കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ അന്തരിച്ചു
ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലെത്തിയ ഏക വ്യക്തിയും റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പുമായിരുന്നു കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ (84). വാര്‍ധക്യ സഹചമായ രോഗങ്ങളെത്തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്‌ക്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.
കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ, കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. 2003 ഒക്ടോബര്‍ 21ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെയും ഫ്രാന്‍സിസ് മാര്‍പാപ്പയെയും തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗമായിരുന്നു. റാഞ്ചി അതിരൂപത അധ്യക്ഷ സ്ഥാനത്തു നിന്ന് 2018 ജൂണിലാണ് വിരമിച്ചത്.
1939 ഒക്ടോബര്‍ 15ന് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ജാര്‍ഗാവില്‍ അംബ്രോസ് ടോപ്പോയുടെയും സോഫിയയുടെയും പത്തു മക്കളില്‍ എട്ടാമനായി ജനനം. റാഞ്ചി സര്‍വകലാശാലയിലും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാലയിലും ഉന്നത പഠനം നടത്തി. 1969ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1968ല്‍ ധുംക രൂപതയുടെ ബിഷപ്പായി നിയമിതനായി. ജാര്‍ഖണ്ഡിലെ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ഹിന്ദി, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലും പ്രാവീണ്യം നേടി. 1985ല്‍ റാഞ്ചി അതിരൂപതാ മെത്രാനായി. ‘കര്‍ത്താവിന് വഴിയൊരുക്കുവിന്‍’ (ഏശയ്യ 40:3) എന്നതായിരുന്നു അദ്ദേഹത്തിന്റെ മോട്ടോ. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട കര്‍ദ്ദിനാള്‍മാരുടെ സമിതിയില്‍ അംഗമായിരുന്നു. 2016-ല്‍ ശ്രീലങ്കയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് പ്ലീനറി അംസബ്ലിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുത്തത് കര്‍ദ്ദിനാള്‍ ടോപ്പോയായിരുന്നു. 2002-ല്‍ ജാര്‍ഖണ്ഡ് രത്‌ന പുരസ്‌ക്കാരം നേടി. 54 വര്‍ഷം നീണ്ട പൗരോഹിത്യ ജീവിത്തില്‍ 44 വര്‍ഷം ബിഷപ്പായും 19 വര്‍ഷം ആര്‍ച്ച് ബിഷപ്പായും സേവനം ചെയ്തു.