Editor's Pick

‘ആരും എന്നെ മനസിലാക്കുന്നില്ല’


മുതിര്‍ന്നവര്‍ ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കൊച്ചുകുട്ടികള്‍ ശബ്ദമുണ്ടാക്കുകയും ബഹളം വയ്ക്കുകയും ചെയ്യാറുണ്ട്. കുട്ടിക്ക് മനസിലാകാത്ത കാര്യങ്ങളാണ് അവിടെ സംസാരിക്കുന്നത്. ആരും അവനെ കണ്ട മട്ടില്ല. അപ്പോള്‍ മുതിര്‍ന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള സൂത്രമാണ് ഈ ശബ്ദ പ്രകടനം. പലപ്പോഴും ശാസനയിലൂടെയാണ് കുട്ടിയെ അടക്കി ഇരുത്തുക. അല്ലെങ്കില്‍ എന്തെങ്കിലും പ്രലോഭനം നല്‍കി അവനെ സ്ഥലത്തു നിന്നു മാറ്റും.

കുട്ടികളെപ്പോലെ എല്ലാവരും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണ്. പരസ്യങ്ങളിലൂടെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വിജയിക്കും. വേഷവിധാനത്തിലൂടെ, ആശയ പ്രചരണത്തിലൂടെ, വിവിധ കര്‍മ്മങ്ങളിലൂടെ, എല്ലാവരും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ പലപ്പോഴും ഇതു വിജയിക്കണമെന്നില്ല. ശ്രദ്ധ കിട്ടാതെ വരുമ്പോള്‍ ‘ആരും എന്നെ മനസിലാക്കുന്നില്ല’ എന്ന പരാതി ഉയരുന്നു.

‘എന്നെ മനസിലാക്കുന്ന, എന്നെ കേള്‍ക്കുന്ന, എന്നെ വിധിക്കാത്ത, പിന്തുണയ്ക്കുന്ന, ബഹുമാനിക്കുന്ന ആള്‍’ വേണമെന്നാണ് ആഗ്രഹം.

പ്രതീക്ഷിക്കുന്ന കരുതലോ സ്‌നേഹമോ കിട്ടാതെ വരുമ്പോള്‍ ഏകാന്തതയും വിഷാദവും നിറയുന്നു. ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ 18-24 വയസ് വിഭാഗത്തില്‍പ്പെടുന്ന ചെറുപ്പക്കാര്‍ വൃദ്ധരേക്കാള്‍ ഏകാന്തത അനുഭവിക്കുന്നതായി കണ്ടെത്തി.

പണ്ട് കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഉത്തരവാദിത്വങ്ങളില്ലാത്ത പഠനകാലം ഉല്ലാസകാലമായിരുന്നു. എന്നാല്‍ ഇന്ന് ആകാംക്ഷയും വിഷാദവും നിറഞ്ഞ് കൂട്ടുകാരില്ലാതെ അവര്‍ ഒറ്റപ്പെട്ടുപോകുന്നു. മാതാപിതാക്കളോ സഹോദരരോ സുഹൃത്തുക്കളോ അവര്‍ക്ക് സ്‌നേഹ-സൗഹൃദ സ്രോതസുകളാകുന്നില്ല.

മറ്റുള്ളവര്‍ നമ്മളെ മനസിലാക്കുന്നില്ല എന്നു പരാതിപ്പെടുമ്പോള്‍ നമ്മുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തകരാറുകള്‍ ഉണ്ടാകുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ?
ആശയ വിനിമയം ശരിയായ രീതിയിലാണോ? മറുഭാഗത്തുള്ളവര്‍ക്ക് ചോദ്യം ചോദിക്കാനും മറുപടി പറയാനും അവസരം കൊടുക്കുന്നുണ്ടോ?
ശരീരഭാഷ പ്രകോപനപരമാണോ? പ്രതികരണത്തില്‍ എടുത്തുചാട്ടമുണ്ടോ?
മറുഭാഗത്തുള്ളവര്‍ തരുന്ന കരുതലിനും സ്‌നേഹത്തിനും നന്ദിയുള്ളവരാണോ?
നിങ്ങളെ ശരിയ്ക്ക് അറിയാവുന്നത് നിങ്ങള്‍ക്കു മാത്രമാണ്. അതില്‍ പരാജയപ്പെടുന്നുണ്ടോ എന്നു ശാന്തമായി വിശകലനം ചെയ്യുക.

മറ്റുള്ളവര്‍ നമ്മളെ മനസിലാക്കുന്നില്ലെന്നു പരാതി ഉയര്‍ത്തുമ്പോള്‍ മറ്റുള്ളവരെ നമ്മള്‍ മനസിലാക്കുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
മറ്റുള്ളവരെ ശരിക്ക് മനസിലാകണമെങ്കില്‍ അവരുടെ സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിച്ച് ചിന്തിക്കണം. അപ്പോള്‍ മാത്രമേ അവരുടെ പരിമിതികളും മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയുമെല്ലാം ബോധ്യമാവുകയുള്ളു. ഇത് പരസ്പര ധാരണയിലേക്കും സ്‌നേഹത്തിലേക്കും നയിക്കണം. ‘മനസിലാക്കുന്നില്ല’ എന്ന പരാതിക്ക് ഇതാണ് പരിഹാര വഴി.

ഓരോ വ്യക്തിയും അനന്യനാണ്. സ്വത്വം വ്യത്യസ്തമായതിനാല്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരാളെപ്പോലെ മറ്റൊരാളില്ല. സൃഷ്ടിയുടെ ഈ സവിശേഷത അംഗീകരിച്ചാല്‍ കുറവുകളോടുകൂടിതന്നെ മറ്റുള്ളവരെ സ്വീകരിക്കാന്‍ കഴിയും.

കുട്ടിക്കാലത്ത് ശിശുവിനു ലഭിക്കുന്ന ലോകം പിന്നീട് അവനു കിട്ടാന്‍ പോകുന്ന ലോകത്തിന്റെ മിനിയേച്ചര്‍ രൂപമാണ്. ഇതു ബോധപൂര്‍വമോ ബുദ്ധിപരമോ അയി നടക്കുന്ന പ്രക്രിയ അല്ല. സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ വൈകാരിക പക്വത കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കുട്ടിക്കാലത്ത് വേണ്ട അളവില്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടിയിരിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *