പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട്: ദൈവശാസ്ത്ര കോഴ്സ് കോൺവൊക്കേഷൻ നടത്തി

താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ 2022-23 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്രിസ്തുവിനെയും സഭയെയും കൂടുതല്‍ ആഴത്തില്‍ മനസിലാക്കുന്നതിനായാണ് പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ വിവിധ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നതെന്നും കൂടുതല്‍ അറിയുന്നതിലൂടെ ക്രിസ്തുവിനെയും സഭയേയും കൂടുതല്‍ സ്‌നേഹിക്കാന്‍ കഴിയുമെന്നും ബിഷപ് പറഞ്ഞു. അജ്ഞത തെറ്റിലേക്ക് നയിക്കും. ജ്ഞാനത്തെ അന്വേഷിക്കുമ്പോഴാണ് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, ബിഷപ് കൂട്ടിച്ചേര്‍ത്തു.

പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ബിനു കുളത്തിങ്കല്‍, പി.എം.ഒ.സി ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠം, സിസ്റ്റര്‍ ആഞ്ചല എസ്.എഫ്.എന്‍, സിസ്റ്റര്‍ സ്‌നേഹ മെറിന്‍ സി.എം.സി, വി. ഒ. വര്‍ക്കി, ഡോ. ഷാന്റി ജോസ് എന്നിവര്‍ പ്രസംഗിച്ചു. 45 പേരാണ് ഏകവത്സര ദൈവശാസ്ത്ര കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയത്.

തറവാട് സീനിയര്‍ സിറ്റിസണ്‍ ഹോം അംഗങ്ങളും, ചക്കിട്ടപ്പാറ ഇടവകാംഗമായ അലക്സിയ കാതറിനും വിവിധ കലാപരിപാടികൾ ഇതോടൊപ്പം അവതരിപ്പിച്ചു.

ജനുവരി 8: വിശുദ്ധ ക്‌ളൗദിയൂസ് അപ്പൊളിനാരിസ്

ഫ്രീജിയായില്‍ ഹീറാപ്പോലീസിലെ മെത്രാനായിരുന്നു അപ്പോളിനാരിസ് ക്‌ളൗദിയൂസ്. സമകാലിക പാഷണ്ഡികളോട് അദ്ദേഹം വീറോടെ പോരാടി. പാഷണ്ഡികള്‍ക്കെതിരായി പല വിശിഷ്ട ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഏറ്റവും വിശിഷ്ടമായ അദ്ദേഹത്തിന്റെ ഗ്രന്ഥം മാര്‍ക്കൊസ് ഔറേലിയസ് ചക്രവര്‍ത്തിക്ക് അദ്ദേഹം സമര്‍പ്പിച്ച ക്രിസ്തുമതത്തിന് ഒരു ക്ഷമാര്‍പ്പണമെന്നതാണ്.

ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന വഴി ക്വാദികളുടമേല്‍ ചക്രവര്‍ത്തിക്കു ലഭിച്ച വിജയത്തിനു ശേഷമാണ് ഈ ഗ്രന്ഥം അദ്ദേഹം എഴുതിയത്. പ്രസ്തുത വിജയത്തില്‍ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം അനുസ്മരിപ്പിച്ചുകൊണ്ട് മതപീഡനം നിര്‍ത്താന്‍ ചക്രവര്‍ത്തിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യാനികളെ അവരുടെ മതവിശ്വാസത്തെപ്രതി കുറ്റപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചക്രവര്‍ത്തി വിളംബരം ചെയ്‌തെങ്കിലും മതപീഡനം പിന്‍വലിച്ചില്ല. ഒരിക്കല്‍ ഒരു നിയമമുണ്ടാക്കിയാല്‍ അത് പിന്‍വലിച്ചുകൂടാ എന്ന റോമന്‍ തത്വമനുസരിച്ചായിരുന്നു അത്. ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കാനും ക്രിസ്ത്യാനികളെ മരണവക്രത്തില്‍ നിന്ന് മോചിക്കാനും അപ്പൊളിനാരിസു ചെയ്ത പരിശ്രമം തിരുസഭയോടുള്ള നമ്മുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കട്ടെ.

ജനുവരി 7: പെനിഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്

സ്പാനിഷുകാരനാണ് വിശുദ്ധ റെയ്മണ്ട്. ഇരുപതാമത്തെ വയസില്‍ ബൊളോഞ്ഞോ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റു നേടിയ റെയ്മണ്ട് അവിടത്തന്നെ തത്വശാസ്ത്രം പഠിപ്പിച്ചു. 1222-ല്‍ അദ്ദേഹം ബാഴ്‌സലോണയിലേക്ക് തിരിച്ചു വന്നു. ഡൊമിനിക്കന്‍ സഭയില്‍ പ്രവേശിച്ചു. ആറു കൊല്ലം ബാഴ്‌സലോണയില്‍ പഠിപ്പിച്ച ശേഷം അദ്ദേഹം വീണ്ടെടുപ്പു മാതാവിന്റെ സന്യാസ സഭ സ്ഥാപിച്ച് അടിമകളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.

ആരഗണിലെ ജെയിംസ് രാജാവിനെ പാപ മാര്‍ഗ്ഗത്തില്‍ നിന്നു മനസ്സു തിരിച്ചു. അറുപതാമത്തെ വയസ്സില്‍ റെയ്മണ്ട് തരഗോണാ ആര്‍ച്ചു ബിഷപ്പായി നിയമിതനായി. ആ ബഹുമാനം ഇഷ്ടപ്പെടാതെ രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. 63-ാമത്തെ വയസ്സില്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയുടെ മാസ്റ്റര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. കാല്‍നടയായി എല്ലാ ഡൊമിനിക്കന്‍ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. 65-ാമത്തെ വയസ്സില്‍ അദ്ദേഹം രാജിവച്ചു. സ്ഥാനമൊഴിഞ്ഞ ശേഷം സാരസന്മാരുടെ ഇടയില്‍ സുവിശേഷം പ്രസംഗം നടത്തി. 18 വര്‍ഷംകൊണ്ട് പതിനായിരം പേരെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തി. നൂറാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ മരിയന്‍ നൈറ്റ് ഇന്ന്

കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആദ്യ വെള്ളിയാഴ്ചകളില്‍ സംഘടിപ്പിക്കുന്ന ‘മരിയന്‍ നൈറ്റ്’ ഇന്ന് വൈകിട്ട് നാലിന് കുമ്പസാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് 4.30ന് ജപമാലയും അഞ്ചു മണിക്ക് വിശുദ്ധ കുര്‍ബാനയും. വചന പ്രഘോഷണത്തിന് ബ്രദര്‍ ബിനീഷ് കണ്ണൂര്‍ നേതൃത്വം നല്‍കും. 7.45 മുതല്‍ സൗഖ്യാരാധന. 8.30ന് നേര്‍ച്ച ഭക്ഷണത്തോടെ മരിയന്‍ നൈറ്റ് അവസാനിക്കും. സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ മരിയന്‍ നൈറ്റിന് നേതൃത്വം നല്‍കും.

ജനുവരി 6: എപ്പിഫനി (ദനഹ)

എപ്പിഫനി ഗ്രീക്കില്‍ നിന്ന് ഉത്ഭവിച്ച പദവും ദനഹ എന്നത് സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണ് ഈ വാക്കുകള്‍ക്ക് അര്‍ത്ഥം.

ക്രിസ്തുവിന്റെ ജനനം ആദ്യമായി വെളിപ്പെട്ടത് ദരിദ്രരായ ആട്ടിടയന്മാര്‍ക്കാണ്. രണ്ടാമതായി വെളിപ്പെടുത്തിയത് വിജാതീയ ശാസ്ത്രജ്ഞന്മാര്‍ക്കാണ്. ക്രിസ്തു യഹൂദന്മാര്‍ക്ക് മാത്രമായി ജനിച്ച രക്ഷകനല്ല അഖിലലോക ജനങ്ങള്‍ക്കും വേണ്ടി ജനിച്ചവനാണെന്ന് ഈ പ്രത്യക്ഷീകരണം വിശദമാക്കുന്നു.

ഈശോയുടെ ദൈവത്വത്തെ അംഗീകരിച്ച് അവിടുത്തെ സ്‌നേഹിക്കുവാനും ആരാധിക്കുവാനും രാജത്വത്തെ അംഗീകരിച്ച് അവിടുത്തെ കല്‍പനകള്‍ അനുസരിക്കുവാനും മനുഷ്യത്വത്തെ അംഗീകരിച്ച് അവിടുത്തോടു ചേര്‍ന്ന് സഹിക്കാനും ദനഹാ തിരുനാള്‍ നമ്മളെ ക്ഷണിക്കുന്നു.

ജനുവരി 5: വിശുദ്ധ ജോണ്‍ നോയിമന്‍

വടക്കേ അമേരിക്കയിലെ ആദ്യത്തെ വിശുദ്ധനാണ് 1977 ജൂണ്‍ 19ന് ആറാം പൗലോസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ജോണ്‍ നോയിമന്‍. അദ്ദേഹം ഒരു കമ്യൂണിസ്റ്റ് രാജ്യമായ സെക്കോസ്ഇവക്യോയില്‍ 1811-ല്‍ ഭക്തരായ മാതാപിതാക്കളില്‍ നിന്നു ജനിച്ചു. സ്വന്തം നാട്ടില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂയോര്‍ക്ക് മെത്രാപ്പോലിത്തയില്‍ നിന്ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. നയാഗ്രാ പ്രദേശങ്ങളില്‍ ഫാ. ജോണ്‍ ത്യാഗപൂര്‍വം സേവനം ചെയ്തു. കാല്‍നടയായി വളരെ ദൂരം യാത്ര ചെയ്ത് ആത്മീയ മക്കളെ സന്ദര്‍ശിച്ചിരുന്നു.

1852-ല്‍ അദ്ദേഹം മെത്രാനായി. തുടര്‍ന്ന് അദ്ദേഹം കത്തോലിക്കാ സ്‌കൂളുകളും വേദോപദേശ ക്ലാസുകളും ക്രമപ്പെടുത്തി. 40 മണി ആരാധന ആദ്യമായി അദ്ദേഹം അമേരിക്കയില്‍ ആരംഭിച്ചു. നാമകരണ പ്രഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു: ”രോഗികളോട് താല്‍പര്യവും ദരിദ്രരോട് തുണയും പാപികളോട് സ്‌നേഹവും അദ്ദേഹം പ്രകാശിപ്പിച്ചു വന്നു. ഇടവകകള്‍ വിശ്വാസത്തിന്റെയും സേവനത്തിന്റെയും സമൂഹങ്ങളാകാന്‍ അദ്ദേഹം സഹായിച്ചു.” 1860-ല്‍ ക്ലേശകരമായ ജോലികള്‍കൊണ്ട് ക്ഷീണിതനായ അദ്ദേഹം നിത്യവിശ്രമത്തിനായി കടന്നുപോയി.

ജനുവരി 4: വിശുദ്ധ എലിസബെത്ത് ആന്‍ സേറ്റണ്‍

”അനുദിന പ്രവൃത്തികളില്‍ എന്റെ പ്രഥമ ലക്ഷ്യം ദൈവേഷ്ടം നിര്‍വഹിക്കുകയാണ്; അവിടുന്ന് മനസ്സാകുന്നതുപോലെ നിര്‍വ്വഹിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം; അവിടുത്തെ തിരുമനസ്സായതുകൊണ്ട് നിര്‍വ്വഹിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യം.” വാക്കിലും പ്രവൃത്തിയിലും ഇത് ജീവിച്ച വിശുദ്ധ എലിസബെത്ത് 1774 ഓഗസ്റ്റ് 28ന് ഒരു എപ്പിസ്‌കോപ്പലിയന്‍ കുടുംബത്തില്‍ ജനിച്ചു.

പ്രാര്‍ത്ഥനയുടെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും ആത്മശോധനയുടെയും പ്രാധാന്യം നന്നായി ഗ്രഹിച്ച അവളെ, പിതാവ് ഡോക്ടര്‍ റീച്ചേര്‍ഡു ബെയിലി സേവനവും പരസ്‌നേഹവും പരിശീലിപ്പിച്ചു. അമ്മയുടെയും സഹോദരിയുടെയും മരണത്തോടെ എലിസബെത്ത് ലോകജീവിതത്തിന്റെ വ്യര്‍ത്ഥത മനസ്സിലാക്കി. പത്തൊമ്പതാമത്തെ വയസില്‍ വിവാഹിതയായ അവള്‍ക്ക് 30 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. 1821 ജനുവരി നാലിന് എലിസബെത്ത് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

എലിസബെത്ത് എഴുതിയ ആയിരത്തോളം കത്തുകള്‍ അവള്‍ സാധാരണ തലത്തു നിന്ന് വിശുദ്ധിയിലേക്കുയരുന്നതു വ്യക്തമാക്കുന്നു. ആറാം പൗലോസ് മാര്‍പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ജനുവരി 3: കുര്യാക്കോസ് ഏലിയാസ് ചാവറ

ചാവറ കുടുംബത്തില്‍ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മൂന്നാമത്തെ സന്താനമായി 1805 ഫെബ്രുവരി 10-ന് കുര്യാക്കോസ് ഏലിയാസ് കൈനകരിയില്‍ ജനിച്ചു. 1811-ല്‍ പ്രാഥിക വിദ്യാഭ്യാസം ആരംഭിച്ചതു മുതല്‍ ആ കുരുന്നു മനസില്‍ അറിവിന്റെ ദീപശിഖ ആളിപ്പടരാന്‍ തുടങ്ങി. അഞ്ചു വര്‍ഷത്തെ നിരന്തര പരിശ്രമ ഫലമായി തമിഴും മലയാളവും സ്വായത്തമാക്കി. 1816-ല്‍ തന്റെ പതിനൊന്നാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. 1829-ല്‍ പൗരോഹിത്യം സ്വീകരിച്ചു. പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മാത്രം ഒതുങ്ങിക്കഴിയാതെ, നിര്‍ദ്ധനരുടെയും നിരാലംബരുടെയും ഇടയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1831 മേയ് 31-ന് സിഎംഐ സന്യാസ സഭ സ്ഥാപിതമായി. 1844-ല്‍ അദ്ദേഹം രൂപതയുടെ മല്‍പ്പാനായി നിയമിക്കപ്പെട്ടു. വിജ്ഞാനദാഹിയായ അദ്ദേഹം വിദ്യാഭ്യാസപരമായ പദ്ധതികള്‍ നടപ്പിലാക്കി. 1846-ല്‍ മാന്നാനത്ത് ക്രൈസ്തവര്‍ക്കായി ഒരു സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു.

1871 ജനുവരി മൂന്നിന് കൂനമ്മാവില്‍ നിര്യാതനായ കുര്യാക്കോസ് ഏലിയാസച്ചന്റെ ഭൗതികാവശിഷ്ടം മാന്നാനത്തേക്ക് മാറ്റപ്പെട്ടു. 1986 ഫെബ്രുവരി എട്ടിന് പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു. 2014 നവംബര്‍ 23-ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചാവറയച്ചനെ വിശുദ്ധന്‍ എന്ന് നാമകരണം ചെയ്തു.

ജനുവരി 2: വിശുദ്ധ ബാസില്‍ മെത്രാന്‍ (വേദപാരംഗതന്‍)

ഏഷ്യാമൈനറില്‍ സേസരയാ എന്ന സ്ഥലത്ത് വിശുദ്ധ ബാസില്‍ ജനിച്ചു. ലൗകികാര്‍ഭാടങ്ങളെ ഭയന്ന് സന്യാസ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സേസരയായിലെ മെത്രാനായ എവുസേബിയസ് ബാസിലിനെ വിളിച്ച് പട്ടംകൊടുത്തതും ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരായി സമരം ചെയ്യാന്‍ ക്ഷണിച്ചതും. 364-ല്‍ അദ്ദേഹം വൈദികനും 370-ല്‍ മെത്രാനുമായി. അദ്ദേഹത്തിന്റെ മനോദാര്‍ഢ്യവും ഊര്‍ജസ്വലതയും പാണ്ഡിത്യവും വാഗ്വിലാസവും കറയില്ലാത്ത എളിമയും തപശ്ചര്യയും സര്‍വ മെത്രാന്മാര്‍ക്കും മാതൃകയാണ്. സഭയുടെ ഐക്യമായിരുന്ന അദ്ദേഹത്തിന്റെ അഭിനിവേശം.

”നിങ്ങള്‍ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവര്‍ക്കുള്ളതാണ്. വെറുതെ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ വസ്ത്രം നഗ്നര്‍ക്കുള്ളതാണ്. നിങ്ങള്‍ ധരിക്കാത്ത ചെരിപ്പുകള്‍ നിഷ്പാദുകരുടേതാണ്. നിങ്ങള്‍ പൂട്ടി സൂക്ഷിക്കുന്ന പണം ദരിദ്രരുടേതാണ്. നിങ്ങള്‍ ചെയ്യാത്ത ഉപവിപ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുന്ന അനീതിയാണ്.” വിശുദ്ധ ബാസിലിന്റെ ഈ വാക്കുകള്‍ നമുക്കു മറക്കാതിരിക്കാം.

379 ജനുവരി ഒന്നിന് ”കര്‍ത്താവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ബാസില്‍ മരണമടഞ്ഞു. പൗരസ്ത്യ സന്യാസികളുടെ പിതാവാണ് ബാസില്‍.

ഫീദെസ് ഫാമിലി ക്വിസ് 2024: ആദ്യ ഘട്ട മത്സരം ഒക്ടോബറില്‍

താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഫീദെസ് ഫാമിലി ക്വിസ് 2024-ന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ ഒക്ടോബറില്‍ നടക്കും. ലിറ്റര്‍ജി കമ്മീഷന്‍ മേരിക്കുന്ന് പിഎംഒസിയുടെ സഹകരണത്തോടെ തയ്യാറാക്കിയ താമരശ്ശേരി രൂപതാ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ഫീദെസ് ക്വിസ് സംഘടിപ്പിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഈ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ 100 ചോദ്യങ്ങള്‍ ആണുള്ളത്. ഈ ചോദ്യങ്ങള്‍ അടങ്ങിയ ക്യു ആര്‍ കോഡ് 2024 സെപ്റ്റംബര്‍ -ഒക്ടോബര്‍ ലക്കം മലബാര്‍ വിഷനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
താമരശ്ശേരി രൂപയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഫീദെസ് ക്വിസില്‍ പങ്കെടുക്കാം. ഓരോ കുടുംബവും ആണ് ഒരു ടീം. ഒരു കുടുംബത്തില്‍ നിന്ന് കുറഞ്ഞത് രണ്ടു പേര്‍ക്കും കൂടിയത് മൂന്നുപേര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്.

താമരശ്ശേരി രൂപത കലണ്ടര്‍ 2024 (60%), വിശുദ്ധ കുര്‍ബാന പുസ്തകം- റാസക്രമം (30%), സഭാ സംബന്ധമായ പൊതു ചോദ്യങ്ങള്‍ (10%) എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ സിലബസ്. ആദ്യഘട്ടത്തിലെ സിലബസിന്റെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ റഫര്‍ ചെയ്ത് അയയ്ക്കാവുന്നതാണ്. ഗൂഗിള്‍ ഫോം വഴിയാണ് ഉത്തരങ്ങള്‍ അയയ്‌ക്കേണ്ടത്. അവസാന തീയതി 2024 ഒക്ടോബര്‍ 31 ആണ്.

ആദ്യഘട്ടത്തില്‍ ശരിയുത്തരം അയയ്ക്കുന്നവരില്‍ നിന്ന് ഓരോ ഇടവകയിലെയും രണ്ടു ടീമുകള്‍ (കുടുംബങ്ങളെ) ഫൈനല്‍ മത്സരത്തിന് യോഗ്യത നേടും. ഫൈനലില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മഞ്ചേരി കെം ഫാര്‍മ സ്‌പോണ്‍സര്‍ ചെയ്യുന്ന 15,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് മഞ്ചേരി ഫാത്തിമ ഡ്രഗ് ലൈന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 10,000 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനക്കാര്‍ക്ക് മഞ്ചേരി മാരുതി ഓട്ടോ ഹൗസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 5000 രൂപ ക്യാഷ് പ്രൈസും സമ്മാനം. പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതാണെന്ന് താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ അറിയിച്ചു.

Exit mobile version