Editor's Pick

ചെറിയ ഉപേക്ഷകളും വലിയ വീഴ്ചയും


മലബാറില്‍ കുടിയേറിയ ഭൂരിപക്ഷത്തിനും ഇവിടെ മൂലധനമായി ഇറക്കാനുണ്ടായിരുന്നത് തിരുവിതാംകൂറിലെ ഭൂമി വിറ്റു കിട്ടിയ ഇത്തിരി പണം മാത്രമായിരുന്നു. എന്നാല്‍ ധനാഢ്യനായ ആ കാരണവര്‍ തിരുവിതാംകൂറിലുള്ള പറമ്പിലെ ഒരു വര്‍ഷത്തെ തേങ്ങ വിറ്റ പണം കൊണ്ടാണ് മലബാറില്‍ അമ്പതേക്കറോളം മണ്ണു വാങ്ങിയത്.

അപ്പനെ സഹായിക്കാന്‍ ആരോഗ്യമുള്ള അഞ്ച് ആണ്‍മക്കള്‍. വളക്കൂറുള്ള കന്നിമണ്ണ് നല്ല വിളവു നല്‍കി. കാരണവര്‍ നാട്ടിലെ പ്രമാണിയായി. അതോടെ പണ്ടേ ഉണ്ടായിരുന്ന ചില ദുഃശീലങ്ങള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങി. അധാര്‍മിക ബന്ധങ്ങളും മദ്യപാനവും ധൂര്‍ത്തും കൊണ്ട് പറമ്പ് തുണ്ടംതുണ്ടമായി വിറ്റുതുടങ്ങി. ക്രമേണ മക്കളും അപ്പന്റെ വഴിയേ നീങ്ങി. അവര്‍ക്ക് വീതം കിട്ടിയ ഭൂമി വിറ്റുതീര്‍ത്തു. മക്കള്‍ പലരും അകാലത്തില്‍ വിടപറയുന്നതും കാരണവര്‍ക്ക് കാണേണ്ടി വന്നു.

സ്വത്തെല്ലാം നഷ്ടപ്പെട്ട കാരണവര്‍ കൊച്ചു വാടക വീട്ടിലേക്ക് താമസം മാറ്റി. തീര്‍ത്തും അവശതയിലായ അവസാന കാലത്ത് അവിടെ വച്ചു കാണുമ്പോള്‍ പഴയ പ്രതാപകാലം അദ്ദേഹത്തെ കുത്തിനോവിക്കുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ കണ്ണുകള്‍ പല തവണ നിറഞ്ഞൊഴുകി. ജീവിതം നശിപ്പിച്ചതിനെക്കുറിച്ച് പശ്ചാത്താപമുണ്ടെങ്കിലും ഒരു തിരിച്ചു വരവ് അസാധ്യമായ ഘട്ടത്തിലെത്തിയിരുന്നു. ഏക്കറു കണക്കിനു ഭൂമിയും വരുമാനവും ഉണ്ടായിരുന്ന അദ്ദേഹം നിസ്വനായി സ്വന്തമല്ലാത്ത ആ വാടക വീട്ടില്‍ കിടന്നു കണ്ണടച്ചു.

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ തന്റെ ഉപ്പിന്റെ ഉറ ക്രമേണ കെട്ടുപോകുന്നത് പലപ്പോഴും മനസ്സിലാക്കണമെന്നില്ല. തുടക്കം ചെറിയ ഉപേക്ഷകളിലായിരിക്കും. കുറച്ച് ഉറ കെട്ടുപോയാലും ബാക്കി ഉണ്ടല്ലോ എന്നു സമാധാനിക്കും.

ഒരു മനുഷ്യന്റെ ആത്മസത്തയാണ് അയാളുടെ ഉപ്പിന്റെ ഉറ. കര്‍മശേഷിയും പ്രതിഭയും അധ്വാനവും ആത്മീയ ജീവിതവുമെല്ലാം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. തന്റെ അധ്വാനത്തിലൂടെ ഭൂമിയെ കുറച്ചു കൂടി മനോഹരമായി അണിയിച്ചൊരുക്കാനുള്ള ഉത്തരവാദിത്വവും അവനില്‍ നിക്ഷിപ്തമാണ്.

ധൂര്‍ത്തിനുള്ള പണം കണ്ടെത്താന്‍ ഭൂമി വില്‍പന തുടങ്ങിയ ആദ്യകാലത്ത് കുറച്ചു പോയാലും ബാക്കിയുണ്ടാകുമല്ലോ എന്ന് സ്വയം ന്യായീകരിക്കും. എന്നാല്‍ മൊത്തം സ്വത്തും അന്യാധീനപ്പെടാന്‍ അധിക കാലമെടുക്കില്ല. മലബാറില്‍ കുടിയേറിയവരില്‍ പലരും പാപ്പരായത് സ്വന്തം കൈയ്യിലിരിപ്പു കൊണ്ടു മാത്രമാണ്.

ഓരോ മനുഷ്യനും പ്രത്യേക ദൗത്യവുമായാണ് പിറന്നു വീഴുന്നത്. ഭൂമിയുടെ വെളിച്ചമാകാന്‍ തന്റെ ഉപ്പിന്റെ ഉറയുടെ മഹത്വം മനസ്സിലാക്കിയിരിക്കണം. ചെയ്യുന്ന ജോലിയിലും നിറവേറ്റുന്ന കടമകളിലും ഉത്തരവാദിത്വങ്ങളിലുമെല്ലാം ആ ഉറ നിറഞ്ഞു കിടക്കുന്നു.

ജീവിതത്തില്‍ ഏറ്റെടുത്ത ദൗത്യം എപ്പോഴും ബോധ്യപ്പെടുത്താനാണ് യൂണിഫോം എന്ന പ്രത്യേക വസ്ത്രധാരണ രീതി സ്വീകരിക്കുന്നത്. കാക്കി യൂണിഫോമിനു പകരം ലുങ്കിയുടുത്ത് പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാന്‍ നിന്നാല്‍ ജനം അനുസരിക്കണമെന്നില്ല. ഏതു മതത്തിലായാലും സന്യാസവേഷം ധരിച്ചവരോട് ആദരവോടെ മറ്റുള്ളവര്‍ ഇടപഴകുന്നത് അവര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ മഹത്വം കൊണ്ടാണ്.

കോടതികളിലെ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന ജഡ്ജിമാര്‍ക്ക് മറ്റുള്ളവര്‍ക്കുള്ള പൊതുജീവിതം നിഷേധിച്ചിരിക്കുന്നു. അനഭിലഷണീയമായ കൂട്ടുകെട്ടുകളില്‍ കുടുങ്ങി അവരുടെ ഉപ്പിന്റെ ഉറ കെട്ടുപോകാതിരിക്കാനാണ് ആ നിയന്ത്രണം.

നിയന്ത്രണങ്ങള്‍ പാലിക്കാത്ത മഹാരഥന്മാര്‍ അടിതെറ്റി വീണ കഥകള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പുണ്യ ഗ്രന്ഥങ്ങളിലുമെല്ലാം നിറഞ്ഞു കിടക്കുന്നു. എന്നാല്‍ ഉപ്പിന്റെ ഉറ നശിപ്പിക്കാനുള്ള കെണികള്‍ പെരുകിയ കാലത്തിലൂടെയാണ് മനുഷ്യകുലം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ചിലത് പ്രകടമായ കെണികളാണെങ്കില്‍ മറ്റു ചിലത് കാട്ടുമൃഗത്തെ വീഴിക്കാനുള്ള വാരിക്കുഴി പോലെ മുകളില്‍ ഇലകള്‍ വിരിച്ചു ഭദ്രമാക്കിയതായിരിക്കും. അതിനാല്‍ ഉറ കെട്ടുപോകാനുള്ള ചെറിയ സാഹചര്യങ്ങളില്‍ നിന്നുപോലും മാറി നടക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *