ഫെബ്രുവരി 2: നമ്മുടെ കര്‍ത്താവിന്റെ കാഴ്ച്ചവെയ്പ്പ്

ക്രിസ്തുമസ് കഴിഞ്ഞ് 40-ാം ദിവസമാണ് കര്‍ത്താവിന്റെ കാഴ്ച്ചവെപ്പ്. മൂശയുടെ നിയമമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂല്‍ പുത്രന്റെ കാഴ്ച്ചവെയ്പ്പിനുമായി കന്യാമറിയം ജറുസലേം ദൈവാലയത്തില്‍ എത്തുന്നു. ഒരു സ്ത്രീ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ 40 ദിവസം ശുദ്ധീകരണത്തിനായി അവള്‍ ഒരു വയസുള്ള കുഞ്ഞാടിനെ ഹോമബലിക്കും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ചങ്ങാലിയെയോ പരിഹാരബലിക്കും വേണ്ടി സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് പുരോഹിതനെ ഏല്‍പ്പിക്കണമെന്നും ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ കഴിവില്ലെങ്കില്‍ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ചങ്ങാലിയേയോ കാഴ്ച്ചവെയ്ക്കണമെന്നതായിരുന്നു മൂശയുടെ നിയമം.

പരിപ്പൂര്‍ണ്ണമായും മറിയവും യൗസേപ്പും അത് അനുസരിച്ചു. ദരിദ്രരുടെ കാഴ്ച്ചയാണ് അവര്‍ നല്‍കിയത്. അഞ്ചു ഷെക്കല്‍ കൊടുത്തു കുട്ടിയെ വീണ്ടെടുത്തു. യഹോവ ആവശ്യപ്പെടുന്നതുവരെ മറിയം കുട്ടിയെ വളര്‍ത്താനുള്ള നിര്‍ദ്ദേശത്തോടെ കുട്ടിയെ പുരോഹിതന്‍ അമ്മയുടെ കൈയ്യില്‍ തന്നെ ഏല്‍പ്പിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ അനുസരണവും എളിമയും നമുക്കും അനുകരിക്കാം.

ഫെബ്രുവരി 1: വിശുദ്ധ ബ്രിജിത്താ കന്യക

യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടിന്റെ മദ്ധ്യസ്ഥയായ വിശുദ്ധ ബ്രിജിത്താ അള്‍സ്റ്റൈറില്‍ 450 ല്‍ ജനിച്ചു. ചെറു പ്രായത്തില്‍ തന്നെ അവള്‍ തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിക്കുകയും അവള്‍ക്ക് സ്വന്തമായിയുണ്ടായിരുന്ന സമസ്തവും ദരിദ്രര്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തു.

അതീവ സുന്ദരിയായ ബ്രിജിത്തിനെ കാമുകന്മാര്‍ പൊതിയാന്‍ തുടങ്ങിയപ്പോള്‍ തന്റെ വ്രതത്തിന് ഭംഗംവരാതിരിക്കാന്‍ വേണ്ടി തന്നെ വിരൂപയാക്കണമേയെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു കണ്ണില്‍ നീരുവന്ന് മുഖം വിരൂപമായി. 20-ാമത്തെ വയസില്‍ അവള്‍ തന്റെ സമര്‍പ്പണത്തെപ്പറ്റി വിശുദ്ധ പാട്രിക്കിന്റെ സഹോദര പുത്രനായ വിശുദ്ധ മെല്ലിനോട് സംസാരിച്ചു. നിശ്ചിത ദിവസം സ്ഥലത്തെ ബിഷപ് വളരെയേറെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ബ്രിജിത്തായ്ക്ക് ഒരു വെള്ളയുടുപ്പും ശിരോവസ്ത്രവും നല്‍കി. തല്‍സമയം അവളുടെ കണ്ണ് സുഖപ്പെട്ടു. അവളുടെ സൗന്ദര്യം മുഴുവനും തിരികെവന്നു.

തിരുവസ്ത്രങ്ങള്‍വിറ്റ് ദരിദ്രരെ സഹായിച്ചിരുന്ന അവളുടെ അനുകമ്പ വളരെ വലുതായിരുന്നു. ബ്രിജിത്തായുടെ അമ്പതുകൊല്ലത്തെ സമര്‍പ്പിത ജീവിതം കൊണ്ട് അയര്‍ലണ്ട് മുഴുവനും അവളുടെ സ്ഥാപനങ്ങളുടെ സമാധാനം ആസ്വദിച്ചു തുടങ്ങി. ദീര്‍ഘമായ അധ്വാനത്താല്‍ ക്ഷീണിതയായ ബ്രിജിത്താ 523 ഫെബ്രുവരി ഒന്നിന് ദിവംഗതയായി

‘അഭിലാഷ് കുഞ്ഞേട്ടന്‍’ അന്തരിച്ചു

തീയറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ് തീയറ്റര്‍ ഉടമയുമായ മുക്കം കിഴക്കരക്കാട്ട് കെ. ഒ. ജോസഫ് (അഭിലാഷ് കുഞ്ഞേട്ടന്‍) അന്തരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന്കാല്‍വഴുതി വീണാണ് മരണം. താമരശ്ശേരി രൂപതയിലെ അത്മായ പ്രമുഖനും സാമൂഹിക സേവനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.

മൃതസംസ്‌ക്കാര ചടങ്ങുകള്‍ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തില്‍ ആരംഭിക്കും. സംസ്‌ക്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് (31-01-2024-ബുധൻ) വൈകുന്നേരം മുക്കം മുത്തേരിയിലെ വസതിയിൽ പൊതുദർശനത്തിനു വെക്കും.

1979 മേയ് 25-നാണ് മുക്കത്ത് അഭിലാഷ് തീയറ്റര്‍ ആരംഭിക്കുന്നത്. ചലച്ചിത്ര താരം മധുവാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994-ല്‍ റോസ് എന്ന പേരില്‍ മറ്റൊരു തീയറ്റര്‍ കൂടി ആരംഭിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം മാറുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വ്യാജ സിഡികള്‍ വ്യാപകമായ കാലത്ത് തീയറ്റലേക്കുള്ള ജനത്തിന്റെ ഒഴുക്കു കുറഞ്ഞു. പ്രതിസന്ധി മറികടന്നത് വലിയ തീയറ്റര്‍ രണ്ടായി വിഭജിച്ചാണ്. പിന്നീട് ആ മാതൃക പലരും പിന്തുടര്‍ന്നു. എയര്‍ കണ്ടിഷനുകളും പുഷ്ബാക്ക് സീറ്റുകളും കഫറ്റീരിയകളും അടക്കം നഗരങ്ങളിലെ വന്‍കിട തിയറ്ററുകളുടെ ചമയങ്ങള്‍ ഒട്ടും ചോരാതെ മുക്കത്തെ തിയറ്ററുകളിലും ഒരുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, റോസ് തീയറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്‌ക്രീനുകള്‍ കെ. ഒ. ജോസഫിന്റേതാണ്.

ഭാര്യ: സിസിലി മുണ്ടത്താനത്ത്, മക്കൾ: സിജോ, സന്ദീപ്, ഡോ. സജീഷ്, ജോസീന. മരുമക്കൾ: അനിറ്റ കരിപ്പാപറമ്പൻ (മണ്ണാർക്കാട്), ഡോ. സൗമ്യ ചിരാംകുഴിയിൽ (കണ്ണൂർ), ബിജോയി നെടുമ്പുറം (ചേർപ്പുങ്കൽ – കോട്ടയം).

സാധ്യതകളുടെ കടലായി എഞ്ചിനീയറിങ്ങ് മേഖല

നൂതന സങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, ആധുനിക യന്ത്രസംവിധാനങ്ങള്‍ രൂപകല്പന ചെയ്യുക, അവ വ്യാവസായികമായി നിര്‍മ്മിക്കുക, വിപണനം ചെയ്യുക, പ്രവര്‍ത്തിപ്പിക്കുക, പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുക, അറ്റകുറ്റപ്പണി നടത്തുക, അംബരചുംബികളായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, മികച്ച റോഡുകളും പാലങ്ങളും കെട്ടിപ്പടുക്കുക തുടങ്ങി മനുഷ്യജീവിതം സുഖകരവും ആയാസ രഹിതവുമാക്കുന്ന എല്ലാ കാര്യങ്ങളും സംവിധാനം ചെയ്ത് നടപ്പിലാക്കുന്നത് എഞ്ചിനീയര്‍മാരാണ്. എന്തിനേറെ, ഇക്കാലത്തെ ഡോക്ടര്‍മാര്‍ക്ക് പോലും ടെക്‌നോളജിയുടെ സഹായം ഇല്ലാതെ അവരുടെ ജോലി ചെയ്യാന്‍ സാധ്യമല്ല. രോഗനിര്‍ണ്ണയം നടത്തുന്നതിനുപയോഗിക്കുന്ന ആധുനിക യന്ത്രോപകരണങ്ങള്‍ മുതല്‍ കൃത്രിമ അവയവങ്ങള്‍ വരെ എഞ്ചിനീയറിങ്ങിന്റെ സംഭാവനയാണ്.
ഒരു ഡോക്ടറുടെ സാമീപ്യം പോലും ഇല്ലാതെ യന്ത്രമനുഷ്യരെ മാത്രം ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്ന അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ എഞ്ചിനീയര്‍മാര്‍ യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞിരിക്കുന്നു. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ എഞ്ചിനീയറിങ്ങിന് ലോകമെമ്പാടും ജോലി സാധ്യത വര്‍ധിക്കുകയാണ്.

പഠനം കഠിനമോ?

ഒരു ശരാശരി വിദ്യാര്‍ഥിക്ക് എഞ്ചിനീയറിങ്ങ് പഠനം അതികഠിനമൊന്നുമല്ല. വിട്ടുവീഴ്ചയില്ലാതെ ക്ലാസില്‍ ഹാജരായി പാഠഭാഗങ്ങള്‍ മനസ്സിലാക്കുകയും, അവയൊക്കെ നിത്യേന പഠിക്കുകയും ചെയ്യുന്ന കുട്ടിക്ക് നിഷ്പ്രയാസം എഞ്ചിനീയറിങ്ങ് പഠനത്തില്‍ വിജയിക്കാന്‍ സാധിക്കും.
എന്നാല്‍ ആര്‍ട്‌സ് വിഷയങ്ങള്‍ പഠിക്കുന്ന ലാഘവത്തോടെ പഠനത്തെ സമീപിക്കുന്നതും, ക്ലാസ് കട്ട് ചെയ്ത് ഉഴപ്പി നടക്കുന്നതും, പഠനാവധിക്കാലത്ത് എല്ലാ വിഷയങ്ങളും ഒന്നായി പഠിച്ച് തീര്‍ക്കാമെന്ന അമിത ആത്മവിശ്വാസവും പരാജയത്തിലേക്ക് നയിക്കും. അഭിരുചി എഞ്ചിനീയറിങ്ങിനോട് തന്നെയാണോ എന്നറിയാതെ കോഴ്‌സിനെ തിരഞ്ഞെടുക്കുന്നവരും പരാജയത്തിന്റെ രുചി അറിയുന്നു.
ഗണിതശാസ്ത്രം എഞ്ചിനീയറിങ്ങ് പഠനത്തില്‍ പ്രധാന വിഷയമാണ്. ഗണിത ശാസ്ത്രത്തില്‍ ശരാശരി നിലവാരമുള്ള വിദ്യാര്‍ത്ഥിക്ക് എഞ്ചിനീയറിങ്ങ് പഠനം ദുഷ്‌കരമാവില്ല. എഞ്ചിനീയറിങ്ങ് കോഴ്‌സിനെ തിരഞ്ഞെടുക്കുന്നവരെ ന്യൂമെറിക്കല്‍, മെക്കാനിക്കല്‍ അഭിരുചികള്‍ ഉണ്ടോ എന്ന് കണ്ടെത്തി മാത്രമേ ആ മേഖലയിലേക്ക് പറഞ്ഞ് വിടാവൂ.

മലയാളികള്‍ ശോഭിക്കും

വിദ്യാഭ്യാസത്തിന് എന്നും വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുള്ളവരാണ് മലയാളികള്‍. അതോടൊപ്പം തന്നെ മാറ്റങ്ങളെ അതിവേഗം ഉള്‍ക്കൊള്ളാനും, ആധുനിക സാങ്കേതിക വിദ്യകള്‍ എളുപ്പത്തില്‍ സ്വായത്തമാക്കാനും മറ്റാരേക്കാളും മുന്നിലുമാണ് മലയാളികള്‍. അതുല്യമായ ബുദ്ധിശക്തി, വിവേകം, സഹിഷ്ണുത, കഠിനാദ്ധ്വാനം എന്നിവ കൊണ്ട് അനുഗ്രഹീതരാണ് മലയാളി വിദ്യാര്‍ത്ഥികള്‍. ഈ ഗുണങ്ങളുള്ളതു കൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെക്കാളും, തൊഴിലിടങ്ങളില്‍ ശോഭിക്കാനും, മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. മലയാളികളുടെ പ്രബുദ്ധതയോടൊപ്പം എഞ്ചിനീയറിങ്ങ് ബിരുദം കൂടി ഇഴ ചേര്‍ക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ പ്രൊഫഷണല്‍ ഉരുത്തിരിഞ്ഞു വരുന്നു. ധവള വിപ്ലവത്തിന്റെ പിതാവായ വര്‍ഗ്ഗീസ് കുര്യനും, മെട്രോമാന്‍ ഇ. ശ്രീധരനും, മിസൈല്‍ വനിത എന്നറിയപ്പെടുന്ന ടെസ്സി തോമസുമൊക്കെ ഇതിനുദാഹരണങ്ങളാണ്.

ജനുവരി 31: വിശുദ്ധ ഡോണ്‍ ബോസ്‌കോ

1815 ആഗസ്റ്റ് 16-ന് ഇറ്റലിയിലെ വ്യവസായകേന്ദ്രമായ ട്യൂറിനിലെ ഒരു ദരിദ്രകുടുംബത്തില്‍ ഡോണ്‍ബോസ്‌കോ ജനിച്ചു. പിതാവ് ഫ്രാന്‍സിസ് ബോസ്‌കോ ഡോണ്‍ ബോസ്‌കോയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു. അമ്മ മാര്‍ഗ്ഗരറ്റാണ് മകനെ ദൈവഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്. വളരെ കഷ്ടപ്പെട്ടാണ് ജോണ്‍ പഠിച്ചത്.

1841 ജൂണ്‍ 5-ാം തീയതി അദ്ദേഹം വൈദികനായി. കുട്ടികള്‍ക്കായുള്ള ഒരു ഭവനം അമ്മയുടെ സഹായത്തോടെ ആരംഭിച്ചു. രണ്ടു മാസത്തിനകം എണ്‍പതില്‍പ്പരം കുട്ടികള്‍ ഡോണ്‍ ബോസ്‌കോയുടെ ബാലനഗരത്തില്‍ താമസമായി. 1854 ജനുവരി 26-ന് അദ്ദേഹം സലേഷ്യന്‍ സഭ സ്ഥാപിച്ചു. ഡോണ്‍ ബോസ്‌കോയുടെ അദ്ധ്യാത്മികത്വം അകൃത്രിമ സുന്ദരമാണ്. മരണംവരെ ഫലിതവും പുഞ്ചിരിയും അദേഹത്തിന്റെ അധരങ്ങളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.

കുട്ടികള്‍ക്ക് വേണ്ടിയെന്നപോലെ തൊഴിലാളികള്‍ക്ക് വേണ്ടിയും അദ്ദേഹം ഏറെ അധ്വാനിച്ചിച്ചു. ‘നിന്നാല്‍ കഴിവുള്ളതുമുഴുവനും ചെയ്യുക. ശേഷം ദൈവവും ദൈവമാതാവും കൂടി ചെയ്തുകൊള്ളും” എന്ന് പറഞ്ഞ വിശുദ്ധ ഡോണ്‍ബോസ്‌കോ തളര്‍വാതരോഗം പിടിപ്പെട്ട് 1888 ജനുവരി 31-ന് തന്റെ 72-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി.

ജനുവരി 30: വിശുദ്ധ ഹയസിന്താ മാരിസ്‌കോട്ടി

ഇറ്റലിയില്‍ വിറ്റെര്‍ബോ എന്ന നഗരത്തിനു സമീപമുള്ള വിഞ്ഞാരെല്ലോ എന്ന ഗ്രാമത്തില്‍ ഹയസിന്താ ഭൂജാതയായി. ശിശു പ്രായത്തില്‍ ഭക്തയായിരുന്നെങ്കിലും കൗമാരത്തിലേക്കു കടന്നപ്പോള്‍ ലൗകായതികത്വം അവളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. തനിക്ക് ആലോചിച്ച വിവാഹം നടക്കില്ലെന്ന് കണ്ടപ്പോള്‍ 20-ാമത്തെ വയസില്‍ വിറ്റര്‍ബോയിലുള്ള വിശുദ്ധ ബെര്‍ണര്‍ഡീന്റെ മഠത്തില്‍ ചേരാന്‍ അവള്‍ തീരുമാനിച്ചു.

10 കൊല്ലം മഠത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ താമസിച്ചു. അപ്പോള്‍ മനസിലായി തന്റെ ജീവിതം സന്യാസികള്‍ക്ക് യോജിച്ചതല്ലെന്ന്. വിശേഷവസ്ത്രങ്ങളും സാമഗ്രികളും അവള്‍ ഉപേക്ഷിച്ചു. തന്റെ ദുര്‍മാതൃകയ്ക്ക് കൂട്ടുകാരോട് മാപ്പുചോദിച്ചു. ശാരീരിക പ്രായശ്ചിത്തങ്ങളും തുടങ്ങി. വിറ്റെര്‍ബോയില്‍ പ്ലേഗുബാധ വന്നപ്പോള്‍ രാവും പകലും രോഗികളെ അവള്‍ ശുശ്രൂഷിച്ചു. ദരിദ്രരുടെയും അഗതികളുടെയും സംരക്ഷണത്തിനുവേണ്ടി രണ്ട് ഭക്തസഖ്യങ്ങള്‍ അവള്‍ സ്ഥാപിച്ചു 1640 ജനുവരി 30-ന് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു.

1807-ല്‍ ഏഴാം പീയൂസ് പാപ്പാ അവളെ വിശുദ്ധയെന്ന് നാമകരണം ചെയ്തു. എല്ലാവരും വിശുദ്ധരായിട്ടല്ല ജനിക്കുന്നത്; സന്മനസുള്ളവര്‍ക്കെല്ലാം വിശുദ്ധരാകാം എന്ന് ഹയസിന്തായുടെ ജീവിതം സ്പഷ്ടമാക്കുന്നു.

ജനുവരി 29: വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പ

മോന്തെകസീനോയില്‍ ഒരു ബനഡിക്ടന്‍ സന്യാസിയായിട്ടാണ് ജെലാസിയൂസ് തന്റെ ജീവിതം ആരംഭിക്കുന്നത്. പാസ്‌ക്കല്‍ ദ്വിതീയന്‍ അദ്ദേഹത്തെ കാര്‍ഡിനലായി ഉയര്‍ത്തി തന്റെ ചാന്‍സലറായി നിയമിച്ചു.

1118-ല്‍ അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. സെന്‍സിയോ ഫ്രാഞ്ചിപ്പാനി തെരഞ്ഞെടുപ്പിന്റെ സാധ്യതയെ എതിര്‍ത്ത് അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. റോമന്‍ പൗരന്മാര്‍ മാര്‍പാപ്പയെ ജയിലില്‍ നിന്ന് മോചിപ്പിച്ച് വത്തിക്കാനിലെത്തിച്ചു.

അദ്ദേഹം റീംസില്‍ ഒരു സൂനഹദോസ് വിളിച്ചു കൂട്ടാന്‍ ഉത്സാഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്‌ളൂണിയില്‍ വച്ച് പനി പിടിപെട്ട് മരിച്ചു. കാര്‍ഡിനല്‍ ബരോണിയൂസ് പറയുന്നത് രക്തസാക്ഷികളല്ലാതെ മറ്റാരും തിരുസഭയ്ക്കുവേണ്ടി ഈ മാര്‍പാപ്പയെപ്പോലെ സഹിച്ചിട്ടില്ലെന്നാണ്.

ജനുവരി 28: വിശുദ്ധ തോമസ് അക്വിനസ് (വേദപാരംഗതന്‍)

‘വാനവസഹജനായ വേദപാരംഗതന്,’ ‘വിശുദ്ധരില്‍ വെച്ച് വിജ്ഞന്, വിജ്ഞരില്‍ വെച്ച് വിശുദ്ധന്‍,’ ‘കത്തോലിക്കാ കലാശാലകളുടെ മധ്യസ്ഥന്,’ ‘വിനയമൂര്ത്തി’ എന്നിങ്ങനെ അപരനാമങ്ങള് സിദ്ധിച്ചിട്ടുള്ള വിശുദ്ധ തോമസ് അക്വിനസ് ഇറ്റലിയില് നേപ്പിള്‍സിനടുത്ത് റോകാസേക്കാ എന്ന സ്ഥലത്ത് ജനിച്ചു.

പ്രഭുകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഡൊമിനിക്കന്‍ സഭാ വസ്ത്രം സ്വീകരിച്ചു. ഇത് അച്ഛനമ്മമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സ്വന്തം അമ്മയുടെ പ്രേരണയാല്‍ സഹോദരന്മാര്‍ തോമസിനെ രണ്ടു കൊല്ലം ഒരു മുറിയില്‍ അടച്ചിട്ടു. കാരാഗൃഹവാസം തോമസിന് യാതൊരു മാറ്റവും കൊണ്ടുവന്നില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ഒരു വേശ്യയെ അദ്ദേഹത്തിന്റെ മുറിയിലിട്ടടച്ചിട്ടു. കുറച്ചുനേരം പ്രാര്‍ത്ഥിച്ച ശേഷം ഒരു തീക്കൊള്ളിയെടുത്ത് അവളെ ആട്ടിപ്പായിച്ചു.

പ്രലോഭനത്തില്‍ വിജയം നല്‍കിയ ദൈവത്തിന് നന്ദി പറയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു സമാധിയിലമര്‍ന്നു. രണ്ടു മാലാഖമാര്‍ വന്ന് അദ്ദേഹത്തിന്റെ അരയില്‍ ഒരു പട്ട കെട്ടിക്കൊടുത്തുകൊണ്ടു പറഞ്ഞു: ‘നിത്യകന്യാത്വമാകുന്ന അരപ്പട്ടകൊണ്ട് നിന്നെ ഞങ്ങള്‍ ബന്ധിക്കുന്നു.’ അങ്ങനെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന തോമസ് വിശുദ്ധ കുര്‍ബാനയെപ്പറ്റി എഴുതിയ ഗ്രന്ഥം പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് സംശയിച്ചപ്പോള്‍ ‘തോമാ, നീ എന്നെപ്പറ്റി നന്നായി എഴുതിയിരിക്കുന്നു.’ എന്ന ഈശോയുടെ അംഗീകാര വാക്കുകള്‍ സക്രാരിയില്‍ നിന്നും അദ്ദേഹം ശ്രവിച്ചു.

ശാന്തത വിരക്തിയേക്കാള്‍ വിരളമായ പുണ്യമാണ്. അത് വിരക്തിയേക്കാളും മറ്റ് പുണ്യങ്ങളേക്കാളും ശ്രേഷ്ഠമാണ്. കാരണം അത് ദൈവിക പുണ്യങ്ങളില്‍ ശ്രേഷ്ഠമായ സ്‌നേഹത്തിന്റെ പൂരകമാണ് – എന്നു പറഞ്ഞ വിശുദ്ധ അക്വിനസിന്റെ വിശുദ്ധ കുര്‍ബാനയോടുണ്ടായിരുന്ന ഭക്തിയും തിരുസഭയോടുള്ള ബഹുമാനാദരവും അസാധരണമായ എളിമയും കണ്ടു പഠിക്കാം.

ജനുവരി 27: വിശുദ്ധ ആഞ്ചെലാ മെരീച്ചി

ഉര്‍സൂളിന്‍ സന്യാസ സഭയുടെ സ്ഥാപകയായ ആഞ്ചെലാ മെരീച്ചി 1471 മാര്‍ച്ച് 21-ന് ലൊബാര്‍ഡിയില്‍ ദെസെന്‍സാനോ എന്ന നഗരത്തില്‍ ജനിച്ചു. പത്തുവയസ്സുള്ളപ്പോള്‍ അമ്മയും അച്ഛനും മരിച്ചു. പിന്നീട് അമ്മാവന്റെ കൂടെ ഭക്തിയില്‍ അവള്‍ ജീവിച്ചു. സ്വസഹോദരി കൂദാശകള്‍ സ്വീകരിക്കാതെ മരിക്കാനിടയായി. ഇത് ആഞ്ചെലായ്ക്ക് ഹൃദയഭേദകമായിരുന്നു.

അവള്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്ന് സഹോദരിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനകളും പ്രായശ്ചിത്ത പ്രവൃത്തികളും കാഴ്ചവച്ചു. പെണ്‍കുട്ടികള്‍ക്ക് ക്രിസ്തുമത പഠനം അത്യാവശ്യമാണെന്ന് കണ്ട് അവള്‍ സ്വഭവനം ഒരു പള്ളിക്കൂടമാക്കി മാറ്റി. അടുത്തുള്ള പെണ്‍കുട്ടികളെയെല്ലാം വിളിച്ചു വരുത്തി ദിവസംതോറും ക്രിസ്തുമതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചു പോന്നു. 1524-ല്‍ ആഞ്ചെലാ വിശുദ്ധ സ്ഥലങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മര്‍ഗ്ഗമധ്യേ ക്രെത്തെ ദ്വീപില്‍ വച്ച് അവള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി. മടക്കയാത്രയില്‍, കാഴ്ച നഷ്ടപ്പട്ട സ്ഥലത്ത് ഒരു കുരിശു രൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചു. 1535 നവംബര്‍ 25-ന് 12 കന്യകമാരോടുകൂടി ബ്രേഷ്യയില്‍ ഉര്‍സൂളിന്‍ സഭ സ്ഥാപിച്ചു. 1540 ജനുവരി 27-ന് ആഞ്ചെലാ നിര്യാതയായി. ക്രിസ്തീയ വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ട ആഞ്ചെലായെ 1807-ല്‍ ഏഴാം പീയൂസ് പാപ്പ വിശുദ്ധയെന്ന് നാമകരണം ചെയ്തു.

കരുണയുടെ മുഖമാകാന്‍ അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി പ്രോജക്ടായ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖല പ്രതിസന്ധികള്‍ നേരിടുമ്പോഴെല്ലാം താമരശ്ശേരി രൂപത ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്നും സമൂഹത്തിന് സഹായകരമാകുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ അതത് കാലങ്ങളില്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. മലയോര മേഖലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ കുറവായതുകൊണ്ട് പലരും ഊഴം കാത്തിരിക്കേണ്ട അവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി രൂപതയുടെ കീഴില്‍ വേനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് സൈക്കോതെറാപ്പി (ക്യാംപ്) സെന്ററിന്റെ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ വെഞ്ചരിപ്പു കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ദീര്‍ഘനാളത്തെ സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന് പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച ബിഷപ് പറഞ്ഞു. ”താമരശ്ശേരി രൂപതയുടെ കരുണയുടെ മുഖമാണ് സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍. കുടിയേറ്റ മലയോര മേഖലയില്‍ ആതുരശുശ്രൂഷാരംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ദൈവം അതിനുള്ള വഴികള്‍ തുറന്നുതരുമെന്നതിന് ഉദാഹരണമാണ് ഈ ഡയാലിസിസ് സെന്റര്‍.” – ബിഷപ് കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയില്‍ അജപാലന ശുശ്രൂഷ ചെയ്യുന്ന ഫാ. സാബു മഠത്തിക്കുന്നേലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിന് ധനസഹായം നല്‍കിയത് ജര്‍മ്മന്‍ സ്വദേശികളായ ജോസഫ്, മരിയ വോസ്‌റ്റെ എന്നിവരാണ്. മരിയ വോസ്‌റ്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിയ്ക്കാണ് അല്‍ഫോന്‍സ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പ് ചുമതല.

വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, അല്‍ഫോന്‍സാ ഡയാലിസിസ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ ഒറവുങ്കര, മുക്കം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി. ടി. ബാബു, തിരുവമ്പാടി ഫെറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍, ഫാ. സാബു മഠത്തിക്കുന്നേല്‍, മരിയ വോസ്‌റ്റെ, വേനപ്പാറ ഇടവക വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, സിഒഡി ഡയറക്ടര്‍ ഫാ. ജോര്‍ജ് ചെമ്പരത്തി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, ക്യാംപ് ഡയറക്ടര്‍ ഫാ. മാത്യു തടത്തില്‍, മുക്കം സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഡാലിയ എംഎസ്‌ജെ, വാര്‍ഡ് മെമ്പര്‍ രജിത എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version