മാന്‍ഡ്രേക്ക് കഥയും കൃത്രിമ ബുദ്ധിയും
മാന്ത്രികനായ മാന്‍ഡ്രേക്ക് വായനക്കാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, ഇഷ്ടപ്പെട്ട ചിത്രകഥയാണ്. കംപ്യൂട്ടറുകളുടെ തുടക്കകാലമായ 1960കളില്‍ കംപ്യൂട്ടര്‍ കഥാപാത്രമായി ഒരു ചിത്രകഥ മാന്‍ഡ്രേക്ക് പരമ്പരയില്‍ വന്നു.
ഒരു നഗരത്തിലെ ജോലികള്‍ ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ കംപ്യൂട്ടര്‍ നിര്‍മിച്ചു. ശാസ്ത്രജ്ഞരുടെ ഉത്തരവുകള്‍ ആനുസരിച്ച് ആദ്യം പ്രവര്‍ത്തിച്ചിരുന്ന കംപ്യൂട്ടര്‍ പിന്നീട് അനുസരിക്കാതായി. തന്നിഷ്ടം കാട്ടിത്തുടങ്ങിയ കംപ്യൂട്ടര്‍ മക്കളെയെന്നതുപോലെ കുട്ടിക്കംപ്യൂട്ടറുകളെ സൃഷ്ടിച്ച് നഗരത്തിലെ ജോലികളും ഭരണവും ഏറ്റെടുക്കുന്നു.
കംപ്യൂട്ടറിനെ ഒതുക്കുന്ന ജോലി മാന്‍ഡ്രേക്കും സഹായി ലോതറും ഏറ്റെടുക്കുന്നു. മാന്ത്രികമായ അംഗവിക്ഷേപങ്ങള്‍ ഫലിക്കാതായപ്പോള്‍ ലോതര്‍ കവണയില്‍ കല്ല് തൊടുത്തുവിട്ട് അമ്മ കംപ്യൂട്ടറിന്റെ കണ്ണും തലച്ചോറും തകര്‍ക്കുന്നു. അമ്മ അങ്ങനെ ചാകുന്നു. അമ്മ ഇല്ലാതായതോടെ അമ്മയുമായി ബന്ധപ്പെട്ട കുട്ടിക്കംപ്യൂട്ടറുകളും ചത്തു. അങ്ങനെ നഗരം രക്ഷപ്പെടുന്നു.
കംപ്യൂട്ടറിന്റെ തുടക്ക കാലത്ത് ലീഫാക്കും ഫ്രെഡറിക്സും (അവരാണ് അക്കാലത്ത് മാന്‍ഡ്രേക്ക് പരമ്പരയ്ക്ക് ആശയം കൊടുക്കുകയും ചിത്രീകരണം നടത്തുകയും ചെയ്തിരുന്നത്) ഭാവനയില്‍ കണ്ടത് മറ്റൊരു വിധത്തില്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന പേടിയിലാണ് സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധര്‍.
കൃത്രിമ മനുഷ്യബുദ്ധി അണുബോംബിനേക്കാള്‍ മാരകമാകുമോ എന്നു വരെ പലരും സംശയം പ്രകടിപ്പിക്കുന്നു. മനുഷ്യന്‍ യന്ത്രത്തിന് നല്‍കിയ ബുദ്ധിയാണ് ഡിജിറ്റല്‍ കാലത്ത് നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത്. കണക്കു കൂട്ടാന്‍, ടിക്കറ്റ് ബുക്ക് ചെയ്യാന്‍, ശസ്ത്രക്രിയ നടത്താന്‍… ഇങ്ങനെ കംപ്യൂട്ടറുകള്‍ മനുഷ്യ ജീവിതത്തെ ദിവസവും അടിമുടി മാറ്റിമറിച്ചും നവീകരിച്ചും കൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ ലോകം അറിയാത്തവന് ഇനി ദൈനംദിന ജോലികള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ല.
ഇന്റര്‍നെറ്റിലൂടെ മനുഷ്യരാശി ഒന്നാകെ ഒരു വലയിലായി. സോഷ്യല്‍ മീഡിയകളിലൂടെ സൗഹൃദങ്ങളും വ്യാപാരങ്ങളും നടക്കുന്നു. ഇത് കൂടിക്കൂടി മനുഷ്യര്‍ തമ്മിലുള്ള യഥാര്‍ത്ഥ ജൈവികബന്ധം ആവശ്യമില്ല എന്ന ഘട്ടത്തിലേക്ക് നീങ്ങുന്നതാണ് സാമൂഹിക ചിന്തകരെ അലട്ടുന്ന വിഷയം.
