Special Story

മണ്ണില്ലാ കൃഷി!


‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…’ ഉള്ളില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ നിറയ്ക്കുന്ന ഈ പാട്ട് എങ്ങനെയും ഇത്തിരി മണ്ണ് സ്വന്തമാക്കുകയെന്ന മലയാളിയുടെ മോഹത്തെ ഉണര്‍ത്തുന്നതാണ്. കൃഷി ചെയ്യാന്‍ അല്‍പം മണ്ണ് സ്വന്തമായുള്ളവന്റെ അഭിമാനം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. എന്നാല്‍ വൈകാതെ മണ്ണില്‍ പൊന്നു വിളയിക്കുക എന്ന പ്രയോഗമൊക്കെ ചുരുട്ടിക്കൂട്ടി തട്ടിന്‍പുറത്ത് വയ്‌ക്കേണ്ടിവരും. ഇതാ മണ്ണില്ലാക്കൃഷിയെന്ന ആശയം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. നാഴിയിടങ്ങഴി മണ്ണില്ല, എന്നാല്‍ പിന്നെ മണ്ണില്ലാ കൃഷി തന്നെ ശരണം എന്ന ലൈനിലാണ് ജപ്പാനും യുഎസുമൊക്കെ. ഫ്‌ളാറ്റ് സംസ്‌ക്കാരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിയും നടന്നടുക്കുകയാണ് ഈ കൃഷിയിലേക്ക്. അതേ, കേരളത്തിലുമുണ്ട് ഈ കൃഷി രീതിക്ക് ഏറെ ആരാധകര്‍. അക്വാപോണിക്‌സ് എന്ന രീതിയാണ് കേരളത്തില്‍ പ്രചാരത്തിലെത്തിയിട്ടുള്ള കൃഷി മാര്‍ഗം. വെള്ളത്തെ ആശ്രയിച്ചാണ് അക്വാപോണിക്‌സ് രീതിയുടെ പ്രവര്‍ത്തനം. ഹൈഡ്രോപോണിക്‌സ് എന്നും ഇത് അറിയപ്പെടുന്നു.

വെള്ളത്തില്‍ വരച്ച വര എന്നൊക്കെ പറയും പോലെയാകുമോ വെള്ളത്തിലുള്ള ഈ കൃഷി എന്നു പേടിക്കേണ്ട. ഓരോ ചെടിയും പോഷകാംശം ആഗിരണം ചെയ്യുന്നതെങ്ങനെ എന്നു മനസ്സിലാക്കുമ്പോള്‍ സംശയമൊക്കെ താനേ മാറിക്കൊള്ളും. പോഷകങ്ങളുടെ ഒരു കലവറയാണ് മണ്ണ്. പക്ഷെ, ഇവ വലിച്ചെടുക്കുവാന്‍ വെള്ളം കൂടിയേ തീരൂ. പോഷകങ്ങള്‍ വെള്ളത്തില്‍ ലയിക്കുമ്പോഴാണ് ചെടി അവ ആഗിരണം ചെയ്യുന്നത്. എന്നാല്‍ പിന്നെ ഇടനിലക്കാരനായി മണ്ണിന്റെ ആവശ്യമുണ്ടോ? വെള്ളവും പോഷകവും പോരേ എന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ ചിലര്‍ ചിന്തിച്ചതോടെ അക്വാപോണിക്‌സ് പിറന്നു.

സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ച് വേരുകള്‍ വെള്ളത്തിലൂന്നി കൃഷി ചെയ്യുന്നതാണ് അക്വാപോണിക്‌സ്. മണ്ണില്‍ കൃഷി ചെയ്യുന്നതിനെക്കാള്‍ എട്ടിരട്ടിയെങ്കിലും വിളവ് കൂടുതല്‍ കിട്ടും അക്വാപോണിക്‌സ് രീതിയില്‍ എന്നാണ് ഇത് അനുവര്‍ത്തിച്ച് വിജയത്തിലെത്തിച്ച കര്‍ഷകരുടെ സാക്ഷ്യം. ചെടിക്കാവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ നല്‍കാന്‍ ശ്രദ്ധിക്കണം എന്നു മാത്രം. അല്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ട കൃഷി രീതിയാണിത്.

മീന്‍ വളര്‍ത്തുന്ന ഒരു കുളം. അതിന് സമീപം കരിങ്കല്‍ക്കഷണങ്ങള്‍ പോലുള്ള മാധ്യമം നിറച്ച സ്ഥലം. മീന്‍ കുളത്തില്‍ വെള്ളം പമ്പ് ചെയ്ത് ഈ കരിങ്കല്‍ക്കഷണങ്ങള്‍ പാകിയ സ്ഥലത്തേക്ക് എത്തിക്കാനുള്ള സംവിധാനം. ഇവിടെ നിന്ന് വെള്ളം തിരികെ കുളത്തിലേക്ക് ഒഴുക്കി വിടാനുള്ള ക്രമീകരണം. ഇവ ചേര്‍ന്നതാണ് അക്വാപോണിക്‌സ് രീതിയുടെ ലളിതമായ അരങ്ങൊരുക്കം. കരിങ്കല്‍ക്കഷണങ്ങള്‍ക്കു പകരം മണലോ, ചകിരിച്ചോറോ ചരലോ ഉപയോഗിച്ചും പരീക്ഷണങ്ങളാകാം. മീന്‍ വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്നു മത്സ്യങ്ങളുടെ വിസര്‍ജ്യങ്ങളടങ്ങിയ വളക്കൂറുള്ള വെള്ളമാണ് പമ്പു ചെയ്ത് എടുക്കുന്നത്. കല്‍ക്കഷണങ്ങള്‍ പാകിയ മേഖലയില്‍ ഈ വെള്ളം അരിച്ച് ശുദ്ധമാക്കപ്പെട്ട് വീണ്ടും കുളത്തിലേക്ക് തിരിച്ചെത്തുന്നു. കുളത്തില്‍ നിന്ന് വെള്ളം ഒഴുകുന്നിടത്താണ് മണ്ണില്ലാ കൃഷി നടത്തുക. ലവണങ്ങള്‍ അലിഞ്ഞു ചേര്‍ന്ന വെള്ളത്തില്‍ നിന്ന് സസ്യങ്ങള്‍ നേരിട്ട് വളം വലിച്ചെടുത്തുകൊള്ളും. പോഷകങ്ങള്‍ ലയിച്ചു ചേര്‍ന്ന ജലം എപ്പോഴും ചെടികളുടെ വേരുകളെ തഴുകിക്കൊണ്ടിരിക്കും. ചെടി മണ്ണില്‍ മുട്ടുന്നുപോലുമില്ല. വെള്ളം എപ്പോഴും പുനരുപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു മൂലം മീന്‍ വളര്‍ത്തല്‍ ആദായകരമാകുകയും ചെയ്യും. മല്‍സ്യങ്ങളെ വളര്‍ത്താതെ അക്വാപോണിക്‌സ് കൃഷി രീതിയില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയുള്ള വളങ്ങള്‍ ജലശേഖരത്തില്‍ ലയിപ്പിച്ചും വെള്ളം ചെടികള്‍ക്ക് ചുവട്ടിലെത്തിക്കാം.

വമ്പിച്ച ഉല്‍പ്പാദനക്ഷമത തന്നെയാണ് അക്വാപോണിക്‌സിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മണ്ണിലൂടെ പകരുന്ന രോഗങ്ങള്‍ ചെടിക്കുണ്ടാവുകയില്ലെന്നുറപ്പിക്കാം. ഉപയോഗിച്ച വളം പുനരുപയോഗിക്കാം. വിളവെടുപ്പ് എളുപ്പമാണ്. ഒരു സ്ഥലത്തു നിന്നു കൃഷി അപ്പാടെ മറ്റൊരു സ്ഥലത്തേക്കു മാറ്റാം. ചെടി ആരോഗ്യത്തോടെ വളരും. മേന്മകള്‍ ഒരുപാടാണ്. അക്വാപോണിക്‌സിന് പല വകഭേദങ്ങളുണ്ട്. പോഷകലായിനി മാത്രം ഉപയോഗിച്ചുള്ള രീതിയും വേരുകള്‍ ഉറപ്പിക്കാന്‍ മണലോ ചകിരിച്ചോറോ പോലുള്ള മാധ്യമങ്ങളുപയോഗിക്കുന്ന രീതിയുമുണ്ട്. ടെറസില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും അക്വാപോണിക്‌സ് പരീക്ഷിക്കാവുന്നതാണ്.

മിക്ക കൃഷികള്‍ക്കും അക്വാപോണിക്‌സ് രീതി ഇണങ്ങുമെങ്കിലും വെള്ളരി, തണ്ണിമത്തന്‍, കാബേജ്, തക്കാളി തുടങ്ങിയവയാണ് ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്നത്. കിഴക്കന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണ്. ഉയര്‍ന്ന ഉല്‍പ്പാദന ചെലവാണ് അക്വാപോണിക്‌സ് രീതിയ്ക്കുള്ള ഒരു പോരായ്മ. ഇതിനായി ഉപയോഗിക്കുന്ന വളങ്ങള്‍ക്ക് തീ വിലയാണ്. അതീവ ശ്രദ്ധയോടെ പരിചരിക്കണം എന്നത് മറ്റൊരു കാര്യം. അക്വാപോണിക്‌സ് കൃഷി രീതി വ്യാപകമാകുമ്പോള്‍ വളങ്ങളുടെ വില കുറയും എന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.


Leave a Reply

Your email address will not be published. Required fields are marked *