മദ്യത്തിനും മയക്കു മരുന്നിനുമെതിരെ പ്രതിഷേധം ശക്തമാക്കണം: ബിഷപ്
തിരുവമ്പാടി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായി പ്രതികരിക്കണമെന്നും അത് ദൗത്യമായി ഏറ്റെടുക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷക നേതാവ് ബേബി പെരുമാലിയിലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
”മദ്യ – മയക്കുമരുന്ന് ലഹരിയിലായിരുന്നവരാണ് ബേബി പെരുമാലിയിലിന്റെ മരണത്തിന് കാരണമായ അപടകടത്തിന്റെ ഉത്തരവാദികള്‍. സമൂഹത്തില്‍ തുറന്നു വരുന്ന ലഹരിയുടെ വഴികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം. മറ്റുള്ളവരെ സഹായിക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു ബേബി പെരുമാലില്‍. താലന്തുകളെ മണ്ണില്‍ കുഴിച്ച് മൂടാതെ വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്വജീവിതത്തിലൂടെ അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചത്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. തിരുവമ്പാടിയേയും കത്തോലിക്കാ കോണ്‍ഗ്രസിനെയും ഇന്‍ഫാമിനേയും അദ്ദേഹം ശക്തമായി സ്‌നേഹിച്ചു.”- ബിഷപ് പറഞ്ഞു.
ബേബി പെരുമാലിയിലിന്റെ അനുസ്മരണാര്‍ത്ഥം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയം ഏര്‍പ്പെടുത്തിയ പ്രഥമ കര്‍ഷക അവാര്‍ഡ് ജോസ് റാണിക്കാട്ടിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിച്ചു. 10,001 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ബേബി പെരുമാലിയുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കണമെന്നത് ദൈവിക പദ്ധതിയാണെന്നും തിരുവമ്പാടി ഫൊറോന പാരിഷ് കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തത് ദൈവിക നിയോഗമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. സബിന്‍ തൂമുള്ളില്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഗസ്റ്റിന്‍ പുളിക്കക്കണ്ടം, തോമസ് വലിയപറമ്പില്‍, തോമസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തിയ അഖില്‍ ചന്ദ്രന്‍, പി. കെ. പ്രജീഷ, എം. കെ. ജംഷീര്‍ എന്നിവരെ ആദരിച്ചു.

ബേബി പെരുമാലിയിലിന്റെ അനുസ്മരണാര്‍ത്ഥം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയം ഏര്‍പ്പെടുത്തിയ പ്രഥമ കര്‍ഷക അവാര്‍ഡ് ജോസ് റാണിക്കാട്ടിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിക്കുന്നു