ദുക്‌റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍
കാക്കനാട്: ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കും. സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ സഭാദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്.
തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. ഒന്‍പതു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ റാസകുര്‍ബാനയില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ച് വൈദികരും അല്‍മായരും പങ്കുചേരും.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി സീറോമലബാര്‍സഭയുടെ ഹയരാര്‍ക്കിയുടെ ചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്റെറി പ്രദര്‍ശിപ്പിക്കും. കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും.