നവംബര്‍ 19: ഹാക്കെബോണിലെ വിശുദ്ധ മെക്ക്ടില്‍ഡ്

സാക്‌സണിയില്‍ പ്രശസ്തമായ തുറിഞ്ചിയന്‍ കുടുംബത്തില്‍ മെക്ക്ടില്‍ഡ് ജനിച്ചു. കുട്ടിയുടെ ആരോഗ്യം തീരെ മോശമായിത്തോന്നിയതിനാല്‍ അവളെ ഉടനെ പള്ളിയില്‍ കൊണ്ടു പോയി ജ്ഞാനസ്‌നാനപ്പെടുത്തി. പരിശുദ്ധനായ ഇടവക വൈദികന്‍ പ്രതിവചിച്ചു: ‘ഈ കുട്ടി ദീര്‍ഘനാള്‍ ജീവിക്കും; വിശുദ്ധയായ ഒരു കന്യാസ്ത്രീയാകും.’ ഹാക്കെബോണിലെ പ്രഭുക്കള്‍ വിപ്പ്‌റായിലെ പ്രഭുക്കളുംകൂടി ആയിരുന്നതിനാല്‍ വിപ്പ്‌റായിലെ മെക്ക്ടില്‍ഡ് എന്നു പുണ്യവതിയെ വിളിക്കാറുണ്ട്. ഇവളുടെ സഹോദരിയാണു വിശുദ്ധയായ ജെര്‍ത്രൂദ് വോണ്‍ ഹാക്കെബോണ്‍.

കുട്ടിക്ക് 7 വയസ്സുള്ളപ്പോള്‍ റോഡാര്‍ഡ്‌സ് ഡോര്‍ഫുമഠത്തില്‍ സഹോദരി ജെര്‍ത്രുദിന്റെ അടുക്കലാക്കി. പത്തു വര്‍ഷത്തിനുശേഷം 1258-ല്‍ മെക്ക്ടില്‍ഡും ബെനഡിക്ടന്‍ മഠത്തില്‍ ചേര്‍ന്നു. രണ്ടുപേരും ഹെല്‍ഫ്ടായില്‍ സ്ഥാപിച്ച പുതിയ മഠത്തിലേക്കു മാറി. അവിടെ ജെര്‍ത്രൂദിനെ സഹായിച്ചുകൊണ്ടിരുന്നു. അവളുടെ എളിമയും തീക്ഷ്ണതയും സ്‌നേഹപ്രകൃതിയും ഏവരുടേയും സവിശേഷ ശ്രദ്ധയെ ആകര്‍ഷിച്ചു.

അക്കാലത്താണ് അഞ്ചുവയസ്സുപ്രായമുള്ള, പിന്നീടു മഹാ വിശുദ്ധയായി അറിയപ്പെടുന്ന ജെര്‍ത്രൂദ് ഹെല്‍ഫാ മഠത്തില്‍ ചേര്‍ന്നത്. മെക്ക്ടില്‍ഡാ ഗായിക പ്രവീണയായിരുന്നു. ദൈവം അവള്‍ക്കു പല ആദ്ധ്യാത്മിക കാര്യങ്ങളും വെളിപ്പെടുത്തിയത് അവളെ തന്റെ വാനമ്പാടി എന്നു വിളിച്ചു കൊണ്ടാണ്. ഈ വെളിപാടുകളെല്ലാം, ‘വെളിപാടുകളുടെ പുസ്തകം’ എന്ന ഒരു ഗ്രന്ഥത്തില്‍ ജെര്‍ത്രൂദ് എഴുതിവച്ചു. അതു പ്രസിദ്ധം ചെയ്യാമോ എന്നു മെക്ക്ടില്‍ഡ് സംശയിച്ചപ്പോള്‍ ക്രിസ്തുതന്നെ കാണപ്പെട്ടു പറഞ്ഞു താനാണ് അവ എഴുതാന്‍ ഇടയാക്കിയതെന്ന്.

‘പ്രത്യേക കൃപാവരത്തിന്റ പുസ്തകം’ എന്നു അതിനെ പേരുവിളിക്കണമെന്നും കര്‍ത്താവ് അവളെ അറിയിച്ചു. ഈ ഗ്രന്ഥം അനേകര്‍ക്ക് ഉപകരിക്കുമെന്ന കാരണത്താലാണു നാമാന്തരം നിര്‍ദ്ദേശിക്കപ്പെട്ടത്. 1291 നവം ബര്‍ 19-ാം തീയതി മെക്ക്ടില്‍ഡ് മരിച്ചു; അതിവേഗം ഈ ഗ്രന്ഥം പ്രചുര പ്രചാരത്തിലായി, പ്രത്യേകിച്ചു ഫ്‌ളോറെന്‍സില്‍.

ഫ്‌ളോറെന്‍സുകാരനായ ഡാന്റെ 1314-നും 1318-നും മധ്യേ എഴുതിയ ‘ശുദ്ധീകരണസ്ഥലം’ എന്ന കവിതയിലെ മറ്റില്‍ഡാ എന്ന കഥാപാത്രം വിശുദ്ധ മെക്ക്ടില്‍ഡ് ആണെന്നാണ് ഒരഭിപ്രായം. ഡാന്റെയുടെ കവിതയിലും മെക്ക്ടില്‍ഡിന്റെ പുസ്തകത്തിലും ആത്മാവിന്റെ ശുദ്ധീകരണം നടക്കുന്നത് ഏഴു നിലയുള്ള ഒരു പര്‍വ്വതത്തിലാണ്. ഡാന്റെക്ക് മറ്റില്‍ഡാ മിസ്റ്റിക്ക് തിയോളജിയുടെ ഒരു പ്രതീകമാണ്. ഹെര്‍ഫ്ടായിലെ വിശുദ്ധ ജെര്‍ത്രൂദ് വിശുദ്ധ മെക്ക്ടില്‍ഡിനെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘അവള്‍ക്കു സമാനയായ ഒരാള്‍ ഈ മഠത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാ; ഇനി ഉണ്ടാകാനിടയില്ലെന്നുകൂടി ഞാന്‍ ഭയപ്പെടുന്നു.’

നവംബര്‍ 17: ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് രാജ്ഞി

ഹങ്കറിയിലെ അലക്‌സാണ്ടര്‍ ദ്വിതീയന്‍ രാജാവിന്റെ മകളാണ് എലിസബത്ത്. ചെറുപ്പം മുതല്‍തന്നെ എലിസബത്ത് തന്റെ ഹൃദയത്തില്‍ ലോകത്തിനു സ്ഥാനം നല്കാതെ ദൈവ സ്‌നേഹത്തില്‍ ജീവിക്കാന്‍ ശ്രമിച്ചിരുന്നു. എളിമ പ്രവൃത്തികളും ആത്മപരിത്യാഗവും നിരന്തരം അഭ്യസിച്ചുപോന്നു. ഇടയ്ക്കിടയ്ക്കു ദൈവാലയത്തിലേക്കു കടന്നുപോയി ഓരോ ബലിപീഠത്തിന്റെ മുമ്പിലും പ്രാര്‍ത്ഥിക്കും. ദൈവാലയത്തില്‍ മറ്റാരുമില്ലെങ്കില്‍ സാഷ്ടാംഗം വീണ് അപേക്ഷിക്കും.

14-ാമത്തെ വയസ്സില്‍ കുറിഞ്ചിയായിലെ ലൂയിലാന്റ് ഗ്രെവിനെ എലിസബത്ത് വിവാഹം ചെയ്തു. പണം ദരിദ്രര്‍ക്കു കൊടുക്കാനുള്ള ഒരു വസ്തുവായിട്ടാണ് എലിസബത്ത് മനസ്സിലാക്കിയിരുന്നത്. കൊട്ടാരത്തില്‍ വരുന്ന ദരിദ്രരെ മാത്രമല്ല കഷ്ട്ടപ്പെടുന്ന സകലരേയും ആശ്വസിപ്പിച്ചിരുന്നു. പല ആശുപത്രികള്‍ രാജ്ഞി സ്ഥാപിച്ചു; രോഗികളെ ശുശ്രൂഷി ക്കുകയും ചെയ്തിരുന്നു. ജീര്‍ണ്ണിച്ച മുറിവുകള്‍പോലും രാജ്ഞി കഴുകിക്കെട്ടിയിരുന്നു.

ഒരിക്കല്‍ ദരിദ്രര്‍ക്കായി കുറേ സാധനങ്ങള്‍ മേലങ്കിയില്‍ കെട്ടിക്കൊണ്ടു പോയപ്പോള്‍ ഭര്‍ത്താവു രാജ്ഞിയെ കൂട്ടിമുട്ടി. രാജ്ഞി ഭാരംകൊണ്ടു പുളയുന്നതുകണ്ടപ്പോള്‍ രാജാവു വന്നു ഭാണ്ഡം തുറന്നു നോക്കി. വെളുത്തതും ചുവന്നതുമായ റോസാപ്പൂക്കളാണ് അദ്ദേഹം കണ്ടത്. പുഷ്പങ്ങള്‍ വിരിയുന്ന കാലമല്ലായിരുന്നു അത്. ഒരെണ്ണം രാജാവു അതില്‍നിന്നെടുത്തശേഷം രാജ്ഞിയെ മുന്നോട്ടുപോകാന്‍ അനുവദിച്ചു.

1225-ല്‍ ലൂയി രാജാവ് ഇറ്റലിയില്‍ ഒരു യോഗത്തിനു പോയിരുന്ന കാലത്തു നാട്ടില്‍ വെള്ളപ്പൊക്കവും പഞ്ഞവും പ്ലേഗുമുണ്ടായി. രാജ്ഞി ദിനം പ്രതി 900 പേര്‍ക്കു ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. തന്റെ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും കൂടി അതിനായി വിനിയോഗിച്ചു.

1227-ല്‍ ലൂയി കുരിശുയുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ നാലാമത്തെ ശിശു വിനെ ഗര്‍ഭംധരിച്ചിരുന്ന രാജ്ഞി കുതിരപ്പുറത്തു കുറേ വഴി രാജാവിനെ അനുഗമിച്ചു. ഇനി ഭര്‍ത്താവിനെ കാണാന്‍ കഴിയുകയില്ലെന്ന ഒരു വിചാരം രാജ്ഞിക്കുണ്ടായിരുന്നു. ദക്ഷിണ ഇറ്റലിയില്‍ വച്ചു ടൈഫോയിഡു പിടിപെട്ടു ഭര്‍ത്താവു മരിക്കുകയും ചെയ്തു.

എലിസബത്തു ദൂഃഖാര്‍ത്തയായി. ഭര്‍ത്താവിന്റെ ചാര്‍ച്ചക്കാര്‍ എലിസബത്ത് പണമൊക്കെ ദുര്‍വ്യയം ചെയ്യുകയാണെന്ന് ആരോപിച്ചു രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് ഇറക്കിവിട്ടു. വിശപ്പും തണുപ്പും സഹിച്ചു പിഞ്ചു കുഞ്ഞുങ്ങളോടുകൂടെ തെരുവീഥിയില്‍ അലഞ്ഞുനടന്നു. രാജ്ഞി സഹനം മുഴുവനും സ്വാഗതം ചെയ്തു. ഭര്‍ത്താവിന്റെ സ്‌നേഹിതന്മാര്‍ തിരിച്ചു വന്നപ്പോള്‍ എലിസബത്തിനെ വീണ്ടും കൊട്ടാരത്തില്‍ താമസിപ്പിച്ചു. അവളുടെ പുത്രനായിരുന്നുവല്ലോ കിരീടാവകാശി.

1228-ല്‍ എലിസബത്ത് ഫ്രന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. അതറിഞ്ഞു സന്തുഷ്ടനായ വിശുദ്ധ ഫ്രാന്‍സിസ് തന്റെ മേലങ്കി രാജ്ഞിക്കു കൊടുത്തയച്ചു. ശേഷിച്ച ജീവിതകാലം രാജ്ഞിതന്നെ സ്ഥാപിച്ചിരുന്ന ഒരാശുപത്രിയില്‍ രോഗികളെ ശുശ്രൂഷിച്ചു ജീവിച്ചു. ക്രമേണ ആരോഗ്യം നശിച്ച് 24-ാമത്തെ വയസ്സില്‍ രാജ്ഞി അന്തരിച്ചു എലിസബത്തുരാജ്ഞി പരോപകാര പ്രസ്ഥാനങ്ങളുടേയും ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെയും മധ്യസ്ഥയാണ്.

നവംബര്‍ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ

877ലെ ക്രിസ്മസ്സിന്റെ തലേനാള്‍ അക്വിറെറയിലെ ഒരു പ്രഭു തനിക്ക് ഒരാണ്‍കുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കേട്ട്, ഓഡോ എന്ന ഒരു പുത്രനെ നല്കി. കൃതജ്ഞതാനിര്‍ഭരനായ പിതാവു കുഞ്ഞിനെ വിശുദ്ധ മാര്‍ട്ടിനു കാഴ്ചവച്ചു. ഓഡോ വിജ്ഞാനത്തിലും സുകൃതത്തിലും വളര്‍ന്നുവന്നു. തന്റെ മകന്‍ ഒരു വലിയ ഉദ്യോഗസ്ഥനായിക്കാണാനാണു പിതാവ് ആഗ്രഹിച്ചത്; എന്നാല്‍ പ്രസാദവരം അവനെ ദൈവശുശ്രൂഷയ്ക്ക് ആകര്‍ഷിച്ചു. ഓഡോയുടെ ആരോഗ്യം അത്ര മെച്ചമായിരുന്നില്ല; അവന്റെ ഹൃദയം സന്തപ്തമായി. അവസാനം അവന്‍ ടൂഴ്‌സിലെ മാര്‍ട്ടിനെത്തന്നെ ശരണം ഗമിച്ചു.

സുഖക്കേടു ശമിച്ചപ്പോള്‍ ഓഡോ ബോമിലുള്ള ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ക്ലൂണിയില്‍ അന്ന് ഒരാശ്രമം പണിയുന്നുണ്ടായിരുന്നു. ഓഡോ അതിന്റെ ആബട്ടായി നിയ മിക്കപ്പെട്ടു. വിവേകപൂര്‍വ്വം തന്റെ ജോലികള്‍ അദ്ദേഹം നിര്‍വ്വഹിച്ചു. ഒരു വിശുദ്ധന്റെ മാധുര്യം അദ്ദേഹത്തിന്റെ വ്യാപാരത്തില്‍ പ്രകടമായിരുന്നു.

നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരിശുദ്ധ പിതാവ് അദ്ദേഹത്തെ പലപ്പോഴും നിയോഗിക്കുകയു ണ്ടായിട്ടുണ്ട്. ഈദൃശമായ ഒരു കാര്യത്തിന് അദ്ദേഹം റോമയിലേക്കു പോയപ്പോള്‍ അദ്ദേഹത്തിനു രോഗം ബാധിച്ചു. അദ്ദേഹ ത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അദ്ദേഹത്തെ ടൂഴ്‌സിലേക്കു കൊണ്ടുപോയി. അവിടെ അദ്ദേഹം വിശുദ്ധ മാര്‍ട്ടിന്റെ പാദാന്തികത്തില്‍ കിടന്നു മരിച്ചു.

SMART: അള്‍ത്താര ബാലികാ – ബാലന്മാരുടെ സംഗമം

കോടഞ്ചേരി ഫൊറാനയിലെ അള്‍ത്താര ബാലികാ – ബാലന്മാരുടെ സംഗമം കോടഞ്ചേരി പാരിഷ് ഹാളില്‍ നടന്നു. ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കീല്‍, SMART രൂപതാ ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍ എന്നിവര്‍ ക്ലാസെടുത്തു. 135 കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. SMART ഫൊറോന ഡയറക്ടര്‍ ഫാ. ജിജോ മേലാട്ട് നേതൃത്വം നല്‍കി.

https://malabarvisiononline.com/wp-content/uploads/2024/11/Smart-Kodanchery.mp4
അള്‍ത്താര ബാലികാ – ബാലന്മാരുടെ കോടഞ്ചേരി ഫൊറോന സംഗമത്തില്‍ പങ്കെടുത്തവര്‍

നവംബര്‍ 16: സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് രാജ്ഞി

1057-ല്‍ സ്‌കോട്ട്‌ലന്റിലെ രാജാവായ മാല്‍ക്കോം വിവാഹം കഴിച്ചത് ഇംഗ്‌ളീഷ് രാജാവായ വിശുദ്ധ എഡ്വേര്‍ഡിന്റെ സഹോദരപുത്രി മാര്‍ഗരറ്റിനെയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു. കൊട്ടാരത്തിലാണ് വളര്‍ന്നതെങ്കിലും മാര്‍ഗരറ്റ് ലൗകികസന്തോഷങ്ങളെ വിഷമായിട്ടാണ് കണക്കാക്കിയിരുന്നത്.

മാല്‍ക്കോം പരുപരുത്ത ഒരു മനുഷ്യനായിരുന്നെങ്കിലും രാജ്ഞിയുടെ സംപ്രീതമായ പെരുമാറ്റംകൊണ്ട് അദ്ദേഹം ശ്രദ്ധപതിക്കാനും ഭരണകാര്യങ്ങളില്‍ രാജ്ഞിയുടെ ഉപദേശം തേടാനും കൂടി തയ്യാറായി. എല്ലാ പ്രവൃത്തികളിലും രാജ്ഞി ഭര്‍ത്താവിനെ സഹായിച്ചിരുന്നെങ്കിലും പ്രാര്‍ത്ഥനയ്‌ക്കോ ദൈവസാന്നിധ്യ സ്മരണയ്‌ക്കോ കുറവു വരുത്തിയില്ല. എട്ടു മക്കളുണ്ടായി. അവരെ ദൈവഭക്തിയില്‍ വളര്‍ത്താന്‍ മാര്‍ഗരറ്റ് ഒട്ടും അശ്രദ്ധ പ്രദര്‍ശിപ്പിച്ചിട്ടില്ല.

രാജ്യം മുഴുവനും തന്റെ കുടുംബമായിട്ടാണ് രാജ്ഞി കരുതിയിരുന്നത്. ഞായറാഴ്ചകളും നോമ്പു ദിവസങ്ങളും ആചരിക്കാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. നോമ്പുകാലത്തും ആഗമനകാലത്തും ദിവസന്തോറും 300 ദരിദ്രരെ വിളിച്ചു രാജാവും രാജ്ഞിയും ഭക്ഷണം വിളമ്പി കൊടുത്തിരുന്നു. വിദേശീയര്‍ക്കുവേണ്ടിക്കൂടി രാജ്ഞി ആശുപത്രികള്‍ സ്ഥാപിച്ചു. നോമ്പിലും ആഗമനകാലത്തും പാതിരാത്രിയില്‍ എഴുന്നേറ്റു പ്രാര്‍ത്ഥിച്ചിരുന്നു. രാവിലെ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ ആറു ദരിദ്രരുടെ പാദങ്ങള്‍ കഴുകി അവര്‍ക്കു ധര്‍മ്മം കൊടുത്താണ് അയച്ചിരുന്നത്. സ്വന്തം ആഹാരം എത്രയും തുച്ഛമായിരുന്നു.

മാല്‍ക്കോം സമാധാനപ്രിയനായിരുന്നെങ്കിലും സമര്‍ത്ഥനായ ഒരു പോരാളിയായിരുന്നു. ഒരു ഇംഗ്ലീഷ് സൈന്യം അദ്ദേഹത്തിനു കീഴടങ്ങി ആന്‍വിക്കു മാളികയുടെ താക്കോല്‍ രാജാവിനു സമര്‍പ്പിക്കുന്ന സമയത്തു അപ്രതീക്ഷിതമായി ഇംഗ്ലീഷ് പടയാളികള്‍ അദ്ദേഹത്തെ കുത്തിക്കൊന്നു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ മകന്‍ എഡ്ഗാറും മരിച്ചു. ദൈവ തിരുമനസ്സിനു കീഴ്‌പ്പെട്ടുകൊണ്ടു രോഗിയായിരുന്ന രാജ്ഞി എല്ലാം സഹിച്ചു. തിരുപാഥേയം സ്വീകരിച്ചശേഷം രാജ്ഞി പ്രാര്‍തഥിച്ചു: ‘കര്‍ത്താവായ ഈശോ അങ്ങു മരിച്ചുകൊണ്ടു ലോകത്തെ രക്ഷിച്ചുവല്ലോ എന്നെ രക്ഷിക്കണമേ.’ ഇതുതന്നെ ആയിരുന്നു രാജ്ഞിയുടെ അന്തിമ വചസ്സുകള്‍.

നവംബര്‍ 15: മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്

പ്രസിദ്ധനായ വിശുദ്ധ തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാലീനര്‍തന്നെ മഹാന്‍ എന്നു സംബോധനം ചെയ്തിട്ടുള്ള ആല്‍ബെര്‍ട്ട്. അദ്ദേഹം സ്വാദിയാ എന്ന സ്ഥലത്ത് ജനിച്ചു. പാദുവാ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം പുതുതായി ആരംഭിച്ച ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നത്. ആരംഭകാലത്തു ആല്‍ബെര്‍ട്ട് പഠനത്തില്‍ പിന്നോക്കമായിരുന്നു. എന്നാല്‍ ഭക്തനായ യുവാവ് ദൈവമാതാവിന് തന്നെത്തന്നെ സമര്‍പ്പിച്ചു പഠനം തുടര്‍ന്നു. ആ ദിവ്യാംബികയുടെ സഹായത്താല്‍ പഠനത്തില്‍ ആല്‍ബെര്‍ട്ട് വമ്പിച്ച വിജയം വരിച്ചു. സാര്‍വ്വത്രിക വിജ്ഞാന ഡോക്ടരായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഫ്രീബുര്‍ഗു, റാറ്റിസ്ബണ്‍, പാരിസു, കൊളോണ്‍ എന്നീ സ്ഥലങ്ങളില്‍ ആല്‍ബെര്‍ട്ട് അധ്യാപനം നടത്തി. പ്രകൃതിശാസ്ത്രത്തിലെ തന്റെ കണ്ടുപിടിത്തങ്ങള്‍ തത്വശാസ്ത്രത്തോട് പൊരുത്തപ്പെടുത്തിക്കൊണ്ടു പോകാന്‍ അദ്ദേഹം ഒരു പരിശ്രമംചെയ്തു. അദ്ദേഹത്തിന്റെ വിജ്ഞാനസംക്ഷേപം എന്ന ഗ്രന്ഥത്തില്‍ പ്രകൃതിശാസ്ത്രം, തര്‍ക്കം, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, സന്മാര്‍ഗ്ഗശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ, വൈശേഷികം എന്നീ വിഷയങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. 20 വര്‍ഷം കൊണ്ടാണ് അതെഴുതി തീര്‍ത്തത്. ഗ്രീക്കു തത്വശാസ്ത്രവും ദൈവശാസ്ത്രവും യോജിപ്പിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ആരംഭമിട്ടു. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ യുക്തി എങ്ങനെ പ്രയോഗിക്കാ മെന്ന് അദ്ദേഹം വിശദമാക്കി . അദ്ദേഹത്തിന്റെ ശിഷ്യന്‍ വിശുദ്ധ തോമസ് അക്വിനസ്സ് ആ പഠനം ഏറെക്കുറെ പൂര്‍ത്തിയാക്കി. വിശുദ്ധ കുര്‍ബാനയോടും ദൈവമാതാവിനോടും ആല്‍ബെര്‍ട്ടിനുണ്ടായിരുന്ന ഭക്തി അന്യാദൃശമായിരുന്നു. വിനീതനായ ആല്‍ബര്‍ട്ടിനെ ദൈവം ഡൊമിനിക്കന്‍ പ്രൊവിന്‍ഷലും 1260-ല്‍ റാറ്റിസുബണിലെ മെത്രാനുമായി ഉയര്‍ത്തി. 1274-ലെ ലിയോണ്‍സിലെ സൂനഹദോസില്‍ ദൈവശാസ് ത്രജ്ഞനെന്ന നിലയില്‍ പങ്കെടുത്തു. സൂനഹദോസിന് പോരുന്ന വഴിക്ക്
തന്റെ പ്രിയ ശിഷ്യന്‍ തോമസ് അക്വിനസ്സ് മരിച്ചുവെന്ന് കേട്ടിട്ട്, അല്‍ബെര്‍ട്ട് 71-ാമത്തെ വയസ്സില്‍ പാരീസിലേക്കു മടങ്ങി അക്വിനസ്സിന്റെ വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്കി.

