Editor's Pick

ഒരമ്മയും വിവിധ പേരുകളും


ചോദ്യം: മറ്റ് വിശുദ്ധരെ അപേക്ഷിച്ച് പരിശുദ്ധ കന്യകാമറിയത്തെ എന്തുകൊണ്ടാണ് സഭ വിവിധ രൂപങ്ങളില്‍ വണങ്ങുന്നത്? ഫാത്തിമ മാതാവ്, ലൂര്‍ദ്ദ് മാതാവ്, നിത്യസഹായ മാതാവ്, വ്യാകുലമാതാവ്, വേളാങ്കണ്ണിമാതാവ് എന്നിങ്ങനെ? വിശദീകരിക്കാമോ?

രക്ഷാകര ചരിത്രത്തിലുള്ള അതുല്യമായ സ്ഥാനമാണ് മറ്റ് വിശുദ്ധരെക്കാള്‍ മറിയത്തെ ഉയര്‍ത്തി നിര്‍ത്തുന്നത്. രക്ഷകന്റെ മാതാവ് എന്ന നിലയില്‍ യേശുവിന്റെ ജനനം മുതല്‍ മരണം വരെ ഈശോയുമായി ഉണ്ടായിരുന്ന അതുല്യമായ ബന്ധമാണ് പ്രത്യേക വണക്കത്തിന് മറിയത്തെ അര്‍ഹയാക്കുന്നത്. ദൈവകുമാരന് ജന്മം നല്‍കേണ്ട മറിയം ഉത്ഭവപാപത്തില്‍ നിന്ന് സംരക്ഷിക്കപ്പെട്ട് സൃഷ്ടിക്കപ്പെട്ടതുവഴിയായി അമ്മയുടെ അനന്യത സ്ഥാപിക്കപ്പെടുകയായിരുന്നു. സഭാചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ യേശുവിന്റെ ജീവിതസത്യങ്ങളോടു ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് മറിയത്തിന്റെ യേശു കഴിഞ്ഞാലുള്ള അദ്വിതീയമായ സ്ഥാനം നിര്‍വചിക്കുന്നതില്‍ സഭാപിതാക്കന്മാരും സൂനഹദോസുകളും ശ്രദ്ധിച്ചിരുന്നു. എ.ഡി. 431 ലെ എഫേസോസ് കൗണ്‍സില്‍ മുതല്‍ യേശു അനുകരണത്തില്‍ സവിശേഷമാതൃകയായി മറിയത്തെ ഉയര്‍ത്തിക്കാണിച്ച് അവളുടെ ദൈവമാതൃത്വം, നിത്യകന്യാത്വം, അമലോത്ഭവം, സ്വര്‍ഗ്ഗാരോപണം എന്നിവ വിശ്വാസ സത്യങ്ങളായി സഭ പ്രഖ്യാപിക്കുകയും ചെയ്തു. ഈ നാല് വിശ്വാസ സത്യങ്ങളും യേശുവിന്റെ മനുഷ്യാവതാര രഹസ്യവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.

സഭ മാതാവിനെ വിവിധ പേരുകളില്‍ വണങ്ങുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിലേയ്ക്ക് വരാം. മറിയത്തിന്റെ അതുല്യമായ വ്യക്തിത്വവും അനന്യമായ ദൗത്യവുമാണ് അതിന്റെ കാരണം. മറിയത്തിന്റെ വിവിധ പേരുകളെ നമുക്ക് താഴെക്കാണുന്ന രീതിയില്‍ തരംതിരിക്കാം. ഒന്നമതായി, യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് മറിയത്തിന്റെ വിവിധ ദൗത്യങ്ങള്‍ അമ്മയുടെ നാമധേയങ്ങളായി. ഉദാഹരണത്തിന് ദൈവമാതാവ്, അമലോത്ഭവ മാതാവ്, വ്യാകുലമാതാവ് തുടങ്ങിയ അനേകം പേരുകള്‍ യേശുവിന്റെ ജീവിതവുമായി അടുത്തു നില്‍ക്കുന്നതാണ്. മൈക്കിള്‍ ആഞ്ചേലോയുടെ ‘പിയാത്ത’ എന്ന വിശ്വകലാസൃഷ്ടിയും മകന്റെ മരണത്തില്‍ അമ്മയുടെ വേദനയുടെ ആവിഷ്‌കാരമാണ്.

രണ്ടാമതായി, മനുഷ്യന്റെ വ്യത്യസ്തമായ ആവശ്യങ്ങളില്‍ സഹായിക്കുന്ന മാതാവിന്റെ ദൗത്യം ചില പേരുകള്‍ക്ക് രൂപം കൊടുത്തു. നിത്യസഹായ മാതാവ്, പാപികളുടെ സങ്കേതമായ മാതാവ്, രോഗികളുടെ ആശ്വാസമായ മാതാവ്, ക്രിസ്ത്യാനികളുടെ സഹായമായ മാതാവ് തുടങ്ങിയവ ഇത്തരത്തിലുള്ള ഉദാഹരണങ്ങളാണ്.

