ജനുവരി 26: വിശുദ്ധ തിമോത്തി

പൗലോസ് ശ്ലീഹായുടെ ശിഷ്യനായ തിമോത്തി ഏഷ്യാ മൈനറില്‍ ലിസ്ത്രം എന്ന പ്രദേശത്തു ജനിച്ചു. അമ്മ ഒരു യഹൂദ സ്ത്രീയും അച്ഛന്‍ ഒരു വിജാതിയനുമായിരുന്നു. പൗലോസ് ശ്ലീഹാ ലിസ്ത്രായില്‍ ആദ്യം ചെന്നപ്പോള്‍ത്തന്നെ യുവാവായിരുന്ന തിമോത്തിയും അമ്മയും അമ്മാമ്മയും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു.

ഏഴുവര്‍ഷം കഴിഞ്ഞ് പൗലോസ് വീണ്ടും ലിസ്ത്രാ സന്ദര്‍ശിച്ചപ്പോള്‍ തിമോത്തി തപോവിഷ്ഠനും സല്‍സ്വഭാവിയുമായി ജീവിക്കുന്നുവെന്ന് മനസിലാക്കി. അദ്ദേഹം തിമോത്തിക്ക് പുരോഹിത സ്ഥാനത്തിനുള്ള കൈവെപ്പു നല്‍കി. അന്നുമുതല്‍ അദ്ദേഹം പൗലോസിന്റെ ഒരു സഹചാരിയും വിശ്വസ്തനുമായി.

ശ്ലീഹാ തിമോത്തിക്ക് നല്‍കിയ ഉപദേശങ്ങളില്‍ ഏറ്റവും പ്രധാനമായത് വിശുദ്ധ ഗ്രന്ഥം വായിക്കുക എന്നതാണ്. അത് ദൈവനിവേശിതമാകയാല്‍ അവരെ പഠിപ്പിക്കാന്‍ എത്രയും ഉപകാരപ്രദമായിരിക്കുമെന്ന് അപ്പസ്‌തോലന്‍ തിമോത്തിയെ ധരിപ്പിച്ചു. 97-ാം ആണ്ടില്‍ തിമോത്തി രക്തസാക്ഷിത്വമകുടം ചൂടി.

ജനുവരി 25: വിശുദ്ധ പൗലോസിന്റെ മാനസാന്തരം

സിലീസിയായുടെ തലസ്ഥാനമായ ടാര്‍സൂസില്‍ ക്രിസ്തുവിന്റെ ജനനകാലത്തു തന്നെയാണ് മഹാനായ പൗലോസ് അപ്പസ്‌തോലന്‍ ജനിച്ചത്. മാനസാന്തരത്തിന് മുമ്പ് അദ്ദേഹത്തിന്റെ പേര് സാവൂള്‍ എന്നായിരുന്നു. ജന്മനാല്‍ ഫരിസേയനായിരുന്ന സാവൂള്‍ യഹൂദനിയമത്തോടുള്ള പ്രതിപത്തി നിമിത്തം ക്രിസ്തുമതത്തിന്റെ ബദ്ധശത്രുവായി.

ക്രിസ്ത്യാനികളെ ജറുസലേമിലേക്ക് കൊണ്ടുപോയി കൊന്നൊടുക്കുന്നതിന് ഡമാസ്‌ക്കസ്സിലെ സംഘങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശപത്രം വാങ്ങി പുറപ്പെടവേ ഡമാസ്‌ക്കസിന് സമീപമായപ്പോള്‍ ആകാശത്തുനിന്ന് പൊടുന്നനെ ഒരു പ്രകാശം വീശി, ഉടനെ അയാള്‍ നിലംപതിച്ചു. ”സാവൂള്‍ സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?” എന്നൊരു സ്വരം അയാള്‍ ശ്രവിച്ചു. ”കര്‍ത്താവേ അങ്ങ് അരാണ്?” അയാള്‍ ചോദിച്ചു, ”കര്‍ത്താവേ അങ്ങ് ആരാണ്” അയാള്‍ വീണ്ടും ചോദിച്ചു. ”നീ പീഡിപ്പിക്കുന്ന നസറത്തുക്കാരനായ ഈശോയാണ്” അവിടുന്ന് ഉത്തരമരുളി.

സാവൂളിനെ സുഖപ്പെടുത്താന്‍ കര്‍ത്താവ് അനനിയാസിനെ തിരഞ്ഞെടുത്തു. അനനിയാസ് സാവൂളിന് ജ്ഞാനസ്‌നാനം നല്‍കി. ഉടനെ അദ്ദേഹം കാഴ്ച്ച പ്രാപിച്ചു. ഈശോയാണ് മിശിഹായെന്ന് സാവൂള്‍ പ്രസംഗിച്ചു തുടങ്ങി. ക്രിസ്തുശിഷ്യനായി മാറിയ പൗലോസ് ഭീകരമായ യാതനകള്‍ അനുഭവിച്ച് സുവിശേഷം പ്രസംഗിച്ചു.

ഐക്യവാര പ്രാര്‍ത്ഥനയുടെ സമാപന ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്ലീഹായുടെ മാനസാന്തര ദിനമാണ്. ഒരു സാവൂളിനെയെങ്കിലും മാനസാന്തരപ്പെടുത്തുവാനുള്ള വരം നമുക്ക് ചോദിക്കാം.

മനമറിയുന്ന മാതാപിതാക്കളാകാം

മക്കളുടെ മനസ്സറിയുന്ന മാതാപിതാക്കള്‍ കുട്ടികളുടെ വികാരങ്ങള്‍, ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുന്നവരാണ്. അവര്‍ കുട്ടികളുമായി തുറന്ന സംഭാഷണങ്ങള്‍ നടത്തുകയും വികാരങ്ങള്‍ പങ്കിടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവര്‍ കുട്ടികള്‍ക്ക് സ്‌നേഹവും പിന്തുണയും നല്‍കുന്നു, അവരുടെ വിജയങ്ങളില്‍ സന്തോഷിക്കുകയും അവരുടെ പരാജയങ്ങളില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പരീക്ഷക്കാലം മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് ഒരുപോലെ ‘ടെന്‍ഷന്‍’ കാലമാണ്. പരീക്ഷയ്ക്ക് തന്റെ കുട്ടി മുഴുവന്‍ മാര്‍ക്കും മേടിക്കണമെന്ന വാശിയിലാണ് പല മാതാപിതാക്കളും. അമ്പതില്‍ നാല്‍പത്തെട്ടു മാര്‍ക്കുവാങ്ങി സ്‌കൂളില്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസയും മറ്റും വാങ്ങി വീട്ടില്‍ സന്തോഷത്തോടെ ചെല്ലുന്ന കുട്ടി തന്റെ മാതാപിതാക്കളില്‍ നിന്നു കേള്‍ക്കുന്ന ചോദ്യം ‘ബാക്കി രണ്ടു മാര്‍ക്ക് എവിടെപ്പോയി?’ എന്നതാണെങ്കില്‍, അതു കേള്‍ക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? തങ്ങളുടെ സ്‌കൂള്‍ പഠനകാലത്ത് ഈ കുട്ടികളുടെ അത്രപോലും തങ്ങള്‍ മെച്ചമായിരുന്നില്ലെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. തങ്ങളില്‍ നിന്നു പിറന്ന മക്കള്‍ തങ്ങളുടെ തന്നെ കഴിവിന്റെയും ഗുണങ്ങളുടെയും തുടര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന സമാന്യതത്വം എല്ലാ മാതാപിതാക്കളും ഓര്‍മ്മിക്കണം. സമൂഹത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനായി കുട്ടികളുടെ ജീവിതവും അവരുടെ പരീക്ഷയിലെ മാര്‍ക്കും ഒരിക്കലും പരിഗണിക്കരുത്.

മക്കളുടെ അഭിരുചിയും കഴിവുമനുസരിച്ചാണ് അവരുടെ വിദ്യാഭ്യാസവഴി മാതാപിതാക്കള്‍ തിരിച്ചുവിടേണ്ടത്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധപൂര്‍വ്വം നല്‍കിയിരിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ഭാവി നിര്‍ണയിക്കേണ്ടുന്ന പഠന തീരുമാനങ്ങള്‍ വരുമ്പോള്‍ മക്കളുടെ താല്‍പര്യം തീര്‍ച്ചയായും കണക്കിലെടുക്കപ്പെടണം. ഇന്നു പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഡോക്ടറോ, എഞ്ചനീയറോ, ബിസിനസുകാരനോ ഒക്കെ ആകണമെന്നു തീരുമാനിക്കുന്നു മക്കളോടു ചോദിക്കാതെ തന്നെ. മക്കളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും പേരിലായിരിക്കരുത് ഒരിക്കലും കുടുംബത്തിന്റെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. ജോലിയില്‍ നിന്നു കിട്ടുന്ന സംതൃപ്തി ഇന്ന് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പില്‍ ഇഷ്ടമില്ലാത്തൊരു കരിയറും ജോലിയും തിരഞ്ഞെടുത്ത് ജീവിതകാലം മുഴുവന്‍ മനസന്തോഷമില്ലാതെ വിഷമിച്ചു കഴിയേണ്ടി വരുന്നത് ദുരിതമാണ്.

പഠിച്ചു നേടുന്ന ഡിഗ്രികള്‍ക്കു മാത്രമേ ലോകത്തില്‍ വിലയുള്ളൂ എന്ന പഴയ ചിന്താഗതിയുടെ കാലമൊക്കെ കഴിഞ്ഞുപോയി. യേശുദാസിന്റെ വിദ്യാഭ്യാസയോഗ്യതയെന്തെന്ന് ആരും അന്വേഷിക്കാറില്ല, സച്ചിന്‍ തെണ്ടുല്‍ക്കറുടെയോ മോഹന്‍ ലാലിന്റെയോ , മമ്മൂട്ടിയുടെയോ പഠന സാമര്‍ത്ഥ്യവും ആരും ചോദിക്കാറില്ല. ദൈവം ഇവരിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വ്യത്യസ്തങ്ങളായ കഴിവുകളെ വളര്‍ത്താന്‍ അവര്‍ അത്യദ്ധ്വാനം ചെയ്തു, ആ ടാലന്റുകളെ ഗൗരവമായി എടുത്തു, അതില്‍ത്തന്നെ ശ്രദ്ധ പതിപ്പിച്ചു, അങ്ങനെ ജീവിതത്തില്‍ ഉയര്‍ന്നവരും സമൂഹത്തില്‍ നല്ല രീതിയില്‍ അറിയപ്പെടുന്നവരുമായി മാറി. തനിക്കു ലഭിച്ചിരിക്കുന്ന പ്രത്യേകമായ സിദ്ധിയെ അതീവ പ്രാധാന്യത്തോടെ കണ്ട്, അത് വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് അതില്‍തന്നെ ശ്രദ്ധപതിപ്പിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയം വരിക്കാനാവുന്നത്. പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനു കുറ്റപ്പെടുത്താതെ മക്കളുടെ കഴിവുകളെ വളര്‍ത്താനും അതുവഴി ജീവിത വിജയം നേടാനുമുള്ള അവസരം ഒരുക്കുമ്പോഴാണ് അച്ഛനും അമ്മയും നല്ല മാതാപിതാക്കളായി മാറുന്നത്.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു; ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ പലരും തോറ്റുപോകുന്നത്?’ ഗുരു മറുപടി പറഞ്ഞു; ‘ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത് വ്യത്യസ്തങ്ങളായ ചോദ്യങ്ങളാണ്. പലരും മറ്റു പലരുടെയും ജീവിതമാകുന്ന ഉത്തരം കോപ്പിയടിക്കാന്‍ നോക്കുന്നതുകൊണ്ടാണ് ജീവിത പരീക്ഷയില്‍ തോറ്റുപോകുന്നത്’.

പരീക്ഷക്കാലം അടുക്കുമ്പോള്‍ പലപ്പോഴും കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. അവര്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെപ്പോലും ബാധിക്കാം. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന’ ചിന്താഗതിക്കു പകരം സ്വാതന്ത്ര്യത്തിന്റെ ആകാശത്തു പറക്കുന്ന തുമ്പികളായി നമ്മുടെ കുഞ്ഞുങ്ങള്‍ മാറട്ടെ.

പരീക്ഷകള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നും ജീവിതം നീണ്ടു കിടക്കുന്നതാണെന്നുമുള്ള അവബോധത്തോടെ, മുന്നേറാനുള്ള മനക്കരുത്തും ദൃഢനിശ്ചയവുമാണ് ഏതൊരു വിജയത്തിന്റെയും ആണിക്കല്ല് എന്ന് മക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്ന മാതാപിതാക്കളാകാം.

ജനുവരി 24: വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് മെത്രാന്‍ (വേദപാരംഗതന്‍)

1566-ല്‍ തോറെണ്‍സ് എന്ന സ്ഥലത്ത് ഫ്രാന്‍സിസ് ജനിച്ചു. പാരീസിലും പാദുവായിലും വിദ്യാഭ്യാസം നടത്തിയ ശേഷം 1593-ല്‍ ഫ്രാന്‍സിസ് ഒരു വൈദികനായി. വിശുദ്ധി പ്രസംഗിക്കുന്ന ഒരു അപ്പസ്‌തോലനായി അദ്ദേഹം രംഗപ്രവേശം ചെയ്തു. അന്ത്യം വരെ അങ്ങനെ തുടര്‍ന്നു. 1602-ല്‍ ഫ്രാന്‍സിസ് ജനീവയിലെ മെത്രാനായി നിയമിക്കപ്പെട്ടു. വളരെ പ്രശ്‌നങ്ങളുണ്ടായിരുന്ന ആ രൂപതയെ ക്രമപ്പെടുത്താന്‍ പ്രയോഗിച്ച നയം ശാന്തതയുടെതാണ്.

ഒരു തുള്ളി തേന്‍ കൊണ്ട് ഒരു ചാറ ചുറുക്കക്കൊണ്ടെന്നതിനേക്കാള്‍ കൂടുതല്‍ ഈച്ചകളെ പിടിക്കാമെന്ന് വിശുദ്ധ ഫ്രാന്‍സിസ് പറയാറുണ്ട്. അതായത് കോപം കൊണ്ടെന്നതിനേക്കള്‍ കൂടുതല്‍ ആത്മാക്കളെ ശാന്തതകൊണ്ട് നേടിയെടുക്കാമെന്ന് സാരം. ഫ്രാന്‍സിസിന് 20 കൊല്ലം വേണ്ടിവന്നു തന്റെ മുന്‍ കോപത്തെ നിയന്ത്രിക്കാന്‍, എന്നാല്‍ എപ്പോഴും കാരുണ്യമായും ശാന്തമായും വ്യാപരിച്ചിരുന്ന വിശുദ്ധന് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് ആരും കരുതിയില്ല.

അദ്ദേഹത്തിന്റെ നിത്യമായ പ്രസന്നതയും ശാന്തതയും അദ്ദേഹത്തിന് ‘യോഗ്യനായ വിശുദ്ധന്‍’ എന്ന പേര് നേടിക്കൊടുത്തു.

ജനുവരി 23: വിശുദ്ധ വിന്‍സെന്റ് പലോട്ടി

പല്ലോട്ടയില്‍ സഭാസ്ഥാപകനായ വിന്‍സെന്റ് പലോട്ടി റോമയില്‍ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1820-ല്‍ അദ്ദേഹം രൂപതാ വൈദികനായി. കുറേനാള്‍ ദൈവശാസ്ത്രം പഠിച്ച ശേഷം റോമായില്‍ തന്നെ ആത്മരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടു.

അദ്ദേഹത്തിന്റെ ശ്ലൈഹിക പ്രവര്‍ത്തനങ്ങളോട് കിടപിടിക്കാവുന്നത് അദ്ദേഹത്തിന്റെ പ്രായശ്ചിത്ത പ്രവര്‍ത്തികളാണ്. 1837 ലെ കോളറ ബാധയുടെ ഇടയ്ക്ക് സ്വന്തം ജീവന്‍ പണയം വച്ചാണ് അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചത്. കത്തോലിക്കാ പ്രവര്‍ത്തന സംഘമായി 12 പേരേടുകൂടി ആരംഭിച്ച സംഘടന ഇന്ന് ലോകമാസകലം വ്യാപിച്ചിട്ടുണ്ട്.

പൗരസ്ത്യസഭകളുടെ പുനരൈക്യത്തിനുവേണ്ടി അദ്ദേഹം എപ്പിഫനി ആചരിക്കാന്‍ തുടങ്ങി. വേദപ്രചാരവേലയില്‍ അതീവ തല്‍പരനായിരുന്ന ഫാ. വിന്‍സെന്റ് 1963-ല്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു. ആത്മരക്ഷാ തീക്ഷ്ണതയും പ്രായശ്ചിത്താനുഷ്ഠാനങ്ങളുമാണ് ഫാ. വിന്‍സെന്റ് പലോട്ടിയെ വിശുദ്ധനാക്കിയത്. സഹനം കൂടാതെ വിശുദ്ധിയില്ല എന്നതിന് ഉത്തമോദാഹരണമാണ് വിശുദ്ധ വിന്‍സെന്റ്.

സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം 26ന്

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സ്മാരകമായി ആരംഭിക്കുന്ന സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് യൂണിറ്റിന്റെ വെഞ്ചരിപ്പു കര്‍മ്മം ജനുവരി 26-ന് വെകിട്ട് മൂന്നിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.

താമരശ്ശേരി രൂപതയുടെ കീഴില്‍ വേനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് സൈക്കോതെറാപ്പി സെന്ററിന്റെ കെട്ടിട സമുച്ചയത്തിലാണ് സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്.

ജനുവരി 22: ആര്‍ച്ചു ഡീക്കനായ വിശുദ്ധ വിന്‍സെന്റ്

സ്‌പെയിനില്‍ സരഗോസ എന്ന പ്രദേശത്തെ മെത്രാനായിരുന്ന വലേരിയൂസിന്റെ ശിഷ്യനായിരുന്നു ഡീക്കന്‍ വിന്‍സെന്റ്. ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഗവര്‍ണര്‍ ഡേഷ്യന്‍ ബിഷപ് വലേരിയൂസിനെയും ഡീക്കന്‍ വിന്‍സെന്റിനെയും കാരാഗൃഹത്തിലടയ്ക്കാനും പട്ടിണിയിടാനും വിവിധ തരത്തില്‍ മര്‍ദ്ദിക്കാനും കല്‍പിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അവരെ ഡേഷ്യന്റെ പക്കല്‍ ആനയിച്ചപ്പോള്‍ അവര്‍ അക്ഷീണരായും പ്രസന്നരായും കാണപ്പെട്ടു.

പല ഭീഷണികളും ഉദാരവാഗ്ദാനങ്ങളും വഴി അവരെ മനസുമാറ്റാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ‘ഞങ്ങള്‍ സത്യദൈവത്തെ പ്രതി എന്തും സഹിക്കാന്‍ തയ്യാറാണ്’ എന്ന് വിന്‍സെന്റ് മറുപടി പറഞ്ഞു. ഈ മറുപടി കേട്ട് ക്രുദ്ധനായ ഗവര്‍ണര്‍ വിന്‍സെന്റിനെ അതികഠിനമായി മര്‍ദ്ദിക്കാന്‍ ഉത്തരവായി. അദ്ദേഹത്തെ ഇരുമ്പു പലകയില്‍ കിടത്തി കാലും കയ്യും ബലമായി വലിച്ചു നീട്ടി. ഇരുമ്പുകൊളുത്തുകള്‍ കൊണ്ട് ശരീരം വലിച്ചു കീറി. ഉപ്പും മുളകും മുറിവില്‍ തേച്ചു. അതുകൊണ്ടും തൃപ്തിയാകാതെ പഴുത്ത ഒരു ഇരുമ്പു കസേരയില്‍ ഇരുത്തിയ ശേഷം ഏകാന്ത കാരാഗൃഹത്തിലിട്ട് ചികിത്സിച്ചു. വിന്‍സെന്റ് കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ ആ മുഖത്തുണ്ടായിരുന്ന ദിവ്യമായ പ്രസന്നതയും മുറിയിലുണ്ടായിരുന്ന പ്രകാശവും ദര്‍ശിച്ച ജയില്‍ വാര്‍ഡന്‍ തല്‍ക്ഷണം മാനസാന്തരപ്പെട്ടു ജ്ഞാനസ്‌നാനം സ്വീകരിച്ചു.

വിന്‍സെന്റിന്റെ മൃതദേഹം ഒരു കല്ലില്‍കെട്ടി കടലിലിട്ടു. അത് കരയ്ക്കടിഞ്ഞു വന്നു ക്രൈസ്തവരുടെ കൈവശമെത്തി. സഹനങ്ങളുടെയും പ്രലോഭനങ്ങളുടെയും ഇടയ്ക്ക് സമാധാനവും സംതൃപ്തിയും കണ്ടെത്താനായി പ്രാര്‍ത്ഥിക്കാം.

ജനുവരി 21: വിശുദ്ധ ആഗ്നസ് കന്യക (രക്തസാക്ഷി)

‘നിങ്ങളുടെ വാളും എന്റെ രക്തം കൊണ്ട് മലിനമാക്കിക്കൊള്ളുക; എന്നാല്‍ ക്രിസ്തുവിന് പ്രതിഷ്ഠിതമായ എന്റെ ശരീരത്തെ നിങ്ങള്‍ക്ക് മലിനമാക്കാന്‍ കഴിയുകയില്ല’ എന്ന് ധീരതയോടെ പ്രഖ്യാപിച്ച അഗ്നസ് റോമില്‍ ജനിച്ചു. കുഞ്ഞാട് എന്നാണ് ആഗ്നസ് എന്ന പേരിന്റെ അര്‍ത്ഥം. ഈ കൊച്ചുസുന്ദരിയെ പാണിഗ്രഹണം ചെയ്യാന്‍ റോമന്‍ യുവാക്കള്‍ അതിയായി ആഗ്രഹിച്ചു. ഒരു സ്വര്‍ഗ്ഗീയ മണവാളനു തന്റെ കന്യാത്വം നേര്‍ന്നിരിക്കുന്നുവെന്നായിരുന്നു അവളുടെ മറുപടി.

മധുരവചസുകളോ നേര്‍ച്ചകളോ അവളുടെ നിശ്ചയത്തിന് വ്യത്യാസം വരുത്തിയില്ല. ഭഗ്നാശരായ കാമുകന്മാര്‍ അവള്‍ ക്രിസ്ത്യാനിയാണെന്ന് ആരോപിച്ച് റോമന്‍ ന്യായാധിപന്‍ അവളോട് ജൂപ്പിറ്ററിനെ ദേവനെ ആരാധിക്കാന്‍ ആജ്ഞാപിച്ചു. അവള്‍ വഴിപ്പെടുന്നില്ലെന്ന് കണ്ടപ്പോള്‍ പല മര്‍ദ്ദനമുറകളും പ്രയോഗിച്ചു. ബിംബത്തിന്റെ അടുക്കലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ധൂപം കൈകൊണ്ട് എടുക്കാന്‍ നിര്‍ബന്ധിച്ചു. എന്നിട്ടും ബിംബത്തെ ആരാധിക്കുകയില്ലെന്ന് കണ്ടപ്പോള്‍ വേശ്യാഗ്രഹത്തില്‍ ആര്‍ക്കും ഉപയോഗിക്കുവാന്‍ നിയോഗിക്കുവാന്‍ കല്‍പ്പിച്ചു.

ഈശോ തന്റെ സ്വന്തമായവരെ സംരക്ഷിച്ചുകൊള്ളും എന്നായിരുന്നു അവളുടെ മറുപടി. അവസാനം മരണവിധി പ്രഖ്യാപിക്കപ്പെട്ടു. ഒരു നിമിഷം മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ശേഷം വാളിന് അവള്‍ കഴുത്തുകാണിച്ചുകൊടുത്തു. ‘കന്യാത്വത്തിന്റെ മഹത്വത്തെ അവള്‍ രക്തസാക്ഷിത്വം കൊണ്ട് മകുടം ചാര്‍ത്തി’ എന്ന് വിശുദ്ധ ജെറോം പറയുന്നു.

ജനുവരി 20: വിശുദ്ധ സെബാസ്റ്റിയന്‍ (രക്തസാക്ഷി)

ഒരു റോമന്‍ സൈനികോദ്യോഗസ്ഥനായിരുന്ന സെബാസ്റ്റിയന്‍ ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നര്‍ബോണയിലാണ് ജനിച്ചത്. സൈനിക സേവനം അദ്ദേഹത്തിന് അരോചകമായിരുന്നെങ്കിലും ക്രിസ്തീയ വിശ്വാസത്തെ പ്രതി അറസ്റ്റുചെയ്യപ്പെടുന്നവരെ സഹായിക്കാന്‍ വേണ്ടി റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ ഉപദേശം ജയില്‍ വാസികളെ സ്വാധീനിച്ചു. 16 ജയില്‍ വാസികള്‍ മാനസാന്തരപ്പെട്ടു. നിക്കോസ്ട്രാറ്റസിന്റെ ഊമയായിരുന്ന ഭാര്യയെ അദ്ദേഹം സുഖപ്പെടുത്തി.

285-ല്‍ ഡയോക്ലീഷ്യന്‍ റോമന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം സെബാസ്റ്റിയനെ അംഗരക്ഷക സൈന്യത്തിലെ ഒരംഗമാക്കി. എന്നാല്‍ ടോര്‍ക്വാറ്റസ് എന്ന ഒരു മതത്യാഗി അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. ജൂപ്പിറ്റര്‍ ദേവനു ധൂപം സമര്‍പ്പിച്ചു ജീവന്‍ സംരക്ഷിക്കാന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ ഉപദേശിച്ചെങ്കിലും അദ്ദേഹം തിരസ്‌ക്കരിച്ചു. തീയില്‍ ദഹിപ്പിക്കുമെന്ന് ചക്രവര്‍ത്തി ഭീഷണിപ്പെടുത്തിയപ്പോള്‍ സെബാസ്റ്റിയന്‍ പറഞ്ഞത് ഈശോയോടുള്ള സ്‌നേഹത്തെ പ്രതി തീക്കനലില്‍ക്കൂടി നടക്കുന്നത് റോസാപൂമെത്തയില്‍ കൂടി നടക്കുന്നതുപോലെയാണെന്നാണ്.

സെബാസ്റ്റിയനെ അമ്പെയ്തുകൊല്ലാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. ഘാതകര്‍ സെബാസ്റ്റ്യനെ ഒരു മരത്തില്‍ വരിഞ്ഞുകെട്ടി അമ്പെയ്തു. എന്നിട്ടും മരിച്ചില്ല എന്നു മനസിലായപ്പോള്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊല്ലാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. അങ്ങനെ സെബാസ്റ്റ്യന്‍ രക്തസാക്ഷി മകുടം ചൂടി.

ഷെവലിയാര്‍ പ്രഫ. ഏബ്രഹാം അറയ്ക്കല്‍ അന്തരിച്ചു

താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുണാഭവന്റെ ട്രസ്റ്റ് ബോര്‍ഡ് അംഗവും സഭാ ചരിത്ര പണ്ഡിതനുമായ ഷെവലിയാര്‍ പ്രഫ. ഏബ്രഹാം അറയ്ക്കല്‍ അന്തരിച്ചു. ആലപ്പുഴ രൂപതാംഗമാണ്. സംസ്‌ക്കാരം ജനുവരി 20ന് രാവിലെ ഒമ്പതിന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍.

ഇപ്പോള്‍ കരുണാഭവന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം പ്രഫ. ഏബ്രഹാം അറയ്ക്കല്‍ കൂടി ഉള്‍പ്പെട്ട ട്രസ്റ്റാണ് താമരശ്ശേരി രൂപതയ്ക്കു കൈമാറിയത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്ന് ഷെവലിയാര്‍ പദവി ലഭിച്ചിട്ടുണ്ട്. മദ്രാസ് ലെയോള, കൊല്ലം ഫാത്തിമാ മാതാ കോളജുകളിലും പാലക്കാട്, ചിറ്റൂര്‍, എറണാകുളം, തിരുവനന്തപുരം, കാസര്‍കോഡ് ഗവണ്‍മെന്റ് കോളജുകളിലും അധ്യാപകനായിരുന്നു. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്.

അസോസിയേഷന്‍ ഓഫ് ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറിയും ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപക പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

‘സദ്‌വാര്‍ത്ത’ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായും വോക്‌സ് നോവ എന്ന ചരിത്ര മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.മുന്‍ എംഎല്‍എയും ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന അഡ്വ. ഈപ്പന്‍ അറയ്ക്കലിന്റെയും ആലപ്പുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്ന ഏലിയാമ്മയുടെയും മകനാണ്.

Exit mobile version