Special Story

വിശുദ്ധ പദവിയിലെത്താന്‍ നടപടികളേറെ


ഒരു ദൈവദാസനെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടി ക്രമങ്ങളാണ് ഇന്ന് സഭയിലുള്ളത്. സഭയുടെ കാനന്‍നിയമം ഈ വിഷയത്തില്‍ പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേക നിയമങ്ങളാണ് ഇക്കാര്യത്തില്‍ പാലിക്കേണ്ടത് എന്നുമാത്രം പറഞ്ഞുവയ്ക്കുന്നു (CCEO c. 1057, CIC c. 1403). വിശുദ്ധരുടെ നാമകരണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ട് വത്തിക്കാന്‍ രേഖകളാണ് 1983 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രബോധനവും (Divinus Perfec-tions Magister) വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം 2007 ല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും (Sanctorum Mater). ഈ രണ്ടു രേഖകളുടെ അടിസ്ഥാനത്തിലാണ് നാമകരണ പ്രക്രിയകള്‍ സഭയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സഭയുടെ ആരംഭകാലഘട്ടത്തില്‍ വിശുദ്ധരെന്ന് കരുതിയിരുന്നവരുടെ മരണശേഷം അവരുടെ കല്ലറകള്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. വിശുദ്ധ പത്രോസിന്റെ കബറിടം ഉദാഹരണമാണ്. AD 313ല്‍ സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഈ കബറിടങ്ങളുടെ മുകളില്‍ ദൈവാലയങ്ങള്‍ പണിയുന്ന രീതി നിലവില്‍ വന്നു. ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നതിന് പ്രത്യേക നടപടിക്രമം നിലവിലില്ലാതിരുന്നതിനാല്‍ ആശയക്കുഴപ്പം ഇക്കാര്യത്തില്‍ നിലനിന്നിരുന്നു. 1234 ല്‍ ഗ്രിഗറി ഒന്‍പതാമന്‍ മാര്‍പ്പാപ്പയാണ് നാമകരണ നടപടികള്‍ ആദ്യമായി രൂപപ്പെടുത്തിയതും നടപ്പില്‍ വരുത്തിയതും. പിന്നീടുള്ള മാര്‍പ്പാപ്പമാര്‍ വിവിധ കാലഘട്ടങ്ങളില്‍ വരുത്തിയ പരിഷ്‌കരണങ്ങളിലൂടെയാണ് ഇപ്പോള്‍ നിലവിലുള്ള നിയമത്തിലെത്തുന്നത്.

പ്രാരംഭ നടപടികള്‍- രൂപതാതലം: സാധാരണഗതിയില്‍, ഒരു വ്യക്തി സംസ്‌കരിക്കപ്പെട്ടിരിക്കുന്ന രൂപതയിലെ മെത്രാനാണ് നടപടികള്‍ ആരംഭിക്കേണ്ടത്. അതിന് മരണമടഞ്ഞ വ്യക്തിയുടെ വിശുദ്ധിയെക്കുറിച്ച് സാധാരണ വിശ്വാസികളുടെയിടയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന അവബോധവും പൊതുജന സ്വീകാര്യതയും (Fame of Sanctity) ആവശ്യമാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധി ആദ്യം മനസ്സിലാക്കുന്നതും പ്രചരിപ്പിക്കുന്നതും സ്‌കൂള്‍ കുട്ടികള്‍ ആയിരുന്നല്ലോ. ഇപ്പോള്‍ ഫാ. ബനഡിക്ട് ഓണംകുളത്തിന്റെ കബറിടത്തിങ്കല്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന ജനസമൂഹം ഇതിന് മറ്റൊരുദാഹരണം. ഒരു വ്യക്തിയുടെ മരണശേഷം അഞ്ചു വര്‍ഷത്തിന് ശേഷമാണ് നടപടികള്‍ ആരംഭിക്കേണ്ടത്. ഇക്കാര്യത്തില്‍ പ്രത്യേക ഇളവ് ലഭിച്ചവരാണ് വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും. രൂപതാ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് രൂപതാമെത്രാന്‍ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതാണ്. പൗരസ്ത്യ സഭകളില്‍ മെത്രാന്‍ സിനഡിന്റെ അംഗീകാരവും ആവശ്യമാണ്.

രൂപതാതലത്തില്‍ നാമകരണ നടപടികള്‍ക്കായി മെത്രാന്‍ വിവിധ കോടതികള്‍ സ്ഥാപിക്കുന്നു. നടപടികള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട വ്യക്തി ദൈവദാസന്‍/ ദൈവദാസി എന്ന് വിളിക്കപ്പെടും. ദൈവദാസന്റെ വിശുദ്ധിയെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും മൊഴികള്‍ രേഖപ്പെടുത്തും. ദൈവദാസന്‍ എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച് സഭാവിരുദ്ധ നിലപാടുകള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തും. ഇപ്രകാരം ലഭിക്കുന്ന എല്ലാ രേഖകളും ശേഖരിച്ച് (Transumptum) രൂപതയിലെ നടപടികളുടെ സമാപനത്തില്‍ രൂപതാമെത്രാന്‍ നാമകരണത്തിനായുള്ള തിരുസംഘത്തിന് കൈമാറും. പൗരസ്ത്യസഭയില്‍ മെത്രാന്‍ സിനഡിന്റെ അംഗീകാരത്തോടെയാണ് വത്തിക്കാനില്‍ ഇവ സമര്‍പ്പിക്കുന്നത്.

വത്തിക്കാന്‍ തിരുസംഘത്തില്‍: രൂപത നടപടികള്‍ വത്തിക്കാന്‍ തിരുസംഘം അംഗീകരിച്ച് ദൈവദാസന്റെ നാമകരണ പ്രക്രിയ അംഗീകരിക്കുന്നതോടെ പ്രധാന നടപടികള്‍ ആരംഭിക്കുന്നു. നാമകരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ഒരു വൈദികനെ (Postulator) റോമില്‍ നിയമിക്കുന്നു. രൂപതയില്‍ നടന്ന നടപടികള്‍ക്ക് നേതൃത്വം കൊടുത്ത വൈദികന്റെ (Vice Postulator) സഹായത്തോടെ ദൈവദാസന്‍ ക്രിസ്തീയ പുണ്യങ്ങള്‍ വീരോചിതമായും മാതൃകപരമായും ജീവിച്ചിരുന്നു എന്നത് സ്ഥാപിക്കാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നു. ദൈവദാസന്‍ രക്തസാക്ഷിയാണെങ്കില്‍ ആ വ്യക്തി മരിച്ചത് വിശ്വാസം മുറുകെപ്പിടിക്കുന്നതിനുവേണ്ടിയാണെന്നും, ക്രിസ്തുവിനോടും സഭയോടുമുള്ള സ്‌നേഹമാണ് അതിന് ആ വ്യക്തിയെ പ്രേരിപ്പിച്ചതെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ അന്വേഷണത്തിലുടനീളം, സംശയങ്ങളും ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ത്തുന്ന ദൗത്യം വിശ്വാസ സംരക്ഷകന്‍ (Devil’s Advocate) എന്ന് അറിയപ്പെടുന്ന വ്യക്തിയുടെതാണ്. ഈ ഘട്ടത്തിന്റെ അവസാനത്തില്‍ പോസ്റ്റുലേറ്റര്‍ ദൈവദാസന്റെ ജീവചരിത്രവും മറ്റ് വിവരണങ്ങളും (Positio) തയ്യറാക്കുന്നു.

ദൈവദാസന്റെ ജീവചരിത്രവും മറ്റ് വിവരണങ്ങളും വത്തിക്കാന്‍ തിരുസംഘം 2 തലങ്ങളില്‍ പഠനവിഷയമാക്കുന്നു. ആദ്യം ദൈവശാസ്ത്രജ്ഞന്മാരും പിന്നീട് മെത്രാന്മാരുടെയും കര്‍ദ്ദിനാള്‍മാരുടെയും സംഘവും ഇത് പഠിക്കുകയും തുടര്‍ന്ന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്താല്‍ ദൈവദാസന്റെ വീരോചിത ജീവിതമാതൃക അംഗീകരിക്കുന്നതിന് മാര്‍പ്പാപ്പയുടെ മുമ്പില്‍ അന്വേഷണ റിപ്പോര്‍ട്ടും അഭിപ്രായങ്ങളും സമര്‍പ്പിക്കാവുന്നതാണ്. ഇവയെ അംഗീകരിക്കുന്ന മാര്‍പ്പാപ്പ ദൈവദാസനെ വന്ദ്യന്‍ (Venerable) ആയി പ്രഖ്യാപിക്കുന്നു.

വന്ദ്യനില്‍ നിന്ന് വാഴ്ത്തപ്പെട്ടവനിലേയ്ക്ക്: അടുത്ത ഘട്ടമാണ് വന്ദ്യനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയെ വാഴ്ത്തപ്പെട്ടവരുടെ (Blessed) ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നത്. വന്ദ്യന്‍ ആയ വ്യക്തിയുടെ മദ്ധ്യസ്ഥതയില്‍ ദൈവം ഒരു അത്ഭുതം പ്രവര്‍ത്തിക്കുകയും അത് നാമകരണത്തിനുള്ള തിരുസംഘം വിദഗ്ദാഭിപ്രായത്തിനുശേഷം അംഗീകരിക്കുകയും ചെയ്‌തെങ്കിലേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയുള്ളൂ. എന്നാല്‍ വന്ദ്യനായി പ്രഖ്യാപിക്കപ്പെട്ട ഒരു രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്താന്‍ അത്ഭുതത്തിന്റെ ആവശ്യം ഇല്ല; രക്തസാക്ഷിത്വം മതിയാവുന്നതാണ്. വി. റാണി മരിയ രക്തസാക്ഷിണി ഇപ്രകാരം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതാണ്. സാധാരണ ഗതിയില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രഖ്യാപനം നടക്കുന്നത് പ്രാദേശിക സഭയിലായിരിക്കും. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി അദ്ദേഹത്തിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് മാത്രമാണ് വണങ്ങപ്പെടേണ്ടത്. ആഗോളസഭയില്‍ വണക്കത്തിനായി നല്‍കപ്പെടുന്നത് വിശുദ്ധ പദവയില്‍ എത്തുമ്പോള്‍ മാത്രമാണ്.

വിശുദ്ധ പദവിയിലേക്ക്: വാഴ്ത്തപ്പെട്ട ഒരു വ്യക്തിയെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിന് ദൈവം ആ വ്യക്തിയുടെ മാദ്ധ്യസ്ഥ്യത്താല്‍ മറ്റൊരു അത്ഭുതം കൂടി പ്രവര്‍ത്തിക്കണം. ഈ അത്ഭുതം നാമകരണ തിരുസംഘം വിദഗ്ദാഭിപ്രായത്തിനുശേഷം അംഗീകരിച്ചാല്‍ മാര്‍പ്പാപ്പ ഈ വ്യക്തിയെ വിശുദ്ധനെന്ന് പ്രഖ്യാപിക്കുന്നു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലുള്ള രക്തസാക്ഷികള്‍ക്കും വിശുദ്ധരാകുന്നതിന് അത്ഭുതം ആവശ്യമാണ്. ഒരു വ്യക്തിയെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുന്ന മാര്‍പ്പാപ്പയുടെ നടപടി അദ്ദേഹത്തിന്റെ തെറ്റാവരം (Infallibility) ഉപയോഗിച്ചുകൊണ്ടുള്ളതാണ്. സാധാരണ രീതിയില്‍ വത്തിക്കാന്‍ ബസിലിക്കയുടെ അങ്കണത്തിലാണ് വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്. ഇപ്രകാരം, ദൈവദാസന്‍, വന്ദ്യന്‍, വാഴ്ത്തപ്പെട്ടവന്‍ എന്നീ ഘട്ടങ്ങള്‍ കടന്നാണ് ഒരു വ്യക്തി വിശുദ്ധനായി പേര് വിളിക്കപ്പെടുന്നത്.


Leave a Reply

Your email address will not be published. Required fields are marked *