ആല്‍ബെര്‍ട്ട് വിനീതനായ ഒരു ഡൊമിനിക്കനായി എന്നും ജീവിച്ചു. കാല്‍നടയായിട്ടാണ് യാത്രകളെല്ലാം ചെയ്തത്. ശിശുസഹജ വിശ്വാസവും ദൈവസ്‌നേഹവും അദ്ദേഹത്തില്‍ സുതരാം വിരാജിച്ചു. 74-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് യാത്രപറഞ്ഞു.

ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണം നടത്തി

തലശ്ശേരി അതിരൂപതയിലെ കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടന്ന ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

വചന സന്ദേശ മധ്യേ ഫാ. ജോസഫ് കാപ്പിലിന്റെ സേവനങ്ങളെ ബിഷപ് അനുസ്മരിച്ചു. വിശുദ്ധനാട് മലബാറിന് പരിചയപ്പെടുത്തിയ പ്രേഷിതനായിരുന്നു കാപ്പിലച്ചനെന്ന് ബിഷപ് പറഞ്ഞു.

വികാരി ഫാ. ജോസ് പൂവന്നിക്കുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, ഫാ. തോമസ് പാമ്പയ്ക്കല്‍, ഫാ. സഞ്ജയ് കുരീക്കാട്ടില്‍ വിസി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

വിലങ്ങാട്-വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം: പ്രമേയം

വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഈ വര്‍ഷം ഉണ്ടായ അതിദാരുണമായ ഉരുള്‍പൊട്ടലിലും പ്രകൃതി ദുരന്തത്തിലും സമാനതകളില്ലാത്ത നാശനഷ്ടങ്ങളും ദുരിതങ്ങളുമാണ് സംഭവിച്ചത്. നാനൂറിലേറെ വിലപ്പെട്ട ജീവനുകളാണ് മലവെള്ളപ്പാച്ചിലില്‍ നഷ്ടമായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിക്കുന്നതാണ്. നൂറുകണക്കിന് ആളുകള്‍ വീടു നഷ്ടപ്പെട്ട് ഭവനരഹിതരാകുകയും അതിലേറെപ്പേര്‍ കൃഷിഭൂമി നഷ്ടപ്പെട്ട് വലിയ കെടുതിയിലാകുകയും ചെയ്തു. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ ഒട്ടനവധിയാണ്. ദുരിതമനുഭവിക്കുന്ന എല്ലാ സഹോദരങ്ങളോടും താമരശ്ശേരി രൂപതയും പാസ്റ്ററല്‍ കൗണ്‍സിലും ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നു. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുമെന്ന് ഭരണാധികാരികള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ദുരന്തമുണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല എന്ന വസ്തുത അത്യന്തം ഖേദകരമാണ്. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ മൂലം ദുരിതത്തിലകപ്പെട്ടവര്‍ക്ക് ഭവനനിര്‍മാണം അടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ധനസഹായ വിതരണവും അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണവും ഉടനടി ആരംഭിക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി ആവശ്യപ്പെടുന്നു.

