Spirituality

സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍


അപമാനത്തിന്റെയും ഹീനമായ ശിക്ഷയുടെയും അടയാളമായിരുന്ന കുരിശ് രക്ഷയുടെ പ്രതീകമായത് യേശുവിന്റെ കുരിശു മരണത്തോടെയാണ്. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ സെപ്റ്റംബര്‍ 14-ന് ആഘോഷിക്കുമ്പോള്‍ കുരിശിനെക്കുറിച്ചുള്ള ചിന്തകള്‍

‘ഇതെന്തൊരു കുരിശ്, എന്റെ ദൈവമേ’എന്നു നാം നിരന്തരമായി ഉരുവിടാറുണ്ട്. തിരിഞ്ഞു നോക്കിയാല്‍ അത്തരമൊരു തേങ്ങലില്‍ എപ്പോഴും ഒരു നൈരാശ്യ ഭാവമുണ്ട്. വഴിമുട്ടിയ ധ്വനിയുണ്ട്. അല്പം കൂടി ചിന്തിച്ചാല്‍ മനസ്സിലാവും അതൊരു അക്രിസ്തീയ മനോഭാവമാണെന്ന്. ക്രൈസ്തവകാഴ്ചപ്പാടില്‍ കുരിശ്, ഉയിര്‍പ്പിലേക്കുളള വഴിയാണ്. രക്ഷയുടെ മാര്‍ഗമാണ്. വിജയത്തിലേക്കുളള മാര്‍ഗമാണ്.

കുരിശിന്റെ പാരമ്പര്യം

ബി.സി. ആറാം നൂറ്റാണ്ടു മുതല്‍ ഏ.ഡി. നാലാം നൂറ്റാണ്ടു വരെ കുരിശ് ഏറ്റവും ഹീനവും, വേദനാകരവുമായ മരണശാസന നിര്‍വഹണത്തിന്റെ ഉപകരണമായിരുന്നു. കുരിശില്‍ കയറുന്നവനെ മരത്തടിയില്‍ കെട്ടിയിടുകയോ, ആണികൊണ്ടു തറച്ചിടുകയോ ചെയ്ത് മരിക്കുന്നതു വരെ തൂക്കിക്കിടത്തുമായിരുന്നു.

മരണം സാവധാനവും അതീവവേദനയുണ്ടാക്കുന്നതുമായിരുന്നു. റോമന്‍ സാമ്രാജ്യം ഇതര പൗരന്മാര്‍ക്കു മാത്രം വിധിച്ചിരുന്ന ഒരു ശിക്ഷാരീതിയും, പിന്നീട് മരണപ്പെടുത്താനുളള വഴിയുമായി ഇത് മാറി. വിധിക്കപ്പെട്ടവന് ഏറ്റവും കൂടിയ വേദന കൊടുക്കുക എന്നതായിരുന്നു അവരുടെ വിനോദം. കുരിശോ, കുരിശിന്റെ ഒരു തടിയോ ചുമപ്പിക്കുക എന്നതും റോമാ പാരമ്പര്യമായിരുന്നു എന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ അപമാനത്തിന്റെയും, ഹീനമായ ശിക്ഷയുടെയും പ്രതീകമായി കുരിശ്. അടിമകളേയും, ഹീനമായ കുറ്റങ്ങള്‍ ചെയ്തവരേയും, ഭരണകൂടത്തിനെതിരെ സ്വരമുയര്‍ത്തിയവരേയും കുരിശില്‍ തൂക്കിക്കിടത്തിയപ്പോള്‍ മറ്റുളളവര്‍ക്ക് ഒരു താക്കീതുമായി. ആ കുരിശ് യേശു ചുമലിലേറ്റാന്‍ വന്ന സാഹചര്യം ഏവര്‍ക്കും സുപരിചിതമാണ്.

കേവലം മൂന്നരവര്‍ഷം പൊതുജീവിതം നയിച്ച യേശു നമുക്കറിയാവുന്നിടത്തോളം ഹീനമായ പ്രവൃത്തികളിലൊന്നും ഏര്‍പ്പെട്ടില്ല. യേശുവിനെ കുരിശിലേറ്റാന്‍ പറഞ്ഞ കാരണം ‘അവന്‍ യഹൂദന്മാരുടെ രാജാവാണ്’ എന്ന് അവകാശപ്പെട്ടു എന്നതാണ്. റോമന്‍ ഭരണാധികാരിക്കു പോലും സന്നിഗ്ധതകളുണ്ടായിരുന്നിടത്ത് യഹൂദക്കൂട്ടങ്ങള്‍ ‘അവനെ ക്രൂശിക്കുക’ എന്നാക്രോശിക്കുകയും, യേശുവിനെ ക്രൂശിക്കാതിരിക്കുന്നത് റോമാ സാമ്രാജ്യത്തെ ചോദ്യം ചെയ്യലായിരിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച് ആള്‍ക്കൂട്ടത്തിന്റെ ഇച്ഛക്ക് കീഴടങ്ങിയാണ് പീലാത്തോസ് യേശുവിനെ കുരിശുമരണത്തിനു വിധിച്ചത്. വാസ്തവത്തില്‍ യേശു ചെയ്ത സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്നതും അവയുടെ സമകാലീന സമാന്തരാനുഭവങ്ങളും നമ്മെ ചിന്തിപ്പിക്കേണ്ടവയാണ്.

ഇന്നു ഭാരതത്തില്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ നിര്‍ദാക്ഷിണ്യം മാവോയിസ്റ്റ്, തീവ്രവാദി പേരുകള്‍ വിളിച്ചു വെടിവെച്ചു കൊല്ലുകയോ, തുറങ്കിലടക്കുകയോ ചെയ്യുന്ന ഒരു സാഹചര്യമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ ചോദിക്കുന്ന ന്യൂനപക്ഷങ്ങളോടും, അരികുവല്‍ക്കരിക്കപ്പെടുന്നവരോടും പുറത്തു പോകൂ എന്നാജ്ഞാപിക്കുകയാണ്.

യേശുവിന്റെ അവസ്ഥകള്‍

നന്മ ചെയ്തു നടന്നവനാണ് യേശു. ആ യേശുവിനെ കുരിശിലേറ്റിയതിന്റെ കാരണങ്ങള്‍ എന്തായിരുന്നു? അന്നത്തെ സാമൂഹ്യ-മത സംവിധാനങ്ങള്‍ക്ക് അദ്ദേഹം ഒരു ചോദ്യ ചിഹ്നമായി മാറി എന്നതു തന്നെ. സാബത്തു ലംഘിച്ചും (ലൂക്കാ, 6, 1-11), പാരമ്പര്യങ്ങളെ ചോദ്യം ചെയ്തും (മാര്‍ക്കോസ് 7, 1-15), അതുവരെയുളള ദൈവ സങ്കല്പത്തെ ചോദ്യം ചെയ്തുമാണ് യേശു കുരിശിലേക്കു നടന്നടുത്തത്. യഹൂദസമൂഹം വിശ്വസിച്ചിരുന്ന ദൈവം നീതിമാനെ സ്‌നേഹിക്കുകയും ദുഷ്ടനെ വെറുക്കുകയും ചെയ്യുന്ന ഒരു രൂപമായിരുന്നു. അതിനു ബദലായി യേശു തന്റെ പിതാവിനെ പാപികളെ സ്‌നേഹിക്കുന്നവനും വഴിതെറ്റിയ ആടുകള്‍ക്കായി അലയുന്നവനുമായി അവതരിപ്പിച്ചു.

ആ പരമസ്‌നേഹത്തിന്റെ പ്രകടനമായി യേശു പാപികളോടും ചുങ്കക്കാരോടും, വേശ്യകളോടും ഇടപെട്ടു. അവരോടൊപ്പം ഭക്ഷണം കഴിച്ചു. അങ്ങനെ പിതാവിന്റെ നിരുപാധികസ്‌നേഹത്തിന്റെ വക്താവായി. ധൂര്‍ത്തനായ പുത്രന്റെ ഉപമയിലൂടെ വ്യത്യസ്തനായ ദൈവത്തെ ജനസഞ്ചയത്തിന് അവതരിപ്പിച്ചു. അങ്ങനെ ദൈവത്തിനും, ദൈവരാജ്യത്തിന്റെ സ്ഥാപനത്തിനും വേണ്ടി യേശു കുരിശിലേറി മരിച്ചു.

യേശുവിന്റെ കുരിശുമരണത്തോടെയും, ക്രിസ്തീയ വിശ്വാസത്തിന്റെ വളര്‍ച്ചയിലൂടെയും കുരിശിന്റെയും സഹനത്തിന്റെയും അര്‍ത്ഥമാനങ്ങള്‍ തകിടം മറിഞ്ഞു. അപമാനത്തിന്റെ ചിഹ്നമായിരുന്ന കുരിശ് വിജയത്തിന്റെ അടയാളമായി മാറി. പീഡാനുഭവത്തിലൂടെയും ഉയിര്‍പ്പിലൂടെയും ക്രിസ്തീയ ധാരണകള്‍ ഉരുത്തിരിഞ്ഞു.

സഹനം ജീവിതത്തില്‍ നിഷേധിക്കാനാവില്ല. എന്നാല്‍, സഹനത്തെ രണ്ടു രീതിയില്‍ കാണാം. മനുഷ്യര്‍ സ്വയം വരുത്തിവയ്ക്കുന്ന സഹനത്തിന്റെ ഒരു പരമ്പര തന്നെയുണ്ട്. സൃഷ്ടികര്‍മ്മം എല്ലാം നന്നായി നടന്നു. ‘താന്‍ സൃഷ്ടിച്ചവ എല്ലാം വളരെ നന്നായിരിക്കുന്നു എന്നു ദൈവം കണ്ടു’ (ഉത് 1, 31). എന്നാല്‍ മനുഷ്യന്റെ പാപചെയ്തികള്‍, സൃഷ്ടിയുടെ മനോഹാരിതയും ക്രമങ്ങളും തകര്‍ത്തു തരിപ്പണമാക്കി. ചരിത്രം പരിശോധിച്ചാല്‍ ഇതു ഭയാനകമായ രീതിയില്‍ വ്യക്തമാകും. ജര്‍മ്മനിയില്‍ ഫാസിസം ലക്ഷക്കണക്കിനു യഹൂദരെ ഗ്യാസ് ചേമ്പറുകളിലയച്ചു. ഇന്നും തുടരുന്ന യുദ്ധങ്ങളിലൂടെ മരണപ്പെടുന്ന ജീവിതങ്ങള്‍; വഴിയാധാരമാകുന്ന ബാല്യങ്ങളും, യുവത്വവും; ഒരിക്കലും നിലയ്ക്കാത്ത അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, ഇന്നും കേള്‍ക്കുന്ന യുദ്ധത്തിന്റെ കൊലവിളികള്‍. ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും, പാക്കിസ്ഥാനിലും, കാശ്മീരിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ഉയരുന്ന രോദനങ്ങള്‍. അതിലും ദയനീയമായി മനുഷ്യര്‍ പരിസ്ഥിതിക്കു മേല്‍ നടത്തുന്ന കടന്നു കയറ്റത്തിന്റെ ആഘാതങ്ങള്‍, മലിനീകരണം, വനനശീകരണം, ആവാസ വ്യവസ്ഥയ്ക്കു മേല്‍ ഉണ്ടാവുന്ന ആഘാതങ്ങളെ അവഗണിച്ച്, വികസനത്തിന്റെ പേരില്‍ നടത്തുന്ന ഭ്രാന്തമായ മുന്നേറ്റങ്ങള്‍ ഇവയെല്ലാം മനുഷ്യ നിര്‍മ്മിതമാണ്.

മനുഷ്യനിര്‍മ്മിതമാണ് എന്ന് പറയാനാവാത്ത ദുരന്തങ്ങളും സഹനത്തിന്റെ ലിസ്റ്റിലുണ്ട്. ഭൂകമ്പങ്ങള്‍, സുനാമികള്‍ തുടങ്ങിയവ. അങ്ങനെ പറുദീസയില്‍ നിന്നിറങ്ങിയ നാള്‍ തുടങ്ങി സഹനത്തിന്റെയും കുരിശിന്റെയും പാതയിലൂടെ മനുഷ്യര്‍ ഇഴഞ്ഞും, അലഞ്ഞും നീങ്ങുന്നു. അവര്‍ക്കാണ് യേശുവിന്റെ വാക്കുകളും, ചെയ്തികളും, ജീവിതം മുഴുവനും ഒരു പുതിയ കാഴ്ചപ്പാട്, ‘രക്ഷാകരമായ കാഴ്ചപ്പാട്’ നല്കിയിരിക്കുന്ന മോചനം.

സഹനം ക്രിസ്തീയ കാഴ്ചപ്പാടുകള്‍

‘കഷ്ടത സഹനശീലവും, സഹനശീലം ആത്മ ധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു.’ (റോമാ 5,4). പൗലോസ് തന്റെ ലേഖനങ്ങളിലൂടെ ശക്തമായി അവതരിപ്പിക്കുന്ന സന്ദേശമിതാണ്. സഹനം അന്ത്യമല്ല, വിജയത്തിലേക്കുളള വഴിയാണ്. എമ്മാവൂസിലേക്കു നടന്ന ശിഷ്യന്മാരോട് യേശു ചോദിക്കുന്ന ചോദ്യമുണ്ട്: ‘ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ?’ (ലൂക്കാ 24, 26).

പ്രശസ്ത ദൈവശാസ്ത്രജ്ഞനായ കുര്യന്‍ കുന്നുപുറം സഹനത്തെക്കുറിച്ചുളള യേശുവിന്റെ കാഴ്ചപ്പാടുകളെപ്പറ്റി ഇപ്രകാരം പറയുന്നു:

  • യേശു സഹനത്തെ കാത്തിരിക്കുകയായിരുന്നില്ല. യഹൂദര്‍ അവനെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ജറുസലമിലേക്ക് അവന്‍ പരസ്യമായി പോയില്ല. മരണത്തിനു മുന്‍പ് യേശു പ്രാര്‍ത്ഥിച്ചു ‘പിതാവേ കഴിയുമെങ്കില്‍, ഈ പാനപാത്രം എന്നില്‍ നിന്നും അകന്നു പോകട്ടെ. എങ്കിലും എന്റെ ഇഷ്ടമല്ല. അങ്ങയുടെ ഇഷ്ടം നിറവേറട്ടെ’.
  • യേശുവിന്റെ സഹനത്തിനും മരണത്തിനും കാരണക്കാരായത് ദുഷ്ടരായ മനുഷ്യരായിരുന്നു
  • സഹനത്തിന്റെ ആധിക്യത്താലല്ല ക്രിസ്തു നമ്മെ രക്ഷിച്ചത്; മറിച്ച് അവിടുത്തെ അനുസരണയാലത്രേ (റോമ 5, 19; ഹെബ്രാ 5, 8-9)
  • രക്ഷാകര പദ്ധതിയുടെ ഭാഗമാണ് തന്റെ പീഡയും മരണവുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യേശു സന്തോഷത്തോടെ അത് ഏറ്റെടുക്കുകയും സഹിക്കുകയും ചെയ്തു. (മത്താ, 26, 39; അപ്പ. 2, 23)
  • പീഡകള്‍ യേശുവിനെ തകര്‍ത്തു കളഞ്ഞില്ല. തന്നെ പീഡിപ്പിച്ചവര്‍ക്കായി അവിടുന്നു പ്രാര്‍ത്ഥിച്ചു. ‘പിതാവേ ഇവരോട് ക്ഷമിക്കുക. എന്തുകൊെന്നാല്‍, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.’
  • ഒരു ക്രൈസ്തവന്‍ എല്ലാസഹനങ്ങളുടെയും അന്ത്യത്തിലേക്കാണു നോക്കുന്നത്. ‘അവരുടെ കണ്ണുകളില്‍ നിന്ന് അവിടുന്ന് മിഴിനീര്‍ തുടച്ചു നീക്കും. ഇനി മരണം ഉണ്ടാവുകയില്ല. ഇനിമേല്‍ ദുഃഖമോ, മുറവിളിയോ, വേദനയോ ഇല്ല. പഴയതെല്ലാം കടന്നു പോയി’ (വെളി 21, 4).

കൂടുതല്‍ സാക്ഷ്യങ്ങള്‍

ശൈശവം മുതല്‍ അന്ധയും ബധിരയുമായിരുന്ന ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘എന്റെ കഷ്ടപ്പാടുകള്‍ക്ക് ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്തുകൊണ്ടെന്നാല്‍, ഞാന്‍ അവയിലൂടെ എന്നെ സ്വയം കണ്ടെത്തി. എന്റെ ദൗത്യം കെണ്ടത്തി. എന്റെ ദൈവത്തെയും കെണ്ടത്തി. മനുഷ്യരോഗങ്ങളും സഹനങ്ങളുമാണല്ലോ ശാസ്ത്രത്തിന്റെ, വിശിഷ്യ ദൈവശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് നിദാനം’. പ്രശ്‌സ്തനായ ആംഗലേയ ക്രൈസ്തവചിന്തകന്‍ സി. എസ്. ലൂയീസ് ഇപ്രകാരം പറഞ്ഞു ‘നമ്മുടെ സുഖങ്ങളിലൂടെ ദൈവം മന്ത്രിക്കുന്നു. മനഃസാക്ഷിയിലൂടെ നമ്മോടു സംസാരിക്കുന്നു; വേദനകളിലൂടെ നമ്മോട് ആക്രോശിക്കുന്നു; ബധിരമായ ഒരു ലോകത്തെ ഉണര്‍ത്തുന്നതിനുളള ദൈവത്തിന്റെ മെഗാഫോണാണത്’. നമ്മുടെ തന്നെ വിശുദ്ധയായ സിസ്റ്റര്‍ അല്‍ഫോന്‍സാ ഏറെ സഹിച്ച്, വിശുദ്ധീകരിക്കപ്പെട്ട് വിജയം വരിച്ചവളാണല്ലോ

കുരിശ് വിജയവഴി

യേശുവിന്റെ അനുഭവം, യേശു ശിഷ്യരുടെ അനുഭവം, മനുഷ്യത്വത്തിന്റെ അടയാളമായ അന്യമതസ്ഥരുടെയും വിശുദ്ധരുടെയും അനുഭവം എല്ലാം ഒന്നിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. സഹനം അന്ത്യമല്ല. കുരിശ് വിജയത്തിലേക്കുളള വഴിയാണ്. സഹനത്തില്‍ നിന്ന് ഒളിച്ചോടുന്ന ഒരു സമൂഹത്തിന്, അതൊരു തലവേദനയാവട്ടെ, മാരക രോഗമാവട്ടെ, കുരിശും, മനുഷ്യചരിത്രത്തിലെ സഹനാനുഭവങ്ങളും വെല്ലുവിളിയായി മാറുന്നു.

ഇന്നത്തെ ഭാരതത്തിന്റെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളും, അരികുവല്കരിക്കപ്പെട്ടവരും ഏറെ പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, പ്രകൃതിയും, മനുഷ്യനും, ചൂഷണം ചെയ്യപ്പെടുമ്പോള്‍ കുരിശിന്റെ വഴികള്‍ തിരിച്ചറിയാനും, സ്വര്‍ഗരാജ്യത്തിനു വേണ്ടി വിശ്വാസത്തോടെ ഇറങ്ങാനും നമുക്കാവുമോ?

(തയ്യാറാക്കിയത്: ഫാ. എം. കെ. ജോര്‍ജ് എസ്.ജെ.)


Leave a Reply

Your email address will not be published. Required fields are marked *