Daily Saints

ജനുവരി 10: വിശുദ്ധ വില്യം ബെറൂയര്‍


ബല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറൂയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കുതന്നെ സമ്പത്തിനോടും ലൗകിക ആര്‍ഭാടങ്ങളോടും അവജ്ഞ പ്രദര്‍ശിപ്പിച്ചു പോന്നു. അവയുടെ വിപത്തുക്കളെപ്പറ്റി ബോധവാനയിരുന്ന ബാലന്‍ പഠനത്തിലും ഭക്താഭ്യാസങ്ങളിലും നിമഗ്‌നനായി പൗരോഹിത്യത്തിലേക്ക് ദൃഷ്ടി തിരിച്ചു. പുരോഹിതനായ ശേഷം തപോജീവിതം ലക്ഷ്യമാക്കി ഗ്രാന്റ് മോന്തിലെ ഏകാന്തത്തിലേക്ക് അദേഹം നീങ്ങി. പിന്നീട് സിസ്റ്റേഴ്സ്യന്‍ സന്യാസ സഭയില്‍ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. എളിമയും ഇന്ദ്രിയ നിഗ്രഹവും അദേഹത്തിന്റെ ഹൃദയത്തെ നിര്‍മ്മലമാക്കി. ഉയര്‍ന്ന പ്രാര്‍ത്ഥനയുടെ മാധുര്യവും ദൈവം അദേഹത്തിനു നല്‍കി.

മുഖത്തിന്റെ പ്രസന്നത ആത്മീയ സമാധാനത്തിന് സാക്ഷ്യം വഹിച്ചു. 1200-ല്‍ ബൂര്‍ഷിലെ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും താപശ്ചര്യ അദേഹം വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ഉടുപ്പിന്റെ കീഴില്‍ രോമച്ചട്ട ധരിച്ചു; മാംസം ഭക്ഷിച്ചിരുന്നില്ല. ദരിദ്രരെ സഹായിക്കാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നാണ് അദേഹം സദാ പറഞ്ഞിരുന്നത്. മരണ സമയത്ത് രോമച്ചട്ടയോടുകൂടി ചാരത്തില്‍ കിടന്നാണ് അദ്ദേഹം മരിച്ചത്. പ്രാര്‍ത്ഥനയാണ് ആ വിശുദ്ധ ജീവിതത്തെ സുകൃത സമ്പന്നമാക്കിയത്. നമുക്കും പ്രാര്‍ത്ഥനയുടെ മനുഷ്യരാകാം.


Leave a Reply

Your email address will not be published. Required fields are marked *