മൂന്നാമതായി, വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിവിധ പേരുകളും രൂപഭാവങ്ങളും മാതാവിന് ലഭിച്ചു. ലൂര്‍ദ്ദ് മാതാവ്, ഫാത്തിമ മാതാവ് തുടങ്ങിയ സഭ അംഗീകരിച്ചിട്ടുള്ള മരിയന്‍ ദര്‍ശനങ്ങളും, മറ്റ് അനവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇതിന് ഉദാഹരണം. കേരളത്തിലെ ഉദാഹരണങ്ങള്‍ മാത്രമെടുത്താല്‍ വാല്ലാര്‍പാടത്തമ്മ, കൊരട്ടിമുത്തി തുടങ്ങിയ പേരുകള്‍ ഏറെ പ്രസിദ്ധങ്ങളാണല്ലോ. ഇതുപോലെ ലോകമാസകലം വിവിധ പ്രദേശങ്ങളില്‍, വിവിധ സംസ്‌കാരങ്ങളില്‍ മാതാവ് പേരും രൂപവും മാറുന്നുണ്ട്. വേളാങ്കണ്ണി മാതാവിന്റെ പേരും വസ്ത്രധാരണ ശൈലിയും തമിഴ്‌നാടുമായി ബന്ധപ്പെട്ടതാണ്. ഏഷ്യയിലും, ആഫ്രിക്കയിലും, യൂറോപ്പിലും അതാത് സംസ്‌കാരങ്ങളുടെ തനതായ അംശങ്ങള്‍ മാതാവിന്റെ രൂപഭാവങ്ങളിലും വസത്രധാരണത്തിലും നിഴലിക്കുന്നു. പരിശുദ്ധ അമ്മയുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ഒരുമിച്ചുകൂട്ടിയാല്‍ പതിനായിരത്തിലേറെയുണ്ടാകും എന്ന് കണക്കാക്കപ്പെടുന്നു.

ഒരു ക്രൈസ്തവന്റെ വിശ്വാസ ജീവിതയാത്രയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യഹൂദനിയമങ്ങളനുസരിച്ച്, പാലസ്തീനായുടെ സംസ്‌കാരിക പശ്ചാത്തലത്തില്‍ ജീവിച്ച നസറത്തിലെ മേരി ലൂര്‍ദ്ദിലും, ഫാത്തിമായിലും, മെജ്ജ്വുഗ്വോരെയിലും, ഗ്‌വാദലൂപ്പെയിലും, വേളാങ്കണ്ണിയിലും, വല്ലാര്‍പ്പാടത്തും, കൊരട്ടിയിലും, മനുഷ്യകുലത്തിന്റെ സങ്കേതവും അഭയകേന്ദ്രവുമാകുന്നു. ‘പരിശുദ്ധ കുര്‍ബാനയുടെ സ്ത്രീ’ എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തന്റെ ‘സഭയും വിശുദ്ധ കുര്‍ബാനയും’ എന്ന ചാക്രികലേഖനത്തില്‍ മറിയത്തെ വിശേഷിപ്പിക്കുമ്പോള്‍, രക്ഷാകരരഹസ്യങ്ങളുടെ തുടര്‍ച്ച സഭയില്‍ ആഘോഷിക്കുന്നതോടൊപ്പം മറിയത്തിന്റെ സാന്നിദ്ധ്യവും മാദ്ധ്യസ്ഥ്യവും ഉറപ്പുവരുത്തുകയാണ്. മറിയത്തിന് യേശുവിനോടും സഭയോടും അകന്ന് ഒരു വ്യക്തിത്വമില്ല. യേശുവിന്റെ ജീവിതകാലത്തെന്നതുപോലെ, സഭയുടെ വളര്‍ച്ചയിലും, ഇന്നും മറിയം സഭാമക്കള്‍ക്ക് സജീവ സാന്നിദ്ധ്യവും മിശിഹാനുകരണത്തില്‍ പ്രചോദനവുമാണ്.
ഈശോ കഴിഞ്ഞാല്‍, രക്ഷാകര ചരിത്രത്തില്‍ അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തി എന്ന നിലയില്‍ മറിയം ലോകത്തിലെ കോടാനുകോടി വിശ്വാസികള്‍ക്ക് തങ്ങളുടെ ആശയും ആശ്രയവും പ്രതീക്ഷയുമായി തന്റെ ദൗത്യം തുടരുന്നു. ”അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍” എന്ന മറിയത്തിന്റെ വാക്കുകള്‍ അനുസരിക്കുന്നതാണ് യഥാര്‍ത്ഥ മരിയഭക്തിയും, യഥാര്‍ത്ഥ വണക്കവുമെന്ന് അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *