത്തല്‍ ഇതാ: കല്ല്, ഇതിനകം ഉരുട്ടിമാറ്റപ്പെട്ട ആ വലിയ കല്ല്. ആ സ്ത്രീകളുടെ വിസ്മയം നമ്മുടെ വിസ്മയമാണ്: യേശുവിന്റെ കല്ലറ തുറക്കപ്പെട്ടിരിക്കുന്നു, അത് ശൂന്യവുമാണ്! ഇവിടെനിന്നാണ് എല്ലാം ആരംഭിക്കുന്നത്. ശൂന്യമായ ആ കല്ലറയിലൂടെയാണ് നമുക്കാര്‍ക്കുമല്ല, പ്രത്യുത, ദൈവത്തിനു മാത്രം തുറക്കാന്‍ കഴിഞ്ഞ പുതിയ പാത കടന്നുപോകുന്നത്: മരണത്തിനിടയില്‍ ജീവന്റെ പാത, യുദ്ധത്തിനു നടുവില്‍ സമാധാനത്തിന്റെ പാത, വിദ്വേഷത്തിനിടയില്‍ അനുരഞ്ജനത്തിന്റെ പാത, ശത്രുതയുടെ നടുവില്‍ സാഹോദര്യത്തിന്റെ പാത.

ജീവിതപാതയിലെ കല്ലുകള്‍ ആരു ഉരുട്ടിമാറ്റും?

സഹോദരീ സഹോദരന്മാരേ, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ അവനു മാത്രമേ കഴിയൂ. വാസ്തവത്തില്‍, ജീവിക്കുന്നവനായ അവന്‍തന്നെയാണ് മാര്‍ഗ്ഗം: ജീവിതത്തിന്റെ, ശാന്തിയുടെ, അനുരഞ്ജനത്തിന്റെ, സാഹോദര്യത്തിന്റെ വഴി. മാനുഷികമായി അസാദ്ധ്യമായ വഴി അവന്‍ നമുക്ക് തുറന്നുതരുന്നു, കാരണം അവന്‍ മാത്രമാണ് ലോകത്തിന്റെ പാപം നീക്കുകയും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നത്. ദൈവത്തിന്റെ ക്ഷമയില്ലാതെ ആ കല്ല് നീക്കം ചെയ്യാനാവില്ല. പാപമോചനം കൂടാതെ, അടച്ചുപൂട്ടലുകള്‍, മുന്‍വിധികള്‍, പരസ്പര സംശയങ്ങള്‍, എപ്പോഴും സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഔദ്ധത്യം എന്നിവയില്‍ നിന്ന് പുറത്തുകടക്കാനാകില്ല. ഉത്ഥിതനായ ക്രിസ്തു മാത്രമാണ്, നമുക്ക് പാപമോചനമേകിക്കൊണ്ട്, ഒരു നവീകൃത ലോകത്തിനായുള്ള സരണി തുറക്കുന്നത്.

അടയ്ക്കപ്പെടുന്ന പാതകള്‍ തുറക്കുന്ന യേശു

ജീവിതത്തിന്റെ വാതിലുകള്‍, ലോകമെമ്പാടും വ്യാപിക്കുന്ന യുദ്ധങ്ങളാല്‍ നാം നിരന്തരം അടയ്ക്കുന്ന ആ വാതിലുകള്‍, നമുക്കായി തുറക്കുന്നത് അവിടന്നു മാത്രമാണ്. യേശുവിന്റെ പീഢാസഹനമരണോത്ഥാനങ്ങളുടെ സാക്ഷിയായ വിശുദ്ധനഗരമായ ജറുസലേമിലേക്കും വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹങ്ങളിലേക്കും സര്‍വ്വോപരി, ഇന്ന് നമുക്കു നോക്കാം.

യുദ്ധവേദികള്‍

ഇസ്രയേലിലും പലസ്തീനിലും ഉക്രൈയിനിലും തുടങ്ങി ലോകത്ത് നടക്കുന്ന നിരവധി സംഘര്‍ഷങ്ങളുടെ ഇരകളിലേക്കാണ് എന്റെ ചിന്തകള്‍ പോകുന്നത്. ഉത്ഥിതനായ ക്രിസ്തു, ആ പ്രദേശങ്ങളിലെ പീഡിതരായ ജനങ്ങള്‍ക്കുവേണ്ടി സമാധാനത്തിന്റെ ഒരു പാത തുറക്കട്ടെ. അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങള്‍ ആദരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, റഷ്യയും ഉക്രൈയിനും തമ്മില്‍ എല്ലാ തടവുകാരുടെയും പൊതുവായ ഒരു കൈമാറ്റം നടക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു: എല്ലാം എല്ലാവര്‍ക്കും വേണ്ടി!

ഗാസ

ഗാസയില്‍ മാനവിക സഹായസാധ്യത ഉറപ്പാക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു, ഒക്ടോബര്‍ 7 ന് തട്ടിക്കൊണ്ടുപോകപ്പെടുകയും ബന്ദികളാക്കക്കപ്പെടുകയും ചെയ്തിരിക്കുന്നവരെ ഉടന്‍ വിട്ടയയ്ക്കാനും ആ മുനമ്പില്‍ ഉടനടി വെടിനിര്‍ത്താനുമുള്ള ആവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു.

കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ

നിലവിലുള്ള ശത്രുത, തളര്‍ന്നിരിക്കുന്ന ജനങ്ങളില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതു തുടരാന്‍ അനുവദിക്കാനവില്ല. എത്ര മാത്രം യാതനകളാണ് കുട്ടികളുടെ കണ്ണുകളില്‍ നാം കാണുന്നത്. ആ യുദ്ധഭൂമികളില്‍ ആ കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കാന്‍ മറന്നുപോയിരിക്കുന്നു. അവരുടെ നോട്ടത്താല്‍ അവര്‍ നമ്മളോട് ചോദിക്കുന്നു: എന്തുകൊണ്ടിങ്ങനെ? എന്തുകൊണ്ടാണ് ഇത്രയധികം മരണം? എന്തുകൊണ്ടാണ് ഇത്രയേറെ നാശം? യുദ്ധം എല്ലായ്‌പ്പോഴും ഒരു ഭോഷത്തമാണ്, യുദ്ധം എല്ലായ്‌പ്പോഴും ഒരു തോല്‍വിയുമാണ്! യൂറോപ്പിലും മദ്ധ്യധരണിപ്രദേശത്തും കൂടുതല്‍ ശക്തമായ യുദ്ധക്കാറ്റ് വീശാന്‍ അനുവദിക്കരുത്. ആയുധങ്ങളുടെയും പുനരായുധീകരണത്തിന്റെയും യുക്തിക്ക് വഴങ്ങരുത്. സമാധാനം ഒരിക്കലും ആയുധങ്ങള്‍ കൊണ്ട് കെട്ടിപ്പടുക്കാനാകില്ല, മറിച്ച് നീട്ടിപ്പിടിക്കുന്ന കരങ്ങളാലും തുറന്ന ഹൃദയങ്ങളാലുമാണ് അത് സാധിക്കുക.

സിറിയ

സഹോദരീസഹോദരന്മാരേ, നീണ്ടതും വിനാശകരവുമായ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ പതിമൂന്നു വര്‍ഷമായി അനുഭവിക്കുന്ന സിറിയയെ നാം മറക്കരുത്. നിരവധിയായ മരിച്ചവരും കാണാതായവരും, അത്യധികമായ ദാരിദ്ര്യവും നാശവും അന്താരാഷ്ട്ര സമൂഹം ഉള്‍പ്പെടെയുള്ള എല്ലാവരിലും നിന്ന് ഉത്തരം കാത്തിരിക്കുന്നു.

ലെബനന്‍

ഇന്ന് എന്റെ നയനങ്ങള്‍ സവിശേഷമാംവിധം ലെബനനിലേക്ക് തിരിയുന്നു, വളരെക്കാലമായി ഭരണസംവിധാനപരമായ സ്തംഭനാവസ്ഥയും അഗാധമായ സാമ്പത്തിക സാമൂഹിക പ്രതിസന്ധികളും ബാധിച്ചിരിക്കുന്ന ഒരു നാടാണത്. ഇപ്പോള്‍ ഈ പ്രതിസന്ധിയെ ഇസ്രായേലുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ വഷളാക്കിയിരിക്കുന്നു. ഉത്ഥിതന്‍ പ്രിയ ലെബനോന്‍ ജനതയ്ക്ക് സാന്ത്വനമേകുകയും സമാഗമത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും നാടായി മാറാനുള്ള വിളിയില്‍ അന്നാടിനെ ആകമാനം താങ്ങിനിറുത്തുകയും ചെയ്യട്ടെ.

പടിഞ്ഞാറന്‍ ബാള്‍ക്കന്‍ പ്രദേശം

യൂറോപ്യന്‍ പദ്ധതിയിലുള്ള സമാകലനത്തിലേക്ക് സുപ്രധാന ചുവടുകള്‍ വച്ചുകൊണ്ടിരിക്കുന്ന പശ്ചിമ ബാള്‍ക്കന്‍ മേഖലയെ ഞാന്‍ പ്രത്യേകം ഓര്‍ക്കുകയാണ്: വംശീയവും സാംസ്‌കാരികവും മതപരവുമായ വ്യത്യാസങ്ങള്‍ വിഭജനത്തിന് കാരണമാകരുത്, മറിച്ച് അത്, യൂറോപ്പിനാകമാനവും അഖില ലോകത്തിനും സമ്പന്നതയുടെ ഉറവിടമായി മാറണം.