താമരശ്ശേരി രൂപതയില്‍ നിന്ന് 3 പേര്‍ ലോഗോസ് മെഗാ ഫൈനലിലേക്ക്

ലോഗോസ് ക്വിസ് സെമിഫൈനല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. എ, ബി, എഫ് വിഭാഗങ്ങളിലായി താമരശ്ശേരി രൂപതയില്‍ നിന്നു മൂന്നു പേര്‍ മെഗാ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി.

എ വിഭാഗത്തില്‍ ലെവിന്‍ സുനില്‍ കേഴപ്ലാക്കല്‍, ബി വിഭാഗത്തില്‍ ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍, എഫ് വിഭാഗത്തില്‍ മാത്യു തൈക്കുന്നുംപുറത്ത് എന്നിവരാണ് നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുക.

കൂരോട്ടുപാറ ഇടവകാംഗമായ കേഴപ്ലാക്കല്‍ സുനില്‍ ഷീന ദമ്പതികളുടെ മക്കളാണ് ലെവിനും ലിയയും. 2023-ലെ ലോഗോസ് മെഗാ ക്വിസ് പ്രതിഭാ മത്സരത്തില്‍ ലിയ ട്രീസ രണ്ടാം സ്ഥാനം നേടിയിരുന്നു. ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും ലിയ ട്രീസയ്ക്കായിരുന്നു. കൂരാച്ചുണ്ട് ഇടവകാംഗമാണ് മാത്യു തൈക്കുന്നുംപുറം.

ആദ്യ ഘട്ടത്തില്‍ നാലര ലക്ഷം പേര്‍ പരീക്ഷയെഴുതി. അവരില്‍ നിന്നും 600 പേര്‍ സെമിഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചു. മെഗാ ഫൈനല്‍ മത്സരത്തിന് 60 പേരാണ് യോഗ്യത നേടിയത്.

മലയോര നാടിന്റെ അഭിമാനമായി അല്‍ക്ക

മലയോര നാടിന്റെ കായിക പെരുമയില്‍ പുത്തന്‍ അധ്യായം എഴുതി ചേര്‍ത്ത് കൂരാച്ചുണ്ടുകാരി അല്‍ക്ക ഷിനോജ്. സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സില്‍ നാല് ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി, വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയാണ് ഈ മിടുക്കി മലയോര നാടിന്റെ അഭിമാന താരമായത്.

ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 200, 400, 600 എന്നീ ഇനങ്ങളിലും റിലേയിലുമായിരുന്നു അല്‍ക്കയുടെ സ്വര്‍ണ്ണ നേട്ടം. കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയായ അല്‍ക്ക കൂരാച്ചുണ്ട് ഇടവകാംഗവും സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ ചേറ്റാനിയില്‍ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്.

കുളത്തുവയല്‍ ജോര്‍ജിയന്‍ അക്കാദമി പരിശീലകന്‍ കെ. എം. പീറ്റര്‍, കുളത്തുവയല്‍ സ്‌കൂള്‍ കായിക അധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അല്‍ക്ക സ്‌കൂള്‍ ഒളിംപിക്‌സിനായി തയ്യാറെടുത്തത്.

Exit mobile version