മണിപ്പൂര്‍: അഖണ്ഡ ജപമാലയും ജപമാല റാലിയും സംഘടിപ്പിച്ചു
മരുതോങ്കര: മണിപ്പൂരില്‍ നടക്കുന്ന അതിക്രൂരമായ അക്രമങ്ങള്‍ക്കെതിരെ മരുതോങ്കര ഫൊറോനയ്ക്കു കീഴിലെ ഇടവകകള്‍ സംയുക്തമായി മരുതോങ്കരയില്‍ ഐക്യദാര്‍ഢ്യ ജപമാല റാലിയും അഖണ്ഡ ജപമാലയും സംഘടിപ്പിച്ചു. രാവിലെ 9ന് മുള്ളന്‍കുന്ന് അങ്ങാടിയിലെ കുരിശുപള്ളിയില്‍ ആരംഭിച്ച അഖണ്ഡജപമാലയ്ക്ക് ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് കളത്തൂര്‍ നേതൃത്വം നല്‍കി.
വൈകുന്നേരം 5 മണിക്ക് ഫൊറോന പള്ളിയില്‍ നിന്നും ആരംഭിച്ച ജപമാല റാലിയില്‍ ഫൊറോനയ്ക്ക് കീഴിലെ വിവിധ ഇടവകകളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാനന്തവാടി രൂപത പിആര്‍ഒ സാന്റോ എബ്രഹാം മേച്ചേരി മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന ക്രൂരതകളുടെ കാരണങ്ങളും പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് വിശദമാക്കി. തുടര്‍ന്ന് സീറോ മലബാര്‍ സഭാ വക്താവും തിരുവമ്പാടി അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പലുമായ ഡോ. ചാക്കോ കാളംപറമ്പില്‍ മണിപ്പൂരിലെ അക്രമങ്ങളുടെ ഉത്ഭവവും അവയുടെ ഗതിയും ഇന്ത്യയില്‍ പലയിടങ്ങളിലായി നടക്കുന്ന അക്രമണങ്ങളുടെ കാരണങ്ങളും വിശദമാക്കി.
ഫാ. ജോര്‍ജ്ജ് വരിക്കശ്ശേരി, സെമിലി സുനില്‍, റിച്ചാര്‍ഡ് ജോണ്‍, ടോമി പെരുവിലങ്ങാട്ട്, ആന്‍സെലിന്‍ തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജോര്‍ജ്ജ് കളത്തൂര്‍, ഫാ. ജോസഫ് കൂനാനിക്കല്‍, ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, ഫാ. ജിനോയി പനക്കല്‍, ഫാ. ജോസഫ് പുത്തേട്ടുപടവില്‍, തോമസ് കൈതക്കുളം, ജോസ് കുമ്പിടിയാങ്കല്‍, ബെന്നിച്ചന്‍ കറുകമാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.