അര്‍മേനിയയും അസര്‍ബൈജാനും

അതുപോലെ, അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു, അതുവഴി, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ അവര്‍ക്ക് സംഭാഷണം തുടരാനും കുടിയിറക്കപ്പെട്ടവരെ സഹായിക്കാനും വിവിധ മതസമൂഹങ്ങളുടെ ആരാധനാലയങ്ങളെ ആദരിക്കാനും സ്ഥായിയായ സമാധാന ഉടമ്പടിയില്‍ എത്രയും വേഗം എത്തിച്ചേരാനും കഴിയും.

ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകള്‍

ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അക്രമം, സംഘര്‍ഷം, ഭക്ഷ്യ അരക്ഷിതാവസ്ഥ, അതുപോലെതന്നെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ അനുഭവിക്കുന്ന ആളുകള്‍ക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യാശയുടെ പാത തുറന്നു നല്കട്ടെ. എല്ലാത്തരം ഭീകരപ്രവര്‍ത്തനത്തിന്റെയും ഇരകള്‍ക്ക് കര്‍ത്താവ് സാന്ത്വനമേകട്ടെ. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കുകയും അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ അനുതാപവും മാനസാന്തരവും നമുക്ക് അപേക്ഷിക്കുകയും ചെയ്യാം.

ഹൈറ്റി

ഹൈറ്റിയില്‍ കണ്ണീരും ചോരയും വീഴ്ത്തിയ അക്രമം എത്രയും വേഗം അവസാനിക്കുന്നതിനും അന്നാട് ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ പുരോഗമിക്കുന്നതിനും വേണ്ടി ഉത്ഥിതന്‍ അന്നാട്ടിലെ ജനതയെ സഹായിക്കട്ടെ.

റൊഹിങ്ക്യന്‍ ജനത

ഗുരുതരമായ മാനുഷിക പ്രതിസന്ധിയാല്‍ വലയുന്ന റോഹിങ്ക്യക്കാര്‍ക്ക് ഉത്ഥിതന്‍ സാന്ത്വനം പ്രദാനം ചെയ്യുകയും വര്‍ഷങ്ങളോളം ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ പിച്ചിച്ചീന്തപ്പെട്ട മ്യാന്‍മറില്‍ അക്രമത്തിന്റെ എല്ലാ യുക്തികളും എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെടുന്നതിനായി, അനുരഞ്ജനത്തിനുള്ള വഴി തുറക്കുകയും ചെയ്യട്ടെ.

ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ദുരിതം

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍, പ്രത്യേകിച്ച് സുഡാനിലെയും സഹേല്‍ മേഖലയിലെയും ആഫ്രിക്കയുടെ കൊമ്പ് പ്രദേശത്തെയും കോംഗൊ പ്രജാധിപത്യറിപ്പബ്ലിക്കിലെ കിവു മേഖലയിലെയും മൊസാംബിക്കിലെ കാപൊ ദെല്‍ഗാദൊ പ്രവിശ്യയിലെയും കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് കര്‍ത്താവ് സമാധാന വഴികള്‍ തുറക്കുകയും വളരെയധികം പ്രദേശങ്ങളെ ബാധിക്കുകയും ഭക്ഷ്യക്ഷാമവും പട്ടിണിയും വിതയ്ക്കുകയും ചെയ്യുന്ന നീണ്ട വരള്‍ച്ചയ്ക്ക് അറുതി വരുത്തുകയും ചെയ്യട്ടെ.

ഉത്ഥിതന്റെ സാന്ത്വനം ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ലഭിക്കട്ടെ

ഉയിര്‍ത്തെഴുന്നേറ്റവന്‍ കുടിയേറ്റക്കാര്‍ക്കും സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ക്കും അവരുടെ ആവശ്യസമയത്ത് സമാശ്വാസവും പ്രത്യാശയും പ്രദാനം ചെയ്തുകൊണ്ട് അവരുട മേല്‍ അവിടത്തെ വെളിച്ചം ചൊരിയട്ടെ. മെച്ചപ്പെട്ടൊരു ജീവിതത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അന്വേഷണത്തില്‍ ഏറ്റം ദരിദ്ര കുടുംബങ്ങള്‍ക്ക് മേല്‍ വന്നുപതിക്കുന്ന നിരവധി വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍, ഐക്യദാര്‍ഢ്യത്തില്‍ ഒന്നിക്കുന്നതിലേക്ക് ക്രിസ്തു നല്ല മനസ്സുള്ള സകലരെയും നയിക്കട്ടെ.

ജീവന്‍ എന്ന അമൂല്യ ദാനം

പുത്രന്റെ പുനരുത്ഥാനത്തില്‍ നമുക്ക് നല്‍കപ്പെട്ട ജീവന്‍ നാം ആഘോഷിക്കുന്ന ഈ ദിനത്തില്‍, നമുക്ക്, നാം ഓരോരുത്തരോടും ദൈവത്തിനുള്ള അനന്തമായ സ്‌നേഹം ഓര്‍ക്കാം: എല്ലാ പരിധികളെയും എല്ലാ ബലഹീനതകളെയും മറികടക്കുന്ന ഒരു സ്‌നേഹം. എന്നിട്ടും ജീവന്‍ എന്ന അനര്‍ഘ ദാനം പലപ്പോഴും എത്രമാത്രം നിന്ദിക്കപ്പെടുന്നു. വെളിച്ചം പോലും കാണാന്‍ കഴിയാതെവരുന്ന കുട്ടികള്‍ എത്രയാണ് ? പട്ടിണി മൂലം മരിക്കുന്നവര്‍ അല്ലെങ്കില്‍ അവശ്യ പരിചരണം ലഭിക്കാതെ പോകുന്നവര്‍ അല്ലെങ്കില്‍ ചൂഷണംചെയ്യപ്പെടുകയും അക്രമത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നവര്‍ ഏത്രയാണ്? മനുഷ്യക്കച്ചവട വര്‍ദ്ധനവിനവുമൂലം എത്രയെത്ര ജീവിതങ്ങളാണ് വാണിജ്യവത്കരിക്കപ്പെടുന്നത്?

മനുഷ്യക്കടത്ത് എന്ന വിപത്തിനെ ചെറുക്കുക

സഹോദരീസഹോദരന്മാരേ, മൃത്യുവിന്റെ അടിമത്തത്തില്‍ നിന്ന് ക്രിസ്തു നമ്മെ മോചിപ്പിച്ച ഈ ദിനത്തില്‍, ഞാന്‍, ചൂഷണ ശൃംഖലകള്‍ തകര്‍ക്കാനും അതിന് ഇരകളായവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാനും അക്ഷീണം പ്രയത്‌നിച്ചുകൊണ്ട് മനുഷ്യക്കടത്ത് എന്ന വിപത്തിനെ ചെറുക്കാന്‍ രാഷ്ട്രീയ ഉത്തരവാദിത്വം പേറുന്നവരെ ആഹ്വാനം ചെയ്യുന്നു. കര്‍ത്താവ് ആ ഇരകളുടെ കുടുംബങ്ങളെ, പ്രത്യേകിച്ച്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങളറിയാന്‍ ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുന്നവരെ ആശ്വസിപ്പിക്കട്ടെ, അവര്‍ക്ക് സാന്ത്വനവും പ്രത്യാശയും ഉറപ്പുനല്‍കട്ടെ.

പുനരുത്ഥാന വെളിച്ചം

പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുകയും സ്വാഗതം ചെയ്യപ്പെടുകയും സംരക്ഷിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യപ്പെടേണ്ട ഓരോ മനുഷ്യജീവന്റെയും മൂല്യത്തെക്കുറിച്ച് നമുക്ക് അവബോധം പകരുകയും ചെയ്യട്ടെ. എല്ലാവര്‍ക്കും തുരുവുത്ഥാനത്തിരുന്നാള്‍ ആശംസകള്‍!

ആശീര്‍വ്വാദം

ഫ്രാന്‍സീസ് പാപ്പാ ”ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം നല്‍കാന്‍പോകുകയാണെന്നും സഭ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അത്, നേരിട്ടൊ റേഡിയോ-ടെലെവിഷന്‍ മാദ്ധ്യമങ്ങളിലൂടെയൊ ഇതര സാങ്കേതികോപാധികളിലൂടെയൊ, സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നും റോമിന്റെ ചുമരുകള്‍ക്കു വെളിയിലുള്ള വിശുദ്ധ പൗലോസിന്റെ ബസിലിക്കയുടെ മുഖ്യപുരോഹിതനായ കര്‍ദ്ദിനാള്‍ ഹാര്‍വി ജെയിംസ് മൈക്കിള്‍ പ്രാര്‍ത്ഥനാനന്തരം അറിയച്ചതിനെ തുടര്‍ന്ന് മാര്‍പാപ്പ ”ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം നല്‍കി. ആശീര്‍വ്വാദനാന്തരം, പാപ്പാ കൈകള്‍ വീശി എല്ലാവരെയും അഭിവാദ്യം ചെയ്തതിനു ശേഷം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്ന് പിന്‍വാങ്ങി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌

Exit mobile version