അയല്‍ക്കാരനെ അറിയില്ല, നെറ്റിലൂടെ പരിചയപ്പെട്ട, ഇതുവരെ കണ്ടിട്ടില്ലാത്ത അമേരിക്കക്കാരനെ അറിയാം എന്നതാണ് സ്ഥിതി. നാട്ടിലുള്ള ചെറുപ്പക്കാരന്‍ മരിച്ച അവസരത്തില്‍ എന്തായിരുന്നു അയാളുടെ അസുഖം എന്നു തിരക്കിയപ്പോള്‍ ‘അയ്യോ, അയാളു മരിച്ചോ, എന്നിട്ട് പത്രത്തിലോ ചാനലിലോ കണ്ടില്ലല്ലോ’ എന്നായിരുന്നു മരിച്ച ആളിന്റെ ഇടവകക്കാരനായ ഒരാളുടെ മറുപടി. ഗ്രാമീണരും അവര്‍ അറിയാതെ മാറിക്കൊണ്ടിരിക്കുന്നു. സാമൂഹിക ബന്ധങ്ങളുടെ കെട്ടുകള്‍ അഴിഞ്ഞ് യാന്ത്രികരാകുന്നു.
മാതാപിതാക്കന്‍മാരേക്കാളും അധ്യാപകരെക്കാളും ആകര്‍ഷകരായ ഗുരുക്കന്മാര്‍ നെറ്റിലുണ്ട്. മണിക്കൂറുകളോളം നെറ്റില്‍ ചിലവഴിച്ച് ‘നെറ്റ് അഡിക്ഷനി’ലാകുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ടിവരുന്നു.
മനുഷ്യന്‍ സ്വന്തമായുള്ള ബുദ്ധിയും അവന്‍ സൃഷ്ടിച്ച കൃത്രിമ ബുദ്ധിയും ഒരേ സമയം ഉപയോഗിക്കുന്നു. രണ്ടിനെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പ് ലോലമാണ്. ഒന്ന് മറ്റൊന്നാണെന്നു തോന്നിപ്പോകാം. ചിന്തയോ ധ്യാനമോ ഇല്ലാത്ത വ്യക്തിക്ക് കൃത്രിമ ബുദ്ധിയാണ് വിവേചന ശക്തിയുള്ള സ്വന്തം ബുദ്ധിയേക്കാള്‍ മികച്ചതെന്നു തോന്നിച്ചേക്കാം. ആധുനിക പിശാചിന്റെ ഈ തന്ത്രത്തില്‍ വീണു പോയാല്‍ അവന്‍ പിന്നെ യന്ത്രത്തിന്റെ താളത്തിനൊത്തു നീങ്ങുന്ന പാവയായി.
ഇങ്ങനെയുള്ളവരെയാണ് കമ്പോളത്തിന് ആവശ്യം. ഇവര്‍ മാര്‍ക്കറ്റില്‍ കാണുന്നതെല്ലാം വാങ്ങിക്കൂട്ടും. സാമ്പത്തിക ചതിക്കുഴിയില്‍ വീണ് ധനനഷ്ടമുണ്ടാക്കും. കൂട്ടായ്മകള്‍ നഷ്ടപ്പെട്ട് ആത്മീയമായും ഭൗതികമായും പാപ്പരാകും.
സമൂഹത്തിന്റെ സുഗമമായ വളര്‍ച്ചയ്ക്കും തുടര്‍ച്ചയ്ക്കുമാണ് കാലം മൂല്യങ്ങളെ വളര്‍ത്തിയെടുക്കുന്നത്. എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അത് അരാജകത്വമാണ്. ഇക്കാര്യത്തിലുള്ള വിവേചനം നഷ്ടപ്പെടുമ്പോഴാണ് ചുംബന സമരവും ആലിംഗന സമരവും അരങ്ങേറുന്നത്.
യന്ത്രസൗഹൃദമാണ് ശരിയായ സൗഹൃദമെന്നു കരുതിയവര്‍ അവസാനം ഒറ്റപ്പെട്ടവരായേക്കാം. പറുദീസയുടെ സൗഭാഗ്യങ്ങള്‍ ചുറ്റും ധാരാളിത്തം ചൊരിഞ്ഞു നില്‍ക്കുമ്പോള്‍ ഏകാന്ത ദുഃഖം അനുഭവിച്ച ആദത്തെപ്പോലെ അവന്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചാകുന്നു. ധനവും സൗകര്യങ്ങളും കൂടുന്നതിനനുസരിച്ച് മനുഷ്യന്‍ കൂടുതല്‍ ഒറ്റപ്പെടുന്നത് വിധിവൈപരീത്യം തന്നെ!
ഡിജിറ്റല്‍ ലോകവും സോഷ്യല്‍ മീഡിയകളും നമ്മുടെ ജീവിതത്തിലും ബന്ധങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. ഈ അനുഭവത്തില്‍ നിന്നു മാറി നില്‍ക്കുവാനോ ഈ അവസ്ഥ ഒഴിവാക്കാനോ ആവില്ല.
എന്നാല്‍ വിവേചനശേഷി കൈവിടാതിരിക്കാം. കത്തികൊണ്ട് കറിക്കരിയാം. സ്വയം കുത്തി മരിക്കാം. രണ്ടില്‍ ഏതെന്നു തീരുമാനിക്കുന്നത് കത്തി കയ്യിലുള്ള ആളാണല്ലോ.