പാപ്പയുടെ ചിത്രം വരച്ചും ആശംസകള്‍ നേര്‍ന്നും കാന്‍സര്‍ വാര്‍ഡിലെ കുട്ടികള്‍


റോമിലെ ജെമേല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് പാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന സ്യൂട്ടിന് സമീപമാണ് പീഡിയാട്രിക് ഓങ്കോളജി വാര്‍ഡ്. കാന്‍സര്‍ ബാധിച്ച കുട്ടികളെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഉദര ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന പാപ്പയ്ക്കായി പ്രാര്‍ത്ഥിച്ചും ആശംസാ കാര്‍ഡുകള്‍ കൈമാറിയും പാപ്പയുടെ ചിത്രങ്ങള്‍ വരച്ചും മാര്‍പാപ്പയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ കുരുന്നുകള്‍.

കുട്ടികള്‍ നല്‍കിയ ആശംസാ കാര്‍ഡിലെ വരികള്‍: പ്രിയപ്പെട്ട പാപ്പാ, അസുഖത്തെത്തുടര്‍ന്ന് അങ്ങ് ഈ ആശുപത്രിയില്‍ അഡ്മിറ്റായതായി ഞങ്ങള്‍ കേട്ടു. അങ്ങ് എത്രയും വേഗം സുഖം പ്രാപിച്ച് അനുദിന ജീവിതത്തിലേക്ക് തിരികെയെത്തട്ടെയെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിരവധി തവണ ഞങ്ങളെ സന്ദര്‍ശിച്ചതിനും ഞങ്ങള്‍ക്കായി ചെയ്ത കാര്യങ്ങള്‍ക്കുമെല്ലാം നന്ദി പറയുന്നു. പാപ്പയെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ കൈവിരിച്ച് കാത്തിരിക്കുന്നു.

ചിത്രങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും കുട്ടികളേകിയ വാത്സല്യത്തിനും സ്‌നേഹത്തിനും പാപ്പാ നന്ദി പറഞ്ഞു. ഇതിന് മുമ്പ് രണ്ടു തവണ ജെമേല്ലി ആശുപത്രിയില്‍ അഡ്മിറ്റായപ്പോള്‍ പീഡിയാട്രിക് ഓങ്കോളജിലെ വാര്‍ഡിലെ കുട്ടികളെ പാപ്പ സന്ദര്‍ശിച്ചിരുന്നു.

അതേ സമയം ജെമേല്ലി ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റിയും പാപ്പയ്ക്ക് ഊഷ്മള പിന്തുണയാണ് നല്‍കിയത്. സ്യൂട്ടിന്റെ ജനവാതിലില്‍ പാപ്പ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പ്രാര്‍ത്ഥനകളും ആശംസാ വചനങ്ങളുമായി അവര്‍ അണിനിരന്നു. ഒരു കൂട്ടം ദന്തല്‍ വിദ്യാര്‍ത്ഥികള്‍ പാപ്പ വേഗം തിരിച്ചു വരട്ടെ, ദീര്‍ഘായുസോടെയിരിക്കട്ടെ എന്ന് ജനവാതില്‍ക്കല്‍ നില്‍ക്കുന്ന പാപ്പയെ നോക്കി ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്തു.

ഫ്രാന്‍സീസ് പാപ്പായുടെ ശസ്ത്രക്രിയാനന്തര ശാരീരികാവസ്ഥ സാധാരണഗതിയില്‍ തുടരുന്നുവെന്ന് പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്റെ, പ്രസ്സ് ഓഫീസ് മേധാവി മത്തേയൊ ബ്രൂണി വെളിപ്പെടുത്തി. പാപ്പായ്ക്ക് പനിയില്ലെന്നും രക്തചംക്രമണാവസ്ഥ സാധാരണഗതിയിലാണെന്നും ദ്രവരൂപത്തിലുള്ള ഭക്ഷണക്രമം തുടരുന്നുവെന്നും വൈദ്യസംഘത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *