‘തളര്‍ത്താനാണ് ശ്രമമെങ്കില്‍, തളരാന്‍ ഉദ്ദേശമില്ല’: അലോഹ ബെന്നി
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവ വികാസങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കമായി വഴി മാറി. നിരവധി പേര്‍ കഴമ്പില്ലാത്ത ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ജനവികാരം ഇളക്കിവിടാനുള്ള പരിശ്രമങ്ങളായി അത് മാറി. അത്തരമൊരു സന്ദര്‍ഭത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതാംഗം അലോഹ മരിയ ബെന്നി സോഷ്യല്‍ മീഡിയ ലൈവിലൂടെ ഇതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ പങ്കുവച്ചത്. തുടര്‍ന്ന് അലോഹയെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള സൈബര്‍ ആക്രമങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. അലോഹയുടെ പിതാവിന്റെ സ്ഥാപനത്തില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നതരത്തിലുള്ള ക്യാംപെയ്ന്‍ പോലും സാമൂഹിക വിരുദ്ധര്‍ പടച്ചുവിട്ടു. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അലോഹ ആ അനുഭവങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ്:
ചോദ്യം: അഭിപ്രായം തുറന്നു പറഞ്ഞതിന് വളരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് അലോഹയ്ക്ക് നേരിടേണ്ടി വന്നത്. ആ അനുഭവം ഒന്നു പങ്കുവയ്ക്കാമോ? ആ ദിവസങ്ങളില്‍ കരുത്ത് പകര്‍ന്നത് എന്തായിരുന്നു?
അലോഹ: ഒരുപാട് ഹേറ്റഡ് കമന്റ്‌സ് ഉണ്ടായി. ക്രിസങ്കിയെന്നും കാര്യങ്ങള്‍ വളച്ചൊടിച്ച് രൂപതയ്ക്കുവേണ്ടി നുണ പറയുന്നവളെന്നുമെല്ലാം വിശേഷിപ്പിക്കപ്പെട്ടു. ഇതെല്ലാം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കൃത്യമായ ബോധ്യത്തോടെയാണ് ഞാന്‍ സംസാരിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊന്നും എന്നെ വേദനിപ്പിച്ചില്ല. ധാരാളം ട്രോളുകളും ഇറങ്ങിയിരുന്നു. ട്രോളുകളില്‍ കൂടി ഞാന്‍ പറഞ്ഞ കാര്യം കൂടുതല്‍ പേരിലേക്ക് എത്തിയല്ലോ എന്ന സന്തോഷമേ എനിക്കുള്ളു.
ഇതിനു മുമ്പും പല വിഷയങ്ങളിലും റിയാക്ഷന്‍സ് വീഡിയോകള്‍ ചെയ്തിട്ടുണ്ട്. മോഡണൈസായി സംസാരിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥി എന്ന നിലയിലായിരുന്നു എന്നെ പലരും ഇതിന് മുമ്പ് അടയാളപ്പെടുത്തിയിരുന്നത്. പക്ഷെ, ഇപ്പോള്‍ മോഡണൈസായ കാത്തലിക് ബിലീവര്‍ എന്ന് എന്നെ പലരും വിശേഷിപ്പിക്കുന്നു. ഈ പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോഴും ഒരിക്കലും ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നിയിട്ടില്ല. മാതാപിതാക്കളും എസ്എംവൈഎം പ്രവര്‍ത്തകരും വൈദികരും സിസ്റ്റര്‍മാരും എന്നോടൊപ്പം ഉണ്ടായിരുന്നു. കര്‍ത്താവിനു വേണ്ടിയല്ലേ, നീ ധൈര്യമായി ചെയ്‌തോ എന്നാണ് എന്റെ അപ്പന്‍ എന്നോട് പറഞ്ഞത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമാണെന്ന ബോധ്യമാണ് എനിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നത്.
ചോദ്യം: പിതാവിന്റെ ഹോട്ടല്‍ ബഹിഷ്‌ക്കരിക്കാന്‍ സൈബറിടങ്ങളില്‍ ആഹ്വാനമുണ്ടായി. അത് എത്രത്തോളം ബാധിച്ചു?
അലോഹ: അന്നു ചെയ്ത വീഡിയോ എന്റെ അപ്പന്റെ രാഷ്ട്രീയത്തേയും ഞങ്ങളുടെ സ്ഥാപനത്തെയും ബാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. പക്ഷെ, എല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്നയാളാണ് ഞാന്‍. കട ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം വന്നതു മുതല്‍ ചുരുങ്ങിയത് അഞ്ച് ശതമാനം കൂടുതല്‍ കച്ചവടമാണ് ലഭിക്കുന്നത്. ഈയൊരു കാരണം കൊണ്ടു മാത്രം ഞങ്ങളുടെ കടയിലേക്ക് വളരെ ദൂരെ നിന്നുപോലും ആളുകള്‍ വരുന്നുണ്ട്. വൈദികരും സിസ്റ്റര്‍മാരും അല്‍മായരും ഞങ്ങളെ കാണാനും പിന്തുണ അറിയിക്കാനും എത്താറുണ്ട്. ഞാന്‍ പറഞ്ഞതുപോലെ പറയാന്‍ ആഗ്രഹിക്കുന്ന കുറേ സാധാരണക്കാരുണ്ട്. അവരൊക്കെ കടയില്‍ എത്തി എന്നോട് സംസാരിക്കാറുണ്ട്.
ചോദ്യം: അലോഹ വര്‍ഗീയത പറയുന്നു, ശശികലയോട് ഉപമിക്കപ്പെടുന്നു ഇത്തരം ആരോപണങ്ങളെ എങ്ങനെ കാണുന്നു?
അലോഹ: കോഴിയെ കട്ടവന്റെ തലയില്‍ പപ്പുണ്ടാകുമെന്ന് പറയുന്നത് പോലെ, ഞാന്‍ പറഞ്ഞത് ചിലര്‍ക്ക് നന്നായി കൊണ്ടിട്ടുണ്ട്. അവരാണ് ഇത്തരമൊരു പ്രചരണം അഴിച്ചു വിടുന്നത്. അത്തരം കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേയില്ല. പറഞ്ഞ് തളര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അങ്ങനെ തളരാന്‍ ഉദ്ദേശമില്ല എന്നതാണ് എന്റെ നിലപാട്. ശശികലയോട് ഉപമിച്ച് വീഡിയോകളും ട്രോളുകളും കണ്ടിരുന്നു. പക്ഷെ, അതൊന്നും എന്നെ ബാധിച്ചിട്ടില്ല. ഇങ്ങനെ ലഭിക്കുന്ന പോപ്പുലാരിറ്റി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് എനിക്ക് തോന്നുന്നത്.
ചോദ്യം: വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ക്രൈസ്തവര്‍ തഴയപ്പെടുകയാണോ?
അലോഹ: വോട്ടിന്റെ എണ്ണം കുടുതല്‍ എവിടെയാണോ അവിടെ അടിയുറച്ച് നില്‍ക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. അതിനൊരു മാറ്റം വരണമെങ്കില്‍ നമ്മുടെ സമുദായത്തില്‍ നിന്ന് കൂടുതല്‍ നേതാക്കളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കൂടെ നില്‍ക്കുന്നവരെ കൂടുതല്‍ ഉയര്‍ത്തിയാല്‍ മാത്രമേ സമുദായം ശക്തമാകുകയുള്ളു. അതിനുള്ള പരിശ്രമങ്ങള്‍ എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
ഒന്നെങ്കില്‍ ഇടത് അല്ലെങ്കില്‍ വലത്, കേരളത്തിലെ ക്രൈസ്തവര്‍ ഇതിനപ്പുറം പോകില്ലെന്ന ഉറപ്പാണ് ഇരു മുന്നണികളുടെയും ആത്മവിശ്വാസം. ഒരു ബദല്‍ ഉയര്‍ന്നു വരില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ഒരു വിശ്വാസം മൂലമാണ് ക്രൈസ്തവരുടെ ശബ്ദം ഇരു മുന്നണികളും പലപ്പോഴും അവഗണിക്കുന്നത്.
ചോദ്യം: അലോഹ ഒരു മാതൃകയാണ്. സഭ അകാരണമായി ആക്രമിക്കപ്പെട്ടപ്പോള്‍ അലോഹ ധൈര്യത്തോടെ വസ്തുതകള്‍ വിളിച്ചു പറഞ്ഞു. ഇന്നത്തെ യുവജനങ്ങളോട് അലോഹയ്ക്ക് എന്താണ് പങ്കുവയ്ക്കാനുള്ളത്?
അലോഹ: പല വേദികളിലും എന്നെ ഒരു മാതൃകയായി അവതരിപ്പിക്കാറുണ്ട്. പക്ഷെ, ദൈവം എന്നെക്കൊണ്ട് സംസാരിപ്പിക്കുന്നു എന്നു മാത്രമാണ് ഞാന്‍ കരുതുന്നത്. ഒന്നും എന്റെ കഴിവല്ല. ഇതുപോലുള്ള ശബ്ദങ്ങള്‍ ഇനിയും മുഴങ്ങിക്കേള്‍ക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാന്‍ അമല്‍ ജ്യോതി വിഷയത്തില്‍ ചെയ്ത റിയാക്ഷന്‍ വീഡിയോ അഞ്ചോ പത്തോ പേര്‍കൂടി ആ അവസരത്തില്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
എന്നെക്കൊണ്ട് ഇത്രയും പറ്റുമെങ്കില്‍ നിങ്ങളെക്കൊണ്ട് ഇതിലും കൂടുതല്‍ പറ്റുമെന്നാണ് യുവജനങ്ങളോട് എനിക്ക് പറയാനുള്ളത്. എന്നെക്കാളും അറിവുള്ള, സംസാരിക്കാന്‍ കഴിവുള്ള, കാര്യങ്ങളെ കൃത്യമായി അപഗ്രഥിക്കുന്ന ചെറുപ്പക്കാരുണ്ട്. ഉള്ളിലുള്ള നുറുങ്ങ് ഭയം കൊണ്ടായിരിക്കും അവര്‍ പരസ്യമായി പ്രതികരിക്കാത്തത്. അത്തരം ഭയങ്ങളെ തൂത്തെറിഞ്ഞ് ഒരുവട്ടമെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ കഴിയണം. ക്രിസ്തുവിനു വേണ്ടി മരിക്കുന്നതിനേക്കാള്‍ പുണ്യം മറ്റൊന്നില്ലല്ലോ. മറ്റുള്ളവരോട് ഒപ്പംകൂടി സഭയെ കുറ്റം പറയുന്ന ക്രൈസ്തവര്‍ ആത്മവഞ്ചനയാണ് നടത്തുന്നത്. സഭ അകാരണമായി ആക്രമിക്കപ്പെടുമ്പോള്‍ ഉറച്ച നിലപാടും തെളിഞ്ഞ മറുപടിയും നല്‍കാനുള്ള വിവരവും ബോധവും യുവജനങ്ങള്‍ക്കുണ്ടാകണം. ഒരു വിഷയം വരുമ്പോള്‍ അതിനെപ്പറ്റി പഠിക്കാതെയാണ് പലരും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത്. അത് വലിയ പരാജയമാണ്.
ഇന്ന് മണിപ്പൂരില്‍ നടക്കുന്നത് നാളെ കേരളത്തിലും നടക്കാം. അത്തരമൊരു സാഹചര്യത്തില്‍ കര്‍ത്താവിനു വേണ്ടി നിലകൊള്ളാനും, നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്നു പറയാനുമുള്ള ചങ്കുറ്റം നമുക്ക് ഉണ്ടാകണം. വരും തലമുറകള്‍ക്ക് കാട്ടിക്കൊടുക്കാന്‍ അതിലും വലിയ മാതൃക മറ്റൊന്നില്ല.