‘അഭിലാഷ് കുഞ്ഞേട്ടന്‍’ അന്തരിച്ചു
തീയറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ് തീയറ്റര്‍ ഉടമയുമായ മുക്കം കിഴക്കരക്കാട്ട് കെ. ഒ. ജോസഫ് (അഭിലാഷ് കുഞ്ഞേട്ടന്‍) അന്തരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന്കാല്‍വഴുതി വീണാണ് മരണം. താമരശ്ശേരി രൂപതയിലെ അത്മായ പ്രമുഖനും സാമൂഹിക സേവനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.
മൃതസംസ്‌ക്കാര ചടങ്ങുകള്‍ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തില്‍ ആരംഭിക്കും. സംസ്‌ക്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് (31-01-2024-ബുധൻ) വൈകുന്നേരം മുക്കം മുത്തേരിയിലെ വസതിയിൽ പൊതുദർശനത്തിനു വെക്കും.
1979 മേയ് 25-നാണ് മുക്കത്ത് അഭിലാഷ് തീയറ്റര്‍ ആരംഭിക്കുന്നത്. ചലച്ചിത്ര താരം മധുവാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994-ല്‍ റോസ് എന്ന പേരില്‍ മറ്റൊരു തീയറ്റര്‍ കൂടി ആരംഭിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം മാറുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വ്യാജ സിഡികള്‍ വ്യാപകമായ കാലത്ത് തീയറ്റലേക്കുള്ള ജനത്തിന്റെ ഒഴുക്കു കുറഞ്ഞു. പ്രതിസന്ധി മറികടന്നത് വലിയ തീയറ്റര്‍ രണ്ടായി വിഭജിച്ചാണ്. പിന്നീട് ആ മാതൃക പലരും പിന്തുടര്‍ന്നു. എയര്‍ കണ്ടിഷനുകളും പുഷ്ബാക്ക് സീറ്റുകളും കഫറ്റീരിയകളും അടക്കം നഗരങ്ങളിലെ വന്‍കിട തിയറ്ററുകളുടെ ചമയങ്ങള്‍ ഒട്ടും ചോരാതെ മുക്കത്തെ തിയറ്ററുകളിലും ഒരുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, റോസ് തീയറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്‌ക്രീനുകള്‍ കെ. ഒ. ജോസഫിന്റേതാണ്.
ഭാര്യ: സിസിലി മുണ്ടത്താനത്ത്, മക്കൾ: സിജോ, സന്ദീപ്, ഡോ. സജീഷ്, ജോസീന. മരുമക്കൾ: അനിറ്റ കരിപ്പാപറമ്പൻ (മണ്ണാർക്കാട്), ഡോ. സൗമ്യ ചിരാംകുഴിയിൽ (കണ്ണൂർ), ബിജോയി നെടുമ്പുറം (ചേർപ്പുങ്കൽ – കോട്ടയം).