പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക നേതാക്കള്‍


ഫ്രാന്‍സിസ് പാപ്പയുടെ നിര്യാണത്തില്‍ ലോക നേതാക്കള്‍ അനുശോചിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അനുശോചന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രത്യാശയുടെ സന്ദേശ വാഹകന്‍ എന്നാണ് വിശേഷിപ്പിച്ചത്.

ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിസ് പാപ്പയോടൊപ്പം

പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം ദേശീയ പതാക പകുതി താഴ്ത്തികെട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഈ കാലഘട്ടത്തിലെ ശക്തനായ നേതാവായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുസ്മരിച്ചു.

നരേന്ദ്ര മോഡി ഫ്രാന്‍സിസ് പാപ്പയോടൊപ്പം

കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദരിദ്രരോടും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരോടുമുള്ള പാപ്പയുടെ പക്ഷം ചേരല്‍ എടുത്തുകാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്.

വ്‌ളാഡിമര്‍ പുടിന്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം

ക്രൈസ്തവ മൂല്യങ്ങളുടെ വിശ്വസ്ത സേവകനും മാനവികതയുടെയും നീതിയുടെയും സംരക്ഷകനുമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഫ്രാന്‍സിസ് പാപ്പ നടത്തിയ പരിശ്രമങ്ങളെ പുടിന്‍ പ്രശംസിച്ചു.

ജാവിയര്‍ മിലി ഫ്രാന്‍സിസ് പാപ്പയോടൊപ്പം

പാപ്പയുടെ സ്വദേശമായ അര്‍ജന്റീനയില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് ജാവിയര്‍ മിലി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫ്രാന്‍സിസ് പാപ്പയെ അടുത്തറിയാനും അദ്ദേഹത്തിന്റെ നന്മയും ജ്ഞാനവും മനസിലാക്കാനും സാധിച്ചത് ബഹുമതിയായി കരുതുന്നെന്ന് പാപ്പയുടെ മുന്‍ വിമര്‍ശകന്‍ കൂടിയായിരുന്ന ജാവിയര്‍ മിലി കുറിച്ചു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തുടങ്ങിയ നേതാക്കള്‍, മതസൗഹാര്‍ദ്ദത്തിനായുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രമങ്ങളെയും ഗാസ അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച മാനുഷിക നിലപാടിനെയും പ്രശംസിച്ചു.

വ്ളാഡിമര്‍ സെലെന്‍സ്‌കി ഫ്രാന്‍സിസ് പാപ്പയോടൊപ്പം

പ്രത്യാശ പകരാനും പ്രാര്‍ത്ഥനയിലൂടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും ഐക്യം വളര്‍ത്താനും ഫ്രാന്‍സിസ് പാപ്പയ്ക്ക് അറിയാമായിരുന്നെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ജോര്‍ജിയ മെലോണി ഫ്രാന്‍സിസ് പാപ്പയോടൊപ്പം

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പാപ്പയെ വിശേഷിപ്പിച്ച് മഹാനായ ഇടയന്‍ എന്നാണ്.

ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സിസ് പാപ്പയുടെ എളിമയെയും ധാര്‍മ്മിക മാര്‍ഗനിര്‍ദേശത്തെയും പ്രശംസിച്ചു. ദരിദ്രര്‍ക്ക് സന്തോഷവും പ്രത്യാശയും പകരാനുള്ള ശ്രമങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.


Leave a Reply

Your email address will not be published. Required fields are marked *