Special Story

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി: താമരശ്ശേരി രൂപതയുടെ ശില്‍പി


ജീവിതത്തിലെ 65 വസന്തങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച് നിത്യസമ്മാനത്തിനായി കടന്നുപോയ അഭിവന്ദ്യ മാര്‍ മങ്കുഴിക്കരി പിതാവ്. തണ്ണീര്‍മുക്കത്ത് പുന്നയ്ക്കല്‍ നിന്നും മങ്കുഴിക്കരിയായ പുത്തന്‍തറ തറവാട്ടില്‍, ജോസഫ്-റോസമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നമനായി 1929 മാര്‍ച്ച് 2ന് വെള്ളിയാഴ്ച്ച ജനിച്ചു. എറണാകുളം അതിരൂപതയില്‍പ്പെട്ട വെച്ചൂരായിരുന്നു പിതാവിന്റെ ഇടവക. ഇടവക പരിധിയിലുള്ള കോട്ടയം രൂപതയുടെ കണ്ണങ്കര സെന്റ്‌ മാത്യൂസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1944 ല്‍ ചേര്‍ത്തല ഗവ. ഹൈസ്‌കൂളില്‍ നിന്ന് ഇഎസ്എല്‍സി പാസ്സായി.

1945-ല്‍ എറണാകുളം അതിരൂപത മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. ആലുവ സെന്റ്‌ ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലായിരുന്നു പിതാവിന്റെ തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍. വ്യാകുല മാതാവിന്റെ
പ്രത്യേക ഭക്തനായ പിതാവ് ‘ശോകാംബികദാസ്’ എന്ന തൂലികനാമത്തില്‍ വിമര്‍ശനപരമായ നിരവധി ലേഖനങ്ങള്‍ എഴുതി.

അതിരൂപതാ അദ്ധ്യക്ഷനും കര്‍ദിനാളുമായ അഭിനന്ദ്യ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്ന് 1955 മാര്‍ച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ്‌ മേരീസ് ബസിലിക്കയില്‍ അസിസ്റ്റന്റ്‌ വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയി.

1970 ജനുവരി ആറിന് ഡോ. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പതിനഞ്ചു വര്‍ഷം രൂപതയുടെ സഹായമെത്രാനായി സുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. 1984 ഏപ്രില്‍ ഒന്നിന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ വിരമിച്ചപ്പോള്‍ മങ്കുഴിക്കരി പിതാവ് അതിരൂപതയുടെ അഡ്മിന്‌സ്‌ട്രേറ്ററായി. 1986 ഏപ്രില്‍ 28ന് താമരശേരി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ മങ്കുഴിക്കരിയെ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ നിയമിച്ചു.

1986 ജൂലൈ മൂന്നിന് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ് തിരുവമ്പാടി പ്രോ-കത്തീഡ്രല്‍ ദൈവാലയത്തില്‍ പുതിയ രൂപതയുടെ ഇടയ സ്ഥാനം ഏറ്റെടുത്തു. പുതിയ ഇടയന്റെ ആസ്ഥാനമായ താമരശേരിയില്‍ രൂപതയ്ക്കുവേണ്ടി ഒന്‍പത് ഏക്കര്‍ സ്ഥലം ഒരു കൊച്ചുവീടോടുകൂടി നേരത്തെ വാങ്ങിയിരുന്നു. അല്‍ഫോന്‍സാ ഭവന്‍ എന്ന പേരു നല്‍കപ്പെട്ട ഈ വീട് പുതിയ ഇടയന്റെ ഭവനവും രൂപതാകേന്ദ്രവുമായി മാറി. പുതിയ രൂപത എന്ന നിലയില്‍ അടിസ്ഥാന സംവിധാനങ്ങള്‍ പലതും ഉണ്ടാക്കേണ്ടിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രൂപതാ ഭവനമായിരുന്നു. തന്റെ ജനത്തിന്റെ ഉദാരമനസ്‌കതയില്‍ വിശ്വാസമര്‍പ്പിച്ച പിതാവ് രൂപതയുടെ ആവശ്യങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഇടവകകളും അദ്ദേഹം സന്ദര്‍ശിച്ചു. ചുരുങ്ങിയ ചെലവില്‍ പണിതീര്‍ത്ത രൂപതാ ഭവന്റെ വെഞ്ചെരിപ്പ് 1989 മെയ് 20ന് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ പിതാവ് നിര്‍വഹിച്ചു.

സ്ഥാപനങ്ങള്‍ക്കെന്നതിനേക്കാള്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുഭവസമ്പന്നനായ മങ്കുഴിക്കരി പിതാവ് മുന്‍ഗണന നല്‍കിയത്. രൂപത ഭവന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെഅജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പാസ്റ്ററല്‍ സെന്റര്‍ സ്ഥാപിക്കുവാനുള്ള ശ്രമവുമായി പിതാവ് മുന്നിട്ടിറങ്ങി. രൂപതാ ഭവന്റെ വെഞ്ചരിപ്പു നടന്ന അന്നുതന്നെ പിഎംഒസി എന്ന പേരില്‍ കോഴിക്കോട് മേരിക്കുന്ന് ആസ്ഥാനമായി രൂപത പാസ്റ്ററല്‍ സെന്റര്‍ നിലവില്‍ വന്നു.

മൈനര്‍ സെമിനാരിക്കുവേണ്ടി ആദ്യം മരുതോങ്കരയിലും പിന്നീട് പുല്ലൂരാംപാറയിലും ലഭ്യമായ താല്‍ക്കാലിക കെട്ടിടങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ഭാവി വൈദികരുടെ പരിശീലനത്തില്‍ മെത്രാനും രൂപതയിലെ വൈദികര്‍ക്കും ക്രിയാത്മകമായ പങ്കുണ്ടായിരിക്കണമെന്ന വീക്ഷണമാണ് രൂപതാഭവനോട് ചേര്‍ന്ന് സെമിനാരി സ്ഥാപിക്കാന്‍ പിതാവിനെ പ്രേരിപ്പിച്ചത്.
രൂപതയ്ക്ക് സ്ഥിരമായ വരുമാനമുണ്ടാകുന്നതിന് േവണ്ടി കോഴിക്കോട് മാവൂര്‍ റോഡില്‍ പണികഴിപ്പിച്ച ഷോപ്പിങ് കോം
പ്ലക്‌സ് എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ്.

പാവങ്ങളോടും അനാഥരോടും അങ്ങേയറ്റം കരുണാര്‍ദ്രമായ ഹൃദയമാണ് മങ്കുഴിക്കരി പിതാവിനുണ്ടായിരുന്നത്. രൂപതയ്ക്ക് ദൈവനുഗ്രഹത്തിന്റെ ചാനലാകത്തക്കവണ്ണം നിരാലംബരായ രോഗികളെ മരണംവരെ സംരക്ഷിക്കുന്നതിന് രൂപതവക ഒരു ഭവനമുണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ് അതിയായി ആഗ്രഹിച്ചു. ‘കരുണാഭവന്‍’ എന്ന പേരില്‍ ഒരു സ്ഥാപനം പിതാവ് ചുരുങ്ങിയ കാലം കൊണ്ട് പടുത്തുയര്‍ത്തി. സജ്ജീകരണങ്ങളെല്ലാം തയ്യാറാക്കുന്നതിന് മുമ്പ്, ഉള്‍പ്രേരണയുടെ ശക്തിയാലെന്നവണ്ണം പ്ലാന്‍ ചെയ്തിരിക്കുന്നതിനേക്കാള്‍ നേരത്തെ, ഈസ്ഥാപനത്തിന്റെ ഉദ്ഘാടനം 1994 ഏപ്രില്‍ ഏഴിന് തികച്ചും അനാര്‍ഭാടമായി നിര്‍വഹിക്കപ്പെട്ടു. മരിക്കുന്നതിന്റെ തലേദിവസം തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്‌നം എന്നുപറയാവുന്ന കരുണാഭവന്‍ സന്ദര്‍ശിക്കുകയും ഓരോ രോഗിയുടെയും അടുക്കല്‍ പോയി സുഖാന്വേഷണങ്ങള്‍ നടത്തുകയും അവരോടൊത്ത് ഫോട്ടോ എടുക്കുകയും ചെയ്തു. അവിചാരിതമായി അന്ന് അവിടെ അത്താഴവും കഴിച്ചു. അങ്ങനെ താന്‍ ഏറ്റവുമധികം സ്‌നേഹിച്ച അഗതികളുടെ ഭവനത്തിലായിരുന്നു പിതാവിന്റെ അന്ത്യ അത്താഴം. രൂപതയുടെ മറ്റൊരു വലിയ ആവശ്യം അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമി ക്കുന്ന വൈദികര്‍ക്കുവേണ്ടിയുള്ള ഭവനമായിരുന്നു. പിഎംഒസിയുടെ അടുത്ത് 40 സെന്റ്‌ സ്ഥലം വാങ്ങുകയും, കെട്ടിടത്തിന്റെ പണികള്‍ ആരംഭിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 16ന് വ്യാഴാഴ്ച്ച കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിശ്ചയിച്ചിരുന്നതാണ്. പക്ഷേ, വിശ്രമഭവനത്തിന്റെ തറക്കല്ലിടലിനു കാത്തുനില്‍ക്കാതെ നിത്യവിശ്രമത്തിന്റെ ഭവനത്തിലേക്ക് പിതാവ് യാത്രയായി.

രൂപതയ്ക്ക് കത്തീഡ്രല്‍ പള്ളി ഉണ്ടാകണമെന്ന് പിതാവ് അത്യധികം ആഗ്രഹിച്ചിരുന്നു. താമരശേരിയുടെ ഹൃദയഭാഗത്ത്
കത്തീഡ്രല്‍ പള്ളിക്കുവേണ്ടി ഒന്നേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങിക്കുവാന്‍ അദ്ദേഹം മറന്നില്ല. ദൈവജനത്തിന്റെ നവീകരണത്തിനുവേണ്ടി ഒരു ധ്യാനകേന്ദ്രം വേണമെന്ന് പിതാവ് ആഗ്രഹിച്ചു. 1994 ജനുവരി ആറിന് ആ സ്വപ്‌നവും പൂവണിഞ്ഞു. നാലു വര്‍ത്തോളം രൂപത മൈനര്‍ സെമിനാരിയായി ഉപയോഗിച്ച കെട്ടിടത്തില്‍ ബഥാനിയ റിന്യൂവല്‍ സെന്റര്‍ എന്ന പേരില്‍ പുല്ലൂരാംപാറയില്‍ ധ്യാനകേന്ദ്രം ആരംഭിച്ചു. മിഷന്‍ ലീഗ്, വിന്‍സെന്റ്‌ഡി പോള്‍ സൊസൈറ്റി തുടങ്ങിയ സംഘടനകള്‍ക്ക് പുനരേകീകരണവും നവ ചൈതന്യവും പകര്‍ന്നതോടൊപ്പം കെസിവൈഎം, കാത്തലിക്ക് വിമന്‍സ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ പിതാവ് മുന്‍കൈയെടുത്ത് രൂപതയില്‍ആരംഭിച്ചു.

സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിഒഡിയും ദൈവവിളി പ്രോത്സാഹിപ്പിക്കുവാന്‍ വൊക്കേഷന്‍ ബ്യൂറോയും റെഗുലര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാന്‍ കോര്‍പ്പറേറ്റു മാനേജ്‌മെന്റും രൂപതയില്‍ സ്ഥാപിതമായി. രൂപതയിലെ അക്രൈസ്തവ സഹോദരങ്ങളോട് പിതാവ് അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. അവരുടെ കൂടി താല്‍പ്പര്യപ്രകാരമാണ് താമരശ്ശേരിയില്‍ അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിക്കുവാന്‍ പിതാവ് മുന്‍കൈ എടുത്തത്. പിതാവിന്റെ നിര്യാണത്തോടെ ക്രൈസ്തവര്‍ക്ക് മാത്രമല്ല തങ്ങള്‍ക്കും ഒരു നല്ല ഇടയന്‍ നഷ്ടപ്പെട്ടു എന്ന ദുഃഖം നാനാജാതി മതസ്ഥര്‍ക്ക് ഉണ്ടായതിന്റെ പിന്നില്‍ ഈ ബന്ധമാണുള്ളത്.

ലാളിത്യം ജീവിത വ്രതമായി സ്വീകരിച്ച മാര്‍ മങ്കുഴിക്കരി പിതാവ് സ്വന്തം സുഖസൗകര്യങ്ങള്‍ ഒരിക്കലും അന്വേഷിച്ചിട്ടില്ല. പിതാവിന്റെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും വിശ്വാസ ദാര്‍ഢ്യവും സഭാ സ്‌നേഹവും ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത വിധം ധന്യമായിരുന്നു. ഈ സവിശേഷ ഗുണങ്ങളാണ് കാപട്യത്തിനു മുമ്പില്‍ ധാര്‍മ്മിക രോഷത്തിന്റെ കത്തിജ്വലിക്കുന്ന അഗ്നിഗോളമായി പിതാവിനെ പലപ്പോഴും മാറ്റിയത്.

(2019 ജൂണ്‍ ലക്കത്തില്‍ മോണ്‍. ആന്റണി കൊഴുവനാല്‍ താമരശ്ശേരി രൂപതാ മുഖപത്രം മലബാര്‍ വിഷനില്‍ എഴുതിയ അനുസ്മരണത്തില്‍ നിന്ന്)


Leave a Reply

Your email address will not be published. Required fields are marked *