Church News

പ്രതിസന്ധികളില്‍ വിശ്വാസസ്ഥിരതയോടെ സഭയോടു ചേര്‍ന്നുനില്‍ക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേര്‍ന്നുനില്‍ക്കുന്നവരാകണം വിശ്വാസികളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന വിശുദ്ധ കുര്‍ബാനയുടെ ആമുഖമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം’ എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളില്‍ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാന്‍ നമ്മെ സഹായിക്കുന്നതാണെന്ന് കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ഇത്തവണത്തെ സഭാദിനാചരണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസംഗിക്കുന്നു

രാവിലെ 8.30ന് സീറോമലബാര്‍ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സഭാകാര്യാലയത്തില്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ആഘോഷമായ റാസാ കുര്‍ബാനയില്‍ കൂരിയാ ബിഷപ്പ് കാര്‍മികത്വം വഹിച്ചു. സമര്‍പ്പിതസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സും സെമിനാരികളുടെ റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദൈവാലയങ്ങളുടെ വികാരിമാരും രൂപതകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ച് വൈദികരും സന്ന്യാസിനികളും അല്മായരും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. ചെറുപുഷ്പ സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോജോ വരകുകാലയില്‍ വചനസന്ദേശം നല്‍കി.

സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി സീറോമലബാര്‍സഭ ഹയരാര്‍ക്കിയുടെ ചരിത്രമവതരിപ്പിക്കുന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു. പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, മാര്‍തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തിയില്‍നിന്ന് ജന്മമെടുത്ത സീറോമലബാര്‍സഭ, വിശ്വാസതീക്ഷണതയോടെ മുന്നേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. കണ്ണൂര്‍ രൂപതയുടെ അദ്ധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല സീറോമലബാര്‍ സഭാദിനം തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിലും ദൈവാനുഗ്രഹത്തിന്റെ കുളിര്‍മഴ കൃപയായി നമ്മില്‍ പെയ്തിറങ്ങാന്‍ ധീരരക്തസാക്ഷിയായ മാര്‍തോമാശ്ലീഹായുടെ മാധ്യസ്ഥം സഹായിക്കുമെന്ന് ബിഷപ്പ് വടക്കുംതല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജോജി കല്ലിങ്ങല്‍, സിസ്റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സി. ലിസ് ഗ്രേസ്, സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി, മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി എന്നിവര്‍ പ്രസംഗിച്ചു.

മണിപ്പൂരില്‍ രണ്ടുമാസക്കാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയകലാപം അമര്‍ച്ച ചെയ്യുന്നതിനും എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്വരമായി ഇടപെടണമെന്ന സീറോമലബാര്‍സഭയുടെ പ്രമേയം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം അവതരിപ്പിച്ചു. സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 34-ാമത് പുസ്തകമായ ‘വര്‍ത്തമാനപുസ്തകത്തെക്കുറിച്ചുള്ള പഠനം’ ബിഷപ്പ് അലക്‌സ് വടക്കുംതല പ്രകാശനം ചെയ്തു. തുടര്‍ന്ന് ഇന്റര്‍നെറ്റ് മിഷന്റെ ആഭിമുഖ്യത്തില്‍ സീറോമലബാര്‍ മാട്രിമോണിയുടെ നവീകരിച്ച ലോഗോയുടെയും വെബ്‌സൈറ്റിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും പ്രകാശനകര്‍മ്മം നടന്നു. പൊതുസമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. സ്‌നേഹവിരുന്നുമുണ്ടായിരുന്നു.

സീറോമലബാര്‍ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സഭാകാര്യാലയത്തില്‍ പതാക ഉയര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *